ചാർലി കിർക്ക്

അമേരിക്കൻ രാഷ്ട്രീയവും ചാർലി കിർക്കിൻെറ കൊലപാതകവും, ഗുരുതരമായ ചില ചോദ്യങ്ങൾ

കടുത്ത യാഥാസ്ഥിതികവാദിയും ഡോണൾഡ് ട്രംപിൻെറ അടുത്ത അനുയായിയുമായ ചാർലി കിർക്കിൻെറ കൊലപാതകം അമേരിക്കൻ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കുറിച്ച് ചില ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തി വൈകാരികത ആളിക്കത്തിച്ച് ജനങ്ങളെ കൂടുതൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തുന്നത്.

ലോകത്തെയും അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ച് കൊണ്ടാണ് യാഥാസ്ഥിതിക പ്രചാരകനും ഡോണൾഡ് ട്രംപിൻെറ അടുത്ത അനുയായിയുമായ ചാർലി കിർക്ക് ഇക്കഴിഞ്ഞ സെപ്തംബർ 10-ന് ദാരുണമായി വെടിയേറ്റ് കൊല്ലപ്പെട്ടത്. യൂട്ടാ സർവകലാശാലയിൽ ഒരു ക്യാമ്പെയിൻ പ്രചാരണത്തിൻെറ ഭാഗമായി സംസാരിച്ച് കൊണ്ട് നിൽക്കവേയാണ് കിർക്കിന് വെടിയേൽക്കുന്നത്. ഒരൊറ്റ വെടിയുണ്ട അദ്ദേഹത്തിൻെറ കഴുത്തിൽ തറയ്ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയുമൊക്കെ ഉള്ള രാജ്യത്താണ് പട്ടാപ്പകൽ ഇതുപോലെ ഒരു കൊലപാതകം നടക്കുന്നതെന്ന് ഞെട്ടിക്കുന്നതാണ്. അതും അവിടത്തെ സർക്കാരിനോട് ചേർന്ന് നിൽക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആശയപ്രചരണത്തിന് അടിത്തറ പാകുന്നതിൽ നിർണായകപങ്ക് വഹിച്ച 31-കാരനായ ഒരു യുവാവ്. എന്ത് കാരണത്താലാണ് കിർക്ക് കൊല്ലപ്പെട്ടത് എന്നതിന് ഇനിയും വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.

“മഹാനായ… ഇതിഹാസമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചാർളി കിർക്ക് കൊല്ലപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെപ്പോലെ അമേരിക്കയിലെ യുവാക്കളെ മനസ്സിലാക്കിയ മറ്റൊരാളില്ല,” കിർക്ക് കൊല്ലപ്പെട്ടതിന് പിന്നാലെ ട്രംപിൻെറ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു. രണ്ടാം തവണ അധികാരത്തിലേറിയതിൽ കിർക്കിനോട് ട്രംപിന് വലിയ കടപ്പാടുണ്ട്. ഭാവിയിൽ റിപ്ലബ്ലിക്കൻ പാർട്ടിക്ക് വലിയ മുതൽക്കൂട്ടാവും കിർക്ക് എന്നാണ് കരുതപ്പെട്ടിരുന്നത്. അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസുമായും കിർക്കിന് വലിയ അടുപ്പമുണ്ടായിരുന്നു. വാൻസിനെയും ട്രംപിനെയും തമ്മിൽ അടുപ്പിച്ചതിൽ കിർക്ക് വലിയ പങ്ക് വഹിച്ചിട്ടുണ്ടായിരുന്നു. സമൂഹത്തിൽ, രാഷ്ട്രീയത്തിൽ, യുവാക്കൾക്കിടയിൽ ഇത്രയേറെ സ്വാധീനശക്തിയുള്ള ഒരാളുടെ കൊലപാതകം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഭരണപക്ഷ - പ്രതിപക്ഷ ഭേദമില്ലാതെ രാജ്യത്തെ രാഷ്ട്രീയനേതാക്കളും സാമൂഹ്യപ്രവർത്തകരുമെല്ലാം കിർക്കിൻെറ കൊലപാതകത്തെ അപലപിക്കുന്നു. അതിനൊപ്പം തന്നെ, ഇത്തരം അക്രമസംഭവങ്ങൾ നടക്കുന്നതിൽ വലിയ ആശങ്കയും അവർ പങ്കുവെക്കുന്നു.

