യുദ്ധകാലത്തെ
ചൈന- ബഹ്റൈൻ യാത്രയും
പ്രവാസിയുടെ പ്രതിസന്ധികളും

‘‘ഗൾഫിലെ എല്ലാ വ്യാപാര- വ്യവസായ- വാണിജ്യമേഖകളെയും യുദ്ധം ബാധിക്കുന്നതിന്റെ സുചനകളാണ് കാണാൻ കഴിയുന്നത്. യുദ്ധം നീണ്ടുപോയാൽ തൊഴിൽനഷ്ടം വരെ സംഭവിച്ചേക്കാം. അങ്ങനെയുണ്ടായാൽ മലയാളികളുൾപ്പെടെയുളള പ്രവാസികളെ ഇത് നേരിട്ട് ബാധിക്കും’’- യുദ്ധസാഹചര്യം ഗൾഫിലെ പ്രവാസിജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് എഴുതുന്നു, ബഹ്റൈനിൽ മാധ്യമപ്രവർത്തകനായ കെ.ടി. നൗഷാദ്.

യുദ്ധമറിയിച്ചത്
ചൈനക്കാരൻ

ഹ്റൈനിൽനിന്ന് ഷാങ്ഹായിയിലേക്കുളള യാത്രക്കിടെ സ്ക്രീനിലെ മാപ്പിൽ നോക്കുമ്പോൾ വിമാനം ഇറാനു മുകളിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയാണ്. പടയൊരുക്കവും ഭീഷണിയുമൊക്കെയുണ്ടെങ്കിലും യുദ്ധത്തിലേക്കൊന്നും നീങ്ങില്ലെന്ന വിശ്വാസമായിരുന്ന മേഘങ്ങൾ മറച്ച ഭൂമിയിലേക്ക് നോക്കുമ്പോൾ.

ദിവസവും ബഹ്റൈനിലെ ഹിദ്ദിൽ നിന്ന് മനാമയിലേ കമ്പനിയിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ കടലിലെ പടയൊരുക്കം കണ്ട് ആദ്യമൊക്കെ ആശങ്കപ്പെട്ടിരുന്നു. ദിവസമെന്നോണം യുദ്ധക്കപ്പലുകളുടെയും അനുബന്ധചരക്കു കപ്പലുകളുടെയും എണ്ണം കുടുന്നതുകണ്ട് യുദ്ധത്തിലേക്കാണെന്ന് ഉറപ്പിച്ചതാണ്. എന്നാൽ യു.എസും ഇറാനും അമേരിക്കയും ചർച്ച തുടങ്ങിയപ്പോൾ ഈ പടയൊരുക്കമെല്ലാം ഇറാന്റെ മേൽ സമ്മർദ്ദം ചെലുത്താനാണെന്ന് തോന്നി. ചർച്ച വിജയിക്കാതെ വരികയും അബ്രഹാം ലിങ്കനെന്ന കൂറ്റൻ പടക്കപ്പൽ ഇറാനടുത്ത് എത്തിയതിന്റെ സാറ്റലൈറ്റ് ചിത്രം പുറത്തുവരികയും ചെയ്തപ്പോൾ പിന്നെയും ആശങ്കയായി.

മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി മിനാ സൽമാൻ തീരത്ത് കപ്പലുകൾ കണ്ടതും അടിയന്തര സാഹചര്യം അറിയിക്കുന്ന മൊബൈൽ അലെർട്ട് മെസേജിന്റെ ടെസ്റ്റ് പല തവണ നടത്തിയതും കൂടിയായിരുന്നു ആശങ്കക്ക് കാരണം. ഈ ആശങ്ക ഒരു ചർച്ചാഗ്രൂപ്പിൽ പങ്കുവെച്ചപ്പോൾ മിഡിലീസ്റ്റിലെയും ലോകത്തെയും രാഷ്ട്രീയാന്തരീക്ഷം സുക്ഷ്മമായി നിരീക്ഷിക്കുന്ന സുഹൃത്ത്, അതുണ്ടാവില്ലെന്ന ആത്മവിശ്വാസം പങ്കുവെച്ചു. മല്ലന്മാർ തുടയിലടിച്ച് ശക്തി കാണിക്കുന്നതുപോലെയാണ് യു.എസിന്റെയും ഇറാന്റെയും പടയൊരുക്കങ്ങളെന്ന സുഹൃത്തിന്റെ വാദം തുടക്കത്തിൽ എനിക്കുമുണ്ടായിരുന്നു.

2008-ൽ ഇസ്രായേലിന്റെ സമ്മർദ്ദമുണ്ടായിട്ടും അമേരിക്ക യുദ്ധത്തിന് തയ്യാറാവാത്തതു പോലെ, ജോർജ് ഡബ്ല്യു. ബുഷും അഹ്മദി നജാദും തമ്മിലുളള വാക്പോരിൽ സംഘർഷം ഒതുങ്ങിയതു പോലെ ഇതും അവസാനിക്കുമെന്ന് തോന്നിയിരുന്നു. അതുകൊണ്ടാവാം സുഹൃത്ത് പകർന്ന വിശ്വാസം ആശങ്കക്കുമേൽ പ്രതിഷ്ഠിച്ചത്.

വിമാനത്തിലിരിക്കുമ്പോഴുണ്ടായിരുന്ന വിശ്വാസവും പ്രതീക്ഷയും ലാൻഡ് ചെയ്തതിന്റെ പിറ്റേന്നുതന്നെ തകർക്കപ്പെട്ടു. ഷാങ്ഹായിക്കടുത്തുളള മനോഹരമായ സൂജോ നഗരത്തിലുടെ കാറിൽ പോകുമ്പോൾ പരിചയക്കാരനായ ചൈനീസ് പൗരനാണ് ഇറാനെ ഇസ്രായേലും അമേരിക്കയും ആക്രമിച്ചു എന്നറിയിക്കുന്നത്. അതു കേട്ടപ്പോൾ ‘ആർ യു സീരിയസ്?’ എന്നാണ് ആദ്യം നാവിൽ നിന്നുവന്നത്. വിശ്വാസയോഗ്യമായ മാധ്യമങ്ങളിൽ വന്ന വാർത്ത തന്നെയാണോ എന്ന് അവിശ്വാസത്തോടെ വീണ്ടും ചോദിച്ചു. രാവിലെ യുദ്ധം തുടങ്ങിയെന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുവെന്ന് വ്യക്തമാക്കിയതോടെ ഞാൻ ഹോട്ടലിലേക്ക് എത്താനുളള തിടുക്കത്തിലായി. രണ്ട് ദിവസം മുമ്പ് ഇറാനിൽ നിന്നുളള ചൈനക്കാരോട് മടങ്ങിവരാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നതിനാൽ യുദ്ധം പ്രതീക്ഷിച്ചിരുന്നെന്നു കൂടി അദ്ദേഹം പറഞ്ഞു.

