ഡാലിയൻ അറ്റ്കിൻസണിന്റെ കൊല: ശിക്ഷ മനഃപൂർവമല്ലാത്ത നരഹത്യക്ക്

ബ്രിട്ടനിൽ 35 വർഷത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു കേസിൽ ഒരു പൊലീസുകാരൻ ശിക്ഷിക്കപ്പെടാൻ പോകുന്നത്.

റുത്തവംശജനായ ഫുട്ബോൾ താരം കൊല്ലപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുറ്റക്കാരനാണെന്ന് ബ്രിട്ടിഷ് കോടതി വിധിച്ചു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇദ്ദേഹം ശിക്ഷിക്കപ്പെടുക. ബ്രിട്ടനിൽ 35 വർഷത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു കേസിൽ ഒരു പൊലീസുകാരൻ ശിക്ഷിക്കപ്പെടാൻ പോകുന്നത്. പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ ആസ്റ്റർ വില്ലയുടെ താരമായിരുന്ന ഡാലിയൻ അറ്റ്കിൻസൺ ആണ് 2016 ആഗസ്റ്റ് 15ന് പുലർച്ചെ പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.

പോലീസ് ഉദ്യോഗസ്ഥനായ ബഞ്ചമിൻ മോങ്ക് 33 സെക്കൻറ്​ സമയം ഇലക്ട്രിക് സ്റ്റൺ ഗൺ ഉപയോഗിച്ച് വെടിവച്ചുവെന്നും നിലത്തുവീണ ഡാലിയനെ രണ്ട് തവണ തലയിൽ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു. ഇലക്​ട്രിക്​ സ്റ്റൺ ഗൺ ഉപയോഗിച്ച് വെടിവയ്ക്കാൻ അനുവദനീയമായതിലും ആറിരട്ടി അധികമാണ് പോലീസ് ഇദ്ദേഹത്തിന് നേരെ വൈദ്യുതി ഉപയോഗിച്ചത്. കൊല്ലപ്പെട്ട ദിവസം ഡാലിയൻ കടുത്ത മാനസിക പ്രശ്നങ്ങളിലും ആരോഗ്യ പ്രശ്നങ്ങളിലുമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ജോർജ്ജ് ഫ്ളോയിഡ് വധക്കേസിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥന് കോടതി 22 വർഷം തടവുശിക്ഷ വിധിച്ചത്. മിനിയപ്പലിസ് നഗരത്തിൽ ജോർജ്ജ് ഫ്ളോയിഡിനെ വിലങ്ങുവച്ച് നിലത്തുവീഴ്ത്തി കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചുകൊന്ന കേസിലാണ് പോലീസ് ഓഫീസറായിരുന്ന ഡെറക് ഷോവിന് തടവ് ശിക്ഷ വിധിച്ചത്. മരണ വെപ്രാളത്തിൽ ജോർജ്ജ് ഫ്ളോയിഡ് 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന് നിലവിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വംശീയവിവേചനത്തിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മെയിലുണ്ടായ സംഭവത്തിലാണ് ഒരു വർഷം പിന്നിടുമ്പോൾ പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഡാലിയൻ അറ്റ്കിൻസൻ ( വലത് ) 1996 ൽ

അതേസമയം 48കാരനായ ഡാലിയൻ അറ്റ്കിൻസണിന്റെ കേസിൽ തങ്ങൾക്ക് നീതി വൈകിയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. സംഭവം നടന്ന് അഞ്ച് വർഷമാകാറാകുമ്പോഴാണ് കേസിലെ വിധി വരുന്നത്. ടെൽഫോർഡിലെ മീഡോ ക്ലോസിൽ ഡാലിയന്റെ പിതാവ് താമസിക്കുന്ന വീടിന് പുറത്തുവച്ചാണ് അദ്ദേഹത്തെ പോലീസ് മർദ്ദിച്ചത്. മോങ്കിനൊപ്പമുണ്ടായിരുന്ന സഹപോലീസുകാരി മേരി എലൻ ബെറ്റ്ലി സ്മിതും കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും ഇവർ ഡാലിയനെ ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല. വൃക്കസംബന്ധമായ അസുഖങ്ങളും ഹൈപ്പർടെൻഷനും ഉണ്ടായിരുന്ന ഡാലിയൻ പതിവായി ഡയാലിസിസിന് വിധേയനായിരുന്നു. പിറ്റേന്ന് ഷെഷയറിലെ ആശുപത്രിയിൽ നടക്കേണ്ട ഡയലാസിസിനായി ടെൽഫോർഡിലെ ഷ്രോപ്ഷെയറിലുള്ള സുഹൃത്തിന്റെ വീട്ടിൽ ജീവിത പങ്കാളി കാരെൻ റൈറ്റിനൊപ്പം തങ്ങുകയായിരുന്നു അദ്ദേഹം. എന്നാൽ രാത്രിയായപ്പോഴേക്കും അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം സ്വയം മിശിഹയെന്ന് വിളിക്കാൻ ആരംഭിച്ചതായും പിതാവ് ഏണസ്റ്റ് താമസിക്കുന്ന മീഡോ ക്ലോസിലെ വീട്ടിൽ പോകണമെന്ന് വാശിപിടിക്കാൻ ആരംഭിച്ചതായും ഇവർ പറയുന്നു. ഇവർ തടഞ്ഞിട്ടും വാഹനമെടുത്ത് അദ്ദേഹം അവിടേക്ക് പോകുകയായിരുന്നു. 2001ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിന് മുമ്പ് സമ്പാദിച്ച പണമുപയോഗിച്ച് ഡാലിയൻ വാങ്ങിയ വീടാണ് ഇത്.

