നമ്മുടെ കൊച്ചുകേരളത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന സാമൂഹികവും രാഷ്ട്രീയപരവുമായ ചില മാറ്റങ്ങൾ ചിന്തനീയവും പഠനവിധേയമാക്കേണ്ടതുമാണ്. ഒരു കാലത്ത് സാമ്രാജ്യത്വ അമേരിക്കയുടെ കളിപ്പാവയായി മാത്രം കരുതപ്പെട്ടിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നേറുകയും ഭരണത്തിലെത്തുകയും ചെയ്യുന്നു. ഈ വർഷമാദ്യം പെറുവിലെ തെരഞ്ഞെടുപ്പിൽ പെഡ്രോ കാസ്തിയോ എന്ന ഇടതുപക്ഷക്കാരനിലൂടെ തുടങ്ങിയ ആ മുന്നേറ്റം ഈ വർഷത്തിന്റെ അവസാനത്തിലെത്തുമ്പോൾ ചിലിയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ജയിച്ച 35 കാരനായ ഗബ്രിയേൽ ബോറിക്കിൽ എത്തിനിൽക്കുന്നു. ഇതിനിടയിൽ ഹോണ്ടുറാസിലും, വെനിസ്വേലയിലും, നിക്കരാഗ്വയിലും ഇടതുപക്ഷത്തിന്റെയോ ഇടതുപക്ഷ ചായ്വുള്ളവരുടെയോ തിരഞ്ഞെടുപ്പു മുന്നേറ്റങ്ങൾ നാം കണ്ടു. അടുത്ത വർഷം നടക്കാനിരിക്കുന്ന ബ്രസീലിലെ തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന ബോൾസനാരോ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും ഇടതുപക്ഷ വർക്കേഴ്‌സ് പാർട്ടി നേതാവായ ലുല വിജയിക്കുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഇതൊരു ചുവന്ന വസന്തമാണെന്ന് തോന്നുന്നു.
ഇതിനിടയിൽ, പീ റിസോഴ്‌സ് സെൻററിന്റെ (Pew Resource Centre), 2010 മുതൽ 2050 വരെയുള്ള കാലത്തെ, ലോകമതങ്ങളുടെ ഭാവിയെക്കുറിച്ചുള്ള, വളർച്ചാ കണക്കിനെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടും വായിക്കാനിടയായി. ക്രൈസ്തവ മതം ഏറ്റവും വളർച്ച കൈവരിക്കുന്ന മേഖലകളാണ് ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ. ഇതിൽ, സഭ ഏറ്റവും വളർച്ച നേടുന്നത് ലാറ്റിനമേരിക്കയിലാണുതാനും. ലാറ്റിനമേരിക്കൻ ക്രൈസ്തവ യുവത്വത്തിന്റെ ഊർജ്ജസ്വലതയും തീക്ഷണതയും അടുത്തു കാണാൻ 2019ൽ പനാമായിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ അവസരം ലഭിച്ചയാളാണ് ഈ ലേഖകൻ.
സാമാന്യ രാഷ്ട്രീയ ആഖ്യാനത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്തതാണ് ലാറ്റിനമേരിക്കയിൽ സംഭവിക്കുന്നത്. ദൈവോനമുഖമായി ചിന്തിക്കുകയും പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ക്രൈസ്തവ സഭകൾ വളരുന്നതിനോടൊപ്പം ക്രൈസ്തവ വിരുദ്ധമായി പൊതു ആഖ്യാനം ചെയ്യപ്പെട്ട കമ്യൂണിസവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ലാറ്റിനമേരിക്കയിൽ വേരോടുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു?
ഒരു വിമോചന ദൈവശാസ്ത്രം ഒരു ഭൂഖണ്ഡത്തിലെ മുഴുവൻ ജനങ്ങളെയും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിച്ചുവെങ്കിൽ ഇവിടെ ഒരു വിമോചനസമരം ആ പ്രത്യയശാസ്ത്രത്തിൽ നിന്ന് ക്രൈസ്തവരെ അകറ്റി.
ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ക്രൈസ്തവ സഭയും തമ്മിലുള്ള സജീവമായ അന്തർധാരക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രതീകാത്മകമായി പലരും 1959ലാണ് എന്നു പറയാറുണ്ട്. കാരണം ആ വർഷമാണ് ഫിദൽ കാസ്‌ട്രോയും ചെഗുവേരയും മറ്റു സഖാക്കളും ക്യൂബയുടെ രാഷ്ട്രീയാധികാരം പിടിച്ച് ഹവാനയിലേക്ക് കടന്നത്. അതേവർഷം തന്നെയാണ് സഭയിൽ ആധുനികവൽക്കരണം നടപ്പിലാക്കിയ രണ്ടാം വത്തിക്കാൻ കൗൺസിൽ കൂടാനുള്ള ആഹ്വാനം ജോൺ 23ാമൻ മാർപാപ്പ റോമിൽ നിന്ന് പുറപ്പെടുവിച്ചത്.
എന്നാൽ ലാറ്റിനമേരിക്കയിൽ ക്രൈസ്തവ സഭയെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് കൂടുതൽ അടുപ്പിച്ചത് 1968ൽ കൊളംബിയയിലെ മെഡലിയനിൽ നടന്ന ലാറ്റിനമേരിക്കൻ ബിഷപ്പുമാരുടെ രണ്ടാം സമ്മേളനമായിരുന്നു.
ലാറ്റിനമേരിക്കയുടെ പ്രത്യേക സാഹചര്യത്തിൽ വ്യവസ്ഥാപിതമായ മതപരമായ ചടങ്ങുകളിലൂടെ വ്യക്തിപരമായ വിശുദ്ധി (personal holiness) എന്നതിനപ്പുറം പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കൂടെ കൂട്ടേണ്ട ഒരു ദൈവശാസ്ത്ര തത്വത്തിലൂന്നിയ ഒരു ക്രിസ്തീയതയിലേക്ക് സമ്മേളനം വിരൽചൂണ്ടി. ലാറ്റിനമേരിക്കയിലേക്ക് പടർന്നുപിടിച്ച വിമോചന ദൈവശാസ്ത്രം ( Liberation Theology) അംഗീകരിച്ചതായിരുന്നു ആ സമ്മേളനത്തിന്റെ പ്രത്യേകത.
അതിനുമുമ്പ് ലാറ്റിനമേരിക്കയിലെ പല ക്രൈസ്തവസഭകളും പരമ്പരാഗത രീതി പിന്തുടരുന്നവരും പിന്തിരിപ്പൻ സാമൂഹിക നയങ്ങൾ ഭ്രാന്തമായി നടപ്പാക്കുന്നവരുമായിരുന്നു. ഉദാഹരണത്തിന് നിക്കോരാഗ്വൻ സഭ പലപ്പോഴും ഏകാധിപതിയായിരുന്ന സോമോസ ഭരണകൂടത്തെ പ്രകടമായി പിന്തുണച്ചിരുന്നു. 1950-കളിൽ അവിടുത്തെ ബിഷപ്പുമാർ ഒരു പ്രസ്താവന ഇറക്കി- എല്ലാ അധികാരങ്ങളും ദൈവത്തിൽനിന്നായതിനാൽ വ്യവസ്ഥാപിതമായ ഭരണകൂടത്തെ (ഏകാധിപത്യഭരണം) അനുസരിക്കണമെന്നായിരുന്നു ആ പ്രസ്താവന.
