ഇസ്രായേൽ ആക്രമണത്തിന് ശേഷം ഗാസാ പോർട്ട് (2021, മെയ്) / Photo: UNICEF

ആര് ജീവിക്കണം, ആര് കൊല്ലപ്പെടണം-
​ഇനി ഇസ്രായേൽ തീരുമാനിക്കും

അഞ്ച് ദശലക്ഷത്തിൽ പരം വരുന്ന ഫലസ്തീനികളുടെ ഭാവി, ഇസ്രായേലിന്റെ ജീവന-നിഗ്രഹാധികാരത്തിന്റെയും ഭരണഭീകരതയുടെയും നടുക്കാണ്.

കഴിവിന്റെ പരമാവധി ഞാൻ ജീവിച്ചു, പിന്നെ ഞാൻ മരിച്ചു, നിങ്ങൾ എവിടെ പടി ചവിട്ടുന്നുവോ, കരുതലോടെ ചുവടുവെയ്ക്കൂ, ശവക്കല്ലറ വിസ്തൃതമാണ്.(ഒരു ഫലസ്തീൻ കുഞ്ഞിനുള്ള ശവകുടീര സ്മരണക്കുറിപ്പ്- മൈക്കൽ ആർ. ബെർച്ച്)

ഒരു ഫലസ്തീനിയൻ പൈതലിനു സമർപ്പിച്ച ശവകുടീര സ്മരണക്കുറിപ്പാണിത്. ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും വളരെക്കാലമായി അനുഭവിക്കുന്ന കഠിനപീഡകളുടെ മർമഭേദകമായ അവസ്ഥയുടെ വാങ്മയചിത്രം വെളിപ്പെടുത്തുന്നു, ഈ കവിതാശകലം.
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇടതടവില്ലാതെ നടക്കുന്ന സംഘർഷാവസ്ഥയുടെ ആദ്യതല ഇരകൾ കുട്ടികളും സ്ത്രീകളുമത്രെ. ഫലസ്തീൻകാരുടെ ദൈനംദിന ജീവിതത്തിൽ മരണമെന്നത് വേദനാകരമായ വാർത്തയല്ലാതായിട്ട് വളരെക്കാലമായി. റമദാൻ മാസത്തിന്റെ അന്ത്യവാരത്തിൽ തുടങ്ങിയതും ഉത്തരോത്തരം പെരുകുന്നതുമായ ആക്രമണങ്ങൾക്കും സമുദായാന്തരീയ ഹിംസയ്ക്കുമിടയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഫലസ്തീനിലെ കുട്ടികൾക്കും സ്ത്രീകൾക്കും വലിയ തോതിൽ സ്ഥാനചലനം വന്നിരിക്കുന്നു. വീടുവിട്ട് ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നടത്തുന്ന സ്‌കൂളുകളിൽ അഭയം പ്രാപിക്കേണ്ടിവന്നിരിക്കുന്നു അവർക്ക്.

ഇസ്രായേൽ ആക്രമണത്തിൽ വീട് നഷ്ടപ്പെട്ട ഗാസയിലെ കുടുംബം / Photo: UNICEF

യുനിസെഫ്​ എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ എച്ച്. ഫോർ ചൂണ്ടിക്കാണിച്ച തിക്തയാഥാർഥ്യം ഇതാണ്: ‘ഭീകരമായ ആക്രമണത്തിന്റെയും ഹിംസയുടെയും മാനവും അതിന്റെ ആഘാതവും കുട്ടികളെയാണ് വിനാശകരമായി ബാധിച്ചത്. നമ്മൾ ഒരു പൂർണയുദ്ധത്തിന്റെ വക്കിലാണ്. ഏതുയുദ്ധത്തിലും കുട്ടികളാണ്, നിശ്ശേഷമായും കുട്ടികളാണ്, ആദ്യമായും അത്യധികവും നരകിക്കുന്നത്.' ഇതിനകം, 59 കുട്ടികൾ ഫലസ്തീനിൽ കൊല്ലപ്പെട്ടിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് വരുമിത്. ഗാസയിൽ ധാരാളം സ്‌കൂളുകൾക്ക് ചേതം വന്നിരിക്കുന്നു. 29 സ്‌കൂളുകൾ, പ്രാണരക്ഷാർഥം വീടുവിട്ടിറങ്ങിയ കുടുംബങ്ങളുടെ അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇസ്രായേലിന്റെ അതിശക്തമായ ആക്രമണം ആയിരക്കണക്കിന് കുട്ടികളെയും അഭയസ്ഥാനമായ യു.എൻ സ്‌കൂളുകളിലെത്തിച്ചിരിക്കുന്നു.
യുനിസെഫ് പ്രസ്താവനയിൽ പറയുന്നു: ‘ഈ അത്യുഗ്രാക്രമണത്തിന്റെ ആഘാതം ഏറ്റവും അനുഭവിക്കുന്നത് കുട്ടികളാണ്. എല്ലാ വിഭാഗങ്ങളും അക്രമത്തിൽ നിന്ന് പിന്മാറുകയും ഹിംസയ്ക്ക് അറുതിവരുത്തുകയും വേണം. എല്ലാവർക്കും സിവിലയൻമാരെ, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കാൻ ചുമതലയുണ്ട്'.

