തിയോക്രാറ്റിക് ഉട്ടോപ്യക്കെതിരെ
സെക്യുലറാനന്തര സാംസ്‌കാരിക രാഷ്ട്രീയം

സെക്യുലറാനന്തര സാംസ്‌കാരിക രാഷ്ട്രീയമാണ് പ്രസക്തം. അത് സ്വത്വത്തിന്റെ നിരാകരണമോ അല്ലെങ്കിൽ മുഖ്യ സംസ്‌കാരത്തിലേക്ക് വിലയം പ്രാപിക്കുന്നതോ അല്ല. വൈവിധ്യം നിലനിർത്തിക്കൊണ്ടു തന്നെ പൊതുമണ്ഡലത്തെ ജനാധിപത്യവൽക്കരിക്കുക എന്നതാണ്.

ദേശീയത, ദേശാഭിമാനം, ഇന്ത്യക്കാരനായിരിക്കുക തുടങ്ങിയവയുടെ വിവക്ഷ വിശദീകരിക്കുന്ന ഇവിടത്തുകാരായിരിക്കാനുള്ള പോരാട്ടം (The battle for belonging) എന്ന തന്റെ പുതിയ പുസ്തകത്തിൽ ശശി തരൂർ, ദേശ- രാഷ്ട്ര അധീശത്വപരമായ ദേശീയതാവ്യവഹാരത്തിലേക്ക് സർവതും ഏകീകരിക്കുന്ന പ്രക്രിയ എങ്ങനെയാണ് വ്യത്യസ്തവും വിരുദ്ധവുമെന്ന്​ തോന്നിപ്പിക്കുന്ന ആഖ്യാനങ്ങളെ ഉന്മൂലനം ചെയ്​ത്​ ആധുനിക ദേശരാഷ്ട്രത്തിന്റെ അസ്ഥിവാരം ഭദ്രമാക്കുന്നത് എന്നതിനെ കുറിച്ച് പറയുന്നുണ്ട്. ശശി തരൂരിന്റെ അഭിപ്രായത്തിൽ അമേരിക്കൻ തദ്ദേശീയരെ കൊന്നൊടുക്കി അതിനുമേൽ വെള്ളക്കാരൻ തന്റെ രാഷ്ട്രം കെട്ടിപ്പൊക്കിയതിന്​ സമാനമാണിതെന്നാണ്. ഇത് വിശദീകരിച്ചശേഷം, ഏതാണ്ടൊക്കെ സമാന രീതിയിൽ തന്നെയാണ് ചൈനീസ് പാർട്ടി ഭരണകൂടം സിൻ ജിയാങ്ങ് പ്രവിശ്യയിൽ മുസ്‌ലിം ജനസാമാന്യത്തെ ഇല്ലായ്മ ചെയ്യാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്ന കാര്യം ശശി തരൂർ അവതരിപ്പിക്കുന്നു:

"ഇന്നത്തെ ചൈനയിൽ, ‌സിൻ ജിയാങ് പ്രവിശ്യയിൽ ഒരു ദശലക്ഷത്തോളം ഉയിഗുർ മുസ്‌ലിംകളെ തടങ്കൽപാളയത്തിൽ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അടച്ചിരിക്കുന്നു. ഈ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വെച്ച് അവരിൽ നിന്ന് ഇസ്​ലാമിക വിശ്വാസത്തെ പിടിച്ചടർത്തി മാറ്റിയിരിക്കുന്നു. ഒപ്പം , അവരുടെ തുർക്കി ഭാഷയും അവരെക്കൊണ്ടു ഉപേക്ഷിപ്പിച്ചിരിക്കുന്നു. നിർബന്ധമായും താടി വടിച്ചുകളയാനും പന്നിയിറച്ചി കഴിക്കാനും അവരെ ശീലിപ്പിച്ചിരിക്കുന്നു. ഒട്ടും കാരുണ്യമില്ലാതെ അവരെ ഹാൻ ചൈനീസ് ഭാഷയും, സംസ്‌കാരവും, ഭൂരിപക്ഷത്തിന്റെ മൂല്യങ്ങളും പ്രബോധനങ്ങളിലൂടെ സ്വീകരിപ്പിക്കുന്നു. ഇതും ഒരു ഏകീകരണ പദ്ധതിയാണ്, ചൈനീസ് ദേശീതയുടെയും ചൈനീസ് ദേശ രാഷ്ട്രത്തിന്റെ ഉദ്ഗ്രഥനം ലക്ഷ്യമാക്കിയുള്ളത്.' (പേജ്, 53, തരൂർ, പരാമൃഷ്ട പുസ്തകം)

ചൈനയിൽ സിൻ ജിയാങ് പ്രവിശ്യയിലുള്ള ഉയിഗുർ മുസ്ലിംകൾ. ഒരു ദശലക്ഷത്തോളം ഉയിഗുർ മുസ്ലിംകളെയാണ് ഇവിടെ ചൈനീസ് ഭരണകൂടം 'കോൺസെൻട്രേഷൻ' ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നത്

നിർബന്ധിത പ്രബോധന പ്രക്രിയയെ വിദ്യാഭ്യാസ പദ്ധതി എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. പൗരത്വത്തെ സംബന്ധിച്ച ഒരു പ്രധാനപ്പെട്ട കാര്യം, സിൻ ജിയാങ് പ്രാവശ്യയിലേക്ക് പിൽക്കാലത്ത്​കുടിയേറിവരല്ല ഉയിഗുർ മുസ്‌ലിംകൾ എന്നതാണ്. ‌സിൻ ജിയാങ് പ്രവിശ്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളും ഹാൻ ചൈനക്കാരും തദ്ദേശീയവാസികളാണ്.

