അമേരിക്കൻ ഉപരോധത്തിന് ചൈനയെ മുൻ നിർത്തി ഒരു വെനസ്വേലൻ പ്രതിരോധം

ചൈനയുടെ അഞ്ചു പതിറ്റാണ്ടുകളായുള്ള തന്ത്രപരമായ പങ്കാളിത്തവും, സാമ്പത്തിക സഹായവും വെനസ്വേലൻ സാമ്പത്തികക്രമത്തെ ഒരുപരിധിവരെ തകർച്ചയിൽ നിന്ന് കരകയറ്റുവാൻ സാഹചര്യമൊരുക്കിയിട്ടുണ്ട്. ഇടതുപക്ഷ ബദൽ തീർക്കാൻ 2000-ാമാണ്ടുമുതൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് വെനസ്വേല. കുപ്രചാരങ്ങളെയും അക്രമങ്ങളെയും രാഷ്ട്രീയമായി നേരിട്ട്, ചൈനയുടെ സഹായത്തോടെ സാവധാനം വെനസ്വേല വളരുക തന്നെയാണ്.

മേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങളുടെ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഇരയാണ് വെനസ്വേല. ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ണിൽ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വെനസ്വേല സാമ്പത്തികമായി ഏറെ മുന്നേറിയിരുന്നു. ഇതിന്റെ ഭാഗമായി ഭാവിയിൽ ഒരു ഇടതുപക്ഷ മുന്നേറ്റം ലാറ്റിനമേരിക്കയിലുണ്ടാകുമെന്ന് ഉറപ്പായ അമേരിക്ക 2005 മുതൽ വലിയ രീതിയിലുള്ള ഉപരോധങ്ങൾ രാജ്യത്ത് നടപ്പാക്കിതുടങ്ങി. ഈ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തകർത്തു എന്നുമാത്രമല്ല, സാമ്പത്തിക മുരടിപ്പിലേക്കും നയിച്ചു.

ഷാവേസിന്റെ മരണശേഷം നിക്കോളാസ് മധുരോ എന്ന യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനെസ്വേല നേതാവ് വെനെസ്വേലയുടെ പ്രസിഡന്റായി അധികാരമേറ്റു. അമേരിക്കയുടെയും മറ്റ് പശ്ചാത്യശക്തികളുടെയും ഇടപെടൽ മൂലം വെനസ്വേല എല്ലാ തരത്തിലും ഉപരോധങ്ങൾ നേരിട്ട് സാമ്പത്തികമായി തകർച്ച നേരിടുന്ന സമയമായിരുന്നു അത്. ഒരു രാജ്യത്തിന്റെ ഏറ്റവും മോശം അവസ്ഥയിൽ ഭരണത്തിലെത്തിയ മധുരോയ്ക്ക് ഷാവേസ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല എന്ന് വലതുപക്ഷ മാധ്യമങ്ങളും മുതലാളിത്ത വർഗവും നിരന്തരം പ്രചരിപ്പിച്ചു. ഇതോടൊപ്പം, ഉപരോധങ്ങളുടെ ഫലമായി തന്നെ പതിനായിരങ്ങൾ മരിക്കുകയും ചെയ്തു.

Photo: Hugo Chávez / flickr

സ്വാഭാവികമായും അതെല്ലാം മധുരോയുടെ ഭരണപരാജയമായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇടതുപക്ഷ ആശയങ്ങളെ ഇല്ലായ്മ ചെയ്യാൻ അമേരിക്കയും മറ്റ് സാമ്രാജ്യത്വ ശക്തികളും ഈ സംഭവങ്ങളെ ഉപയോഗിച്ചു. അതോടൊപ്പം, 6 ബില്യൺ അമേരിക്കൻ ഡോളറോളം വില വരുന്ന വെനസ്വേലൻ അസറ്റ് ബോർഡ്‌ വിവിധ രാജ്യങ്ങൾ മരവിപ്പിക്കുകയും രാജ്യത്തെ അതികഠിനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടു​ത്തെറിയുകയും ചെയ്തു. രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാനസ്രോതസായ ഓയിൽ റിസേർവ് പോലും നശിപ്പിച്ച് വെനസ്വേലൻ ജനതയെ ഭരണകൂടത്തിനെതിരെ തിരിക്കാൻ പോലും ഈ കാലയളവിൽ അമേരിക്ക ശ്രമിച്ചു.

