കടയിൽ സാധനങ്ങൾ വാങ്ങി പണം കൊടുക്കാനുള്ള ലൈനിൽ നിൽക്കുകയായിരുന്നു. മുന്നിൽ നിൽക്കുന്ന വെള്ളക്കാരിയോട് വെള്ളക്കാരനായ കാഷ്യർ പയ്യൻ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാം. അവർ ധരിച്ചിരിക്കുന്ന അൽപ്പം വലിയ കുരിശുമാലയ്ക്ക് അഭിനന്ദനങ്ങൾ ചൊരിയുകയാണ് അയാൾ. അയാളും സാമാന്യം വലിയ ഒരു കുരിശുമാല ധരിച്ചിട്ടുണ്ട്. പ്രകടമായി കുരിശു ധരിക്കാത്ത എന്നെ അവൻ നോക്കിയത് മറ്റൊരുകണ്ണിലൂടെയായിരുന്നു എന്നതു വ്യക്തമായിരുന്നു. പുറത്തേക്കു കടക്കുമ്പോൾ ഞാൻ ഷർട്ടിനടിയിലെ കഴുത്തിലെ കുരിശുമാല തൊട്ടുനോക്കി, അതേ, അതുഭദ്രമാണ്, അതിലെ കുരിശും സുരക്ഷിതമാണ്, പക്ഷേ, എന്റെ ഉള്ളിലൊതുക്കിയ കുരിശ് അത്ര ഭദ്രമല്ല എന്ന തിരിച്ചറിവ് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്.
രണ്ടാം ട്രംപ് ഭരണകൂടത്തിന് കീഴിൽ, അമേരിക്കയുടെ 36-ാമത് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനം ചെയ്യുന്ന 27 വയസ്സുള്ള കരോലിൻ ക്ലെയർ ലീവിറ്റ് ദിവസവും വാർത്തകളുമായി കളംനിറയുമ്പോൾ വ്യക്തമായി കാണാവുന്ന കറുത്തതുണിയുടെ മുകളിൽ തിളങ്ങിനിൽക്കുന്ന വെളുത്ത കുരിശ് ഒരു മുന്നറിയിപ്പാണ് എന്ന് തോന്നിത്തുടങ്ങി. ക്രിസ്തുവിശ്വാസികളെങ്കിലും കറുത്തവരോ ബ്രൗൺനിറക്കാരോ അത്ര പ്രകടമായി ഈ വെളുത്ത കുരിശുകൾ ഏറ്റെടുത്തിട്ടില്ല ഇതുവരെയും എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഈ കുരിശുകൾ അവർ ഏറ്റെടുത്തു ധരിക്കേണ്ട അവസ്ഥ അതിവിദൂരമല്ല.
അമേരിക്കയിലെ ക്രിസ്ത്യൻ ദേശീയത ഒരു പ്രധാന രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനമായി ഉയർന്നുവന്നിട്ടുണ്ട്. മതവിശ്വാസങ്ങളെ ദേശീയ സ്വത്വവുമായി ഇഴചേർക്കുകയും സമകാലിക രാഷ്ട്രീയത്തെ അവ സ്വാധീനിക്കുകയും ചെയ്യുന്നു. വെളുത്ത വർഗക്കാരുടെ ക്രിസ്ത്യൻ ദേശീയത അടുത്തിടെയായി വളരെയധികം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഫെഡറൽ ഗവൺമെന്റ് അമേരിക്കൻ ഐക്യനാടുകളെ ഒരു ക്രിസ്ത്യൻ രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നതുപോലുള്ള പ്രസ്താവനകളോട് ക്രിസ്ത്യൻ ദേശീയവാദികൾ യോജിക്കുന്നു. നമ്മുടെ നിയമങ്ങൾ ക്രിസ്ത്യൻ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. നിങ്ങൾക്ക് ഒരു യഥാർത്ഥ അമേരിക്കക്കാരനാകണമെങ്കിൽ ഒരു ക്രിസ്ത്യാനിയായിരിക്കേണ്ടത് പ്രധാനമാണ്.