ഒരു രാജ്യാന്തര നിരീക്ഷകന്റെ അഭിപ്രായത്തിൽ, വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള 23 ലക്ഷം കുട്ടികൾ ‘വംശനാശ' ഭീഷണിയുടെ നിഴലിലാണ്. യുനിസെഫിന്റെ കണക്കനുസരിച്ച് സത്വര മാനുഷിക സഹായം വേണ്ട പത്ത് ലക്ഷം കുട്ടികളുണ്ട്. മൂന്നിലൊരു ഭാഗം ഫലസ്തീനിയൻ കുടുംബങ്ങൾ ഇപ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന യാഥാർഥ്യവും ഇതോടൊപ്പം ചേർത്തുവായിക്കണം. ഇതാണ് ഫലസ്തീൻ ജനതയുടെ ജീവിതലോകത്തിന്റെ നീറുന്ന സാഹചര്യം. ഈ അടിസ്ഥാന യാഥാർഥ്യങ്ങളെപ്പറ്റി ഫലസ്തീൻ ഭൂപ്രദേശത്തിൽ അധികാരം കൈയാളുന്ന ഫലസ്തീനിയൻ നാഷണൽ അതോറിറ്റിക്കോ ഫലസ്തീൻ പ്രശ്നത്തിന്റെ എതിർമുഖത്ത് നിൽക്കുന്നവർക്കോ യാതൊരു അവബോധവുമില്ല. കോവിഡ്-19 ഫലസ്തീൻ സ്ഥിതിവിശേഷത്തെ കുറേക്കൂടി സങ്കീർണമാക്കിയിരിക്കുന്നു, ഗാസയിലും വെസ്റ്റ്ബാങ്കിലും സാമാന്യത്തിൽ കവിഞ്ഞ മനുഷ്യത്വപരമായ ഇടപെടൽ അനുപേക്ഷണീയമാക്കിയിരിക്കുന്നു. നിലവിലെ യുദ്ധസാഹചര്യം ഫലസ്തീനെ അനുപാതമില്ലാത്ത പ്രതിസന്ധിയുടെ ചതുപ്പിലാണ് തള്ളിയിരിക്കുന്നത്​.

ഗാസയിൽ നിന്നുള്ള ഫലസ്തീൻ അഭയാർഥിയായ സാലഹ് കുറച്ചുനേരം എന്നെ പേടിയോടെയും ശങ്കയോടെയും നോക്കിനിന്നു. ഞാൻ ഇന്ത്യക്കാരനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ സാലഹ് ആശ്വാസപൂർവം നെടുവീർപ്പിട്ടു.

വധക്രമം

‘ഞാൻ ഇവിടെയുണ്ട്. അതിനേക്കാൾ എന്തെങ്കിലും കൂടുതലുണ്ടോ അതെല്ലാം കിംവദന്തിയും അപവാദവുമാണ്'; 2019 സപ്തംബർ ആദ്യം കെയ്റോ നഗരപ്രാന്തത്തിലുള്ള ഒരു വഴിയോര ഭക്ഷണശാലയിൽ അനിസ് സാലഹ് എന്ന മധ്യവയസ്‌കനു മുൻപിൽ ഞാൻ ഇരിക്കുമ്പോൾ ഫലസ്തീനിന്റെ ദേശീയ കവി മഹമൂദ് ദാർവിഷിന്റെ, ‘ഒരു നദി ദാഹംകൊണ്ട് ചാവുകയാണ്' (A River Dies of Thirst) എന്ന കവിതയിലെ ഈ വരികൾ ഓർക്കാതിരിക്കാനായില്ല. ഗാസയിൽ നിന്നുള്ള ഫലസ്തീൻ അഭയാർഥിയായ സാലഹ് കുറച്ചുനേരം എന്നെ പേടിയോടെയും ശങ്കയോടെയും നോക്കിനിന്നു. ഞാൻ ഇന്ത്യക്കാരനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ സാലഹ് ആശ്വാസപൂർവം നെടുവീർപ്പിട്ടു. അത്യധികം വ്യഥയുടെ വഴികൾ സ്വജീവിതത്തിൽ താണ്ടിയാണ് അദ്ദേഹം ഈജിപ്തിലെത്തിയത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഗാസക്കുനേരെയുണ്ടായ ആക്രമണത്തിൽ സലായുടെ ആറ് വയസ്സുള്ള മകനും പതിനെട്ടുകാരനായ സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഞങ്ങളുടെ സംഭാഷണം ഏതാനും നിമിഷമേ നീണ്ടുനിന്നുള്ളൂ. ഞാനുൾപ്പെടെയുള്ള ഇന്ത്യൻ ഡെലിഗേഷന് അടുത്ത മീറ്റിങ്ങിന്റെ സ്ഥാനത്തേക്ക് തിടുക്കത്തിൽ എത്തിച്ചേരേണ്ടതുണ്ടായിരുന്നു.

