ഇറാനിലെ പ്രതിസന്ധിയും ട്രംപ് ഭയപ്പെടുന്ന യാഥാർത്ഥ്യവും

“ഇറാനിൽ 2025 ഡിസംബർ അവസാനവാരത്തോടെ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭം കേവലം ഒരു ക്രമസമാധാന പ്രശ്നമോ അമേരിക്ക-ഇസ്രായേൽ കുത്തിത്തിരിപ്പുശ്രമങ്ങളോ മാത്രമായിരുന്നില്ല. മറിച്ച് ദശാബ്ദങ്ങളായുള്ള സാമ്പത്തികത്തകർച്ചയുടെയും നയതന്ത്രപരാജയങ്ങളുടെയും ഉച്ചകോടിയായിരുന്നു,” വി. അബ്ദുൽ ലത്തീഫ് എഴുതുന്നു.

റാൻ ഭരണകൂടം ഒരിക്കൽക്കൂടി രക്ഷപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ജനകീയപ്രക്ഷോഭങ്ങളിലൂടെ ഭരണകൂടങ്ങൾ തകരുന്ന/തകർക്കുന്ന കളർ റെവല്യൂഷന്റെ സാധ്യതയാണ് ഇറാനിൽനിന്ന് തൽക്കാലം ഒഴിഞ്ഞുപോയിരിക്കുന്നത്. എന്നാൽ 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ 'അസ്തിത്വപ്രതിസന്ധി' ആഭ്യന്തരമായി രൂപപ്പെട്ടുകഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. 2025 ഡിസംബർ അവസാനവാരത്തോടെ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭം കേവലം ഒരു ക്രമസമാധാന പ്രശ്നമോ അമേരിക്ക-ഇസ്രായേൽ കുത്തിത്തിരിപ്പുശ്രമങ്ങളോ മാത്രമായിരുന്നില്ല. മറിച്ച് ദശാബ്ദങ്ങളായുള്ള സാമ്പത്തികത്തകർച്ചയുടെയും നയതന്ത്രപരാജയങ്ങളുടെയും ഉച്ചകോടിയായിരുന്നു.

ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ചയും 70 ശതമാനത്തോളം ഉയർന്ന വിലക്കയറ്റവും ഭരണകൂടത്തിന്റെ പരമ്പരാഗത ശക്തിസ്രോതസ്സായ 'ബസാർ' വ്യാപാരികളെപ്പോലും തെരുവിലിറക്കിയിരിക്കുന്നു. 'ഗാസയല്ല, ലെബനനല്ല, എന്റെ ജീവിതം ഇറാനു വേണ്ടിയാണ്' എന്ന പ്രക്ഷോഭകരുടെ മുദ്രാവാക്യം, രാജ്യത്തിന്റെ സമ്പത്ത് വിദേശത്തെ ഷിയാ-മിലീഷ്യകൾക്കായി ചിലവാക്കുന്നതിലുള്ള ജനങ്ങളുടെ കടുത്ത അമർഷമാണ് വിളിച്ചോതുന്നത്. 2025 ജൂണിൽ ഇസ്രായേൽ-അമേരിക്കൻ സൈനികനീക്കങ്ങളിലേറ്റ പ്രഹരവും സിറിയയിലെ സഖ്യകക്ഷികളുടെ പതനവും ഭരണകൂടത്തിന്റെ അജയ്യത എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം 31 പ്രവിശ്യകളിലേക്കും പടർന്നത്. ഇന്റർനെറ്റ് വിച്ഛേദിച്ചും സൈനികരെ തെരുവിലിറക്കിയും ഭരണകൂടം തിരിച്ചടിക്കുമ്പോൾ, അമേരിക്കൻ ഇടപെടലിനുള്ള പഴുതുകൾ കൂടി അവിടെ രൂപപ്പെട്ടിരുന്നു. ഒരു വശത്ത് തകരുന്ന സമ്പദ്‌വ്യവസ്ഥയും മറുവശത്ത് ജനരോഷവും നേരിടുന്ന ഇറാൻ, ആഭ്യന്തരമായ ഈ അഗ്നിപരീക്ഷണത്തെ എങ്ങനെ അതിജീവിക്കും എന്നത് വരും ദശകങ്ങളിലെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ നിർണ്ണയിക്കും. ഒപ്പം ഇറാനിലെ സ്വാഭാവികപ്രക്ഷോഭങ്ങളെ ‘കളർ റെവല്യൂഷൻ’ ആക്കി മാറ്റാനുള്ള ഇസ്രായേൽ-അമേരിക്കൻ ശ്രമങ്ങൾ തൽക്കാലികമായെങ്കിലും പാളിപ്പോയതിന്റെ കാരണങ്ങളും ആലോചിക്കേണ്ടതുണ്ട്.

സൈനികനടപടികളിൽനിന്നു പിന്മാറിയതിന് ട്രംപ് പറഞ്ഞ ന്യായം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതും വധിക്കുന്നതും ഇറാൻ നിർത്തിയതുകൊണ്ട് തൽക്കാലം അവരെ ആക്രമിക്കുന്നില്ല എന്നാണ്. ട്രംപ് ഇറാനിലേക്ക് പടനയിക്കാൻ പോയത് ഇറാനിലെ ജനാധിപത്യപ്രക്ഷോഭകരെ സഹായിക്കാനൊന്നും അല്ലെന്ന്, അത്രയും നിഷ്കളങ്കരല്ലാത്ത എല്ലാവർക്കും അറിയാം. തന്ത്രപരമായ പിന്മാറ്റത്തിന്റെ കാരണവും ഇപ്പറഞ്ഞതാവണമെന്നില്ല.

ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ചയും 70 ശതമാനത്തോളം ഉയർന്ന വിലക്കയറ്റവും ഭരണകൂടത്തിന്റെ പരമ്പരാഗത ശക്തിസ്രോതസ്സായ 'ബസാർ' വ്യാപാരികളെപ്പോലും തെരുവിലിറക്കിയിരിക്കുന്നു.
ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ചയും 70 ശതമാനത്തോളം ഉയർന്ന വിലക്കയറ്റവും ഭരണകൂടത്തിന്റെ പരമ്പരാഗത ശക്തിസ്രോതസ്സായ 'ബസാർ' വ്യാപാരികളെപ്പോലും തെരുവിലിറക്കിയിരിക്കുന്നു.

