ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് കാനഡ. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ, ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും. ഇന്ത്യക്കുപുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ള രാജ്യമാണ് കാനഡ, അതുമാത്രമല്ല, അമേരിക്കയുടെ സാമന്ത രാജ്യം കൂടിയാണ്. ചില നിരീക്ഷകരുടെ അഭിപ്രായത്തിൽ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാണ് കാനഡ!. ഇത്തരത്തിലുള്ള രണ്ടു വൻശക്തികളാണ് ഇപ്പോൾ നയതന്ത്ര യുദ്ധം നടത്തുന്നത്.
കാനഡയിൽ മറ്റൊരു ഖലിസ്ഥാൻ തീവ്രവാദികൂടി കൊല്ലപ്പെട്ടിരിക്കുന്നു. അവിടുത്തെ ഖലിസ്ഥാൻ വാദികളിൽ പ്രമുഖനായിരുന്നു സുഖ ദുനേകയാണ് (സുഖ്ദൂൽ സിങ്) കൊല്ലപ്പെട്ടത്. വിന്നിപെഗിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഏഴ് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇന്ത്യയിലും കേസുകളുണ്ട്. കഴിഞ്ഞ ജൂൺ 19-ന് ഖലിസ്ഥാൻ തീവ്രവാദിയായിരുന്ന ഹർദിപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു സമാനമാണ്, ഇന്നലെ സുഖ ദുനേകയുടെയും കൊല. ഹർദിപിന്റെ കൊലപാതകത്തെതുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ സംഘർഷമുടലെടുക്കുന്നതിനിടെയാണ്, രണ്ടാമത്തെ കൊലപാതകം.
കഴിഞ്ഞദിവസം കാനഡയിലെ ഇന്ത്യൻ പൗരർക്കും വിദ്യാർത്ഥികൾക്കും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളും നടക്കുന്ന മേഖലകളിലേക്ക് പോകരുതെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നതിന് തങ്ങളുടെ പൗരർക്ക് കാനഡ മുന്നറിയിപ്പ് നിർദേശം നൽകിയതിന് തൊട്ടുപുറകെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം വന്നത്. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു, കാനഡയുടെ പ്രതികരണം. കാനഡ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയലുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു.
കാനഡയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായ വിള്ളൽ ഇന്ത്യൻ സമൂഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് കാനഡയിലുള്ളത്. മലയാളികളടക്കം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറാറുണ്ട്. 2022-ൽ മാത്രം, 2,26,450 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠിക്കാൻ പോയത്. കാനഡയുടെ വിദേശനാണ്യ സമ്പാദനത്തിൽ ഇന്ത്യൻ വിദ്യാർഥികളുടെ ഗണ്യമായ സംഭാവനയുമുണ്ട്.
ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ ഉപരിപഠനം നടത്തുന്ന കാനഡയിൽ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ ലക്ഷോപലക്ഷം പേർ പഠനത്തിനും ജോലിക്കുമായി കുടിയേറുന്നുണ്ട്. കാനഡയും ഇന്ത്യയും തമ്മിലെ സുദൃഢ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആൾശേഷിയിൽ മികച്ചുനിൽക്കുന്ന ഇന്ത്യൻ വംശജരുടെയും പ്രവാസികളുടെ പിന്തുണയില്ലാതെ വന്നാൽ അത് കാനഡയേയും ചെറുതല്ലാത്ത വിധത്തിൽ പ്രയാസത്തിലാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത് ആശങ്കയോടെയാണ് കാനഡയിലെ ഇന്ത്യക്കാർ നോക്കിക്കാണുന്നത്.
ഇന്ത്യക്കുപുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ള രാജ്യമാണ് കാനഡ. 7,70,000 സിഖുകാരാണ് അവിടെയുള്ളത്; അതായത് കാനഡയിലെ ആകെ ജനസംഖ്യയുടെ 2.1 ശതമാനം. 2015-ൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽവന്നപ്പോൾ മുപ്പതംഗ കാബിനറ്റിൽ നാലു സിഖ് വംശജരെ മന്ത്രിമാരായി നിയമിച്ചതോടെയാണ് ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ ഉദ്യോഗസ്ഥതലത്തിൽ ആദ്യമായി സംഘർഷം തുടങ്ങിയത്.
