വംശീയതയുടെ, ശാസ്ത്ര വിരുദ്ധതയുടെ, മനുഷ്യ വിരുദ്ധ മുദ്രാവാക്യങ്ങളുടെ അമേരിക്ക

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ, ലോക്ഡൗൺ കാലത്ത് പോലും പ്രകടമായ ശാസ്ത്ര വിരുദ്ധതയും വംശീയതയും ഒരു വ്യക്തിയുടേതല്ല, മറിച്ച് തീവ്രവലതുപക്ഷ ആശയങ്ങൾ പേറുന്ന ഒരു വിഭാഗത്തിന്റെ ആഗ്രഹ, ആശയ പ്രകടനമാണ്. സമൂഹത്തിന്റെ രോഗാതുരതയേക്കോൾ വ്യക്തിയുടെ സ്വാതന്ത്ര്യമാണ് വലുത് എന്ന് സാഹചര്യത്തിന് തീരെ ചേരാത്ത വിധം നിലപാടെടുക്കുകയും അതിനു വേണ്ടി സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ കാലത്ത് തോക്കുകളുമായി തെരുവിലിറങ്ങുകയും ചെയ്യുന്ന ജനതയെക്കുറിച്ച് എഴുതുകയാണ് സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷകയായ ശില്പ സതീഷ്.

കോവിഡും ആന്റി-ലോക്ഡൗൺ പ്രതിഷേധങ്ങളും

അമേരിക്കയിൽ ഈ ആഴ്ച രേഖപ്പെടുത്തിയ കോവിഡ് അനുബന്ധ മരണങ്ങൾ 90,000 കവിഞ്ഞു. പക്ഷേ കോവിഡിനെ ഇനി ഭയപ്പെടേണ്ടതില്ല എന്ന വൈറ്റ് ഹൗസ് തീരുമാനത്തെ പിന്തുടർന്ന് പല സംസ്ഥാനങ്ങളും ""സ്റ്റേ-അറ്റ്-ഹോം'' നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു. വൈറ്റ് ഹൗസ് പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ആണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ പല സംസ്ഥാനങ്ങളും തുറന്നത്. അത്തരം സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് രോഗികളുടെ നിരക്ക് കുത്തനെ ഉയർന്നുഎന്നു ചില മാധ്യമങ്ങൾ ചൂണ്ടി കാണിക്കുമ്പോഴും ടെസ്റ്റിങ് പരക്കെ ലഭ്യമായതിനാൽ ആണ് ഈ വർദ്ധനവ് എന്ന മറുവാദവും നിലനിലക്കുന്നു.
അമേരിക്ക തുറന്നു പ്രവർത്തിക്കാനുള്ള രാഷ്ട്രീയ സാഹചര്യം വന്നതിൽ ഇവിടെ അരങ്ങേറിയ ആന്റി-ലോക്ഡൗൺ (anti-lockdown) സമരങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. കോവിഡിനെ ഒരു വിപത്തായി അംഗീകരിക്കാതിരുന്നാൽ അത് തനിയെ പിൻവാങ്ങിക്കോളും എന്ന വിചിത്ര യുക്തി അമേരിക്കൻ നയങ്ങളിൽ എന്ന പോലെ ഈ മുന്നേറ്റങ്ങളിലും നിഴലിച്ചു നിൽക്കുന്നതു കാണാൻ സാധിക്കും.
കോവിഡ് അനുബന്ധമായി ഉയർന്നു വന്ന വലതുപക്ഷ മുന്നേറ്റങ്ങളും, അവയുടെ രാഷ്ട്രീയവും ഉന്നയിക്കുന്ന അവശ്യങ്ങളും സംബന്ധിച്ച അന്വേഷണങ്ങൾ തുറന്നു കാട്ടുന്നത് ട്രംപ് ഒരു ഒറ്റപ്പെട്ട ശബ്ദം അല്ല മറിച്ച് വലതുപക്ഷ പ്രത്യശാസ്ത്രത്തിനും സത്യാനന്തര (post-truth) യുക്തികൾക്കും ഇവിടെ ലഭിക്കുന്ന സ്വീകാര്യതയുടെ തുടർച്ചയാണ് എന്നാണ്.
കോവിഡ് കാലത്തെ വലതുപക്ഷ സാമൂഹ്യ മുന്നേറ്റങ്ങൾ

