photo: Motaz Azaiza

കണ്ടുനിൽക്കാനാകുന്നില്ല,
ഈ കൂട്ടക്കൊല ഉടൻ നിർത്തണം;
ഇ​സ്രായേലിനോട് സാഹിത്യ വിവർത്തകർ

ഇസ്രായേലിന്റെ സൈനികാക്രമണത്തിൽ കൊന്നൊടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസയിലെ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 350-ൽപരം വിവർത്തകർ ഒപ്പുവച്ച പ്രസ്താവന

Statement

ഗാസയിൽ സിവിലിയൻ ജീവരക്ഷയ്ക്കായി ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനും പ്രദേശത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം, സുരക്ഷ, സിവിൽ, രാഷ്ട്രീയാവകാശങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനും നൈതികമായ സമാധാനം നിലവിൽ വരുത്താനും 350-ലധികം അന്താരാഷ്ട്ര സാഹിത്യ വിവർത്തകർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇൻറർനാഷണൽ ബുക്കർ പ്രൈസ് ജേതാക്കളായ ഡെയ്സി റോക്‍വെൽ, ജെന്നിഫർ ക്രോഫ്റ്റ്, ഡെബ്ര സ്മിത്, ജെ സി ബി സാഹിത്യ പുരസ്ക്കാര ജേതാക്കളും ഷോർട്ട്ലിസ്റ്റീസുമായ ഈ. വി. ഫാത്തിമ, ജയശ്രീ കളത്തിൽ, അരുണാവ സിൻഹ, വി. രാമസ്വാമി തുടങ്ങിയവരുമടങ്ങുന്ന 350-ലധികം സാഹിത്യ വിവർത്തകരാണ് ഗാസയിൽ തുടരുന്ന ഇസ്രായേലിന്റെ സൈനികാക്രമണത്തിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചത്. വിവർത്തകരായ അന്ന ഗുനിൻ, മായ ഛബ്ര എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് ഈ കൂട്ടായ്മ.

പ്രസ്താവനയിൽനിന്ന്: ഗാസയിൽ ഇസ്രായേലിന്റെ ബോംബുകൾ വീഴുന്നത് അതീവ ഭീതിയോടെയാണ് ഈ പ്രമേയത്തിൽ ഒപ്പുവെച്ച ഞങ്ങളേവരും നോക്കിക്കാണുന്നത്. ബോംബാക്രമണത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 11,000 കവിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് നവംബർ 6-ന് റിപ്പോർട്ട് ചെയ്തതുപ്രകാരം മരിച്ചവരിൽ 4,008 പേർ കുട്ടികളാണ്. ആശുപത്രികളിൽ ജീവരക്ഷാ ഉപകരണങ്ങൾക്ക് ആവശ്യമായ ഇന്ധനമില്ല എന്നിരിക്കെത്തന്നെ ഗാസയിലേക്ക് ഇന്ധനം പ്രവേശിക്കുന്നത് ഇസ്രായേൽ നിരോധിച്ചിരിക്കുകയാണ്. തെക്കോട്ട് പലായനം ചെയ്യാനാണ് ഇസ്രായേൽ അധികാരികൾ ഗാസയിലെ സിവിലിയന്മാരോട് ഉത്തരവിട്ടിരിക്കുന്നത്. പക്ഷേ അവിടെയും ബോംബാക്രമണം നടക്കുന്നതിനാൽ ഈ നിർബന്ധിത കുടിയൊഴിപ്പിക്കൽ അവരുടെ സുരക്ഷ ഉറപ്പുനൽകുന്നില്ല. ഈ കൂട്ടക്കൊല കണ്ടുനിൽക്കുമ്പോൾ പലസ്തീൻ ജനതയുടെ ജീവന് തരിമ്പും വില കൽപ്പിക്കാത്ത മൂല്യച്യുതിയെ എതിർക്കാനും വെടിനിർത്തലിന് ആഹ്വാനം ചെയ്യാനും ധാർമികമായി നിർബന്ധിതരാവുകയാണ് ഞങ്ങൾ.

