ബ്രിക്സിലൂടെ ലോകരാജ്യങ്ങൾക്കുമുന്നിൽ തുറക്കപ്പെടുന്ന സാധ്യതകൾ

‘‘ഇറാനും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ചുക്കാന്‍ പിടിച്ചതും, നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നേതൃത്വം വഹിച്ചതും ചൈനയാണ്. ബ്രിക്‌സ് വിപുലീകരിക്കപ്പെട്ടപ്പോള്‍ അതില്‍ ഇരു രാജ്യങ്ങളും അംഗങ്ങളാകും. ഇറാനും ഈജിപ്റ്റും ബ്രിക്സിന്റെ ഭാഗമാവുന്നതോടെ ബ്രിക്സിന് നേതൃത്വം വഹിക്കുന്ന ചൈനയ്ക്ക് ഭൗമ രാഷ്ട്രപരമായി ഇവിടങ്ങളില്‍ മേല്‍ക്കൈ നേടാനും സാധിക്കും. ബ്രിക്സിലൂടെ ലോകരാജ്യങ്ങള്‍ക്ക് മറ്റൊരു സാധ്യത കൂടി തുറന്നു കൊടുക്കപ്പെടുകയാണ്.’’

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അമേരിക്ക കയ്യാളിയ ഏകധ്രുവ ലോകക്രമത്തിന് വെല്ലുവിളിയായി ബ്രിക്‌സിന്റെ വികാസം മാറുമോ എന്നത് ആഗോള തലത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേരുന്ന കൂട്ടായ്മയാണ് ബ്രിക്‌സ്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരത ഉറപ്പുവരുത്തുക എന്നതാണ് ബ്രിക്സിന്റെ പ്രധാന ഉദ്ദേശ്യങ്ങളില്‍ ഒന്ന്. 2010- ല്‍ രൂപീകൃതമായ ബ്രിക്സിന്റെ 15-ാമത് ഉച്ചകോടി സൗത്താഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്നു. റഷ്യയുടെ വ്ലാദിമിര്‍ പുട്ടിന്‍ ഒഴികെ ബാക്കി എല്ലാ രാജ്യതലവന്മാരും ജോഹന്നാസ്ബര്‍ഗ്ഗില്‍ എത്തി. യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുട്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അംഗരാജ്യം എന്ന നിലയില്‍ സൗത്താഫ്രിക്കയിലെത്തുന്ന പുട്ടിനെ അറസ്റ്റ് ചെയ്യാന്‍ സൗത്താഫ്രിക്ക നിര്‍ബന്ധിതരാകുമായിരുന്നു എന്നത് ഒരു വസ്തുതയാണ്.

2023 ആഗസ്റ്റ് 22-നാരംഭിച്ച്, മൂന്നുദിവസം നീണ്ടു നിന്ന ഉച്ചകോടിയില്‍ എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്ന്, ആ കൂട്ടായ്മയുടെ വികാസമായിരുന്നു. ബ്രിക്‌സില്‍ അംഗത്വം നേടുന്നതിന് 40ലധികം രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ 22 രാജ്യങ്ങള്‍ ഔദ്യോഗികമായി തന്നെ അപേക്ഷ സമര്‍പ്പിച്ചു എന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമാഫോസ പറഞ്ഞു. അതില്‍ നിന്ന് ആറു രാജ്യങ്ങളെ ബ്രിക്സിന്റെ അംഗങ്ങളായി തിരഞ്ഞെടുത്തു. അര്‍ജന്റീന, ഈജിപ്റ്റ്, എത്യോപ്യ, ഇറാന്‍, സൗദി അറേബ്യ, യു എ ഇ എന്നിവയാണ് പുതിയ അംഗരാജ്യങ്ങള്‍.

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ സഹകരണത്തിന്റെയും ഐക്യത്തിന്റെയും പുതിയൊരു അധ്യായം തുടങ്ങണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിങ് ആഹ്വാനം ചെയ്തു. ബ്രിക്സിന്റെ വികാസം ബഹുസ്വരതയും പല ധ്രുവങ്ങളുമുള്ള ഒരു ലോകക്രമം സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐ എം എഫിന്റെ കണക്ക് പ്രകാരം ലോകത്തിലെ 3.2 ബില്യണ്‍ മനുഷ്യര്‍ ജീവിക്കുന്നത് ബ്രിക്‌സ് രാജ്യങ്ങളിലാണ്. ലോകജനസംഖ്യയുടെ 40%വും അതുപോലെ ആഗോള ജി ഡി പിയുടെ 31.5% വും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.

അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദേല്‍ മദ്ജിദ് ടെബൗണിന്റെ അഭിപ്രായത്തില്‍, ആഗോള ധ്രുവീകരണത്തില്‍ നിന്ന് വിട്ടുനിൽക്കാൻ ബ്രിക്‌സ് പോലുള്ള സംഘടനകള്‍ നിരവധി വികസ്വര രാജ്യങ്ങളെ സഹായിക്കും. രണ്ടാം ലോക യുദ്ധാനന്തരം ലോകം ഒരു ബൈപോളാര്‍ സംവിധാനത്തിലേക്കും പിന്നിട് സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അമേരിക്കന്‍ ആധിപ്യത്തിന്റെ ഏക ധ്രുവ ക്രമത്തിലേക്കും ലോകം വഴുതിവീണു. ഈ ഹെഗിമണിയുടെ പിന്‍ബലത്തില്‍ അമേരിക്ക, അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആഗോള ദക്ഷിണ രാജ്യങ്ങളെ ചൂഷണം ചെയ്തു. പ്രധാനമായും ഈ ഒരു പ്രവണതയ്ക്ക് അറുതി വരുത്താന്‍ ബ്രിക്‌സിന്റെ വിപുലീകരണത്തിന് സാധിക്കും. അതിനായുള്ള പ്രധാന ഉപാധി ഡോളറില്‍ വിനിമയം നടത്തുന്നത് ഉപേക്ഷിക്കുക എന്നതാണ്. ഇന്ന് ലോകമെമ്പാടും വലിയ രീതിയില്‍ ഡീ- ഡോളറൈസേഷന് ആക്കം കൂട്ടാന്‍ ബ്രിക്‌സിന് സാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബ്രിക്‌സ് രാജ്യങ്ങള്‍ സാമ്പത്തിക വിനിമയത്തിനായി പൊതുവായ ഒരു ഡോളര്‍ ഇതര കറന്‍സി സ്വീകരിക്കുകയോ, അല്ലെങ്കില്‍ അതത് രാജ്യങ്ങളുടെ കറന്‍സിയില്‍ കച്ചവടം നടത്താന്‍ അനുവദിക്കുകയോ ചെയ്താല്‍ അവിടെ ഇടിയുന്നത് ഡോളറിന്റെ ആവശ്യകതയാണല്ലോ. രണ്ടാം ലോകയുദ്ധാനന്തരം രൂപംകൊണ്ട ബ്രിട്ടന്‍ വുഡ്‌സ് സംവിധാനത്തിനും ഇതോടെ മാറ്റം വരും. ആഗോള സാമ്പത്തിക സംവിധാനം, അന്താരാഷ്ട്ര വ്യാപാര- നിക്ഷേപങ്ങള്‍, ഊര്‍ജ്ജ മേഖല, വിനോദ സഞ്ചാരം, ബാങ്കിങ് മേഖല എന്നിങ്ങനെ അമേരിക്കന്‍ അപ്രമാദിത്വം ഉണ്ടായിരുന്ന എല്ലാ മേഖലകളും ഇനി മുതല്‍ അമേരിക്കന്‍ മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെടും. നവ കൊളോണിയലിസം പഴങ്കഥയായി മാറുന്ന കാഴ്ച ചിലപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ കാണാൻ സാധിക്കും.

