മെയ് അവസാനത്തെ ആഴ്ച . "ക്ലബ് ഹൗസിൽ' വലതു കാൽ വച്ചു കേറി തൊട്ടടുത്ത ദിവസം. അതിരാവിലെ എണീറ്റ് ക്ലബ് ഹൗസ് ഹാൾ വേയിലൂടെ "കറങ്ങി നടക്കുകയായിരുന്നു'. ലെയ്സ് കർട്ടനിടയിലൂടെ തുളച്ചു വരുന്ന വേനൽ വെയിൽ. നാട്ടിലും ഗൾഫിലുമൊക്കെ പുലർച്ച. തുറന്നിട്ട ഒരൊറ്റ മലയാളി മുറികളുമില്ല. യാദൃശ്ചികമായിട്ടാണ് ഇടി മുറി പോലെയൊന്ന് കണ്ടത്. കൗതുകമല്ല ഒരു ഞെട്ടലാണ് തലച്ചോറിലേക്ക് കയറിയത്. "മീറ്റ് പലസ്തീനിയൻസ് ആൻഡ് ഇസ്രയേലീസ്'. കേൾവിക്കാരായി 2000 ത്തോളം ആളുകൾ. തലേദിവസം ന്യൂസിൽ കണ്ട ബോംബ് ബ്ലാസ്റ്റ്, തകർന്ന കെട്ടിടങ്ങൾ, ചെഞ്ചോര, മരണങ്ങൾ, ആർത്ത നാദങ്ങൾ ഒക്കെ ഒരുമിച്ചോർമ്മ വന്നു. കൂടെ അടുത്തറിയുന്ന മലയാളികളടക്കം രണ്ടു ചേരിയായി തിരിഞ്ഞു വിഷം വമിക്കുന്ന വാക്കുകളും പരസ്പരം കടിച്ചു കീറുന്ന ചെയ്യുന്ന തരം നിരവധി ഫേസ്ബുക് പോസ്റ്റുകളും.
വിവാദ വിഷയം. അതും കത്തി നിൽക്കുന്ന നേരം, ആളുകളുടെ സംസാരത്തിൽ പകയും, നിന്ദിക്കലും, പൊട്ടിത്തെറികളുമൊക്കെ ഉണ്ടാകുമെന്ന് പേടിച്ചാണ് വളരെ കുറച്ചു നേരത്തേക്കായി അവിടെ കയറിയത്. ഇറങ്ങിപ്പോരാൻ കഴിയാതെ കണ്ണുനിറഞ്ഞു മണിക്കൂറുകളാണ് മനുഷ്യരെ കേട്ടിരുന്നത്. ജനിച്ച നാൾ തൊട്ട് ഭയക്കാനും വെറുക്കാനും പഠിപ്പിക്കപ്പെട്ട രണ്ടു ചേരിയിലുള്ള മനുഷ്യർ അവരവരുടെ ജീവിതത്തിൽ ആദ്യമായി പരസ്പരം പറയുന്നതും കേൾക്കുന്നതും, പഠിച്ച ചരിത്ര പുസ്തകങ്ങളെ പഴിക്കുന്നതും, ഇടക്ക് പൊട്ടിക്കരയുന്നതും കേട്ടിരിക്കുന്നവരിലും പല വിധ വികാരങ്ങൾ വാരി വിതറും.
സമകാലീന വാർത്തകളെ കുറിച്ച് രണ്ടു സുഹൃത്തുക്കൾ തുടങ്ങിയ ഒരു സ്വകാര്യ റൂമിൽ ഗാസ മുനമ്പിലെ അക്രമങ്ങളെ കുറിച്ചു സംസാരിച്ചതിൽ സുഹൃത്തുക്കൾ കൂടിക്കൂടി വന്ന് പിന്നീട് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തതായിരുന്നു. വെടിനിർത്തൽ നടപ്പിലാകും വരെ നിർത്താതെ സംസാരിക്കാൻ തീരുമാനിച്ചത് 14 ദിവസത്തോളം നിർത്താതെ നീണ്ട ദിവസവും 24 മണിക്കൂറും നടക്കുന്ന മാരത്തോൺ ചർച്ചയായി മാറി. 2500 ലധികം മനുഷ്യർ സംസാരിച്ചത് അഞ്ചു ലക്ഷത്തിലധികം മനുഷ്യരാണ് കേട്ടിരുന്നത്. പൊതു സിവിൽ നയതന്ത്രത്തിൻറെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ ചർച്ച എന്നാണ് ഈ ഒറിജിനൽ റൂമിനെ പലസ്തീനിയൻസ് & ഇസ്രായേലീസ് എന്ന ക്ലബ് വിശേഷിപ്പിക്കുന്നത്.