ഇറാനിലെ ജനങ്ങൾ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തടയപ്പെടുന്നു എന്നുള്ളതാണ് മുഖ്യം. രണ്ടാമത്തേത് കടുത്ത സാമ്പത്തികപ്രശ്നങ്ങളാണ്. അമേരിക്കൻ സാങ്ഷൻസുകൊണ്ട് രാജ്യത്തിന്റെ പെട്രോളിയം വിഭവങ്ങൾ വിൽക്കാൻ സാധിക്കാത്തതും ആവശ്യത്തിന് ഇറക്കുമതി സാധിക്കാത്തതുമാണ് ഇറാന്റെ സമ്പദ്‍വ്യവസ്ഥ തകരാനുള്ള പ്രാഥമികകാരണങ്ങൾ. സ്വന്തം പ്രതിരോധച്ചെലവിനൊപ്പം ഇറാഖ്, സിറിയ, ലെബനോൻ, യമൻ തുടങ്ങി മേഖലയിലാകെ ഇസ്രായേൽവിരുദ്ധ ഷിയാഗ്രൂപ്പുകളെ ശക്തിപ്പെടുത്താൻ വിഭവശേഷി ചെലവഴിക്കുന്നതും തള്ളിക്കളയാൻ പറ്റാത്ത കാരണമാണ്. യുദ്ധം കോടികൾ പൊടിക്കുന്ന പരിപാടിയാണ്. ലോകമെങ്ങുമുള്ള ജൂതലോബിയുടെയും അമേരിക്കയുടെയും സഹായംകൊണ്ടാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. ഡോളറിന് വിലയുള്ള കാലത്തോളം അമേരിക്കയ്ക്കും അതുവഴി ഇസ്രായേലിനും യുദ്ധഫണ്ടിന് മുട്ടുണ്ടാവില്ല. തന്നെയുമല്ല, സൈനികവ്യവസായം മുഖ്യമായ സമ്പദ്‍വ്യവസ്ഥകളാണ് ഇസ്രായേലും അമേരിക്കയും. അവരെ സംബന്ധിച്ച് യുദ്ധം ഒരു ചാക്രികസാമ്പത്തികപ്രക്രിയയാണ്. അതായത് യുദ്ധം അവരുടെ സമ്പദ്‍വ്യവസ്ഥയെ ഒരു പരിധിവരെ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഡോളർ അച്ചടിച്ച് ആഗോളവിപണിയിൽ വിനിമയം നടത്താനുള്ള സൌകര്യം ലോകത്ത് മറ്റാർക്കുമില്ലാത്ത അധിക ആനുകൂല്യം അമേരിക്കയ്ക്ക് നൽകുന്നു. ഇതൊന്നും ഇറാനില്ല. പരിമിതമായ സൈനികനീക്കങ്ങൾ പോലും ഇറാനെ സാമ്പത്തികമായി തളർത്തും. അത് നേരിട്ടു ബാധിക്കുന്നത് സാധാരണ മനുഷ്യരെയാണ്. രാജ്യത്തിന്റെ വിഭവങ്ങൾ വെടിക്കോപ്പുകൾക്കും മിസൈലുകൾക്കുമായി വകമാറ്റുമ്പോൾ സംഭവിക്കുന്ന ശോഷണം കൃത്രിമമായി നോട്ടടിച്ചാണ് പരിഹരിക്കുക. ഇത്തരത്തിൽ ചെയ്തു ചെയ്ത് ഇറാനിയൻ റിയാലിന് അതടിക്കുന്ന കടലാസിന്റെ വില പോലും ഇല്ലാതായി. ഈ സാമ്പത്തികദുരന്തത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ഇറാൻ തകരും എന്ന കാര്യത്തിൽ തർക്കമില്ല. ഇതിനിടയിലും അനിവാര്യമായ ഒരു പതനം ഇറാൻ എങ്ങനെ ഒഴിവാക്കിയെടുത്തു എന്നത് പരിശോധിക്കേണ്ടതുണ്ട്.

1979-ൽ പാശ്ചാത്യചേരിയുടെ നിയന്ത്രണത്തിൽനിന്ന് പുറത്തുപോയ രാജ്യമാണ് ഇറാൻ. അന്നുമുതൽ ആ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ്. ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നിലവിൽവന്ന് തൊട്ടടുത്ത വർഷം ആരംഭിച്ചതാണ് ഇറാൻ - ഇറാഖ് യുദ്ധം. 8 വർഷം അത് നീണ്ടുനിന്നു. അക്കാലത്ത് ഇറാന്റെ പ്രസിഡണ്ട് ആയിരുന്ന ആളാണ് നിലവിലെ ആത്മീയനേതാവായ സയ്യിദ് അലി ഖംനയി. യുദ്ധകാലത്തും യുദ്ധാനന്തരവും ഇറാന്റെ നടുവൊടിക്കുന്ന ഉപരോധങ്ങളായിരുന്നു. ഇപ്പോഴും അത് ശക്തമായി തുടരുന്നു. ഇറാന്റെ സമ്പദ്‍വ്യവസ്ഥ നിലനിൽക്കുന്നത് സ്വന്തം എണ്ണയും പ്രകൃതിവാതകവും ചൈനയ്ക്കും മറ്റും വിറ്റുകൊണ്ടാണ്. അമേരിക്കൻ ഉപരോധം വരുമ്പോഴേക്കും അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള ബാങ്കിംഗ് സംവിധാനമായ സ്വിഫ്റ്റ് (SWIFT) വഴിമുടക്കുകയും ഇറക്കുമതിയും കയറ്റുമതിയും തടസ്സപ്പെടുകയും ചെയ്യും. ഈ ഉപരോധങ്ങൾക്കിടയിലും ഇറാൻ സാങ്കേതികമായും സൈനികമായും മുന്നേറി. ഇസ്രായേൽ-യു.എസ്. പ്രതിരോധസംവിധാനങ്ങൾക്ക് തടയാൻ സാധിക്കാത്ത മിസൈലുകൾ അവർ ഉണ്ടാക്കി. വില കുറഞ്ഞതും കാര്യക്ഷമവുമായ ഡ്രോൺ ടെക്നോളജി വികസിപ്പിച്ചെടുത്തു. ആണവസാങ്കേതികവിദ്യയിൽ അണുബോംബുണ്ടാക്കുന്നതിന് തൊട്ടടുത്തെത്തി.