ബഹ്റൈനിലെ മിന സൽമാൻ തുറമുഖം
ബഹ്റൈനിലെ മിന സൽമാൻ തുറമുഖം

വാതിലുകളെ
പ്രകമ്പനം കൊളളിക്കുന്ന
സ്ഫോടനം

എയർപോർട്ടിൽ നിന്നെടുത്ത ഇൻറർനെറ്റ് കണക്ഷനിൽ വി.പി.എൻ പ്രവർത്തിക്കാത്തതു കൊണ്ട് ഗൂഗ്ളും വാട്സ്ആപ്പും ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. ചൈനയിൽ ഇതൊന്നും ലഭ്യമല്ലെങ്കിലും വി.പി.എൻ വഴി മറികടക്കാമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ വി.പി.എൻ ഓണായിരിക്കുമ്പോൾ ഇൻറർനെറ്റ് കിട്ടുന്നില്ല. ബഹ്റൈനിലെ നെറ്റ് വർക്ക് സർവീസ് പ്രൈാവഡറിൽ നിന്നുളള റോമിംഗ് ഡാറ്റയിലേക്ക് കണക്ട് ചെയത് ബഹ്റൈനിലുളള കുടുംബത്തിനെ വിളിച്ചു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സൈറൻ മുഴങ്ങുന്നത് കേൾക്കാമായിരുന്നു. വാതിലുകൾ പൊട്ടിപ്പോകുന്ന വിധത്തിൽ കുലുങ്ങിയാണ് രണ്ട് തവണ വൻസ്ഫോടനം ഉണ്ടായതെന്ന് അവരെന്നോട് പറഞ്ഞു. വാതിലിൽ നിന്നുളള ശബ്ദം കുറയ്ക്കാനായി അടയ്ക്കാതെ അല്പം തുറന്നിട്ടിരിക്കുകയാണെന്നും.

അമേരിക്കയുടെ നാവികാസ്ഥാനം അകലയല്ലാത്തതു കൊണ്ടാവാം ഇത്ര ഉച്ചത്തിൽ ശബ്ദം കേൾക്കുന്നതെന്ന് ഞാൻ ആശ്വസിപ്പിച്ചു. വീടുളളത് റസിഡൻഷ്യൽ ഏരിയയിലായതുകൊണ്ട് അങ്ങനെ ഭയക്കേണ്ടെന്ന് അവരോട് പറഞ്ഞെങ്കിലും ആ രാത്രി എനിക്ക് ഉറങ്ങാനായില്ല. പുലച്ചയിലൊന്ന് മയങ്ങി ഉറക്കക്ഷീണവുമായാണ് രാവിലെ ഔദ്യോഗിക കാര്യത്തിന് പുറത്തുപോയത്. ഇടക്കിടെ വാർത്തകൾ നോക്കിക്കൊണ്ടേയിരുന്നു.

ബഹ്റൈൻ എയർപോർട്ട് അടച്ചുവെന്ന വാർത്ത വായിച്ചപ്പോൾ ഒരു മിന്നൽ മനസ്സിലൂടെ പാഞ്ഞു. മാർച്ച് ആറിന് രാത്രി ഷാങ്ഹായ് എയർപോർട്ടിൽ നിന്നാണ് ബഹ്റൈനിലേക്കുളള മടക്കടിക്കറ്റ്. ഇനിയും അഞ്ച് ദിവസമുളളതുകൊണ്ട് രണ്ടു മൂന്നു ദിവസം കൂടി നോക്കാമെന്ന് കരുതി. ഷാങ്ഹായിൽനിന്ന് ഗൾഫിലെ മറ്റു രാജ്യങ്ങളിലേക്കും വിമാനം പറക്കുന്നുണ്ടോ എന്ന് നോക്കിയപ്പോൾ, സൗദിയ എയർലൈനുണ്ട്. പക്ഷെ മാർച്ച് 9ന് മാത്രമെ ടിക്കറ്റുള്ളൂ. ചൈനീസ് സുഹൃത്ത് കസ്റ്റമർ സർവീസ് സെൻററിൽ വിളിച്ചപ്പോൾ, ടിക്കറ്റ് ഉണ്ടെങ്കിലും പറക്കുമെന്ന് ഉറപ്പില്ലെന്നായിരുന്നു അറിയിപ്പ്. മാർച്ച് അഞ്ചിന് നോക്കിയപ്പോൾ എയർ ചൈന ബെയ്ജിംഗിൽനിന്ന് പറന്നതായി കണ്ടു. പിന്നെയൊന്നും നോക്കിയില്ല, ഏഴിന് ബെയ്ജിംഗിൽ റിയാദിലേക്ക് ടിക്കറ്റെടുത്തു.

ബെയ്ജിംഗിലേക്ക്

ആറിന് വൈകീട്ട് ബെയ്ജിംഗിലേക്ക് ട്രെയിൻ കയറാനായി സുജാ റെയിൽവേസ്റ്റേഷനിലെത്തി. എയർപോർട്ടിലെ ചെക് ഇൻ പോലെ ടിക്കറ്റും ഐ.ഡിയും സ്കാൻ ചെയ്തേ പ്ലാറ്റ് ഫോമിലേക്ക് കയറാനാകൂ. അതിനുമുമ്പ് ബാഗുകൾ സ്കാൻ ചെയ്തപ്പോൾ കത്രിക കണ്ടതിനാൽ ആ ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു. കത്രികയുടെ നീളം അളന്നശേഷം അനുവദനീയമായ വലുപ്പത്തിനുളളിനായതിനാൽ കൊണ്ടുപോകാൻ അനുവദിച്ചു. വിമാനത്തിൽ മൂർച്ചയുളള വസ്തുക്കൾ ഹാൻഡ് ബാഗിൽ കൊണ്ടു പോകുന്നതിലെ വിലക്ക് ഇവിടെ ട്രെയിനിലും ബാധകമാണോ എന്നാശ്ചര്യപ്പെട്ടു.

