ലുല ജയിച്ചു, സെർബിയയും… ഒപ്പം?!

രണ്ട് തെരഞ്ഞെടുപ്പുകൾ. പ്രതീക്ഷ നൽകുന്ന രണ്ട് വിജയങ്ങൾ… ലാറ്റിനമേരിക്കയിൽ ലൂയിസ് ഇനാസിയോ ലുല ഡാസിൽവയെന്ന ലുല വീണ്ടും ചുവപ്പുകൊടി പാറിച്ചിരിക്കുന്നു. സെർബിയയിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകിയ പ്രതിപക്ഷസഖ്യവും. ജനാധിപത്യം… ഹാ… എന്തൊരു സുന്ദരമായ പദമെന്ന് പ്രതീക്ഷ പകരുന്നതാണ് ഈ വിജയങ്ങൾ. ബ്രസീലിൽ ഒക്ടോബറിൻെറ തുടക്കത്തിൽ നടന്ന ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിൽ ലുല നേരിയ വ്യത്യാസത്തിൽ എതിർ സ്ഥാനാർത്ഥിയും തീവ്രവലതുപക്ഷക്കാരനുമായ ഫ്ലാവിയോ ബോൾസനാരോയ്ക്ക് പിന്നിലായിരുന്നു. രണ്ടാം റൗണ്ടിൽ തിരിച്ചുവരവ് പ്രയാസമാവുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ രണ്ടാം റൌണ്ട് തെരഞ്ഞെടുപ്പിന് മുമ്പായി ലുലയും അദ്ദേഹത്തിൻെറ വർക്കേഴ്സ് പാർട്ടിയും തെരുവുകളിലേക്ക് ഇറങ്ങി. സോഷ്യൽ മീഡിയയിൽ കൂടുതൽ അഗ്രസീവായ ക്യാമ്പെയിനുകൾ നടത്തി. ജനാധിപത്യം പുലരണമെന്നും ഫാഷിസം അസാധ്യമാക്കണമെന്നും ലുല ബ്രസീലിയൻ ജനതയോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ 51.79 ശതമാനം വോട്ടുകളുമായി വർക്കേഴ്സ് പാട്ടി ജയിച്ചിരിക്കുന്നു. ലുല, തോൽക്കുകയും ബോൾസനാരോ ജയിക്കുകയും ചെയ്താൽ ലാറ്റിനമേരിക്ക മുഴുവൻ തീവ്രവലതുപക്ഷത്തിൻെറ കൈപ്പിടിയിൽ ഒതുങ്ങുമെന്ന് സ്വപ്നം കണ്ടിരുന്ന ഒരാളുണ്ട് അങ്ങ് അമേരിക്കയിൽ. 2022-ലെ തോൽവിക്ക് ശേഷം ബ്രസീലിൽ അട്ടമറിക്ക് ഗൂഢാലോചന നടത്തിയതിന് ബ്രസീലിൽ 27 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലിൽ കഴിയുന്ന മുൻ പ്രസിഡൻറ് ജെയ്ർ ബോൾസനാരോയുടെ ഫ്രണ്ട് സാക്ഷാൽ ഡൊണാൾഡ് ട്രംപ്. 80-കാരനായ ലുല നാലാം തവണയും ജയിച്ച് അധികാരത്തിലേറുമ്പോൾ ട്രംപിൻെറ മുഖം ചുളിയുന്നുണ്ട്. എന്ത് ചെയ്യാൻ ട്രംപ്… ജനാധിപത്യം ഇങ്ങനെയൊക്കെ നിങ്ങളെ തോൽപ്പിച്ച് കളയും. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ. റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ചേരുന്ന BRICS സഖ്യത്തിലെ അംഗരാജ്യവും. ലാറ്റിനമേരിക്കയിലും ആഗോളതലത്തിലും ഇനിയും ആ രാജ്യത്തിൽ നിന്ന് പ്രതിരോധത്തിൻെറ ശബ്ദങ്ങളുയരും. ലാറ്റിനമേരിക്കയെ തങ്ങളുടെ കോളനിയാക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വവും കോർപ്പറേറ്റ് ശക്തികളും എക്കാലവും ശ്രമിച്ച് കൊണ്ടിരുന്നത്. ബ്രസീലിയൻ ജനാധിപത്യത്തെ ശക്തമായി മുന്നോട്ട് കൊണ്ട് പോവാനുള്ള ദൌത്യമാണ് ഇനി ലുലയ്ക്ക് മുന്നിലുള്ളത്. പറ്റിയ പിൻഗാമികളെയും ഈ തൊഴിലാളിവർഗ നേതാവിന് രാഷ്ട്രീയത്തിൽ ഉയർത്തി കൊണ്ടുവരേണ്ടതുണ്ട്.