അമേരിക്കൻ ഉപരോധങ്ങളോട് ഇറാൻ പ്രതികരിച്ചത് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രോക്സിയായ ഇസ്രായേലിനെ നശിപ്പിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. ഇസ്രായേലിനെതിരായ മിലീഷ്യ ഗ്രൂപ്പുകൾക്കെല്ലാം ഇറാൻ സൈനിക-ആയുധ സഹായങ്ങൾ നൽകി. ലെബനോനിലെ ഹിസ്ബുള്ളയും യമനിലെ അൻസാറുള്ള ഗ്രൂപ്പും ചെറിയ ബുദ്ധിമുട്ടുകളല്ല ഇസ്രായേലിന് ഉണ്ടാക്കിയത്. ഇറാഖിലെയും സിറിയയിലെയും ഗ്രൂപ്പുകളെയും ഇറാൻ നിയന്ത്രിച്ചു. അമേരിക്കയുടെ വലിയൊരു സ്ട്രാറ്റജിക് പിഴവ് ഇറാന് സഹായകമായിരുന്നു. അത് ഇറാഖിലെ സുന്നി ഭരണകൂടത്തിന്റെ പതനമായിരുന്നു. സദ്ദാം വീണതോടെ ഇറാഖിലെ അധികാരം ഭൂരിപക്ഷ ഷിയാവിഭാഗത്തിനു കൈവന്നു. അമേരിക്കൻ നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും ഇറാന് ഇറാഖ്-സിറിയ വഴി ലെബനനിലെ ഹിസ്ബുള്ളയ്ക്ക് എല്ലാ സഹായവും എത്തിക്കാൻ കഴിഞ്ഞു. 2006-നു ശേഷമുണ്ടായ യുദ്ധങ്ങളിലെല്ലാം ഹിസ്ബുള്ള ഇസ്രായേലിന് വലിയ പരിക്കുകളേല്പിച്ചിരുന്നു.

ഇറാനിലെ ജനങ്ങൾ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തടയപ്പെടുന്നു എന്നുള്ളതാണ് മുഖ്യം. രണ്ടാമത്തേത് കടുത്ത സാമ്പത്തികപ്രശ്നങ്ങളാണ്.
ഇറാനിലെ ജനങ്ങൾ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തടയപ്പെടുന്നു എന്നുള്ളതാണ് മുഖ്യം. രണ്ടാമത്തേത് കടുത്ത സാമ്പത്തികപ്രശ്നങ്ങളാണ്.

സിറിയയിലെ അസദ് ഭരണകൂടത്തെ ഐസിസ്, അൽഖ്വായിദ തുടങ്ങിയ സുന്നീ തീവ്രവാദഗ്രൂപ്പുകളുടെ സഹായത്തോടെ അട്ടിമറിക്കാൻ കഴിഞ്ഞത് ഇസ്രായേലിനും അമേരിക്കയ്ക്കും തന്ത്രപരമായ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഹിസ്ബുള്ളയ്ക്കുള്ള ഇറാനിയൻ സപ്ലൈ അവസാനിപ്പിക്കാൻ ഇതുവഴി സാധിച്ചു. സിറിയ തന്നെയും ഇറാന്റെ കേന്ദ്രമായിരുന്നത് പൊടുന്നനെ ഇസ്രായേലി സ്വാധീനമേഖലയായി. സിറിയ വരുതിയിലായതിനു ശേഷമാണ് ഇറാനെ നേരിട്ട് ആക്രമിക്കാൻ ഇസ്രായേൽ തയ്യാറായത് എന്നതും ചേർത്തു വായിക്കേണ്ടതാണ്. പൊളിറ്റിക്കൽ ഈഗോ മാറ്റിവെച്ചു ചിന്തിച്ചാൽ സിറിയയുടെ കാര്യത്തിൽ വലിയ വിട്ടുവീഴ്ചകൾ നടന്നതായി കാണാം. കൊടും ഭീകരനെന്നു മുദ്രകുത്തിയ അബു മുഹമ്മദ് അൽ ജൗലാനി അസദ് ഭരണകൂടത്തിന്റെ പതനശേഷം അമേരിക്കയ്ക്കു സ്വീകാര്യനായി. പരക്കെ എതിരഭിപ്രായങ്ങളുയരുമ്പോഴും ഇസ്രായേലുമായും അമേരിക്കയുമായും ഉണ്ടാക്കുന്ന പുതിയ ബന്ധങ്ങളും കരാറുകളും സിറിയയിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനെ ആക്രമിച്ചത് ഇസ്രായേലിന് പ്രതീക്ഷിച്ച ഗുണമുണ്ടാക്കിയില്ല. ചാരശൃംഖലകളുപയോഗിച്ച് ഇറാന്റെ സൈനിക നേതൃത്വത്തെ കൂട്ടത്തോടെ കൊല ചെയ്ത് ഒരു അട്ടിമറിയായിരുന്നു ഇസ്രായേൽ ലക്ഷ്യംവച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പുനഃക്രമീകരണങ്ങൾ നടത്താനും തിരിച്ചടിക്കാനും ഇറാന് സാധിച്ചു. കൃത്യതയുള്ള മിസൈൽ ആക്രമണങ്ങളിലൂടെ ഇസ്രായേലിന് നിർണ്ണായകമായ പ്രഹരമേൽപ്പിക്കാൻ ഇറാന് സാധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി ഗൾഫിലെ അമേരിക്കൻ ബേസുകളിൽ മിസൈലുകൾ വീണു. ഡമ്മി മിസൈലുകളയച്ച് ഇസ്രായേലിന്റെ പ്രതിരോധസംവിധാനങ്ങളെ കബളിപ്പിച്ച് കൂടുതൽ വേഗതയും ലക്ഷ്യവേധിയുമായ ഹൈപ്പർസോണിക് മിസൈലുകൾ ഇസ്രായേലിന്റെ സൈനികത്താവളങ്ങളിൽ പതിപ്പിക്കുന്നതിൽ ഇറാൻ വിജയിച്ചു. ഇത് ഇറാന്റെ സൈനികശേഷി വെളിപ്പെടുത്തിയ സന്ദർഭമാണ്.

