ഏകാധിപത്യം എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഉത്തര കൊറിയ എന്ന കിഴക്കനേഷ്യൻ രാജ്യവും അവിടത്തെ ഒളിഗാർക്കിക്ക് ഭരണത്തിന് നേതൃത്വം നൽകുന്ന കിം കുടുംബത്തെയുമായിരിക്കും. നേരെമറിച്ച്, ദക്ഷിണ കൊറിയ അറിയപ്പെടുന്നതുതന്നെ ജനാധിപത്യ പറുദീസയായിട്ടാണ്. എന്നാൽ ദക്ഷിണ കൊറിയ അതിന്റെ ചരിത്രത്തിൽ രൂപീകരണഘട്ടം മുതൽ മനുഷാവകാശങ്ങൾക്ക് വിലനൽകിയിരുന്ന ജനാധിപത്യ രാഷ്ട്രമായിരുന്നില്ല. ജപ്പാന്റെ കോളനി ഭരണത്തിനും കൊറിയൻ യുദ്ധത്തിനും ഇപ്പുറം 1980- കളുടെ അവസാനം മാത്രമാണ് ദക്ഷിണ കൊറിയ പൂർണാർത്ഥത്തിൽ ജനാധിപത്യവത്കരിക്കപ്പെട്ടത് എന്നു പറയേണ്ടി വരും.
ജനാധിപത്യപൂർവ്വ ദക്ഷിണ കൊറിയക്കും ഏകാധിപത്യത്തിന്റേതായ ഭൂതകാലമുണ്ട്. അതിലെ ഒരിക്കലും മറക്കാനാകാത്ത പേരാണ് പാർക്ക് ചങ് ഹീ. ദക്ഷിണ കൊറിയയുടെ മൂന്നാമത്തെ പ്രസിഡന്റ്. ഇന്നു കാണുന്ന നിലക്ക് ഒരു സാമ്പത്തികശക്തിയായി ആ രാജ്യത്തെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ചരിത്രത്താളുകളിൽ ഏകാധിപതിയെന്ന കുപ്രസിദ്ധിയുള്ള മുൻ സൈനിക നേതാവും മുൻ അധ്യാപകനുമാണ് പാർക്ക്. ദക്ഷിണ കൊറിയ എന്ന കിഴക്കനേഷ്യൻ രാജ്യത്തെ സൈനിക ഉരുക്കുമുഷ്ടികൊണ്ട് നീണ്ട 18 വർഷങ്ങൾ വാണ പാർക്കിനെ, കിം ജേ-ഗ്യു എന്ന, കൊറിയൻ മിലിറ്ററി അക്കാദമി മുതലുള്ള ഉറ്റ സുഹൃത്ത് കൂടിയായ സൈനിക മേധാവി വെടിവെച്ചുകൊല്ലുകയായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ രാജ്യത്ത് കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യാൻ കാത്തിരുന്ന പാർക്ക് എന്ന ഏകാധിപതിയെ കാത്തിരുന്നത് അനിവാര്യ ദുരന്തം കൂടിയായിരുന്നു.
1961-ലെ പട്ടാള അട്ടിമറിയിലൂടെയാണ് പാർക്ക് ചങ് ഹീ അധികാരത്തിലെത്തുന്നത്. ഏപ്രിൽ 19 മൂവ്മെന്റ് എന്നറിയപ്പെടുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ ദക്ഷിണ കൊറിയയുടെ പ്രഥമ പ്രസിഡന്റായ സിങ്മാൻ റീയുടെ ഭരണം 1960-ഓടെ അവസാനിക്കുന്നു. കൊടിയ കെടുകാര്യസ്ഥതയും ഏകാധിപത്യപരവുമായ ഈ ഭരണം മൂലം ഉണ്ടായ ഭരണകൂട വിരുദ്ധമായ വികാരം ദക്ഷിണ കൊറിയൻ ജനങ്ങളിൽ അമർഷവും വീർപ്പുമുട്ടലും ഉണ്ടാക്കിയിരുന്നു. അതിനാൽ, പിന്നീട് പ്രസിഡന്റായി നിയമിതനായ യുൻ പോസുനും കാര്യമായി ഒന്നും ചെയ്യാനായില്ല. ഈ അരക്ഷിതാവസ്ഥയെ മുതലെടുത്തുകൊണ്ടാണ് പാർക്ക് അധികാരത്തിലെത്തുന്നത്.
അതീവ ദരിദ്ര കർഷക കുടുംബത്തിൽ 1917-ലാണ് പാർക്ക് ജനിച്ചത്. പാർക്കിന്റെ കുട്ടിക്കാലത്ത് കൊറിയൻ ഉപഭൂഖണ്ഡം ജപ്പാന്റെ കോളനി ഭരണത്തിന് കീഴിലായിരുന്നു എന്നും 1929-ലെ ഗ്രേറ്റ് ഡിപ്രെഷൻ ഏഷ്യയെയും ബാധിച്ചിരുന്നു എന്നതും കൂടി കണക്കിലെടുക്കുമ്പോൾ ദക്ഷിണ കൊറിയയിലെ സാധാരണ മനുഷ്യരുടെ പരിതസ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. പാർക്ക് ചങ് ഹീയുടെ സ്കൂൾ സ്കൂൾ കാലഘട്ടം ദുരിതപൂർണമായിരുന്നു. പലപ്പോഴും കൃത്യമായി ഫീസടയ്ക്കുവാൻ സാധിക്കാതെ വരുമ്പോൾ ദീർഘ ദിവസങ്ങൾ ക്ലാസിൽ നിന്ന് വിട്ടുനിൽക്കേണ്ട അവസ്ഥയും പാർക്കിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഇവയെല്ലാം മറികടന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ച് അധ്യാപകവൃത്തിയിലേക്ക് കടന്നു. അതിനുശേഷം ജാപ്പനീസ് ഇമ്പീരിയൽ ആർമിയിൽ നിന്ന് പരിശീലനം നേടി, കൊറിയൻ സ്വാതന്ത്രാനന്തരം കൊറിയൻ സൈനിക അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി ദക്ഷിണ കൊറിയൻ സൈന്യത്തിൽ ഉന്നത സ്ഥാനങ്ങളിലേക്ക് അദ്ദേഹം നടന്നുകയറി.
അധികാരത്തിലെത്തിയപ്പോൾ തന്നെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നൊരു പ്രസ്താവന പാർക്ക് നടത്തി. എന്നാൽ ഈ വാക്കിനെ മറികടന്ന് 1963-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വളരെ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. ഒരു കാർഷിക കേന്ദ്രീകിത സമ്പദ്‌വ്യവസ്ഥയിൽ നിന്നും ഇന്ന് കാണുന്ന ഹൈ ടെക്ക് ഇക്കോണമിയായി സൗത്ത് കൊറിയ മാറിത്തുടങ്ങിയത് പാർക്ക് ചാങ് ഹീയുടെ ഭരണകാലത്താണ്. എൽ.ജി, ഹ്യൂണ്ടായ്, സാംസങ് എന്നിങ്ങനെയുള്ള ചെബോളുകൾ ദക്ഷിണ കൊറിയൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിച്ചുതുടങ്ങിയതും ഈ കാലത്താണ്. ഈ കാലയളവിനെ ഹാൻ നദിയുടെ അത്ഭുതം എന്നാണ് പൊതുവിൽ അറിയപ്പെട്ടിരുന്നത്. ഇത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിൽ തീവണ്ടികൾ കൃത്യസമയം പാലിച്ചു, അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ കൃത്യസമയത് ഓഫീസിൽ ഓഫീസിൽ എത്തി എന്ന വാദവുമായി വേണമെങ്കിൽ താരതമ്യം ചെയ്യാം.
എന്നാൽ ഇത്തരം സാമ്പത്തിക നേട്ടങ്ങളൊന്നും ദക്ഷിണ കൊറിയയിൽ അരങ്ങേറിയിരുന്നു ജീർണവ്യവസ്ഥയെ മറച്ചുവെക്കുവാൻ ഉതകുന്നതായിരുന്നില്ല. അന്നത്തെ ദക്ഷിണ കൊറിയൻ ഭരണഘടനയനുസരിച്ചു ഒരാൾക്ക് പരമാവധി രണ്ട് തവണ മാത്രമേ തുടർച്ചയായി പ്രസിഡന്റ് സ്ഥാനത് തുടരുവാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഈ നിയമവ്യവസ്ഥ മറികടന്ന് പാർക്ക് മൂന്നാമതും പ്രസിഡന്റായി എന്നുമാത്രമല്ല, സൗത്ത് കൊറിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ദക്ഷിണ കൊറിയയിലെ പ്രതിപക്ഷം പാർക്കിന്റെ കൊടിയ പ്രതികാര നടപടികൾക്ക് പാത്രമായി. ഇവരെ പാർക്ക് ഭരണകൂടം അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു. പ്രതിപക്ഷ നേതൃനിരയിലെ മുൻനിര നേതാവ് കിം ഡേ-ജംഗിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ആയിരത്തിലധികം ദക്ഷിണ കൊറിയൻ പൗരർ വാറൻറ് പോലും ഇല്ലാതെ തടവിലായി. ഇതിൽ എട്ട് പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ഇവരുടെ വധശിക്ഷ നടപ്പിലാക്കാൻ സ്റ്റേറ്റിന് കേവലം മണിക്കൂറുകൾ മാത്രമാണ് വേണ്ടിവന്നത്. ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു. തീവ്ര ചിന്താഗതിക്കാർ പാർക്കിനെ വധിക്കാൻ ശ്രമങ്ങളും നടത്തി. ഇത്തരമൊരു ശ്രമത്തിൽ പാർക്ക് ചങ് ഹീയുടെ ജീവിതപങ്കാളിയായിരുന്നു യുക് യംഗ്-സൂ കൊല്ലപ്പെട്ടു. ഇത് അദ്ദേഹത്തെ പൊതു സദസ്സുകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചു.
കുത്തഴിഞ്ഞ പാർക്ക് സർക്കാരിനെതിരെ പ്രതിഷേധങ്ങളും പ്രകടനങ്ങളും രാജ്യത്ത് ഒരു തുടർക്കഥകളും നിത്യസംഭവങ്ങളുമായി മാറി. ഇത്തരത്തിൽ ബുസാനിൽ നടന്ന ഒരു പ്രതിഷേധത്തെക്കുറിച്ചുള്ള വിലയിരുത്തലിൽ ഇത് സൗത്ത് കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ കൊറിയൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ( ഇന്നത്തെ നാഷണൽ ഇന്റലിജൻസ് സർവ്വീസിന്റെ പൂർവ്വ രൂപം) പരാജയമാണെന്ന പാർക്കിന്റെ പരാമർശം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും KCIA യുടെ അന്നത്തെ ഡയറക്ടറുമായ കിം ജേ-ഗ്യുവിന് തീരെ രസിച്ചില്ല. കിം തന്റെ സൈനിക തോക്കുകൊണ്ട് പാർക്കിനെയും മുഖ്യ അംഗരക്ഷകൻ ചാ ജി-ചിയോളിനെയും വധിച്ചു. പിന്നീട് കിം ജേ-ഗ്യുവിനെയും കൂട്ടാളികളെയും വധശിക്ഷക്കു വിധിച്ചു.
കിം ജേ-ഗ്യുവിന്റെ ഈ നടപടിക്കുപിന്നിൽ എന്തായിരിക്കാം കാരണം? കേവലം പൊടുന്നനെയുണ്ടായ വികാരത്തള്ളിച്ച മാത്രമാണോ? അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ? പ്രധാനമായും രണ്ട് വശങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്.
ഒന്ന്, കിം ജേ-ഗ്യുവിന് അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കാൻ മോഹമുണ്ടായിരുന്നു. അതിന് രൂപീകരിച്ച ഒരു നാടകത്തിന്റെ തിരക്കഥയിലെ ഒരേടു മാത്രമായിരുന്നു പാർക്കിന്റെ കൊലപാതകം. പാർക്കിനെ വധിച്ചശേഷം കിം ഉടൻ സൈനിക മേധാവി ജിയോങ് സിയൂങ്-ഹ്വവിന്റെ അടുത്തേക്കാണ് പോയത്. പ്രസിഡന്റ് പാർക്ക് കൊല്ലപ്പെട്ടു എന്നല്ലാതെ താനാണ് പാർക്കിനെ കൊന്നത് എന്ന സത്യം കിം, ജിയോങ് സിയൂങ്-ഹ്വവിന്റെ പാക്കൽനിന്ന് മറച്ചുവെച്ചു.