കൊലയാളിയെന്ന് സംശയിക്കുന്ന ടെയ്ലർ റോബിൻസണെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നതിൽ വിശദീകരണം ലഭിച്ചിട്ടില്ല. വാഷിങ്ടണിലെ യൂട്ടാ സ്വദേശി തന്നെയാണ് അറസ്റ്റിലായ 22-കാരനായ റോബിൻസൺ. ഡിക്സി ടെക്നിക്കൽ കോളേജിൽ ഇലക്ട്രിക്കൽ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഈ യുവാവെന്ന് പോലീസ് പറയുന്നു. റോബിൻസണിൻെറ മാതാപിതാക്കൾ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികൾ തന്നെയാണെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന് എന്തെങ്കിലും രാഷ്ട്രീയ ചായ്-വ് ഉണ്ടായിരുന്നതായി ഇതുവരെയും വിവരങ്ങളൊന്നുമില്ല. ഇയാൾ ഒരു ട്രാൻസ് വ്യക്തിയായ പങ്കാളിക്കൊപ്പമായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നിരവധി ട്രാൻസ് വിരുദ്ധ പരാമർശങ്ങൾ തൻെറ പ്രസംഗങ്ങളിൽ കിർക്ക് നടത്തിയിട്ടുണ്ട്. അതായിരുന്നുവോ കൊലപാതകിയെ പ്രകോപ്പിച്ചിരുന്നതെന്ന് ഇനിയും അറിയേണ്ട കാര്യമാണ്. ഒരുഭാഗത്ത് അന്വേഷണം പുരോഗമിക്കവേ ട്രംപും കൂട്ടരും രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടിയുള്ള ശ്രമങ്ങൾ മറുഭാഗത്ത് ആരംഭിച്ചിട്ടുണ്ട്.

“മഹാനായ… ഇതിഹാസമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചാർളി കിർക്ക് കൊല്ലപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെപ്പോലെ അമേരിക്കയിലെ യുവാക്കളെ മനസ്സിലാക്കിയ മറ്റൊരാളില്ല,” കിർക്ക് കൊല്ലപ്പെട്ടതിന് പിന്നാലെ ട്രംപിൻെറ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു.
“മഹാനായ… ഇതിഹാസമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചാർളി കിർക്ക് കൊല്ലപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെപ്പോലെ അമേരിക്കയിലെ യുവാക്കളെ മനസ്സിലാക്കിയ മറ്റൊരാളില്ല,” കിർക്ക് കൊല്ലപ്പെട്ടതിന് പിന്നാലെ ട്രംപിൻെറ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു.

രക്തരൂഷിതമായ അമേരിക്ക

അമേരിക്കയുടെ ചരിത്രം തന്നെ രക്തചൊരിച്ചിലുകൾക്ക് പേരുകേട്ടതാണ്. നിരവധി വർഷങ്ങളുടെ സിവിൽ വാർ ചരിത്രം അമേരിക്കയ്ക്കുണ്ട്. രാജ്യത്തെയും ലോകത്തെയും സ്വാധീനിച്ചിട്ടുള്ള പ്രസിഡൻറുമാരും സാമൂഹ്യനായകരുമൊക്കെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. എബ്രഹാം ലിങ്കൺ, ജോൺ എഫ്. കെന്നഡി, മാർട്ടിൻ ലൂഥർ കിങ്, മാൽക്കം എക്സ് തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലർ മാത്രം. ഇപ്പോൾ കാലവും സാഹചര്യവും മാറിയിരിക്കുന്നു. എന്നിട്ടും ഇടയ്ക്കിടെ ഒറ്റപ്പെട്ട വെടിവെപ്പുകൾക്കും കൊലപാതകങ്ങൾക്കുമൊക്കെ ഇപ്പോഴും രാജ്യം സാക്ഷിയാവുന്നു. പഴയതിനേക്കാൾ കൂടുതൽ സൗകര്യത്തോടെ ഇപ്പോൾ ആളുകൾക്ക് നിയമപരമായി തോക്കുകൾ കൈവശം വെക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ലോകത്ത് സ്വകാര്യതോക്കുകൾ കൈവശം വെക്കുന്നവരുടെ മൊത്തം കണക്കെടുത്താൽ അതിൽ പകുതിയും അമേരിക്കക്കാരായിരിക്കും. അതേസമയം തന്നെ വ്യത്യസ്ത ആദർശങ്ങൾക്ക്, രാഷ്ട്രീയത്തിന്, ശബ്ദങ്ങൾക്ക് എല്ലാം അവിടെ ഇടമുണ്ട്. പൊതുവിടങ്ങളിൽ ഏത് തരത്തിലുള്ള പ്രചാരണങ്ങൾ നടത്താനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന കൊലപാതരം അമേരിക്കയെ കൂടുതൽ രാഷ്ട്രീയ അക്രമങ്ങളിലേക്ക് തള്ളിവിടുമോയെന്ന് സംശയിക്കുന്നവരുണ്ട്. അതിനുള്ള ചില പ്രചാരണങ്ങൾ ഒരുഭാഗത്ത് നടക്കുന്നുമുണ്ട്.

