ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭവും ജനകീയ ചെറുത്തുനിൽപ്പുകളുടെ രാഷ്ട്രീയ മനഃശാസ്ത്രവും

“എന്തുകൊണ്ടാണ് ഫ്രാൻസിലെ വിദ്യാർത്ഥികൾ തങ്ങളുടെ പുസ്തകങ്ങൾ മാറ്റിവെച്ച് ബാരിക്കേഡുകൾക്ക് പിന്നിൽ അണിനിരന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുന്നത് മുതലാളിത്ത ഭരണകൂടങ്ങൾ സൃഷ്ടിച്ചുവെച്ചിരിക്കുന്ന കടുത്ത സാമ്പത്തിക അസമത്വങ്ങളിലേക്കാണ്,” ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ബാബുജി കെ.ആർ. വൈക്കം എഴുതുന്നു.

പാരീസിന്റെ തെരുവുകൾ വീണ്ടും കത്തുകയാണ്. യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമെന്നും ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നും മുതലാളിത്തം കൊട്ടിഘോഷിക്കുന്ന ഫ്രാൻസിന്റെ ഹൃദയഭാഗങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്നത് കടുത്ത നിരാശയിലായ, എന്നാൽ അങ്ങേയറ്റം പോരാട്ടവീര്യമുള്ള ഒരു യുവതലമുറയുടെ മുദ്രാവാക്യങ്ങളാണ്. ഫ്രാൻസിൽ ഇപ്പോൾ അരങ്ങേറുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ കേവലമൊരു 'വിദ്യാഭ്യാസ പ്രശ്നമായി' മാത്രം ചുരുക്കിക്കാണാൻ കഴിയില്ല. ഇതൊരു ഘടനാപരമായ പ്രതിസന്ധിയുടെ പൊട്ടിത്തെറിയാണ്. 1968 മെയ് മാസത്തിൽ ഫ്രാൻസിനെ പിടിച്ചുകുലുക്കിയ ഐതിഹാസികമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഓർമ്മകളെ വീണ്ടും ഉണർത്തുന്ന വിധത്തിൽ, നവലിബറൽ ഭരണകൂടങ്ങൾ തങ്ങളുടെ ജനതയോട് കാണിക്കുന്ന വഞ്ചനയുടെയും കോർപ്പറേറ്റ് പ്രീണന നയങ്ങളുടെയും ബാക്കിപത്രമാണ് ഇന്ന് ഫ്രാൻസിലെ തെരുവുകളിൽ ചോരയായും കണ്ണീർവാതകമായും പടരുന്നത്.

സമരത്തിന്റെ ഭൗതിക സാഹചര്യങ്ങൾ: തകരുന്ന വിദ്യാഭ്യാസവും ഫാക്ടറികളാകുന്ന ക്ലാസ് മുറികളും

എന്തുകൊണ്ടാണ് ഫ്രാൻസിലെ വിദ്യാർത്ഥികൾ തങ്ങളുടെ പുസ്തകങ്ങൾ മാറ്റിവെച്ച് ബാരിക്കേഡുകൾക്ക് പിന്നിൽ അണിനിരന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുന്നത് മുതലാളിത്ത ഭരണകൂടങ്ങൾ സൃഷ്ടിച്ചുവെച്ചിരിക്കുന്ന കടുത്ത സാമ്പത്തിക അസമത്വങ്ങളിലേക്കാണ്. ഫ്രാൻസിലെ പൊതുവിദ്യാലയങ്ങൾ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ നടപ്പിലാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏറ്റവും വലിയ ആഘാതമേൽപ്പിച്ചത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം രൂക്ഷമാണ്. പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ തന്നെ അധ്യാപകരില്ലാത്തത് കാരണം 10 ശതമാനത്തോളം പഠനമണിക്കൂറുകളാണ് കുട്ടികൾക്ക് നഷ്ടപ്പെട്ടത്.

സർവ്വകലാശാലാ പ്രവേശനത്തിനുള്ള 'പാർക്കൂർസപ്പ്' എന്ന സങ്കീർണ്ണമായ പരീക്ഷാ സംവിധാനം വിദ്യാഭ്യാസത്തെ അറിവ് നേടാനുള്ള ഇടം എന്നതിലുപരി, കുട്ടികളെ ഉപകരണങ്ങളാക്കി മാറ്റുന്ന ഒരു അടിച്ചമർത്തൽ യന്ത്രമാക്കി മാറ്റിയിരിക്കുന്നു.

ഒരു വികസിത രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത ദുരിതങ്ങളിലൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോകുന്നത്. തകർന്നുവീഴാറായ ക്ലാസ് മുറികൾ, ഇരിക്കാൻ സ്വന്തമായി കസേരകളില്ലാത്ത അവസ്ഥ, ശരിയായ എയർ കണ്ടീഷനിങ് അല്ലെങ്കിൽ ഹീറ്റിങ് സംവിധാനങ്ങളുടെ അഭാവം, ക്ലാസ് മുറികളിലെ എലി-പാറ്റ ശല്യം എന്നിവ കുട്ടികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. 2026-ൽ യൂറോപ്പിലുണ്ടായ തീവ്രമായ ഉഷ്ണതരംഗത്തിൽ ക്ലാസ് മുറികളിലെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നപ്പോൾ, ശ്വാസംമുട്ടി പഠിക്കേണ്ടിവന്ന കുട്ടികളുടെ രോഷം സ്വാഭാവികമായിരുന്നു.

