ചൈനക്കും യു.എസിനും ഇടയി​ലെ തായ്​വാൻ

തായ്‌വാന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിച്ചാൽ പസഫിക്കിലെ അമേരിക്കൻ സ്വാധീനം ഭീഷണിയിലാകും. ഗുവാമിലും ഹവായിലുമുള്ള യു.എസ്. സൈനിക കേന്ദ്രങ്ങൾക്കും ചൈനീസ് സ്വാധീനം ഭീഷണിയാകും. അതുകൊണ്ടുതന്നെ തായ്‌വാൻ ചൈനയുടെ കൈയിലാകാതിരിക്കാൻ അമേരിക്ക പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. അതേസമയം, അമേരിക്കയ്ക്ക് തായ്‌വാനിലുള്ള സ്വാധീനം ഇല്ലാതാക്കാൻ ചൈനയും ശ്രമിക്കും.

റുമാസത്തിലേറെയായി തുടരുന്ന യുക്രെയ്ൻ- റഷ്യ യുദ്ധത്തിനുപിന്നാലെ ലോകം മറ്റൊരു സംഘർഷത്തിന്റെ പടിവാതിൽക്കലാണ്. തായ്‌വാൻ എന്ന ദ്വീപ് രാഷ്ട്രത്തിന്റെ പേരിലാണ് ലോകം യുദ്ധമുനയിൽ നിൽക്കുന്നത്. വൻശക്തികളും വൈരികളുമായ യു.എസും ചൈനയുമാണ് നേർക്കുനേർ പോർവിളി നടത്തുന്നത്. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് തായ്‌വാൻ. എന്നാൽ ചൈനയുടെ അവകാശവാദം അംഗീകരിക്കാതെ പരമാധികാര രാഷ്ട്രമാണെന്ന വാദമാണ് തായ്‌വാൻ ഭരണകൂടം ഉന്നയിക്കുന്നത്. തായ്‌വാനുമേലുള്ള ചൈനയുടെ അവകാശവാദം തള്ളി യു.എസ്. ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തിയതാണ് ഇപ്പോൾ ചൈനയെ പ്രകോപിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് പെലോസി തായ്‌വാൻ തലസ്ഥാനമായ തായ്‌പെയിലെത്തിയത്. തായ്​പെയിലെ സൊങ്ഷൻ എയർപോർട്ടിലെത്തിയ 82കാരിയായ പെലോസിയെ തായ് വിദേശകാര്യ മന്ത്രി ജോസഫ് വു സ്വീകരിച്ചു. തായ്‌വാന്റെ ജനാധിപത്യത്തിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണയുടെ ഭാഗമാണ് തന്റെ സന്ദർശനമെന്ന് പെലോസി വ്യക്തമാക്കി. പെലോസി ബുധനാഴ്ച തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെന്നുമായി കൂടിക്കാഴ്ച നടത്തി. തായ്‌വാനിൽ നിലവിലെ സ്ഥിതി തുടരണമെന്നാണ് യു.എസ്. ആഗ്രഹിക്കുന്നതെന്നും സൈനിക നടപടി ഉണ്ടാകരുതെന്നും നാൻസി പെലോസി പറഞ്ഞു.

1997-നുശേഷം തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും ഉന്നത യു.എസ്. രാഷ്ട്രീയ നേതാവാണ് നാൻസി പെലോസി. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി പെലോസി തായ്‌വാനിലെത്തുമെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ ചൈന ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പെലോസി തായ്‌വാൻ സന്ദർശിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാന്റെ സ്വയം ഭരണാധികാരത്തെ എന്നും യു.എസ്. പിന്തുണച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ അംഗമാകാനുള്ള തായ്‌വാന്റെ ശ്രമങ്ങൾക്കും യു.എസ്. പിന്തുണ നൽകുന്നുണ്ട്. ഇതെല്ലാം ചൈനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്. ഒടുവിൽ ചൈനയുടെ കടുത്ത വിമർശകയായ നാൻസി പെലോസി തന്നെ തായ്‌വാൻ സന്ദർശിക്കുന്നുവെന്നതും ചൈനയെ വലിയരീതിൽ രോഷാകുലരാക്കുന്നുണ്ട്.