തീവ്ര ഇടതുപക്ഷ അനുഭാവികളാണ് (Radical Left) ചാർലി കിർക്കിൻെറ കൊലപാതകത്തിൻെറ പിന്നിലെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി ഒന്നടങ്കം ഈ പ്രചാരണം ഏറ്റുപിടിച്ചിട്ടുമുണ്ട്. തീർത്തും നിർഭാഗ്യകരമായ ഒരു കൊലപാതകമാണ് അമേരിക്കയിൽ നടന്നത്. അത് വളരെ വൈകാരികമായി എടുക്കുന്ന നിരവധി പേരുമുണ്ട്. അവരെയെല്ലാം സംയമനത്തോടെ സമാധാനിപ്പിക്കുകയും, രാജ്യത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതാരിക്കാൻ ഉത്തരവാദിത്വത്തോടെ ഇടപെടുകയുമാണ് രാഷ്ട്രീയനേതൃത്വം ചെയ്യേണ്ടത്. എന്നാൽ ട്രംപ് നേർവിപരീതമായാണ് ഇടപെട്ട് കൊണ്ടിരിക്കുന്നത്. കൊലപാതകിയെക്കുറിച്ചും അയാളുടെ ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ തെളിവുകളും വിവരങ്ങളും പുറത്ത് വരുന്നതിന് മുൻപ് തന്നെ വൈകാരികത ആളിക്കത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. തൻെറ എതിരാളികളോടല്ലാമുള്ള ഒരു യുദ്ധപ്രഖ്യാപനമായാണ് ട്രംപ് ഈ സാഹചര്യം ഉപയോഗിക്കാൻ ശ്രമിക്കുന്നത്. രാജ്യം ഒന്നിച്ച് നിൽക്കേണ്ട ഘട്ടമല്ലേ ഇതെന്ന ഫോക്സ് ന്യൂസിൻെറ ചോദ്യത്തിന് താൻ ഇപ്പോൾ അതൊന്നുമല്ല വലിയ കാര്യമായി എടുക്കാൻ പോവുന്നതെന്ന പ്രതികരണമാണ് ട്രംപിൻെറ ഭാഗത്ത് നിന്നുണ്ടായത്. പ്രതിയെ പിടികൂടുന്നതിന് പോലും മുൻപാണ് കിർക്കിൻെറ കൊലപാതകവുമായി ബന്ധപ്പെടുത്തി തീവ്ര ഇടതുപക്ഷക്കാരെ കുറ്റപ്പെടുത്തി കൊണ്ട് ട്രംപിൻെറ പ്രസ്താവന വന്നത്. “നമ്മുടെ രാജ്യത്ത് ഇന്നുള്ള തീവ്രവാദത്തിൽ നേരിട്ട് പങ്കുള്ളത് അവർക്കാണ്. രാഷ്ട്രീയ അക്രമങ്ങളല്ല പ്രശ്നം, തീവ്ര ഇടതുപക്ഷ രാഷ്ട്രീയ അക്രമമാണ്,” ട്രംപ് പറഞ്ഞു.