മുതലാളിത്ത വ്യവസ്ഥിതി വിദ്യാഭ്യാസത്തെ ഒരു ഫാക്ടറി ഉൽപ്പാദന പ്രക്രിയയായാണ് കാണുന്നത്. ഒരു ക്ലാസിൽ ശരാശരി 35-ലധികം കുട്ടികൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഫ്രഞ്ച് ഹൈസ്കൂളുകൾ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഇതിനുപുറമെയാണ് കുട്ടികളെ മാനസികമായി തളർത്തുന്ന സമയക്രമം. രാവിലെ 8:30 മുതൽ വൈകിട്ട് 6 മണി വരെ നീളുന്ന കഠിനമായ ടൈംടേബിളുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. "രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഞങ്ങൾ വിദ്യാർത്ഥികളാണോ അതോ തടവിലാക്കപ്പെട്ടവരാണോ?" എന്ന പ്ലക്കാർഡുകളേന്തിയാണ് കുട്ടികൾ പ്രതിഷേധിക്കുന്നത്. സർവ്വകലാശാലാ പ്രവേശനത്തിനുള്ള 'പാർക്കൂർസപ്പ്' എന്ന സങ്കീർണ്ണമായ പരീക്ഷാ സംവിധാനം വിദ്യാഭ്യാസത്തെ അറിവ് നേടാനുള്ള ഇടം എന്നതിലുപരി, കുട്ടികളെ ഉപകരണങ്ങളാക്കി മാറ്റുന്ന ഒരു അടിച്ചമർത്തൽ യന്ത്രമാക്കി മാറ്റിയിരിക്കുന്നു.

തങ്ങളുടെ ന്യായമായ ആവശ്യങ്ങളെ 'തീവ്രവാദം' എന്ന് വിളിച്ച് അടിച്ചമർത്താനും യഥാർത്ഥ വസ്തുതകളെ മറച്ചുപിടിക്കാനുമുള്ള അമേരിക്കൻ-യൂറോപ്യൻ വലതുപക്ഷത്തിന്റെ ഗൂഢാലോചന ഫ്രഞ്ച് ജനാധിപത്യ ബോധത്തിന് മുന്നിൽ തകർന്നടിയുന്നതാണ് നാമിപ്പോൾ കാണുന്നത്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങളെ 'തീവ്രവാദം' എന്ന് വിളിച്ച് അടിച്ചമർത്താനും യഥാർത്ഥ വസ്തുതകളെ മറച്ചുപിടിക്കാനുമുള്ള അമേരിക്കൻ-യൂറോപ്യൻ വലതുപക്ഷത്തിന്റെ ഗൂഢാലോചന ഫ്രഞ്ച് ജനാധിപത്യ ബോധത്തിന് മുന്നിൽ തകർന്നടിയുന്നതാണ് നാമിപ്പോൾ കാണുന്നത്.

സമരത്തിന്റെ നാൾവഴികൾ: പ്രാന്തപ്രദേശങ്ങളിൽ നിന്ന് ദേശീയ പ്രക്ഷോഭത്തിലേക്ക്

ഈ സമരം വളരെ കൃത്യമായ ഘട്ടങ്ങളിലൂടെയാണ് വികസിച്ചത് എന്നത് ഒരു സാമൂഹ്യശാസ്ത്ര വിദ്യാർത്ഥിക്ക് കൗതുകം നൽകുന്ന കാര്യമാണ്. സെപ്റ്റംബർ 21-ന് പാരീസിന്റെ വടക്കൻ പിന്നാക്ക മേഖലയായ സീൻ-സെന്റ്-ഡെനിസിലെ ചില വിദ്യാലയങ്ങളിലാണ് സമരത്തിന്റെ തീപ്പൊരി വീണത്. ദരിദ്രരും കുടിയേറ്റക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ മനഃപൂർവ്വം അവഗണിക്കുന്ന സർക്കാരിന്റെ വർഗ്ഗീയവും വിവേചനപരവുമായ നയങ്ങൾക്കെതിരെയായിരുന്നു ആദ്യ പ്രതിഷേധം. പിന്നീട് ഇത് സോഷ്യൽ മീഡിയ വഴി രാജ്യമൊട്ടാകെ പടർന്നു.

● ആക്ട് I (സെപ്റ്റംബർ 29): യൂണിയൻ സിൻഡികേൽ ലൈസീൻ (USL) എന്ന വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ആദ്യ പണിമുടക്ക് നടന്നു. വിദ്യാലയങ്ങൾക്ക് മുന്നിൽ വിദ്യാർത്ഥികൾ ബാരിക്കേഡുകൾ തീർത്തു.

● ആക്ട് II (ഒക്ടോബർ 1): ഹൈസ്കൂൾ കുട്ടികൾക്ക് പിന്തുണയുമായി സർവ്വകലാശാലാ വിദ്യാർത്ഥികളും സമരത്തിൽ പങ്കുചേർന്നു.