ഒരുകാലത്ത് ക്രിസ്ത്യൻ ദേശീയവാദിയായി സ്വയം വിശേഷിപ്പിച്ചിരുന്ന ഒരു മുൻ സുവിശേഷ ശുശ്രൂഷകനാണ് ബ്രാഡ് ഒനിഷി. 2005-ൽ അദ്ദേഹം സഭ വിട്ട് മതത്തെയും തീവ്രവാദത്തെയും കുറിച്ച് പഠിക്കാൻ തുടങ്ങി. അമേരിക്കൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഈ ആശയവും അതിന്റെ വ്യാപ്തിയും നന്നായി മനസ്സിലാക്കാൻ ഒനിഷിയുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ മതി.

അദ്ദേഹം ഇപ്പോൾ "സ്ട്രെയിറ്റ് വൈറ്റ് അമേരിക്കൻ ജീസസ്" എന്ന ജനപ്രിയ പോഡ്‌കാസ്റ്റിന്റെ അവതാരകനാണ്, കൂടാതെ "പ്രിപ്പറിംഗ് ഫോർ വാർ: ദി എക്സ്ട്രീമിസ്റ്റ് ഹിസ്റ്ററി ഓഫ് വൈറ്റ് ക്രിസ്ത്യൻ നാഷണലിസം ആൻഡ് വാട്ട് കംസ് നെക്സ്റ്റ്" എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. അമേരിക്കയുടെ അടിസ്ഥാന പ്രമാണങ്ങൾ വെളുത്ത അമേരിക്കയുടെ വിശ്വാസത്തിലൂന്നിയാണെന്നും, അതിലേക്കു തിരിച്ചുപോക്കാണ് ‘മെയ്ക്ക് അമേരിക്ക ഗ്രെയിറ്റ്’ എന്ന ട്രമ്പിയൻ മുദ്രാവാക്യത്തിൻറെ അടിത്തറയും. അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്തുമതത്തിന്റെ ചരിത്രവും 1950-കളുടെ അവസാനം മുതൽ രാഷ്ട്രീയ തീവ്രവാദവുമായുള്ള പ്രസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന ഇടപെടലും ഒനിഷി പരിശോധിക്കുന്നു. യാഥാസ്ഥിതിക സുവിശേഷ ക്രിസ്തുമതം രാഷ്ട്രീയ തീവ്രവാദവുമായി എങ്ങനെ ലയിച്ച് സമകാലിക സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം കാണിക്കുന്നു. പ്രസിഡൻറ് ട്രംപിൻെറ അമ്പരപ്പിക്കുന്ന വശങ്ങളും കലാപവും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് അദ്ദേഹത്തിന്റെ പുസ്തകം.
“ജനുവരി 6-ന് ഉണ്ടായത് അമ്പരപ്പിക്കുന്ന ഒരു സംഭവം ആയിരുന്നില്ല,” അദ്ദേഹം എഴുതുന്നു: “അമേരിക്കയിലുടനീളമുള്ള വെളുത്ത ക്രിസ്ത്യൻ ദേശീയവാദ സംഘാടനത്തിന്റെയും സ്വാധീനത്തിന്റെയും നീണ്ട ചരിത്രത്തിന്റെയും കൂടിയായിരുന്നു ആ വിപ്ലവം. ബൈബിൾ ദൈവത്തിന്റെ തെറ്റില്ലാത്ത വചനമാണ്" എന്നാണ് ഇവാൻജലിക്കൽ സഭ പഠിപ്പിക്കുന്നത്, അത് "കഴിയുന്നത്ര