ചൈന പ്രത്യക്ഷത്തിൽ തന്നെ ആഭ്യന്തര ദേശീയ താൽപര്യങ്ങളെ മാത്രം മുൻനിർത്തിയല്ലാതെ മറ്റൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. എന്നാൽ സോവിയറ്റ് യുണിയൻ നിലനിന്നിരുന്ന കാലയളവിൽ, ഇതര സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ താല്പര്യങ്ങൾക്ക് റഷ്യൻ സ്റ്റാലിനിസ്റ്റ് ഭരണകൂടം പ്രാമുഖ്യം നൽകിയിരുന്നു

പക്ഷെ, എഴുപതുകളോടെ മാവോയുടെ വിപ്ലവ മുന്നേറ്റ കാലഘട്ടത്തിൽ വളരെയധികം ഹാൻ ചൈനീസ് വംശജർ ‌സിൻ ജിയാങ് പ്രവിശ്യയിലേക്ക് കുടിയേറി. വ്യക്തി സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശം തുടങ്ങിയ സോഷ്യൽ ജനാധിപത്യ ഭരണഘടനയെ ആസ്പദമാക്കിയല്ല ചൈനയിലെ പാർട്ടി ഭരണകൂടം പ്രവർത്തിക്കുന്നത് എന്നതിനാൽ സിൻ ജിയാങിന് പ്രത്യേക പദവിയും സവിശേഷ ഘടനയും വിഭാവനം ചെയ്യപ്പെട്ടില്ല. മാവോയുടെ കാലം മുതൽക്കു തന്നെ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രമാണമായ അന്താരാഷ്ട്ര കാഴ്ചപ്പാടിനെ ഉപേക്ഷിച്ച്​ചൈനീസ് ദേശീയതാവാദത്തിനായിരുന്നു പ്രാബല്യം. ദേശീയതാവാദത്തെ ലിൻ ബിയാവോവും സാംസ്‌കാരിക വിപ്ലവ കാലത്ത്​ പാശ്ചാത്യ സംസ്‌കാരത്തെ തുരത്തുക എന്ന ലേബലിലാക്കി വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിരുന്നു. വാസ്തവത്തിൽ മാവോയിസം എന്ന് വിളിക്കപ്പെടുന്ന കമ്യൂണിസ്റ്റ് ദാർശനിക ധാര ലോകമെങ്ങും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഇപ്പോൾ പോലും പ്രചോദനമാവുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി മാവോയുടെ കമ്യൂണിസം പ്രായോഗിക തലത്തിൽ ചൈനയിൽ ദേശീയതക്കായിരുന്നു പ്രാമുഖ്യം നൽകിയിരുന്നത്.

ഇസ്​ലാമിനെ ഒരു രോഗമായി കാണുന്ന ചൈന

സൗദിവൽക്കരണത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദി സ്വഭാവമുള്ള ഏതൊരു നിർമിതിയെയും- അത് മിനാറാകട്ടെ, വ്യവഹാരിക മതാനുഷ്​ഠാനങ്ങളാകട്ടെ - അസ്ഥീരികരിക്കുകയാണ് ചൈന. ചൈന ഇസ്​ലാമിന്റെ വർധിച്ചുവരുന്ന സ്വാധീനതയെ ഒരു രോഗമായാണ് മനസിലാക്കുന്നത് (ഇത്​ അൽ ജസീറ റിപ്പോർട്ട് ചെയ്​ത കാര്യമാണ്). മുഖ്യ സാംസ്‌കാരിക രൂപഭാവങ്ങളിൽ നിന്ന്​ വേറിടാൻ പാടില്ല എന്നതാണ് ചൈനീസ് പാർട്ടി ഭരണകൂടത്തിന്റെ ശാസന. ഏകശിലാഘടനയിൽ അച്ചടക്കം പാലിക്കുന്ന പാർട്ടിയും വ്യത്യസ്തതകൾ അവശേഷിക്കാത്ത ഏകീകൃത രാഷ്ട്രവുമാണ് ഷി ജിൻ പിങ്ങിന്റെ വികസനോന്മുഖ ചൈനയെക്കുറിച്ചുള്ള ദർശനം തന്നെ.