ഇനി സെർബിയയിൽ എന്ത് സംഭവിച്ചു?. അത് ജനാധിപ്യത്തിൻെറ മറ്റൊരു സൗന്ദര്യം. അധികാരക്കസേരയിൽ ഇരുന്ന് മത്ത് പിടിച്ചുപോയ, ഇനിയെക്കാലവും തങ്ങൾ തന്നെ ഭരിക്കുമെന്നും തങ്ങളുടെ കാലം കഴിയില്ലെന്നും കരുതുന്ന ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പായിട്ട് കൂടി സെർബിയൻ തെരഞ്ഞെടുപ്പിനെ കാണണം. രാജ്യത്തെ തെരഞ്ഞെടുപ്പിനെയാകെ അട്ടിമറിക്കാൻ ശ്രമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഒരു കൂട്ടം ജെൻസികളുടെയും യുവാക്കളുടെയും സമരം തുടരുന്ന പശ്ചാത്തലത്തിൽ ഇവിടെ നിന്ന്, നമ്മുടെ ഇന്ത്യയിൽ നിന്ന് സൂക്ഷ്മമായി തന്നെ വേണം ആ വിജയത്തെ നോക്കിക്കാണാൻ… ഒരു പതിറ്റാണ്ടിലധികമായി സെർബിയയിലെ ഭരണാധികാരിയായിരുന്ന അലക്സാണ്ടർ വുസിച്ചിനെക്കുറിച്ച് നമ്മൾ ഇതുവരെ അധികമൊന്നും കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഇന്ന് ആ യൂറോപ്യൻ രാജ്യത്ത് വിദ്യാർത്ഥികൾ നേതൃത്വം നൽകിയ പ്രതിപക്ഷകക്ഷികൾ അധികാരത്തിലെത്തുമ്പോൾ വുസിച്ചിന് സംഭവിച്ചത് എന്താണെന്ന് ലോകം ആകാംക്ഷയോടെ നോക്കിക്കാണുകയാണ്. രാഷ്ട്രീയ ഭൂകമ്പമാണെന്നാണ് ഈ അധികാരമാറ്റത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

2024 നവംബർ ഒന്നിനാണ് സെർബിയയിൽ എല്ലാം തുടങ്ങുന്നത്. സെർബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാഡിൽ റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ചതിനെ തുടർന്ന് പ്രക്ഷോഭം ആരംഭിക്കുന്നു. രാജ്യത്തെ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു. സർക്കാരിൻെറ കെടുകാര്യസ്ഥതയ്ക്കെതിരെയും അഴിമതിക്കെതിരെയും നിരന്തരചോദ്യങ്ങൾ ഉയർന്ന് കൊണ്ടേയിരുന്നു. "Student List-Students Win" എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കപ്പെട്ടു. അവരുടെ നേതൃത്വത്തിൽ രാജ്യത്തിൻെറ മുക്കിലും മൂലയിലും പ്രതിഷേധങ്ങളുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ആ പ്രതിഷേധക്കൊടുങ്കാറ്റ് സെർബിയയിൽ അലയടിക്കുന്നുണ്ട്. ഇപ്പോഴത് ഒരു സുനാമിയായി അധികാരക്കസേരയെ മലർത്തിയടിച്ചിട്ടിരിക്കുന്നുവെന്ന് മാത്രം.

സെർബിയയും ബ്രസീലും ചില മുന്നറിയിപ്പുകളാണ് നൽകുന്നത്. തീവ്രവലതുപക്ഷവും അവരെ നയിക്കുന്ന ആഗോള അധികാരവും എത്രതന്നെ പരിശ്രമിച്ചാലും ജനങ്ങളെ വിലക്കെടുക്കാനാവില്ലയെന്ന ബ്രസീലിയൻ പാഠം. ഭരണാധികാരികളുടെ അനീതികൾ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയാൽ അവരെ അധികാരക്കസേരയിൽ നിന്ന് താഴെയിറക്കാൻ വലിയ കാലതാമസമൊന്നും വേണ്ടെന്ന സെർബിയൻ പാഠം. നിങ്ങളുടെ ചെവികളിലൊക്കെ ഇന്ത്യയിലെ യുവാക്കളുടെ മുദ്രാവാക്യം വിളികളും മുഴങ്ങുന്നില്ലേ… ഗ്യാനു ഇറ്റ്സ് ഡൺ ബ്രോ… ഇതുപോലുള്ള ജനാധിപത്യത്തിൻെറ ഉത്സവം ലോകത്ത് നടക്കുമ്പോൾ ഓപ്പൺ എയർ വെറുതെ ഒന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് മാത്രം…

Comments