പലപ്പോഴും സാമൂഹ്യ മുന്നേറ്റങ്ങൾ പുരോഗമനപരമായ മാറ്റത്തിനായുള്ള പ്രവർത്തനങ്ങൾ ആയി വിവക്ഷിക്കപ്പെടാറുണ്ട്. എന്നാൽ സത്യാനാന്തര രാഷ്ട്രീയത്തിൽ (post-truth politics) ഊന്നി ലോകത്താകമാനം പടരുന്ന വലതുപക്ഷ മുന്നേറ്റങ്ങൾ ആ ധാരണയെ പാടെ തിരുത്താൻ പോന്നവയാണ്. ഇന്ത്യയിൽ ബി.ജെ.പി-ആർ.എസ്.എസ് ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ഹിന്ദുത്വ മൂവ്‌മെന്റ് മുതൽ ഇങ്ങ് അമേരിക്കയിൽ പടർന്ന് പന്തലിക്കുന്ന വൈറ്റ് സുപ്രീമസിസ്റ്റ് മുന്നേറ്റങ്ങൾ വരെ ഇതിന് ദൃഷ്ടാന്തം ആണ്. ശാസ്ത്രത്തോടുള്ള അവമതിയും വെറുപ്പിന്റെ രാഷ്ട്രീയത്തോടുള്ള അടുപ്പവും ഇത്തരം സഞ്ചയങ്ങളെ മുന്നേറ്റ-ഭൂമികയിൽ വ്യത്യസ്തരാക്കുന്നു.

ആന്റി-ലോക്ഡൗൺ മുന്നേറ്റങ്ങൾ പ്രശ്‌നവൽക്കരിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമോ, സാമൂഹിക സാമ്പത്തിക അനീതിയോ അല്ല. മറിച്ച്, അവർ പ്രതിഷേധിക്കുന്നത് തികച്ചും വ്യക്തയാധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ മുകളിൽ ഉള്ള സ്റ്റേറ്റിന്റെ നിയന്ത്രണങ്ങക്കെതിരെ മാത്രം ആണ്.

കോവിഡ്-അനുബന്ധ നിയന്ത്രണങ്ങൾക്കെതിരെ അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയ ""ആന്റി-ലോക്ഡൗൺ'' പ്രൊട്ടസ്റ്റ് (anti-lock down protest) ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നാകുന്നു. കോവിഡ് നിയന്ത്രണങ്ങൾ മനുഷ്യ-സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം ആണ് എന്ന സമര മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ഈ മുന്നേറ്റങ്ങൾ ഒറ്റ നോട്ടത്തിൽ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമായി തെറ്റിദ്ധരിക്കപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ല. പ്രത്യേകിച്ച്, ഫാസിസ്റ്റ് നയങ്ങൾ ഒളിച്ചു കടത്താൻ സ്റ്റേറ്റ് ഈ മഹാമാരിയെ മറയാക്കുന്നു എന്ന വാദം ലോകത്താകെ നിലനിൽക്കുന്ന സാഹചര്യത്തിൽ. അതിനുമപ്പുറം, ഏതാണ്ട് 36 മില്യൺ മനുഷ്യർ തൊഴിൽ രഹിതരായി നിലനിൽക്കുന്ന അമേരിക്കയിൽ, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകളെ ചൂണ്ടിക്കാട്ടിയോ, മറിച്ച് ജനനന്മയെ പാടെ തിരസ്‌കരിക്കുന്ന നയങ്ങൾക്കെതിരെയോ പ്രതിഷേധങ്ങൾ ഉണ്ടാകുക അതിശയം അല്ല. എന്നാൽ ആന്റി-ലോക്ഡൗൺ മുന്നേറ്റങ്ങൾ പ്രശ്‌നവൽക്കരിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമോ, സാമൂഹിക സാമ്പത്തിക അനീതിയോ അല്ല. മറിച്ച്, അവർ പ്രതിഷേധിക്കുന്നത് തികച്ചും വ്യക്ത്യാധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ മുകളിൽ ഉള്ള സ്റ്റേറ്റിന്റെ നിയന്ത്രണങ്ങക്കെതിരെ മാത്രം ആണ്.