അക്ഷരാർത്ഥത്തിൽ വായിക്കുകയും പിന്തുടരുകയും വേണം". വെളുത്ത ക്രിസ്ത്യൻ ദേശീയവാദികൾ കുറച്ചുകൂടി മുന്നോട്ടുപോയി. അമേരിക്ക ഒരു ക്രിസ്ത്യൻ രാഷ്ട്രമായിട്ടാണ് സ്ഥാപിതമായതെന്നും, അതിനാൽ അത് മറ്റെല്ലാ രാജ്യങ്ങളെക്കാളും ശ്രേഷ്ഠമാണെന്നും, ലോക ചരിത്രത്തിൽ ഒരു കേന്ദ്ര പങ്ക് വഹിക്കാൻ ദൈവം തിരഞ്ഞെടുത്ത ഒന്നാണെന്നുമുള്ള ആശയം അവർ സ്വീകരിച്ചു. വെള്ളക്കാരായ മനുഷ്യർക്ക് ഏറ്റവും ഉയർന്ന പദവികൾ ലഭിച്ചിരുന്ന ഭൂതകാല മഹത്വത്തെക്കുറിച്ചുള്ള നൊസ്റ്റാൾജിയയും, രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു അപ്പോക്കലിപ്റ്റിക് വീക്ഷണവുമാണ് ക്രിസ്ത്യൻ ദേശീയതയുടെ മറ്റ് അടിസ്ഥാന ഘടകങ്ങൾ. ഞങ്ങൾ ഒറിജിനൽ സെറ്റിലേഴ്‌സ് ആണ്, മറ്റുള്ളവർ കുടിയേറ്റക്കാരാണ്, നേറ്റീവ് സ്വദേശികൾ ഉടമസ്ഥരല്ല. സ്വദേശികൾക്കും കുടിയേറ്റക്കാർക്കും യഥാർത്ഥ ആംഗ്ലോ സാക്സൺ സെറ്റിലേഴ്സിനു തുല്യമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ല.
അമേരിക്കൻ സമൂഹത്തിന്റെ ബഹുസ്വര സ്വഭാവത്തെ തകർക്കുന്നതിലൂടെയും, ഒഴിവാക്കൽ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ക്രിസ്ത്യൻ ദേശീയത ജനാധിപത്യ മൂല്യങ്ങൾക്ക് ഭീഷണിയാണെന്ന് വിമർശകർ വാദിക്കുന്നു. ഏക ക്രിസ്ത്യൻ സ്വത്വത്തിന് ഈ പ്രസ്ഥാനം നൽകുന്ന ഊന്നൽ അക്രൈസ്തവ ജനതയെ അരികുവൽക്കരിക്കാനും സ്വേച്ഛാധിപത്യ പ്രവണതകളിലേക്ക് നയിക്കാനും കാരണമാകും.

ഒരുകാലത്ത് അതിരുകടന്നതായി കണക്കാക്കപ്പെട്ടിരുന്ന ക്രിസ്ത്യൻ ദേശീയത ഇപ്പോൾ ഗവൺമെന്റിന്റെ ഉയർന്ന തലങ്ങളിൽ, പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപിന്റെയും പ്രോജക്റ്റ് 2025-ന്റെ വ്യാപകമായ സ്വേച്ഛാധിപത്യ അജണ്ടയുടെയും ഭാഗമായി. സ്പീക്കർ മൈക്ക് ജോൺസണും പീറ്റ് ഹെഗ്സെത്തും പോലുള്ള വ്യക്തികളും ഉയർന്ന തലങ്ങളിൽ ക്രിസ്ത്യൻ ദേശീയവാദ സ്വാധീനത്തെ ഉയർത്തിക്കാട്ടുന്നു. അവരുടെ ലോകവീക്ഷണം പ്രതിഫലിപ്പിക്കുന്നതിനായി നിയമങ്ങൾ പുനർനിർമ്മിക്കുന്നതും ബജറ്റ് മുൻഗണനകൾ നൽകുന്നു.