മെഡലിയൻ കോൺഫ്രൻസ് ലാറ്റിൻ സഭയിൽ താഴെത്തട്ടിലേക്ക് സാമൂഹിക മാറ്റങ്ങൾ എത്തിച്ച പല പ്രവർത്തനങ്ങൾക്കും നിദാനമായി. വിശ്വാസം എന്നത് ചില എഴുതപ്പെട്ട ക്രമങ്ങളും തത്വങ്ങളും ആരാധനാരീതികളും പാലിക്കുക എന്നതിനപ്പുറം മർദ്ദിതരോടും ചൂഷിതരോമുള്ള പ്രതിബദ്ധതയാണ് എന്നുകൂടി ലാറ്റിനമേരിക്കൻ ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞു.
തൊഴിലാളി വർഗത്തോടുള്ള ഐക്യദാർഢ്യം എന്ന മാർക്‌സിസ്റ്റ് ചിന്താഗതിയോട് സമാനത പുലർത്തി, വിമോചന ദൈവശാസ്ത്രം ക്രൂശിക്കപ്പെട്ട പാവപ്പെട്ടവർക്കൊപ്പമായിരിക്കണമെന്ന (crucified poor) വിശാല ചിന്താധാരയ്ക്ക് രൂപം നൽകി. അതേസമയം, അത് തൊഴിലാളിവർഗം എന്ന തത്വത്തിലേക്കുമാത്രം ചുരുങ്ങിയില്ല.
പരമ്പരാഗതമായി നിലനിന്നിരുന്ന, രാഷ്ട്രീയവും മതവും തമ്മിൽ ബന്ധമേ പാടില്ല എന്ന തത്വത്തെയും തിരുത്തിക്കുറിക്കാൻ വിമോചന ദൈവശാസ്ത്രത്തിന് കഴിഞ്ഞു. പ്രമുഖ വിമോചന ദൈവശാസ്ത്ര പണ്ഡിതനും മെഡലിയൻ കോൺഫറസിന്റെ പ്രധാന ഉപദേശകരിൽ ഒരാളുമായിരുന്ന ഗുട്ടറെസ് 1971 ൽ എഴുതി; വർഗസമരം എന്ന യാഥാർഥ്യം ഇല്ല എന്നു സമർത്ഥിക്കുന്നത് പ്രബലമായ സാമൂഹിക ശക്തികൾക്കൊപ്പമായിരിക്കുക എന്നതുമാത്രമാണ്. ഇതിൽ നിഷ്പക്ഷത എന്ന ഒന്നില്ല. നമുക്ക് പടുത്തുയർത്തേണ്ടത് കൂടുതൽ നീതിപൂർവ്വവും കൂടുതൽ സ്വാതന്ത്ര്യവും മനുഷ്യത്വവുമുള്ള ഒരു സോഷ്യലിസ്റ്റ് സമൂഹത്തെയാണ്, തുല്യത തോന്നിപ്പിക്കുകയും തെറ്റായ അനുരഞ്ജനവുമുള്ള സമൂഹത്തെയല്ല.
ലാറ്റിനമേരിക്കയിൽ മാനുഷിക മുഖമുള്ള ഒരു മതസംസ്‌കാരത്തിന് നാന്ദി കുറിക്കാൻ ഈ സമ്മേളനത്തിനായി. വിമോചന ദൈവശാസ്ത്രത്തിലൂന്നിയുള്ള ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഐതിഹാസികമായ നിമിഷമായിരുന്നു കാമിലോ ടോറസ് എന്ന പാതിരിയുടെ മരണം. പട്ടാളച്ചിട്ടയിലുള്ള ഒരു ജനകീയ പ്രസ്ഥാനം കൊളംബിയിൽ ആരംഭിച്ച അദ്ദേഹം 1965 ൽ കാസ്‌ട്രോയുടെ ഗറില്ലാ പ്രസ്ഥാനത്തിന് തുല്യമായ നാഷണൽ ലിബറേഷൻ ആർമിയിൽ (ELN) ചേർന്നു പ്രവർത്തനമാരംഭിച്ച. പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ 1966 ൽ അദ്ദേഹം കൊലചെയ്യപ്പെട്ടു. ഈ ജീവത്യാഗം ലാറ്റിനമേരിക്കയിൽ വൈകാരികവും രാഷ്ട്രീയവുമായ വൻ സ്വാധീനം ചെലുത്തി. പുരോഹിതരുടെ നേതൃത്വത്തിൽ പല ജനകീയ പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. ഉദാഹരണത്തിന് Priests for the Third World ( അർജന്റീന- 1966), National Organization for Social Integration (പെറു- 1968) Golcanda Group ( കൊളംബിയ- 1968) Christians for Socialism (ചിലി- 1971).