ലോക്ഡൗണിനെ തുടർന്ന് ഓഹിയോയിൽ നടന്ന പ്രതിഷേധം. / Photo: Paul Becker, WikiMediaCommons

വ്യക്തി ആണ് സർവ പ്രധാനം എന്ന സിദ്ധാന്തത്തിൽ പടുത്തുയർത്തിയ അമേരിക്കൻ മൂല്യങ്ങളിൽ പ്രധാനമായ ഒന്നാണ് പരിമിതമായ അധികാരം ഉള്ള സ്റ്റേറ്റ് എന്ന സങ്കൽപ്പം. കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന നിയന്ത്രണങ്ങൾ അതുകൊണ്ട് തന്നെ വ്യക്തിയുടെ മുടി വെട്ടാൻ ഉള്ള, ജിം-ൽ പോകാൻ ഉള്ള, ഗോൾഫ് കളിക്കാൻ ഉള്ള അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമായി ഈ സമരത്തിൽ പങ്കെടുക്കുന്നവർ വ്യാഖാനിക്കുന്നു. എന്തിനധികം വർധിച്ച നിയന്ത്രണങ്ങൾ അമേരിക്കയെ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആക്കി മാറ്റും എന്നു പോലും അവർ ഭയപ്പെടുന്നു. അതിനെ എന്തു വില കൊടുത്തും തടയാൻ കൈത്തോക്കുകളും, യന്ത്രത്തോക്കുകളും എടുത്ത് അവർ തെരുവിൽ ഇറങ്ങുന്നു, നിയമസഭാ മന്ദിരങ്ങളിൽ തടിച്ചു കൂടി ഭയം ജനിപ്പിക്കുന്നു. (എന്നോ ഒരിക്കൽ ഉണ്ടായേക്കാവുന്ന സ്റ്റേറ്റിന്റെ അട്ടിമറി എന്ന സാധ്യതക്കെതിരെ പൊരുതാൻ ആണല്ലോ അമേരിക്കൻ ജനത തോക്ക് കൈവശം വെക്കുന്നത്).

ഇത്തരം സമരങ്ങളിൽ പൊതുവിൽ കാണപ്പെട്ട ചില മുദ്രാവാക്യങ്ങൾ ഈ നിലപാടിനെ എടുത്തു കാട്ടുന്നവ ആയിരുന്നു. ""എനിക്കു മുടി വെട്ടണം'' (I need a haircut!), ""മസാജ് ഒരു ആവശ്യമാണ്'' (Massage is essential), ""എനിക്കെന്റെ ഗോൾഫ് സീസൺ തിരികെ വേണം'' (I want my gold season back) തുടങ്ങിയവ അവയിൽ ചിലത് മാത്രം. അടച്ചമർത്തലിന് വിധേയമായിട്ടില്ലാത്ത ഒരു ജനവിഭാഗത്തിന്റെ ഇരവാദം മാത്രമായി ഈ മുന്നേറ്റങ്ങളെ മാധ്യമങ്ങൾ വിലയിരുത്തുന്നത് ഈ പശ്ചാത്തലത്തിൽ ആണ്. ട്രംപിന്റെ ഉപദേഷ്ടാവായ സറ്റീഫൻ മില്ലെർ ആന്റി-ലോക്ഡൗൺ സമരങ്ങളെ വംശീയ വിവേചനത്തിനെതിരെ പോരാടിയ റോസാ പാർക്കിനോട് താരതമ്യം ചെയ്യുന്നത് ഈ ഇരവാദം ഉറപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തോടു കൂടെ ആണ്.

ഒറ്റപ്പെട്ട ചില ആവശ്യങ്ങൾ തൊഴിലില്ലായ്മയെ, തൊഴിൽ ചെയ്യാനുഉള്ള സാഹചര്യം ഇല്ലാത്തതിനെ ചൂണ്ടി കാണിക്കുന്നുണ്ട് എങ്കിൽ പോലും, അവയെല്ലാം ചെന്നു നിലക്കുന്നത് നോവൽ-കൊറോണയെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ നിർദേശങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ്.