സാഹിത്യവിവർത്തകർ എന്ന നിലയിൽ ലോകമെമ്പാടുമുള്ള എഴുത്തുകാരുമായി സമ്പർക്കം പുലർത്തുന്നവരാണ് ഞങ്ങൾ. രാജ്യം, ഭാഷ, സംസ്കാരം എന്നീ അതിർത്തികൾക്കപ്പുറം അവരുടെ കൃതികൾ കൊണ്ടുവരാൻ സഹായിക്കുന്നവർ. 2007 മുതൽ നിലവിലുള്ള നിരന്തര ഉപരോധത്താൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഗാസ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇസ്രായേലിൽ നിന്നോ ഈജിപ്തിൽ നിന്നോ എക്സിറ്റ് പെർമിറ്റ് ഇല്ലാതെ അവിടം വിടാൻ ഗാസയിലെ അന്തേവാസികൾക്ക് കഴിയില്ല. ഗാസയുടെ വ്യോമ, സമുദ്ര അതിർത്തികൾ ഇസ്രായേലി നിയന്ത്രണത്തിലാണ്. ഈ അവസ്ഥയിലും ഗാസയിൽ നിന്നുള്ള എഴുത്തുകാർ തങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പലപ്പോഴും അവരുടെ വാക്കുകൾ നമ്മളെ തേടിയെത്തി ദിവസങ്ങൾക്കകമോ ആഴ്ചകൾക്കകമോ അവർ കൊല്ലപ്പെടുന്നു.

ഗസയിലെ യുദ്ധ ബാധിത പ്രദേശത്ത് നിന്നും

ഏകദേശം 1,100 സിവിലിയൻമാരുൾപ്പെടെ 1,400-ലധികം ഇസ്രായേലികളെ കൊലപ്പെടുത്തിയ ഹമാസിനോടുള്ള വെറുപ്പും പകയും അന്താരാഷ്ട്രനിയമം മറികടക്കാനുള്ള ന്യായമല്ല. കടുത്ത ദുഃഖത്തിന്റെ കാലത്തും സിവിലിയൻമാരുടെ സുരക്ഷ എന്ന അടിസ്ഥാനതത്വം ലംഘിക്കപ്പെടരുത്. ഹമാസ് പിടികൂടി ബന്ദികളാക്കിയവരുടെ ജീവനെയോർത്തുള്ള ഇസ്രായേലികളുടെ വേദന മനസ്സിലാക്കുക എന്നതിനർത്ഥം ഇസ്രായേൽ സർക്കാരിന്റെ നടപടികളെ ന്യായീകരിക്കുക എന്നല്ല. മറുവശത്തുള്ള സിവിലിയൻമാരുടെ രക്ഷയും ജീവനും കൊണ്ട് പന്താടുന്നത് ദുരന്തത്തിലേക്ക് മാത്രമാണ് നയിക്കുക. ഇസ്രായേലി സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിഷ്കർഷ അത്രതന്നെ പലസ്തീനികളും അർഹിക്കുന്നുണ്ട്.

ഈ അടിയന്തരാവസ്ഥ ഗാസക്കു പുറത്തേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഹമാസിന്റെ നിയന്ത്രണത്തിലല്ലാത്ത ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും ഒക്ടോബർ 7 മുതൽ ഇസ്രായേൽ സൈന്യം നൂറിലധികം പലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്. തടവുകാരെ മർദിച്ചവശരാക്കുന്നു. തീവ്രവാദികളായ കുടിയേറ്റക്കാർ പലസ്തീൻ പൗരരെ, ഒരിയ്ക്കലും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പോടെ, യാതൊരു പേടിയുമില്ലാതെ കൈയ്യേറ്റം ചെയ്യുന്നു.