വിമോചന ദൈവശാസ്ത്രത്തിലൂന്നിയ ക്രിസ്തീയതയുടെ വികാസത്തിന് വിലങ്ങുതടിയായി നിന്നത് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വത്തിക്കാനിൽനിന്നുള്ള ഇടപെടലുകളായിരുന്നു.
പുരോഹിതരോടൊപ്പം ക്രിസ്ത്യാനികളും പല ജനകീയ സമരങ്ങളിലും പങ്കാളിയായി. ഈ സാമൂഹ്യാടിത്തറയിൽ നിന്ന് സുവിശേഷങ്ങളെ അവർ വ്യാഖ്യാനിച്ചു. അതുപോലെ സാമൂഹിക യാഥാർഥ്യങ്ങൾ മനസ്സിലാക്കാനും, അവക്ക് മാറ്റങ്ങളുണ്ടാക്കാനുമുള്ള ഉപാധിയായി മാർക്‌സിസത്തെ അവർ കണ്ടു.
ഇപ്പോൾ വലതുപക്ഷാഭിമുഖ്യമുള്ള ഭരണകൂടമാണ് ബ്രസീൽ ഭരിക്കുന്നതെങ്കിലും വിമോചന ദൈവശാസ്ത്രതിന് എന്നും വേരോട്ടമുള്ള മണ്ണായിരുന്നു ബ്രസീലിന്റേത്. തൊഴിലാളി സംഘടനയായ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (CUT), ഭൂരഹിതരുടെ പ്രസ്ഥാനം (MST), പാവപ്പെട്ടവരുടെ അയൽപക്ക കൂട്ടായ്മകൾ തുടങ്ങി അവയുടെ രാഷ്ട്രീയ മുഖമായ വർക്കേഴ്‌സ് പാർട്ടി (PT) വരെയുള്ളവ കെട്ടിപ്പടുക്കുന്നതിൽ വിശ്വാസികൾ, അൽമായർ, ക്രിസ്ത്യൻ കൂട്ടായ്മകൾ എന്നിവയുടെ പങ്ക് വലുതാണ്. മൂവ്‌മെന്റ് ഫോർ ബേസ് എഡ്യൂക്കേഷൻ (MEB) എന്ന ജനകീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനും രാഷ്ട്രീയ പ്രബുദ്ധത നേടിയ ബ്രസീലിലെ ക്രൈസ്തവർക്കായി. എന്നാൽ ഇത്തരം ജനകീയ നിലപാടുകൾക്കൊപ്പം നിൽക്കാൻ പലപ്പോഴും സഭാഭരണാധികാരികൾക്കുമായില്ല എന്ന ചരിത്രവും ബ്രസീലിലിലുണ്ട്. 1964 രാജ്യത്ത് നിലവിൽവന്ന ഏകാധിപത്യ ഭരണകൂടത്തെ ‘കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്ന് ബ്രസീലിനെ രക്ഷിക്കാനുള്ള പ്രാർത്ഥനയുടെ ഫലമായി ലഭിച്ച ദൈവികദാനമായി' പോലും വിശേഷിപ്പിച്ചു. എന്നാൽ ക്രൈസ്തവ ആക്ടിവിസ്റ്റുകളും പാതിരിമാരും ഈ ആശയത്തോട് വിയോജിച്ചു. ഭരണകൂട ഭീകരത കൂടിവന്നപ്പോൾ പ്രതിപക്ഷത്തോടൊപ്പം സഹകരിക്കാൻ പാതിരിമാരും നിരവധി ബിഷപ്പുമാരും തയ്യാറായി. ബ്രസീലിലെ മുൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന കാർലോസ് മരിഗല്ലയുടെ നേതൃത്വത്തിലുള്ള ഗറില്ലാ മുന്നണിയായ ആക്ഷൻ ഫോർ നാഷണൽ ലിബറേഷനിൽ (ALN) ഫ്രയി ബ്രെട്ടോ തുടങ്ങിയ പുരോഹിതർ അംഗങ്ങളായി.