കോവിഡ് പശ്ചാത്തലത്തിൽ അമേരിക്കൻ ആരോഗ്യ-സാമ്പത്തിക മേഖലകളിലെ അന്തരവും അനീതിയും ഇത്ര കണ്ടു വെളിച്ചത്തു വന്നിട്ടും, അവയെ ഒന്നും ""അമേരിക്ക തുറക്കൂ'' (Reopen America) എന്ന് ആഹ്വാനം ചെയ്യുന്ന ഇത്തരം സമരങ്ങൾ കണ്ടില്ല എന്നു നടിക്കുന്നത് മനപ്പൂർവം ആണ്. അധികാര വർഗത്തിനും മുതലാളിത്തത്തിനും നൽകുന്ന പിന്തുണയാണ് അവരെ ഈ യാത്രയിൽ നയിക്കുന്നത്. ഇതിൽ ഒറ്റപ്പെട്ട ചില ആവശ്യങ്ങൾ തൊഴിലില്ലായ്മയെ, തൊഴിൽ ചെയ്യാനുഉള്ള സാഹചര്യം ഇല്ലാത്തതിനെ ചൂണ്ടി കാണിക്കുന്നുണ്ട് എങ്കിൽ പോലും, അവയെല്ലാം ചെന്നു നിലക്കുന്നത് നോവൽ-കൊറോണയെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയ നിർദേശങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ്. ""രാജ്യത്തെ സംരക്ഷിക്കാൻ ഞാൻ തൊക്കെടുക്കാം പക്ഷേ മാസ്‌ക്, അത് ഞാൻ ഉപയോഗിക്കില്ല'' എന്നു പറയുന്ന ഇത്തരം വൈരുദ്ധ്യങ്ങൾ വ്യക്തമാക്കുന്നത് ""സ്വാതന്ത്ര്യം'' എങ്ങനെ ഒക്കെ വിവക്ഷിക്കപ്പെടാം എന്നു മാത്രമല്ല, അത്തരം വളച്ച് കെട്ടലുകൾ ഈ രോഗത്തെ പിടിച്ചു കെട്ടാൻ എന്തൊക്കെ വെല്ലുവിളികൾ സൃഷ്ടിക്കും എന്നും ആണ്. മാസ്‌ക് ഉപയോഗിക്കാൻ നിർദേശിച്ച ജീവനക്കാരിയുടെ ഉടുപ്പിൽ മുഖം തുടച്ചും, മാസ്‌കിന് പകരം അതി ക്രൂരമായ വംശീയ അതിക്രമങ്ങളുടെയും കൂട്ടക്കൂരുതികളുടെയും ചിഹ്നം ആയ Ku-Klux-Klan മുഖാവരണം ധരിച്ചും പ്രതിഷേധം തകർക്കുന്നു.

മുഴുനീളം നിറഞ്ഞു നിൽക്കുന്ന ട്രംപ് അനുകൂല പോസ്റ്ററുകളും, ഗൂഢാലോചന തത്ത്വങ്ങളും വിരൽ ചൂണ്ടുന്നത് ഈ സമരങ്ങളിൽ പങ്കെടുക്കുന്ന ജനങ്ങളിലേക്കും അവർ പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകളിലേക്കുമാണ്. ജനങ്ങൾ സ്വമേധയാ തുടങ്ങിയ സമരങ്ങൾ എന്നു വരുത്തിത്തീർക്കുകയും, എന്നാൽ കൺസെർവേറ്റീവ് സംഘങ്ങൾ പണമിറക്കുകയും ചെയ്യുന്ന ഇത്തരം സമരങ്ങളെ പല മാധ്യമങ്ങളും വിശേഷിപ്പിച്ചത് ""ആസ്‌ട്രോ ടർഫ്'' (AstroTurf/ fake grass as opposed to real grassroots movements) എന്നാണ്. അമേരിക്കയിൽ ആഴത്തിൽ വേരുള്ള ക്ലൈമറ്റ്-ഡിനയൽ, ആന്റി വാക്‌സിൻ മുന്നേറ്റങ്ങൾ ഉയർത്തുന്ന പല ഗൂഢാലോചനകളും ഇത്തരം സമരങ്ങളിൽ ആവർത്തിക്കപ്പെടുന്നു എന്നത് ശാസ്ത്രത്തോടുള്ള അവമതിയിലും അവിശ്വാസത്തിലും ഇവരെ ഒന്നിച്ചു നിരത്തുന്നു.
പാൻഡെമിക് എന്നതിനെ ""പ്ലാൻഡെമിക്'' എന്നാക്കി ഒരു കെട്ടുകഥയ്ക്ക് സമാനമായി വരുത്തിത്തീർക്കുമ്പോൾ അതിൽ ബിൽഗേറ്റ്‌സ് മുതൽ ചൈന വരെ അണിനിരക്കുന്നു. മാത്രമല്ല ശക്തമായി എഴുതപ്പെട്ട തിരക്കഥ ഈ പ്രതിഷേധങ്ങൾ അങ്ങേയറ്റം യുക്തിസഹമായി അണികൾക്ക് തോന്നിക്കാനും സഹായിക്കുന്നു. ഡെമോക്രാറ്റുകൾ ഉണ്ടാക്കിയ ഒരു തട്ടിപ്പാണ് ഈ രോഗം എന്നു വരെ പ്രസിഡന്റ് ട്രംപിന്റെ മകൻ പറയുന്നു, ആളുകൾ ഏറ്റ് പറയുന്നു.

""എന്റെ ശരീരം, എന്റെ തീരുമാനം'' എന്ന ഫെമിനിസ്റ്റ് മുദ്രാവാക്യം പരിഷ്‌ക്കരിച്ച്, അത് മാസ്‌കിനെതിരെ ആക്കി പ്ലക്കാർഡിൽ എഴുതുന്നത് മറ്റൊരു വൈരുദ്ധ്യം.

ജനങ്ങൾ സ്വമേധയാ തുടങ്ങിയ സമരങ്ങൾ എന്നു വരുത്തിത്തീർക്കുകയും, എന്നാൽ കൺസെർവേറ്റീവ് സംഘങ്ങൾ പണമിറക്കുകയും ചെയ്യുന്ന ഇത്തരം സമരങ്ങളെ പല മാധ്യമങ്ങളും വിശേഷിപ്പിച്ചത് ""ആസ്‌ട്രോ ടർഫ്'' (AstroTurf/ fake grass as opposed to real grassroots movements) എന്നാണ്.

അമേരിക്കയിലെ റിലീജിയസ് കൺസെർവേറ്റീവ് സoഘടനകൾ നിരന്തരം ആക്രമിക്കുന്ന മുന്നേറ്റങ്ങളിൽ ചിലതാണ് പ്രൊ-ചോയ്‌സ് (pro-choice), എൽ. ജി. ബി. ടി. ക്യു. ഐ. എ (LGBTQIA) മുന്നേറ്റങ്ങൾ. ""എന്റെ ശരീരം, എന്റെ തീരുമാനം''എന്ന് ഉറക്കെ പറഞ്ഞ് ഒരു ഹെട്രോ-പാട്രിയാർക്കൽ സമൂഹത്തിന് മുന്നിൽ സ്വന്തം സ്വത്വവും, ലൈഗികതയും, തിരഞ്ഞെടുപ്പുകളും ഉയർത്തിപ്പിടിച്ചു ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഈ മുന്നേറ്റങ്ങളെ തള്ളി പറഞ്ഞ, ആക്രമിച്ച കോൺസർവേറ്റീവ് സംഘടനകളും പ്രവർത്തകരും ഒരു മാസ്‌ക് വെക്കാൻ പറഞ്ഞതിന് ഇതേ മുദ്രാവാക്യം കടം എടുക്കുന്നത് മേൽപ്പറഞ്ഞ ഇരവാദം ഉന്നയിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ. ഒരുപക്ഷേ മുന്നേറ്റം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഹോം വർക്ക് ആകണം, ലെനിൻ മുതൽ ഫെമിനിസ്റ്റ് മുന്നേറ്റ ചരിത്രത്തിലെ പല വരികളും വേണ്ടുവോളം കടമെടുത്താണ് ഈ സംഘാടനം.

Photo: Paul Becker, WikiMediaCommons

ഒരു പക്ഷേ അതിശയോക്തി ആയി പോലും തോന്നിയേക്കാവുന്ന ഈ മുന്നേറ്റങ്ങൾ തുറന്നു കാട്ടുന്നത് എങ്ങനെ ആണ് അമേരിക്കൻ വംശീയ-മുതലാളിത്തം നിലനിൽക്കുന്നത് എന്നാണ്. പൊതുവായി മരുന്ന് കമ്പനികൾക്കും വാക്‌സിനുകൾക്കും എതിരേ വളരുന്ന ജനവികാരം ചൂഷണം ചെയ്ത് എങ്ങനെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് തഴച്ചു വളർന്ന്, മനുഷ്യരെ വിശ്വാസത്തിൽ എടുക്കാം എന്നു ഈ സമരങ്ങൾ കാണിച്ചു തരുന്നു.
ഈ മുന്നേറ്റങ്ങളോടുള്ള സ്റ്റേറ്റിന്റെയും പോലീസിന്റെയും പ്രത്യേക പരിഗണനയുടെ വംശീയ വശങ്ങൾ തിരിച്ചറിയണമെങ്കിൽ അവയെ ഒരു സാധാരണ ആഫ്രിക്കൻ-അമേരിക്കൻ പൗരന്റെ /പൗരയുടെ ജീവിതവുമായി തട്ടിച്ചു നോക്കണം. തോക്ക് കൈയ്യിൽ ഉണ്ട് എന്ന സംശയത്തിന്റെ പേരിൽ മാത്രം പോലീസ് വെടി ഉതിർത്ത് നിഷ്‌കരുണം കൊന്ന അനേകം ആഫ്രിക്കൻ-അമേരിക്കൻ യുവാക്കളുടെ രക്തം പുരണ്ടിട്ടുണ്ട് അമേരിക്കൻ നീതി-ന്യായ വ്യവസ്ഥയുടെ കൈകളിൽ. അതുകൊണ്ടാണ് വൈറ്റ്-പ്രിവിലേജ് ഉദാഹരണമായി AR-47 പോലെ ഉള്ള അസ്സൾട്ട് റൈഫിളുകൾ തോളിൽ ഇട്ട്, ചീറി അടുത്ത സമരക്കാരെ നിഷ്‌ക്രിയമായി നോക്കി നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ നിറയുന്നത്.