വെനസ്വേലൻ മുന്നേറ്റം

എല്ലാ തരം ഇറക്കുമതിയും ഇല്ലാതാക്കി വെനസ്വേലയെ ഇല്ലായ്മ ചെയ്യാൻ വിദേശ മുതലാളിത്തശക്തികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഒരു പരിധി വരെ അവർ അതിൽ വിജയിച്ചെങ്കിലും മധുരോ സർക്കാർ സാവധാനം രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചു. ആദ്യമായി മധുരോ സർക്കാർ ചെയ്തത്, ചോളം കൃഷി മെച്ചപ്പെടുത്തുക എന്നതായിരുന്നു. അതിന്റെ ഭാഗമായി ചോളം ഉത്പാദനം 60ശതമാനത്തിനു മേൽ ഉയർത്തി, അതോടൊപ്പം അരിയുടെ ഉത്പാദനവും ഉയർത്തി. എണ്ണയെ മാത്രം ആശ്രയിക്കുന്നതിനുപകരം, ധാന്യവിളകളുടെ കയറ്റുമതി മെച്ചപ്പെടുത്തി.

മറ്റൊരു ശ്രദ്ധേയമായ കാര്യമാണ് കോവിഡ് എന്ന മഹാമാരിയെ വെനെസ്വേലൻ സർക്കാർ നേരിട്ട വിധം. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും മികച്ചു നിന്ന രാജ്യവും വേനസ്വേല തന്നെയായിരുന്നു. ആകെയുണ്ടായ മരണം 5716 മാത്രം. അമേരിക്കയും മറ്റ് പശ്ചാത്യ മുതലാളിത്ത രാജ്യങ്ങളും കോവിഡിന് മുന്നിൽ പതറിയപ്പോൾ വെനസ്വേലയും ക്യൂബയും വിയറ്റ്നാമും തന്നെയാണ് പ്രതിരോധ കോട്ട കെട്ടി ലോകത്തിന് മാതൃകയായത്. ഇത്തരം പ്രവർത്തനങ്ങളും സാമ്പത്തിക ഉയർച്ചയുമൊക്കെ വെനസ്വേല കൈവരിച്ചത്, അമേരിക്കയുടെ ഭാഗത്തുനിന്നുമാത്രം 600- ലധികം സാമ്പത്തിക നിയന്ത്രണ നടപടികൾ നേരിടുന്ന സമയത്താണ് എന്നതും പരിഗണിക്കേണ്ട വസ്തുതയാണ്.

എല്ലാ തരം ഇറക്കുമതിയും ഇല്ലാതാക്കി വെനസ്വേലയെ ഇല്ലായ്മ ചെയ്യാൻ വിദേശ മുതലാളിത്തശക്തികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഒരു പരിധി വരെ അവർ അതിൽ വിജയിച്ചെങ്കിലും മധുരോ സർക്കാർ സാവധാനം രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചു.

2021-ലെ കണക്ക് പ്രകാരം വെനസ്വേലയുടെ സാമ്പത്തികവളർച്ച 7.6 ശതമാനമായി ഉയർന്നു. വിദേശവ്യാപാരം മെച്ചപ്പെട്ടു. 2021-ൽ ഭക്ഷ്യ സ്വയംപര്യാപ്തതാനിരക്ക് 70% ആയിരുന്നെങ്കിൽ 2022-ലേക്കെത്തുമ്പോൾ അത്‌ 90% ആയി ഉയർന്നത് രാജ്യത്തിന്റെ വലിയ നേട്ടം തന്നെയാണ്. ഇതോടൊപ്പം, ഹൈപ്പർ ഇൻഫ്ലേഷൻ പോലും താഴേക്കു കൊണ്ടുവരാൻ മധുരോ സർക്കാരിന് സാധിച്ചു. തുർക്കി, അൽജീരിയ, ഇറാൻ, കുവൈറ്റ്‌, ഖത്തർ, അസർബൈജൻ എന്നീ രാജ്യങ്ങളുമായി വ്യാപര ഉടമ്പടി സ്ഥാപിക്കാനുമായി.