1970 ൽ ബ്രെട്ടോ അറസ്റ്റിലായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരൻ ചോദിച്ചു, ‘എങ്ങനെ ഒരു ക്രിസ്ത്യൻ വിശ്വാസിക്ക് കമ്യൂണിസ്റ്റകളുമായി യോജിച്ചു പ്രവർത്തിക്കാൻ സാധിക്കും?'
ഉത്തരം ഇതായിരുന്നു: "എന്നെ സംബന്ധിച്ച് മനുഷ്യരെ വിശ്വാസികൾ, അവിശ്വാസികൾ എന്ന് രണ്ടായിട്ടല്ല തിരിച്ചിരിക്കുന്നത്. മറിച്ച് ചൂഷകരും ചൂഷിതരുമായിട്ടാണ്- അതായത്, ഈ സമൂഹത്തെ നീതിരഹിതമായി ഇന്നും നിലനിർത്താൻ ശ്രമിക്കുന്നവരും അതുപോലെ നീതിക്കായി പോരാടാൻ ശ്രമിക്കുന്നവരുമായി.'
പൊലീസുകാരൻ ചോദ്യം ആവർത്തിച്ചു; ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാർക്‌സ് പറഞ്ഞത് നിങ്ങൾ മറന്നുപോയോ?'
ബ്രെട്ടോയുടെ മറുപടി: ‘ഈ ഭൂമിയിലുള്ള നല്ലതെല്ലാം തങ്ങളുടെ കൈവശമാക്കിയ ശേഷം ദൈവം സ്വർഗത്തിന്റെ നാഥനാണ് എന്ന് പ്രചരിപ്പിക്കുന്ന ബൂർഷാസികളാണ് മതം കറുപ്പാണ് എന്നുപറയുന്നത്.'
ബ്രസീലിനുശേഷമാണ് നിക്കരാഗ്വ വിമോചന ദൈവശാസ്ത്രത്തിലധിഷ്ഠിതമായ സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയായതതെങ്കിലും അത് കൂടുതൽ സ്വീകാര്യത നേടുകയും അപഭ്രംശങ്ങൾ താരതമ്യേന കുറഞ്ഞിരിക്കുകയും കൂടുതൽ കാലം നീണ്ടുനിൽക്കുകയും ചെയ്തു. തുടക്കത്തിൽ സോമോസ ഏകാധിപത്യ ഭരണകൂടത്തെ പരസ്യമായി പിന്തുണച്ചെങ്കിലും 1978ലെ വിപ്ലവസമരങ്ങളിൽ ക്രൈസ്തവ പങ്കാളിത്തം നിർണായകമായിരുന്നു. ബ്രസീലിൽ സംഭവിച്ചതുപോലെ ഇവിടെയും സമൂഹത്തിന്റെ താഴെത്തട്ടിൽ മാറ്റം തുടങ്ങുകയും തൊഴിലാളി /വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ വളർച്ച നേടുകയും ചെയ്തു. സഭാ മേലധ്യക്ഷന്മാരുടെ എതിർപ്പ് മറികടന്ന് പുരോഹിതരും യുവാക്കളും കർഷകത്തൊഴിലാളികളും ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള സമരങ്ങളിൽ പങ്കെടുത്തു. പ്രത്യേകിച്ച് കപ്പൂച്ചിൻ / ഈശോ സഭ വൈദികർ. വൈദികരും കന്യാസ്ത്രീകളുമുൾപ്പെടെയുള്ള സന്യസ്തർ പോരാളികൾക്ക് ഭക്ഷണം, അഭയം, എന്തിനധികം ആയുധങ്ങൾ പോലും നൽകിയിരുന്നു.