തായ്‌വാനിലെത്തിയ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി
തായ്‌വാനിലെത്തിയ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി

1989-ൽ ബെയ്ജിങ്ങിലെ ടിയനൻമെൻ സ്‌ക്വയറിൽ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരായ അടിച്ചമർത്തലിനെ ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട് പെലോസി.. ടിയനൻമെൻ സ്‌ക്വയറിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്തിരുന്നു പെലോസി. 2019-ൽ നടന്ന ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തെയും പെലോസി പിന്തുണച്ചിരുന്നു.

എതിർക്കുന്നവർക്ക് ശിക്ഷ ഉറപ്പ്

ബെയ്ജിങ്ങിനെ എതിർക്കുന്നവർ ആരായിരുന്നാലും കടുത്ത ശിക്ഷ ഉറപ്പാണെന്നാണ് നാൻസി പെലോസി തായ്‌വാനിലെത്തിയതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന യു.എസിന്റെ നടപടി പ്രഹസനമാണെന്നും എതിർക്കുന്നർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും വാങ് യി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ശരിവെക്കുന്ന തരത്തിലുള്ള നടപടികൾ ചൈന തുടങ്ങിക്കഴിഞ്ഞു. തായ്‌വാൻ കടലിടുക്കിൽ അമേരിക്കയും ചൈനയും യുദ്ധസന്നാഹങ്ങൾ ശക്തമാക്കുകയാണ്. പെലോസിയുടെ സന്ദർശനത്തിന് മുമ്പേതന്നെ യു.എസ്. യുദ്ധകപ്പലുകൾ തായ്‌വാൻ തീരത്തോട് ചേർന്ന് വൻതോതിൽ വിന്യസിച്ചിരുന്നു. നാൻസി പെലോസി തായ്വാനിലെത്തുമ്പോൾ തന്നെ ചൈനീസ് സൈനിക വിമാനങ്ങൾ തായ്‌വാൻ അതിർത്തി കടന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം തായ്വാൻ ആദ്യം നിഷേധിച്ചെങ്കിലും 20 ചൈനീസ് യുദ്ധവിമാനങ്ങൾ ചൊവ്വാഴ്ച തങ്ങളുടെ വ്യോമാതിർത്തി കടന്നതായി പിന്നീട് സമ്മതിച്ചു.

ചൈനീസ് പടക്കപ്പലുകൾ നേരത്തെ തന്നെ തായ് കടലിടുക്കിൽ വിന്യസിച്ചിട്ടുണ്ട്. യു.എസ്. വെല്ലുവിളിയുടെ സാഹചര്യത്തിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ചൈന മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ പ്രവർത്തിക്കുകയാണെങ്കിൽ തായ്‌വാൻ കടലിടുക്കിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ഉറപ്പാണ്. നാറ്റോയിൽ ചേരാനാഗ്രഹിച്ച യുക്രെയ്‌നെ തങ്ങളുടെ ഭാഗമാക്കാൻ ഉറപ്പിച്ച് ആക്രമിച്ച റഷ്യയെ പോലെ, സ്വയം ഭരണം അവകാശപ്പെടുന്ന തായ്‌വാനെ തങ്ങളോട് ചേർക്കാൻ ചൈന ആക്രമിക്കില്ലെന്ന് പറയാനാകില്ല.

1995-ൽ തായ്‌വാന്റെ അന്നത്തെ പ്രസിഡന്റ് ലീ ടെങ്-ഹുയി യു.എസ്. സന്ദർശിച്ചിരുന്നു. തായ്വാന് സമീപം കടലിൽ സൈനികാഭ്യാസം നടത്തുകയും മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്താണ് ചൈന ആ സന്ദർശനത്തിന് മറുപടി നൽകിയത്. യു.എസും തായ്‌വാനും തമ്മിൽ ഒരുതരത്തിലുമുള്ള ബന്ധമുണ്ടാകുന്നത് ചൈന ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വേണമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചടക്കാനും മടിക്കില്ലെന്ന സൂചനയാണ് ചൈനയിലെ ഷി ജിൻപിങ് സർക്കാർ നൽകുന്നത്.

യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ / Photo: Flickr
യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ / Photo: Flickr

ചൈനയുമായുള്ള ബന്ധം നിർണായകമാണെന്നാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. എന്നാൽ ചൈനയുടെ ആധിപത്യം അംഗീകരിക്കുകയുമില്ല. 2022 അവസാനം നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി തന്റെ അപ്രമാദിത്വവും ഒപ്പം തന്നെ ദേശീയമുഖവും ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഷി ജിൻപിങ്. മൂന്നാം തവണയും അധികാരത്തുടർച്ചയാണ് ഷി ലക്ഷ്യമിടുന്നത്. അതിനുള്ള പലവിധ പരിപാടികൾ അദ്ദേഹം നടപ്പാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തായ്വാനെ ചൈനയുടെ ഭാഗമാക്കുന്നതിനും യു.എസിന്റെ ഇടപെടൽ ചെറുക്കുന്നതിനും ശക്തമായ നടപടികളുണ്ടായേക്കാം.

നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാനെതിരായ ശിക്ഷാനടപടികൾക്ക് ചൈന തുടക്കം കുറിച്ചു. തായ്വാനിൽ നിന്നുള്ള പഴം, മത്സ്യ ഇറക്കുമതി നിർത്തിക്കൊണ്ടാണ് ചൈന ആദ്യപ്രഹരമേൽപ്പിച്ചിരിക്കുന്നത്. തായ്‌വാനിലേക്കുള്ള മണൽ കയറ്റുമതിയും ചൈന നിർത്തിയിരിക്കുകയാണ്. ഏതാനും വർഷങ്ങളായി ചൈന ഇത്തരത്തിൽ പലപ്പോഴായി ഇറക്കുമതിയ്ക്കും കയറ്റുമതിക്കും താത്കാലിക നിയന്ത്രങ്ങളേർപ്പെടുത്തുന്നത് പതിവാണ്.

യു.എസ്- ചൈന നേർക്കുനേർ വരുമോ?

വലിപ്പത്തിലും സൈനികശക്തിയിലുമൊന്നും ചൈനയുടെ ഏഴയലത്തെത്തില്ല 2.3 കോടി ജനസംഖ്യ മാത്രമുള്ള തായ്‌വാൻ. ചൈനയുടെ ആകെ സൈനികരുടെ എണ്ണം 20,35,000 ആണെങ്കിൽ തായ്‌വാനിൽ ആകെ 1,69,00 സൈനികർ മാത്രമാണുള്ളത്. ചൈനയ്ക്ക് 3227 ലധികം യുദ്ധവിമാനങ്ങളുണ്ട്. തായ്‌വാന് 504 യുദ്ധവിമാനങ്ങളാണുള്ളത്. ചൈനയ്ക്ക് 5400 ടാങ്കുകളും 59 മുങ്ങിക്കപ്പലുകളുമുണ്ട്. തായ്‌വാന് 650 ടാങ്കുകളും നാല് മുങ്ങിക്കപ്പലുകളുമാണുള്ളത്. ചൈനീസ് നാവികസേനയ്ക്ക് 86 പടക്കപ്പലുകളുള്ളപ്പോൾ തായ് നാവികസേനയ്ക്ക് 26 എണ്ണം മാത്രമേയുള്ളൂ. എന്നാൽ ചൈനീസ് ആക്രമണമുണ്ടായാൽ തായ്‌വാന് യു.എസ്. സൈനിക സഹായം നൽകും. അങ്ങനെ സംഭവിച്ചാൽ രണ്ട് വൻശക്തികൾ മുഖാമുഖം വരുന്ന വലിയ യുദ്ധത്തിനായിരിക്കും ലോകം സാക്ഷ്യംവഹിക്കുക.