പബ്ലിക് റിലീജിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (PRRI) പ്രകാരം, 30 ശതമാനം അമേരിക്കക്കാരും ക്രിസ്ത്യൻ ദേശീയവാദ വീക്ഷണങ്ങളോട് പറ്റിനിൽക്കുന്നു. ഈ വീക്ഷണങ്ങൾ കുടിയേറ്റ വിരുദ്ധ വികാരം, പുരുഷാധിപത്യം, രാഷ്ട്രീയ അക്രമം, QAnon പോലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്പീക്കർ മൈക്ക് ജോൺസന് പുതിയ അപ്പസ്തോലിക് നവീകരണവുമായി നേരിട്ട് ബന്ധമുണ്ട്. തീവ്ര വലതുപക്ഷവുമായി ബന്ധപ്പെട്ട ഒരു ക്രിസ്ത്യൻ മേധാവിത്വ ദൈവശാസ്ത്ര വിശ്വാസവും വിവാദ പ്രസ്ഥാനവുമാണ് പുതിയ അപ്പസ്തോലിക് നവീകരണം (NAR or New Apostolic Reformation) പെന്തക്കോസ്തലിസം, സുവിശേഷീകരണം, സെവൻ മൗണ്ടൻ മാൻഡേറ്റ് എന്നിവയുടെ ഘടകങ്ങൾ സംയോജിപ്പിച്ച് സമൂഹത്തിന്റെ എല്ലാ വശങ്ങളിലും ക്രിസ്ത്യൻ ആധിപത്യം സ്ഥാപിക്കുന്നതിനും സഭയുടെയും ഭരണകൂടത്തിന്റെയും വേർതിരിവ് അവസാനിപ്പിക്കുന്നതിനോ ദുർബലപ്പെടുത്തുന്നതിനോ വേണ്ടി ആത്മീയ യുദ്ധത്തിനായി അവർ വാദിക്കുന്നു.
അമേരിക്കയെന്ന പുതിയ രാജ്യം ഞങ്ങൾ കണ്ടെത്തി പേരിട്ടെടുത്ത രാഷ്ട്രമാണ്. ഞങ്ങളുടെ ദൈവ വിശ്വാസമാണ് ഈ പുതിയ ദേശത്തു കൊണ്ടുവന്നത്. ഞങ്ങൾക്ക് ദൈവത്തോടാണ് വിശ്വസ്തത പുലർത്തേണ്ടത്. "ഇൻ ഗോഡ് വി ട്രസ്റ്റ്" എന്ന് ഡോളറിൽ കുറിച്ചിരിക്കുന്നത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഗവണ്മെന്റ് ഞങ്ങളുടെ വിശ്വാസത്തിൽ കൈകടത്തിയാൽ അതിനെ ചെറുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതിനു ഏതറ്റം പോകാനും ഞങ്ങൾ തയ്യാറാണ്. പുരുഷന്മാരെ ഭരിക്കേണ്ടത് ദൈവനിയോഗിതനായ നേതാവാണ്. മതേതര ജനാതിപത്യ സമൂഹത്തിൽ ഞങ്ങൾക്ക് പങ്കില്ല. ഹോം സ്കൂളിംഗ് പ്രോത്സാഹിപ്പിക്കും. സ്ത്രീകൾ കുട്ടികളെ വളർത്തട്ടെ. നാലു പതിറ്റാണ്ടുകളായി അമേരിക്കയുടെ ശക്തമായ സ്വാധീനമുള്ള ഇവാഞ്ചെലിക്കൽ ഇടങ്ങളിൽ നിരന്തരം ഈ സന്ദേശം അലയടിക്കുകയാണ്. രാഷ്ട്രീയത്തിൽനിന്നും വേറിട്ട് ദൈവവേലയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഇവർ ആകെ അസ്വസ്ഥരാണ്. തങ്ങൾക്കു ചുറ്റും മറ്റു വിശ്വാസികളും സമൂഹവും വളർന്നുവരുന്നു. ഞങ്ങളെ അവർ ഭരിക്കാൻ ഒരുങ്ങുന്നു. അത് സമ്മതിക്കില്ല.

