വെടിനിർത്തലിലും ശാന്തമല്ല കംബോഡിയയും തായ്‌ലൻഡും, വേണ്ടത് ശാശ്വതപരിഹാരം

കംബോഡിയയും തായ്‌ലൻഡും തമ്മിൽ നടന്ന സംഘ‍ർഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നിലവിൽ വെടിനിർത്തിൽ നിലവിൽ വന്നിരിക്കുകയാണ്. എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പിന്നിൽ? വർഷങ്ങൾ പഴക്കമുള്ള പ്രശ്നത്തിന് എങ്ങനെ ശാശ്വതപരിഹാരം ഉണ്ടാവുമെന്നതിൻെറ സാധ്യതകൾ പരിശോധിക്കുകയാണ് അലൻ പോൾ വർഗീസ് എഴുതുന്നു.


റാ വിഹാ ക്ഷേത്രത്തിനും അതിനോട് ചേർന്ന് കിടക്കുന്ന ഭൂമിയ്ക്കും വേണ്ടി തായ്‌ലാൻഡും കംബോഡിയയും സംഘർഷത്തിലേർപ്പെടുന്ന വാർത്ത കഴിഞ്ഞ മാസം മുതൽ ലോകം ചർച്ച ചെയ്യുകയാണ്. തായ്ലന്റിനോട് ചേർന്ന് കിടക്കുന്ന കംബോഡിയൻ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് മേൽ തായ്ലൻറ് അവകാശം ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്നത് ആദ്യമായിട്ടല്ല. പതിമൂന്നാം നൂറ്റാണ്ടിൽ ഖേമർ വംശത്തിലെ രാജാക്കന്മാരായ സൂര്യവർധൻ ഒന്നാമൻ, സൂര്യവർധൻ രണ്ടാമൻ എന്നിവരുടെ കാലഘട്ടത്തിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം പിന്നീട് നശിപ്പിക്കപ്പെട്ടു വിസ്‌മൃതിയിലാണ്ട് പോയിരുന്നു. എന്നാൽ ഫ്രഞ്ച് കൊളോണിയൽ ഭരണവും തുടർന്ന് ഉത്ഭവിച്ച തായ് തീവ്രദേശീയതയുമാണ് ഈ ക്ഷേത്രത്തെ ഒരു തർക്കവസ്തുവാക്കി മാറ്റുന്നത്. ഖേമർ വംശജരും സയാം വംശജരും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കച്ചവടങ്ങളും വിവാഹങ്ങളും വഴി ഊഷ്മളായ ബന്ധങ്ങൾക്കും ഇടയിൽ യുദ്ധവും സംഘർഷങ്ങളും ഉണ്ടായിരുന്നുവെന്ന് ചരിത്രകാരർ പറയുന്നു. തൊട്ടടുത്തു കിടക്കുന്ന വിയറ്റ്നാമും ഒരു പ്രബല ശക്തിയായതിനാൽ സംഘർഷങ്ങളിൽ തങ്ങൾക്ക് ഒരു സഹായമെന്ന രീതിയിൽ കംബോഡിയ ഫ്രാൻസുമായി ഒരു കരാറിൽ ഏർപ്പെട്ടു. 1863-ൽ ഈ കരാർ ഒപ്പുവെച്ച ശേഷം ഫ്രാൻസ് അവിടെ കോളനിവത്കരണം വേഗത്തിലാക്കി. ഈ രാജ്യങ്ങൾ ഫ്രഞ്ച് ഇൻഡോ ചൈനയുടെ ഭാഗമായി. സിയാം രാജവംശമാകട്ടെ 1907-ൽ ഫ്രാൻസുമായി ഒപ്പുവെച്ച കരാർ പ്രകാരം ബട്ടംബഗ്. സിസോഫോൺ, സിഎം റീപ് എന്നീ പ്രവിശ്യകൾ കംബോഡിയൻ പ്രൊട്ടക്ടറേറ്റിന് നല്കാൻ നിർബന്ധിതരായി. ഈ പ്രവിശ്യകൾ നഷ്ടപ്പെട്ട സംഭവം തായ് തീവ്രദേശീയതയുടെ പ്രധാന ഘടകമായി മാറി. 1938 ൽ തായ്‌ലൻഡ് പ്രധാനമന്ത്രിയായിരുന്ന പ്ലായേക് ഫിബൻസോങ്‌ഖ്‌റാം തീവ്രദേശീയ വികാരം ഇളക്കി വിടാനുള്ള ആയുധമായി ഈ കരാറിനെ മാറ്റി. 1941-ൽ തായ്ലാന്റിന്റെ സുഹൃദ് രാജ്യമായി മാറിയ ജപ്പാൻ ഇടപെട്ട് ഈ പ്രവിശ്യകൾ തായ്‌ലൻഡ് സ്വന്തമാക്കിയെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിനെ തുടർന്ന് ഫ്രാൻസ് വീണ്ടും ഈ പ്രവിശ്യകൾ കംബോഡിയയ്ക്കു നൽകി.

