ലുലിസം ബ്രസീലിനെ രക്ഷിക്കുമോ?

ബ്രസീലിന്റെ ഭരണമാറ്റത്തിന്റെ ആവശ്യകത ലോകത്തിന്റേതും കൂടിയാണെന്ന വിലയിരുത്തലിന് പ്രസക്തിയുണ്ട്. തീവ്രവലതുപക്ഷ യാഥാസ്ഥിതികവാദത്തെ പിൻതുടരുന്ന ബ്രസീലിയൻ മുൻ പ്രസിഡണ്ട് ജയിർ ബോൾസനാരോ, ആമസോൺ കാടുകളിൽ നടത്തിയ ഭൂമി അട്ടിമറികൾ, ഖനനം, വൻതോതിൽ മരങ്ങൾ വെട്ടിമാറ്റൽ എന്നിവ അവിടെയുള്ള തദ്ദേശീയരുടെ നിലനില്പിനെ ബാധിക്കുകയും ആമസോൺ കാടുകളുടെ ആവാസവ്യവസ്ഥയുടെ ശോഷിപ്പിന് ആക്കം കൂട്ടുകയും ചെയ്തു. 49.1% വോട്ടിനെതിരെ 50.9% എന്ന നേർത്ത വിജയം മാത്രമാണ് ലുല ഇത്തവണ നേടിയതെങ്കിലും ബ്രസീലിയൻ പ്രതീക്ഷകൾ ഉണർവിലാണ്.

രിദ്രരും അതിദരിദ്രരും തമ്മിലുള്ള പോരാട്ടമായിരുന്നു ബ്രസീലിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്. യാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ ബ്രസീലിലെ ഇടതുപക്ഷത്തിന്റെ കുതിച്ചുകയറ്റം ലോകമാകെയുള്ള ഇടതുപക്ഷ അനുഭാവികൾ നന്നായിത്തന്നെ ആഘോഷിച്ചു. അഴിമതിയും തൊഴിലില്ലായ്മയും കോവിഡ് വ്യാപനത്തെ നേരിടുന്നതിലെ ദയനീയ തോൽവിയും ബ്രസീൽ എന്ന രാജ്യത്തെ ജീവിതനിലവാരത്തിലും സാമൂഹിക - സാമ്പത്തിക വ്യവസ്ഥിതിയിലും ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിച്ചതിൽ നിന്നും ഒരു തവണ തങ്ങൾ മാറ്റിനിർത്തിയവരെത്തന്നെ ബ്രസീലിയൻ ജനത തിരിച്ചു വിളിച്ച് അധികാരത്തിലേറ്റിയിരിക്കുന്നു.

ലുയിസ് ഇനാസ്യോ ലുല ഡ സിൽവ എന്ന കരുത്തുറ്റ വ്യക്തിയെത്തന്നെ ഭരണകൂടത്തിന്റെ തലപ്പെത്തിച്ചിരിക്കുന്നു. അതിഗംഭീരമായ ഒരു വിജയത്തിന്റെ മോടി പുതിയ ഭരണകൂടത്തിനില്ലെന്നതാണ് വാസ്തവമെന്നിരിക്കെ ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് പുതിയ ഭരണകൂടം മാറുമോയെന്നത് വലിയൊരു പ്രതീക്ഷ കൂടിയാണ്.