വിമോചന ദൈവശാസ്ത്രത്തിലൂന്നിയ ക്രിസ്തീയത ലാറ്റിനമേരിക്കൻ രാഷ്ട്രീയ- മത സംസ്‌കാരത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണിൽ വിതറിയ വിത്തുകൾ പതിറ്റാണ്ടുകൾക്കുശേഷവും ഫലം തരുന്ന കാഴ്ചകൾ അവിടെനിന്ന് വീണ്ടും വീണ്ടും കാണുന്നു.
ഭരണം നേടിയ ശേഷവും സാൻഡിനീസ്റ്റൻ സഖ്യം ക്രൈസ്തവ സമൂഹം നൽകിയ സേവനങ്ങളെ വില മതിച്ചു. ഭരണത്തിലേറിയശേഷം 1980ൽ പുറത്തിറക്കിയ മതങ്ങളെ കുറിച്ചുള്ള പ്രഖ്യാപനത്തിൽ പറയുന്നു: ‘ലാറ്റിനമേരിക്കയിലെ മറ്റു വിപ്ലവ സമരങ്ങളെക്കാളും ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും കാണാത്തതിനേക്കാൾ ക്രൈസ്തവർ നമ്മുടെ വിപ്ലവ സമരങ്ങളിൽ ഐതിഹാസിക പങ്കുവഹിച്ചു. ഒരേ സമയത്തു തന്നെ നല്ല വിശ്വാസിയും പ്രതിബദ്ധതയുള്ള വിപ്ലവകാരിയും ആകാൻ സാധിക്കുമെന്നാണ് നമ്മുടെ അനുഭവം. മാത്രവുമല്ല, ഇവ രണ്ടും തമ്മിൽ പൊരുത്തപ്പെടാനാവാത്ത വൈരുദ്ധ്യമില്ല എന്നുമാണ്.’
മൂന്ന് പുരോഹിതരെ ആദ്യ സാൻഡിനീസ്റ്റൻ ഭരണത്തിൽ ഉൾപ്പെടുത്തി ഈ ആത്മവിശ്വാസത്തിന് രാഷ്ട്രീയ സ്ഥിരീകരണവും നൽകി. ഈ സാൻഡിനീസ്റ്റൻ വിജയഗാഥ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിലും തുടർന്നു.
മുമ്പു പ്രതിപാദിച്ച രാജ്യങ്ങളിലെ പോലെ തന്നെ വിമോചന ദൈവശാസ്ത്രത്തിൽ അധിഷ്ഠിതമായ മാറ്റങ്ങൾ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവ ദോറിലും ദൃശ്യമായി. ഈ മാറ്റങ്ങളുടെ ഭാഗമായി അനേകം പുരോഹിതർ സെമിനാരികളുടെ ശീതളിമയിൽ നിന്ന് തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്കിറങ്ങി. അതിൽ ഏറ്റവും പ്രധാനിയായിരുന്നു രൂട്ടിലോ ഗുവണ്ടേ എന്ന ഈശോ സഭ വൈദികൻ. ക്രിസ്തുവിനെ ആരാധിക്കുക മാത്രമല്ല വേണ്ടത് മറിച്ച് അവൻ തിന്മകളോട് നടത്തിയ പടപൊരുതലുകൾ പിന്തുടരണമെന്നും അവർ ഇടവകകളിൽ ഓർമിപ്പിച്ചു. ഈ പ്രബോധനങ്ങൾ അവർക്കിടയിൽ നടമാടിയിരുന്ന ഏറ്റവും വലിയ സാമൂഹിക തിന്മയായ മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സ്വയം കൂട്ടായ്മകൾക്കും സമരങ്ങൾക്കും നാന്ദി കുറിച്ചു.
