പശ്ചിമേഷ്യൻ നയത്തിനുപുറകിലെ
ചൈനീസ് ലക്ഷ്യങ്ങൾ

ആഗോള തലത്തിൽതന്നെ മുതലാളിത്ത രാജ്യങ്ങളെയും സാമ്രാജ്യത്വത്തിന്റെ ഉടമകളെയും മറികടന്ന് ഇതര സാമ്പത്തികക്രമം സ്ഥാപിക്കുന്നതിനും ഒരു മൾട്ടി പോളാർ ലോകം രൂപപ്പെടുത്തിയെടുക്കുന്നതിനും, പശ്ചിമേഷ്യൻ നയം ചൈനയ്ക്ക് മുതൽക്കൂട്ടായേക്കാം.

പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന യുദ്ധവും അതിനിവേശവും ഒരു നൂറ്റാണ്ടായി തുടരുകയാണ്. പതിനായിരങ്ങളുടെ ജീവനെടുത്ത് ഇസ്രായേൽ ഭരണകൂടം പലസ്തീനിൽ കൂട്ടക്കൊല തുടരുകയാണ്. ഇസ്രായേൽ- പലസ്തീൻ യുദ്ധം നേരിട്ടല്ലെങ്കിലും ആഗോളതലത്തിൽ വലിയ ചലനങ്ങൾക്കും മാറ്റങ്ങൾക്കും സാഹചര്യമൊരുക്കുകയാണ്. ലോക സാമ്പത്തിക ശക്തികൾ കൃത്യമായി പക്ഷം ചേരുന്നു. അമേരിക്കയും ബ്രിട്ടനുമുൾപ്പെടുന്ന പാശ്ചാത്യ ശക്തികൾ ഇസ്രായേലിനൊപ്പം നിലകൊള്ളുമ്പോൾ ചൈനയും റഷ്യയുമടങ്ങുന്ന രാജ്യങ്ങൾ പലസ്തീന് ഐക്യദാർഢ്യം അറിയിച്ചുകഴിഞ്ഞു.

സ്വതന്ത്ര ചൈന എല്ലാകാലവും പോരാടുന്ന പലസ്തീൻ ജനതയ്ക്കൊപ്പം തന്നെയാണ് നിലകൊണ്ടിട്ടുള്ളത്. കൃത്യമായും സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി തന്നെയാണ് ചൈന എന്നും അത്തരമൊരു നിലപാടെടുത്തത്.

ചൈന - പശ്ചിമേഷ്യ:
തന്ത്രപരമായ പങ്കാളിത്തം

നിലവിൽ ചൈന പശ്ചിമേഷ്യയുമായി ഉണ്ടാക്കിയെടുത്തിരിക്കുന്ന ബന്ധം സർവ്വ തല സ്പർശിയാണ്. ചൈനയുടെ നോൺ ഇന്റർവെൻഷൻ നയങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക്‌ ചൈനയുടെ മേലുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് സഹായകരമായി മാറുകയാണ് . അതുകൊണ്ടുതന്നെ ചൈന നിലവിൽ ഏറ്റവും കൂടുതൽ തന്ത്രപരമായ പങ്കാളിത്തം ഒപ്പുവച്ചിരിക്കുന്നതും ഈ രാജ്യങ്ങളുമായിട്ടാണ്. സമ്പത്തികമായും നോക്കിയാൽ ഇന്നിപ്പോൾ ഈ മേഖലയിലുള്ള രാജ്യങ്ങളുമായി ഏറ്റവുമധികം കച്ചവടം നടത്തുന്ന രാജ്യം ചൈനയാണ്. 2020-ൽ യൂറോപ്യൻ യൂണിയനെ പിന്തള്ളിക്കൊണ്ടാണ് ചൈന ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല ആഗോളതലത്തിൽ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും ഏറ്റവും വലിയ എണ്ണ ഇതര വ്യാപാരപങ്കാളിയായി മാറാനും ചൈനക്ക് അടുത്ത കാലത്ത് സാധിച്ചിട്ടുണ്ട്. ചൈനയുമായി ഏറ്റവുമധികം കച്ചവടം നടത്തുന്ന രണ്ടാമത്തെ രാജ്യമായി മാറാൻ യു.എ.ഇയ്ക്ക്‌ സാധിച്ചു എന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.

പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും

ചൈനയുടെ ബ്രഹത് പദ്ധതിയായ ബെൽറ്റ്‌ ആൻഡ് റോഡ് ഇനിഷിയേറ്റീവിന്റെ (BRI) ഏറ്റവും കൂടുതൽ സഹായമെത്തുന്നതും അറബ് രാജ്യങ്ങളിലേക്കാണ്. 2022-ലെ ചൈന ബി ആർ ഐ നിക്ഷേപ റിപ്പോർട്ട്‌ പ്രകാരം 23 ശതമാനത്തോളം നിക്ഷേപപദ്ധതികളും പശ്ചിമേഷ്യ കേന്ദ്രീകരിച്ചാണ്. ഈജിപ്തുമായി കൈകോർത്ത് സൂയസ് കനാൽ സാമ്പത്തിക മേഖലയിൽ ചൈന നടത്തുന്ന നിക്ഷേപങ്ങളും ഉരുക്ക്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ പ്ലാന്റുകൾ നിർമിക്കുന്നതുമൊക്കെ ചൈനക്ക് പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് മേഖലകളില്ലേക്ക്‌ എളുപ്പം കയറ്റുമതിയും കച്ചവടവും നടത്തുന്നതിന് സാഹചര്യമൊരുക്കുകയാണ്. ചൈന 2015-ൽ തുടങ്ങിവച്ച ഡിജിറ്റൽ സിൽക്ക് റോഡ് ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്നത് ഈയൊരു പ്രദേശത്തേയ്ക്കാണ്.

പശ്ചിമേഷ്യൻ രാജ്യങ്ങൾ സാങ്കേതികരംഗത്ത് വളർച്ച നേടുന്നതിൽ ചൈനയുടെ ഇടപെടൽ വളരെ വലുതാണ്. ആലിബാബയും ഹുവാവെയുമാണ് ഗൾഫ് നാടുകളിൽ ഡിജിറ്റൽ സാങ്കേതികരംഗത്ത് വലിയ രീതിയിൽ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ നാല് വർഷത്തിൽ ജി.സി.സി രാജ്യങ്ങൾ ടെലികോം രംഗത്ത് ഏറ്റവുമധികം കരാർ ഒപ്പുവച്ചത് ചൈനീസ് കമ്പനിയായ ഹുവാവെയുമായാണ്. ചൈനയുടെ സാങ്കേതികരംഗത്തെ മുന്നേറ്റവും നയതന്ത്രവൈദഗ്ധ്യവുമാണ് ഇത്തരമൊരു മാറ്റത്തിന് ചുക്കാൻ പിടിച്ചത്. മാത്രമല്ല, സാറ്റ്ലൈറ്റ് എ ഐ ടി (AIT) ശേഷിയുള്ള ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി ഈജിപ്തിനെ മാറ്റുന്നതിലും ചൈന വഹിച്ച പങ്ക് വലുതാണ്.

ചൈനയുടെ ബ്രഹത് പദ്ധതിയായ ബെൽറ്റ്‌ ആൻഡ് റോഡ് ഇനിഷ്യെറ്റിവിന്റെ (BRI) ഏറ്റവും കൂടുതൽ സഹായം എത്തുന്നതും അറബ് രാജ്യങ്ങളിലേക്കാണ്.

ചൈനയെ ഏറ്റവും വലിയ പങ്കാളിയായി നിർത്താൻ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് ധൈര്യം നൽകുന്നത് ചൈനീസ് നയതന്ത്രമാണ്. നോൺ ഇന്റർവെൻഷൻ നയവും, സ്വയംപര്യാപ്തതയിലൂടെയും സ്വയംഭരണത്തിലൂടെയും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചൈന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയിട്ടുണ്ട്. സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ ചൈന ഭൂരാഷ്ട്രതന്ത്രത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ചൈന തങ്ങളുടെ മൃദുശക്തി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ കൂടി ഉദാഹരണമാണ് ഈ ഇടപാട്.