ഇറാനെ ഡീ മിലിറ്ററൈസ് ചെയ്യുക എന്നത്, ഇറാന്റെ വിഭവങ്ങൾ പടിഞ്ഞാറിന് അനുകൂലമായി ഒഴുക്കാൻ സാധിക്കുക എന്നതിനേക്കാൾ ഇസ്രായേലിനും അമേരിക്കയ്ക്കും ഇപ്പോൾ പ്രധാനമാണ്. ഇറാൻ എങ്ങനെയാണ് ഏതാണ്ട് 50 വർഷത്തെ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഈ നേട്ടങ്ങൾ കൈവരിച്ചത് എന്ന് ആലോചിക്കുമ്പോഴാണ് ആ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ തന്ത്രപ്രധാനമായ നില നമുക്ക് മനസ്സിലാകുക. എണ്ണ, പ്രകൃതിവാതകങ്ങളാൽ സമ്പന്നമായ രാജ്യം റഷ്യയുമായി ചേർന്നു കിടക്കുന്നു. ആഗോള എണ്ണവ്യാപാരത്തിന്റെ 30 ശതമാനം കടന്നു പോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനാണ്. ഒരു വെടിപോലും പൊട്ടിക്കാതെ ഈ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാന് സാധിക്കും. സോവിയറ്റു യൂണിയന്റെ തകർച്ചയ്ക്കു ശേഷം ലോകശക്തിയായി വീണ്ടും വളർന്നു വന്ന റഷ്യയെ അസ്ഥിരപ്പെടുത്തുക എന്നത് അമേരിക്കയുടെ സ്വാഭാവികമായ സൈനിക-വിദേശനനയങ്ങളിൽ ഉൾപ്പെട്ടിരുന്നു. നാറ്റോ കിഴക്കോട്ടു വികസിപ്പിച്ചും സാധ്യമായത്രയും കുത്തിത്തിരിപ്പുകൾ നടത്തിയും റഷ്യയെ വിഭജിക്കാനും അസ്ഥിരപ്പെടുത്താനുമാണ് പാശ്ചാത്യലോകം ശ്രമിച്ചുകൊണ്ടിരുന്നത്. 2014-മുതൽ ആരംഭിച്ച ഉക്രൈൻ പ്രതിസന്ധി 2002- ആകുമ്പോഴേക്ക് തുറന്ന സൈനികനടപടിയായി വികസിച്ചു. നാറ്റോയും അമേരിക്കയും ഉക്രൈന് നിർലോഭം ആയുധങ്ങളും സഹായങ്ങളും കൊടുത്തതുകൊണ്ടാണ് യുദ്ധം ഇത്രയും നീണ്ടതും സങ്കീർണ്ണമായതും.

റഷ്യക്ക് സൈനികസഹായം ചെയ്യാൻ ചുരുക്കം ചില രാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഉത്തരകൊറിയയുമായി യുദ്ധകാലത്ത് റഷ്യ സൈനികകരാറിലേർപ്പെട്ടു. ഇറാൻ അവരുടെ ചെലവു കുറഞ്ഞ ഡ്രോണുകളും മിസൈലുകളും റഷ്യയ്ക്കു നൽകി. പരോക്ഷമായ സഹായങ്ങളെല്ലാം ചൈനയും നൽകി. തിരിച്ച് റഷ്യ ഇറാന് സൈനികസാങ്കേതികവിദ്യകൾ വ്യാപകമായിത്തന്നെ നൽകി. ഇറാന്റെ മിസൈൽ സാങ്കേതികവിദ്യ ഇത്ര കണിശമായതിനു പിന്നിൽ റഷ്യൻ സഹായമാണെന്നുറപ്പ്.

അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ജിപിഎസ് സംവിധാനങ്ങൾക്കു ബദലായി റഷ്യയും ചൈനയും ഇതിനകം ശക്തമായ സംവിധാനങ്ങൾ വികസിപ്പിച്ചിരുന്നു. ഇറാന് കിറുകൃത്യമായി ഇസ്രായേലി ലക്ഷ്യങ്ങളിൽ മിസൈലുകളെത്തിക്കാൻ സാധിച്ചത് ചൈനീസ് ഗ്ലോബൽ പൊസിഷനിംഗ് സംവിധാനങ്ങൾ (ബൈഡു നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (Beidou Navigation Satellite System - BDS) ഉപയോഗിച്ചതുകൊണ്ടാണ്. ഒപ്പം റഷ്യയുടെ ഗ്ലോനാസ് (GLONASS) സംവിധാനവും ഉപയോഗിച്ചു. (പാക്കിസ്താൻ ഇന്ത്യയിലേക്കു കടന്നു കയറാൻ ശ്രമിച്ച കാർഗിൽ യുദ്ധസമയത്ത് അമേരിക്ക ജിപിഎസ് സൌകര്യം ഇന്ത്യയ്ക്കു നിഷേധിച്ചിരുന്നു. ആ സമയത്ത് റഷ്യയുടെ ഗ്ലോനാസ് നൽകിയ ഭാഗികസഹായമാണ് ഇന്ത്യയ്ക്കു സൈനികമായി മേൽക്കോയ്മ നൽകിയത്. അമേരിക്ക ജി.പി.എസ് നിഷേധിച്ച ആ അനുഭവത്തിൽ നിന്നാണ് ഇന്ത്യ സ്വന്തമായി ഒരു നാവിഗേഷൻ സംവിധാനം വേണമെന്ന് തീരുമാനിച്ചത്. അതിന്റെ ഫലമാണ് NavIC (Navigation with Indian Constellation).) യമനിലെ അൻസാറുള്ള ഗ്രൂപ്പുകൾക്കും ഇത്തരം ചൈനീസ്, റഷ്യൻ നാവിഗേഷൻ സംവിധാനങ്ങൾ ലഭ്യമായി എന്നുവേണം അനുമാനിക്കാൻ. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ആക്രമിക്കപ്പെട്ടതും അവരുടെ അഭിമാനമായ ഫൈറ്റർ ജെറ്റുകൾ വെള്ളത്തിൽപ്പോയതും വാർത്തയായിരുന്നു. സംഘർഷത്തിനിടെ ചെങ്കടലിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളിൽനിന്ന് എഫ്/എ-18 സൂപ്പർ ഹോർണറ്റ് (F-series) വിമാനങ്ങൾ കടലിൽ വീണ സംഭവങ്ങൾ ഉണ്ടായി. യു.എസ്.എസ്. ഹാരി എസ്. ട്രൂമാൻ വിമാനവാഹിനിക്കപ്പലുമായി ബന്ധപ്പെട്ട് ഒന്നിലധികം തവണ ഇത്തരം സംഭവങ്ങളുണ്ടായപ്പോൾ ഹൂത്തികളുമായി കരാറുണ്ടാക്കി അമേരിക്കയ്ക്ക് യുദ്ധക്കപ്പലുകൾ പിൻവലിക്കേണ്ടി വന്നു.