കാടടച്ച് വെടിവെക്കുന്ന ട്രംപിൻെറ ഇത്തരം പ്രസ്താവനകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. അമേരിക്കയിൽ നിലവിൽ നടക്കുന്ന ക്രൈം കണക്കുകൾ എടുത്ത് നോക്കിയാൽ തീവ്ര ഇടതുപക്ഷക്കാർ പ്രതികളായി വരുന്ന കേസുകൾ പോലും വളരെ കുറവാണെന്ന് കാണാം. 2022ലെയും 2023ലെയും 2024-ലെയുമൊക്കെ അമേരിക്കയിലെ ക്രൈം റെക്കോർഡ്സ് പരിശോധിച്ചാൽ തീവ്ര വലതുപക്ഷം നടത്തിയ അക്രമങ്ങളും കൊലപാതകങ്ങളും കൂടുതലാണെന്നത് സുവ്യക്തമാണ്. അവിടെയാണ് ട്രംപ് ഒരു പ്രത്യേക കൂട്ടരെ ഉദ്ദേശിച്ച് ജനങ്ങളുടെ വൈകാരികത ഇളക്കിവിട്ട് ഉണ്ടയില്ലാവെടി പൊട്ടിക്കുന്നത്. മിനസോട്ട ഡെമോക്രാറ്റിക് ലോമേക്കർ മെലീസ ഹോട്ട്മാൻെറയും ഭർത്താവിൻെറയും കൊലപാതകം, പെൻസിൽവാനിയയിലെ ഡെമോക്രാറ്റിക് ഗവർണർ ജോഷ് ഷാപിറോയുടെ വീടിന് നേരെ നടന്ന ആക്രമണം, മിഷിഗണിലെ ഡെമോക്രാറ്റ് ഗവർണറെ തട്ടിക്കൊണ്ട് പോവാൻ നടന്ന ശ്രമം എന്നിവയുടെയെല്ലാം പിന്നിൽ തീവ്ര വലതുപക്ഷവാദികളായിരുന്നു. എന്നാൽ, ട്രംപ് ഇതെല്ലാം മനപൂർവ്വം തന്നെ വിസ്മരിച്ച് കൊണ്ടാണ് പ്രസ്താവന നടത്തിയിരിക്കുന്നത്.

തീവ്ര ഇടതുപക്ഷ അനുഭാവികളാണ് (Radical Left) ചാർലി കിർക്കിൻെറ കൊലപാതകത്തിൻെറ പിന്നിലെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി ഒന്നടങ്കം ഈ പ്രചാരണം ഏറ്റുപിടിച്ചിട്ടുമുണ്ട്.
തീവ്ര ഇടതുപക്ഷ അനുഭാവികളാണ് (Radical Left) ചാർലി കിർക്കിൻെറ കൊലപാതകത്തിൻെറ പിന്നിലെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി ഒന്നടങ്കം ഈ പ്രചാരണം ഏറ്റുപിടിച്ചിട്ടുമുണ്ട്.

“ചാർലിയുടെ കൊലപാതകികളോട് ഞങ്ങൾ പ്രതികാരം ചോദിക്കും,” കടുത്ത ട്രംപ് അനുകൂലികൾ അമേരിക്കയിലെ തെരുവുകളിൽ മുദ്രാവാക്യം മുഴക്കുന്നുണ്ട്. “കൊലപാതകികളുടെ പാർട്ടിയാണ് ഇടതുപക്ഷം,” ഇലോൺ മസ്ക് പ്രതികരിച്ചു. “ഇത് ഒരു യുദ്ധത്തിൻെറ തുടക്കമാണ്,” തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പ്രൊഫൈലുകൾ പ്രഖ്യാപിക്കുന്നു. ഇതേസമയത്ത് തന്നെ ഡെമോക്രാറ്റ്, ലിബറൽ, ഇടതുപക്ഷത്ത് നിന്നുള്ളവരുടെ പ്രതികരണങ്ങൾ തീർത്തും സംയമനത്തോടെയാണ്. ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തുന്ന വ്യാജ ആരോപണങ്ങളേക്കാൾ അവർക്ക് ആശങ്കയുള്ളത് അമേരിക്കയുടെ രാഷ്ട്രീയ അന്തരീക്ഷം അക്രമികൾക്ക് മുതലെടുപ്പിനുള്ള ഇടമായി മാറുമോയെന്നതാണ്. ചാർലി കിർക്കിൻെറ കൊലപാതകം രാജ്യത്തെ സമാധാനം എത്രകണ്ട് ഇല്ലാതാക്കുമെന്നതാണ്. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം ആയുധം കൊണ്ട് നേരിടുന്നത്, അത് ഏത് രാഷ്ട്രീയപക്ഷത്ത് നിന്നായാലും ശരിയല്ലെന്ന ഉത്തമബോധ്യം അവർക്കുണ്ട്.

Comments