കുടിയേറ്റ നിയമങ്ങൾക്ക് ക്രമേണ പുതിയ വ്യാഖ്യാനങ്ങൾ നൽകപ്പെടുകയാണ്. ഒരു ഗതാഗത സ്റ്റോപ്പ്, ഒരു പ്രതിഷേധത്തിനിടെ അറസ്റ്റ് അല്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് അതുമതി അമേരിക്കയുടെ 24.5 ദശലക്ഷം സ്വാഭാവിക പൗരരിൽ ഒരാളെ നാടുകടത്താനുള്ള സാധ്യത ഉയർത്താൻ. തദ്ദേശീയരായ പൗരരും ആശങ്കപ്പെടണമെന്ന് ന്യൂയോർക്ക് ടൈംസിൽ ഗ്രെഗ് ഗ്രാൻഡിൻ പറഞ്ഞു. "യഥാർത്ഥ അമേരിക്കക്കാർ" യുഎസ് മണ്ണിൽ ജനിച്ച വെളുത്ത യൂറോപ്യരുടെ പിൻഗാമികളാണെന്ന് ട്രംപും ഉന്നത ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലറും വ്യക്തമാക്കിയിട്ടുണ്ട്. "അമേരിക്ക, അമേരിക്കക്കാർക്ക് മാത്രമുള്ളതാണ്." "ആയുധധാരികളായ മുഖംമൂടി ധരിച്ച പുരുഷന്മാർക്ക് ആരെയും, പൗരനെയോ അല്ലാതെയോ, തെരുവിൽ നിന്ന് തൂത്തുവാരാനും ആളുകളെ അടയാളപ്പെടുത്താത്ത എസ്‌യുവികളിലേക്ക് നിർബന്ധിക്കാനും കഴിയുമെങ്കിൽ ഒരു അമേരിക്കക്കാരനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്?" ഗ്രാൻഡിൻ പറയുന്നു.
ടെക്സസിലെ ഹൂസ്റ്റണിൽ നിന്നുള്ള ഡെമോക്രാറ്റിക് നിയമസഭാംഗമായ അൽ ഗ്രീൻ, ട്രംപിന്റെ കോൺഗ്രസിലെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം എഴുന്നേറ്റു നിന്ന് 'മിസ്റ്റർ പ്രസിഡന്റ്, നിങ്ങൾക്ക് ഒരു മാൻഡേറ്റ് ഇല്ല!' എന്ന് വിളിച്ചു പറഞ്ഞു. അതിലേറെ ശ്രദ്ധിക്കപ്പെട്ടത്, സ്പീക്കർ ജോൺസന്റെ അൽ ഗ്രീനെ പുറത്താക്കിക്കൊണ്ടുള്ള ആംഗ്യവിക്ഷേപങ്ങളും, സഭയിൽനിന്നുയർന്ന അട്ടഹാസങ്ങളും, അതിനുശേഷം നിരവധി നിറമുള്ള അംഗങ്ങൾ ചേർന്നു പാടിയ സിവിൽ റൈറ്റ് സമയത്തെ "വീ ഷാൽ ഓവർക്കം" എന്ന പാട്ടും അവരുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന ഭീതിയുമായിരുന്നു. വെളുത്ത ദേശീയതയെ ജനാധിപത്യത്തിന് ഒരു പ്രധാന ഭീഷണിയായും ക്രിസ്ത്യൻ ദേശീയതയുമായി ഇഴചേർന്ന ഒരു പ്രത്യയശാസ്ത്രമായും കറുത്ത അമേരിക്കക്കാർ ഭയപ്പെടുന്നു.

വെളുത്ത ദേശീയത അതിന്റെ അന്തർലീനമായ മതഭ്രാന്തും ഒഴിവാക്കൽ സ്വഭാവവും കാരണം അമേരിക്കൻ ഹിന്ദുക്കളിൽ നിന്നും മുസ്ലീങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമ്പോൾ, ഹിന്ദു അമേരിക്കൻ സമൂഹത്തിലെ ഒരു വിഭാഗം, പ്രത്യേകിച്ച് ഹിന്ദു മേധാവിത്വ ഗ്രൂപ്പുകളുമായി യോജിക്കുന്നവർ, അമേരിക്കൻ തീവ്ര വലതുപക്ഷവുമായി ഒത്തുചേരാനുള്ള പോയിന്റുകൾ കണ്ടെത്തി എന്നത് ശ്രദ്ധേയമാണ്.