ഫറാ വിഹാ ക്ഷേത്രത്തിനും അതിനോട് ചേർന്ന് കിടക്കുന്ന ഭൂമിയ്ക്കും വേണ്ടി തായ്‌ലാൻഡും കംബോഡിയയും സംഘർഷത്തിലേർപ്പെടുന്ന വാർത്ത കഴിഞ്ഞ മാസം മുതൽ ലോകം ചർച്ച ചെയ്യുകയാണ്.
ഫറാ വിഹാ ക്ഷേത്രത്തിനും അതിനോട് ചേർന്ന് കിടക്കുന്ന ഭൂമിയ്ക്കും വേണ്ടി തായ്‌ലാൻഡും കംബോഡിയയും സംഘർഷത്തിലേർപ്പെടുന്ന വാർത്ത കഴിഞ്ഞ മാസം മുതൽ ലോകം ചർച്ച ചെയ്യുകയാണ്.

ഇരു രാജ്യങ്ങളും തമ്മിൽ ഈ ശിവക്ഷേത്രത്തിനും അതിന് ചുറ്റുമുള്ള ഭൂമിയ്ക്കും വേണ്ടി പരസ്പരം പോരടിച്ചു. അതിർത്തികളിൽ സംഘർഷങ്ങളുണ്ടായി. ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ ഈ തർക്കം ഒരു കേസായി വരികയും 1962-ൽ ഈ ക്ഷേത്രത്തിന്റെ പരമാധികാരം കംബോഡിയയ്ക്ക് നൽകിക്കൊണ്ട് വിധിയുണ്ടായി. ഇരുരാജ്യങ്ങളിൽ ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായ മുറയ്ക്ക് ഈ വിഷയം ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയത്തെ സ്വാധീനിച്ചു. 2008-ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ കംബോഡിയയുടെ പേരിൽ ഈ ക്ഷേത്രം വരുന്നതോടെ പോര് മുറുകി. 2008-ലും 2011-ലും സൈനിക ഏറ്റുമുട്ടലുകൾ ഉണ്ടായി. വീണ്ടും വിഷയം ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിന്റെ മുൻപിൽ വന്നു. വീണ്ടും കംബോഡിയയ്ക്ക് അനുകൂലമായ വിധിവന്നു. ക്ഷേത്രത്തോടൊപ്പം അതിന് ചുറ്റുമുള്ള ഭൂമിയിലും അധികാരം കംബോഡിയയ്ക്കാണ് എന്ന് വിധിയിൽ കോടതി പറഞ്ഞു.