ഇറാന് കിറുകൃത്യമായി ഇസ്രായേലി ലക്ഷ്യങ്ങളിൽ മിസൈലുകളെത്തിക്കാൻ സാധിച്ചത് ചൈനീസ് ഗ്ലോബൽ പൊസിഷനിംഗ് സംവിധാനങ്ങൾ (ബൈഡു നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (Beidou Navigation Satellite System - BDS) ഉപയോഗിച്ചതുകൊണ്ടാണ്.
ഇറാന് കിറുകൃത്യമായി ഇസ്രായേലി ലക്ഷ്യങ്ങളിൽ മിസൈലുകളെത്തിക്കാൻ സാധിച്ചത് ചൈനീസ് ഗ്ലോബൽ പൊസിഷനിംഗ് സംവിധാനങ്ങൾ (ബൈഡു നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (Beidou Navigation Satellite System - BDS) ഉപയോഗിച്ചതുകൊണ്ടാണ്.

ഇറാനിലെ ജനകീയപ്രക്ഷോഭങ്ങൾക്ക് സഹായകമായത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സേവനങ്ങളായിരുന്നു. സ്വാഭാവികമായി രൂപപ്പെടുന്ന അസ്വസ്ഥതകളെ ‘കളർ റവല്യൂഷൻ’ ആയി വികസിപ്പിക്കാനാണ് എല്ലായിടത്തും സ്റ്റാർലിങ്ക് ഉപയോഗിക്കപ്പെടുന്നത്. ഇറാനിലേക്ക് മാസങ്ങളോ വർഷങ്ങളോ കൊണ്ട് ഒളിച്ചുകടത്തിയ ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ച് രാജ്യത്തിനകത്ത് സമാന്തരമായ ഒരു ആശയവിനിമയ-കമാന്റിംഗ് സംവിധാനം ഉണ്ടാക്കിയെടുത്താണ് പ്രക്ഷോഭങ്ങളെ കൃത്യമായി ചാനലൈസ് ചെയ്യാൻ ശ്രമിച്ചത്. ഇവിടെയും ചൈനീസ് സാങ്കേതികവിദ്യ അമേരിക്കൻ കണക്കുകൂട്ടലുകളെ പരാജയപ്പെടുത്തിയതായാണ് വിവരം. ഉയർന്ന മിലിറ്ററി ഗ്രേഡ് ജാമിംഗ് സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി 80 ശതമാനം വരെ സ്റ്റാർലിങ്ക് പ്രവർത്തനങ്ങൾ ഇറാന് തടസ്സപ്പെടുത്താനായി എന്നാണ് വാർത്തകൾ. സമീപകാലത്ത് അമേരിക്കൻ നേതൃത്വത്തിലുള്ള അട്ടിമറിപ്രവർത്തനങ്ങൾക്കെല്ലാം സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രാരംഭമുന്നൊരുക്കങ്ങൾ നടത്തുന്നതു കാണാം. സ്വന്തം സൈനികരെ അപകടത്തിൽ പെടുത്താതെയും വിലയേറിയ സൈനികസംവിധാനങ്ങൾ ഉപയോഗിക്കാതെയും രാജ്യങ്ങൾക്കകത്ത് അട്ടിമറികൾ നടത്താനുള്ള ഉപകരണം എന്ന നിലയിലാണ് സ്റ്റാർലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നത്. മറ്റൊരു രാജ്യത്തു കടന്നുകയറി ആ രാജ്യത്തിന്റെ ഭരണകൂടസംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സമാന്തര ആശയവിനിമയവ്യവസ്ഥ ഉണ്ടാക്കുന്നതിന്റെ നൈതികതയൊന്നും പാശ്ചാത്യലോകത്ത് വലിയ വാർത്തയല്ല എന്നത് കൌതുകകരമാണ്. അതെല്ലാം സ്വാഭാവികമായ ജനാധിപത്യ പ്രവർത്തനങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രായേലിന് വേണ്ടത്ര മുൻകരുതൽ എടുക്കാൻ സാധിക്കാത്തതും സൗദി, ഖത്തർ, യു.എ.ഇ. തുടങ്ങി അമേരിക്കൻ സഖ്യകക്ഷിരാജ്യങ്ങളുടെ നയതന്ത്രഇടപെടലുകളും റഷ്യയുടെ സൈനിക-സാങ്കേതികസഹായങ്ങളുമെല്ലാം അമേരിക്കൻ പിന്മാറ്റത്തിനു പിന്നിലുണ്ടെന്ന് വിലയിരുത്തലുകളുണ്ട്. അട്ടിമറിശ്രമങ്ങൾ പാളി കാര്യങ്ങൾ തുറന്ന യുദ്ധത്തിലേക്കു പോയാൽ ഗൾഫ് മേഖലയാകെ പ്രശ്നത്തിലാകും. പരിധിവിട്ടാൽ ആഗോളസമ്പദ് വ്യവസ്ഥ തന്നെ തകരാറിലായേക്കാവുന്ന സാഹചര്യം തിരിച്ചറിഞ്ഞ് ഈ രാജ്യങ്ങൾ നടത്തിയ നയതന്ത്രനീക്കങ്ങൾ യുദ്ധമൊഴിഞ്ഞതിൽ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടി ഉറപ്പുള്ള ഒരിടത്തേക്കും അമേരിക്ക തന്നെയും സൈന്യത്തെ അയക്കില്ല. സംഗതി പന്തിയല്ല എന്ന ബോധ്യത്തിൽ തന്നെയാണ് ഇറാനെതിരെയുള്ള നീക്കത്തിൽ നിന്ന് അവർ തൽക്കാലം പിൻവാങ്ങിയത് എന്നാണ് കരുതേണ്ടത്.