രണ്ടാമത്തെ കാരണം, കിം ജേ-ഗ്യുവിന് പാർക്കിന്റെ ഏകാധിപത്യ ഭരണത്തോട് വിയോജിപ്പുണ്ടായിരുന്നു എന്നതാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻ എന്ന നിലയിൽ കിമ്മിൽ നിക്ഷിപ്തമായ കർത്തവ്യം സ്റ്റേറ്റിനെതിരെ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിരീക്ഷിക്കുക എന്നതായിരുന്നു. എന്നാൽ പലപ്പോഴും ഒരു ഏകാധിപത്യ വ്യവസ്ഥയിൽ സ്റ്റേറ്റിനോടുള്ള ഉത്തരവാദിത്തത്തിൽ നിന്നു മാറി ഉദ്യോഗസ്ഥർ ഭരണകർത്താവിനോടു മാത്രം തീവ്രമായ വിധേയത്വം വെച്ചുപുലർത്തുന്ന രീതി കിം ജേ-ഗ്യുവിലും കാണാം. ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസിയുടെ സംശയദൃഷ്ടിയിൽ ഉത്തര കൊറിയൻ ഏജന്റുമാർ എന്ന് സംശയിക്കപ്പെട്ടവർ, സാഹിത്യ പ്രവർത്തകർ, പ്രതിപക്ഷത്തും ഭരപക്ഷത്തുമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നു തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുണ്ടായിരുന്നു. 1961- ൽ പാർക്കിന്റെ അട്ടിമറിസമയത്ത്, സൈന്യത്തിലെ ചിലർ കിമ്മിനെ ഒരു എതിരാളിയാണെന്ന് വിശ്വസിച്ച് തടഞ്ഞുവച്ചു. പിന്നീട് പാർക്ക് ചങ് ഹീ പ്രേത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് കിമ്മിനെ വിട്ടയക്കുന്നത്.
അറുപതുകളുടെ തുടക്കത്തിൽ തന്നെ സമരം ചെയ്യുന്നവരെ പിരിച്ചുവിടാൻ സൈന്യത്തെ ഉപയോഗിക്കുന്നതിനോട് കിം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അത് സൈന്യത്തിന്റെയല്ല, മറിച്ചു പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് കിം വാദിച്ചു. രാജ്യത്തിനോട് കൂറു പുലർത്തും എന്നതിനു പകരം പാർക്ക് ചങ് ഹീയോട് വിശ്വസ്തതയും കൂറും പുലർത്തും എന്ന് ദൃഢപ്രതിജ്ഞ ചെയ്യുന്ന ഹനാഹോ എന്ന സൈനിക വിഭാഗത്തിന്റെ രൂപീകരണത്തിനെയും കിം എതിർത്തു. അതുപോലെ, നാലാം കൊറിയൻ റിപ്പബ്ലിക്കിനെയും അതിന് അടിത്തറ പാകിയ, പാർക്ക് ഭരണത്തിന് എല്ലാ നിയമസാധുതയും നൽകിയ യുഷിൻ ഭരണഘടനയെയും അദ്ദേഹം നഖശിഖാന്തം രഹസ്യമായെങ്കിലും തള്ളിപ്പറഞ്ഞിരുന്നു.
കാരണങ്ങൾ എന്തുതന്നെയാണെങ്കിലും അദ്ദേഹത്തിന്റെ അടുത്ത മിത്രവും വിശ്വസ്ഥനുമായ കിം തന്നെ നിറയൊഴിച്ചു കൊന്നു. ആഴത്തിൽ പരിശോധിച്ചാൽ ഇതേ പാർക്കിസ്റ്റ് നിലപാടുകൾ വെച്ചുപുലർത്തുന്ന നിരവധി നേതാക്കളെ ലോക രാജ്യങ്ങളിൽ ഇന്ന് കാണാം. ഒരു രാജ്യത്തെ സാമ്പത്തികമായി കരകയറ്റി എന്നതുകൊണ്ടുമാത്രം പാർക്ക് ചങ് ഹീ മൂലം ദുരിതമനുഭവിച്ച ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണീരിനെയും നഷ്ടമായ മനുഷ്യജീവനുകളെയും കണ്ടില്ല എന്നു നടിക്കാനാകില്ല.