പ്രസിഡൻറ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച തീരുവയുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന. അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധികതീരുവ ചുമത്താനാണ് ചൈനയുടെ തീരുമാനം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്പത്തികശക്തികൾ തമ്മിലുള്ള ഈ വ്യാപാരയുദ്ധം സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഡോണൾഡ് ട്രംപിൻെറ തീരുവ പ്രഖ്യാപനങ്ങൾക്ക് ശേഷം ലോകത്തെ ഓഹരിവിപണികളെല്ലാം ഇടിഞ്ഞിരിക്കുകയാണ്. ആഗോളവിപണിയിൽ 5 ട്രില്യൺ ഡോളറിൻെറ ഇടിവുണ്ടായതാണ് ഏകദേശകണക്കെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യു.കെ സ്റ്റോക് എക്സ്ചേഞ്ച് ഇക്കഴിഞ്ഞ ദിവസം 7 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്. 2020 ഫെബ്രുവരിയിൽ കോവിഡ് കാലത്താണ് ഇതിന് മുമ്പ് ഇത്രയും വലിയ തിരിച്ചടി യുകെ ഓഹരിവിപണി നേരിട്ടത്. ജർമ്മനി, കാനഡ, ജപ്പാൻ, എന്തിനധികം അമേരിക്കൻ ഓഹരിവിപണിയും ട്രംപിൻെറ പ്രഖ്യാപനത്തിന് ശേഷം തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തിരിക്കുന്നത്. ചൈനീസ് ഓഹരിവിപണി മാത്രമാണ് ഇപ്പോഴും വലിയ ഇടിവില്ലാതെ മുന്നോട്ട് പോവുന്നത്.
അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധികതീരുവ ചുമത്താനാണ് ചൈനയുടെ തീരുമാനം
ചൈനയ്ക്ക് മുകളിൽ 34 ശതമാനം പകരം തീരുവ ചുമത്തുമെന്നാണ് ട്രംപിൻെറ ലിബറേഷൻ ഡേ (ഏപ്രിൽ 2) പ്രഖ്യാപനത്തിലുള്ളത്. 67 ശതമാനമാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈന തീരുവ ചുമത്തിയിരുന്നത്. ഇതിന് പകരമെന്ന നിലയിലാണ് 34 ശതമാനം തീരുവ ചുമത്താൻ അമേരിക്ക തീരുമാനിച്ചത്. നേരത്തെ തന്നെ ചൈനീസ് ഉത്പന്നങ്ങൾക്ക് 20 ശതമാനം ലെവി ചുമത്താനും ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. അങ്ങനെ വരുമ്പോൾ ആകെ 54 ശതമാനമാവും ചൈനീസ് ഉത്പന്നങ്ങൾക്ക് മുകളിലുള്ള അമേരിക്കൻ തീരുവ. ചൈനയുടെ അയൽരാജ്യങ്ങളായ കംബോഡിയ, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്കും ട്രംപ് കടുത്ത രീതിയിലാണ് പകരം തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രാജ്യങ്ങൾ വഴി ബില്യൺ കണക്കിന് ഡോളറിൻെറ ചൈനീസ് ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ചൈനയെ ലക്ഷ്യം വെച്ച് തന്നെയാണ് ഈ ഏഷ്യൻ രാജ്യങ്ങളുടെ പകരം തീരുവയും കൂടിയ തോതിൽ വർധിപ്പിച്ചിരിക്കുന്നത്.

അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കാനുള്ള ചൈനയുടെ തീരുമാനത്തിനോട് ട്രംപിൻെറ പ്രതികരണം ഇതിനോടകം വന്നിട്ടുണ്ട്. “ചൈന തെറ്റായ കളിയാണ് കളിക്കുന്നത്. അവർ ആകെ പരിഭ്രമിച്ചിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ നടപടികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ഇത് അവർക്ക് ഒരിക്കലും താങ്ങാൻ പറ്റുന്ന കാര്യമല്ല,” ഇങ്ങനെയാണ് ട്രംപിൻെറ പ്രതികരണം. ചൈനയിലെ ഹെൽത്ത്കെയർ, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ് വിപണിയിൽ നിന്നെല്ലാം അമേരിക്കയിലേക്കുള്ള കയറ്റുമതി പരമാവധി കുറയ്ക്കാൻ വ്യാപാര അസോസിയേഷനുകൾ തീരുമാനിച്ചിട്ടുണ്ട്. തങ്ങൾ മറ്റ് വിപണികൾ തേടുമെന്നും ഇത് അമേരിക്കയെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. “വിപണി തന്നെ അമേരിക്കയ്ക്ക് മറുപടി നൽകിയിട്ടുണ്ട്. ഇനിയെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് അമേരിക്ക അവസാനിപ്പിക്കണം. മറ്റ് രാജ്യങ്ങളുമായുള്ള വിയോജിപ്പുകൾ അവസാനിപ്പിച്ച് സൗഹാർദ്ദത്തോടെ വ്യാപാരം ചെയ്യാൻ തയ്യാറാവണം. പരസ്പര സഹകരണത്തിനും വിട്ടുവീഴ്ചയ്ക്കും തയ്യാറാവണം” ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ ഫേസ്ബുക്കിൽ കുറിച്ചു.

2024-ലെ കണക്കുകൾ നോക്കിയാൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യം മെക്സിക്കോയാണ്. 505.9 ബില്യൺ ഡോളറിൻെറ കയറ്റുമതിയാണ് കഴിഞ്ഞ വർഷം മെക്സിക്കോ നടത്തിയത്. രണ്ടാം സ്ഥാനത്തുള്ളത് ചൈനയാണ് 438.9 ബില്യൺ ഡോളറിൻെറ കയറ്റുമതിയാണ് കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് നടന്നത്. മൂന്നാമതുള്ള കാനഡയിൽ നിന്ന് 412.7 ബില്യൺ ഡോളറിൻെറ കയറ്റുമതിയും നടന്നിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള കയറ്റുമതിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം ചൈനയാണ്. അയൽരാജ്യങ്ങളായ മെക്സിക്കോയും കാനഡയുമാണ് ഒന്നും രണ്ടും സ്ഥാനത്തായുള്ളത്. 2024-ലെ കണക്കുകൾ പ്രകാരം അമേരിക്കയിൽ നിന്ന് ചൈനയിലേക്ക് 143.5 ബില്യൺ ഡോളറിൻെറ കയറ്റുമതി നടന്നിട്ടുണ്ട്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവയാണ് പ്രധാനമായി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചൈന ഇപ്പോൾ തീരുവ വർധിപ്പച്ചത് കാരണം അമേരിക്കയിലെ ഈ വ്യവസായിക മേഖലകളിലായിരിക്കും വലിയ തിരിച്ചടി ഉണ്ടാവുക.