അകത്തളങ്ങളിലെ രാഷ്ട്രീയ കാര്യങ്ങൾ

ഈ പ്രതിസന്ധിയ്ക്ക് രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഫ്രാൻസ് വരച്ച മാപ്പും അതിർത്തി രേഖയും. രണ്ട് ഇരു രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയ താത്പര്യങ്ങൾ. നിരന്തരം സൈനിക അട്ടിമറികൾ നടക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. വലിയൊരു കാലയളവ് നീണ്ടുനിന്ന സൈനിക ഭരണങ്ങൾക്കും അട്ടിമറികൾക്കും ശേഷം ഇപ്പോഴാണ് അല്പം ശാന്തമായി തുടങ്ങിയത്. എന്നിരുന്നാലും സൈനിക ജനറൽമാരും തീവ്രദേശീയതയും പ്രധാന രാഷ്ട്രീയ ശക്തികളാണ്. 2025 ജൂലൈ 1-ന് തായ്‌ലൻഡ് പ്രധാനമന്ത്രിയായ പയ്തോങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി ഔദ്യോദിക പദവിയിൽ നിന്ന് പുറത്താക്കി. രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുന്ന രീതിയിൽ കംബോഡിയൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു എന്നതാണ് കുറ്റം. കോടതിയിൽ പരാതി കൊടുത്ത സെനറ്റർമാർ ഫോൺ സംഭാഷണത്തിലെ ആദ്യ ഒൻപത് മിനുട്ടുകൾ തെളിവായി നൽകി. സംസാരത്തിനടിയിൽ മുൻ കംബോഡിയൻ പ്രധാനമന്ത്രി ഹാൻ സെനെ "അങ്കിൾ" എന്ന് അഭിസംബോധന ചെയ്തതും സൈന്യത്തിന്റെ കമാൻഡർ ആയ ജനറൽ ബൂൺസിൻ പാഡ്ക്ളാങ്ങിനെ രാജ്യത്തിന് ഉപയോഗമില്ലാത്ത ആൾ എന്ന് വിശേഷിപ്പിച്ചതും പരിഗണിച്ചാണ് കോടതി നടപടി. ഇതിന് തൊട്ട് പുറകെ ഭരണ മുന്നണിയിൽ നിന്ന് ഷിനവത്രയെ രാജ്യത്തിന് കളങ്കമുണ്ടാക്കിയ പ്രധാനമന്ത്രി എന്ന് വിമർശിച്ചു കൊണ്ട് ഒരു രാഷ്ട്രീയ കക്ഷി പിന്തുണ പിൻവലിച്ചു.

 തായ്‌ലൻഡ് പ്രധാനമന്ത്രി പയ്തോങ്താൻ ഷിനവത്ര
തായ്‌ലൻഡ് പ്രധാനമന്ത്രി പയ്തോങ്താൻ ഷിനവത്ര

ഫിയു തായി എന്ന പാർട്ടിയുടെ നേതാവാണ് ഷിനവത്ര. കർഷക അനുകൂല നിലപാടുകൾ ഉള്ള ഒരു പോപ്പുലിസ്റ്റ് പാർട്ടിയാണിത്. എന്നാൽ മറ്റു പാർട്ടികളുടെ കൂടി പിന്തുണയോടെയാണ് ഇവർ ഭരിക്കുന്നത്. ഈ പാർട്ടിയെ തായ് രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കണം എന്ന് സൈനിക മേധാവികൾക്ക് അജണ്ടയുണ്ട്. ഈ കാര്യത്തിൽ മറ്റു വലതുപക്ഷ ലിബറൽ പാർട്ടികളുടെയും പിന്തുണ സൈനിക മേധാവികൾക്കുണ്ട്. അതിനാൽ തർക്ക വിഷയത്തിൽ തീവ്ര ദേശീയ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഫിയു തായി പാർട്ടി നിർബന്ധിതരാണ്. തായ്‌ലൻഡിൽ ഒരു സൈനിക അട്ടിമറിയ്ക്ക് കൂടി സാധ്യത കാണുന്നതായി വിവിധ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കംബോഡിയയിൽ ആകട്ടെ മുൻ പ്രധാനമന്ത്രി ഹാൻ സെൻ ഇപ്പോൾ പ്രസിഡന്റ് ആണ്. 1985 മുതൽ 1993 വരെയും 1998 മുതൽ 2023 വരെയും പ്രധാനമന്ത്രിയായിരുന്ന ഹാൻ സെന് ജനങ്ങളിൽ നിന്ന് കടുത്ത എതിർപ്പുകൾ വിവിധ വിഷയങ്ങൾ മൂലം നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ തീവ്ര കംബോഡിയൻ ദേശീയത ആളിക്കത്തിക്കുക ഹാനിനും അനിവാര്യമാണ്. മകൻ ഹാൻ മാനേറ്റ് ആണ് ഇപ്പോൾ കംബോഡിയൻ പ്രധാനമന്ത്രി എന്നത് കൊണ്ടും എതിർപ്പുകൾ ശക്തമാകാതെ നോക്കേണ്ടത് ഹാനിന്റെ കടമയായി മാറി. തായ്‌ലൻഡിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി പയ്തോങ്താൻ ഷിനവത്ര, മുൻ തായ്‌ലൻഡ് പ്രധാനമന്ത്രി തക്ഷിൺ ഷിനവത്രയുടെ മകളാണ്. ഇരു കുടുംബങ്ങൾക്കും ഇത് ജീവൻ മരണ പോരാട്ടമാണ്.

