മൂന്ന് പതിറ്റാണ്ടിലേറെ ഇറാൻെറ ഭരണ, രാഷ്ട്രീയ, ആത്മീയ, സാമൂഹിക സംവിധാനത്തെയാകെ നിയന്ത്രിച്ച പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനേയി. 1989-ലാണ് അദ്ദേഹം ഇറാൻെറ പരമോന്നത നേതാവായി മാറുന്നത്. എക്കാലത്തും കടുത്ത സാമ്രാജ്യത്വവിരുദ്ധ നിലപാട് എടുത്തിട്ടുള്ള ഖമനേയിയെ കൊലപ്പെടുത്താൻ ഏറെക്കാലമായി ഇസ്രായേലും അമേരിക്കയും ലക്ഷ്യമിട്ടിരുന്നു. അതിൻെറ പൂർത്തീകരണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. 2024-ൽ അവസാനമായി ഒരു പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ “ഇസ്രായേൽ ഇനി അധികകാലം ഉണ്ടാവില്ല,” എന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയിരുന്നു. ഗാസയിലും പലസ്തീനിലും ഇസ്രായേൽ സൈന്യം നടത്തിക്കൊണ്ടിരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി ഖമനേയി മുന്നിൽ നിന്നിരുന്നു.
രാജഭരണം നിലനിന്നിരുന്ന ഇറാനിൽ 1939-ൽ ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് ഖമനേയിയുടെ ജനനം. എണ്ണവ്യവസായം ദേശസാൽക്കരിച്ചതിനെ തുടർന്ന് 1953-ൽ സിഐഎയും എം16-ഉും ചേർന്ന് ഇറാനിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായ മുഹമ്മദ് മൊസാദ്ദെഗിനെ പുറത്താക്കിയ അട്ടിമറിനീക്കം യുവാവായിരുന്ന ഖമനേയിയുടെ രാഷ്ട്രീയ നിലപാടുകളെ ഏറെ സ്വാധീനിച്ച ഘടകമാണ്. ചെറുപ്പം മുതലേ പാശ്ചാത്യ സാഹിത്യത്തിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം അതേ അർത്ഥത്തിൽ തന്നെ സാമ്രാജ്യത്വവിരുദ്ധനുമായിരുന്നു. ഇറാനിലെ ഭരണകൂട അട്ടിമറിക്ക് ശേഷം മുഹമ്മദ് റേസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള രാജഭരണം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്. എന്നാൽ മൊസാദ്ദെഗിനെ പുറത്താക്കിയത് ഇറാനിൽ രാജഭരണത്തിനെതിരായ വികാരം ശക്തമാക്കി. പിന്നീട് ഇറാൻെറ പരമോന്നത നേതാവായി മാറിയ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ രാജഭരണത്തിനെതിരെ വലിയ പ്രക്ഷോഭം രാജ്യത്ത് നടന്നു. 1960കളുടെ തുടക്കം മുതൽ ഖമനേയിയും ഈ പ്രക്ഷോഭത്തിൽ സജീവ പങ്കാളിയായിരുന്നു.

1979-ൽ ഇസ്ലാമിക വിപ്ലവം ഇറാനെ പുതിയ പാതയിലേക്ക് നയിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ രൂപം കൊണ്ടപ്പോൾ അതിൻെറ ഉപ പ്രതിരോധമന്ത്രിയായി ഖമനേയിയെ റൂഹുള്ള ഖൊമേനി നിയമിക്കുന്നു. ടെഹ്റാനിൽ എല്ലാ വെള്ളിയാഴ്ചയിലെയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതും അന്ന് മുതൽ ഖമനേയി ആയിരുന്നു. 1981-ൽ ടേപ്പ് റിക്കോർഡർ ബോംബ് അപകടത്തിൽ ഖമനേയിക്ക് കാര്യമായി പരിക്കേൽക്കുന്നുണ്ട്. അദ്ദേഹത്തിൻെറ വലതുകയ്യുടെ ചലനശേഷി പാതി നഷ്ടപ്പെടുകയും ഒരു ചെവിയുടെ കേൾവി നഷ്ടപ്പെടുകയും ചെയ്തു. ഈ അപകടം നടന്ന് കുറച്ച് മാസങ്ങൾക്കുള്ളിൽ ഖമനേയി ഇറാൻെറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. 1989-ൽ ഖൊമേനിയുടെ മരണത്തിന് പിന്നാലെ ഖമനേയി രാജ്യത്തിൻെറ പരമോന്നത നേതാവായും അവരോധിക്കപ്പെടുന്നു. അന്നുതൊട്ട് ഇന്നുവരെയും ഇറാനെ ആത്മീയമായും ഭരണപരമായും നയിക്കുന്നത് ഖമനേയിയാണ്.
എണ്ണയുടെ സാമ്പത്തിക രാഷ്ട്രീയം പാശ്ചാത്യരാജ്യങ്ങളുടെ കണ്ണ് പശ്ചിമേഷ്യയിലേക്ക് നീളുന്നതിന് വലിയൊരു കാരണമായിരുന്നു. പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി മാറ്റുന്നതിനായി ഒന്നിച്ചുനിന്ന അമേരിക്ക - ഇസ്രായേൽ സഖ്യത്തിന് ഖമനേയി എന്നും തലവേദന സൃഷ്ടിച്ച് കൊണ്ടേയിരുന്നു. അമേരിക്ക ഇറാൻെറ ഒന്നാം ശത്രുവാണെന്നും ഇസ്രായേൽ രണ്ടാം ശത്രുവാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ പ്രോക്സി ശൃംഖലയെ ഏകോപിപ്പിച്ച് ഇസ്രായേലിനും അമേരിക്കക്കുമെതിരെ നിഴൽ യുദ്ധങ്ങൾ നടത്തുന്നതിനും ഖമനേയി നേതൃത്വം നൽകിയിരുന്നു. ഏറെക്കാലമായി അമേരിക്കയുടെയും ഇസ്രായേലിൻെറയും കണ്ണിലെ കരടായിരുന്നു ഖമനേയി. അദ്ദേഹത്തെ ഇല്ലാതാക്കാൻ ഇസ്രായേൽ പലതവണ ലക്ഷ്യമിടുകയും ചെയ്തിരുന്നു.
നിലവിൽ ഇസ്രായേൽ - അമേരിക്ക സംയുക്ത ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടിരിക്കുകയാണ്. ഇത് ഇറാൻെറ ഭരണത്തെയാകെ നിശ്ചലമാക്കുന്നുണ്ട്. രാജ്യത്ത് രാജഭരണം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. അതിനിടെ ഖമനേയിയുടെ മരണത്തിന് പകരം ചോദിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമേഷ്യയുടെ ചരിത്രത്തെ തന്നെ രണ്ടായി മാറ്റുകയാണ് ഇപ്പോഴുണ്ടായ സംഭവവികാസങ്ങൾ. അതിൻെറ പ്രത്യാഘാതങ്ങൾ ഇനി ലോകത്തെ ഏത് തരത്തിൽ ബാധിക്കുമെന്നതാണ് അറിയാനുള്ളത്.