യാഥാർത്ഥ്യബോധത്തോടെ ഇറാൻ ആഭ്യന്തരമായും രാജ്യാന്തരമായും ഉള്ള പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിച്ച് രാജ്യത്തിന്റെ വിഭവങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചില്ലെങ്കിൽ അധിക പാശ്ചാത്യ ഇടപെടലുകളൊന്നുമില്ലെങ്കിലും ഇറാൻ ഭരണകൂടം തകരും. ഇസ്രായേലിനെ സൈനികമായി വളയുക എന്ന നീക്കം ഇറാനിലെ ജനങ്ങളുടെ പക്ഷത്തുനിന്നു നോക്കിയാൽ ആത്മഹത്യാപരമാണ്. ഒരു ആഭ്യന്തര അട്ടിമറിയിലൂടെയോ മിലിട്ടറി ഓപ്പറേഷനിലൂടെയോ ഇറാനിലെ ഭരണകൂടം തകർന്നാൽ ആ രാജ്യത്തിന് ലിബിയയുടെയോ ഇറാഖിന്റെയോ ഗതി വന്നേക്കാം. ഇസ്രായേലിനെ തുറന്നെതിർക്കുന്നത് കവലയിൽ കൈയടി നേടാൻ ഉതകിയേക്കാമെങ്കിലും രാജ്യത്തിന്റെ നിലനില്പുസംബന്ധിച്ച് അപകടകരമായ ഒന്നാണ് അത്. പലസ്തീൻ പ്രശ്നവും ഇസ്രായേൽ മേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങളും യുദ്ധങ്ങളിലൂടെയല്ല പരിഹരിക്കേണ്ടത് എന്ന് വിശാലമായി ചിന്തിച്ചാൽ മനസ്സിലാകും.

ഇറാനിലെ ജനകീയപ്രക്ഷോഭങ്ങൾക്ക് സഹായകമായത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സേവനങ്ങളായിരുന്നു. സ്വാഭാവികമായി രൂപപ്പെടുന്ന അസ്വസ്ഥതകളെ ‘കളർ റവല്യൂഷൻ’ ആയി വികസിപ്പിക്കാനാണ് എല്ലായിടത്തും സ്റ്റാർലിങ്ക് ഉപയോഗിക്കപ്പെടുന്നത്.
ഇറാനിലെ ജനകീയപ്രക്ഷോഭങ്ങൾക്ക് സഹായകമായത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സേവനങ്ങളായിരുന്നു. സ്വാഭാവികമായി രൂപപ്പെടുന്ന അസ്വസ്ഥതകളെ ‘കളർ റവല്യൂഷൻ’ ആയി വികസിപ്പിക്കാനാണ് എല്ലായിടത്തും സ്റ്റാർലിങ്ക് ഉപയോഗിക്കപ്പെടുന്നത്.

ഇറാനെ ആക്രമിക്കാൻ അമേരിക്ക തുനിഞ്ഞിറങ്ങുന്നതിനു പിന്നിലെ ആഗോള സാമ്പത്തിക-രാഷ്ട്രീയയുക്തികൾകൂടി ആലോചിച്ചു നോക്കേണ്ടതുണ്ട്. അമേരിക്കയുടെ സാമ്പത്തികസ്ഥിതി നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നത് യുദ്ധങ്ങൾക്കു കാരണമായും യുദ്ധങ്ങളിലേക്കു പോകുന്നത് തടയുന്നതിനുള്ള കാരണമായും വിലയിരുത്തപ്പെടുന്നുണ്ട്. മുപ്പത് ട്രില്യനു മുകളിലാണ് അമേരിക്കയുടെ കടം. ഈ കടത്തിന്റെ പലിശ പലപ്പോഴും അമേരിക്കയുടെ പ്രതിരോധ ബഡ്ജറ്റിനെക്കാൾ കൂടുതൽ വരാറുണ്ടത്രെ. ലോകസാമ്പത്തികശക്തി എന്ന നിലയിലുള്ള രാജ്യത്തിന്റെയും ആഗോളവാണിജ്യത്തിനുള്ള സ്റ്റേബിൾ കറൻസി എന്ന നിലയിലുള്ള ഡോളറിന്റെ നിലയുമൊക്കെ തുടർച്ചയായ ഊഹാധിഷ്ഠിത കടപ്പത്രങ്ങളിലേക്ക് സാമ്പത്തികാസൂത്രണങ്ങളെ എത്തിച്ചതാണ് ഈ ഭീമമായ കടത്തിനു കാരണം. ആഭ്യന്തരമായ സാമ്പത്തിക-ബാങ്കിംഗ് ക്രമീകരണങ്ങളിലൂടെ അമേരിക്കയ്ക്ക് ഈ കടങ്ങൾ വലിയ രീതിയിൽ ലഘൂകരിക്കാൻ കഴിയും. എന്നാൽ ഈ കടം പെട്ടെന്നു തിരിച്ചടയ്ക്കുന്നതും കടം വാങ്ങുന്നത് നിർത്തുന്നതുമൊക്കെ ലോകസമ്പദ്‍വ്യവസ്ഥയ്ക്കു തന്നെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യങ്ങളാണ്. അമേരിക്കയുടെ കടബാധ്യതയിൽ വലിയൊരു പങ്ക് കടപ്പത്രങ്ങളുണ്ടാക്കിയ ബാധ്യതയാണ്. കടപ്പത്രങ്ങൾ പണംകൊടുത്ത് തിരിച്ചെടുത്താൽ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ അതിനുള്ള വിശ്വാസ്യത നഷ്ടപ്പെടും. ചുരുക്കത്തിൽ മതിപ്പിലും കടത്തിലും അധിഷ്ഠിതമായ ഊഹാധിഷ്ഠിത സമ്പദ്‍വ്യവസ്ഥ എന്ന മുതലാളിത്ത സാമ്പത്തിക ഡിസൈൻ തന്നെയാണ് അമേരിക്കയുടെ കെണി. അമേരിക്ക കടം വാങ്ങുന്നത് നിർത്തിയാൽ അല്ലെങ്കിൽ കടപ്പത്രങ്ങൾ വേഗത്തിൽ തിരിച്ചെടുത്താൽ, ലോകവിപണിയിലുള്ള ലിക്വിഡിറ്റി (പണലഭ്യത) കുറയും. ഇതുവഴി സുരക്ഷിത നിക്ഷേപം എന്ന നിലയിൽ അമേരിക്കൻ ബോണ്ടുകൾക്കുള്ള വില ഇടിയും. ഇത് ആഗോള സാമ്പത്തികമാന്ദ്യത്തിന് വഴിതെളിച്ചേക്കാം. അതായത്, അമേരിക്കയുടെ കടം ലോകത്തിന്റെ കൂടി ആവശ്യമായി/ബാധ്യതയായി മാറിയിരിക്കുന്നു എന്ന വൈരുദ്ധ്യാവസ്ഥയാണിത്. ക്രമാനുഗതമായ വളർച്ചയ്ക്കൊടുവിൽ ലോകത്തെ മൊത്തം മുക്കിക്കൊണ്ട് തകരുകയല്ലാതെ അതിന് വേറെ നിവൃത്തിയില്ല.