ലോകത്തെമ്പാടുമുള്ള പലസ്തീനികളും ഇസ്രായേലികളും തമ്മിൽ ഒരു സ്‌ക്രീനിനപ്പുറം നിരന്തരം സംസാരിച്ചു. ഇപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കുന്നു. രണ്ടു വീക്ഷണ കോണുകളിൽ നിന്നുള്ള അതി വൈകാരികവും തീവ്രവും എന്നാൽ തുറന്നതമായ സംഭാഷണങ്ങൾ തുടരുന്ന ഒരു സ്ഥലമായി അത് മാറി. അതിശക്തമായ പക ഹൃദയത്തിലേൽപ്പിക്കുന്ന മുറിവുമായി ജീവിക്കുന്നത് എത്ര വേദനാജനകമാണെന്ന് പല സ്പീക്കേഴ്‌സും തിരിച്ചറിഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട അമ്മയുടെ ചോരയുണങ്ങാത്ത ഓർമ്മകളിൽ വിതുമ്പിയ മുപ്പതുകാരിയായ പലസ്തീനി മകളെ സാങ്കൽപ്പികമായി കെട്ടിപ്പിടിച്ച അറുപതുകാരിയായ ജൂത സ്ത്രീ , മറ്റൊരിടത്തു മൈഗ്രേറ്റ് ചെയ്തിട്ടും ലോകത്തെവിടെ പോയാലും പൗരത്വ അനാഥത്വം അനുഭവപ്പെടുന്ന ദുരവസ്ഥയെ പറ്റി പറഞ്ഞ ഹലീദ്, പലസ്തീനികളോട് സംസാരിക്കുന്ന അമ്മയെ ആദ്യം ഭീതിയോടെയും പിന്നീട് അഭിമാനത്തോടെയും നോക്കിയ ഏഴു വയസ്സുകാരി മകളെ കുറിച്ച് പറഞ്ഞ റെനാദ് നെ, പരസ്പരം ശത്രു പക്ഷത്തായിരിയ്ക്കുമ്പോഴും "ഇവരും മനുഷ്യരാണ്, പോകാൻ മറ്റൊരിടമില്ല , ഞാൻ അനുഭാവ പൂർവ്വം കേൾക്കേണ്ടിയിരിക്കുന്നു' എന്ന് തുറന്നു കുമ്പസരിച്ച മാർക്ക് - ഇവരെയൊന്നും കെട്ടില്ലായിരുന്നെങ്കിൽ അത് എന്റെ മാത്രം സ്വകാര്യ നഷ്ടമായിപ്പോയേനെ.
അതീവ ശ്രദ്ധയോടെ മോഡറേറ്റ് ചെയ്യപ്പെട്ടതായിരുന്നു ഈ തുടർച്ചയായ സംഭാഷണങ്ങൾ. വിരൽത്തുമ്പുകൾക്കകലെ കേട്ട ശബ്ദം കാഴ്ചപ്പാടുകളോ അഭിപ്രായങ്ങളോ മാറ്റിയെങ്കിൽ അവരവരുടെ മൈക്കുകൾ മിന്നിത്തിളക്കാൻ (ഓണും ഓഫും) പ്രേക്ഷകരോട് ആവശ്യപ്പെട്ടു. ഓരോ സംഭാഷണങ്ങളും എത്രത്തോളം ഹൃദയത്തിൽ തട്ടിയെന്നറിയിക്കാൻ മൈക്കുകൾ ഇടതടവില്ലാതെ മിന്നിത്തിളങ്ങി.