പാർലമെൻറിനു തുല്യമായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെയും (എൻ.പി.സി) സി.പി.പി.സി.സിയുടെയും വാർഷിക സമ്മേളനം ബെയ്ജിംഗിൽ നടക്കുന്നതുകൊണ്ടാണ് ഇത്രയും വിശദമായ പരിശോധനയെന്ന് അവരിലൊരാൾ അതിനു മറുപടിയായി പറ‍ഞ്ഞു. സഭാംഗങ്ങളായ പ്രമുഖ നേതാക്കളും രാഷ്ട്രീയക്കാരും സെലിബ്രറ്റികളുമൊക്കെ ബെയ്ജിംഗിൽ 10 ദിവസം സമ്മേളിക്കുകയാണ്.

1030 കി.മീറ്റർ ദുരമുളള ബെയ്ജിംഗിൽ അഞ്ച് മണിക്കുർ കൊണ്ട് എത്താൻ കഴിഞ്ഞത് അതിവേഗ തീവണ്ടി സർവിസുള്ളതുകൊണ്ടുമാത്രമാണ്. രാവിലെ ഓടുന്ന ട്രെയിനുകളിൽ പലതും നാല് മണിക്കൂർ കൊണ്ട് എത്തുന്നവയാണ്. കാറിലോ ബസിലോ ആണെങ്കിൽ ബെയ്ജിംഗ് വഴിയുളള വിമാനയാത്ര ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല. ട്രെയിനിലിരിക്കുമ്പോൾ ബഹ്റൈനിൽ തുടർച്ചയായി ബോംബ് സ്ഫോടനം നടക്കുന്നുവെന്ന വാട്സ്ആപ്പ് മെസേജുകൾ വന്നു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്നു. എണ്ണശുദ്ധീകരണശാലക്കു നേരെ വരെ ആക്രമണമുണ്ടായി.

ബഹ്റൈൻ എയർപോർട്ട് അടച്ചുവെന്ന വാർത്ത വായിച്ചപ്പോൾ ഒരു മിന്നൽ മനസ്സിലൂടെ പാഞ്ഞു. മാർച്ച് ആറിന് രാത്രി ഷാങ്ഹായ് എയർപോർട്ടിൽ നിന്നാണ് ബഹ്റൈനിലേക്കുളള മടക്കടിക്കറ്റ്.
ബഹ്റൈൻ എയർപോർട്ട് അടച്ചുവെന്ന വാർത്ത വായിച്ചപ്പോൾ ഒരു മിന്നൽ മനസ്സിലൂടെ പാഞ്ഞു. മാർച്ച് ആറിന് രാത്രി ഷാങ്ഹായ് എയർപോർട്ടിൽ നിന്നാണ് ബഹ്റൈനിലേക്കുളള മടക്കടിക്കറ്റ്.

ടിയാൻമെൻ സ്ക്വയർ ഓർമപ്പെടുത്തിയത്

ബെയ്ജിംഗിലേക്കു പോകുകയല്ലേ, ടിയാൻമെൻ സ്ക്വയർ കൂടി കണ്ടിട്ടു പോയാൽ മതി എന്നു പറഞ്ഞ്, അതിന് തൊട്ടടുത്തുളള ഹോട്ടലാണ് ചൈനീസ് സുഹൃത്ത് ബുക്ക് ചെയ്തിരുന്നത്. രാത്രി 10 മണിക്ക് ട്രെയിൻ ഇറങ്ങി ഹോട്ടലിലെത്തുമ്പോൾ ഉറങ്ങാനുളള സമയം മാത്രമേ ബാക്കിയുണ്ടായിരുന്നുളളു. സുഹൃത്ത് ഹോട്ടലിന്റെ പേരും അഡ്രസ്സും ചൈനീസ് ഭാഷയിൽ എഴുതിത്തന്നത് വളരെ ഉപകാരമായെന്ന് ചൈനീസ് മാത്രം സംസാരിക്കുന്ന ഡ്രൈവറെ കിട്ടിയപ്പോൾ മനസ്സിലായി. ഷാങ്ഹായിയേക്കാൾ തണുപ്പുണ്ട് ബെയ്ജിംഗിൽ. അലിയാതെ കിടക്കുന്ന മഞ്ഞ് പലയിടത്തും കാണാം. രാവിലെ എണീറ്റ് തണുപ്പ് വക വെയ്ക്കാതെ ടിയാൻമെൻസ്ക്വയറിലേക്ക് പുറപ്പെട്ടു.

യുദ്ധമല്ലെങ്കിലും അതിനു സമാനമായ സംഘർഷത്തിലൂടെ കടന്നുപോയപ്പോഴാണല്ലോ ടിയാൻമെൻസ്ക്വയർ എന്ന പേര് ആദ്യമായി കേട്ടതെന്നോർത്തു. ടാങ്കുകൾ വരിവരിയായി നീങ്ങിയിരുന്ന ചിത്രങ്ങളൊക്കെ ഓർമയിലേക്കു വന്നു. വിമാനത്താവളത്തിലേതിനു സമാനമായ സ്കാനിംഗ് ഉൾപ്പെടെയുളള സുരക്ഷാക്രമീകരണങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. സ്ക്വയറിലേക്കു പോകുന്ന റോഡിനിരുവശങ്ങളിലും ധാരാളം പൊലീസും പട്ടാളക്കാരും. നിരീക്ഷണ ക്യാമറകൾ ചുറ്റും. വിശാലമായ സ്ക്വയറിലേക്ക് എവിടെ നിന്നെങ്കിലും പ്രവശിക്കാനാവില്ല. നിശ്ചിത പ്രവേശനകവാടത്തിലൂടെ സെക്യൂരിറ്റി സ്ക്രീനിംഗ് കഴിഞ്ഞേ അങ്ങോട്ട് കടക്കാനാവൂ. 1989- ലെ പ്രക്ഷോഭത്തിനും വെടിവെപ്പിനും ശേഷമാണ് ടിയാൻമെൻസ്ക്വയർ ചൈനയിലെ ഏറ്റവും കൂടുതതൽ സുരക്ഷാക്രമീകരണങ്ങളും നിരീക്ഷണവുമുളള ഇടമായി മാറിയത്. ഐ.ഡി കാർഡ് കരുതണമെന്നും ചിലയിടങ്ങളിൽ ഫോട്ടോയെടുക്കാൻ പറ്റില്ലെന്നും ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ഇങ്ങോട്ടിറങ്ങാൻ നിൽക്കുമ്പോൾ ഓർമിപ്പിച്ചിരുന്നു.