● ആക്ട് III (ഒക്ടോബർ 6): സി.ജി.ടി, സി.എഫ്.ഡി.ടി തുടങ്ങിയ ഫ്രാൻസിലെ അതികായരായ ട്രേഡ് യൂണിയനുകൾ സമരരംഗത്തേക്ക് കുതിച്ചെത്തി. അധ്യാപകരും ഫയർഫോഴ്സ് ജീവനക്കാരും ഉൾപ്പെടെ രാജ്യത്തുടനീളം രണ്ടര ലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങി. സമരം ശക്തമായ ഒക്ടോബർ 6 ചൊവ്വാഴ്ച ഫ്രാൻസിലെ 3,700-ഓളം ഹൈസ്കൂളുകളിൽ 900 സ്കൂളുകൾ പൂർണ്ണമായും അടച്ചിട്ടു. പ്രക്ഷോഭം ആരംഭിച്ചതു മുതൽ ഇതുവരെ 6,800-ലധികം ആളുകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്, ഇതിൽ 86 ശതമാനവും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്

● ആക്ട് IV (ഒക്ടോബർ 8): വർദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള വൻ ജനരോഷമാണ് ഈ ഘട്ടത്തിൽ കണ്ടത്. സമ്പന്ന മേഖലകളിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും പൂർണ്ണ പിന്തുണയുമായി തെരുവിലിറങ്ങി.

ഇപ്പോൾ, ഒക്ടോബർ 13-ന് നടക്കാനിരിക്കുന്ന 'ആക്ട് V' സമരത്തിനായി ഫ്രാൻസ് തയ്യാറെടുക്കുകയാണ്. കേവലം കുറച്ച് അധ്യാപകരെ നിയമിക്കാമെന്ന സർക്കാർ വാഗ്ദാനം തള്ളിക്കളഞ്ഞുകൊണ്ട്, വിദ്യാലയങ്ങളെയും ഗതാഗത സംവിധാനങ്ങളെയും പൂർണ്ണമായി സ്തംഭിപ്പിക്കുന്ന വൻകിട ഉപരോധങ്ങൾക്കാണ് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ കൃത്യമായ ഫണ്ടും സ്ഥിരനിയമനങ്ങളും രേഖാമൂലം ഉറപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് അവരുടെ പ്രഖ്യാപനം.

അധ്യാപക ക്ഷാമത്തിൽ നിന്ന് തുടങ്ങിയ ഒരു സമരം, ഇന്നൊരു സർവ്വതല സ്പർശിയായ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറിയത് ഫ്രഞ്ച് ജനാധിപത്യത്തിന്റെ സവിശേഷമായ 'തിരുത്തൽ ശേഷി' കൊണ്ടാണ്.
അധ്യാപക ക്ഷാമത്തിൽ നിന്ന് തുടങ്ങിയ ഒരു സമരം, ഇന്നൊരു സർവ്വതല സ്പർശിയായ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറിയത് ഫ്രഞ്ച് ജനാധിപത്യത്തിന്റെ സവിശേഷമായ 'തിരുത്തൽ ശേഷി' കൊണ്ടാണ്.

ഭരണകൂട ഭീകരതയും വംശീയ ലേബലിംഗിന്റെ രാഷ്ട്രീയവും

ഏതൊരു ഫാഷിസ്റ്റ്-നവലിബറൽ ഭരണകൂടവും ജനകീയ സമരങ്ങളെ നേരിടുന്നത് പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ചാണ്. ഫ്രഞ്ച് സർക്കാരും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സമാധാനപരമായി പ്രതിഷേധിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ റയട്ട് പോലീസ് കണ്ണീർ വാതകവും ലാത്തിയും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. വടക്കൻ ഫ്രാൻസിലെ ലെൻസിൽ നടന്ന ഏറ്റുമുട്ടലിൽ പോലീസിന്റെ സ്റ്റൺ ഗ്രനേഡ് പൊട്ടി പതിനഞ്ചുകാരനായ ഒരു വിദ്യാർത്ഥിക്ക് കൈപ്പത്തി നഷ്ടപ്പെട്ട സംഭവം ഫ്രഞ്ച് ഭരണകൂടത്തിന്റെ ക്രൂരതയുടെ ആഴം വെളിപ്പെടുത്തുന്നു.