സംഘർഷത്തിന്റെ പാശ്ചാത്തലത്തിൽ, കാനഡയിലെ ഹിന്ദുമതസ്ഥർ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഖാലിസ്ഥാൻ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഹിന്ദുമതസ്ഥർക്ക് കാനഡയോട് കൂറില്ലെന്നും സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിംഗ് ആരോപിച്ചു. കാനഡയിലെ സിഖ് സമുദായാംഗങ്ങൾ ഒക്ടോബർ 29-ന് വാംഗ്കൂവയിൽ ഒത്തുകൂടണമെന്നും ഇന്ത്യൻ ഹൈക്കമ്മീഷറാണോ നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തിൽ റഫറണ്ടം തയ്യാറാക്കി വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുകയാണ്. കൂടാതെ, സെപ്തംബർ 25ന് കാനഡയിൽ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്. 20- ലേറെ സംഘടനകൾ പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ചേർന്ന് വ്യാപക സംഘർഷമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
ഹർദീപ് സിങ് നിജ്ജാറിനെ കൊന്നത് ഇന്ത്യൻ ഏജൻസികളാണെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് നയതന്ത്ര സംഘർഷം രൂക്ഷമാക്കിയത്. തൊട്ടുപുറകേ, ഇന്ത്യൻരഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ രാജ്യത്തെ സ്റ്റേഷൻ മേധാവി പവൻ കുമാർ റായിയെ കാനഡ പുറത്താക്കി. മറുപടിയായി ന്യൂദൽഹിയിലെ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഇന്ത്യയിലെ മേധാവി ഒലിവിയർ സിൽവെസ്റ്ററെ ഇന്ത്യ പുറത്താക്കി. ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിൽ നിന്ന് കാനഡ പിന്മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു ട്രൂഡോയുടെ ഗുരുതര വെളിപ്പെടുത്തൽ.
ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) തലയ്ക്ക് പത്തു ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി നിജ്ജാർ (45) ജൂൺ 18-നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ടത്. വാൻകൂറിലെ ഗുരുദ്വാരയുടെ മുറ്റത്ത് വാഹനത്തിലിരിക്കവേ രണ്ടുപേർ മോട്ടോർസൈക്കിളിലെത്തി വെടിവച്ച് കൊല്ലുകയായിരുന്നു. ഇതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് ബന്ധമുണ്ടെന്നാണ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ ട്രൂഡോ പറഞ്ഞത്. കാനഡയുടെ മണ്ണിൽ കാനഡ പൗരനെ കൊന്നത്, രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ജി 20 ഉച്ചകോടിക്കിടെ മോദിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ട്രൂഡോ പറഞ്ഞു. പിന്നാലെയാണ് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞൻ പവൻ കുമാർ റായിയെ പുറത്താക്കിയത്. ഇതിനോടുള്ള മറുപടിയായാണ് കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കിയത്. സെപ്തംബർ 19-ന് രാവിലെ കനേഡിയൻ ഹൈ കമീഷണർ കാമറൂൺ മക്കെയ്യെ വിളിച്ചുവരുത്തിയാണ് വിദേശമന്ത്രാലയം തീരുമാനം അറിയിച്ചത്.
ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ കാനഡയിൽ ശക്തമാകുന്നെന്ന ആരോപണം അടുത്തകാലത്തായി കേന്ദ്രസർക്കാർ ഉന്നയിച്ചുവരികയാണ്. ഖലിസ്ഥാൻ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരോട് കാനഡ അനുതാപപൂർവമാണ് പെരുമാറുന്നതെന്നുമാണ് ഇന്ത്യയുടെ ആരോപണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നതിലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽഅവർക്കുള്ള പങ്കാളിത്തത്തിലും കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെന്നും വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്റുകൾക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾഅന്വേഷിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയും ചൂണ്ടിക്കാട്ടി.