ഡോളറായിരുന്നു അമേരിക്കയുടെ ബലം. ചുമ്മാ ഡോളറടിച്ച് വിറ്റും കടപ്പത്രങ്ങളിറക്കിയും നാളിതുവരെ അമേരിക്കൻ സമ്പദ് വ്യവസ്ഥ പോറലേൽക്കാതെ നിന്നു. അമേരിക്കയുടെ ഇച്ഛയ്ക്കു നിൽക്കാത്തവരെ ഡോളർ വ്യവസ്ഥയ്ക്കു പുറത്താക്കുന്ന പരിപാടിയായിരുന്നു അമേരിക്കൻ ഉപരോധങ്ങൾ. ഇതിനു മുന്നിൽ ഒരു രാജ്യത്തിനും പിടിച്ചു നിൽക്കാൻ സാധിക്കുമായിരുന്നില്ല. ബദൽ കറൻസിയുണ്ടാക്കാൻ, വാണിജ്യത്തിനു പുതിയ കറൻസിയിൽ മൂല്യം നിശ്ചയിക്കാൻ തീരുമാനമെടുത്ത സകലരെയും അമേരിക്ക ഉന്മൂലനം ചെയ്തു കളഞ്ഞു. ലിബിയയിലെ ഗദ്ദാഫിയും ഇറാഖിലെ സദ്ദാം ഹുസൈനുമെല്ലാം ഇത്തരത്തിൽ ഡോളറിനെ വെല്ലുവിളിച്ചവരായിരുന്നു. റഷ്യയോടു കളിച്ചപ്പോഴാണ് അമേരിക്കയ്ക്ക് തിരിച്ചടി കിട്ടുന്നത്. ഉക്രൈൻ യുദ്ധത്തെ തുടർന്ന് അമേരിക്കൻ സാങ്ഷൻസ് വന്നപ്പോൾ റഷ്യൻ ബാങ്കിംഗ് വിദഗ്ദ്ധർ ഡോളറധിഷ്ഠിത സ്വിഫ്റ്റ് (SWIFT) വ്യാപാരത്തിനു ബദലായി ബ്രിക്സ് (BRICS) ബാംങ്കിംഗ് സംവിധാനം രൂപകല്പന ചെയ്തുകൊണ്ടിരിക്കുന്നു. ചൈനയും ഇറാനും ദക്ഷിണാഫ്രിക്കയും ബ്രസീലും അതിൽ ചേർന്നു.

ഏതാനും വർഷങ്ങൾകൊണ്ടു തന്നെ 40 ശതമാനത്തോളം ലോകവ്യാപാരം ബ്രിക്സും ലോക്കൽ കറൻസികളും കൊണ്ടുപോയി എന്നാണ് ചില വിലയിരുത്തലുകൾ പറയുന്നത്. കഴിഞ്ഞ വാരം അമേരിക്കൻ കടപ്പത്രത്തിന് അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരേ ഇല്ലാതായി എന്ന വാർത്ത വന്നു. ഇതെല്ലാം ഡോളറിന്റെ അപ്രമാദിത്വം അവസാനിക്കുന്നതിന്റെ സൂചനകളാണ്. കറൻസിയുടെ വില അതിന്റെ മതിപ്പാണ്. മതിപ്പു പോയാൽ വിപണിയിൽ അതിന് മടുപ്പാകും. പിടിച്ചു നിർത്താൻ പറ്റിയില്ലെങ്കിൽ അത് തകരും. അത്തരമൊരു തകർച്ചയുടെ ആദ്യപടിയിലാണ് ഡോളർ നിൽക്കുന്നത്. ഊഹാധിഷ്ഠിതസ്ഥിരതയ്ക്ക് മങ്ങലേറ്റാൽ ഡോളർ പതിയെ ഒരു സാധാരണ കറൻസിയായി മാറും.