ഇതിനൊപ്പം തന്നെ ഭരണകൂടം പയറ്റിയ മറ്റൊരു കുതന്ത്രമാണ് ലേബലിംഗിന്റെ രാഷ്ട്രീയം. മുതലാളിത്ത ഭരണകൂടങ്ങൾ തങ്ങൾക്കെതിരെ ഉയരുന്ന ജനകീയ സമരങ്ങളെ ഇസ്ലാമോഫോബിയയുടെയും തീവ്രവാദത്തിന്റെയും കളങ്ങളിൽ തളച്ചിടാൻ എക്കാലത്തും ശ്രമിക്കാറുണ്ട്. പുറത്തുനിന്ന് ഇത് 'മുസ്ലിം കുടിയേറ്റക്കാരുടെ സമരമാണെന്നും', 'തീവ്രവാദി പ്രസ്ഥാനങ്ങൾ നടത്തുന്ന ഗൂഢാലോചനയാണെന്നും' വലതുപക്ഷ ശക്തികൾ പ്രചരിപ്പിച്ചു. 'ബ്ലാക്ക് ബ്ലോക്ക്' പോലുള്ള അരാജകവാദി സംഘങ്ങളുടെ നുഴഞ്ഞുകയറ്റത്തെ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളെ മുഴുവൻ അക്രമികളായി മുദ്രകുത്താൻ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചു. എന്നാൽ ഫ്രാൻസിലെ സാധാരണക്കാരായ ജനങ്ങൾ ഈ വംശീയ രാഷ്ട്രീയത്തെ തികഞ്ഞ പുച്ഛത്തോടെയാണ് തള്ളിക്കളഞ്ഞത്. വിദ്യാഭ്യാസം തകരുന്നതിനെതിരെ ശബ്ദമുയർത്തുന്ന കുട്ടികളെ തീവ്രവാദികളാക്കുന്ന ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം ജനങ്ങൾ തിരിച്ചറിഞ്ഞു. "ഞങ്ങൾക്ക് പഠിക്കാൻ സുരക്ഷിതമായ ക്ലാസ് മുറികളും അധ്യാപകരെയും മാത്രമാണ് വേണ്ടത്, ഇതിൽ എന്ത് മതവും രാഷ്ട്രീയവുമെ?" എന്ന് സാധാരണക്കാർ ചോദിക്കാൻ തുടങ്ങി. ഈ സത്യസന്ധതയാണ് സമരത്തിന് 72 ശതമാനത്തിലധികം ഫ്രഞ്ച് ജനതയുടെ പിന്തുണ നേടിക്കൊടുത്തത്.

അധ്യാപക ക്ഷാമത്തിൽ നിന്ന് തുടങ്ങിയ ഒരു സമരം, ഇന്നൊരു സർവ്വതല സ്പർശിയായ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറിയത് ഫ്രഞ്ച് ജനാധിപത്യത്തിന്റെ സവിശേഷമായ 'തിരുത്തൽ ശേഷി' കൊണ്ടാണ്. ജനാധിപത്യം എന്നാൽ അഞ്ച് വർഷത്തിലൊരിക്കൽ പോളിംഗ് ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന് ഫ്രഞ്ച് ജനതയ്ക്ക് കൃത്യമായ ബോധ്യമുണ്ട്.

ഇതോടൊപ്പം നാം ചേർത്ത് വായിക്കേണ്ടത് ഫ്രഞ്ച് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പ്രതിരോധമാണ്. ഫ്രാൻസിലെ ഇടതുപക്ഷ കക്ഷിയായ 'ലാ ഫ്രാൻസ് ഇൻസൗമിസ്' (La France Insoumise - LFI) നേതാവ് ജീൻ-ലൂക്ക് മെലൻഷോ ഉൾപ്പെടെയുള്ളവർ വലതുപക്ഷത്തിന്റെ ഈ വർഗ്ഗീയ ആഖ്യാനങ്ങളെ കൃത്യമായി പൊളിച്ചടുക്കുന്നുണ്ട്. മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പൂർണ്ണമായ പരാജയങ്ങളിൽ നിന്നും, ജനങ്ങളുടെ യഥാർത്ഥ ദുരിതങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വലതുപക്ഷം ബോധപൂർവ്വം ഉപയോഗിക്കുന്ന 'വഴിതിരിച്ചുവിടൽ തന്ത്രം' മാത്രമാണ് ഈ ഇസ്ലാമോഫോബിയ എന്ന് അവർ തുറന്നുകാണിച്ചു. സമരം തുടങ്ങിയ പാരീസിലെ പിന്നാക്ക പ്രാന്തപ്രദേശമായ സെന്റ്-ഡെനിസിലെ എൽ.എഫ്.ഐ മേയറായ ബാലി ബാഗായോകോ ചൂണ്ടിക്കാണിച്ചതുപോലെ, പാവപ്പെട്ടവരും കുടിയേറ്റക്കാരും കൂടുതലായി താമസിക്കുന്ന ഇടങ്ങളിലെ വിദ്യാലയങ്ങളെ ഭരണകൂടം വംശീയമായാണ് അവഗണിക്കുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെ 'തീവ്രവാദം' എന്ന് വിളിച്ച് അടിച്ചമർത്താനും യഥാർത്ഥ വസ്തുതകളെ മറച്ചുപിടിക്കാനുമുള്ള അമേരിക്കൻ-യൂറോപ്യൻ വലതുപക്ഷത്തിന്റെ ഗൂഢാലോചന ഫ്രഞ്ച് ജനാധിപത്യ ബോധത്തിന് മുന്നിൽ തകർന്നടിയുന്നതാണ് നാമിപ്പോൾ കാണുന്നത്.

സെപ്റ്റംബർ 21-ന് പാരീസിന്റെ വടക്കൻ പിന്നാക്ക മേഖലയായ സീൻ-സെന്റ്-ഡെനിസിലെ ചില വിദ്യാലയങ്ങളിലാണ് സമരത്തിന്റെ തീപ്പൊരി വീണത്.
സെപ്റ്റംബർ 21-ന് പാരീസിന്റെ വടക്കൻ പിന്നാക്ക മേഖലയായ സീൻ-സെന്റ്-ഡെനിസിലെ ചില വിദ്യാലയങ്ങളിലാണ് സമരത്തിന്റെ തീപ്പൊരി വീണത്.