തായ്‌വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ പലപ്പോഴും വിന്യസിക്കാറുണ്ട്. ആണവായുധം വഹിക്കാൻ കഴിയുന്ന ചൈനീസ് കപ്പലുകൾ പലപ്പോഴും തായ്‌വാന്റെ അതിർത്തിക്കടുത്തുകൂടെ പോകാറുണ്ട്. തായ്‌വാന്റെ വ്യോമമേഖലയിലേക്ക് പലപ്പോഴും ചൈനീസ് പോർവിമാനങ്ങൾ അതിക്രമിച്ചുകടക്കാറുമുണ്ട്. എന്നാൽ ചൈനയെ ചെറുക്കാനുള്ള ശേഷിയില്ലാത്തതിനാൽ മാത്രം തായ് വാൻ ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഇനി ചൈനയുടെ ആക്രമണമുണ്ടാവുകയാണെങ്കിൽ യു.എസ്. സഹായം മാത്രമാണ് തായ്‌വാന്റെ ആശ്രയം. എന്നാൽ തായ് വാൻ പ്രതീക്ഷിക്കുന്നവിധത്തിൽ യു.എസിന് സഹായിക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ചൈനയുമായി നേരിട്ടൊരു യുദ്ധത്തിന് അമേരിക്ക തയ്യാറായേക്കില്ലെന്നാണ് സമീപകാല സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ്. സേനയുടെ ഏകപക്ഷീയമായ പിൻമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ സംശയം ബലപ്പെടുകയാണ്. യു.എസ്. സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തായ്‌വാൻ പെലോസിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നത്.

തായ്‌വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ പലപ്പോഴും വിന്യസിക്കാറുണ്ട്.
തായ്‌വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ പലപ്പോഴും വിന്യസിക്കാറുണ്ട്.

ചൈന-തായ്‌വാൻ തർക്കത്തിൽ "ഏക ചൈന' എന്ന നയമാണ് യു.എസിനുള്ളത്. ബെയ്ജിങ് ആസ്ഥാനമായുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെയാണ് യു.എസ്. അംഗീകരിക്കുന്നത്. സ്വയം ഭരണ രാഷ്ടമാകാനുള്ള തായ്‌വാന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന യു.എസ്. അതിനുള്ള സഹായങ്ങളും പതിറ്റാണ്ടുകളായി നൽകിവരുന്നുണ്ട്. തായ്‌വാന് അമേരിക്ക ആയുധങ്ങൾ നൽകുന്നതിനെ ചൈന എതിർക്കുന്നുണ്ട്.

സംഘർഷത്തിന്റെ ചരിത്രം

ചൈനീസ് വൻകരയിൽ നിന്ന് 180 കിലോമീറ്റർ മാത്രം അകലെയാണ് തായ്‌വാൻ ദ്വീപ്. 36,197 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തായ്‌വാനിലെ ജനസംഘ്യ 2.39 കോടിയാണ്. ചൈനയിൽ നിന്ന് വേർപെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്‌വാനെ കാണുന്നത്. എന്നാൽ 1949 മുതൽ തായ്‌വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. ഇതാണ് തർക്കങ്ങളുടെ കാരണം.

1500കൾ മുതൽ യൂറോപ്യൻ നാവികരുടെ സന്ദർശനകേന്ദ്രമായിരുന്നു തായ്‌വാൻ എന്ന മനോഹരമായ ദ്വീപ്. റിപബ്ലിക് ഓഫ് ഫോർമോസ എന്നായിരുന്നു അന്നത്തെ പേര്. 1624-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തെക്ക് പടിഞ്ഞാറൻ തായ്‌വാനിൽ ആസ്ഥാനമുണ്ടാക്കി. 1683-ൽ ക്വിങ് സാമ്രാജ്യം തായ് വാന്റെ പടിഞ്ഞാറൻ, വടക്കൻ തീരമേഖലകൾ നിയന്ത്രണത്തിലാക്കി. 1885-ൽ തായ്‌വാൻ ക്വിങ് സാമ്രാജ്യത്തിന്റെ പൂർണ നിയന്ത്രണത്തിലായി.
1895-ൽ സിനോ-ജാപ്പനീസ് യുദ്ധത്തിൽ പരാജയപ്പെട്ടതോടെ തായ്‌വാനെ ക്വിങ് സാമ്രാജ്യം ജപ്പാന് കൈമാറി.