അധിനിവേശം അവസാനിപ്പിക്കുകയും പലസ്തീനികൾക്കും ഇസ്രായേലികൾക്കും സമാധാനത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്ന നീതിപൂർണമായ ഒരു പരിഹാരം എന്നത്തേയും പോലെ ഒരു വിദൂരസ്വപ്നമായി തുടരുന്നു. നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട ഒരു തീവ്ര വലതുപക്ഷ തീവ്രവാദി ദേശീയസുരക്ഷാ മന്ത്രിയായിരിക്കുന്ന നിലവിലെ ഇസ്രായേൽ സർക്കാർ, പലസ്തീനുമായി ചർച്ച നടത്താനും നീതിയുക്തമായ സമാധാനം കൈവരിക്കാനുമുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. പകരം വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഉന്നതതലത്തിലുള്ള രാഷ്ട്രീയക്കാർ പലസ്തീനികളെ മനുഷ്യമൃഗങ്ങളെന്നും അമാലേക് എന്നും വിശേഷിപ്പിച്ച് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നു. നിലവിലെ സാഹചര്യത്തിൽ പലസ്തീനിനെ അപേക്ഷിച്ച് ഇസ്രയേലിനാണ് ശക്തിയും അധികാരവും കൂടുതൽ എന്ന് ഞങ്ങൾക്കുറപ്പുണ്ട്. അതിനാൽത്തന്നെ ഇസ്രായേൽ സർക്കാരിന്റെ പ്രവൃത്തികളിലാണ് ഞങ്ങളുടെ ശ്രദ്ധ. അധികാരത്തിലിരിക്കുന്നവരുടെ ഇത്തരം പ്രവർത്തനങ്ങൾ കാണുമ്പോൾ നിരുത്സാഹപ്പെടാതിരിക്കാൻ ബുദ്ധിമുട്ടാണ്.

ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു

എങ്കിലും, ഇതിൽ ഒപ്പുവച്ചിട്ടുള്ള ഞങ്ങൾ, വിവർത്തകർ, ആരും നിരാശപ്പെടാൻ തയ്യാറല്ല. സമാധാനം സാധ്യമാണെന്ന് ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു. സാധാരണ മനുഷ്യരെ, സിവിലിയന്മാരെ, സംരക്ഷിക്കാൻ, അവരുടെ സുരക്ഷാ ഉറപ്പുവരുത്താൻ, അടിയന്തരമായൊരു തീരുമാനം എടുക്കുന്നതോടെ അതാരംഭിക്കും. പലസ്തീനികളുടെ ജീവന് തുല്യമായ മൂല്യമുണ്ടെന്നും സിവിലിയൻമാർ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്നും ഞങ്ങൾ ഒത്തുതീർപ്പില്ലാതെ ആവശ്യപ്പെടുന്നു.

താഴെ പറയുന്ന കാര്യങ്ങൾ അടിയന്തരമായി നിലവിൽ വരുത്താൻ ഞങ്ങളോടൊപ്പം ചേർന്ന് ശബ്ദമുയർത്താൻ മറ്റു വിവർത്തകരെയും വിവർത്തനമേഖലയിലെ പ്രൊഫഷണൽ ഗ്രൂപ്പുകളെയും ഞങ്ങൾ ക്ഷണിക്കുന്നു:

  • ഇസ്രായേൽ ബോംബാക്രമണം അവസാനിപ്പിക്കുക; ഗാസയിൽ സിവിലിയൻ ജീവൻ സംരക്ഷിക്കുന്നതിനായി ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുക; ഉപരോധങ്ങൾ നീക്കി മാനുഷികസഹായം സുരക്ഷിതമായി എത്തിക്കാനുള്ള സാഹചര്യം നടപ്പിലാക്കുക.

  • ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കുക.

  • സൈനിക അധിനിവേശത്തിലൂടെ പലസ്തീൻ ജീവിതത്തിൽ ഇസ്രായേൽ പുലർത്തുന്ന ആധിപത്യം അവസാനിപ്പിക്കുക; ഇരു ജനതകളുടെയും സ്വാതന്ത്ര്യം, സുരക്ഷ, സിവിൽ, രാഷ്ട്രീയാവകാശങ്ങൾ എന്നിവ ഉറപ്പിക്കുന്നതിന് നൈതികമായ സമാധാനം നിലവിൽ വരുത്തുക.

https://lithub.com/a-statement-of-solidarity-with-gaza-from-more-than-100-literary-translators

Comments