ഇസ്​ലാമിനെക്കുറിച്ചുള്ള പാശ്ചാത്യ ഭരണകൂട വ്യവഹാരങ്ങളെ തന്നെയാണ് ചൈനയും പിൻപറ്റുന്നത്. ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എന്ന പ്രഖ്യാപനത്തോടെ ഇസ്​ലാമിനോടുള്ള ചെറുത്തുനിൽപ്പാണ് പാശ്ചാത്യ ഭരണകൂടങ്ങൾ നടപ്പാക്കുന്നത്. ചെറുത്തുനില്ക്കാൻ വാസ്തവത്തിൽ മധ്യേഷ്യൻ ഇസ്​ലാമിന്റെ അധിനിവേശം ഈ രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ടോ? ഇല്ല എന്നു മാത്രമല്ല എണ്ണയുൽപാദന ഗൾഫിലെ പല പ്രധാന രാജ്യങ്ങളുമായി പാശ്ചാത്യ രാഷ്ട്രങ്ങൾ സൗഹൃദത്തിലാണുതാനും. കുടിയേറ്റമാണ് പാശ്ചാത്യ രാഷ്ട്രങ്ങൾ ആഭ്യന്തരമായി നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. കുടിയേറ്റത്തിന്​ നിദാനമാകുന്നത് ആഫ്രിക്കയിൽ നിന്നും​ ദരിദ്രമായ മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ജനങ്ങളും. ആഭ്യന്തര യുദ്ധത്തിൽ നിന്നും കടുത്ത ദാരിദ്ര്യത്തിൽനിന്നും രക്ഷ തേടി അതീജീവനത്തിനായാണ് യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത്. അമേരിക്കയിലേക്കുള്ള കുടിയേറ്റം തുലോം പരിമിതവുമാണ്. വാസ്തവത്തിൽ ഈ രാഷ്ട്രങ്ങളിലെ സാമ്രാജ്യത്വ ഇടപെടലുകളാണ് കുടിയേറ്റത്തിന്റെ ആക്കം കൂട്ടിയത്, അങ്ങനെ നോക്കുകയാണെങ്കിൽ, ആഗോള മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് കുടിയേറ്റം. അതീജീവന പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമാണ് കുടിയേറ്റ ജനത നടത്തുന്നത്. നൂറ്റാണ്ടുകളായി തങ്ങളുടെ വിഭവങ്ങൾ കൊള്ളയടിക്കപ്പെട്ട്​ദാരിദ്ര്യത്തിലേക്കും കൊടിയ പട്ടിണിയിലേക്കും തള്ളപ്പെട്ട ജനത തങ്ങളുടെ വിഭവങ്ങളെ കേന്ദ്രീകരിച്ച് ​ഉയർത്തുന്ന അസമത്വത്തിനെതിരായ പ്രതിഷേധമാണ് കുടിയേറ്റ ജനതയുടെ പ്രക്ഷോഭമായി മാറുന്നത്. പാശ്ചാത്യ ഭരണകൂടങ്ങൾ വലിയ തോതിൽ കുടിയേറ്റ സമൂഹങ്ങൾക്കുതന്നെ എതിരായി ഈ പ്രക്ഷോഭങ്ങളെ തിരിച്ചുവിടുകയാണ്. ആധിപത്യത്തിലുള്ള സമൂഹത്തിന്റെ ഏകീകരണമാണ്​പാശ്ചാത്യ വംശീയ നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. ട്രംപ് ഇതിന്റെ പ്രതിനിധിയാണ്. ട്രംപ് പരാജയപ്പെട്ടു, പക്ഷെ അയാളുടെ രാഷ്ട്രീയം അതേപോലെ അമേരിക്കൻ സമൂഹങ്ങളിൽ നിലനിൽക്കുന്നു.

പാശ്ചാത്യ രാഷ്ട്രങ്ങൾ പലതും കുടിയേറ്റ പ്രശ്‌നം അഭിമുഖീകരിക്കുമ്പോൾ ചൈന ഇങ്ങനെയൊരു പ്രശ്‌നം നേരിടുന്നില്ല. കുടിയേറ്റത്തെ ഒരു ഘട്ടത്തിലും വലിയ ജനസംഖ്യ വരുന്ന ചൈന പോലെ രാജ്യം ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടില്ല. രാഷ്ട്രീയ അഭയം നൽകുന്ന കാര്യത്തിൽ പോലും മാവോയുടെ കാലം മുതൽ ചൈനയ്ക്ക് ജനാധിപത്യപരമായ നിലപാടുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങൾ ഇരുപതാം നൂറ്റാണ്ട് പകുതിയോടെ വ്യവസ്ഥപ്പെടുത്തിയ മനുഷ്യാവകാശ സങ്കല്പങ്ങളോട്​ ആഭിമുഖ്യം പുലർത്തിക്കൊണ്ടാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

ഉയിഗുർ മുസ്‌ലിം വംശജരെ കേന്ദ്രീകരിച്ച്​ ചൈന നടത്തുന്ന കടുത്ത നിയന്ത്രണങ്ങളും ഭരണകൂട മർദ്ദനങ്ങളും എല്ലാനിലയിലും ഇസ്​ലാമിക വിശ്വാസം പിന്തുടരുന്ന ജനതയോടുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ സമീപനത്തിൽ നിന്ന് വ്യത്യസ്തമാകുന്നില്ല

എന്നാൽ ചൈനയ്ക്ക് അത് ബാധകമായിരുന്നില്ല. ചൈന പ്രത്യക്ഷത്തിൽ തന്നെ ആഭ്യന്തര ദേശീയ താൽപര്യങ്ങളെ മാത്രം മുൻനിർത്തിയല്ലാതെ മറ്റൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. എന്നാൽ സോവിയറ്റ് യുണിയൻ നിലനിന്നിരുന്ന കാലയളവിൽ, ഇതര സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ താല്പര്യങ്ങൾക്ക് റഷ്യൻ സ്റ്റാലിനിസ്റ്റ് ഭരണകൂടം പ്രാമുഖ്യം നൽകിയിരുന്നു.