1911-ൽ ചൈനീസ് വിപ്ലവകാരികൾ ക്വിങ് സാമ്രാജ്യത്തെ പുറത്താക്കി റിപബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. 1943-ൽ രണ്ടാം ലോകമാഹായുദ്ധത്തിനിടെ, റിപബ്ലിക് ഓപ് ചൈന നേതാവ് ചിയാങ് കൈഷക് യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലുമായും കൂടിക്കാഴ്ച നടത്തുകയും അതിന്റെ ഫലമായി തായ്‌വാനെയും പെങു ദ്വീപുകളെയും ചേർത്ത് റിപബ്ലിക് ഓഫ് ചൈന പുനഃസ്ഥാപിക്കുകയും ചെയ്തു.

ചൈനയിൽ നിന്ന് വേർപെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്‌വാനെ കാണുന്നത്. എന്നാൽ 1949 മുതൽ തായ്‌വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. ഇതാണ് തർക്കങ്ങളുടെ കാരണം. / Photo: Wikimedia Commons
ചൈനയിൽ നിന്ന് വേർപെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്‌വാനെ കാണുന്നത്. എന്നാൽ 1949 മുതൽ തായ്‌വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. ഇതാണ് തർക്കങ്ങളുടെ കാരണം. / Photo: Wikimedia Commons

1948-ൽ ചൈനയിലെ ചിയാങ് കൈഷക്കിന്റെ കൂമിൻടാങ് നേതൃത്വത്തിലുള്ള റിപബ്ലിക് ഓഫ് ചൈന സർക്കാരും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചു. 1949-ൽ റിപബ്ലിക് ഓഫ് ചൈന സർക്കാർ തായ്‌വാനിലേക്ക് മാറി. ഒപ്പം 1.2 മില്യൺ ചൈനീസ് ജനതയും തായ്‌വാനിലേക്ക് പോയി. 1949 ഒക്ടോബർ ഒന്നിന് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മാവോ സെ ദുങ് ബെയ്ജിങ് ആസ്ഥാനമായി പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. ഇതാണ് ചൈന എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ തായ്‌വാൻ ചൈനയുടെ ഭാഗമായിരുന്നുവെന്ന ചരിത്രം കൂട്ടുപിടിച്ചാണ് ചൈന അവകാശവാദമുന്നയിക്കുന്നത്. എന്നാൽ ഒരിക്കലും പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈനയുടെ ഭാഗമായിരുന്നില്ലെന്നും അതിനാൽ ചൈനയ്ക്ക് തായ്‌വാനുമേൽ യാതൊരു അവകാശവുമില്ലെന്നുമാണ് തായ് ഭരണകൂടം വാദിക്കുന്നത്.

ചൈനയ്ക്ക് നിർണായകമാകുന്നതെങ്ങനെ?

ചൈനയുടെ തെക്കുകിഴക്കൻ തീരത്തുനിന്ന് 180 കിലോമീറ്റർ മാത്രം അകലെയുള്ള ദ്വീപ് രാഷ്ട്രമാണ് തായ്‌വാൻ. പടിഞ്ഞാറൻ പസഫിക് മേഖലയിൽ നിർണായക സ്വാധീനമുള്ള ഭൂപ്രദേശമാണിത്. അത് തന്നെയാണ് ചൈന തായ്‌വാനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിന്റെ കാരണവും. തായ്‌വാന്റെ പൂർണ നിയന്ത്രണം ലഭിച്ചാൽ ചൈനയ്ക്ക് പടിഞ്ഞാറൻ പസഫിക് കടലിൽ സ്വാധീനം വർധിപ്പിക്കാനാകും. അതേസമയം, തായ്‌വാൻ സ്വതന്ത്ര രാജ്യമായി നിൽക്കുകയും യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുമായി അടുത്ത ബന്ധം തുടരുകയും ചെയ്താൽ അത് ചൈനയ്ക്ക് കടുത്ത ഭീഷണിയാകും. തായ്‌വാന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിച്ചാൽ പസഫിക്കിലെ അമേരിക്കൻ സ്വാധീനം ഭീഷണിയിലാകും. ഗുവാമിലും ഹവായിലുമുള്ള യു.എസ്. സൈനിക കേന്ദ്രങ്ങൾക്കും ചൈനീസ് സ്വാധീനം ഭീഷണിയാകും. അതുകൊണ്ടുതന്നെ തായ്‌വാൻ ചൈനയുടെ കൈയിലാകാതിരിക്കാൻ അമേരിക്ക പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. അതേസമയം, അമേരിക്കയ്ക്ക് തായ്‌വാനിലുള്ള സ്വാധീനം ഇല്ലാതാക്കാൻ ചൈനയും ശ്രമിക്കും.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്‌ / Photo: Flickr
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്‌ / Photo: Flickr