ബ്രസീലിന്റെ ഭരണമാറ്റത്തിന്റെ ആവശ്യകത ലോകത്തിന്റേതും കൂടിയാണെന്ന വിലയിരുത്തലിന് പ്രസക്തിയുണ്ട്. തീവ്രവലതുപക്ഷ യാഥാസ്ഥിതികവാദത്തെ പിൻതുടരുന്ന ബ്രസീലിയൻ മുൻ പ്രസിഡണ്ട് ജയിർ ബോൾസനാരോ, ആമസോൺ കാടുകളിൽ നടത്തിയ ഭൂമി അട്ടിമറികൾ, ഖനനം, വൻതോതിൽ മരങ്ങൾ വെട്ടിമാറ്റൽ എന്നിവ അവിടെയുള്ള തദ്ദേശീയരുടെ നിലനില്പിനെ ബാധിക്കുകയും ആമസോൺ കാടുകളുടെ ആവാസവ്യവസ്ഥയുടെ ശോഷിപ്പിന് ആക്കം കൂട്ടുകയും ചെയ്തു. പ്രതിദിനം ഏതാണ്ട് ഇരുപത് ബില്യൺ ടൺ ജലാംശം അന്തരീക്ഷത്തിലേക്ക് വിടുന്ന മരങ്ങൾ ഉൾക്കൊള്ളുന്ന ആമസോൺ കാടുകൾ എഴുപതോളം ബില്യൺ ടൺ കാർബണിന്റെ സംഭരണശാല കൂടിയാണ്. പ്രാദേശികമായി മാത്രമല്ല, ആഗോള ജലചക്രത്തിന്റെ നിലനില്പിൽ നിർണായക പങ്ക് വഹിക്കുന്ന, ലോകത്തിന്റെ ശ്വാസകോശമായി നിലകൊള്ളുന്ന ആമസോൺ കാടുകളുടെ നശീകരണം ആഗോളതാപനത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമായിരിക്കുന്നു. നോർവെ, ജർമനി എന്നീ രാജ്യങ്ങൾ ആമസോൺ കാടുകളുടെ സംരക്ഷണത്തിനായി നൽകി വന്ന നിക്ഷേപം ജയിർ ബോൾസനാരോയുടെ ദുർവ്യയത്തെത്തുടർന്ന് നിർത്തലാക്കിയിരുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബോൾസനാരോയുടെ തോൽവിയും ലുല നയിക്കുന്ന ഇടതുപക്ഷ തൊഴിലാളി സംഘടനയുടെ വിജയവും ഏറെ കൊണ്ടാടപ്പെടുന്നു. 2018 ലെ തെരഞ്ഞെടുപ്പിൽ 55.2 % നിരക്കിൽ ഇതേ പാർട്ടിയോട് ബോൾസുനാരോ വിജയിച്ചെങ്കിലും എതിരാളി, അന്ന് ജയിൽവാസമനുഭവിച്ചുകൊണ്ടിരുന്ന ലൂല ആയിരുന്നില്ല. പകരക്കാരനായി എത്തിയ ഫെർണാണ്ടോ ഫദാദിന് ബോൾസനാരോയുടെ വിജയത്തെ തടയാനുമായില്ല. അതുകൊണ്ടുതന്നെ 49.1% വോട്ടിനെതിരെ 50.9% എന്ന നേർത്ത വിജയം മാത്രമാണ് ലുല ഇത്തവണ നേടിയതെങ്കിലും ബ്രസീലിയൻ പ്രതീക്ഷകൾ ഉണർവ്വിലാണ്.

സ്വവർഗ വിവാഹത്തിനും ഇതര ലിംഗസമത്വങ്ങൾക്കും എതിരെ നിൽക്കുന്ന ബോൾസനാരോയ്ക്ക് ബ്രസീലിൽ പിന്തുണയേറെയുണ്ട്. കുടുംബബന്ധങ്ങളുടെ ശരിയായ നിലനിൽപ്പിനും സാമൂഹിക ആരോഗ്യത്തിനും കൂടുതൽ നിയമഭേദഗതികൾ വേണമെന്ന അദ്ദേഹത്തിന്റെ വാദങ്ങൾക്ക് യാഥാസ്ഥിതിക മനോഭാവം മുറുകെ പിടിക്കുന്ന വലിയൊരു വിഭാഗത്തിന്റെ വോട്ട് ലഭിച്ചിട്ടുണ്ട്. കൂടാതെ പെൻഷൻ പദ്ധതികളിലും നികുതിയിനങ്ങളിലും നൽകിയ വാഗ്‌ദാനങ്ങൾ ജനങ്ങളെ ഏറെ ആകർഷിച്ചിട്ടുമുണ്ട്. അവയെല്ലാം മാറ്റിവെച്ചാൽ, കഴിഞ്ഞ നാലുവർഷത്തെ വലതുപക്ഷഭരണത്തിന് അഴിമതിയുടെയും അക്രമത്തിന്റെയും ദുർഗന്ധമായിരുന്നു. കാടുകൾ വെട്ടിത്തെളിച്ച് ഖനനവും കച്ചവടവും ചെയ്യുവാൻ പ്രോത്സാഹനം നൽകിയ ഭരണകൂടത്തിനെതിരെ രോഷമുയർന്നിരുന്നു. ആമസോൺ തദ്ദേശവാസികളുടെ എതിർപ്പുകൾക്ക് യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല. കോവിഡ് വ്യാപനസമയത്ത് സമയോചിതമായ ഇടപെടലിന് മുൻകൈയെടുക്കാതെ വാക്സിൻ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രീയ സമ്മേളനങ്ങൾ നടത്തുകയും ചെയ്തത് ജനങ്ങളെ പ്രകോപിതരാക്കി. ജനരോഷത്തിനൊടുവിൽ ഇന്ത്യയിൽ നിന്നെത്തിച്ച വാക്സിൻ കൈമാറ്റത്തിൽ വൻ അഴിമതി ആരോപണങ്ങളും നേരിട്ടു. ലിംഗസമത്വത്തിനെതിരെയുള്ള പ്രവർത്തനങ്ങളും അബോർഷൻ നിയമഭേദഗതികളും രാഷ്ട്രീയ നേതൃത്വത്തിലെ അഴിമതികളും ലഹരിമാഫിയകളുടെ മുന്നേറ്റവുമെല്ലാം അപ്പോഴേയ്ക്കും ബ്രസീൽ എന്ന രാജ്യത്തെ പരിപൂർണ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരുന്നു.