തോക്ക് കൈയ്യിൽ ഉണ്ട് എന്ന സംശയത്തിന്റെ പേരിൽ മാത്രം പോലീസ് വെടി ഉതിർത്ത് നിഷ്‌കരുണം കൊന്ന അനേകം ആഫ്രിക്കൻ-അമേരിക്കൻ യുവാക്കളുടെ രക്തം പുരണ്ടിട്ടുണ്ട് അമേരിക്കൻ നീതി-ന്യായ വ്യവസ്ഥയുടെ കൈകളിൽ.

ഒരു ചെറിയ അനുഭവം (എന്റെ അല്ല) പറയാം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഫോചി ഒരു സെനറ്റ് കമ്മിറ്റിയിൽ നേരിടുന്ന ചോദ്യങ്ങൾ ആണ് രംഗം. സ്‌കൂളുകൾ ഉടനെ തുറക്കുന്നതിന് എതിരേ ഡോ. ആന്റണി ഫോചി സ്വീകരിച്ച നിലപാടിനെ പ്രതിരോധത്തിലാക്കി, കെന്റക്കി സംസ്ഥാനത്തെ സെനറ്റർ ആയ റാൻഡ് പോൾ (അദ്ദേഹം ഒരു ഒഫ്ത്താൽമോളജിസ്റ്റ് കൂടെ ആണ്) ഇങ്ങനെ പറഞ്ഞു, ""ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു, പക്ഷേ ഈ വിഷയത്തിൽ (കോവിഡ്) നിങ്ങളുടേത് അവസാന വാക്കല്ല.'' അതിനു മറുപടി ആയി, വളരെ വിനീതനായി ഡോ. ഫോചി പറഞ്ഞു, ""അങ്ങനെ ഒരു അവസാന വാക്കായി ഞാൻ കരുതിയിട്ടില്ല. ഞാൻ ഒരു ശാസത്രജ്ഞൻ ആണ്, ഒരു ഫിസിഷ്യൻ ആണ്, ഒരു പബ്ലിക് ഹെൽത്ത് ഒഫീഷ്യൽ ആണ്. ഞാൻ ഉപദേശങ്ങൾ നൽകുന്നത് ശാസ്ത്രത്തിന്റെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആണ്.'' ശാസ്ത്രത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല എന്നു പറയുന്ന ഭരണ കർത്താക്കളും ജനവിഭാഗങ്ങളും ഡോ. ഫോചിയെ കേൾക്കും എന്നു വെറുതെ പ്രതീക്ഷിക്കാം.

PS: പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ കോവിഡ് ക്രമാതീതമായി ബാധിക്കുന്നു എന്നും, അവരുടെ ഇടയിൽ മരണ നിരക്ക് താരതമ്യേന കൂടുതൽ ആണ് എന്നുമാണ്. ജനസംഖ്യ യുടെ 18% മാത്രം വരുന്ന ആഫ്രിക്കൻ അമേരിക്കൻ സമൂഹം, മൊത്ത രോഗബാധിതരുടെ 30% വരുന്നത് വംശീയമായ അന്തരങ്ങളുടെ വ്യാപ്തി കാട്ടുന്നു. സമൂഹത്തിന്റെ അരികുകളിൽ ഉള്ളവരെ ബലിയാടാക്കി ഏകോണമി തുറക്കാം എന്ന യുക്തിയാവാം ഒരു പക്ഷേ ഈ നയങ്ങളെയും, മുന്നേറ്റങ്ങളെയും ഒരു പോലെ നയിക്കുന്നത്.


Comments