ഉന്നതഭസഭയായ എൻ.പി.സിയുടെയും ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റിവ് കോൺഗ്രസിന്റെയും (സി.പി.പി.സി.സി) സമ്മേളനം നടക്കുന്ന ദ ഗ്രേറ്റ് ഹാളിനുമുന്നിലെ സുരക്ഷാ സംവിധാനങ്ങൾ അതികർക്കശമാണ്. സാങ്കേതിക വിദ്യകളിൽ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഗ്രീൻ എനർജിയിലും ആർട്ടിഫിഷൽ ഇൻറലിജൻസിലും കൂടുതൽ നിക്ഷേപമിറക്കുക തുടങ്ങിയവയൊക്ക ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നുണ്ട്. സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള, പ്രത്യേകിച്ച് എണ്ണയിലോടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കമൊക്കെ എത്ര ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് ഈ യുദ്ധം ബോദ്ധ്യപ്പെടുത്തുന്നുണ്ട്. എക്സിബിഷനിൽ മാത്രം പ്രദർശിപ്പിക്കുന്നതിനല്ല ഇവിടെ ഇപ്പോൾ റോബോട്ടുകൾ നിർമ്മിക്കപ്പെടുന്നത്. ഹോട്ടലുകളിൽ പോലും റോബോട്ടിന്റെ സേവനങ്ങൾ കാണാൻ പറ്റും.

രാവിലെയാണെങ്കിലും മാവോയുടെ ശവകുടീരം കാണാൻ നീണ്ട ക്യൂ ഉണ്ട്. സമയക്കുറവു കാരണം സ്ക്വയറിനു ചുറ്റും കറങ്ങി ഹോട്ടലിലേക്ക് തന്നെ തിരിച്ചുൃവന്നു, എയർപോർട്ടിലേക്ക് പോകാൻ.

യുദ്ധമല്ലെങ്കിലും അതിനു സമാനമായ സംഘർഷത്തിലൂടെ കടന്നുപോയപ്പോഴാണല്ലോ ടിയാൻമെൻസ്ക്വയർ എന്ന പേര് ആദ്യമായി കേട്ടതെന്നോർത്തു. ടാങ്കുകൾ വരിവരിയായി നീങ്ങിയിരുന്ന ചിത്രങ്ങളൊക്കെ ഓർമയിലേക്കുവന്നു.
യുദ്ധമല്ലെങ്കിലും അതിനു സമാനമായ സംഘർഷത്തിലൂടെ കടന്നുപോയപ്പോഴാണല്ലോ ടിയാൻമെൻസ്ക്വയർ എന്ന പേര് ആദ്യമായി കേട്ടതെന്നോർത്തു. ടാങ്കുകൾ വരിവരിയായി നീങ്ങിയിരുന്ന ചിത്രങ്ങളൊക്കെ ഓർമയിലേക്കുവന്നു.

അതിരുകളില്ലാത്ത സഹതാപം

പാസ്പോർട്ട് സ്കാനിംഗിനായി ക്യൂ നിൽക്കുമ്പോൾ മാൾട്ടയിലേക്കായി പോകുന്ന ചൈനീസ് പൗര എന്നോട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. ബഹ്റൈനിലേക്കാണെന്ന് കേട്ടപ്പോൾ യുദ്ധം നടക്കുന്നിടത്തേക്ക് ഇപ്പോൾ പോകുന്നതെന്തിന് എന്നായി. കുടുംബം അവിടെയാണുളളതെന്ന് മറുപടി പറഞ്ഞു. അങ്ങോട്ട് പോകാതെ അവരോട് ഇന്ത്യയിലേക്ക് വരാൻ പറഞ്ഞുകൂടേ- ഒരു അമ്മയുടെ ഉത്കണ്ഠയും സ്നേഹവും കണ്ണുകളിൽ നിറച്ചാണ് അവരെന്നോട് ചോദിച്ചത്. മാൾട്ടയിൽ സലൂണും ഷോപ്പും നടത്തുന്ന അവർക്ക് ഇന്ത്യക്കാരെക്കുറിച്ച് വളരെ മതിപ്പാണ്. നിങ്ങൾ ഇന്ത്യക്കാർ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരായതുകൊണ്ട് മാൾട്ടയിൽ പ്രത്യേക പരിഗണനയാണ്. എല്ലാ തൊഴിൽ മേഖലയിലും ഇന്ത്യക്കാരുണ്ട്. അവർ മാൾട്ടയിലെ വിശേഷങ്ങൾക്കൊപ്പം ഞാൻ തിരിച്ചു പോകുന്നതിലുളള ആശങ്ക വീണ്ടും അറിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ഒരു വിമാനയാത്ര ഓർമ വന്നു.

ദുബൈയിൽ നിന്ന് ബഹ്റൈനിലേക്കുളള യാത്രയിൽ ബഹ്റൈനിൽ ജോലി ചെയ്യുന്ന സുഡാനിൽ നിന്നുളള പ്രോഫസറായിരുന്നു അടുത്ത സീറ്റിൽ. പാരാമിലിറ്ററി ഗ്രൂപ്പായ ആർ.എസ്.എഫ് സുഡാനിലെ തന്റെ വീട് കൈയേറി എല്ലാം മോഷ്ടിച്ചെന്നും മകനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നുമുളള സങ്കടം എന്നോട് പങ്കുവെച്ചു. എല്ലാം നിങ്ങളെടുത്തോളൂ, കാറ് മാത്രം തനിക്ക് വേണമെന്ന് പറഞ്ഞതിന് അയൽപക്കത്തെ യുവാവിനെ വെടിവച്ചു കൊല്ലുന്നത് കണ്ട ഷോക്കിലാണ് മകൻ. അവനെ ഇവിടെയെത്തിക്കാൻ എന്തു ചെയ്യുമെന്ന ചിന്തയിലാണ് പ്രൊഫസർ. സുഡാനിലേക്ക് പോയി മകനെ കൊണ്ടുവരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞപ്പോൾ ചൈനീസ് പൗരയുടെ ഉത്കണ്ഠയോടുളള ചോദ്യങ്ങൾ തന്നെയാണല്ലോ ഞാനും ചോദിച്ചിരുന്നത്. അദ്ദേഹത്തിനോളം മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും എത്ര പെട്ടെന്നാണ് നമ്മളും യുദ്ധത്തിന്റെ ഇരയായി മാറുന്നത്. യുദ്ധം കാരണം യമനിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാൽ കാറിൽ ആയിരക്കണക്കിന് കിലോ മീറ്റർ സഞ്ചരിച്ച് വിമാനങ്ങൾ മാറിക്കയറി നാട്ടിലേക്ക് പോകേണ്ടി വരുന്ന യമനികളുടെ കഥ കേട്ട് സങ്കടപ്പെട്ടിരുന്നു. ഇതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് കൂടി കൊണ്ടു വരികയാണല്ലോ യുദ്ധം!