അമേരിക്കയിലെ വെള്ളക്കാരല്ലാത്ത ക്രിസ്ത്യാനികൾ വെളുത്ത വർഗ്ഗക്കാരായ ക്രിസ്ത്യൻ ദേശീയതയുടെ പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടും, അവരുടെ വിശ്വാസ പാരമ്പര്യങ്ങൾ തിരിച്ചുപിടിച്ചുകൊണ്ടും, ഉൾക്കൊള്ളലിനും സാമൂഹിക നീതിക്കും ഊന്നൽ നൽകിക്കൊണ്ടുമാണ് മുന്നോട്ടു ചുവടുകൾ ശ്രദ്ധയോടെ വെയ്ക്കുന്നത്. വിശ്വാസത്തെ വ്യത്യസ്തമാക്കുന്നതിനുള്ള വെല്ലുവിളി അവർ പലപ്പോഴും നേരിടുന്നു. പൊതുവായ ക്രിസ്ത്യൻ വിശ്വാസം ഉണ്ടായിരുന്നിട്ടും, വെളുത്ത മേധാവിത്വവാദികൾ പലപ്പോഴും വെള്ളക്കാരല്ലാത്ത ക്രിസ്ത്യാനികളുടെ വിശ്വാസങ്ങളുടെ സാധുതയെ അവരുടെ വംശീയ മുൻവിധി കാരണം അവഗണിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു.

"അവകാശമില്ലാത്ത ഒരു അധികാരത്തിന്റെ പ്രയോഗത്തിന് വിധേയമാകുകയോ, ഭൂമിയിൽ ഒരു അപ്പീലും ഇല്ലാത്തിടത്ത്, ജനങ്ങൾക്ക് സ്വർഗ്ഗത്തോട് അപേക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്." എന്ന - ജോൺ ലോക്ക് ഫിലോസഫി ഏറ്റെടുത്താണ് " ആൻ അപ്പീൽ റ്റു ഹെവൻ" എന്ന പതാക ഉയർത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ, "സ്വർഗ്ഗത്തിലേക്കുള്ള ഒരു അപ്പീൽ" എന്ന പൈൻമര പതാക, ഈ ഐക്കോണിക് ചിഹ്നം, അമേരിക്കൻ മൂല്യങ്ങളെയും സ്വാതന്ത്ര്യത്തിനായുള്ള നിരന്തരമായ പരിശ്രമത്തെയും വിലമതിക്കുന്നവരുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ജനുവരി 6-ന് ഈ പതാക ഉയർത്തിയാണ് ഒരു വിപ്ലവത്തിനായി അവർ തെരുവിൽ ഇറങ്ങിയത്. അത് ദൈവത്തിനായി ഇറങ്ങിയ യുദ്ധമായിട്ടാണ് അവർ കേട്ടത്. "ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോൾ?" എന്നതായിരുന്നു അവർ കേട്ട വിളി. കോളനിയുദ്ധകാലഘട്ടത്തിൽ പള്ളിമണി ഒരു പ്രത്യേക രീതിയിൽ കേട്ടുകഴിഞ്ഞാൽ വയൽ പണിയിൽനിന്നും, പണി സാമഗ്രികൾ ഉപേക്ഷിച്ചു വരുന്ന പുരുഷന്മാർ തോക്കുകൾ ഏന്തി പടക്ക് പുറപ്പാടിലാണ്. അതിൽ എത്രപേർ തിരികെയെത്തുമെന്നറിയില്ല, കുട്ടികളെ സ്ത്രീകൾ നോക്കുകയും അവരുടെ ഉത്തരവാദിത്തം അവരുടെ സമൂഹം ഏറ്റെടുക്കയും ചെയ്യുന്ന രീതിയായിരുന്നു. ആ തീഷ്ണത ഇപ്പോഴും അവരുടെ സിരകളിൽ തുടിച്ചുനിൽക്കുന്നുണ്ട്.