മുൻ പ്രസിഡൻറ്​ കൂടിയായ ലു​ല കൃത്യമായാണ് ഈ അവസരത്തെ ചെറുത്ത് നിന്നത്. ആമസോൺ കാടുകളുടെ നിലനിൽപ്പ്, തൊഴിൽ, വിദ്യാഭ്യാസം, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരക്കരാർ, LGBTQI പിന്തുണ എന്നിവയെ മുൻ നിർത്തി ജനങ്ങളിൽ പ്രതീക്ഷ വളർത്താൻ തൊഴിലാളി പാർട്ടിയ്ക്ക് കഴിഞ്ഞു. എന്നാൽ അഴിമതിയാരോപണത്താൽ ജയിൽ വാസമനുഭവിച്ച മുൻ പ്രസിഡന്റിനെ അമിതമായി വിശ്വസിക്കാനും ജനം തയ്യാറായിരുന്നില്ല. ലുല പ്രസിഡന്റായിരുന്ന 2003-2011 കാലഘട്ടം ബ്രസീലിന്റെ സുവർണകാലഘട്ടമായിരുന്നു. ആരോഗ്യപദ്ധതികളും തൊഴിൽ നിക്ഷേപങ്ങളും നവീന മുന്നേറ്റങ്ങളും ലോകത്തെ എട്ടാമത്തെ സാമ്പത്തിക ശക്തിയായി ബ്രസീലിനെ വളർത്തി. ഗാർഹിക പദ്ധതികളും ഉപഭോക്തൃ നിരക്കിലെ മുന്നേറ്റവും ദരിദ്രവിഭാഗത്തെ മധ്യവർഗ്ഗത്തിലെത്തിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ നിക്ഷേപസൗഹൃദ രാജ്യമായി ഇറ്റലിയെ മാറ്റിയെടുക്കുന്നതിലും ലുല മുൻകൈയെടുത്തു. യൂണിയൻ നേതാവായി തുടങ്ങിയ രാഷ്ട്രീയമുന്നേറ്റം ആദ്യ പ്രസിഡൻസിയുടെ കാലത്ത് തിളങ്ങി നിന്നെങ്കിലും ശേഷം ആരോപണങ്ങളുടെ മുൾമുനയിലായിരുന്നു. സ്വകാര്യസ്ഥാപനങ്ങളുടെ അധികാരത്തെ എതിർത്തിരുന്ന ലുല പിന്നീട് ഗവണ്മെന്റും സ്വകാര്യസ്ഥാപനങ്ങളുമായുള്ള കരാറുകൾക്ക് അടിയറവ് പറഞ്ഞതോടെ പാർട്ടിയ്ക്കുള്ളിൽത്തന്നെ എതിർപ്പുകൾ ഉയർന്നു. എണ്ണക്കമ്പനികളിൽ നിന്നും മറ്റു സ്വകാര്യ കമ്പനികളിൽ നിന്നുമുള്ള ലാഭം വിദ്യാഭ്യാസ മേഖലയിലും ഗാർഹികമേഖലയിലും നിക്ഷേപിക്കുന്നതിനെതിരെ ശബ്ദമുയർന്നു. അത്തരം ഇടപാടുകൾ രാജ്യത്തിന്റെ പൊതുസ്ഥാപനങ്ങളുടെ നിയന്ത്രണം സ്വകാര്യ മേഖലയുടെ അധീനതയിലാകുമെന്നതിൽ ഒരു വിഭാഗം ഭയന്നു. തെരഞ്ഞെടുപ്പ് കാലത്തുണ്ടായ തീവ്രഇടതുപക്ഷ നയങ്ങളിൽ നിന്നും വിഭിന്നമായി യാഥാസ്ഥികവാദത്തിന്റെ ചൊല്പടിയ്ക്ക് നിൽക്കുന്ന നേതാവായി ലുല പെട്ടന്ന് മാറി. കത്തോലിക്കാ വിശ്വാസിയായ ക്രിസ്ത്യാനിയെന്നുറക്കെപ്പറഞ്ഞ് അബോർഷൻ നിയമങ്ങളോടുള്ള വ്യക്തിപരമായ എതിർപ്പ് പ്രകടിപ്പിച്ചു.