ടിയാൻമെൻ സ്‌ക്വയറിലെ മാവോയുടെ ശവകുടീരം
ടിയാൻമെൻ സ്‌ക്വയറിലെ മാവോയുടെ ശവകുടീരം

എയർചൈനയും ഹലാലും

എയർപോർട്ടിലേക്ക് എത്തിയെങ്കിലും വിമാനം പറന്നുയരുമോ എന്ന ആശങ്കയുണ്ടായിരുന്നു. ബോഡിംഗ് തുടങ്ങിയപ്പോൾ മാത്രമാണ് ആശ്വാസമായത്. ബെയ്ജിംഗിൽ നിന്ന് റിയാദിലേക്കുളള യാത്രാസമയം യുദ്ധം കാരണം 9 മണിക്കൂറിൽ നിന്ന് 11 ആയി കൂടിയതായി ഫ്ലൈറ്റ് അറ്റെൻഡേഴ്സ് അറിയിച്ചു. എയർ സ്പേയ്സിലെ നിയന്ത്രണങ്ങൾ കാരണം മാറിപ്പറക്കേണ്ടി വരുന്നതുകൊണ്ടാണിത്.

സൗദിയിലേക്കു പറക്കുന്നതുകൊണ്ടാകാം ഉംറ തീർത്ഥാടനത്തിനുളള നിരവധി പേർ വിമാനത്തിലുണ്ട്. ചൈനീസ് മുസ്ലീങ്ങൾക്കു പുറമെ ഇൻഡോനേഷ്യയിൽ നിന്നുളളവരുമുണ്ട്. ഭക്ഷണം വിളമ്പിയപ്പോൾ ‘ഹലാൽ സർട്ടിഫൈഡ്’ എന്ന് ചൈനീസ് ഭാഷയിൽ എഴുതിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ഫ്ലൈറ്റ് അറ്റൻഡേഴ്സിനോട് ചോദിച്ചപ്പോൾ, ജി.സി.സി രാജ്യങ്ങളിലേക്കുളള വിമാനങ്ങളിൽ ഹലാൽ ഭക്ഷണം മാത്രമാണ് നൽകാറുളളതെന്ന് വിശദീകരിച്ചു. മറ്റു അന്താരാഷ്ട്ര വിമാനങ്ങളിൽ പന്നിയിറച്ചി മെനുവിൽ ഉൾപ്പെട്ടേക്കാമെങ്കിലും ജി.സി.സിയിലേക്കുളള സർവീസിൽ പൂർണമായും അത് ഒഴിവാക്കിയിരിക്കുകയാണ്. കൂടാതെ ഒറുംഖി, യിൻച്യുവാൻ, ഷീനിംഗ്, ലാൻജോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പറക്കുന്ന ആഭ്യന്തര വിമാനങ്ങളിലും ഹലാൽ ഭക്ഷണം മാത്രമെ വിളമ്പാറുള്ളുവത്രേ. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുളള വിമാനക്കമ്പനിയാണ് അന്നാട്ടിലെ ന്യൂനപക്ഷങ്ങളെ പരിഗണിച്ച് ഹലാൽ ഭക്ഷണം മാത്രം വിളമ്പുന്നത്. ഹലാൽ അല്ലാത്ത ഭക്ഷണം നൽകിയാൽ വിശ്വാസികളായ മുസ്ലീങ്ങൾക്ക് കഴിക്കാനാകില്ല, ഹലാൽ ഭക്ഷണമാണെങ്കിൽ എല്ലാ വിഭാഗക്കാർക്കും കഴിക്കാം. അതുകൊണ്ടാണത്രെ ഹലാൽ ഭക്ഷണം വിളമ്പുന്നത്.

ചൈനീസ് പാർലമെന്റ് സമ്മേളനം നടക്കുന്ന ​ദ ഗ്രേറ്റ് ഹാൾ.
ചൈനീസ് പാർലമെന്റ് സമ്മേളനം നടക്കുന്ന ​ദ ഗ്രേറ്റ് ഹാൾ.

തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചൈനക്കാരൻ നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞു തിരിച്ചുവരികയാണ്. റിയാദിലുളള ചൈനീസ് പവർ കമ്പനിയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ പങ്കുവെച്ച പല വിവരങ്ങളും പുതിയതായിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ചൈനീസ് ജോലിക്കാരെല്ലാം ചൈനീസ് കമ്പനികളിൽ തന്നെ ജോലി ചെയ്യുന്നവരാണെന്നത് അറിയാവുന്ന കാര്യമാണ്. എന്നാൽ ഇവരെല്ലാം ഇതര ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ശമ്പളം വാങ്ങുന്നവരാണെന്നത് പുതിയ അറിവാണ്. നഗരങ്ങളിൽ താമസിക്കുന്ന പഠനം കഴിഞ്ഞിറങ്ങിയ ചൈനീസ് എഞ്ചിനീയർമാർ ചുരുങ്ങിയത് 10,000 റിയാൽ ശമ്പളം കിട്ടിയാലെ ഇവിടേക്ക് വരാൻ തയ്യാറാകുവത്രെ! 24 വയസ്സുമാത്രമുളള ഈ ചൈനീസ് യുവാവൊക്കെ അങ്ങനെ ഓഫർ കിട്ടിയപ്പോൾ സൗദിയിലേക്ക് വന്നതാണ്. ചൈനയിലെ നഗരങ്ങളിൽ ഉയർന്ന ജോലിസാദ്ധ്യതകളും ഉയർന്ന ശമ്പളവും കിട്ടുന്നതാണ് ഇതിനു കാരണം. നഗരങ്ങളിലെ ജീവിതനിലവാരം കണ്ടാൽ നമുക്കിത് മനസ്സിലാകും. എല്ലായിടങ്ങളിലും ജീവിതനിലവാരം ഉയരുന്നതോടെ ചൈനയുടെ മുഖ്യ ആകർഷണമായ കുറഞ്ഞ ചെലവിലുളള ഉല്പാദനം ഭാവിയിൽ അസാദ്ധ്യമായിത്തീരുമെന്നാണ് തോന്നുന്നത്.