വർഗ്ഗ ഐക്യദാർഢ്യം: ഭരണകൂടത്തിന്റെ കൺകെട്ട് വിദ്യകളും

ഈ സമരത്തിന്റെ മറ്റൊരു സുപ്രധാനമായ സാമൂഹിക വഴിത്തിരിവ് സമ്പന്ന വിഭാഗങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും കടന്നുവരവാണ്. പോലീസ് കുട്ടികളെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ, CGT ഉൾപ്പെടെയുള്ള യൂണിയനുകളിലെ മുതിർന്ന തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്ത് കുട്ടികൾക്ക് സംരക്ഷണമൊരുക്കി. പാവപ്പെട്ട മേഖലകളിലെ കുട്ടികളോടുള്ള വിവേചനത്തിനെതിരെ സമ്പന്ന മേഖലകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും വെള്ള ബാൻഡ് ധരിച്ചുകൊണ്ട് തെരുവിലിറങ്ങി. ഇതൊരു വർഗ്ഗസമരത്തിന്റെ പുതിയ രൂപമാണ്; നവലിബറലിസത്തിനെതിരെ എല്ലാ തട്ടിലുമുള്ള ജനങ്ങൾ ഒന്നിക്കുന്ന കാഴ്ച.

സമരം കൈവിട്ടുപോകുമെന്ന് കണ്ടപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം 3,000 താൽക്കാലിക അധ്യാപകരെ അടിയന്തിരമായി നിയമിക്കാമെന്നും, കുട്ടികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ 'അഗോറ' എന്നൊരു ഓൺലൈൻ പ്ലാറ്റ്‌ഫോം തുടങ്ങാമെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഒക്ടോബർ അവസാനത്തോടെ പുതിയ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാൽ വിദ്യാർത്ഥി നേതാക്കൾ ഈ വാഗ്ദാനങ്ങളെ "അപ്പക്കഷ്ണങ്ങൾ" എന്ന് വിളിച്ച് തള്ളിക്കളഞ്ഞു. അടിസ്ഥാന സൗകര്യ വികസനവും സ്ഥിരനിയമനങ്ങളുമില്ലാതെ, കേവലം ചർച്ചകൾ നടത്തി സമയം കളയുന്ന സർക്കാരിന്റെ കൺകെട്ട് വിദ്യകളിൽ വീഴാൻ തക്ക മണ്ടന്മാരല്ല ഇന്നത്തെ യുവതലമുറ എന്നതാണ് ഇതുവഴി മനസ്സിലാവുന്നത്. അവർക്ക് കാണേണ്ടത് ഫലങ്ങളാണ് വാഗ്ദാനങ്ങളല്ല.

ജനാധിപത്യത്തിന്റെ തിരുത്തൽ ശേഷിയും വികസിക്കുന്ന സമരമുഖങ്ങളും

അധ്യാപക ക്ഷാമത്തിൽ നിന്ന് തുടങ്ങിയ ഒരു സമരം, ഇന്നൊരു സർവ്വതല സ്പർശിയായ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറിയത് ഫ്രഞ്ച് ജനാധിപത്യത്തിന്റെ സവിശേഷമായ 'തിരുത്തൽ ശേഷി' കൊണ്ടാണ്. ജനാധിപത്യം എന്നാൽ അഞ്ച് വർഷത്തിലൊരിക്കൽ പോളിംഗ് ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന് ഫ്രഞ്ച് ജനതയ്ക്ക് കൃത്യമായ ബോധ്യമുണ്ട്. ഫ്രഞ്ച് ഭരണഘടനയിലെ 'ആർട്ടിക്കിൾ 49.3' ഉപയോഗിച്ച്, പാർലമെന്റിൽ വോട്ടെടുപ്പ് പോലുമില്ലാതെ പെൻഷൻ പരിഷ്കരണങ്ങളും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ മാക്രോൺ സർക്കാർ ശ്രമിക്കുമ്പോൾ, ജനങ്ങൾക്ക് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ഇത്തരത്തിൽ വമ്പിച്ച സമരങ്ങളും.പ്രക്ഷോഭങ്ങളും മാത്രമാണ് ഏക പോംവഴി.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന 2027 വരെ കാത്തിരുന്നാൽ തങ്ങളുടെ ഒരു തലമുറയുടെ തന്നെ ഭാവി തകരുമെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ ആരോഗ്യരംഗം, ഗതാഗതം എന്നീ അടിസ്ഥാന പൊതുസേവനങ്ങളെ സ്വകാര്യവൽക്കരണത്തിൽ നിന്ന് സംരക്ഷിക്കാനും, പെൻഷൻ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും സി.ജി.ടി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം ഒന്നിച്ചിറങ്ങിയിരിക്കുന്നത്. ഒരു യഥാർത്ഥ ക്ഷേമ രാഷ്ട്രം തകർന്നടിയുന്നത് നോക്കിനിൽക്കാൻ തയ്യാറല്ലാത്ത ജനതയുടെ ജീവന്മരണ പോരാട്ടമായി ഇന്ന് ഇത് മാറിക്കഴിഞ്ഞു.