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന തന്റെ വീടിന്റെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഗാസയിലെ ബാലൻ / Photo: UNICEF

സാലഹ് ഒരു പതിറ്റാണ്ടു മുൻപ് ഈ നഗരത്തിലെത്തിയത് നിയമാനുസൃതമല്ലാതെയാണ്. കെയ്റോ നിവാസിയായ ഒരാളുടെ വസ്ത്രക്കടയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. വസ്ത്രക്കടയുടെ ഉടമയായ സ്ഥലവാസി മുബാറക് ഭരണവാഴ്ചയ്ക്കെതിരെയുള്ള ബഹുജനപ്രക്ഷോഭത്തിൽ ഭാഗഭാക്കായിരുന്നു. ഈ ‘പരാജയപ്പെട്ട വിപ്ലവ'ത്തിനു ശേഷം അധികാരം പിടിച്ചെടുത്ത എൽ സിസി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളിലൊരാളായി മാറി അദ്ദേഹം. മുർസിയെ പിന്തുണച്ചവരെ വേട്ടയാടുന്ന നയമാണ് സിസി ഭരണവാഴ്ചയുടേത്. അനീസ് സാലഹിന് ഉറപ്പായും ഒരു കാര്യം അറിയാം. തന്റെ "മരണം ആസന്നമാണ്', ഈ മരണം ആര്, എവിടെ വെച്ച് നിർവഹിക്കും എന്ന കാര്യത്തിൽ സാലഹിന് മുമ്പിൽ രണ്ട് തിരഞ്ഞെടുപ്പാണുള്ളത്; ഒന്നുകിൽ ഗാസ, അല്ലെങ്കിൽ കയ്റോ.

"പരമാധികാരത്തിന്റെ പരമമായ പ്രകാശനം കുടികൊള്ളുന്നത്, ആരൊക്കെ ജീവിച്ചിരിക്കണം, ആരൊക്കെ തീർച്ചയായും കൊല്ലപ്പെടണം എന്ന് നിശ്ചയിക്കുന്ന അധികാരത്തിന്റെയും പ്രാപ്തിയുടെയും അനുശാസനത്തിലാണ്.’

"ഒരു നദി ദാഹം കൊണ്ട് ചാവുന്നു' എന്ന കവിതയിൽ മാറ്റൊലി കൊള്ളുന്നത് ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ലബനോനിലേയും ഫലസ്തീനികളുടെ പീഡാനുഭവവും യാതനാനിർഭരമായ നരകജീവിതവും മാത്രമല്ല. ലോകത്തെവിടെയായാലും ഫലസ്തീൻകാർ നേരിടുന്ന മരണഭയത്തിന്റെ പ്രതിധ്വനി കൂടിയുണ്ടതിൽ. കാമറൂണിയൻ സാമൂഹിക ചിന്തകനായ അഷീൽ എംബെംബെയുടെ "മരണത്തിലെ രാഷ്ട്രീയത' അല്ലെങ്കിൽ ‘രാഷ്ട്രീയപരമായ മരണം' എന്ന സൈദ്ധാന്തിക കൽപനയുടെ സാരസംഗ്രഹമായാണ് അനിസ് സലാഹിൽ എനിക്ക് അനുഭവപ്പെട്ടത്. അഷിൽ എംബെംബെയുടെ ജീവന- നിഗ്രഹ രാഷ്ട്രീയം (necropolitics) എന്ന പരികൽപന, ഫലസ്തീൻകാർ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന "രാഷ്ട്രീയപരമായ മരണം' എന്ന ഭയാനകാവസ്ഥയെ ഇതിനു മുൻപേ സ്പഷ്ടതയോടെ സംക്ഷേപിച്ചിട്ടുണ്ട്. എംബെംബെ എഴുതുന്നു:"ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള പിൽക്കാല ആധുനിക കൊളോണിയൽ അധിനിവേത്തിന്റെ മൂന്ന് മുഖ്യസവിശേഷതകൾ, ജീവന-നിഗ്രഹാധികാരം (necropower) എന്ന് ഞാൻ വിളിക്കുന്ന അസാധാരണമായ ഭീകരവിന്യാസത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നാമതായി, ഭൂപ്രദേശപരമായുള്ള ഛിന്നഭിന്നമാക്കൽ അഥവാ തുണ്ടുതുണ്ടാക്കലാണ്. അതോടൊപ്പം, പ്രദേശങ്ങളെ അടയ്ക്കുന്നു, ജൂതാധിവാസസ്ഥാനങ്ങളുടെ വ്യാപനവും നടക്കുന്നു. ഇതിന് ഇരട്ട ലക്ഷ്യമുണ്ട്: ഏതുതരത്തിലുള്ള സഞ്ചാരവും അസാധ്യമാക്കി തീർക്കുക. രണ്ട്, അപ്പാർത്തീഡ് സ്റ്റെയ്റ്റിന്റെ മാതൃകാരൂപത്തിൽ വേർതിരിവും വിഭജനവും പ്രയോഗപഥത്തിൽ കൊണ്ടുവരിക. കൈവശപ്പെടുത്തിയ പ്രദേശങ്ങൾ അക്കാരണത്താൽ സങ്കീർണമായ ആന്തരിക അതിരുകളുടെ വലയായി വിഭജിക്കുകയും ഒറ്റതിരിഞ്ഞ വ്യത്യസ്ത ജയിലറകൾ പോലെ ആക്കിത്തീർക്കുകയുമാണ് ചെയ്യുന്നത്.'