സാമ്പത്തികമായും തായ്‌വാന് തന്ത്രപ്രധാന സ്ഥാനമുണ്ട്. സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും മുതൽ കാറുകളിലടക്കം ഉപയോഗിക്കുന്ന ഇലക്ട്രോണിക് ചിപ്പുകൾക്കായി ലോകരാജ്യങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നത് തായ്‌വാനെയാണ്. ലോകത്തിനാവശ്യമായ ആകെ ചിപ്പുകളിൽ 65 ശതമാനവും തായ്‌വാനാണ് നിർമിക്കുന്നത്. ഇതിൽ 50 ശതമാനവും നിർമിക്കുന്നത് ടി.എസ്.എം.സി. എന്ന കമ്പനിയാണ്. 10,000 കോടി ഡോളറിലധികമാണ് ഈ കമ്പനിയുടെ മൂല്യം. തായ്‌വാനെ തങ്ങളുടെ ഭാഗമാക്കിയാൽ ഈ കമ്പനികളുടെ നിയന്ത്രണവും ചൈനയ്ക്കാവും.

തായ്‌വാനെ അംഗീകരിക്കുന്നത് 13 രാജ്യങ്ങൾ

സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര രാജ്യമായാണ് തായ്‌വാൻ സ്വയം കരുതുന്നത്. എന്നാൽ ലോകത്താകെ 13 രാജ്യങ്ങളും വത്തിക്കാനും മാത്രമാണ് തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത്. തായ്‌വാന്റെ പരമാധികാരത്തെ പിന്തണയ്ക്കുകയും ആയുധമുൾപ്പെടെയുള്ള സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ടെങ്കിലും അമേരിക്കയ്ക്ക് തായ്‌വാനിൽ എംബസിയില്ല. തായ്‌വാന് ഐക്യരാഷ്ട്ര സംഘടനയിലും പ്രത്യേക രാജ്യമായി അംഗത്വമില്ല. 1971-നുശേഷം ആദ്യമായി തായ് വാൻ ഒരു യു.എൻ. പരിപാടിയുടെ ഭാഗമാകുന്നത് 2009-ൽ വേൾഡ് ഹെൽത്ത് അസംബ്ലിയിൽ നിരീക്ഷകരായി പങ്കെടുത്തപ്പോഴാണ്.

2015-ൽ തായ്‌വാൻ പ്രസിഡൻറ്​ മാ യിങ് ജ്യുവും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും സിംഗപ്പൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തി. 66 വർഷത്തിനുശേഷമായിരുന്നു ഇരുഭാഗത്തുനിന്നുമുള്ള നേതാക്കളുടെ കൂടിക്കാഴ്ച. 2016-ൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി നേതാവ് സായ് ഇങ്-വെൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ചുമതലയേറ്റ സായ് ഇങ്-വെൻ, നൂറ്റാണ്ടുകളായി പ്രയാസമനുഭവിക്കുന്ന രാജ്യത്തെ തദ്ദേശീയ ജനതയോട് മാപ്പുപറഞ്ഞു. 2017-ൽ 16 തദ്ദേശീയ ഭാഷകൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിന് നിയമനിർമാണം നടത്തി. 2017-ൽ തായ് വാൻ ആദ്യമായി ഫോർമോസാറ്റ്-5 എന്ന ഉപഗ്രഹം വിക്ഷേപിച്ചു. 2019-ൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യത്തെ രാജ്യമായി തായ്‌വാൻ. 2020-ൽ സായ് ഇങ്-വെൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെനും
യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെനും

ലോകത്തിന്റെ പിന്തുണ തേടി തായ്‌വാൻ

തായ്‌വാനും ചൈനയും തമ്മിൽ ഔദ്യോഗികമായി ഒരു ബന്ധവുമില്ല. 66 വർഷത്തിനുശേഷം 2015-ൽ പ്രസിഡന്റുമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തിയില്ല. കാലങ്ങളായി തുടരുന്നതാണ് ചൈന-തായ്‌വാൻ തർക്കമെങ്കിലും അടുത്ത കാലത്തായാണ് അത് രൂക്ഷമായത്. 2021-ൽ ചൈന തുടർച്ചയായി പലതവണ തായ്‌വാന്റെ വ്യോമാതിർത്തി ലംഘിച്ച് യുദ്ധവിമാനങ്ങൾ പറത്തി. ഒരു ദിവസം 56 ചൈനീസ് വിമാനങ്ങൾ വരെ തായ് അതിർത്തിയിൽ അതിക്രമിച്ച് പ്രവേശിച്ചു. ഏക ചൈന എന്ന നയം അംഗീകരിക്കുന് യു.എസ് ആകട്ടെ അടുത്ത കാലം വരെ ചൈനയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന്റെ സൂചന നൽകിയിരുന്നില്ല. എന്നാൽ ജോ ബൈഡൻ പ്രസിഡന്റായതോടെയാണ് നിലപാടിൽ മാറ്റമുണ്ടായത്. തായ്‌വാനെ കീഴടക്കാൻ ചൈന ശ്രമിച്ചാൽ സൈനികമായി നേരിടുമെന്ന് കഴിഞ്ഞ മേയിൽ ബൈഡൻ പ്രഖ്യാപിച്ചു. ഇതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. അതിനുപിന്നാലെയാണ് ഇപ്പോൾ നാൻസി പെലോസിയുടെ സന്ദർശനം. ചൈനയുടെ ആക്രമണമുണ്ടായാൽ അമേരിക്കയുടെ സഹായം കിട്ടുമോയെന്ന കാര്യത്തിൽ ഉറപ്പുവരുത്താൻ കൂടി വേണ്ടിയാണ് തായ്‌വാൻ നാൻസി പെലോസിയുടെ സന്ദർശത്തെ സ്വാഗതം ചെയ്യുന്നത്.

ചൈന, തായ്‌വാൻ സർക്കാരുമായി ബന്ധപ്പെടാൻ തയ്യാറാകാതിരിക്കുകയും നയതന്ത്രപരമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനാൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി പ്രതിരോധിക്കാനാണ് തായ്‌വാൻ സർക്കാരിന്റെ ശ്രമം. പത്തുലക്ഷത്തോളം തായ്‌വാനികൾ ചൈനയിൽ താമസിക്കുന്നതിനാൽ ചൈനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളൊന്നും നടത്താതിരിക്കാൻ തായ് പ്രസിഡൻറ്​ സായ് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. തായ്‌വാനെ ചൈനയുടെ ഭാഗമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ തായ് ജനത അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ചൈനീസ് ഭീഷണിയെ ചെറുക്കുന്ന സായ് ഇങ്-വെൻ സർക്കാരിന് ശക്തമായ ജനപിന്തുണയാണുള്ളത്. അതേസമയം, ചൈനയെ നേരിടാനുള്ള സൈനികബലമില്ലാത്തതിനാൽ യു.എസ്. ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ തേടി പ്രതിരോധമൊരുക്കാനാണ് സായ് ശ്രമിക്കുന്നത്.


Summary: തായ്‌വാന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിച്ചാൽ പസഫിക്കിലെ അമേരിക്കൻ സ്വാധീനം ഭീഷണിയിലാകും. ഗുവാമിലും ഹവായിലുമുള്ള യു.എസ്. സൈനിക കേന്ദ്രങ്ങൾക്കും ചൈനീസ് സ്വാധീനം ഭീഷണിയാകും. അതുകൊണ്ടുതന്നെ തായ്‌വാൻ ചൈനയുടെ കൈയിലാകാതിരിക്കാൻ അമേരിക്ക പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. അതേസമയം, അമേരിക്കയ്ക്ക് തായ്‌വാനിലുള്ള സ്വാധീനം ഇല്ലാതാക്കാൻ ചൈനയും ശ്രമിക്കും.


Comments