മുതലാളിത്ത ഭരണകൂടങ്ങൾ തങ്ങൾക്കെതിരെ ഉയരുന്ന ജനകീയ സമരങ്ങളെ ഇസ്ലാമോഫോബിയയുടെയും തീവ്രവാദത്തിന്റെയും കളങ്ങളിൽ തളച്ചിടാൻ എക്കാലത്തും ശ്രമിക്കാറുണ്ട്.
മുതലാളിത്ത ഭരണകൂടങ്ങൾ തങ്ങൾക്കെതിരെ ഉയരുന്ന ജനകീയ സമരങ്ങളെ ഇസ്ലാമോഫോബിയയുടെയും തീവ്രവാദത്തിന്റെയും കളങ്ങളിൽ തളച്ചിടാൻ എക്കാലത്തും ശ്രമിക്കാറുണ്ട്.

മുതലാളിത്തത്തിന്റെ കണക്കുപുസ്തകങ്ങളും സമരങ്ങളുടെ സാമ്പത്തിക ശാസ്ത്രവും

സമരങ്ങൾ നടക്കുമ്പോൾ ഭരണകൂടവും മുഖ്യധാരാ മാധ്യമങ്ങളും സ്ഥിരമായി ഉന്നയിക്കുന്ന ഒരു വാദമുണ്ട്: "സമരം കാരണം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുന്നു, പൊതുമുതൽ നശിക്കുന്നു". എന്നാൽ ഈ വാദത്തിന്റെ പൊള്ളത്തരം നാം മനസ്സിലാക്കേണ്ടതുണ്ട്. ഫ്രാൻസിലെ വിദ്യാർത്ഥി സമരത്തെ എതിർക്കുന്ന വലതുപക്ഷ സാമ്പത്തിക വിദഗ്ധർ ഈ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് മുതലക്കണ്ണീർ ഒഴുക്കുന്നുണ്ട്. എന്നാൽ ഒരു ജനപക്ഷത്ത് നിന്നുകൊണ്ട് വിലയിരുത്തലുകൾ നടത്തുമ്പോൾ യാഥാർത്ഥ്യം മറ്റൊന്നാണ്.

പുതിയ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം 1.4% വർദ്ധിപ്പിച്ച് 90.9 ബില്യൺ യൂറോയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിലവിലെ കടുത്ത അധ്യാപക ക്ഷാമവും സ്കൂളുകളുടെ തകർച്ചയും പരിഹരിക്കാൻ ഈ തുക ഒട്ടും പര്യാപ്തമല്ലെന്നാണ് സമരക്കാരായ അധ്യാപക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.

വൻകിട കോർപ്പറേറ്റുകൾക്കും മുതലാളിമാർക്കും വേണ്ടി ഫ്രഞ്ച് സർക്കാർ പ്രതിവർഷം എഴുതിത്തള്ളുന്ന കോടിക്കണക്കിന് യൂറോയുടെ ബാങ്ക് കടങ്ങളുമായും അവർക്ക് നൽകുന്ന നികുതിയിളവുകളുമായും താരതമ്യം ചെയ്യുമ്പോൾ, ജനകീയ സമരങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം സമുദ്രത്തിലെ ഒരു തുള്ളി വെള്ളം മാത്രമാണ്! ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നടപ്പിലാക്കുന്ന നവലിബറൽ സിദ്ധാന്തമായ 'ട്രിക്ക്ൾ-ഡൗൺ എക്കണോമിക്സ്' എത്രത്തോളം പരാജയമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. കോർപ്പറേറ്റുകൾക്ക് നികുതി കുറച്ചു കൊടുത്താൽ അവർ കൂടുതൽ നിക്ഷേപം നടത്തുമെന്നും അതുവഴി തൊഴിലവസരങ്ങൾ കൂടുമെന്നുമാണ് ഭരണകൂടങ്ങൾ ന്യായീകരിക്കുന്നത്. എന്നാൽ വാസ്തവത്തിൽ സംഭവിക്കുന്നത് കോർപ്പറേറ്റുകളുടെ ലാഭം കുതിച്ചുയരുകയും, സാധാരണക്കാരന്റെ വരുമാനം ഇടിയുകയുമാണ്. സമരങ്ങൾ മൂലമുണ്ടാകുന്ന ഉത്പാദനക്കുറവും ഗതാഗത സ്തംഭനവും വഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ രാജ്യം സാധാരണ നിലയിലാകുമ്പോൾ അധ്വാനത്തിലൂടെ വീണ്ടെടുക്കാവുന്ന താല്ക്കാലിക നഷ്ടങ്ങൾ മാത്രമാണ്. എന്നാൽ, രാജ്യത്തിന്റെ പൊതുസ്വത്തുക്കളായ വിദ്യാലയങ്ങളും ആശുപത്രികളും ഫണ്ടില്ലാതെ തകരുകയും, അവ സ്വകാര്യ മുതലാളിമാർക്ക് വിറ്റുതുലയ്ക്കുകയും ചെയ്യുമ്പോൾ സാധാരണക്കാരന് ഉണ്ടാകുന്നത് തലമുറകളോളം നീണ്ടുനിൽക്കുന്ന സ്ഥിരമായ വൻനഷ്ടമാണ്.

ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ തലകുനിക്കാതെ, പ്രതിരോധത്തിന്റെ പാഠങ്ങൾ പഠിക്കുന്നത് സമരമുഖങ്ങളിൽ നിന്നാണ്.
ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ തലകുനിക്കാതെ, പ്രതിരോധത്തിന്റെ പാഠങ്ങൾ പഠിക്കുന്നത് സമരമുഖങ്ങളിൽ നിന്നാണ്.