ആമസോൺ കാടുകൾക്കിടയിലൂടെയുള്ള അണക്കെട്ടിന്റെ പ്രവർത്തനത്തെ തടയുന്നതിൽ നിന്ന്​ അദ്ദേഹം പിൻവലിഞ്ഞതോടെ ഏതൊരു പ്രസിഡന്റും ഒരേ ചിന്തയുടെ പിന്തുടർച്ചക്കാരാണെന്ന ധാരണ തദ്ദേശീയരടക്കമുള്ളവരിൽ വളർന്നുവന്നു. മനോഹരമായ ചെകുത്താൻ എന്നറിയപ്പെടുന്ന ബെലോ മോൺറ്റി അണക്കെട്ടിന്റെ നിർമ്മാണം ആമസോണിലെ നദിയുടെ ഒഴുക്കിനെ താറുമാറാക്കുകയും തുടർന്ന് പരിസരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തുകയും ചെയ്തു. ഇരുപത്തയ്യായിരത്തോളം തദ്ദേശീയരെ പ്രത്യക്ഷമായിത്തന്നെ ബാധിക്കുന്ന, അനേകം ജീവിവർഗ്ഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഈ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിശ്ശബ്ദം പിന്തുണ നൽകിയ ലൂല മറ്റു യാഥാസ്ഥിതികവാദികളിൽ നിന്നും അധികം വ്യത്യസ്തമല്ലെന്ന വസ്തുത വ്യാപകമായി.

അതുകൊണ്ട് തന്നെയാണ് ഈ തെരെഞ്ഞെടുപ്പ് അത്രയേറെ തീക്ഷ്ണമായതും. ജനങ്ങളെ വൈകാരികമായി മുതലെടുക്കുന്ന ലിംഗസമത്വം, സ്ത്രീസ്വാതന്ത്ര്യം എന്നിവയ്ക്കുപരിയായി രൂക്ഷമായി ബാധിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ, ആമസോൺ കാടുകളുടെ സംരക്ഷണം, വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം തുടങ്ങിയവയിൽ കാര്യമായ വ്യത്യാസങ്ങൾ ഇരുവിഭാഗങ്ങളും മുന്നോട്ടുവെച്ചില്ല എന്നതും പ്രസക്തമാണ്. അതിന്റെ പ്രതിഫലനമാണ് നേരിയ വിജയത്തിന്റെ തെരെഞ്ഞെടുപ്പ്‌ ഫലവും.