ഇതും സഭാ നേതൃത്വത്തിൽ മുറുമുറുപ്പുണ്ടാക്കി. അങ്ങനെ ‘മാർക്‌സിസ്റ്റ് പാതിരി'മാരെ അടക്കിയിരുത്താൻ കടുത്ത യാഥാസ്ഥിതികനായ ഓസ്‌കാർ റൊമേറോ സാൻ സാൽവദോർ ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. എന്നാൽ, പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ധാരയിലാണെങ്കിലും സുഹൃത്തായിരുന്നു ഫാദർ രൂട്ടിലോ ഗുവണ്ടേയുടെ കൊലപാതകവും സ്പാനിഷ് വിമോചന ദൈവശാസ്ത്ര പണ്ഡിതനായ ജോൻ സോബ്റിനോയുടെ ചിന്താധാരകളും കടുത്ത യാഥാസ്ഥിതികനായ ഓസ്‌കാർ റൊമേറോയെയും സമൂല പരിവർത്തനത്തിലേക്ക് നയിച്ചു. യാഥാസ്ഥിതികരായ ബിഷപ്പുമാർക്കെതിരെയും പേപ്പർ സ്ഥാനപതിക്കെതിരെയും പട്ടാളത്തിനെതിരെയും പ്രഭു വർഗത്തിനെതിരെയും അവസാനം മാർപാപ്പയ്‌ക്കെതിരേയും അദ്ദേഹം നിലപാടെടുത്തു.
വിപ്ലവകാരിയായ പുരോഹിതരോടും തൊഴിലാളി നേതാക്കളോടും സായുധ വിപ്‌ളവകാരികളോടുപോലും അദ്ദേഹം ചങ്ങാത്തം പുലർത്തി. അദ്ദേഹത്തിന്റെ ഞായറാഴ്ച പ്രസംഗങ്ങൾക്ക് ആയിരങ്ങൾ കാതോർത്തു. റേഡിയോ പ്രഭാഷണങ്ങൾ പതിനായിരങ്ങൾ കേട്ടു. 1980 ൽ അമേരിക്കൻ പ്രസിഡഡന്റായ ജിമ്മി കാർട്ടറോട് സാൽവദോറിലെ പട്ടാളഭരണകൂടത്തിന് ആയുധങ്ങൾ നൽകരുതെന്നും സാൽവത്തോറിലെ ജനങ്ങളുടെ ഭാവി നിർണയിക്കാൻ അനുവദിക്കില്ല എന്നും എഴുതി. തങ്ങളുടെ തന്നെ സഹോദരങ്ങളായ തൊഴിലാളികളെ കൊല്ലാൻ ആജ്ഞാപിക്കുന്ന പട്ടാളമേധാവികളുടെ ആജ്ഞ നിരാകരിക്കാൻ അദ്ദേഹം പട്ടാളക്കാരോട് അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥനയുടെ പിറ്റേദിവസം തന്നെ അർദ്ധസൈനിക വിഭാഗത്തിന്റെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു. തൊഴിലാളി വർഗത്തോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും എൽ സാൽവദോറിലെ ക്രൈസ്തവ സഭ പുലർത്തിയ കൂറിന്റെ ഏറ്റവും മഹനീയ ചിഹ്നമായിരുന്നു ഓസ്‌കാർ റൊമേറോ.
സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താൻ മാത്രമുള്ള കുടിയേറ്റങ്ങൾ മൂലം വികസിതമായ പാശ്ചാത്യ ക്രൈസ്തവ സഭയെയാണ് റോൾ മോഡലായി കരുതിയിരിക്കുന്നത്.