ഫലസ്തീനിലുടനീളം ഇസ്രായേൽ സ്ഥാപിച്ച ചെക്ക് പോയിന്റുകളിലൊന്ന്‌ / Photo: Wikimedia Commons

എംബെംബെ എഴുതുന്നു: "പരമാധികാരത്തിന്റെ പരമമായ പ്രകാശനം കുടികൊള്ളുന്നത്, ആരൊക്കെ ജീവിച്ചിരിക്കണം, ആരൊക്കെ തീർച്ചയായും കൊല്ലപ്പെടണം എന്ന് നിശ്ചയിക്കുന്ന അധികാരത്തിന്റെയും പ്രാപ്തിയുടെയും അനുശാസനത്തിലാണ്.' ഫലസ്തീനിലെ രാഷ്ട്രീയ പരിതോവസ്ഥയെ ഉദാഹരിച്ച് എംബെംബെ തുടരുന്നു: "പിൽക്കാല ആധുനിക കൊളോണിയൽ അധിനിവേശം പല അധികാരഘടനകളുടെ കാച്ചിക്കുറുക്കിയ പ്രയോഗവും ആവിഷ്‌കാരവുമാണ്; ശിക്ഷണപരമായ അധികാരം, ജൈവരാഷ്ട്രീയാധികാരം, ജീവന-നിഗ്രഹാധികാരം എന്നിവയുടെ സംയുക്തമാണത്. ഈ മൂന്ന് അധികാര രൂപങ്ങളുടെയും സംയോഗത്തിലൂടെ അധിനിവേശ ശക്തിക്ക് പിടിച്ചടക്കിയ ഭൂഭാഗങ്ങളിലെ സ്ഥിരനിവാസികൾക്കുമേൽ പരിപൂർണമായ അധീശാധികാരം കൈവരുന്നു. വളഞ്ഞുകെട്ടിയുള്ള ഉപരോധാവസ്ഥ തന്നെ സൈനികമായ ഒരു സുസ്ഥാപിതാചാരമത്രെ. ഇത് സവിശേഷമായ ഒരു വധക്രമത്തിന് രൂപം നൽകുകയും അനുമതി നൽകുകയും ചെയ്യുന്നു. ഈ കൊലക്രമത്തിൽ ആഭ്യന്തരശത്രുവെന്നോ ബാഹ്യശത്രുവെന്നോ എന്ന നിലയിലുള്ള വേർതിരിവൊന്നുമില്ല.'"ഇത്തരം സാഹചര്യത്തിൽ ജനസഞ്ചയം ആസകലം പരമാധികാരിയുടെ ഉന്നമായി മാറുന്നു. ഉപരോധിക്കപ്പെട്ട ഗ്രാമങ്ങളും പട്ടണങ്ങളും പുറംലോകത്തുനിന്ന് ഛേദിക്കപ്പെടുന്നു. ദൈനംദിന ജീവിതം സൈനികവത്കരിക്കപ്പെടുന്നു. പ്രാദേശിക സൈനിക കമാൻഡർമാർക്ക് എവിടെ, ആരെ വെടിവെച്ചു വീഴ്ത്തണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെടുന്നു. പ്രാദേശികമായി വേർതിരിച്ച ഇത്തരം ജയിലറകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിന് ഔപചാരികമായ അനുമതിപത്രങ്ങൾ ആവശ്യമായിത്തീരുന്നു. പ്രാദേശിക പൗരസമൂഹ സ്ഥാപനങ്ങൾ ക്രമാനുഗതമായി തകർക്കുന്നു. ഉപരോധിത ജനതയുടെ വരുമാനോപാധികൾ ഇല്ലാതാക്കുന്നു. അദൃശ്യവും പരോക്ഷവും സൂക്ഷ്മവുമായ ജനഹത്യയോടൊപ്പം പരസ്യ വധശിക്ഷകളും നടപ്പാക്കുന്നു.'

വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിലെ ഇസ്രായേൽ കുടിയേറ്റക്കാർ / Photo: Wikimedia Commons

അനിസ് സലയുടെ ചിന്തയെ ചൂഴ്​ന്നുനിന്നത്, ബഹുസ്രോതസ്സുകളിൽ നിന്ന് "തന്റെ മരണം ആസന്നമാണ്' എന്നതാണ്; ഇസ്രായേൽ കൈയ്യടക്കി വെച്ചിരിക്കുന്ന ഫലസ്തീൻ ഭൂപ്രദേശങ്ങളിലെയും ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിൽ അഭയാർഥികളായി ചിതറിക്കിടക്കുന്ന ഓരോ ഫലസ്തീനിയന്റെയും മാനസികാവസ്ഥ ഇതുതന്നെയാണ്. സലയ്ക്ക് തന്റെ പിഞ്ചുമകനേയും സഹോദരനേയും "ഒരു കാരണവുമില്ലാതെ' ഗാസയിൽ നഷ്ടപ്പെട്ടു. അപ്പോൾ തന്നെ പലർക്കും ഇതൊരു രാഷ്ട്രീയപദ്ധതിയായി തുടരുകയും ചെയ്യുന്നു. ജീവന- നിഗ്രഹ രാഷ്ട്രീയത്തിന്റെ സാധൂകരണോപകരണമാണ് ഈ "അസാധാരണമായ അപവാദാവസ്ഥ'. സലാഹ് മനസ്താപത്തോടെ പറഞ്ഞത്, തന്റെ കുടുംബം വർഷങ്ങളായി അധിനിവേശകർക്കും അധിനിവേശിതർക്കും ഇടയിൽ പെട്ട് കിടക്കുകയാണെന്നാണ്. അവരുടെ ജന്മഭൂമിയുടെ പുതിയ ഭരണകർത്താക്കളും അൽപം പോലും വ്യത്യസ്തരല്ല, "മരണത്തിലെ രാഷ്ട്രീയത'യെക്കുറിച്ചുള്ള വിധിപ്രസ്താവം നടത്തുന്നതിൽ എന്ന് സൂചിപ്പിക്കുകയായിരുന്നു സലാഹ്.