ചൈനയിൽ സിൻ ജിയാങ് പ്രവിശ്യയിലുള്ള മുസ്‌ലിം കച്ചവടക്കാരുടെ തെരുവ്‌

ഇസ്​ലാമിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും, ചൈന മുസ്‌ലിം
രാഷ്ട്രങ്ങളുമായി വ്യാപാര - രാഷ്ട്രീയ സൗഹൃദം കൃത്യമായി തന്നെ പരിപാലിച്ചു വന്നിരുന്നു. അമേരിക്കൻ സാമ്രാജ്യത്വ രീതികളിൽ നിന്ന് ഭിന്നമായി തങ്ങളുടെ അധിനിവേശ പ്രവിശ്യകളുടേതല്ലാത്ത ഒരു രാഷ്ട്രത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെട്ടില്ല. പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന വേളയിലും ഇന്ത്യക്ക് പ്രതികൂലമായി അതിർത്തികളിൽ ചൈന സൈന്യത്തെ വിന്യസിക്കുമ്പോഴും, പാക്കിസ്ഥാൻ- ഇന്ത്യ തർക്കത്തിൽ പ്രത്യക്ഷ നിലപാട് സ്വീകരിച്ച്​ ഇടപെട്ടിരുന്നില്ല, സ്വന്തം രാഷ്ട്ര താല്പര്യത്തിനപ്പുറം ചൈന മറ്റൊന്നിനും പ്രാമുഖ്യം നൽകുന്നില്ല. ഒരുപക്ഷേ, അമേരിക്കൻ- യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്ന് വ്യതിരിക്തമായി മുസ്‌ലിം ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ നടത്തുകയോ ആസൂത്രിതമായി കമ്യൂണിസ്റ്റ് മാവോയിസ്‌റ്റ്​ പ്രത്യയശാസ്ത്ര കയറ്റുമതി നടത്താത്തതുകൊണ്ടോ ആകാം മുസ്​ലിം രാഷ്ട്രങ്ങൾ ചൈനയോട് വ്യത്യസ്തവും മൃദുവുമായ സമീപനം പുലർത്തുന്നത്.

സിൻ ജിയാങ് പ്രവിശ്യയിൽ മുസ്‌ലിം ജനസാമാന്യത്തെ കടുത്ത സമർദ്ദത്തിലാക്കുന്ന സാംസ്‌കാരിക അടിച്ചമർത്തൽ നടപ്പാക്കുമ്പോഴും മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നോ മുസ്‌ലിം അന്താരാഷ്ട്ര സംഘടനകളിൽ നിന്നോ പ്രതിഷേധം ഉയരാത്തത്തിനു കാരണം, ചൈനയോടുള്ള മൃദു സമീപമാണ്. അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിനെതിരെ പൊതുതാല്പര്യം മുൻനിർത്തി ഒരു രാഷ്ട്രീയ ഐക്യം ചൈന ഉണ്ടാക്കിയിട്ടില്ല. ആ വഴി ചൈനയ്ക്ക് സ്വീകരിക്കാമായിരുന്നെങ്കിലും. ഇസ്​ലാമിക രാഷ്ട്രീയത്തിന്റെയോ രാഷ്ട്രങ്ങളുടെയോ സഖ്യകക്ഷിയായോ പങ്കാളിയായോ ചൈന നിലയുറപ്പിക്കുന്നുമില്ല. എന്നാൽ ഇസ്​ലാമിക ഭീകരതയെപ്പറ്റി പാശ്ചാത്യ സന്ദേഹങ്ങൾ ചൈന പ്രകടമായും പങ്കിടുന്നുണ്ട് എന്നതാണ് ഉയിഗുർ മുസ്‌ലിംകളോടുള്ള വംശീയ സമീപനത്തിൽ നിന്ന് വ്യക്തമാകുന്നത്.

ചൈനക്കെതിരെ ഉയിഗുർ മുസ്‌ലിം സംരക്ഷണ നിയമം ട്രംപ് ഒപ്പിട്ടിരുന്നു. പക്ഷെ അക്കാര്യം റിപ്പോർട്ട്​ ചെയ്ത ഗാർഡിയൻ പത്രം പറയുന്നത്, ഒപ്പിട്ട വർഷം തന്നെ ചൈന സന്ദർശിച്ച ട്രംപ് ചൈനയുടെ ഉയിഗുർ മുസ്‌ലിംകളുടെ തടങ്കൽ ക്യാമ്പിനുവേണ്ട അമേരിക്കയുടെ പിന്തുണ ഷി ജിൻ പിങിന് ഉറപ്പു നല്കിയിരുന്നുവെന്നാണ്​. ചൈനയുടെ ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന് അമേരിക്കയുടെ പരോക്ഷ പിന്തുണയുണ്ടെന്ന് സാരം. ഇതിനോടൊപ്പം മനസ്സിലാക്കേണ്ട കാര്യം, ഉയിഗുർ മുസ്‌ലിംകളുടെ വംശ ഉന്മൂലത്തിലേക്ക് നയിക്കുന്ന ഓരോ പരിപാടിയും ചൈനീസ് സ്വഭാവമുള്ളതാണെങ്കിലും പാശ്ചാത്യ രാഷ്ട്രങ്ങളിൽ നിന്ന് പകർത്തിയതാണ്. ചൈനീസ് ദേശീയതുടെ പേരിൽ വംശ പരമായ സ്വത്വത്തെ നിഷേധിക്കുന്നു, ചൈനീസ് അധീശത്വ സംസ്‌കാരത്തിലേക്ക് ഉയിഗുർ മുസ്‌ലിംകളെ നിർബന്ധപൂർവം പരിവർത്തനം ചെയ്യുന്നു. അതിശക്തമായ പൊലീസിങ്ങാണ് ഈ പ്രവിശ്യ കേന്ദ്രീകരിച്ച് നടക്കുന്നത്. നിരന്തര പരിശോധനയ്ക്ക് ഇവിടുത്തെ വ്യക്തികൾ വിധേയപ്പെടുന്നു.

ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരിൽ ഈ പ്രദേശം മിലിട്ടറി നിയന്ത്രിതമാണ്. ഹൈടെക്ക് രീതികൾ ഉപയോഗപ്പെടുത്തി സ്വകാര്യ സേവനദാതാക്കളുടെ സഹായത്തോടെ കർശന ഡിജിറ്റൽ സർവേലെൻസിനു വിധേയമാണ് സംവേദനം. സ്വതന്ത്ര സംവേദന വിനിമയം എന്നത് ചൈനയിൽ പൊതുവെ നിയന്ത്രിതമാണെങ്കിൽ അതു കുറച്ചുകൂടി കർക്കശമായി തന്നെയാണ് നടപ്പാക്കുന്നത്. വാസ്തവത്തിൽ, ഉയിഗുർ മുസ്‌ലിം വംശജരെ കേന്ദ്രീകരിച്ച കടുത്ത നിയന്ത്രണങ്ങളും ഭരണകൂട മർദ്ദനങ്ങളും എല്ലാം നിലയിലും പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഇസ്​ലാമിക വിശ്വാസം പിന്തുടരുന്ന ജനതയോടുള്ള സമീപനത്തിൽ നിന്ന് വ്യത്യസ്തമാകുന്നില്ല. ശശി തരൂരിന്റെ നീരിക്ഷണത്തിന്റെ പ്രസക്തി ഇതാണ്. ഒരു പക്ഷെ ലിബറൽ യൂറോപ്പിലെ ലിബറൽ രാഷ്ട്രങ്ങൾ മുസ്‌ലിം ജനവിഭാഗത്തോട് ഇതു പോലെയുള്ള ഏകമുഖമായ സമീപനം സ്വീകരിക്കുന്നത് ആ രാജ്യങ്ങളിൽ നിന്നുതന്നെ പ്രകടമായ എതിർപ്പാണ് ഉയർത്തുന്നത്. ഒന്നുരണ്ടു തലമുറകളായി യൂറോപ്യൻ രാഷ്ട്രങ്ങളിൽ താമസിച്ചു വരുന്ന അതാതു രാഷ്ട്രങ്ങളിലെ പൗരത്വം ലഭിച്ചിട്ടുള്ള മുസ്‌ലിം ജനവിഭാഗങ്ങളെ വ്യവസ്ഥാപിത ഘടനയുടെ ഭാഗമായി ഭരണകൂടം കാണുമ്പോൾ പ്രധാനമായും ടാർഗറ്റ് ചെയ്യുന്നത് കുടിയേറ്റ മുസ്‌ലിംകളെയാണ്. ഇവർ അധികവും ആഫ്രിക്കൻ, ഏഷ്യൻ ഭൂഖണ്ഡങ്ങളിൽ നിന്ന് വരുന്നവരാണ്. ഈയിടെ ഫ്രാൻസിൽ ഒരു അധ്യാപകന്റെ കഴുത്തറുത്തു കൊന്ന കുടിയേറ്റക്കാരൻ ടുണീഷ്യയിൽ നിന്ന് അനധികൃതമായി ഫ്രാൻസിലേക്ക് വന്ന വ്യക്തിയാണ്.

ഫ്രാൻസിൽ മുസ്​ലിം തീവ്രവാദി തലയറുത്ത് കൊലപ്പെടുത്തിയ സാമുവൽ പാറ്റിക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാപിച്ച പോസ്റ്റർ

ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം എന്ന പൊതുമറയ്ക്കകത്തുനിന്നാണ് ചൈനീസ് ദേശീയതയാണെങ്കിലും യൂറോപ്യൻ രാഷ്ട്രങ്ങളാണെങ്കിലും ഹിന്ദുത്വ ദേശീയവാദമാണെങ്കിലും സിംഹള ദേശീയതയാണെങ്കിലും, ഇനി സിയോണിസ്റ്റ് രാഷ്ട്രമാണെങ്കിലും ഇസ്​ലാം വിശ്വാസികളെ ലക്ഷ്യം വെയ്ക്കുന്നതെങ്കിലും യൂറോപ്യൻ രീതികളെ യൂറോപ്പിന്റെ ആധുനികവൽക്കരണ ചരിത്രവുമായി ബന്ധപ്പെടുത്തിവേണം മനസ്സിലാക്കാൻ. ആധുനികവൽക്കരണത്തെ മുൻനിർത്തിയാണ് അതിനൊരു പൊതുസമൂഹ സമവായം യൂറോപ്യൻ ഭരണകൂടങ്ങൾ നേടിയെടുത്തിരിക്കുന്നത്. യൂറോപ്പ് തന്ത്രപൂർവം ദേശീയതയുടെയോ വംശീയതയുടെയോ ഭാഷയിലല്ല സംസാരിക്കുന്നത്; പകരം ആധുനിക സെക്യുലർ രാഷ്ട്രത്തിന്റെ ഉപലബ്ധികളായ സവിശേഷമായ സാംസ്‌കാരിക മൂല്യങ്ങളെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് കുടിയേറ്റ ഇസ്​ലാമിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത്. പ്രസ്തുത സാംസ്‌കാരിക മൂല്യങ്ങൾ പുരോഗമനപരമായ സാമൂഹികതയെ വിഭാവനം ചെയ്യുന്നതാണ്. അത് പ്രബുദ്ധത പാരമ്പര്യത്തെ മുൻനിർത്തി വ്യക്തികേന്ദ്രിതവുമാണ്.

അതായത് വ്യക്തി സ്വാതന്ത്ര്യം ആ വ്യവസ്ഥയിൽ പരമ പ്രധാനമാണ്. വ്യക്തി എന്ന കർതൃത്വം നിയമപരമായി ഒരു പരമാധികാര വ്യവസ്ഥയാകുന്നു . അതാണ് യൂറോപ്പിലെ സ്വകാര്യതാചർച്ചയുടെയും ലോക്ക്ഡൗൺ വിരുദ്ധതയുടെയും അന്തഃസത്ത. സ്ത്രീസ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവും പ്രധാനമായി കാണുന്നു. സെക്യുലറിസം, വ്യക്തിസ്വാതന്ത്ര്യം, വിമർശന സ്വാതന്ത്ര്യം എന്നീ പുരോഗമന മൂല്യങ്ങളെ കുടിയേറ്റ ഇസ്​ലാം നിരാകരിക്കുന്നതിനാൽ, പ്രസ്തുത മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഏറ്റവും മൂല്യവത്തായ പ്രതിരോധ പ്രവർത്തനമെന്ന നിലയിലാണ് ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണയും പ്രചോദനവും ഭരണകൂടത്തിന് ലഭിക്കുന്നത്.

സോവിയറ്റ് യൂണിയൻ തകർന്നശേഷം, അതായത് ശീതസമരം ഔപചാരികമായി അവസാനിച്ചതോടെ, നവ അമേരിക്കൻ ആധിപത്യത്തോടെ നവ ലോകക്രമം നിലവിൽ വരുകയും സാമ്രാജ്യത്വ വ്യവസ്ഥ ലോകത്തെ തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു വിഭജിച്ചെടുക്കുകയുമായിരുന്നു. അവശേഷിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പ്രമുഖമെന്ന നിലയിൽ ചൈന ദുർബല പ്രതിരോധമാണ് ഉയർത്തിയത്. പക്ഷെ ഈ ഘട്ടത്തിൽ ആഗോളതലത്തിൽ അമേരിക്കൻ ഒത്താശയോടെ തന്നെ നിഗൂഢ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇസ്​ലാമിസ്​റ്റ്​ തീവ്രവാദ ഗ്രുപ്പുകൾ സാമ്രാജ്യത്വത്തിനെതിരെ തിരിഞ്ഞു. ഫലസ്തീൻ വിഷയത്തിൽ തുടങ്ങി അമേരിക്കൻ അധിനിവേശനങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പും പോരാട്ടവും ഇസ്​ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് നടത്തിയത്. അതിന്റെ സവിശേഷ രാഷ്ട്രീയം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതിലേക്ക്​ ഇവിടെ പോകുന്നില്ല.

ഇസ്രായേലിൽ നിന്ന് പുറത്താക്കപ്പെട്ട്​ വിവിധ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യേണ്ടി വന്ന യഹൂദനോട് ഏതോ നിലയ്ക്ക് സാമ്യപ്പെടുന്ന വിധത്തിലാണ് യൂറോപ്പിലേക്ക് കുടിയേറേണ്ടി വന്ന മുസ്‌ലിം ജനസഞ്ചയം. യൂറോപ്പിന്റെ പ്രബുദ്ധതയോളം പഴക്കമുള്ള അപരത്വത്തിന്​ കൃത്യം പകരക്കാരനാകുന്നു കുടിയേറ്റ മുസ്‌ലിം

