ലോകത്തെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകവും ക്യൂബയെന്ന സോഷ്യലിസ്റ്റ് രാജ്യത്തിൻെറ ഗതിയെ നിർണയിച്ച ഭരണാധികാരിയുമായ ഫിദൽ കാസ്ട്രോ പിറന്നിട്ട് 100 വർഷങ്ങൾ. 1926-ൽ ക്യൂബയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച കാസ്ട്രോ യുവാവായപ്പോൾ തന്നെ ആക്ടിവിസത്തിലേക്ക് മുന്നിട്ടിറങ്ങി. ക്യൂബയിലെ ഭരണാധികാരിയും അമേരിക്കയുടെ നയങ്ങൾ നടപ്പാക്കുകയും ചെയ്ത ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെയായിരുന്നു ഫിദലിൻെറ പോരാട്ടം. ചെഗുവേരയ്ക്കൊപ്പം ഫിദൽ ക്യൂബയിൽ നടത്തിയ ഗറില്ലാപോരാട്ടങ്ങൾ ലോകചരിത്രത്തിൻെറ ഭാഗമാണ്. 1959-ൽ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഫിദലിൻെറയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികൾക്ക് സാധിച്ചു. അധികാരം പിടിച്ചെടുത്തതോടെ കാസ്ട്രോ ക്യൂബയുടെ പ്രസിഡൻറായി. സോവിയറ്റ് യൂണിയനുമായി വലിയ അടുപ്പം സൂക്ഷിക്കുകയും രാജ്യത്ത് സോഷ്യലിസ്റ്റ് നയങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇത് കൂടിയായതോടെ അമേരിക്ക കടുത്ത എതിരാളിയായി ക്യൂബയെ കാണുകയും അവർക്ക് മുകളിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. കാസ്ട്രോ പലതവണ അമേരിക്കയുടെ ചാരസംഘടനകളുടെ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടുകയുണ്ടായി.
വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലുമാണ് കാസ്ട്രോ ഭരണകൂടം കൂടുതൽ ഊന്നൽ നൽകിയത്. ലോകത്തെ ഏറ്റവും മികച്ച പൊതു ആരോഗ്യസംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നായി ക്യൂബ മാറി. സാക്ഷരതയിലും രാജ്യം വലിയ പുരോഗതി നേടി. ക്യൂബയ്ക്ക് പുറത്ത് ആഗോള രാഷ്ട്രീയത്തിൽ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളെടുത്ത് ഫിദൽ ഇടപെട്ടു. നെൽസൺ മണ്ടേലയടക്കമുള്ള രാഷ്ട്രീയനേതാക്കൾക്കൊപ്പം നിന്ന് പ്രവർത്തിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യം നിഷേധിച്ചുവെന്നും വിമർശനങ്ങളെ ഉൾക്കൊണ്ടില്ലെന്നും കേന്ദ്രീകൃത സാമ്പത്തികവ്യവസ്ഥ കാരണം സമ്പദ് വ്യവസ്ഥ പുരോഗതി പ്രാപിച്ചില്ലെന്നുമുള്ള വിമർശനങ്ങളെല്ലാം ഫിദലിന് എതിരായി ഉയർന്നുവന്നിരുന്നു. സോവിയറ്റ് യൂണിയൻെറ പതനത്തിന് പിന്നാലെ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പതിക്കുകയും ചെയ്തു. ഇന്നും ക്യൂബ പലവിധ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഫിദൽ കാസ്ട്രോയെന്ന ഭരണാധികാരി പ്രശംസിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 1926 ആഗസ്ത് 13-ന് ജനിച്ച ഫിദൽ 2016 നവംബർ 25-നാണ് മരിക്കുന്നത്.
ക്യൂബൻ വിപ്ലവത്തിൻെറ 50-ാം വാർഷികത്തിൽ അവിടം സന്ദർശിച്ച ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു. വീഡിയോ കാണാം:

