ഡോളർ വീഴുമോ?
ഡീ-ഡോളറൈസേഷനും
ബ്രിക്സ് മുന്നേറ്റങ്ങളും

“ഡോളർ അവസാനിക്കുമോ എന്നതല്ല ബ്രിക്സാനന്തരം ലോകം ചർച്ച ചെയ്യുന്നത്. ഡോളർ ഇനിയും ലോകത്തിന് അനിവാര്യമായ ഏക സാമ്പത്തിക ഇടനാഴിയായി തുടരുമോ എന്നതാണ്. ബ്രിക്സിന്റെ അജണ്ടയും ഒരു ദിവസംകൊണ്ട് ഡോളറിനെ താഴെയിറക്കുക എന്നതല്ല, മറിച്ച് ഡോളറില്ലാതെയും രാജ്യങ്ങൾക്ക് പരസ്പരം വ്യാപാരം ചെയ്യാനും പണം കൈമാറാനും കഴിയുന്ന ഒരു ബദൽ ശൃംഖല സൃഷ്ടിക്കുക എന്നതാണ്,” ബ്രിക്സ് സമ്മിറ്റിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ഡീ-ഡോളറൈസേഷൻ ചർച്ചകളെ വിലയിരുത്തുന്നു ശുഐബ് കാന്തപുരം.

ഡോളർ എന്ന അമേരിക്കൻ പ്രാദേശിക നാണയം എങ്ങനെയാണ് ലോകവിപണിയെ നിയന്ത്രിക്കുന്ന നാണയശക്തിയായി മാറിയത്? സാധാരണഗതിയിൽ രാഷ്ട്രങ്ങളുടെ നാണയങ്ങൾ അതത് രാഷ്ട്രാതിർത്തികളിൽ ഒതുങ്ങേണ്ടതാണ്. പക്ഷേ ഡോളറിന്റെ കാര്യം വ്യത്യസ്തമാണ്. എണ്ണ വാങ്ങുമ്പോഴും രാജ്യങ്ങൾ പരസ്പരം വ്യാപാരം ചെയ്യുമ്പോഴും കേന്ദ്രബാങ്കുകൾ കരുതൽ ധനം സൂക്ഷിക്കുമ്പോഴും ലോകം ഇന്നും വലിയൊരളവിൽ ഡോളറിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് ഡോളറിന്റെ ആധിപത്യം കുറയുക എന്നത് വെറുമൊരു നാണയത്തിന്റെ പ്രാധാന്യം കുറയലല്ല, അമേരിക്കയ്ക്ക് ലോകത്ത് ലഭിക്കുന്ന സാമ്പത്തിക - രാഷ്ട്രീയ സ്വാധീനത്തിലുള്ള ഇടിവ് കൂടിയാണ്.

ഒരു പുതിയ നാണയം പുറത്തിറക്കിയതുകൊണ്ട് മാത്രം ലോകനാണയമാകാൻ കഴിയില്ല എന്നതിനാൽ, ബ്രിക്സിന്റെ യഥാർത്ഥ ശ്രമം ബാങ്കിംഗ് സംവിധാനങ്ങളും നിക്ഷേപ വിപണികളും വായ്പാ ശൃംഖലകളും ഉൾപ്പെടുന്ന ഒരു ബദൽ “സാമ്പത്തിക അടിസ്ഥാനസൗകര്യം” ക്രമേണ കെട്ടിപ്പടുക്കുകയാണ്.

1944-ൽ രൂപപ്പെട്ട ബ്രെറ്റൺ വുഡ്സ് സംവിധാനമാണ് ഡോളറിന്റെ ആഗോള സ്ഥാനത്തിന് അടിത്തറയിട്ടത്. അന്ന് ഒരു ഔൺസ് സ്വർണത്തിന് 35 ഡോളർ എന്ന ഫിക്സ്ഡ് നിരക്ക് നിശ്ചയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന ആഗോള സാമ്പത്തിക വ്യവസ്ഥയെ പുനഃസംഘടിപ്പിക്കാനായിരുന്നു ഇത്. അതായത്, ആരെങ്കിലും (പ്രധാനമായും വിദേശ കേന്ദ്രബാങ്കുകൾ) 35 ഡോളർ തന്നാൽ പകരം ഒരു ഔൺസ് സ്വർണം നൽകാൻ അമേരിക്കൻ സർക്കാർ ബാധ്യസ്ഥരായിരുന്നു എന്ന് ചുരുക്കം. തത്ഫലമായി, ലോകത്തിന് മുഴുവൻ സ്വർണം നേരിട്ട് കൈവശം വെക്കുന്നതിനേക്കാൾ എളുപ്പം ഡോളർ കരുതൽ ധനമായി സൂക്ഷിക്കലായി. ഡോളർ നൽകിയാൽ എപ്പോൾ വേണമെങ്കിലും സ്വർണം തിരികെ കിട്ടുമെന്ന വിശ്വാസമാണ് ഡോളറിനെ “ഗോൾഡ് സ്റ്റാൻഡേർഡ്” ആക്കി മാറ്റിയത്. അങ്ങനെ ഡോളർ ലോകത്തിലെ പ്രധാന കരുതൽ നാണയമായി (World Reserve Currency) മാറി.

എന്നാൽ 1960-കളുടെ അവസാനത്തോടെ ഈ സംവിധാനത്തിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടു. വിയറ്റ്നാം യുദ്ധത്തിലെ അമിത ചെലവുകൾ വഹിക്കാൻ അമേരിക്ക ധാരാളം ഡോളറുകൾ അച്ചടിച്ചിറക്കി. എന്നാൽ അതിനൊത്ത സ്വർണ്ണനിക്ഷേപങ്ങൾ അവരുടെ കയ്യിലില്ലായിരുന്നു. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പക്കലുള്ള ഡോളർ അമേരിക്കയ്ക്ക് തിരികെ നൽകി പകരം സ്വർണം ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ അമേരിക്കയുടെ സ്വർണശേഖരം വേഗത്തിൽ കുറയാൻ തുടങ്ങി. പ്രശ്നം രൂക്ഷമായതോടെ 1971-ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ "ഇനിമുതൽ ഡോളർ നൽകിയാൽ പകരം സ്വർണം നൽകില്ല" എന്ന് പ്രഖ്യാപിച്ചു. ഡോളറും സ്വർണവും തമ്മിലുള്ള ബന്ധം അങ്ങനെ അവസാനിച്ചെങ്കിലും ഡോളറിന്റെ പ്രാധാന്യം കുറഞ്ഞില്ല. കാരണം അപ്പോഴേക്കും അമേരിക്കൻ ധനവിപണിയുടെ വലുപ്പവും, അമേരിക്കൻ കടപ്പത്രങ്ങളോടുള്ള വിശ്വാസ്യതയും, ലോകബാങ്കിംഗ് സംവിധാനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധവുമെല്ലാം ഡോളറിനെ താങ്ങിനിർത്തിക്കഴിഞ്ഞിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഡോളറിന്റെ ശക്തി സ്വർണത്തിന്റെ പിന്തുണയിലല്ല, മറിച്ച് അതിനു പിന്നിലുള്ള സ്ഥാപനങ്ങളിലുള്ള വിശ്വാസത്തിലാണ് നിലനിൽക്കുന്നത്.

റിച്ചാർഡ് നിക്സൺ, മുൻ അമേരിക്കൻ പ്രസിഡന്റ്
റിച്ചാർഡ് നിക്സൺ, മുൻ അമേരിക്കൻ പ്രസിഡന്റ്

എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട “പെട്രോഡോളർ” എന്ന ആശയവും ഇതേ വഴിയിലാണ് രൂപപ്പെട്ടത്, ലോകത്തിലെ എണ്ണ മുഴുവൻ ഡോളറിൽ മാത്രമേ വിൽക്കാവൂ എന്ന നിയമമൊന്നും ഇല്ലെങ്കിലും, അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിലൂടെ അത്തരമൊരു ശീലം ശക്തിപ്പെട്ടു. സൗദിയുടെ സൈനിക സുരക്ഷയ്ക്ക് പകരം എണ്ണവിൽപന ഡോളറിലാക്കാനും ആ ഡോളർ അമേരിക്കൻ കടപ്പത്രങ്ങളിൽ തന്നെ വീണ്ടും നിക്ഷേപിക്കാനുമുള്ള തന്ത്രപ്രധാനമായ രാഷ്ട്രീയ-സാമ്പത്തിക പരസ്പരധാരണ ആയിരുന്നു അത്. 1973-74 കാലത്തായിരുന്നു ഇത്.