ബ്രിക്സിന്റെ വിപുലീകരണം വഴി വികസ്വര, ആഗോള ദക്ഷിണ രാജ്യങ്ങള്‍ക്ക് നല്ല കാലം വരും എന്ന് പലരും കരുതുന്നു. സാമ്പത്തിക സഹായത്തിന് അമേരിക്കയുടെ തിണ്ണ നിരങ്ങുന്നതിനുപകരം ബ്രിക്‌സ് രാജ്യങ്ങളുടെ പൊതുബാങ്കായ ന്യൂ ഡവലപ്‌മെന്റ് ബാങ്കിനെ സമീപിച്ചാല്‍ അവരുടെ വികസനാവശ്യത്തിനുള്ള പണം ലഭിക്കും എന്ന സ്ഥിതി നിലവില്‍ വരും. ആഫ്രിക്ക ഭാവിയിലെ ഗള്‍ഫ് ആയി മാറാൻ സാധ്യതയുണ്ട് എന്ന് കണക്കുകൂട്ടല്‍ പൊതുവില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിലനില്‍ക്കുന്നു. അപ്പോള്‍ ഈ രാജ്യങ്ങള്‍ക്ക് വേണ്ടിവരുന്ന അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിക്‌സ് കൂട്ടായ്മയ്ക്ക് വലിയ പങ്കു വഹിക്കാനാകും. കേവലമായ വിപണി നേട്ടം മാത്രമല്ല, മറിച്ച് ആഗോള ദക്ഷിണ രാജ്യങ്ങളില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവ്, നിയന്ത്രണം ഇല്ലാത്ത നാണയപെരുപ്പം, ഭക്ഷ്യസുരക്ഷയുടെ അപാകത, കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ എന്നിങ്ങനെ ആഫ്രിക്കന്‍ ജനത ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ ഇവയ്‌ക്കെല്ലാം പരിഹാരം കണ്ടെത്താനും ബ്രിക്സിന് സാധിക്കും എന്ന് കരുതുന്നവരുണ്ട്. ആഫ്രിക്കന്‍ സുഹൃത്തുക്കള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉറപ്പ് നല്‍കി. ബ്രിക്‌സ് കൂട്ടായ്മയുടെ മറ്റൊരു സ്ഥാപിത രാജ്യമായ ചൈനയും ആഫ്രിക്കന്‍ വന്‍കരയില്‍ വലിയ രീതിയിൽ നിക്ഷേപത്തിന് തയ്യാറാണ്.

ബ്രിക്‌സ് എന്നത് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരമല്ല, മറിച്ച് ബ്രിക്സിലൂടെ ലോകരാജ്യങ്ങള്‍ക്ക് മറ്റൊരു സാധ്യത കൂടി തുറന്നു കൊടുക്കപ്പെടുകയാണ് ചെയ്തത്. വിപുലീകരണത്തിന്റെ ഇടയിലും ആ ഒരു കൂട്ടായ്മയിലുണ്ടാവാന്‍ സാധ്യതയുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയെ കുറിച്ചും ആ കൂട്ടായ്മ മൂലം ലോകത്തുണ്ടാകാന്‍ സാധ്യതയുള്ള മാറ്റത്തെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം.

ചൈനയും ഇന്ത്യയും പതിറ്റാണ്ടുകളായി അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കപ്പെട്ടിട്ടില്ല എങ്കില്‍ ബ്രിക്സിലെ രണ്ട് പ്രധാന സ്ഥാപിതകക്ഷികള്‍ തമ്മിലുള്ള വിഷയങ്ങള്‍ ബ്രിക്‌സിന്റെ തന്നെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അത് പറയുമ്പോള്‍ തന്നെ പരസ്പരവൈരികളായി തുടര്‍ന്നിരുന്ന ഇറാനും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ചുക്കാന്‍ പിടിച്ചതും, നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും നേതൃത്വം വഹിച്ചത് ചൈന തന്നെയാണ്. ബ്രിക്‌സ് വിപുലീകരിക്കപ്പെട്ടപ്പോള്‍ അതില്‍ ഇരു രാജ്യങ്ങളും അംഗങ്ങളാവുകയും ചെയ്യും. ഇറാനും ഈജിപ്റ്റും ബ്രിക്സിന്റെ ഭാഗമാവുന്നതോടെ ബ്രിക്സിന് നേതൃത്വം വഹിക്കുന്ന ചൈനയ്ക്ക് ഭൗമ രാഷ്ട്രപരമായി ഇവിടങ്ങളില്‍ മേല്‍ക്കൈ നേടാനും സാധിക്കും.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയും ബ്രിക്‌സിന്റെ 15-ാമത് ഉച്ചകോടിയില്‍

പൊതുവില്‍ അര്‍ജന്റീന, ഇന്ത്യ എന്നിവിടങ്ങളില്‍ പുതുതായി കണ്ടെത്തിയ ലിത്തിയം നിക്ഷേപവും നിര്‍ണായകമാണ്. ഫോസില്‍ ഫ്യൂവലുകളെ പാടെ ഉപേക്ഷിച്ച് പരിപൂര്‍ണമായി വൈദ്യുതിവാഹനങ്ങളെ ആശ്രയിക്കാന്‍ പോകുന്ന ഭാവിയില്‍ ഈ ലിഥിയം നിക്ഷേപം ബ്രിക്‌സിന് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. ഇനിയുള്ള പതിറ്റാണ്ടുകള്‍ ആഗോള ദക്ഷിണ രാജ്യങ്ങളുടേതായിരിക്കും, ചിലപ്പോള്‍ അതിന് നേതൃത്വം വഹിക്കുന്നത് ബ്രിക്‌സും ആയിരിക്കും.

Comments