2021- ൽ ദേശീയ ബഡ്ജറ്റിന്റെ 76% ശതമാനവും വിനിയോഗിച്ചത് സാമൂഹിക ചെലവുകൾക്കാണ്. അതിന്റെ ഭാഗമായി 40 മില്യൺ വീടുകൾ നിർമിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും സാധിച്ചു. വെനസ്വേലൻ സമ്പദ് വ്യവസ്ഥക്കുണ്ടായ വളർച്ചയുടെ ഉത്തമ ഉദാഹരണമാണ് ലോണുകളുടെ തിരിച്ചടവ്. സെന്റ് വിൻസെന്റ് ആൻഡ് ഗ്രേനാഡൈൻസ് എന്ന കമ്പനിയുടെ കടം തിരിച്ചടവ് ഇതിനൊരുദാഹരണമായിരുന്നു. പെട്രോകരിബുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങളുമായി 35% ഇളവിൽ എണ്ണ വിൽക്കാനും കരാറുണ്ടാക്കാനും മധുരോ സർക്കാരിന് കഴിഞ്ഞു.

ചൈനീസ് സഹായഹസ്തം

ചൈന എല്ലാകാലവും വെനസ്വേലയുമായി അടുത്ത ബന്ധമാണ് പുലർത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അമേരിക്കൻ ഉപരോധത്തെ ചെറുത്തുതോല്പിക്കാൻ വെനസ്വേല ഏറ്റവും കൂടുതൽ സഹായം തേടിയതും ചൈനയുടെ പക്കൽനിന്നുമാണ്. 2007 മുതൽ 2017 വരെ മാത്രം ചൈന നൽകിയ വായ്പാതുക 60 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു. ചൈനയിൽ നിന്ന് ഏറ്റവുമധികം സാമ്പത്തിക സഹായം തേടുന്ന രാജ്യവും വെനസ്വേലയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സെപ്റ്റംബറിൽ മധുരോയും ഷി ജിൻപിങ്ങും നടത്തിയ ചർച്ചയും അതിൽ നിന്നുരുതിരിഞ്ഞുവന്ന തന്ത്രപരമായ പങ്കാളിത്തവും കരാറുകളും. ഇരുവരും ഈ പങ്കാളിത്തത്തെ വിശേഷിപ്പിച്ചത് all-weather strategic partnership എന്നാണ്. തുടർന്ന് ഇരു രാജ്യങ്ങളും ബി ആർ ഐ യുമായി ബന്ധപ്പെട്ട രണ്ട് സഹകരണ കരാറിൽ ഒപ്പിട്ടു. (ബെൽറ്റ്‌ ആൻഡ് റോഡ് ഇനിഷ്യറ്റീവ്). അതോടൊപ്പം വ്യാപാരം, ടൂറിസം, സാമ്പത്തികം, ശാസ്ത്ര- സാങ്കേതികവിദ്യ, സിവിൽ ഏവിയേഷൻ, എയ്‌റോസ്‌പേസ് എന്നീ മേഖലകളിൽ ഒട്ടനവധി കരാറുകളിൽ ഏർപ്പെടുവാനും ഇരു രാജ്യങ്ങൾക്കും സാധിച്ചു.

ചൈന എല്ലാകാലവും വെനസ്വേലയുമായി അടുത്ത ബന്ധമാണ് പുലർത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അമേരിക്കൻ ഉപരോധത്തെ ചെറുത്തുതോല്പിക്കാൻ വെനസ്വേല ഏറ്റവും കൂടുതൽ സഹായം തേടിയതും ചൈനയുടെ പക്കൽനിന്നുമാണ്.