ആഗോളമായി തന്നെ ഇസ്​ലാം ഈഘട്ടത്തിൽ വ്യാപകമാകുന്നുണ്ട്. പക്ഷെ പാശ്ചാത്യ ഭീതിതഭാവനയ്ക്ക് കമ്യൂണിസത്തിനു പകരംവെയ്ക്കാൻ കിട്ടിയ ഏറ്റവും മികച്ച ശത്രുവായി ഇസ്​ലാം മാറി. രണ്ടു കാര്യംകൊണ്ടാണിത് സംഭവിച്ചത്​. ഇസ്​ലാമിനെ, പ്രത്യേകിച്ചും ഒരു സിവിലൈസേഷണൽ എതിരാളിയായാണ് പാശ്ചാത്യ സംസ്‌കാരം വിലയിരുത്തിയത്. കുരിശുയുദ്ധത്തോളം ചരിത്രം വലിച്ചുകൊണ്ടുപോകാം. രണ്ടാമത്തെ കാരണം, പാശ്ചാത്യ സാമ്രാജ്യത്വ സാമ്പത്തിക താല്പര്യങ്ങൾക്ക്, സവിശേഷമായി എണ്ണയുടെ കാര്യത്തിൽ, ഇസ്​ലാമിക രാഷ്ട്രങ്ങളുടെ ഐക്യം വലിയ വെല്ലുവിളിയുർത്തുന്നതാണ്. സിയോണിസ്റ്റ് താല്പര്യവും ഇതിന്റെ ഭാഗമാണ്. പോരാത്തതിന് യൂറോപ്പിന്റെ പ്രബുദ്ധതയോളം തന്നെ പഴക്കമുള്ള യഹൂദ വിരോധത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം ഇസ്​ലാം വിരുദ്ധതയിലേക്കും പകർന്നു കിടക്കുന്നു. ഇസ്രായേലിൽ നിന്ന് പുറത്താക്കപ്പെട്ട്​വിവിധ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി, പലായനം ചെയ്യേണ്ടി വന്ന യഹൂദനോട് ഏതോ നിലയ്ക്ക് സാമ്യപ്പെടുന്ന വിധത്തിലാണ് യൂറോപ്പിലേക്ക് കുടിയേറേണ്ടി വന്ന മുസ്‌ലിം ജനസഞ്ചയം. യൂറോപ്പിന്റെ പ്രബുദ്ധതയോളം പഴക്കമുള്ള അപരത്വത്തിന്​ കൃത്യം പകരക്കാരനാകുന്നു കുടിയേറ്റ മുസ്‌ലിം.

അടിമവ്യാപാരത്തിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വന്ന ആഫ്രിക്കൻ വംശജരെ പോലെയല്ല പുതിയ കുടിയേറ്റക്കാർ. അടിമത്വത്തിന്റെ ഭാഗമായി വന്ന ജനത അടിമസംസ്‌കാരത്തിന്റെ ഭാഗമായി തന്നെ മറ്റൊരു തരത്തിലുള്ള പ്രബോധനത്തിലൂടെ യൂറോപ്യൻ മൂല്യങ്ങളും ക്രൈസ്തവ വിശ്വാസവും സ്വീകരിച്ചുകഴിഞ്ഞിരുന്നു. ആ സമൂഹം നേരിട്ട വിവേചനം അടിമത്വത്തിന്റെ തുടർച്ചയാണ്. യൂറോപ്യൻ സമൂഹത്തിലെ അധികാരഘടനയ്ക്കകത്തു നിന്നാണ് വിവേചനത്തിന്റെ പ്രശ്‌നത്തെ സിവിൽ അവകാശ പ്രസ്ഥാനങ്ങൾ അഭിമുഖീകരിച്ചത്. എന്നാൽ കുടിയേറ്റ ജനത ഈ ഘടനയ്ക്ക് പുറത്താണ് നിലകൊണ്ടത്. മുഖ്യധാരാവൽക്കരണം സാമ്പ്രദായിക അർത്ഥത്തിൽ അപ്രസകതവുമായി. വിവേചനമല്ല പുറന്തള്ളൽ തന്നെയാണ് മാർഗമെന്നതിലേക്ക് പാശ്ചാത്യ വംശീയ അധികാരം എത്തിച്ചേർന്നു. എന്നാൽ ഫാസിസത്തിന്റെ രീതികളിൽ അത് നേരിടാൻ പറ്റുകയുമില്ല. കാരണം പാശ്ചാത്യമായ സാമൂഹിക നീതി സങ്കൽപം കൈയൊഴിയുക എന്നത് സാധാരണ ഗതിയിൽ അസാധ്യവുമാണ്. ജനങ്ങളിൽനിന്ന് തന്നെ എതിർപ്പുണ്ടാകും. ഉദാഹരണത്തിന് ലോക്ക്ഡൗണിനെതിരെ നടന്ന അവകാശസമരം. (ഈ പ്രക്ഷോഭത്തിൽ ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും, വലതുപക്ഷ നവ നാസികളും ഇടതുപക്ഷത്തിലെ ചില സംഘടനകളും ലോക്ക്‌ഡൗൺ നിയമങ്ങൾക്കെതിരെ ഒരുമിച്ചുവന്നത്)