ഈ തകർച്ച ഏതു വിധേനയും തടഞ്ഞ് അമേരിക്കയുടെ സാമ്പത്തിക-രാഷ്ട്രീയമേധാവിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ട്രംപ് തീരുവ-യുദ്ധഭീഷണികളുമായി തീവ്രശ്രമങ്ങൾ നടത്തുന്നത്. ബ്രിക്സിന്റെ മുന്നേറ്റം തടയാൻ തീരുവഭീഷണികളും സൈനികവും നയതന്ത്രപരവുമായ ഞെട്ടിക്കലുകളുമാണ് അമേരിക്ക പയറ്റിക്കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ വലിയ പ്രതിസന്ധിയാണ് ഇത്തരത്തിൽ നേരിടുന്നത്. റഷ്യയെ ഇന്ത്യ പൂർണമായും കൈയൊഴിയണമെന്നാണ് അമേരിക്കൻ ആവശ്യം. പരമ്പരാഗത സൈനികപങ്കാളി എന്ന നിലയിൽ ഇന്ത്യയ്ക്ക് റഷ്യയെ പൂർണ്ണമായി കൈയൊഴിയുന്നതിന് വലിയ പരിമിതിയുണ്ട്. ഇതൊക്കെയാണെങ്കിലും പ്രാദേശികകറൻസിയിൽ വ്യാപാരത്തിനുള്ള സാധ്യതകൾ അടിക്കടി ആലോചനയിലും പ്രയോഗത്തിലും വരുന്നു. പല രാജ്യങ്ങളുടെയും ദേശീയബാങ്കുകൾ ഡോളറിനെക്കാൾ കറൻസിയുടെ അടിസ്ഥാനമൂല്യമായി സ്വർണ്ണത്തെ തിരിച്ചുകൊണ്ടുവരികയും സ്വർണ്ണം വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. ഡീ ഡോളറൈസേഷൻ പ്രക്രിയ ശ്കതിപ്പെടുന്നതിന്റെ സൂചനകളാണ് ഇവയൊക്കെ. പുതിയ സാഹചര്യത്തിൽ രൂപയുടെ നില ഭദ്രമാക്കിയെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ നടത്തുന്ന ‘രൂപയുടെ അന്താരാഷ്ട്രവൽക്കരണശ്രമങ്ങൾ’ ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഡോളറിന്റെ ഇടനിലയില്ലാതെ വിദേശരാജ്യങ്ങളിൽ പണമിടപാട് നടത്താവുന്ന യു.പി.ഐ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇടപാടു നടത്താനുള്ള വോസ്ട്രോ അക്കൗണ്ടുകൾ, രൂപ ഉപയോഗിച്ച് എണ്ണ ഇടപാടുകൾ നടത്താവുന്ന ലോക്കൽ കറൻസി സെറ്റ്ൽമെന്റ് സിസ്റ്റം തുടങ്ങിയവ ഇത്തരത്തിൽ ഇന്ത്യയുടെ മുൻകൈയിലുള്ള ശ്രദ്ധേയമായ നീക്കങ്ങളാണ്. ആത്യന്തികമായി ഇത്തരം ശ്രമങ്ങൾ ഡീ-ഡോളറൈസേഷൻ പ്രക്രിയയെ ത്വരിതപ്പെടുത്തും. ഇന്ത്യയെപ്പോലെയുള്ള, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ ഡോളറിനെ കൈവിടാതെ തന്നെ സ്വന്തം കറൻസിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്, ആഗോള സാമ്പത്തികക്രമത്തിൽ വരാനിരിക്കുന്ന വലിയൊരു അധികാരമാറ്റത്തിന്റെ സൂചനയാണ്.

ഡോളറുകൊണ്ട് കഴിഞ്ഞുകൂടാമെന്ന അവസ്ഥ ഇല്ലാതായാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് ട്രംപിനെ അസ്വസ്ഥനാക്കുന്നത്. ഒരു അമേരിക്കക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആശങ്ക അടിസ്ഥാനമുള്ളതാണ്. അധികവിഭവങ്ങൾക്കുവേണ്ടി അവർ പുതിയ ഭൂപ്രദേശങ്ങൾ തങ്ങളുടേതാക്കാൻ ശ്രമിക്കുന്നു. വെനസ്വേലയുടെ എണ്ണയും ഗ്രീൻലാന്റിലെയും കാനഡയിലെയും സൂക്ഷ്മധാതുക്കളും തങ്ങൾക്കുവേണം എന്ന് അമേരിക്ക പറയുന്നതിന്റെ പൊരുൾ അതാണ്. ഇവിടങ്ങളിൽ മാത്രമായി അതു നിൽക്കില്ല. നാമമാത്രമായ സൈനികശേഷിയുള്ള സകല ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും അവർ തങ്ങളുടെ വരുതിയിൽ നിർത്തും. തുറമുഖങ്ങളും റോഡ് ഇലക്ട്രിസിറ്റി അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സാമ്പത്തികമായി പിടിമുറുക്കുന്ന ചൈനയെ തുരത്തേണ്ടതും അമേരിക്കയുടെ ആഗോളപോലീസ് എന്ന നിലയിലുള്ള നിലനിൽപിന് അത്യാവശ്യമാണ്. സൈനികശക്തികൊണ്ടു ചെറുത്തുനിൽക്കുന്ന ഇറാനെ പോലുള്ള രാജ്യങ്ങളെ അനുകൂലസാഹചര്യമുണ്ടാക്കി അവർ കടന്നാക്രമിക്കുക തന്നെ ചെയ്യും. റഷ്യയെയും ചൈനയെയും അസ്ഥിരപ്പെടുത്തുക എന്നതും അമേരിക്കയുടെ ദീർഘകാല പദ്ധതികളിൽ ഉൾപ്പെടുന്നു.

ഡോളറുകൊണ്ട് കഴിഞ്ഞുകൂടാമെന്ന അവസ്ഥ ഇല്ലാതായാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് ട്രംപിനെ അസ്വസ്ഥനാക്കുന്നത്. ഒരു അമേരിക്കക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആശങ്ക അടിസ്ഥാനമുള്ളതാണ്.
ഡോളറുകൊണ്ട് കഴിഞ്ഞുകൂടാമെന്ന അവസ്ഥ ഇല്ലാതായാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് ട്രംപിനെ അസ്വസ്ഥനാക്കുന്നത്. ഒരു അമേരിക്കക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആശങ്ക അടിസ്ഥാനമുള്ളതാണ്.

സാമ്പത്തിക-ഭൗമരാഷ്ട്രീയകാരണങ്ങളാൽ വരാനിരിക്കുന്ന ദശകങ്ങൾ അസ്വസ്ഥത നിറഞ്ഞ യുദ്ധങ്ങളുടേതും പിടിച്ചെടുക്കലുകളുടേതും പ്രതിരോധങ്ങളുടേതും ആകും. രണ്ടാം ലോകയുദ്ധത്തിനു ശേഷം കൈവന്ന സൈനിക സാമ്പത്തിക മേധാവിത്തം നിലനിർത്താൻ അമേരിക്കയും സ്വന്തം നിലനിൽപിന് മറ്റു രാജ്യങ്ങളും മത്സരിക്കും. റഷ്യ, ചൈന, ഇറാൻ പോലുള്ള കക്ഷികളെ ഈ മത്സരത്തിന്റെ മുൻനിരയിൽ കാണാൻ സാധിക്കും. ഒരു ഘട്ടത്തിൽ യൂറോപ്പുകൂടി ഏഷ്യൻ പക്ഷം ചേർന്നാൽ അമേരിക്കൻ മേധാവിത്തം ഭാവിയിൽ സാമൂഹ്യശാസ്ത്രപാഠപുസ്തകങ്ങളിലെ ഒരു അധ്യായം മാത്രമായി ചുരുങ്ങിയേക്കും.


Summary: The uprising that broke out in Iran in the last week of December 2025 was not simply a law and order issue or a US-Israeli attempt, V Abdul Latheef explains.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments