ആഗസ്റ്റ് 15 ന് ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച ഘട്ടത്തിൽ ലോകത്തിന്റെ മറ്റൊരറ്റത്ത് ഡോണൾഡ് ട്രംപും വ്ലാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തുകയായിരുന്നു. അലാസ്ക്കയുടെ തണുത്ത പ്രഭാതം ലോകത്തിന് പുതിയൊരു പ്രതീക്ഷ നൽകുമെന്ന് ആശിച്ചെങ്കിലും പറയത്തക്ക മാറ്റമൊന്നുമുണ്ടായില്ല.
നീണ്ട ഇടവേളക്കുശേഷം റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള സമ്മതം അറിയിച്ചത്, ഇന്ത്യ- റഷ്യ ബന്ധത്തിൽ പുത്തൻ സാധ്യതകൾ തുറക്കുന്നുണ്ട്. ഇന്ത്യ യു.എസ് ബന്ധം അതി സങ്കീർണമായ വഴിത്തിരിവിലായ ഘട്ടത്തിലാണ് ന്യൂഡൽഹി, തന്റെ വാതിലുകൾ റഷ്യയിലേക്കും ചൈനയിലേക്കും കൂടുതൽ വിസ്താരത്തിൽ തുറക്കുന്നത്. ഇതിൽ തന്നെ റഷ്യയുമായി സോവിയറ്റ് കാലം മുതലുള്ള ചരിത്രപരമായ ബന്ധമാണുള്ളത്. ഒരു കേവല റഷ്യ- അമേരിക്ക നയതന്ത്ര ഉച്ചകോടി എന്നതിലുപരി; വാഷിംഗ്ടണിൽ നിന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തികവും ഭൂരാഷ്ട്രതന്ത്രപരവുമായ സമ്മർദ്ദങ്ങളിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ കൂടി ഈ ഉച്ചകോടി ഉയർത്തിയിരുന്നു. ആ പ്രതീക്ഷകളെയാണ് അലാസ്ക തകിടം മറിച്ചത്.
ട്രംപിന്റെ ഭീഷണിയും
ഇന്ത്യൻ നിലപാടും
ട്രംപ് ഇപ്പോൾ ഇന്ത്യക്കെതിരെ ഉയർത്തുന്ന ഭീഷണികൾക്കു പുറകിൽ റഷ്യയുമായുള്ള ഇന്ത്യയുടെ “Special and Privileged Strategic Partnership” ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്ത്യ- റഷ്യ ബന്ധത്തെ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. ട്രംപിൻ്റെ താരിഫ് ഭീഷണിയും ഉക്രെയ്ൻ യുദ്ധത്തിൽ മോസ്കോയെ ഒറ്റപ്പെടുത്താനുള്ള അദ്ദേഹത്തിൻ്റെ പ്രചാരണങ്ങളും മൂലം റഷ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം പലപ്പോഴും ബുദ്ധിമുട്ടിലാവാറുണ്ട്. എന്നാൽ റഷ്യൻ ഭരണകൂടത്തെ ഒറ്റുകൊടുക്കുന്ന നിലപാടിലേക്ക് ഇന്ത്യ ഇതുവരെ പോയിട്ടില്ല എന്നതാണ് ആശ്വാസകരം.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ്, യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് 25% അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയത്, പിന്നീട് മൊത്തം തീരുവ 50% ആയി ഉയർത്തി. ഇത് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വരികയും ചെയ്തു. ബാക്കിയുള്ള രാജ്യങ്ങൾക്കും താരിഫ് ഏർപ്പെടുത്തിയെങ്കിലും ഇന്ത്യക്കുമേലാണ് 50% ഏർപ്പെടുത്തിയത്. ഒന്നാം ട്രംപ് സർക്കാർ മുതൽ വ്യാപാരയുദ്ധം നടക്കുന്ന ചൈനക്കുമേൽ പോലും 50% ഇല്ല എന്നതാണ് ശ്രദ്ധേയം.