രാത്രി 1.10ഓടെ പിതാവിന്റെ വീട്ടിലെത്തിയ ഇദ്ദേഹം പുറത്തുനിന്ന് ധാരാളം ബഹളമുണ്ടാക്കിയതോടെ അയൽവാസികൾ ഉണർന്നിരുന്നു. അകത്തുകയറിയ ഇദ്ദേഹം താൻ പിതാവിനെ ഇത്രയേറെ സ്നേഹിച്ചിട്ടും അദ്ദേഹവും മറ്റ് ബന്ധുക്കളും എന്തിനാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്ന് ആക്രോശിച്ചു. താൻ മിശിഹയാണെന്നും താനിപ്പോൾ വന്നിരിക്കുന്നത് നിങ്ങളെ കൊല്ലാനാണെന്നും ഡാലിയൻ പിതാവിനോട് പറഞ്ഞു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. നൈറ്റ് ഡ്യൂട്ടിക്കുണ്ടായിരുന്നത് ബെഞ്ചമിൻ മോങ്കും മേരി എലനുമാണ്. ഇവർ വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ ഡാലിയനാണ് തുറന്നുകൊടുത്തത്. തുടർന്നാണ് ആറ് മിനിറ്റ് നീണ്ട ഏറ്റുമുട്ടലുണ്ടായത്. എന്നാൽ ഒടുവിൽ 33 സെക്കൻഡ് നേരം ഇലക്​ട്രിക്​ സ്റ്റൺ ഗൺ ഉപയോഗിച്ചതാണ് മരണത്തിന് കാരണമായത്. വൈദ്യുതി തോക്ക് ഉപയോഗിക്കുന്നതിന് അനുവദനീയമായതിലും ആറിരട്ടി കൂടുതലാണ് മോങ്ക് ഉപയോഗിച്ചത്.

താൻ മിശിഹയാണെന്നും ഒരു ലക്ഷം വോൾട്ട് തന്റെ മേൽ ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ലെന്നും ഡാലിയൻ വെല്ലുവിളിച്ചതായി മോങ്ക് പറയുന്നു. വെടിവച്ചിട്ട ശേഷമാണ് അദ്ദേഹം ഡാലിയന്റെ തലയിൽ രണ്ട് തവണ ചവിട്ടിയത്. മോങ്കിന്റെ പോലീസ് ബൂട്ടിലുണ്ടായിരുന്ന രക്തക്കറയും വിചാരണയിൽ പരിഗണിക്കപ്പെട്ടു. വൈദ്യുത വെടിയേറ്റ ഡാലിയൻ തിരികെ ആക്രമിക്കുമെന്ന ഭയത്തിലാണ് താൻ തലയിൽ ചവിട്ടിയതെന്നും തലയല്ല തോളാണ് ലക്ഷ്യമിട്ടതെന്നും മോങ്ക് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ആക്രമിക്കപ്പെടുന്ന സമയത്ത് ഡാലിയൻ വൈദ്യസഹായം ആവശ്യമായ വിധത്തിൽ മാനസികവും ആരോഗ്യകരവുമായ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകി. ചവിട്ടേറ്റതിന്റെ പാട് അദ്ദേഹത്തിന്റെ തലയിലുണ്ടായിരുന്നു. എന്നാൽ താൻ ഡാലിയന് മേൽ പ്രയോഗിച്ച ബലം കുറച്ച് പറഞ്ഞതും ഡാലിയനിൽ നിന്നും നേരിട്ട ഭീഷണി കൂട്ടിപ്പറഞ്ഞതും തങ്ങൾക്ക് അമ്പരപ്പുണ്ടാക്കിയതായും അവർ ചൂണ്ടിക്കാട്ടി.
ബർമിംഗ്ഹാം ക്രൗൺ കോടതി ആറ് ദിവസങ്ങളിൽ പത്തൊമ്പത് മണിക്കൂറുകളിലായി പൂർത്തിയാക്കിയ കേസിൽ ആദ്യം കൊലക്കുറ്റം ചുമത്തിയിട്ട് പിന്നീട് മനപ്പൂർവ്വമല്ലാത്ത നരഹത്യ ചുമത്തിയതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കേസിന്റെ വിശദാംശങ്ങൾ ഇത്രയും കാലം പുറത്തുവിടാതിരുന്ന അധികൃതരുടെ നടപടിയും വിമർശിക്കപ്പെടുന്നു. 1986ലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇതിന് മുമ്പ് കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. ഹെന്റി ഫോളി എന്ന മുൻ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ ആൽവിൻ സോയെർ എന്ന പൊലീസുകാരനെതിരെയും ചുമത്തിയത് മനഃപ്പൂർവമല്ലാത്ത നരഹത്യയാണ്.


Comments