ചൈനയിലെ ബെയ്ജിങ് വിമാനത്താവളം.
ചൈനയിലെ ബെയ്ജിങ് വിമാനത്താവളം.

റിയാദിൽനിന്ന് റോഡ് വഴി ബഹ്റൈനിലേക്ക്

സൗദി വിസയില്ലായിരുന്നെങ്കിൽ റിയാദ് വഴിയുളള ഈ യാത്ര ഇത്ര പെട്ടെന്ന് സാദ്ധ്യമാകുമായിരുന്നില്ല. റിയാദ് എയർപോർട്ടിൽനിന്ന് ബഹ്റൈനിലേക്ക് റോഡു വഴി അഞ്ചു മണിക്കൂർ യാത്രയുണ്ട്. ദമാമും അൽകോബാറും പിന്നിട്ട് സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 24 കി.മീ കടൽപാലത്തിലെത്തിയപ്പോൾ ബഹ്റൈൻ റജിസ്ട്രേഷനുളള കാറുകൾ മാത്രമെ കാണുന്നുളളു. സാധാരണ കാണാറുളള സൗദിയിൽ നിന്നുളള കാറുകളുടെ വരവ് യുദ്ധം ഇല്ലാതാക്കിയിരിക്കുന്നു. യു.എസ് ബേസിനോടു ചേർന്നുളള ഹൈവേയിലൂടെയാണ് സാധാരണ വീട്ടിലേക്ക് പോകാറ്. അല്ലെങ്കിൽ എയർപോർട്ട് വഴി കുറച്ച് കറങ്ങിപ്പോകണം. തലേദിവസം രാത്രി യു.എസ് ബേസിനെതിരെ ഇറാന്റെ ആക്രമണമുണ്ടായി എന്ന് വീട്ടിൽനിന്നറിയിച്ചതിനാൽ കുറച്ച് അമാന്തിച്ചെങ്കിലും ടാക്സിക്കാരനോട് ആ വഴി തന്നെ പോകാൻ പറഞ്ഞു. അമേരിക്കൻ ബേസിന്റെ നടുവിലുടെയുളള ഹൈവേയിൽ പോകുമ്പോൾ ഇരുവശങ്ങളിലും നാശനഷ്ടങ്ങൾ കാണാം. ബോംബ് വീഴുന്ന സമയമായ പുലർച്ചെയാണ് നമ്മളിതുവഴി പോകുന്നതെന്ന് ഡ്രൈവറോട് ഓർമ്മിപ്പിച്ചു. ചൈനയിലേക്ക് പോകുന്നതിനു മുമ്പ് കണ്ട യുദ്ധക്കപ്പലുകളൊക്കെ ഇപ്പോഴും കടലിൽ തന്നെ കാണാം.

കെ.ടി. നൗഷാദ് ബെയ്ജിങിലേക്കുള്ള ട്രെയിനിൽ.
കെ.ടി. നൗഷാദ് ബെയ്ജിങിലേക്കുള്ള ട്രെയിനിൽ.

യുദ്ധം തുടരുകയാണെങ്കിലും വീട്ടിലെത്തി കുടുംബത്തെ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം. പുലർച്ചെ മൂന്ന് മണിക്കുറങ്ങിയെങ്കിലും മൂന്ന് മണിക്കൂർ കഴിഞ്ഞയുടൻ എണീക്കേണ്ടിവന്നു. മൊബൈലിലെ അലേർട്ട് മെസേജാണ് ഉണർത്തിയത്. കുറച്ചു കഴിഞ്ഞപ്പോൾ മോട്ടോർ ബൈക്കിന്റെ ശബ്ദവുമായി ഡ്രോൺ പറക്കുന്നതു ജനലിലൂടെ കണ്ടു. പിന്നീടൊരു ഉഗ്രൻ സ്ഫോടനവും. ആകാശത്തിൽ പറവകൾ പല ഭാഗത്തേക്കായി പായുന്നു. വാതിലുകളും ജനലുകളും ശക്തമായി കുലുങ്ങി ശബ്ദമുണ്ടാക്കുന്നു. കഴിഞ്ഞ മാസം ഹിരോഷിമയിൽ പോയപ്പോൾ ബോംബിന്റെ ആഘാതതരംഗത്തെക്കുറിച്ചത് മനസ്സിലാക്കിയതൊക്കെ ഇപ്പോൾ ഓർമ വരുന്നു. അ‍ഞ്ചു കിലോമീറ്റർ അകലെയുളള വീടുകളുടെ ജനൽ ചില്ലുകൾ വരെ പൊട്ടിയിരുന്നു ഹിരോഷിമയിൽ. യു.എസ്. ബേസിൽനിന്ന് എട്ടു കിലോമീറ്റർ അകലെയായിട്ടും വീട്ടിന് തൊട്ടടുത്ത് പൊട്ടുന്നതുപോലെയാണ് വാതിലുകൾ കുലുങ്ങുന്നത്. രാത്രിയിലുളള അലേർട്ട് മെസേജുകളും സ്ഫോടനങ്ങളും ഉറക്കം തടസ്സപ്പെടുത്തുന്നതിന്റെ പ്രശ്നങ്ങൾ പലരും പങ്കുവെക്കുന്നു. അങ്ങനെ ബഹ്റൈനിൽ എത്തിയുടൻ തന്നെ യുദ്ധം അനുഭവിക്കുകയാണ്.