ഉക്രെയ്നിലെ യുദ്ധത്തിന് ഇന്ധനമാകും വിധം റഷ്യൻ ക്രൂഡോയിൽ ഇന്ത്യ തുടർച്ചയായി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് യു.എസ് ഭരണകൂടത്തിന്റെ ‘താരിഫ് ഉപരോധം’ എന്നത് പകൽപോലെ വ്യക്തമാണ്. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ച് -ഇന്ത്യയെ മോസ്കോയിൽ നിന്ന് അകറ്റാൻ- ട്രംപ് താരിഫുകൾ കുത്തനെ ഉയർത്തിക്കൊണ്ടുള്ള ഭീഷണി ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യ ട്രംപിന്റെ ഭീഷണികളെ തള്ളിക്കളയുകയാണുണ്ടായത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അത്തരം ഭീഷണികളെ "അന്യായവും യുക്തിരഹിതവും" എന്ന് ആക്ഷേപിക്കുകയും "ഇന്ത്യ ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്" പ്രസ്താവിക്കുകയും ചെയ്തു.
ഇതോടൊപ്പം, കുറച്ചു ദിവസം മുൻപ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്, “പരമാധികാര രാജ്യങ്ങൾക്ക് അവരുടെ സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടായിരിക്കണം” എന്ന നിലപാട് സ്വീകരിച്ചത് ഈ ഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്. ഇതേസമയം, "എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് പുടിനുമായി വിശദമായി സംഭാഷണം നടത്തിയെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുവെന്നും” ആഗസ്റ്റ് 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റും ചെയ്തു.
ഉയരുന്ന ഇന്ത്യ- റഷ്യ വ്യാപാരം
ഇന്ത്യ- റഷ്യ വ്യാപാരം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 69 ബില്യൺ ഡോളറായി ഉയർന്നു. അതിൽ തന്നെ റഷ്യൻ ക്രൂഡ് പ്രധാന പങ്ക് വഹിക്കുന്നു. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച്, റഷ്യയുടെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊന്ന് ഇപ്പോൾ ഇന്ത്യയാണ്, അഥവാ ചൈനയ്ക്ക് പിന്നിൽ രണ്ടാമത്.

ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ICRA- യുടെ ഡാറ്റ അനുസരിച്ച് റഷ്യൻ ക്രൂഡ് വാങ്ങുന്നതുവഴി 20% വരെ കിഴിവുകൾ ഇന്ത്യൻ റിഫൈനർമാർക്ക് ലഭിക്കുകയും അതുവഴി കഴിഞ്ഞ മൂന്നു വർഷമായി 17 ബില്യൺ ഡോളറിന്റെ അധിക വരുമാനമുണ്ടാകുകയും ചെയ്തു. ആ സമ്പാദ്യങ്ങൾ ആഭ്യന്തര ഇന്ധന വിലയിൽ സ്ഥിരത നിലനിർത്താനും ബജറ്റ് സ്ഥിരതയെ പിന്തുണയ്ക്കാനും സഹായിച്ചു. അതേസമയം, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്ന് ലാഭം നേടാനും ഇത് റിഫൈനർമാരെ സഹായിച്ചു.
2024-ൽ യു.എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 87 ബില്യൺ ഡോളറിലെത്തിയപ്പോൾ, വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ മേലുള്ള ഇന്ത്യൻ പ്രതീക്ഷകൾ ശക്തമായി തുടരുന്നു, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉപഭോഗമുള്ള രാജ്യമെന്ന നിലയിൽ.
ഊർജ്ജ മേഖല
യു.എസിനും ചൈനയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവാണ് ഇന്ത്യ. അഥവാ രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന ക്രൂഡ് ഓയിലിൻ്റെ 90% ഇറക്കുമതി ചെയ്യുന്നു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും 1.4 ബില്യൺ ജനസംഖ്യയും കൂടിച്ചേർന്ന ആ ഊർജ ആവശ്യകത, നമുക്ക് താങ്ങാനാവുന്നതിനേക്കാളും തൃപ്തികരമല്ലാത്ത ഡിമാൻഡ് രാജ്യത്തിന് നൽകുന്നു എന്നതാണ് പ്രശനം. പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണയിൽ നിന്ന് പിന്തിരിയുകയും വിലപരിധി ഏർപ്പെടുത്തുകയും ചെയ്തപ്പോൾ, ഇന്ത്യ അവസരം മുതലെടുത്ത് റഷ്യൻ ക്രൂഡ് വാങ്ങുന്നത് വർധിപ്പിച്ചു. ആഭ്യന്തരമായി സ്ഥിരമായ വിലയ്ക്ക് ഇന്ധനം വിൽക്കാനും വിദേശത്ത് ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ ലാഭത്തിൽ വിൽക്കാനും ഈ വാങ്ങലിലൂടെ ഇന്ത്യയെ അനുവദിച്ചു.

യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, റഷ്യൻ ക്രൂഡ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം ഭാഗം മാത്രമായിരുന്നു. 2023 മെയ് മാസത്തിനു ശേഷം ഇറക്കുമതി അതിവേഗം മുന്നോട്ട് പോകുകയും, ആ വിഹിതം പ്രതിദിനം രണ്ട് ദശലക്ഷം ബാരലുകളായി ഉയരുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി, ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ ഏകദേശം 45 ശതമാനം റഷ്യയിൽ നിന്നാണ്. പ്രതിവർഷം 130 ബില്യൺ ഡോളറിലധികം വരുന്ന ഇറക്കുമതി വഴി റഷ്യയുടെ എണ്ണയുടെ സ്ഥിരമായ ഒഴുക്ക് ഇന്ത്യ നിലനിർത്തുന്നു.
ഇന്ത്യൻ റിഫൈനർമാർ പ്രാദേശിക ഉപഭോഗത്തിനും കയറ്റുമതിക്കുമായി എണ്ണ പ്രോസസ്സ് ചെയ്യുകയും, ക്രൂഡ് ഡീസലും മറ്റ് ഉൽപ്പന്നങ്ങളും യൂറോപ്പിലേക്കും പുറത്തേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ സാമ്പത്തിക രംഗത്ത് ചെറുതല്ലാത്ത സംഭാവന നൽകുന്നുണ്ട്. റഷ്യൻ ക്രൂഡ് ഇന്ത്യയുടെ ഊർജ്ജ തന്ത്രത്തിൻ്റെ നിർണായക സ്തംഭമായി തുടരുന്നു എന്നതിനാൽ, ട്രംപ് ആവശ്യപ്പെടുന്നതുപോലെ അത് പെട്ടെന്ന് വെട്ടിക്കുറയ്ക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വിനാശകരമായി വരാൻ സാധ്യതയുണ്ട്.
പ്രതിരോധ രംഗത്തെ ഇടപെടലുകൾ
ടാങ്കുകളും അന്തർവാഹിനികളും മുതൽ യുദ്ധവിമാനങ്ങൾ വരെയുള്ള ഇന്ത്യയുടെ പകുതിയിലധികം സൈനിക ഹാർഡ്‌വെയറുകളും ഇപ്പോഴും റഷ്യൻ അല്ലെങ്കിൽ സോവിയറ്റ് ഡിസൈനുകളിൽ നിന്നാണ്. സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) റിപ്പോർട്ട് പ്രകാരം, "ആഗോള ഇറക്കുമതിയുടെ 8.3 ശതമാനം വിഹിതവുമായി 2020-24 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യ. എന്നാൽ 2015-19 നും 2020-24 നും ഇടയിൽ ഇന്ത്യൻ ആയുധ ഇറക്കുമതി 9.3 ശതമാനം കുറഞ്ഞു’’.
കേവലമായ ഒരു മാറ്റമല്ലത്. SIPRI കൂട്ടിച്ചേർക്കുന്നതുപോലെ, "ഇന്ത്യ അതിൻ്റെ ആയുധ വിതരണ ബന്ധം പാശ്ചാത്യ വിതരണക്കാരിലേക്ക്, പ്രത്യേകിച്ച് ഫ്രാൻസ്, ഇസ്രായേൽ, യു.എസ്.എ എന്നിവയിലേക്ക് മാറ്റുന്നു", കൂടാതെ പുതിയതോ ആസൂത്രിതമായതോ ആയ പ്രധാന ആയുധ ഓർഡറുകൾ ഈ രാജ്യങ്ങളിൽ നിന്നാണ്. എന്നിട്ടും, ഇന്ത്യയുടെ ആയുധ പദ്ധതികളിൽ റഷ്യ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു.