ഖലിസ്ഥാൻ തീവ്രവാദവുമായി ബന്ധപ്പെട്ട് കാനഡയുമായി മുൻപും ഇടയേണ്ടിവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ശത്രുരാജ്യങ്ങൾ തമ്മിലെന്നപോലെ നയതന്ത്രജ്ഞരെ പുറത്താക്കുന്ന തലം വരെയെത്തുന്നത്. ഖലിസ്ഥാൻ വിഘടനവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബ്രിട്ടൻ, ഓസ്ട്രേലിയ, യു.എസ് എന്നിവയുമായും ഇടയ്ക്കിടെ ഉയർന്നുവരാറുണ്ട്. ഖലിസ്ഥാൻ വിഘടനവാദികൾ ബ്രിട്ടനിലും ഓസ്ട്രേലിയയിലും യു.എസിലും ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങൾക്കുനേരെ അക്രമം നടത്തിയിരുന്നു. ഈ മൂന്നു രാജ്യങ്ങളിലും സിഖ് വംശജർ ഏറെയുണ്ടെങ്കിലും അവർ കാനഡയിലെ സിഖുകാരുടെയത്ര രാഷ്ട്രീയശക്തിയല്ല. 19 ഇന്ത്യൻ വംശജ എം.പിമാരുള്ള കാനഡയിൽ സിഖുകാർ പ്രതിരോധമന്ത്രിസ്ഥാനത്തുവരെ എത്തിയിട്ടുണ്ട്. 16 ലക്ഷം ഇന്ത്യൻ വംശജർ കനേഡിയൻ ജനസംഖ്യയുടെ 3% വരും. ഇവരിൽ വലിയൊരു വിഭാഗം സിഖുകാരാണ്.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഇടക്കിടെ വിള്ളലുണ്ടാകാറുണ്ട്. 45 വർഷത്തെ പഴക്കമുണ്ട് അതിന്. ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് കാനഡ മൃദുസമീപനമാണ് പാലിക്കുന്നതെന്ന് ഇന്ത്യ എക്കാലവും പറഞ്ഞിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യമാണ് കാനഡയിലേക്ക് സിഖുകാർ കുടിയേറിത്തുടങ്ങിയത്. ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന സിഖ് വിഭാഗത്തിൽപ്പെട്ടവർബ്രിട്ടീഷ് കൊളംബിയ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ഈ സ്ഥലം ശ്രദ്ധിക്കുന്നതും കുടിയേറിയതും.
1970- കളായപ്പോൾ കനേഡിയൻ സമൂഹത്തിന്റെ പ്രധാന ഭാഗമായി സിഖ് വിഭാഗം മാറി. അതേവർഷം തന്നെ കാനഡ - ഇന്ത്യ നയതന്ത്ര ബന്ധം വഷളായി. ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രുഡോയെ ക്ഷുഭിതനാക്കി. കാനഡ നൽകുന്ന റിയാക്ടറുകൾ ക്രമസമാധാനം തകർക്കുന്നതിനായി ഉപയോഗിച്ചുവന്നായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവു കൂടിയായ പിയറി ട്രുഡോയുടെ ആക്ഷേപം. ആ അസ്വസ്ഥത പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിച്ചു. ഇതോടെയാണ് പഞ്ചാബിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ഖാലിസ്ഥാൻ വാദത്തിന് കാനഡയിലും സ്വീകാര്യത ലഭിച്ചുതുടങ്ങിയത്. ഈ സന്ദർഭം ഉപയോഗപ്പെടുത്തി, സ്വന്തം രാജ്യത്ത് തങ്ങൾ രാഷ്ട്രീയ അടിച്ചമർത്തൽ അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് തങ്ങളെ കാനഡയിൽ അഭയാർത്ഥികളായി പരിഗണിക്കണമെന്നും സിഖ് സമൂഹത്തിൽനിന്ന് ആവശ്യമുയർന്നു. കാനഡ സർക്കാർ അത് അനുഭാവപൂർവം പരിഗണിക്കുകയും അവർക്ക് സംരക്ഷണമൊരുക്കുകയും ചെയ്തു. അങ്ങനെ കാനഡ താവളമാക്കിയ ഖാലിസ്ഥാൻ വാദികളിൽ പ്രധാനപ്പെട്ട വ്യക്തിയാണ് തൽവീന്ദർ സിംഗ് പർമാർ.
എയർ ഇന്ത്യ വിമാനം- 182 ആക്രമിച്ചതിൽ പ്രധാന പങ്കു വഹിച്ചയാളാണ് തൽവീന്ദർ സിംഗ്. 1985 ജൂൺ 23 ന് മോൻട്രിയലിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം ഖലിസ്ഥാൻ തീവ്രവാദികൾ ബോംബ് വച്ച് തകർത്തു. 307 യാത്രക്കാരും 22 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അപകടമായിരുന്നു അത്. തീവ്രവാദത്തിന്റെ ഇരകൾക്കുള്ള ദേശീയദിനമായി ഇത് അംഗീകരിക്കപ്പെട്ടു. എയർ ഇന്ത്യ വിമാനം ആക്രമിച്ച സംഭവത്തിൽ റിപുദമാൻ സിംഗ് മാലിക് എന്ന ഖാലിസ്ഥാൻ അനുകൂലിക്കെതിരെ ഇന്ത്യ കേസെടുത്തെങ്കിലും ഒടുവിൽ വിട്ടയക്കേണ്ടിവന്നു. ആ സമയത്ത് ഇന്ത്യൻസർക്കാരിനെ അഭിനന്ദിച്ച് 2022- ൽ കനേഡിയൻ സർക്കാർ കത്തെഴുതി. അതിനിടെ, കാനഡയിൽ സിഖ് തീവ്രവാദത്തിന്റെ സാന്നിദ്ധ്യമണ്ടെന്ന് 2018-ൽ റിപ്പോർട്ട് വന്നു.