ഇവിടെയാണ് ബ്രിക്സ് കടന്നുവരുന്നത്. ബ്രിക്സിന്റെ ലക്ഷ്യം ഡോളറിനെ ഉടനടി ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കുകയാണ്. ഇന്ത്യയും റഷ്യയും പോലുള്ള രാജ്യങ്ങൾ സ്വന്തം നാണയങ്ങളിൽ വ്യാപാരം ചെയ്യാൻ ശ്രമിക്കുന്നു; അതിർത്തി കടന്നുള്ള പണമിടപാടുകൾക്ക് ബദൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നു; ബ്രിക്സിന്റെ പുതിയ വികസന ബാങ്ക് വഴി പ്രാദേശിക നാണയങ്ങളിൽ ധനസഹായം നൽകാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു പുതിയ നാണയം പുറത്തിറക്കിയതുകൊണ്ട് മാത്രം ലോകനാണയമാകാൻ കഴിയില്ല എന്നതിനാൽ, ബ്രിക്സിന്റെ യഥാർത്ഥ ശ്രമം ബാങ്കിംഗ് സംവിധാനങ്ങളും നിക്ഷേപ വിപണികളും വായ്പാ ശൃംഖലകളും ഉൾപ്പെടുന്ന ഒരു ബദൽ “സാമ്പത്തിക അടിസ്ഥാനസൗകര്യം” ക്രമേണ കെട്ടിപ്പടുക്കുകയാണ്.

ബ്രിക്സിന്റെ ലക്ഷ്യം ഡോളറിനെ ഉടനടി ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കുകയാണ്. ഇന്ത്യയും റഷ്യയും പോലുള്ള രാജ്യങ്ങൾ സ്വന്തം നാണയങ്ങളിൽ വ്യാപാരം ചെയ്യാൻ ശ്രമിക്കുന്നു.
ബ്രിക്സിന്റെ ലക്ഷ്യം ഡോളറിനെ ഉടനടി ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കുകയാണ്. ഇന്ത്യയും റഷ്യയും പോലുള്ള രാജ്യങ്ങൾ സ്വന്തം നാണയങ്ങളിൽ വ്യാപാരം ചെയ്യാൻ ശ്രമിക്കുന്നു.

2022-ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങളും പകുതിയോളം വരുന്ന റഷ്യയുടെ വിദേശനാണയ കരുതൽ ശേഖരം (ഏകദേശം 300 ബില്യൺ ഡോളർ) മരവിപ്പിച്ചതും പല രാജ്യങ്ങളെയും ചിന്തിപ്പിച്ചു. സ്വന്തം ആസ്തി മറ്റൊരു രാജ്യത്തിന്റെ സംവിധാനത്തിൽ സൂക്ഷിക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞതോടെയാണ് കേന്ദ്രബാങ്കുകൾ കരുതൽ ധനമായി സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയത്. സ്വർണം ഒരു സർക്കാരിന്റെയും വാഗ്ദാനത്തെ ആശ്രയിക്കാത്തതിനാൽ ഉപരോധ അപകടങ്ങൾ കുറയ്ക്കാൻ അത് സഹായിക്കും. എന്നാൽ ഇത് ഡോളർ ഉടനെ തകരുമെന്നതിലേക്കല്ല സൂചിപ്പിക്കുന്നത്, മറിച്ച് കരുതൽ ധനത്തിന്റെ വൈവിധ്യവൽക്കരണം ഡോളറിന്റെ ആധിപത്യത്തിനേൽക്കുന്ന കനത്ത തിരിച്ചടിയാവും എന്നതാണ്. ചൈനയാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ ഘടനാപരമായ സാധ്യത. ലോകത്തിലെ ഏറ്റവും വലിയ വ്യാപാരശക്തികളിലൊന്നായതിനാൽ യുവാന്റെ അന്താരാഷ്ട്ര ഉപയോഗം വർധിപ്പിക്കാൻ ചൈനയ്ക്ക് സ്വാഭാവികമായ അവസരമുണ്ട്. പക്ഷേ മൂലധനനിയന്ത്രണങ്ങളും ധനവിപണിയുടെ അടഞ്ഞ സ്വഭാവവും കാരണം യുവാൻ ഇതുവരെ ഡോളറിന് ബദലായി മാറിയിട്ടില്ല.

ഡോളറിനെ താഴെയിറക്കുക എന്നതിനേക്കാൾ, ഡോളറില്ലാതെയും ലോകത്തിന് മുന്നേറാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തിക ശൃംഖല കെട്ടിപ്പടുത്ത് ഡീഡോളറൈസേഷന് പുതിയൊരു വേഗത നൽകുകയാണ് ബ്രിക്സ് ചെയ്യുന്നത്.