ബ്രിക്സ് (BRICS) കൂട്ടായ്മയിൽ പങ്കുചേരാനും വെനസ്വേല താല്പര്യമറിയിച്ചിട്ടുണ്ട്. ഇതോടുകൂടി സാമ്പത്തികഭദ്രത കൈവരിക്കാനുള്ള മറ്റൊരു വഴികൂടിയാണ് ചൈനയുടെ ഇടപെടലിലൂടെ വെനെസ്വേലക്ക് സാധ്യമാകുന്നത്. എണ്ണ കയറ്റുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ വെനസ്വേലയുടെ ഏറ്റവും വലിയ പങ്കാളി ചൈനയാണെന്നിരിക്കേ ബ്രിക്സിൽ ചേരുന്നത് അവരുടെ എണ്ണ വ്യാപാരം മറ്റ് ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ വഴിയൊരുക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ഭാഗമാകുന്നതിനുള്ള നീക്കമാണ്. വെനസ്വേല ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിൽ കൂടി ഭാഗമായാൽ അടിസ്ഥാനസൗകര്യ വികസനവും വികസന പദ്ധതികളും എളുപ്പം നടപ്പിലാക്കാൻ മധുരോ സർക്കാരിന് സാധിക്കും. കൂടാതെ രാജ്യത്ത് പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിനും ചൈന ഉറപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ ഉപരോധം അതിജീവിച്ച് വിദേശവ്യാപാരത്തിനും, ആഭ്യന്തര കമ്പോളത്തിന്റെ വികാസത്തിനുമൊപ്പം നൂതന സാങ്കേതികവിദ്യകളുടെ ഉത്പാദനത്തിനും ഇത്തരം പദ്ധതികൾ വെനസ്വേലക്ക് സഹായകരമാകും. ചൈനയുടെ സാമ്പത്തിക, സാങ്കേതിക വളർച്ചയിൽ ഇത്തരം പദ്ധതികൾ വഹിച്ച പങ്ക് കണക്കിലെടുത്തുതന്നെയാണ് ഇത്തരമൊരു ഇടപാടിന് ഇരു രാജ്യങ്ങളും തയ്യാറാകുന്നത്.

വെനസ്വേല പരമപ്രധാനമായി കാണുന്ന ദാരിദ്ര്യ നിർമാർജന പദ്ധതിക്കുകൂടി സഹായം നൽകാൻ ഇരു രാഷ്ട്രങ്ങളുടെയും തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചക്കൊടുവിൽ ചൈന തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചൈനയിലെ International Poverty Reduction Centre വെനസ്വേലൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും. ചൈന നടപ്പാക്കിയ ബഹുമുഖ ദാരിദ്ര്യ നിർമാർജന പരിപാടിയുടെ അതേരീതിയിലാകും വെനസ്വേലയിലും ദാരിദ്ര്യനിർമാർജനം നടപ്പിലാക്കുക.

അമേരിക്കൻ ഉപരോധങ്ങൾക്കും, വലതുപക്ഷത്തിന്റെയും മുതലാളിത്ത മാധ്യമങ്ങളുടെയും അടിസ്ഥാനരഹിതമായ വിമർശനങ്ങൾക്കും മുൻപിൽ വഴുതിവീഴാതെ ഇടതുപക്ഷ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് മധുരോയുടെ നേതൃത്വത്തിൽ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി നടപ്പാക്കുന്നത്. ഒപ്പം ചൈനയുടെ അഞ്ചു പതിറ്റാണ്ടുകളായുള്ള തന്ത്രപരമായ പങ്കാളിത്തവും, സാമ്പത്തിക സഹായവും വെനസ്വേലൻ സാമ്പത്തികക്രമത്തെ ഒരുപരിധി വരെ തകർച്ചയിൽ നിന്ന് കരകയറ്റുവാൻ സാഹചര്യമൊരുക്കിയിട്ടുണ്ട്. ഇടതുപക്ഷ ബദൽ തീർക്കാൻ 2000-ാമാണ്ടുമുതൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് വെനസ്വേല. കുപ്രചാരങ്ങളെയും അക്രമങ്ങളെയും രാഷ്ട്രീയമായി നേരിട്ട്, ചൈനയുടെ സഹായത്തോടെ സാവധാനം വെനസ്വേല വളരുക തന്നെയാണ്.

Comments