ഒരു പതിറ്റാണ്ടായി യെമനിൽ നടന്നുവന്ന കലാപവും രൂക്ഷാന്തരീക്ഷവും ചൈനീസ് ഇടപെടൽ മൂലം മാറ്റത്തിന് വിധേയമായിട്ടുണ്ട്. ചൈന നടത്തിയ സൗദി- ഇറാൻ സമാധാന ഇടപാടിന്റെ അനന്തര ഫലമായാണ് യെമനിൽ ക്രമസമാധാനം വീണ്ടെടുത്തത്. നിലവിൽ സൗദി അറേബ്യയുടെ പിന്തുണയിലുള്ള യെമൻ സർക്കാരും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൗതി വിമത വിഭാഗവും വെടിനിർത്തൽ കരാറിൽ ഒപ്പിടുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്‍, ചൈന, സൗദി വിദേശകാര്യമന്ത്രിമാര്‍ ബീജിങ്ങില്‍

കഴിഞ്ഞമാസം സിറിയയുമായും ചൈന തന്ത്രപരമായ പങ്കാളിത്തം ആഹ്വാനം ചെയ്തു. പശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും, യുദ്ധാനന്തര തകർച്ചയും നേരിടുന്ന സിറിയയെ വലിയ പദ്ധതികൾ വഴി കരകയറ്റാനും, രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കാനും, വിദേശ ഇടപെടൽ തടയാനുമുള്ള സഹായം ചൈന ഉറപ്പ് വരുത്തിയിട്ടുണ്ട്. യുദ്ധത്താൽ കീറിമുറിക്കപ്പെട്ട സിറിയയെ ബി ആർ ഐ വഴി പുനർനിർമ്മിക്കാനാണ് ചൈന ശ്രമിക്കുന്നത്.

പശ്ചിമേഷ്യയിലെ ചൈനീസ് നേട്ടം

നിലവിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ചൈന ഉണ്ടാക്കിയെടുത്തിരിക്കുന്ന നയതന്ത്രബന്ധം വളരെ ശക്തമാണ്. ഒരു പതിറ്റാണ്ടായി ചൈന പശ്ചിമേഷ്യയിൽ ശ്രദ്ധ ചെലുത്തിയതിന്റെ ഫലമാണത്. ഈയൊരു സാഹചര്യത്തിലാണ് വീണ്ടുമൊരു പലസ്തീൻ- ഇസ്രായേൽ യുദ്ധം. ചൈന, യാതൊരു സങ്കോചവും കൂടതെ പലസ്തീനൊപ്പമെന്ന് നിലപാടെടുത്തു. വർധിച്ചുവരുന്ന ഇസ്‍ലാം വിരുദ്ധതയിലും ചൈന എടുത്ത നിലപാട് പശ്ചിമേഷ്യൻ രാജ്യങ്ങളെ ചൈനയുമായി കൂടുതൽ അടുപ്പിക്കാൻ സാധ്യതയേറ്റുന്നു. ഒപ്പം, സിൻജിയാങ്ങിലെ ഉയ്ഗൂറുകൾ ചൈനീസ് സർക്കാരിൽനിന്ന് അടിച്ചമർത്തൽ നേരിടുന്നു എന്ന പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങൾക്കുള്ള മറുപടി കൂടിയായി പശ്ചിമേഷ്യയുമായുള്ള അടുപ്പത്തെ ചൈന വിശദീകരിക്കുന്നു.

ചൈനയുടെ ബ്രഹത് പദ്ധതിയായ ബെൽറ്റ്‌ ആൻഡ് റോഡ് ഇനിഷിയേറ്റീവിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കാൻ പോകുന്നതും പശ്ചിമേഷ്യൻ രാജ്യങ്ങളാണ്.

ഈജിപ്തുമായി ചൈനയ്ക്ക് വർഷങ്ങളായുള്ള നയതന്ത്ര ബന്ധമാണ് ഉള്ളത്. ഒപ്പം സൂയസ് കനാൽ ചൈനയുടെ ബിആർഐ പദ്ധതിക്ക് ഏറ്റവും അനിവാര്യമാണെന്നിരിക്കെ അവരെയും അകറ്റാൻ ചൈനയ്ക്ക് സാധ്യമല്ല.