ജറൂസലേമിനെ സംബന്ധിച്ച പുതുസംഘർഷത്തിന് അരങ്ങൊരുക്കിയത് ഡോണൾഡ് ട്രംപാണ്. ഇസ്രായേലിലും ഫലസ്തീൻ അതോറിറ്റിയിലുമുള്ള ആഭ്യന്തരപ്രശ്നങ്ങൾ സംഘർഷത്തെ വഷളാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു.

ആഭ്യന്തര രാഷ്ട്രീയത്തിലെ ചതിക്കുഴികൾ

രണ്ടുരാഷ്ട്ര പരിഹാര പ്രകാരം വെസ്റ്റ് ബാങ്കും ഗാസയും ഇസ്രായേൽ അധീന കിഴക്കൻ ജറൂസലേമുമാണ് ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രാടിസ്ഥാനം. എന്നാലും പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിനുശേഷവും ഒരു പരിഹാരം ഉരുത്തിരിഞ്ഞിട്ടില്ല. വെസ്റ്റ് ബാങ്കിലേക്കും ഗാസയിലേക്കും കടന്നാക്രമണ സ്വഭാവത്തോടെ പടർത്തുന്ന ജൂത കുടിപ്പാർപ്പുകേന്ദ്രങ്ങളും അമേരിക്കയുൾപ്പെടെയുള്ള പല രാഷ്ട്രങ്ങളും ജറൂസലേമിനെ ഇസ്രായേലിന്റെ "പ്രത്യേക' തലസ്ഥാനമായി അംഗീകരിച്ചതും ഒരു ശാശ്വത ഒത്തുതീർപ്പിന്റെ പ്രതീക്ഷ വിദൂരസ്ഥമാക്കിയിരിക്കുന്നു. ജറൂസലേമിനെ സംബന്ധിച്ച പുതുസംഘർഷത്തിന് അരങ്ങൊരുക്കിയത് ഡോണൾഡ് ട്രംപാണ്. ഇസ്രായേലിലും ഫലസ്തീൻ അതോറിറ്റിയിലുമുള്ള ആഭ്യന്തരപ്രശ്നങ്ങൾ സംഘർഷത്തെ വഷളാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു.
ഇസ്രായേലിന്റെ സമീപഭൂതകാലം രാഷ്ട്രീയ അസ്ഥിരതയുടേതാണ്. രണ്ടു വർഷത്തിനിടെ നാല് തിരഞ്ഞെടുപ്പ് നടന്ന ആ രാജ്യത്ത് ഇപ്പോഴും ഒരു സുസ്ഥിര സർക്കാർ ഉണ്ടായിട്ടില്ല. കൂടാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു കോഴ, വിശ്വാസലംഘനം, വഞ്ചന, വെട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് വിചാരണ നേരിടുകയാണ്. ഈ വർഷം മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം പോലും നിലവിലെ സർക്കാരിനെ സംബന്ധിച്ച് കീറാമുട്ടിയായാണ് കലാശിച്ചത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാനുള്ള സാധ്യതയുമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭദ്രമായ സർക്കാരുണ്ടാക്കാൻ ഒരൂഴം കാത്തിരിക്കുന്ന നെതന്യാഹു തന്റെ ആവനാഴിയിലെ എല്ലാ സൃഗാലതന്ത്രങ്ങളും ചതുരുപായങ്ങളും പുറത്തെടുക്കുമെന്ന കാര്യം തീർച്ചയാണ്.