"ഇത് ജനങ്ങളുടെ ഐക്യ രാഷ്ട സഭയാണ്' - ഒരു മോഡറേറ്റർ പറഞ്ഞു. ലോകമെമ്പാടുമുള്ള മോഡറേറ്റര്മാർ ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രമായി പല ഷിഫ്റ്റുകൾ എടുത്താണ് ഈ സംഭാഷണം മുന്നോട്ട് കൊണ്ട് പോയത്. പരിചിതമായ എന്നാൽ അനന്യമായ മനുഷ്യാനുഭവങ്ങൾ പറയുക കേൾക്കുക. ഒരനുഭവവും ചർച്ച ചെയ്തു തീർപ്പു കൽപ്പിക്കപ്പെടുന്നില്ല , മറിച്ചൊരു മനുഷ്യാനുഭവമായി അംഗീകരിക്കാനാണ് മോഡറേറ്റർമാർ ശ്രമിച്ചത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ തുറന്നിടുക എന്നതായിരുന്നു യഥാർത്ഥ പദ്ധതി, എന്നാൽ ഇപ്പോഴും സംസാരിക്കാൻ പലരും വരുന്നു. "ആളുകൾ അവരുടെ കഥകളും അനുഭവങ്ങളും പങ്കിടാൻ ആഗ്രഹിക്കുന്നിടത്തോളം കാലം ഈ ക്ലബ് നിലനിൽക്കും'
പരസ്പരം വ്യക്തിപരമായ കഥകൾ പറഞ്ഞും കേട്ടും ഒരു മാസം കഴിഞ്ഞ ഇന്നലെയും ഒരു റിവ്യൂ ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള സമാധാന പ്രേമികളായ ഇസ്രയേലികളും പലസ്തീനികളും മുറിവേറ്റു ജീവിച്ചത് മതിയെന്നും ഈ പ്രശനം തീർക്കാനായി പല വിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതും കേട്ടിരുന്നു. മനുഷ്യനെ കാണാതെ അധികാരത്തിൻറെ ഇരുണ്ട മുറികളിലിരുന്ന് മാപ്പുകൾ വരച്ചു മതിലുകൾ പണിയുന്നവരോട് കഴിയും പോലെ സമാധാനത്തിനു വേണ്ടിയുള്ള ഈ ശബ്ദങ്ങൾ കേൾപ്പിക്കാൻ പ്രതിജ്ഞയെടുക്കുന്നതും കേട്ടിരുന്നു.
അതിരുകൾ കടന്നു വന്ന എൻറെ ചെറിയ മുല്ലക്കൊമ്പ് പല ശൈത്യങ്ങളെ അതിജീവിച്ചു പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു. ജന്മം കൊണ്ട് പല മതങ്ങളിൽ വംശങ്ങളിൽ ദേശങ്ങളിൽ പെട്ട മനുഷ്യർ പക കൊണ്ട് കെട്ടിയുയർത്തിയ വലിയ മതിലുകൾ നിറഞ്ഞ ചെറിയ നീലക്കുത്ത്, നമ്മുടെ ഭൂമി. മനുഷ്യർ ഹൃദയം തുറന്ന് സംസാരിക്കുന്നതും , കൊട്ടിയടച്ച കിളിവാതിലുകൾ തുറന്ന് പരസ്പരം കേട്ടിരിക്കുന്നതും തീർക്കാത്ത അതിരുകളുണ്ടാകുമോ ?. .
നോട്ടീസ്: എവിടെയൊക്കെ വായിച്ചിട്ടും മനസ്സിലാകാത്ത ഈ കുഴഞ്ഞു മറിഞ്ഞ അന്താരാഷ്ട്ര പ്രശ്ന ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് സജി മാർക്കോസ് ട്രൂ കോപ്പി തിങ്കിനു വേണ്ടി ചെയ്ത പോഡ് കാസ്റ്റിൽ നിന്നാണ്.