ഷെയ്ഖ് ഹസീനയ്ക്ക് എല്ലാ പിന്തുണയുമെന്ന് ഇന്ത്യ

ഹസീന വലിയ ആഘാതത്തിലാണെന്നും പ്രതിസന്ധിയെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും കേന്ദ്ര സർക്കാറുമായി ചർച്ച ചെയ്യാൻ അവർക്ക് സമയം നൽകുമെന്നും സർവകക്ഷി യോഗത്തെ ജയശങ്കർ അറിയിച്ചു.

ബംഗ്ലാദേശിൽ പ്രക്ഷോഭത്തെതുടർന്ന് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെത്തിയ ഷെയ്ഖ് ഹസീനയ്ക്ക് എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഹസീന വലിയ ആഘാതത്തിലാണെന്നും പ്രതിസന്ധിയെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും കേന്ദ്ര സർക്കാറുമായി ചർച്ച ചെയ്യാൻ അവർക്ക് സമയം നൽകുമെന്നും സർവകക്ഷി യോഗത്തെ ജയശങ്കർ അറിയിച്ചു.

ബംഗ്ലാദേശിലെ പ്രക്ഷോഭത്തിൽ വിദേശ ഇടപെടലിനുള്ള സാധ്യതകളെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന്, അത് തള്ളിക്കളയാനാകില്ല എന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ഇന്ത്യ അവിടുത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബംഗ്ലാദേശ് സൈന്യവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ജെ.പി. നദ്ദ, എച്ച്.ഡി. കുമാരസ്വാമി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ഡി.എം.കെ നേതാവ് ടി.ആർ. ബാലു, സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യാത, എൻ.സി.പി നേതാവ് സുപ്രിയല സുലേ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ബംഗ്ലാദേശിലുള്ള 10000 ത്തോളം വരുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് സൈന്യത്തോട് ആവശ്യപ്പെട്ടു.

ധാക്കയിൽനിന്ന് ഇന്നലെയാണ് ഷെയ്ഖ് ഹസീന ഗാസിയാബാദിലിറങ്ങിയത്. യു.കെയോട് രാഷ്ട്രീയാഭയം തേടിയ അവർ ഉടൻ ലണ്ടനിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ട്.

അതിനിടെ, ഹസീന രാജ്യം വിട്ടശേഷവും ബംഗ്ലാദേശിൽ അക്രമം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭകരുടെ ആവശ്യമനുസരിച്ച് പ്രസിഡന്റ് ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചുവിട്ടു.
സൈനിക നിയന്ത്രണത്തിൽ രൂപീകരിക്കുന്ന പുതിയ സർക്കാറിന്റെ മുഖ്യ ഉപദേഷ്ടാവ് നോബൽ ജേതാവായ ഡോ. മുഹമ്മദ് യൂനസ് ആയിരിക്കും. 'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന അദ്ദേഹം സ്ഥാനമേറ്റെടുക്കാൻ സമ്മതിച്ചതായി വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായ നാഹിദ് ഇസ്‌ലാം പറഞ്ഞു.

ഷെയ്ഖ് ഹസീന രാജ്യം വിട്ടശേഷവും ബംഗ്ലാദേശിൽ അക്രമം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ഷെയ്ഖ് ഹസീന രാജ്യം വിട്ടശേഷവും ബംഗ്ലാദേശിൽ അക്രമം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.

1971- ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്ത സമരസേനാനികളുടെ കുടുംബങ്ങൾക്ക് 30 ശതമാനം സർക്കാർ ജോലി സംവരണം ചെയ്യാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം കലാപമായി മാറിയതിനെ തുടർന്നാണ് ശൈഖ് ഹസീന രാജി വെച്ച് രാജ്യം വിട്ടത്.

പുതിയ സർക്കാർ രൂപീകരിക്കാനുള്ള ​ശ്രമം ബംഗ്ലാദേശിൽ നടന്നുവരികയാണ്. ഷെയ്ഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തെ പിന്നിൽ നിന്ന് നയിച്ച പ്രതിപക്ഷ പാർട്ടികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും, ജമാഅത്തെ ഇസ്ലാമിയും പുതിയ ഭരണത്തിന്റെ ഭാഗമാവുമോ എന്ന് വ്യക്തമല്ല. ഷെയ്ഖ് ഹസീനയുടെ പ്രധാന രാഷ്ട്രീയ എതിരാളി ഖാലിദ സിയ ജയിൽ മോചിതയായിട്ടുമുണ്ട്.

Comments