കാമറൂൺ സാമൂഹിക ചിന്തകൻ അഷീൽ എംബെംബെ

മറുഭാഗത്ത് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഈ വർഷം മെയിലും ജൂലൈയിലും നിശ്ചയിക്കപ്പെട്ടിരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും പ്രസിഡൻറ്​ തിരഞ്ഞെടുപ്പും നീട്ടിവെച്ചു. തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിന് കാരണമായി പറഞ്ഞത്, മുൻപേ തന്നെ ഇസ്രായേൽ അധിനിവേശത്തിലുള്ള കിഴക്കൻ ജറൂസലേമിലെ വോട്ടിങ് പ്രശ്നമാണ്. എന്നാൽ, അബ്ബാസിന്റെ ഫത്താ പാർട്ടിയിലെ അഭിപ്രായ ഭിന്നതകളാണ് ഈ നീക്കത്തിന് പിന്നിലെന്നും റിപ്പോർട്ടുണ്ട്. "ജറൂസലേമിലെ നമ്മുടെ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് പങ്കാളിത്തം ഉറപ്പുവരുത്തുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കു'-മെന്നാണ് അബ്ബാസ് പ്രഖ്യാപിച്ചത്. എന്നാൽ പല ഫലസ്തീനികളും ഈ വാദമുഖം അംഗീകരിച്ചില്ല. അവർ കരുതുന്നത്, തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ അബ്ബാസ് ജറൂസലേമിനെ ഒരു ഒഴികഴിവായി സമർഥമായി ഉപയോഗിക്കുകയാണെന്നാണ്. കാരണം, തിരഞ്ഞെടുപ്പ് നടന്നാൽ ജനസമ്മതിയില്ലാത്ത ഫത്താ പാർട്ടിക്ക് അതിന്റെ പിടുത്തം ഫലസ്തീനിൽ നഷ്ടപ്പെടുകയും പരാജയപ്പെടുകയും ചെയ്യാനുള്ള സാധ്യത വളരെയധികമാണ്. ഫത്താ പാർട്ടിയുടെ മുഖ്യ ഇസ്​ലാമിസ്റ്റ് പ്രതിയോഗിയായ ഹമാസ്, അതിന്റെ നില പൂർവാധികം ബലപ്പെടുത്തുകയും ചെയ്യും. ഹമാസ്, ഫലസ്തീൻ പ്രദേശങ്ങളിൽ അതിന്റെ നില സുദൃഢമാക്കിയാൽ സംഘർഷാവസ്ഥയ്ക്ക് തീവ്രത കൂടുമെന്ന് ഇസ്രായേലിന് നന്നായി അറിയാം. തന്നെയുമല്ല, അമേരിക്കയും മറ്റ് ചില അറബ് രാഷ്ട്രങ്ങളും (കഴിഞ്ഞ വർഷം "എബ്രഹാം ഒത്തുതീർപ്പി'ലൂടെ ഇസ്രായേലുമായി ചങ്ങാത്തം സ്ഥാപിച്ച അറബ് രാജ്യങ്ങൾ) മധ്യപൂർവേഷ്യയിൽ ഉദയം ചെയ്യുന്ന ഭൗമരാഷ്ട്രീയ യാഥാർഥ്യത്തിൽ നിന്ന് ഹമാസിനെ അരുക്കാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇസ്രായേൽ 1948 ൽ സൃഷ്ടിക്കപ്പെടുമ്പോൾ ഭൂമി നഷ്ടപ്പെട്ട ജൂതകുടുംബങ്ങൾക്ക് ഇസ്രായേൽ നിയമമനുസരിച്ച് അത് വീണ്ടെടുക്കാം. ഇതേ നിയമാവകാശം ഫലസ്തീനികൾക്കില്ല.

ഈ ആഭ്യന്തര രാഷ്ട്രീയ ഘടകങ്ങൾ തിരഞ്ഞെടുപ്പ് തലത്തിൽ പ്രധാനമാണെങ്കിലും അവയാണ് പക്ഷെ, ഫലസ്തീനികളുടെ "ജീവിത മരണ' വ്യവസ്ഥകളുടെ വിധിനിർണയം ഇപ്പോൾ നടത്തുന്നത്. ഇത് ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹുവിന് പുതിയ രാഷ്ട്രീയോത്തേജനവും നൽകിയിരിക്കുന്നു. അതേസമയം, ഹമാസിന് ആദ്യനോട്ടത്തിൽ തോന്നിയിരിക്കുക, അതിന്റെ രാഷ്ട്രീയഭാവി എളുപ്പത്തിൽ ജറൂസലേം പ്രശ്നവുമായി ചുറ്റിപ്പടർത്താമെന്നായിരിക്കണം; പ്രത്യേകിച്ച് റമദാൻ മാസത്തിൽ. ഇക്കാരണത്താൽ പുരാതന ജറൂസലേം നഗരത്തിലേക്കുള്ള പ്രധാന കവാടമായ ദമാസ്‌കസ് പ്രവേശനമുഖത്ത് കാവൽ നിൽക്കുന്ന ഇസ്രായേൽ സൈനികരെ എതിരിടാനും പ്രകോപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ഹമാസ് തുടങ്ങി. അതേ സമയം ഷെയ്ഖ് ജാറഹ് അധിവാസസ്ഥാനത്തുനിന്നും അതിന്റെ അയൽവക്കത്തുനിന്നും ഫലസ്തീനികളെ കുടിയിറക്കിയത് വ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക് വഴിവെച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.എസ്. വിദേശകാര്യമന്ത്രിയായിരുന്ന ഹിലരി ക്ലിന്റൺ, ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, മധ്യേഷയിലെ നയതന്ത്രപ്രതിനിധിയായിരുന്ന ജോർജ് സി. മിച്ചൽ (2010) / Photo: Wikimedia Commons

ഫലസ്തീൻ അതോറിറ്റിയെ നയിക്കുന്ന ഫത്താ പാർട്ടി ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യില്ലെന്ന് ഹമാസിന് അറിയാമായിരുന്നു. ഇക്കാര്യം, ഇസ്രായേൽ സൈന്യം മെയ് 10ന്, അൽ- അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറിയപ്പോൾ വ്യക്തമാവുകയും ചെയ്തു. ഇസ്രായേൽ സൈന്യം പ്രാബല്യത്തിൽ വരുത്തിയ പരുഷ നടപടികൾ ഫലസ്തീനികളെ അതിനു മുൻപേ ക്ഷുഭിതരാക്കിയിരുന്നു. അതിനു പുറകെ സമുദായാന്തരീയ പിരിമുറുക്കവും സംഘർഷവും പൊട്ടിപ്പുറപ്പെട്ടു. തീവ്ര വലതുപക്ഷ ജൂതസംഘങ്ങൾ ‘അറബികൾക്ക് മരണം' എന്ന മുദ്രാവാക്യമുയർത്തി പ്രകടനങ്ങൾ നടത്തിയത് സ്ഥിതി വഷളാക്കി. ഷെയ്ഖ് ജാറയിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന വാർത്ത പുറത്തുവന്നതോടെ എരിതീയിൽ എണ്ണ പാർന്നപോലെയായി.