പുതിയ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം 1.4% വർദ്ധിപ്പിച്ച് 90.9 ബില്യൺ യൂറോയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിലവിലെ കടുത്ത അധ്യാപക ക്ഷാമവും സ്കൂളുകളുടെ തകർച്ചയും പരിഹരിക്കാൻ ഈ തുക ഒട്ടും പര്യാപ്തമല്ലെന്നാണ് സമരക്കാരായ അധ്യാപക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. കുത്തകകൾക്ക് നികുതി വെട്ടിക്കുറയ്ക്കാനും ബാങ്കുകളെ രക്ഷിക്കാനും ഖജനാവിൽ പണമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഭാവിയായ കുട്ടികൾക്ക് പഠിക്കാൻ കെട്ടിടം പണിയാനോ, ഫണ്ട് അനുവദിക്കാനോ ചോദിക്കുമ്പോൾ സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്നു. ഈ ഘടനാപരമായ അക്രമത്തിനെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. കോർപ്പറേറ്റ് ലാഭത്തേക്കാൾ വലുതാണ് മനുഷ്യന്റെ ജീവിതവും വിദ്യാഭ്യാസവുമെന്ന തിരിച്ചറിവാണ് ഇത്തരം ജനകീയ സമരങ്ങളുടെ സാമ്പത്തിക ശാസ്ത്രം.

ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ: നമ്മൾ എന്തുകൊണ്ട് കാത്തിരിക്കുന്നു?

​ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഫ്രാൻസിലെ ഈ പ്രക്ഷോഭങ്ങളെ നോക്കിക്കാണുമ്പോൾ സമ്മിശ്രമായ വികാരങ്ങളാണുള്ളത്. ഫ്രാൻസിലെ ജനങ്ങൾ സമരം ചെയ്യുന്നത് തങ്ങൾക്ക് നിലവിലുള്ള മികച്ച അവകാശങ്ങൾ സർക്കാരുകൾ കവർന്നെടുക്കുന്നതിനെതിരെയാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, വിദ്യാർത്ഥികളും ജനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാൻ വേണ്ടി പോലുമാണ് ഇപ്പോഴും കാത്തിരിക്കുന്നത്. ഫ്രാൻസിലെ വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്ന പോരായ്മകളേക്കാൾ എത്രയോ പരിതാപകരമാണ് ഇന്ത്യൻ ഗ്രാമങ്ങളിലെ ഒറ്റയധ്യാപക വിദ്യാലയങ്ങളുടെയും, കുടിവെള്ളമോ ഇരിപ്പിടങ്ങളോ ഇല്ലാത്ത ക്യാമ്പസുകളുടെയും അവസ്ഥ. അമിത പഠനഭാരം കാരണം രാജസ്ഥാനിലെ കോട്ട പോലുള്ള കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നതും, ജാതി വിവേചനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ ആത്മഹത്യ ചെയ്യേണ്ടിവരുന്നതും, പണമുള്ളവർക്ക് മികച്ച വിദ്യാഭ്യാസം എന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതും, ഉയർന്ന ബിരുദമുള്ളവർ ചെറിയ താൽക്കാലിക ജോലികൾക്കായി അലയുന്നതും ഇന്ത്യയിലെ മാത്രം ദുരന്തക്കാഴ്ചയാണ്.

ഒരു വശത്ത് വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും സവർണ്ണവൽക്കരിക്കാനും ഭരണകൂടം ശ്രമിക്കുമ്പോൾ, മറുവശത്ത് ഫണ്ടുകൾ വെട്ടിക്കുറച്ച് പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നു. ഫ്രാൻസ് മാതൃകയിലുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഇന്ത്യയിലും വളർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

​എന്നിട്ടും എന്തുകൊണ്ടാണ് ഫ്രാൻസിലെപ്പോലെ ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി രാജ്യം മുഴുവൻ കത്തിയെരിയുന്ന ഒരു വലിയ പ്രക്ഷോഭം ഉണ്ടാകാത്തത്? അതിന് കാരണം ഇന്ത്യയിലെ വർഗ്ഗപരമായ പിൻവാങ്ങലുകളാണ്. പൊതുവിദ്യാഭ്യാസ രംഗം മോശമാകുമ്പോൾ ഇന്ത്യയിലെ സാമ്പത്തിക ശേഷിയുള്ള മധ്യവർഗ്ഗം ചെയ്യുന്നത് തെരുവിലിറങ്ങി സമരം ചെയ്യുകയല്ല; മറിച്ച് പൊതുസംവിധാനങ്ങളെ ഉപേക്ഷിച്ച് തങ്ങളുടെ കുട്ടികളെ കടം വാങ്ങി ആണെങ്കിലും വൻതുക കൊടുത്ത് സ്വകാര്യ വിദ്യാലയങ്ങളിലേക്ക് മാറ്റുകയാണ്. അതോടെ അതൊരു സാമൂഹിക പ്രശ്നമല്ലാതായി മാറുന്നു. കൂടാതെ ദീർഘകാല സമരങ്ങളിലേക്കിറങ്ങി പഠനസമയം നഷ്ടപ്പെടുത്താൻ ജീവനത്തിനായുള്ള നെട്ടോട്ടത്തിലോടുന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് സാമ്പത്തിക പശ്ചാത്തലം അനുവദിക്കുന്നുമില്ല.