തനിയാവർത്തനം

ഇപ്പോൾ നടക്കുന്ന സംഭവങ്ങളെല്ലാം പശ്ചിമേഷ്യയിൽ മുമ്പുനടന്ന സംഭവങ്ങളുടെ തനിയാവർത്തനമാണെന്ന് ഇറാഖ് യുദ്ധം മുതലുളള ചരിത്രമെങ്കിലും ഓർമയുളളവർക്ക് മനസ്സിലാകും. യഥാർത്ഥത്തിൽ ഇത് 2008-ൽ നടക്കേണ്ട യുദ്ധമായിരുന്നു. ഇറാനെതിരെ പിന്തുണ തേടി ജോർജ് ഡബ്ല്യു. ബുഷ് പശ്ചിമേഷ്യ സന്ദർശിച്ചെങ്കിലും ഗൾഫ് രാജ്യങ്ങളും ഈജിപ്തുമൊക്കെ യുദ്ധനീക്കത്തെ അനുകൂലിച്ചില്ല. അങ്ങനെ ഇറാനെ ആക്രമിക്കാനുളള ഇസ്രായേലിന്റെ അപേക്ഷ അമേരിക്ക തള്ളിക്കളയുകയായിരുന്നു എന്ന് അന്ന് അമേരിക്കൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

2008-ൽ ഇറാനെതിരെ പിന്തുണ തേടി ജോർജ് ഡബ്ല്യു. ബുഷ് പശ്ചിമേഷ്യ സന്ദർശിച്ചെങ്കിലും ഗൾഫ് രാജ്യങ്ങളും ഈജിപ്തുമൊക്കെ യുദ്ധനീക്കത്തെ അനുകൂലിച്ചില്ല. അങ്ങനെ ഇറാനെ ആക്രമിക്കാനുളള ഇസ്രായേലിന്റെ അപേക്ഷ അമേരിക്ക തള്ളിക്കളയുകയായിരുന്നു എന്ന് അന്ന് അമേരിക്കൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. (കെ.ടി. നൗഷാദ് ദുബൈയിൽനിന്ന് റിപ്പോർട്ട് ചെയ്ത വാർത്ത).
2008-ൽ ഇറാനെതിരെ പിന്തുണ തേടി ജോർജ് ഡബ്ല്യു. ബുഷ് പശ്ചിമേഷ്യ സന്ദർശിച്ചെങ്കിലും ഗൾഫ് രാജ്യങ്ങളും ഈജിപ്തുമൊക്കെ യുദ്ധനീക്കത്തെ അനുകൂലിച്ചില്ല. അങ്ങനെ ഇറാനെ ആക്രമിക്കാനുളള ഇസ്രായേലിന്റെ അപേക്ഷ അമേരിക്ക തള്ളിക്കളയുകയായിരുന്നു എന്ന് അന്ന് അമേരിക്കൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. (കെ.ടി. നൗഷാദ് ദുബൈയിൽനിന്ന് റിപ്പോർട്ട് ചെയ്ത വാർത്ത).

ഹോർമുസ് കടലിടുക്കിലൂടെ ട്രാൻസ്പോർട്ടർ ഓഫാക്കി അതിസാഹസികമായി ഇന്ത്യൻ കപ്പൽ എണ്ണ കടത്തി എന്ന വാർത്ത വായിച്ചവരിൽ എത്ര പേർക്ക് ഇത് ഇറാൻ കാലങ്ങളായി ചെയ്തുവരുന്ന കാര്യമാണെന്നറിയാം. യഥാർത്ഥത്തിൽ ട്രാൻസ്പോർട്ടർ ഓഫാക്കി എണ്ണ കടത്തുന്ന രീതിക്ക് തുടക്കം കുറിച്ചത് ഇറാനാണ്. 2018-ൽ എണ്ണ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയപ്പോൾ ഇറാൻ കണ്ട പോം വഴിയാണിത്. ഇറാന്റെ ടാങ്കറിൽ എണ്ണ കയറ്റി മറ്റൊരു ടാങ്കറിന് എണ്ണ കൈമാറും വരെ ട്രാൻസ്പോർട്ടർ ഓഫ് ചെയ്യുകയെന്നതാണ് ഇറാന്റെ രീതി. രണ്ടാമത്തെ ടാങ്കറിലെ എണ്ണയുടെ ഒറിജിൻ ഇറാനല്ലാത്ത രാജ്യമാക്കി മാറ്റുന്നതോടെ ഉപരോധം മറികടക്കാനാകും.

ഉപരോധം മറികടക്കാൻ ഇറാൻ പലപ്പോഴായി പല മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 2008-ൽ അമേരിക്കയും യു.എന്നും ഇറാൻ എണ്ണകപ്പലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയതപ്പോൾ പേരിൽ നിന്ന് ഇറാൻ എന്നതു പൂർണമായി ഒഴിവാക്കിയാണ് അതിനെ മറികടക്കാൻ ശ്രമിച്ചത്. ഉദാഹരണത്തിന് ‘ഇറാൻ നൂർ’ എന്ന പേരുളള കപ്പലിന്റെ പേര് ‘നൂർ’ എന്നു മാത്രമാക്കി മാറ്റുക. 2008-ൽ ഫുജൈറയും ഖോർഫുഖാനും സന്ദർശിച്ചപ്പോൾ ഇത് നേരിട്ടു കണ്ടപ്പോൾ പേരുമാറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളെ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്കിലെ എണ്ണ ഗതാഗതം തടസ്സപ്പെടുത്തുമെന്നത് അന്നും ഇറാന്റെ ഭീഷണിയായിരുന്നു.

2008-ൽ അമേരിക്കയും യു.എന്നും ഇറാൻ എണ്ണകപ്പലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയതപ്പോൾ പേരിൽ നിന്ന് ഇറാൻ എന്നതു പൂർണമായി ഒഴിവാക്കിയാണ് അതിനെ മറികടക്കാൻ ശ്രമിച്ചത്. കെ.ടി. നൗഷാദ് ദുബൈയിൽനിന്ന് റിപ്പോർട്ടു ചെയ്ത പത്രവാർത്തയുടെ കട്ടിങ്.
2008-ൽ അമേരിക്കയും യു.എന്നും ഇറാൻ എണ്ണകപ്പലുകളെ ബ്ലാക്ക് ലിസ്റ്റ് ചെയതപ്പോൾ പേരിൽ നിന്ന് ഇറാൻ എന്നതു പൂർണമായി ഒഴിവാക്കിയാണ് അതിനെ മറികടക്കാൻ ശ്രമിച്ചത്. കെ.ടി. നൗഷാദ് ദുബൈയിൽനിന്ന് റിപ്പോർട്ടു ചെയ്ത പത്രവാർത്തയുടെ കട്ടിങ്.