ഇസ്രായേൽ 1948 ൽ സൃഷ്ടിക്കപ്പെടുമ്പോൾ ഭൂമി നഷ്ടപ്പെട്ട ജൂതകുടുംബങ്ങൾക്ക് ഇസ്രായേൽ നിയമമനുസരിച്ച് അത് വീണ്ടെടുക്കാം. ഇതേ നിയമാവകാശം ഫലസ്തീനികൾക്കില്ല. ലക്ഷക്കണക്കിന് ഫലസ്തീനികൾക്കാണ് 1948 നു ശേഷം ഭൂമിയും കുടിയും നഷ്ടപ്പെട്ടത്. തന്നെയുമല്ല, കിഴക്കൻ ജറൂസലേം 1967 ൽ ഇസ്രായേൽ ജോർദാനിൽ നിന്ന് പിടിച്ചടക്കിയതാണ്. ജൂതൻമാർക്ക് കിഴക്കൻ ജറൂസലേമിൽ 1948 നു മുൻപുള്ള രേഖകളുടെ അടിസ്ഥാനത്തിൽ ഭൂമിക്ക് അവകാശവാദം ഉന്നയിക്കാമെങ്കിൽ പടിഞ്ഞാറൻ ജറൂസലേമിൽ തങ്ങൾക്കും ഭൂവവകാശം ആവശ്യപ്പെടാമെന്നാണ് ഫലസ്തീനികളുടെ പക്ഷം. 2020 ഒക്ടോബറിൽ ഒരു ഇസ്രായേൽ കോടതിയുടെ വിധിന്യായം വന്നിരുന്നു. ആ വിധിന്യായത്തിലൂടെ ഉത്തരവിട്ടത് നാല് ഫലസ്തീൻ കുടുംബങ്ങൾ വീടൊഴിഞ്ഞ് സ്ഥലം വിടണമെന്നും അല്ലെങ്കിൽ മെയ് 2 ന് ബലപ്രയോഗത്തിലൂടെ അവരെ ഒഴിപ്പിക്കുമെന്നുമാണ്. സംഘർഷത്തിന്റെ തീവ്രത കൂടിയതോടെ രണ്ട് പ്രാവശ്യം ഈ വിധി നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.

വാക്സിനടക്കമുള്ള ആരോഗ്യ പരിരക്ഷാ അവശ്യവസ്തുക്കളുടെ അഭാവവും കാലവിളംബവും ഇസ്രായേൽ അധീന ഫലസ്തീൻ പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുത്തനെ കൂട്ടിയിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭാ വക്താവായ റൂപർട്ട് കോൾവിൽ ‘എല്ലാ ബലാൽക്കാരമായ ഒഴിപ്പിക്കലും ഇസ്രായേൽ സത്വരം അവസാനിപ്പിക്കണമെന്നും കിഴക്കൻ ജറൂസലേം ഇസ്രായേൽ കയ്യടക്കി വെച്ചിരിക്കുന്ന ഫലസ്തീൻ ഭൂപ്രദേശമാണെന്നും അവിടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ബാധകമാണെന്നും ഒരു അധിനിവേശശക്തിക്ക് അധിനിവേശിത പ്രദേശങ്ങളിലെ സ്വകാര്യസ്വത്ത് കണ്ടുകെട്ടാനാവില്ലെന്നും' പറഞ്ഞത്.

കോവിഡിനും കുടിയിറക്കലിനുമിടയിൽ

ഫലസ്തീൻകാർ ഇപ്പോൾ അക്ഷരാർഥത്തിൽ കോവിഡിന്റെ കഷ്ടപ്പാടിനും കുടിയൊഴിപ്പിക്കലിന്റെ കിടിലത്തിനുമിടയിൽ കൊടുംഭീതിയിലാണ്. ഈയിടെ ലാൻസറ്റ് എഴുതി : ‘ഫലസ്തീൻകാരെ കോവിഡ് മഹാമാരിക്ക് എളുപ്പം ആക്രമിക്കാൻ പറ്റുംവിധമാണ് ഇസ്രായേൽ നടപടികൾ. ഫലസ്തീൻകാർക്ക് അടിയന്തിരമായി വാക്സിൻ ലഭ്യമാക്കേണ്ടത് ഇസ്രായേലിന്റെ ധാർമിക ഉത്തരവാദിത്വമാണ്. ഫലസ്തീൻകാർക്ക് ഉടൻ വാക്സിൻ എത്തിക്കാൻ ഭിഷഗ്വരൻമാരും മറ്റ് ആരോഗ്യപ്രവർത്തകരും ശബ്ദമുയർത്തുകയും ഇസ്രായേൽ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുകയും വേണം.’
ഇതേ കാര്യം തന്നെ യു.എൻ മനുഷ്യാവകാശ ഏജൻസിയും ഇസ്രായേലിനെ ഓർമപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇസ്രായേൽ ഈ മാനുഷികാവശ്യത്തെ അഗണ്യകോടിയിൽ തള്ളി. മാത്രമോ, ഇസ്രായേൽ ആരോഗ്യമന്ത്രി പറഞ്ഞത്, ഓസ്ലോ കരാർ പ്രകാരം ഫലസ്തീനികളാണ് താന്താങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തേണ്ടതെന്നാണ്. വാക്സിനടക്കമുള്ള ആരോഗ്യ പരിരക്ഷാ അവശ്യവസ്തുക്കളുടെ അഭാവവും കാലവിളംബവും ഇസ്രായേൽ അധീന ഫലസ്തീൻ പ്രദേശങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുത്തനെ കൂട്ടിയിരിക്കുന്നു.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലെ വയോധികയ്ക്ക് വീട്ടിൽ മരുന്നുകളെത്തിക്കുന്ന യു.എൻ റിലീഫ് ഏജൻസിയിലെ ആരോഗ്യപ്രവർത്തകൻ / Photo: Khalil Adwan, UNRWA