പലസ്തീൻ - ഇസ്രായേൽ വിഷയത്തിലെ ശക്തമായ നിലപാട് കൂടുതൽ ബി ആർ ഐ പദ്ധതികൾ പശ്ചിമേഷ്യൻ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ചൈനക്ക് സഹായകരമാകും. കൂടാതെ, ചൈന തങ്ങളുടെ എണ്ണ ഇറക്കുമതിക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ മേഖലയിലുള്ള രാജ്യങ്ങളെ തന്നെയാണ്. യുക്രെയ്ൻ- റഷ്യ യുദ്ധം അതിന്റെ അളവ് കൂട്ടുകയും ചെയ്തു. അതിനാൽ, എണ്ണഭീമൻമാരെ പിണക്കുക എന്നത് നയതന്ത്രപരമായും ചൈനക്ക് നല്ലതല്ല.

വ്യാപാരബന്ധത്തിലായാലും ഇവരെ അകറ്റാൻ ചൈന ഒരിക്കലും തയ്യാറാവില്ല. ചൈനയുടെ നിലവിലെ ഏറ്റവും വലിയ വ്യാപാരപങ്കാളികളും ഈ മേഖലയിൽ നിന്നുതന്നെയാണ്. ചൈന ഏറ്റവും കയറ്റുമതി നടത്തുന്ന രാജ്യങ്ങളിൽ ഒന്ന് ഇറാനാണ്. ഈജിപ്തുമായാവട്ടെ ചൈനക്ക് വർഷങ്ങളയുള്ള നയതന്ത്രബന്ധമാണുള്ളത്. ഒപ്പം, സൂയസ് കനാൽ ചൈനയുടെ ബി ആർ ഐ പദ്ധതിക്ക് ഏറ്റവും അനിവാര്യമാണെന്നിരിക്കെ അവരെയും അകറ്റാൻ ചൈനയ്ക്ക് സാധ്യമല്ല.

ഷി ജിന്‍പിങ്, ജോ ബൈഡന്‍

ഇതെല്ലാം കണക്കിലെടുത്താൽ നിലവിലെ സാഹചര്യം ചൈനയ്ക്ക് ഗുണകരമാണ്. അമേരിക്കയും മറ്റ് പശ്ചാത്യരാജ്യങ്ങളും ഇസ്‍ലാം വിരുദ്ധ ചേരിയിൽനിന്ന് ഇസ്രായേൽ അനുകൂല നിലപാട് ഉയർത്തിയപ്പോൾ, ചൈന സ്വീകരിച്ച എതിർ നിലപാട്, പശ്ചിമേഷ്യൻ രാജ്യങ്ങൾ ചൈനയോട് കൂടുതൽ അടുക്കുന്നതിനും, അമേരിക്കയോടും ബ്രിട്ടനോടുമൊക്കെ അകലുന്നതിനും കാരണമായേക്കാം.

സാമ്പത്തികവും നയപരവുമായ നേട്ടങ്ങൾ മുന്നിൽ കണ്ടാണ് ഓരോ രാജ്യവും തങ്ങളുടെ അന്താരാഷ്ട്ര ബന്ധങ്ങൾ തീരുമാനിക്കുന്നതും നിലനിർത്തുന്നതും. പശ്ചിമേഷ്യൻ രാജ്യങ്ങൾ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച അവസരത്തിൽ, അതിന് വിപരീതമായി നിലപാടെടുത്ത മുതലാളിത്തശക്തികൾ നേരിടാൻ പോകുന്നുത് വലിയ പ്രതിസന്ധിയാണ്. ഇവിടെയാണ് ചൈനയും അവരുടെ വിദേശ നയങ്ങളും വ്യത്യസ്തമാകുന്നത്. ആഗോള തലത്തിൽതന്നെ മുതലാളിത്ത രാജ്യങ്ങളെയും സാമ്രാജ്യത്വത്തിന്റെ ഉടമകളെയും മറികടന്ന് ഇതര സാമ്പത്തികക്രമം സ്ഥാപിക്കുന്നതിനും ഒരു മൾട്ടി പോളാർ ലോകം രൂപപ്പെടുത്തിയെടുക്കുന്നതിനും ഇത്തരം നിലപാടുകൾ ചൈനയ്ക്ക് മുതൽകൂട്ടായേക്കാം.

Comments