നഷ്ടം മാത്രം സമ്മാനിക്കുന്ന യുദ്ധം

ഈ യുദ്ധം ലോകത്തിനാകെ നഷ്ടങ്ങളാണ് സമ്മാനിക്കുന്നതെന്ന് ദിനന്തോറും പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡുകാലത്തെ തളർച്ചയെ മറികടന്ന് മുന്നോട്ട് കുതിക്കുകയായിരുന്ന ഗൾഫിലെ സാമ്പത്തിക-വാണിജ്യരംഗത്തെ യുദ്ധം ഇപ്പോൾ തന്നെ വല്ലാതെ ഉലച്ചുകഴിഞ്ഞു. ബഹ്റൈനിലെ എയർപോർട്ട് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ലോകമാകെയുളള യാത്രക്കാർ ട്രാൻസിറ്റിനായി ഉപയോഗിക്കുന്ന ദുബൈ, ദോഹ വിമാനത്താവളങ്ങളും നിശ്ചലമാണ്. യുദ്ധം കാരണം 50,000 ലധികം വിമാനങ്ങൾ റദ്ദു ചെയ്യപ്പെടുകയും 70 ലക്ഷത്തോളം യാത്രക്കാരെ ബാധിക്കുകയും ചെയ്തു എന്നതിൽ നിന്നുതന്നെ നഷ്ടമെത്രയെന്ന് ഊഹിക്കാനാകും. ദുബയ് എയർപോർട്ടിൽ മാത്രം ഒരു ദിവസം സംഭവിക്കുന്ന നഷ്ടം ചുരുങ്ങിയത് 15 കോടി ഡോളർ വരുമത്രെ.

സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ വിമാനത്താവളങ്ങളും ഒമാനിലെ മസ്കത്ത് എയർപോർട്ടുമാണ് ഗൾഫിലുളളവർ ഇപ്പോൾ ഉപയോഗിക്കുന്നത്. ബ്ഹറൈൻ, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളുൾപ്പെടെയുളള വിദേശികൾക്ക് ഈ വിമാനത്താവളങ്ങൾ ഉപയോഗിക്കണമെങ്കിൽ അങ്ങോട്ടേക്കുളള വിസ കൂടി വേണം. പ്രതിസന്ധി കാരണം വിമാനയാത്രയുടെ നിരക്കും കൂടിയിട്ടുണ്ട്.

ഇഫ്താർ പാർട്ടികളും ഖബ്ക്കയും സംഘടിപ്പിച്ച് ഹോട്ടലുകളും റസ്റ്റോറൻറുകളും വരുമാനമുണ്ടാക്കുന്ന റമദാൻ മാസത്തിൽ തന്നെ യുദ്ധമുണ്ടായത് ഈ മേഖലയെ തളർത്തിയിട്ടുണ്ട്. താമസക്കാരില്ലാത്തതിനാൽ ഹോട്ടലുകൾ പലതും ജീവനക്കാർക്ക് അവധി കൊടുത്തിരിക്കുകയാണ്. ജി.സി.സി രാജ്യങ്ങളുടെ ടൂറിസം മേഖലയെ ചെറുതായിട്ടൊന്നമല്ല യുദ്ധം ബാധിക്കുക. സൗദി അറേബ്യയും ഖത്തറുമൊക്കെ ടൂറിസം മേഖലയിൽ ആസൂത്രണം ചെ്യത് പദ്ധതികളിലും യുദ്ധം നിഴൽ വിഴ്ത്തിരിക്കുകയാണ്. സൗദിയുടെ വിഷൻ-2030 ഉൾപ്പെടെയുളള ഗൾഫ് രാജ്യങ്ങളിലെ പദ്ധതികളെയൊക്കെ യുദ്ധം ബാധിക്കും. സുരക്ഷിതവും നിർഭയുവുമായ മേഖല എന്ന നിലയിലാണ് യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ നിക്ഷേപകരെയും സഞ്ചാരികളെയും ആകർഷിച്ചിരുന്നത്. ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പതിക്കുന്നത് ആ വിശ്വാസത്തിന്റെ മുകളിലാണ്. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ചരക്കുനീക്കം മുതൽ ഉല്പാദനം വരെ പ്രതിഫലിക്കുന്നുണ്ട്. ഗൾഫിലെ വലിയ അലുമിനിയം കമ്പനികളിലൊന്നായ ബഹ്റൈനിലെ ആൽബക്ക് ഉല്പാദനം 20% വെട്ടിക്കുറക്കേണ്ടിവന്നു. എണ്ണ- വാതക മേഖലകളിലുണ്ടായ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇഫ്താർ പാർട്ടികളും ഖബ്ക്കയും സംഘടിപ്പിച്ച് ഹോട്ടലുകളും റസ്റ്റോറൻറുകളും വരുമാനമുണ്ടാക്കുന്ന റമദാൻ മാസത്തിൽ തന്നെ യുദ്ധമുണ്ടായത് ഈ മേഖലയെ തളർത്തിയിട്ടുണ്ട്.
ഇഫ്താർ പാർട്ടികളും ഖബ്ക്കയും സംഘടിപ്പിച്ച് ഹോട്ടലുകളും റസ്റ്റോറൻറുകളും വരുമാനമുണ്ടാക്കുന്ന റമദാൻ മാസത്തിൽ തന്നെ യുദ്ധമുണ്ടായത് ഈ മേഖലയെ തളർത്തിയിട്ടുണ്ട്.

വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ വ്യാപാര- വ്യവസായ- വാണിജ്യമേഖകളെയും യുദ്ധം ബാധിക്കുന്നതിന്റെ സുചനകളാണ് കാണാൻ കഴിയുന്നത്. യുദ്ധം നീണ്ടു പോയാൽ തൊഴിൽ നഷ്ടം വരെ സംഭവിച്ചേക്കാം. അങ്ങനെയുണ്ടായാൽ മലയാളികളുൾപ്പെടെയുളള പ്രവാസികളെ ഇത് നേരിട്ട് ബാധിക്കും.

Comments