 കംബോഡിയ പ്രസിഡന്റ് ഹാൻ സെൻ
കംബോഡിയ പ്രസിഡന്റ് ഹാൻ സെൻ

സമാധാനശ്രമങ്ങൾ സാധ്യമോ ?

ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്നങ്ങളാണ് സംഘർഷം അവസാനിക്കാതിരിക്കാനുള്ള കാരണം. ചിലപ്പോഴൊക്കെ സമാധാനം പുലരുമെന്നു തോന്നിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ഫലവത്തായില്ല. 2000-ത്തിൽ ഒരു ജോയിന്റ് ബൗണ്ടറി കമ്മീഷൻ രൂപീകരിച്ച് 1907-ൽ ഫ്രാൻസ് വരച്ച മാപ്പ് പ്രകാരമുള്ള അതിർത്തികളിൽ മാറ്റം വരുത്താൻ ശ്രമങ്ങൾ ഉണ്ടായി. എന്നാൽ ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ മൂലം ഈ കമ്മീഷന് ധാരണാപത്രം ഒപ്പുവെയ്ക്കാൻ വേണ്ട നടപടികൾ ഒന്നും തന്നെ പൂർത്തിയാക്കാൻ കഴിഞില്ല. 2011 സെപ്റ്റംബർ 23-ന് തായ് പ്രതിരോധമന്ത്രി യുതസാക് സെസിപ്രാഫ ഐ.സി.ജെയുടെ വിധി അംഗീകരിക്കാനും സൈന്യത്തെ പിൻവലിക്കാനും തയ്യാറാണെന്ന് കംബോഡിയയുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു.

തായ്ലാന്റിന്റെ സൈനിക ശേഷിയും രാഷ്ട്രീയ അസ്ഥിരതയും കംബോഡിയ ഭയക്കുന്ന കാര്യങ്ങളാണ്. അതിനാൽ സമാധാന ചർച്ചകൾ ഇടനിലക്കാരുണ്ടെങ്കിൽ മാത്രമേ നടക്കൂ എന്ന് അഭിപ്രായത്തിലാണ്. മുൻപ് ആസിയാൻ സഖ്യം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത് കംബോഡിയയുടെ ശ്രമങ്ങൾക്ക് ഫലമായിട്ടാണ്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്താൽ മതിയെന്ന നിലപാടിലാണ് തായ്‌ലൻഡ്. നിലവിലെ സംഘർഷ സാഹചര്യത്തിൽ മധ്യസ്ഥനില്ലാതെ ചർച്ച നടക്കില്ല. കാരണം യുദ്ധസമാന സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. 15 തായ്‌ലൻഡ് പൗരരും ഒരു കംബോഡിയൻ പൗരനും കൊല്ലപ്പെട്ടു എന്നാണ് വാർത്തകൾ പറയുന്നത്.