തൽവീന്ദർ സിംഗ് തന്നെയാണ് ബബ്ബാർ ഖൽസ ഇന്റർനാഷണൽ എന്ന സംഘടനയ്ക്കും നേതൃത്വം നൽകിയത്. കാനഡയിലെ ഖാലിസ്ഥാനി നേതാക്കളുടെ വലിയ പ്രശ്നമായിരുന്നു ഇംഗ്ലീഷ് ഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഖാലിസ്ഥാനി നേതാക്കളുണ്ടായി. ഇവർ എല്ലാവരും 1980-കളിൽ കാനഡയിലുണ്ടായിരുന്ന അഭയാർഥികളായ ഖലിസ്താനി നേതാക്കളുടെ മക്കളായിരുന്നു. '90 കളിൽ ഇന്ത്യയിൽ ഖലിസ്ഥാൻവാദം അസ്തമിച്ചുവെങ്കിലും കാനഡയിൽ അത് ശക്തമായി നിലനിന്നു.
2010-ൽ ടോറൻടോയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുമായി കൂടിക്കാഴ്ച നടത്തുകയും ഖലിസ്ഥാൻ വിഷയത്തിൽ തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 2015- ൽ ജസ്റ്റിൻ ട്രുഡോ അധികാരത്തിലെത്തിയശേഷമാണ് ഖലിസ്ഥാൻ വാദം വീണ്ടും ശക്തമാകുന്നത്. ഖലിസ്ഥാൻ അനുകൂലികൾ ആ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ പിന്തുണച്ചു.
ഖാലിസ്ഥാൻ അനുകൂലികളോടുള്ള കാനഡയുടെ തുറന്ന സമീപനം വ്യക്തമാകുന്ന മറ്റൊരു സാഹചര്യം സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ, പുറത്തുവരാനിരിക്കുന്ന ഖലിസ്ഥാൻ റഫറണ്ടത്തോടുള്ള സർക്കാരിന്റെ സമീപനമാണ്. 2020- ൽ നടക്കാനിരുന്ന റഫറണ്ടം 2025-ൽ മാത്രമേ നടക്കൂ എന്നാണ് ഇപ്പോൾ അറിയുന്നത്. എന്നാൽ റഫറണ്ടം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ രാജ്യം അംഗീകരിക്കില്ലെന്നാണ് കാനഡ വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്. എന്നിരുന്നാലും, ഇന്ത്യയെ ഒരു ‘നിർണായക പങ്കാളി’ എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ ഇൻഡോ- പസഫിക് തന്ത്രം പോലെ, കാനഡ ഇന്ത്യയുമായി ബന്ധം പുതുക്കാൻ ശ്രമിക്കുമ്പോഴെല്ലാം, ഖാലിസ്ഥാനി പ്രവർത്തനം ആ ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നു.
ഇന്ത്യ- പസഫിക് മേഖലയിലെ ചൈനീസ് സ്വാധീനം ചെറുക്കാൻ ‘പടിഞ്ഞാറിന്റെ അഞ്ച് കണ്ണുകൾ’ എന്നറിയപ്പെടുന്ന കരാറിലൂടെ കാനഡ ഇതിനകം തന്നെ ഓസ്ട്രേലിയ, യുകെ, യു.എസ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി വിവരങ്ങൾ പങ്കിടുന്നുണ്ട്. യു.കെ, ഓസ്‌ട്രേലിയ, യു.എസ് എന്നിവിടങ്ങളിലും ഗണ്യമായ സിഖ് ജനസംഖ്യയുണ്ട്. ആ രാജ്യങ്ങളും കാനഡയുടേതിനു സമാനമായ സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇപ്പറഞ്ഞ രാജ്യങ്ങളിലും സിഖ് സമൂഹത്തിലെ ചിലർ ഖലിസ്ഥാൻ എന്ന ആശയം ഉന്നയിച്ചിട്ടുണ്ട്. കാനഡയിൽ സംഭവിക്കുന്നത് യു.എസിലും യു.കെയിലും സംഭവിച്ചുകൂടെന്നുമില്ല. അതുകൊണ്ടുതന്നെ, ഇതിനെ ഇന്ത്യ- കാനഡ പ്രശ്നം മാത്രമായി മാറ്റിനിർത്താതെ ‘പടിഞ്ഞാറിന്റെ അഞ്ച് കണ്ണുക’ളുടെയും ഇന്ത്യയുടെയും സഹായത്തോടെ കൂട്ടായ പരിഹാരം കണ്ടെത്താനുള്ള ആഗോള നീക്കമാണ് നടക്കേണ്ടത്.