പൊതുവെ ഇടതുപക്ഷരാഷ്ട്രീയത്തിന് അഭികാമ്യരല്ല നവലിബറൽ അനുകൂലനയങ്ങളുള്ള ലിബറൽ വിഭാഗം. എന്നാൽ ഫ്രീ മാർക്കറ്റ് വ്യാപാരത്തിനൊപ്പം വ്യക്തി അവകാശങ്ങൾക്കും ഊന്നൽ നൽകുന്ന സോഷ്യൽ ലിബറലിസത്തിന്റെ വീക്ഷണങ്ങളാണ് ലുലിസം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ- വികസന മേഖലകളെ അനുകൂലമായി ബാധിക്കുന്ന ഒരു ഗവണ്മെന്റിനെ ജനം പ്രതീക്ഷിക്കുന്നു. ലിബറൽ വിഭാഗത്തിന്റെ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണന അധികം മാറ്റമില്ലാതെ തുടരുന്നു. സ്വകാര്യ വ്യാപാരത്തിലൂടെ ലാഭമുണ്ടാക്കുകയോ കരാറുകൾ ഉണ്ടാക്കുകയോ ചെയ്യുന്നതിലൂടെയുള്ള ലാഭം റോഡുകളും കെട്ടിടങ്ങളും നിർമ്മിച്ച് വികസനം കൊണ്ടുവരിക എന്നതിലേയ്ക്കും തുടർന്ന് സാവധാനം സമൂഹവികസനത്തിന്റെ നിയന്ത്രണം സ്വകാര്യമേഖലയുടെ കുത്തകയാവുകയും ചെയ്യുന്നു. ഓരോ നാടിന്റെയും രീതിയ്ക്കനുസരിച്ച് അവയിൽ മാറ്റം വരാം. എന്നാൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടാകുന്ന പുരോഗതിയാണ് ഏത് വികസനത്തിന്റെയും അടിത്തറ എന്ന വിശ്വാസം ജനങ്ങളിൽ ഉടലെടുത്തിരുന്നു. പുതിയ പ്രസിഡന്റിൽ നിന്ന്​ അവർ പ്രതീക്ഷിക്കുന്നതും സുപ്രധാനമായും അതുതന്നെയാണ്. പരമ്പരാഗത കുടുംബവ്യവസ്ഥയിലും സാമൂഹിക ആരോഗ്യത്തിലും തീവ്ര യാഥാസ്ഥിതികവാദം മുറുകെ പിടിക്കുന്ന ഒരു വിഭാഗവും, വലതുപക്ഷ രാഷ്ട്രീയം അധികാരത്തിലെത്തിയാലുണ്ടാകുന്ന നിയമഭേദഗതികളുണ്ടാക്കുന്ന ഭയത്തിൽ മറ്റൊരു വിഭാഗവും എന്ന നിലയിൽ രാഷ്ട്രീയമായും സാമൂഹികമായും ധ്രുവീകരിക്കപ്പെട്ട ജനതയാണ് ബ്രസീലിൽ. യാഥാർത്ഥരാഷ്ട്രീയബോധത്തിനും സ്വാതന്ത്രചിന്താഗതിയിലൂടെയുള്ള പുരോഗമനപരമായ മുന്നേറ്റത്തിനും പകരം പരസ്പരമുള്ള വിദ്വേഷവും അതിലൂടെയുള്ള വിജയത്തിനായുള്ള മത്സരവുമായി തെരെഞ്ഞെടുപ്പ് മാറിയിരിക്കുന്നു. അമേരിക്കയിൽ രണ്ട് വർഷം മുൻപ് നടന്ന തെരെഞ്ഞെടുപ്പ് കോലാഹലങ്ങളുടെ അതേ അവസ്ഥയിലാണ് ബ്രസീലിപ്പോൾ. ട്രംപിനോടുള്ള വിദ്വേഷത്താൽ വിജയിച്ച ബൈഡനും ബോൾസനാരോയ്ക്കെതിരെ ജയിച്ച ലൂലയും തമ്മിൽ വലിയ വ്യത്യാസമില്ല. ബ്രസീലിയൻ ബൈഡൻ എന്നറിയപ്പെടുന്ന ലുല എങ്ങനെയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ജനുവരി മുതൽ അറിയാൻ കഴിയും. ഒന്നുറപ്പിക്കാം, ആമസോൺ കാടുകളുടെ നശീകരണത്തെ അല്പം നേർപ്പിച്ച് കൊണ്ടുവരും എന്നതിൽ കവിഞ്ഞൊന്നും പുതിയ ഗവണ്മെന്റ് ഉറപ്പ് നൽകിയിട്ടില്ല. കാലിസമ്പത്തും സോയാബീൻ കൃഷിയും ബില്യൺ ഡോളറിന്റെ കച്ചവടമാണെന്നിരിക്കേ ആമസോൺ കാടുകളുടെ വെട്ടിനിരത്തലുകൾ അവയുടെ കരാറുകൾക്കുള്ള പുതിയ ഭൂമിയെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഇടതുപക്ഷ പിന്തുണയുള്ള പിങ്ക് വിപ്ലവമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലിപ്പോളുള്ളത്, ബ്രസീലിലും. തീവ്ര സോഷ്യലിസ്റ്റ് ചിന്താഗതിയ്ക്കപ്പുറം സാമൂഹിക ജനാധിപത്യത്തെ ആശ്രയിക്കുന്ന പിങ്ക് തരംഗത്തിന്റെ മൂലകാരണം മുൻപുള്ള ഗവണ്മെന്റിന്റെ അഴിമതി നിറഞ്ഞ ഭരണത്തോടുള്ള എതിർപ്പാകാം എന്നും മറിച്ച് പ്രതീക്ഷയുടെ അറ്റത്ത് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനുള്ള ധൈര്യം ഇപ്പോഴും ജനങ്ങൾക്കുണ്ട് എന്നുമാണ് വിലയിരുത്തൽ.

Comments