കഴിഞ്ഞ മാസം, നാവികസേന റഷ്യയിൽ നിന്ന് ഒരു പുതിയ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്തു, യാന്തർ കപ്പൽശാലകളിൽ നിന്നുള്ള റഷ്യൻ ഡിസൈനുകൾ ഉപയോഗിച്ച് ഇന്ത്യയിൽ രണ്ടെണ്ണം കൂടി നിർമ്മാണത്തിലാണ്. 2018- ൽ, ട്രംപിൻ്റെ ആദ്യ ടേമിൽ, റഷ്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റത്തിൻ്റെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങാനുള്ള ഉപരോധത്തിൻ്റെ ഭീഷണിയെ ഇന്ത്യ മറികടന്നിരുന്നു. മൂന്നെണ്ണം ചൈനയുടെയും പാക്കിസ്ഥാൻ്റെയും അതിർത്തികളിൽ എത്തിച്ച് വിന്യസിച്ചിട്ടുണ്ട്. റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിതരണക്കാരാണ്. എന്നിരുന്നാലും ഇറക്കുമതി വിഹിതം 2010-14 ലെ 72% ൽ നിന്ന് 2020-24 ൽ 36% ആയി കുറഞ്ഞു എന്നും കാണേണ്ടതുണ്ട്.
ആഗോളതലത്തിൽ, യുദ്ധം കാരണം ഉക്രെയ്നിൻ്റെ ഇറക്കുമതി ഏകദേശം 100 മടങ്ങ് (+9,627%) വർദ്ധിച്ചു, ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വാങ്ങുന്നയാളായി. അതേസമയം, റഷ്യയുടെ സ്വന്തം ആയുധ കയറ്റുമതി 2015-19 മുതൽ 64% ഇടിഞ്ഞു, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഓർഡറുകൾ കുറച്ചു, സ്വന്തം സൈനിക ആവശ്യങ്ങൾക്ക് മുൻഗണന നൽകാനാണു മോസ്കോയുടെ തീരുമാനം. അതോടൊപ്പം, കയറ്റുമതിയിൽ 43% ആഗോള വിഹിതവുമായി യു.എസ് ആധിപത്യം പുലർത്തുന്നു, തുടർന്ന് ഫ്രാൻസ് (11%), റഷ്യ (7.8%), ചൈന (5.9%), ജർമ്മനി (4.4%) എന്നീ രാജ്യങ്ങളുമുണ്ട്.
യു. എസ് ഇരട്ടത്താപ്പ്
റഷ്യയുമായുള്ള വ്യാപാരം പിൻവലിക്കാൻ യു.എസും ഇ.യുവും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമ്പോൾ, അവർ തിരഞ്ഞെടുത്ത മേഖലകളിൽ മോസ്കോയുമായി വ്യാപാരം തുടരുന്നു എന്നതാണ് കൗതുകകരം. വിദേശകാര്യ മന്ത്രാലയം വ്യക്തമായി പറഞ്ഞു: "അമേരിക്കയെ സംബന്ധിച്ച്, റഷ്യയിൽ നിന്ന് അതിൻ്റെ ആണവ വ്യവസായത്തിനായി യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, ഇ.വി വ്യവസായത്തിന് പലേഡിയം, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് തുടരുന്നു."
യൂറോപ്പിൻ്റെ റെക്കോർഡും സമാനമാണ്. "യൂറോപ്യൻ യൂണിയന് 2024-ൽ റഷ്യയുമായി 67.5 ബില്യൺ യൂറോയുടെ ചരക്കുകളുടെ ഉഭയകക്ഷി വ്യാപാരം ഉണ്ടായിരുന്നു’’. ഇത് "ആ വർഷമോ പിന്നീടോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാൾ വളരെ കൂടുതലാണ്."

പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുമായി വാണിജ്യബന്ധം നിലനിർത്തുന്നത് അവരുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമാകുമ്പോൾ തന്നെ, ഇന്ത്യക്ക് എതിരായി നിലപാടെടുക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്, ഇന്ത്യയെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന ധാരണയ്ക്ക് അടിവരയിടുന്നു. ഇത് കണക്കിലെടുത്ത് റഷ്യയുമായി കൂടുതൽ സഹകരിക്കണം എന്ന നിലപാടിലാണ് ഇന്ത്യൻ നയതന്ത്രവൃത്തങ്ങൾ. അലാസ്ക ഉച്ചകോടിയുടെ സ്വാഭാവിക പരാജയം ഇന്ത്യയുടെ റഷ്യൻ ആശ്രിതത്വം വർദ്ധിപ്പിച്ചു എന്നു മാത്രമല്ല, അഞ്ചു ശതമാനം അധിക ഇളവ് കൂടി ഇന്ത്യക്ക് റഷ്യ അനുവദിക്കുകയും ചെയ്തു. മറ്റൊരാർഥത്തിൽ യു. എസ് പിണങ്ങിയാലും ഇന്ത്യയുടെ റഷ്യൻ നയത്തിൽ അണുവിട ചലനം സാധ്യമല്ലെന്നു ഇന്ത്യ ഒരിക്കൽ കൂടെ തെളിയിച്ചു.
ചൈന ഇന്ത്യയോട് അടുക്കുന്നു
യു. എസ് ട്രഷറി സെക്രട്ടറി ഇന്ത്യ കുറഞ്ഞ വിലക്ക് എണ്ണ വാങ്ങി മറ്റു രാജ്യങ്ങളിൽ വിൽക്കുന്നതിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അതിനെ മുഖവിലക്കെടുക്കാതെ ഇനിയും ഇറക്കുമതി വർധിപ്പിക്കും എന്നാണ് നിലപാട് എന്ന് ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. നിലവിലെ ഇന്ത്യ- യു. എസ് ബന്ധത്തിലെ പാകപ്പിഴകൾ ഇന്ത്യൻ ഭരണകൂടത്തെ ഓർമിപ്പിക്കുന്ന ശ്രദ്ധേയ കാര്യം, എത്രത്തോളം യു. എസ് ചേരിയിൽ നിന്ന് അകന്നു നിൽക്കുന്നുവോ അത്രത്തോളം ഇന്ത്യൻ നിലപാടുകൾക്ക് സ്വാതന്ത്രസ്വഭാവം കൈവരുന്നു എന്നതാണ്. ഇന്ത്യ എടുക്കുന്ന ആഗോള നയങ്ങളിൽ മറ്റൊരു രാജ്യത്തിന്റെ സ്വാധീനം ഇല്ലാതിരിക്കുന്നത് കൂടുതൽ ശക്തമായ ഗ്ലോബൽ പവറായി ഇന്ത്യയെ മാറ്റുന്നുണ്ട്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം മോസ്‌കോ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. സമാനമായി ഇന്ത്യൻ പ്രധാനമന്ത്രി ഈ മാസം അവസാനം ബെയ്ജിങ്ങിലേക്ക് പോകാനിരിക്കുകയാണ്. ഒരു നീണ്ട ഇടവേളക്കു ശേഷമാണ് മോദിയുടെ ചൈന സന്ദർശനം. മാറിവന്ന ആഗോള സമവാക്യങ്ങളിൽ ഇന്ത്യക്ക് അനുകൂലമായ നിലപാടുകളാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചൈനീസ് വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ ആവേശകരമായ വരവേൽപ്പാണ് നൽകിയത്. ഇന്ത്യ- ചൈന ബന്ധത്തിൽ ക്രിയാത്മക ഭാവിയാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കി, അതുവഴി അമേരിക്കൻ താല്പര്യങ്ങളെ ഒറ്റപ്പെടുത്താനായാൽ കൂടുതൽ തുറന്ന സമീപനത്തോടുകൂടിയ ലോകക്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ബഹുമുഖമായ ലോകക്രമം ബ്രിക്സ് അടക്കമുള്ള റീജ്യനൽ കൂട്ടായ്മകൾക്ക് കരുത്തേകുമെന്നും പ്രത്യാശിക്കാം.