കോർപ്പറേറ്റ് ലാഭത്തേക്കാൾ വലുതാണ് മനുഷ്യന്റെ ജീവിതവും വിദ്യാഭ്യാസവുമെന്ന തിരിച്ചറിവാണ് ഇത്തരം ജനകീയ സമരങ്ങളുടെ സാമ്പത്തിക ശാസ്ത്രം.
കോർപ്പറേറ്റ് ലാഭത്തേക്കാൾ വലുതാണ് മനുഷ്യന്റെ ജീവിതവും വിദ്യാഭ്യാസവുമെന്ന തിരിച്ചറിവാണ് ഇത്തരം ജനകീയ സമരങ്ങളുടെ സാമ്പത്തിക ശാസ്ത്രം.

​എന്നാൽ ഈ നിസ്സംഗത നമ്മെ കൊണ്ടെത്തിക്കുന്നത് വലിയൊരു വിപത്തിലേക്കാണ്. ഒരു വശത്ത് വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും സവർണ്ണവൽക്കരിക്കാനും ഭരണകൂടം ശ്രമിക്കുമ്പോൾ, മറുവശത്ത് ഫണ്ടുകൾ വെട്ടിക്കുറച്ച് പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നു. ഫ്രാൻസ് മാതൃകയിലുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഇന്ത്യയിലും വളർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്കിൽ മാത്രമേ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും സൗജന്യ വാഗ്ദാനങ്ങൾക്കും അപ്പുറം വിദ്യാലയങ്ങളുടെ നിലവാരവും ആരോഗ്യമേഖലയും നമ്മുടെ തിരഞ്ഞെടുപ്പ് ചർച്ചകളിലെ മുഖ്യ വിഷയമായി മാറുകയുള്ളൂ. അവ തെരുവുകളിൽ ചോരയും വിയർപ്പും നൽകി പൊരുതി നേടേണ്ടതാണ്. ഭരണകൂടങ്ങൾ തങ്ങളുടെ ജനക്ഷേമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുമ്പോൾ, അവരെ തിരികെ ഉത്തരവാദിത്തബോധമുള്ളവരാക്കാൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് മാത്രമേ സാധിക്കൂ. ജനകീയ സമരങ്ങൾ ഭാവി തലമുറയ്ക്ക് നല്ല രീതിയിൽ വളരുവാൻ സഹായകമാകുന്നത് അവരിലൊരു സാമൂഹിക ബോധം സൃഷ്ടിക്കുന്നതിലൂടെയാണ്. ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ തലകുനിക്കാതെ, പ്രതിരോധത്തിന്റെ പാഠങ്ങൾ അവർ പഠിക്കുന്നത് സമരമുഖങ്ങളിൽ നിന്നാണ്.

ഒക്ടോബർ 13-ലെ ആക്ട് V സമരത്തിനായി ഫ്രാൻസിലെ തെരുവുകൾ ഒന്നടങ്കം ഒരുങ്ങുമ്പോൾ,ഒക്ടോബർ 13-ലെ ആക്ട് V സമരത്തിനായി ഫ്രാൻസിലെ തെരുവുകൾ ഒന്നടങ്കം ഒരുങ്ങുമ്പോൾ, ഫ്രഞ്ച് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയൽരാജ്യമായ ബെൽജിയത്തിലും വിദ്യാഭ്യാസ വെട്ടിക്കുറയ്ക്കലുകൾക്കെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള ചൂഷിത ജനവിഭാഗങ്ങൾക്ക് നൽകുന്ന വലിയൊരു സന്ദേശമുണ്ട്. അടിച്ചമർത്തലുകൾക്കും പോലീസ് ഭീകരതയ്ക്കും വർഗ്ഗീയ ലേബലിംഗുകൾക്കും ഒരു ജനതയുടെ ഇച്ഛാശക്തിയെ അധികകാലം തടഞ്ഞുനിർത്താനാകില്ല. മുതലാളിത്തം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കുള്ള യഥാർത്ഥ പരിഹാരം ആ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ തയ്യാറുള്ള യുവതലമുറയുടെ നിരന്തരമായ പോരാട്ടങ്ങളാണ്. ചരിത്രം എക്കാലത്തും മാറ്റിയെഴുതപ്പെട്ടിട്ടുള്ളത് സുരക്ഷിതമായ മുറികളിൽ നിന്നല്ല, മറിച്ച് തെരുവുകളിലെ ബാരിക്കേഡുകൾക്ക് പിന്നിൽ നിന്നാണ്. അനീതിക്കെതിരെയുള്ള മൗനം ഒരു സമൂഹത്തിന്റെ മരണമാണ്; എന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ നാളെയുടെ നീതിപൂർവ്വമായ ലോകത്തിലേക്കുള്ള വാഗ്ദാനവും. ഈ പാഠമാണ് ഫ്രഞ്ച് വിദ്യാർത്ഥികൾ ഇന്ന് ലോകത്തെ പഠിപ്പിക്കുന്നത്.

Comments