പിന്നീടിങ്ങോട്ട് നവ ലിബറൽ നയങ്ങൾ ലാറ്റിനമേരിക്കയെയും ലാറ്റിനമേരിക്കൻ സഭയെയും ഈ വിചാരധാരയിൽ നിന്ന് വ്യതിചലിക്കാൻ ഇടവരുത്തി. സോവിയറ്റ് റഷ്യയുടെ പഠനവും തൊണ്ണൂറുകളിൽ നികോരാഗ്വയിൽ സന്ദോനീസ്റ്റ ഗവൺമെന്റിന്റെ പതനവും മുന്നേറ്റത്തിന് തിരിച്ചടിയായി. എങ്കിലും വിമോചന ദൈവശാസ്ത്രത്തിലൂന്നിയ ക്രിസ്തീയത ലാറ്റിനമേരിക്കൻ രാഷ്ട്രീയ- മത സംസ്‌കാരത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണിൽ വിതറിയ വിത്തുകൾ പതിറ്റാണ്ടുകൾക്കുശേഷവും ഫലം തരുന്ന കാഴ്ചകൾ അവിടെനിന്ന് വീണ്ടും വീണ്ടും കാണുന്നു. ജയിലിലടയ്ക്കപ്പെട്ട മുൻ ബ്രസീൽ പ്രസിഡണ്ട് ലുലയുടെ ഉപദേശകനായി ഫ്രെയ് ബ്രെട്ടൊ എന്ന വിമോചന ദൈവശാസ്ത്രത്തിന്റെ പ്രയോക്താവായിരുന്ന മുൻ പാതിരി നിയമിതനായിരിക്കുന്നു. വിമോചന ദൈവശാസ്ത്രത്തിലൂന്നിയ ക്രിസ്തീയതയുടെ വികാസത്തിന് വിലങ്ങുതടിയായി നിന്നത് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വത്തിക്കാനിൽനിന്നുള്ള ഇടപെടലുകളായിരുന്നു. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ ആഗോള കത്തോലിക്കാ സഭാമേധാവിയായി അർജന്റീനകാരനായ ഫ്രാൻസിസ് മാർപാപ്പ അവരോധിക്കപെട്ടിരുന്നു.
അദ്ദേഹത്തിന്റെ മുതലാളിത്ത വിരുദ്ധ നിലപാടുകളും ലാറ്റിനമേരിക്കയിൽ പുത്തനുണർവുണ്ടാക്കിയിരിക്കുന്നു. ഓസ്‌കാർ റൊമേറോയെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ലാറ്റിനമേരിക്കയിൽ നടക്കുന്ന ഈ പിങ്ക് വേലിയേറ്റം (Pink Tide) കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും ചില പാഠങ്ങൾ സമ്മാനിക്കുന്നുണ്ട്. ഒരു വിമോചന ദൈവശാസ്ത്രം ഒരു ഭൂഖണ്ഡത്തിലെ മുഴുവൻ ജനങ്ങളെയും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിച്ചുവെങ്കിൽ ഇവിടെ ഒരു വിമോചനസമരം ആ പ്രത്യയശാസ്ത്രത്തിൽ നിന്ന് ക്രൈസ്തവരെ അകറ്റി. സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താൻ മാത്രമുള്ള കുടിയേറ്റങ്ങൾ മൂലം വികസിതമായ പാശ്ചാത്യ ക്രൈസ്തവ സഭയെയാണ് റോൾ മോഡലായി കരുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ, ലാറ്റിനമേരിക്കൻ ക്രിസ്ത്യാനികളുടെ ഇടയിൽ നടക്കുന്ന മാറ്റങ്ങൾക്ക് നേരെ ഇപ്പോഴും ഇവിടെ സഭാ മക്കളും ഇടയന്മാരും കണ്ണടയ്ക്കുകയാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.