ഇപ്പോഴത്തെ സ്ഥിതിയിൽ ചൈനയ്ക്കേ സംഘർഷം മൂർച്ഛിക്കാതിരിക്കാനുള്ള ചർച്ചകൾക്ക് മധ്യസ്ഥത നിൽക്കാൻ സാധിക്കുകയുള്ളു. ചൈന തായ്ലൻഡും കംബോഡിയയുമായി നല്ല ബന്ധത്തിലാണ്. ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ ട്രേഡിങ്ങ് പാർട്ണറും ചൈന തന്നെ. എന്നാൽ ചൈനയുടെ മധ്യസ്ഥത തായ്‌ലൻഡ് അംഗീകരിക്കുമോ എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു. നിലവിൽ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു കൂട്ടരോടും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം ഇടപെടാമെന്നും ചൈന അറിയിച്ചു. ആസിയാൻ സംഖ്യയും അതിലെ അംഗ രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. യു.എസ് ഇടപെടലുണ്ടാകുമെന്ന സാധ്യത പ്രത്യേകിച്ച് ട്രംപിന്റെ നൊബേൽ സമ്മാന മോഹത്തിന്റെ പശ്ചാത്തലത്തിൽ തള്ളി കളയാൻ സാധിക്കില്ല. കംബോഡിയയിലേയ്ക്കും തായ്‌ലണ്ടിലേയ്ക്കും തങ്ങളുടെ പൗരർ പോകരുത് എന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഈ സംഘർഷം മൂലം പതിനായിരത്തോളം മനുഷ്യർ രണ്ടു രാജ്യങ്ങളിലായി സുരക്ഷിത താവളങ്ങൾ തേടി അതിർത്തിയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്. അവരെല്ലാം തന്നെ ഗ്രാമീണരാണ്. ഇതിനെല്ലാം ഉത്തരവാദിയായ ഫ്രാൻസിന് നേരെ ലോകം ചോദ്യങ്ങളോ വിമർശനങ്ങളോ ഉന്നയിക്കുന്നില്ല. അധിനിവേശ കാലത്ത് ഫ്രാൻസും ബ്രിട്ടനും പോർച്ചുഗലും ഒക്കെ വരച്ച അതിർത്തി വരകളുടെയും അവർ സൃഷ്ടിച്ച തീവ്ര ദേശീയ, വർഗീയ, വംശീയ സംഘർഷങ്ങളുടെയും തിക്തഫലങ്ങൾ ഇപ്പോഴും രാജ്യങ്ങൾ അനുഭവിക്കുകയാണ്.

തായ്‌ലൻഡ് പ്രധാനമന്ത്രി പയ്തോങ്താൻ ഷിനവത്രയും ചൈനയുടെ പ്രസിഡൻ്റ് ഷി ജിൻപിങും.   ചൈന തായ്ലൻഡും കംബോഡിയയുമായി നല്ല ബന്ധത്തിലാണ്. ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ ട്രേഡിങ്ങ് പാർട്ണറും ചൈന തന്നെ.
തായ്‌ലൻഡ് പ്രധാനമന്ത്രി പയ്തോങ്താൻ ഷിനവത്രയും ചൈനയുടെ പ്രസിഡൻ്റ് ഷി ജിൻപിങും. ചൈന തായ്ലൻഡും കംബോഡിയയുമായി നല്ല ബന്ധത്തിലാണ്. ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ ട്രേഡിങ്ങ് പാർട്ണറും ചൈന തന്നെ.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം താൻ അവസാനിപ്പിച്ച പോലെ ഇതും അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. താനൊരു വെടിനിർത്തൽ കൊണ്ടുവന്നുവെന്ന് ട്രംപ് പറയുമ്പോഴും എല്ലാം ശാന്തമായിട്ടില്ല. ഇരു രാജ്യങ്ങൾക്കും തീരുവ ചുമത്താൻ യു.എസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതായിരിക്കും വാഷിങ്ടണിന്റെ തുറുപ്പ് ചീട്ട്. നൊബേൽ മോഹിച്ചു നടക്കുന്ന ട്രംപിനു കഴിഞ്ഞില്ലെങ്കിൽ ചൈനയ്ക്ക് മാത്രമാണ് കഴിയുക. എന്തായാലും മലേഷ്യയിൽ നടക്കുന്ന സമാധാന ചർച്ചയിൽ ഇടപെടാൻ ട്രംപും മാർക്കോ റൂബിയോയും തീരുമാനിച്ചിട്ടുണ്ട്.

Comments