ഇന്ത്യയുടെ നിലപാട് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബ്രിക്സ് അംഗമായിരിക്കുമ്പോൾ തന്നെ അമേരിക്കയുമായി തന്ത്രപരമായ അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ഇന്ത്യയുടെ സമീപനത്തെ ഡോളർ വിരുദ്ധം എന്നു വിശേഷിപ്പിക്കാനാവില്ല. അതിനെ ‘തന്ത്രപരമായ സ്വയംഭരണം’ എന്നു വിളിക്കുന്നതാവും കൂടുതൽ ശരി. രൂപയിലുള്ള വ്യാപാരവും യുപിഐ പോലുള്ള സ്വന്തം പണമിടപാട് സംവിധാനങ്ങളും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തിക തീരുമാനങ്ങൾ മറ്റൊരു നാണയത്തെ മാത്രം ആശ്രയിക്കേണ്ടി വരാതിരിക്കാനുള്ള സുരക്ഷ ഉറപ്പാക്കുകയാണ് ഇന്ത്യ ചെയ്യുന്നത്.

എന്നാൽ ഈ നാണയപ്പോരിൽ ബ്രിക്സിന് എളുപ്പത്തിൽ വിജയിക്കാൻ കഴിയില്ല എന്നതും വ്യക്തമാണ്. അംഗരാജ്യങ്ങൾ തമ്മിൽ തന്നെ സാമ്പത്തിക താൽപര്യ വ്യത്യാസങ്ങളും ഇന്ത്യ-ചൈന മത്സരവുമുണ്ട്. ഒരു പൊതുനാണയത്തിന് പൊതുവായ ധനനയവും പലിശനിരക്ക് ഏകോപനവും ആവശ്യമാണ്. യൂറോ രൂപീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പതിറ്റാണ്ടുകൾ എടുത്തത് ഓർക്കുക. ഡോളറിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ ശൃംഖലാ പ്രഭാവമാണ്. എല്ലാവരും ഡോളർ ഉപയോഗിക്കുന്നത് കൊണ്ട് ബാങ്കുകൾക്കും വ്യാപാരികൾക്കും അത് കൂടുതൽ എളുപ്പമാകുന്നു. ഈ ഡോളർ ശൃംഖല തകർക്കുക എന്നത് ശ്രമകരമാണ്.

അതുകൊണ്ട്, ഡോളർ അവസാനിക്കുമോ എന്നതല്ല ബ്രിക്സാനന്തരം ലോകം ചർച്ച ചെയ്യുന്നത്. ഡോളർ ഇനിയും ലോകത്തിന് അനിവാര്യമായ ഏക സാമ്പത്തിക ഇടനാഴിയായി തുടരുമോ എന്നതാണ്. ബ്രിക്സിന്റെ അജണ്ടയും ഒരു ദിവസംകൊണ്ട് ഡോളറിനെ താഴെയിറക്കുക എന്നതല്ല, മറിച്ച് ഡോളറില്ലാതെയും രാജ്യങ്ങൾക്ക് പരസ്പരം വ്യാപാരം ചെയ്യാനും പണം കൈമാറാനും കഴിയുന്ന ഒരു ബദൽ ശൃംഖല സൃഷ്ടിക്കുക എന്നതാണ്. ഒരു രാജ്യം സ്വന്തം നാണയത്തിൽ വ്യാപാരം നടത്തുന്നു, മറ്റൊരു രാജ്യം സ്വർണ കരുതൽ വർധിപ്പിക്കുന്നു, വേറൊന്ന് പുതിയ പണമിടപാട് സംവിധാനം നിർമ്മിക്കുന്നു. ഇവയോരോന്നും അപ്രധാന നീക്കങ്ങളായി തോന്നാം, പക്ഷേ കൂടിച്ചേരുമ്പോൾ വലിയൊരു മാറ്റത്തിന്റെ കൊടുങ്കാറ്റ് തന്നെയാവും ലോകം കാണാനിരിക്കുന്നത്. കാരണം, ദ്രുതവേഗതയിൽ വളരുന്ന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ബ്രിക്സ്.

ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഡോളറിന്റെ ആധിപത്യം കുറയ്ക്കുക അഥവാ ഡീഡോളറൈസേഷൻ (De-dollarization) എന്ന പ്രക്രിയയ്ക്ക് കൂടുതൽ പ്രായോഗികമായ പുതിയ മാനവും വേഗതയും നൽകുന്നതായിരുന്നു ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി.
ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഡോളറിന്റെ ആധിപത്യം കുറയ്ക്കുക അഥവാ ഡീഡോളറൈസേഷൻ (De-dollarization) എന്ന പ്രക്രിയയ്ക്ക് കൂടുതൽ പ്രായോഗികമായ പുതിയ മാനവും വേഗതയും നൽകുന്നതായിരുന്നു ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് വൻരാഷ്ട്രങ്ങളുടെ അന്തർദേശീയ കൂട്ടായ്മയായിരുന്ന ബ്രിക്സ് ഇന്ന് 11 തന്ത്രപ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകസംവിധാനത്തിൽ നിന്ന് ബഹുദ്രുവ സംവിധാനത്തിലേക്ക് ലോക ക്രമം മാറ്റിയെടുക്കുകയാണ് മുഖ്യ ലക്ഷ്യം.

ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഡോളറിന്റെ ആധിപത്യം കുറയ്ക്കുക അഥവാ ഡീഡോളറൈസേഷൻ (De-dollarization) എന്ന പ്രക്രിയയ്ക്ക് കൂടുതൽ പ്രായോഗികമായ പുതിയ മാനവും വേഗതയും നൽകുന്നതായിരുന്നു ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി. ഡോളർ കേന്ദ്രീകൃതമായ പാശ്ചാത്യ സാമ്പത്തിക മേധാവിത്വത്തിനെതിരെ കൂടുതൽ ശക്തമായ ഒരു ബദൽ ശൃംഖല പടുത്തുയർത്തലായിരുന്നു പ്രധാന ചർച്ചകൾ. സങ്കീർണ്ണമായ ഒരൊറ്റ പൊതുനാണയത്തിനായി കാത്തുനിൽക്കാതെ, സാങ്കേതികവിദ്യയിലും വ്യാപാരത്തിലും അധിഷ്ഠിതമായ പ്രായോഗിക ചുവടുകളിലൂടെയാണ് ഈ ഡീഡോളറൈസേഷൻ പ്രക്രിയ യാഥാർത്ഥ്യമാകുന്നത്.

ഇന്ത്യയുടെ യു.പി.ഐ (UPI) മാതൃകയിൽ ഓരോ രാജ്യത്തെയും ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലകൾ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ, അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിൽ നിന്ന് ഡോളറിനെ ഒഴിവാക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ഒരുങ്ങുന്നത്. സ്വന്തം നാണയങ്ങളിൽ വിനിമയം നടത്തുമ്പോൾ ഡോളറിലേക്കുള്ള പരിവർത്തനച്ചെലവും സമയവും ഒരുപോലെ ലാഭിക്കാനും പാശ്ചാത്യ ബാങ്കിംഗ് നിയന്ത്രണങ്ങളെ മറികടക്കാനും സാധിക്കുന്നു. ആഗോള യുദ്ധങ്ങളും താരിഫ് തർക്കങ്ങളും കാരണം തടസ്സപ്പെടുന്ന വ്യാപാരത്തിന് പ്രത്യേക ലൊജിസ്റ്റിക്സ് ചട്ടക്കൂടുകൾ നിർമ്മിക്കുന്നതിനൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ സഹകരണം ഉറപ്പാക്കാനും സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഇന്നൊവേഷൻ ഫണ്ടുകൾ രൂപീകരിക്കാനും ബ്രിക്സ് ശ്രദ്ധ നൽകും.

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സ്വന്തം നാണയങ്ങളിൽ അന്താരാഷ്ട്ര വിപണി ലഭ്യമാക്കുന്നതും, വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന കാലാവസ്ഥാ നിയന്ത്രണങ്ങൾക്ക് പകരം നീതിയുള്ള ഹരിതോർജ്ജ മാറ്റത്തിനാവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ നൽകുന്നതും ഡോളറധിഷ്ഠിത ആഗോള വായ്പാ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. ചുരുക്കത്തിൽ, ഡോളറിനെ താഴെയിറക്കുക എന്നതിനേക്കാൾ, ഡോളറില്ലാതെയും ലോകത്തിന് മുന്നേറാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തിക ശൃംഖല കെട്ടിപ്പടുത്ത് ഡീഡോളറൈസേഷന് പുതിയൊരു വേഗത നൽകുകയാണ് ബ്രിക്സ് ചെയ്യുന്നത്. ഡോളറിന്റെ ആധിപത്യം അവസാനിക്കുമോ എന്നത് ഇന്നും തുറന്ന ചോദ്യമാണ്. പക്ഷേ ആ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നത് അവഗണിക്കാവുന്ന കാര്യമല്ല.


Summary: Assessing the de-dollarization talks that emerged in the wake of the BRICS Summit 2026, Shuaib Kanthapuram writes.


ശുഐബ് കാന്തപുരം

എം എ എക്കണോമിക്സ് വിദ്യാർത്ഥി, ഇന്ദിരാഗാന്ധി നാഷണൽ ഒപ്പൺ യൂണിവേഴ്സിറ്റി.

Comments