ഇങ്ങനെ ഏതു കോണിലൂടെ നോക്കിയാലും ദൃശ്യമാവുന്നത് ഫലസ്തീൻ ജനതയെ ചൂഴ്ന്നുനിൽക്കുന്ന ഇസ്രായേലിന്റെ ജീവന- നിഗ്രഹ അധികാരത്തിന്റെ ഉഗ്രരാഷ്ട്രീയമാണ്. 1948-49 കാലത്ത് ഇസ്രായേൽ രാഷ്ട്രരൂപവത്കരണത്തിനായി ഫലസ്തീനിലെ 532 ഗ്രാമങ്ങളിലെ ഏഴര ലക്ഷത്തോളം ആളുകളെയാണ് പുറത്താക്കി അഭയാർഥികളാക്കിയത്. ഇന്ന് അഞ്ച് ദശലക്ഷത്തിൽ പരം വരുന്ന ഫലസ്തീനികളുടെ ഭാവി, ഇസ്രായേലിന്റെ ജീവന-നിഗ്രഹാധികാരത്തിന്റെയും ഭരണഭീകരതയുടെയും നടുക്കാണ്. ▮

1. കാമറൂണിയൻ ദാർശനികൻ അഷിൽ എംബെംബെ നെക്രോ പൊളിറ്റിക്സ് എന്ന ആശയം മുന്നോട്ടുവെക്കുന്നത് 2003 ൽ എഴുതിയ ഒരു പ്രബന്ധത്തിലാണ്. പിന്നീട്, 2016 ൽ ഫ്രഞ്ച് ഭാഷയിൽ Politiques de linimittie എന്ന ശീർഷകത്തിലും 2019 ൽ ഇംഗ്ലീഷിൽ ‘നെക്രോ പൊളിറ്റിക്സ്' എന്ന തലക്കെട്ടിലും ഗ്രന്ഥരൂപത്തിൽ പുറത്തുവന്നു. 2003 ൽ പബ്ലിക് കൾച്ചർ എന്ന ജേണലിൽ എഴുതിയ പ്രബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ് : "പരമാധികാരത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കുടിയിരിക്കുന്നത്, ഒരു വലിയ അളവുവരെ, ആരൊക്ക ജീവിച്ചിരിക്കാൻ ഇടയാകണമെന്നും ആരൊക്ക തീർച്ചയായും മരിക്കണമെന്നും അനുശാസിക്കുന്നതിലുള്ള അധികാരത്തിലും ശേഷിയിലുമാണ്. ഇക്കാരണത്താൽ, കൊല്ലാനും ജീവനോടെയിരിക്കാനും അനുവദിക്കുന്നതാണ് പരമാധികാരത്തിന്റെ പരിധി രൂപവത്കരിക്കുന്നത്; പരമാധികാരത്തിന്റെ അടിസ്ഥാനപരമായ സ്വഭാവവിശേഷങ്ങളും ഇവ തന്നെ.പരമാധികാരത്തിന്റെ നിർവണഹവും പ്രയോഗവും നടക്കുന്നത്, മരണത്തെ നിയന്ത്രിക്കാനും നിശ്ചയിക്കാനും ജീവനത്തെ നിർവചിക്കാനുമുള്ള അധികാരത്തിന്റെ വിന്യാസവും പ്രകടനവും മുൻനിർത്തിയാണ്.’
നെക്രോ പൊളിറ്റിക്​സ്​ എന്ന സങ്കല്പനത്തിലൂടെ എംബെബെ, ഫുക്കോയുടെ ‘ജൈവരാഷ്ട്രീയ'ത്തെ റാഡിക്കലൈസ് ചെയ്യുകയായിരുന്നു. എംബേംബെ നെക്രോ പൊളിറ്റിക്‌സിലൂടെ വിഭാവനം ചെയ്യുന്നത്, മരണത്തിനും ജീവനത്തിനുമിടയിലുള്ള ലോകത്തിലെ നിരവധി ഇടങ്ങളെയും ജനസമൂഹങ്ങളെയുമാണ്. ഇങ്ങനെ മരണത്തിന്റെ വെളിമ്പറമ്പിലേക്ക് തുറന്നിട്ടിരിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ജനസമൂഹങ്ങളുമുണ്ട് വർത്തമാനലോകത്ത്. യുദ്ധം,അധിനിവേശം,വംശഹത്യ, അഭയാർത്ഥി പ്രശ്നം, പരിസ്ഥിതിഹത്യ തുടങ്ങിയ ആഗോളപ്രതിഭാസങ്ങൾ ഒട്ടേറെ സമൂഹങ്ങളെ നെക്രോ പൊളിറ്റിക്‌സുമായി മുഖാമുഖം നിർത്തുന്നു.

(വിവർത്തനം: ലിഷ കെ.കെ)


ലിഷ കെ.കെ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ചരിത്രവിഭാഗം അധ്യാപിക

കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments