അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ലോകരാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ട്രംപിൻെറ പ്രഖ്യാപനത്തിന് ശേഷം ഏഷ്യൻ ഓഹരിവിപണികൾ തുടർച്ചയായ ദിവസങ്ങളിൽ നഷ്ടത്തിലേക്ക് കൂപ്പൂകുത്തി. ജപ്പാനീസ് ഓഹരിവിപണിയായ നിക്കേയ് 225 ഇൻഡക്സ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത് 9% ഇടിവിലാണ്. 2023 ഒക്ടോബറിന് ശേഷം ജപ്പാനീസ് വിപണി നേരിടുന്നത് ഏറ്റവും വലിയ തകർച്ചയാണ്. പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടുന്നതിനായി തീരുവ കുറയ്ക്കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയുമായി ചർച്ചയ്ക്ക് ശ്രമം നടത്തുകയാണ് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ. ഹോങ്കോങ്ങ്, ചൈനീസ് വിപണിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലെ ഹാങ് സെങ് ഇൻഡക്സ് 8 ശതമാനം ഇടിവിലാണ്. ചൈനയിലെ ടെക് ഭീമൻമാരായ ആലിബാബ, ടെൻസെൻറ് എന്നീ കമ്പനികളുടെ ഓഹരികളും 8% ഇടിഞ്ഞിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ കോസ്പി ഇൻഡെക്സും തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. തായ്വാൻ ഓഹരിവിപണി തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത് 10% ഇടിവിലാണ്.
പകരം തീരുവ ഇന്ത്യയിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ സെൻസെക്സ് വലിയ ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. നിക്ഷേപകർക്ക് ഇതുകാരണം 19 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ പകരം തീരുവ പട്ടികയിൽ ഏറ്റവും കൂടിയ തീരുവ ചുമത്തിയിരിക്കുന്നത് ഏഷ്യൻ രാജ്യങ്ങൾക്കാണ്. ഇതിൽ ഒന്നാമതുള്ളത് 54% തീരുവ ചുമത്തിയിരിക്കുന്ന ചൈനയാണ്. കംബാഡിയ (49), ലാവോസ് (48), വിയറ്റ്നാം (46), മ്യാൻമർ (44) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ അവസ്ഥ. 26 ശതമാനം പകരം തീരുവ നൽകേണ്ട ഇന്ത്യ, ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ 13ാം സ്ഥാനത്താണുള്ളത്. ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ ഓസ്ട്രേലിയൻ വിപണിയും തിരിച്ചടി നേരിട്ടിട്ടുണ്ട്. ഒരൊറ്റദിവസം മാത്രം ഏകദേശം 160 ബില്യൺ ഡോളറിൻെറ നഷ്ടമാണ് ഓസ്ട്രേലിയൻ ഓഹരിവിപണിയിൽ ഉണ്ടായിരിക്കുന്നത്.
പകരം തീരുവ ഇന്ത്യയിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ സെൻസെക്സ് വലിയ ഇടിവിലാണ് വ്യാപാരം തുടങ്ങിയത്
കോവിഡ് കാലത്തിന് ശേഷം ലോകവിപണി ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന ഘട്ടമാണ് ഇതെന്നാണ് പൊതുവിൽ സാമ്പത്തികവിദഗ്ദകരുടെ വിലയിരുത്തൽ. എന്നാൽ ഒരു പ്രതിസന്ധിയും താൻ വകവെക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഡോണൾഡ് ട്രംപ്. “ ഞാൻ ഒരുകാരണവശാലും പിന്നോട്ടില്ല. ഞാൻ യൂറോപ്പിലെയും ഏഷ്യയിലെയും ലോകനേതാക്കളുമായി ഇതിനോടകം സംസാരിച്ചിട്ടുണ്ട്. അവർ ഒരുപാട് പണം ചെലവഴിക്കേണ്ടതായി വരും. അത് അവരുടെ പ്രതിസന്ധി മറികടക്കാനുള്ള ഒരു മരുന്നായി കണക്കാക്കിയാൽ മാത്രം മതി. ചൈനയുമായും യൂറോപ്യൻ യൂണിയനുമായും ചർച്ചയ്ക്ക് അമേരിക്ക തയ്യാറാണ്. അവർ ഇങ്ങോട്ട് ആവശ്യപ്പെട്ടാൽ മാത്രം. അതല്ലാതെ അവരുമായി അങ്ങോട്ട് ചർച്ചയ്ക്ക് അമേരിക്ക താൽപര്യപ്പെടുന്നില്ല,” ട്രംപ് പറഞ്ഞു. തീരുവ വിഷയത്തിൽ കുറഞ്ഞത് 50 രാജ്യങ്ങളെങ്കിലും അമേരിക്കയുമായി ചർച്ചയ്ക്ക് ശ്രമം നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ട്രംപിൻെറ നയങ്ങൾക്കെതിരെ രാജ്യത്താകെ കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അമേരിക്കയെ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള സാമ്പത്തികനയം രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുമോയെന്ന് വലിയ സംശയമുണ്ട്. ട്രംപ് തുടങ്ങിവെച്ച തീരുവയുദ്ധം അമേരിക്കയെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ സമ്പൂർണമായി അമേരിക്കയ്ക്ക് എതിരായി തിരിഞ്ഞ് തുടങ്ങിയിരിക്കുന്നു. അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധികതീരുവ ചുമത്താൻ കഴിഞ്ഞ ദിവസം ചൈന തീരുമാനിച്ചിരുന്നു. യൂറോപ്യൻ യൂണിയനും തിരിച്ചടിക്കാനുള്ള നടപടികൾ ആലോചിക്കുകയാണ്. തങ്ങളുമായി നല്ലബന്ധം പുലർത്തിയിരുന്ന രാജ്യങ്ങളെ പോലും തീരുവയുദ്ധത്തിൻെറ പേരിൽ അമേരിക്ക അകറ്റി തുടങ്ങിയിരിക്കുകയാണ്. താൽക്കാലികമായി ട്രംപും അമേരിക്കയും ഈ തീരുമാനത്തിൽ നിന്ന് സാമ്പത്തികമായി ഇപ്പോൾ ലാഭം ഉണ്ടാക്കിയാൽ പോലും ഭാവിയിൽ ഇത് രാജ്യത്തിൻെറ നയന്ത്രബന്ധത്തെ തന്നെ മോശമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.