ഫ്രാൻസിൽ ഇസ്​ലാമോഫോബിയ, ഭരണകൂട പിന്തുണയുള്ള ഒരു പ്രത്യശാസ്ത്രമായി വലതുപക്ഷ പൊതുസമ്മിതി നേടുന്നത് സാർകോസിയുടെ ഭരണം മുതൽക്കാണ്. കുടിയേറ്റ വിരുദ്ധതയുടെയും നവലിബറൽ സാമ്പത്തിക സമീപനങ്ങളുടെയും നവ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെയും പ്രത്യേക സമ്മിശ്രമായിരുന്നു സർകോസിയുടെ ഭരണപ്രത്യയശാസ്ത്രം. ഇതിനെ വ്യവസ്ഥപ്പെടുത്തുന്നത് ഫ്രാൻസിന്റെ ആധുനിക സെക്യുലർ പരമ്പര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. ബുർഖ നിരോധനമാണ് ആദ്യ ചുവടുവെപ്പ്. അൾജീരിയൻ ആന്റി കൊളോണിയൽ പ്രക്ഷോഭങ്ങളിലെ ഉണർവുകളെ മുഴുവൻ വിഭാഗീയതയുടെ രാഷ്ട്രീയത്തിലൂടെ തകർത്ത രാജ്യമാണ് ലിബറലിസത്തിന്റെ ആധികാരികത അവകാശപ്പെടുന്ന ഫ്രാൻസ് എന്നതാണ് ആ രാഷ്ട്രത്തിന്റെ പുരോഗമന രാഷ്ട്രീയത്തിന്റെ വിരോധാഭാസം. ബുർഖ നിരോധിച്ചത് ഫ്രാൻസിന്റെ ആധുനിക മൂല്യങ്ങളെ നിരാകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടും ഒപ്പം സുരക്ഷയുടെ പ്രശ്‌നം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചുമാണ്. ഇടതുപക്ഷത്തോട് ചാഞ്ഞുനിൽക്കുന്ന മാധ്യമങ്ങളും പിന്തുണച്ചു, സാർകോസിക്കുശേഷം ഹോളണ്ടും മാക്രോണും സെക്യുലർ ആധുനികത എന്ന മറവിലാണ് കുടിയേറ്റ വിരുദ്ധവും ഇസ്​ലാം ഭീതി പരത്തുന്ന നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഈയിടെ പുറത്തിറങ്ങിയ ലാഡ്ജ് ലീയുടെ ലെ മിറാബ്ലെ സിനിമ എങ്ങനെയാണ് ഘെറ്റോവൽക്കരണം അപരത്വ ഹിംസയെ സ്വാഭാവികവൽക്കരിക്കുന്നതെന്ന് കാണിച്ചു തരുന്നു. വസ്ത്രം, ഭാഷ, പെരുമാറ്റം, മതാനുഷ്ഠാനം, സാമുദായിക ഘടനകൾ- ഇങ്ങനെ ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും സൂക്ഷ്മതല ജീവിതത്തെ നിരന്തര പരിശോധനയ്ക്കും ശാസനകൾക്കും വിധേയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലെ മിറാബ്ലെ സിനിമ, കുടിയേറ്റക്കാരുടെ നിത്യജീവിതത്തെ എങ്ങനെയാണ് ഈ ദൈനംദിന പരിശോധനകൾ ഭീതി നിറഞ്ഞ ഒരു സാമൂഹിക ക്രമമായി വ്യവസ്ഥപ്പെടുത്തുന്നത് എന്ന് അവതരിപ്പിക്കുന്നു. ഭരണകൂടത്തിന്റെയും അധീശത്വ പൗരസമൂഹത്തിന്റെയും ഹിംസയെ നിരന്തരം സഹിക്കുന്ന ജനതയുടെ നിസ്സഹായാവസ്ഥയും ഇതിനോടൊപ്പം തന്നെ അതിനോടുള്ള അമർഷവും വർധിച്ചുവരുന്നു. സാമൂഹികമായ വലിയൊരു അസ്വാസ്ഥ്യം ഫ്രാൻസിൽ നിലനില്ക്കുന്നുണ്ട്. ഈയിടെ ഒരു റിപ്പോർട്ടിൽ കണ്ടത് ഒരു കുടിയേറ്റ മുസ്‌ലിം, തന്റെ ചങ്ങാതിമാർക്കൊപ്പം ഒരു ക്രൈസ്തവ പള്ളി സംരക്ഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുന്നതും അതിന് സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നതുമാണ്. അയാളുടെ അഭിമുഖത്തിൽ പറയുന്നത് മുസ്‌ലിംകൾ രാജ്യദ്രോഹികൾ എന്ന നിലയിൽ പലതരം പരിശോധനകൾക്കും വിധേയപ്പെടുന്നു എന്നും അത്തരത്തിലുള്ള വിവേചനങ്ങൾക്കെതിരെ കൂടിയാണ് താൻ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എന്നുമാണ്. അതായത് ഒരു പൗരൻ എന്ന അവസ്ഥയിൽ നിന്ന്​ ഭിന്നമായി ഒരു സബ്‌ജെക്ട് (subject) ആകുന്നതിന്റെ ധാർമിക ഉത്തരവാദിത്തങ്ങളാണ് ഇത് പ്രകടമാക്കുന്നത്​.

പൊതുവിൽ സ്വാതന്ത്യത്തിനും ലിബറൽ മൂല്യങ്ങൾക്കും വ്യത്യസ്തമായ ജീവിത രീതികൾക്കും അംഗീകാരം നൽകുന്ന ഫ്രാൻസ് പോലുള്ള രാജ്യത്തിന്റെ സംസ്‌കാരം വ്യത്യസ്തമായ മറ്റൊരു സംസ്‌കാരത്തെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്?

ചാർലി ഹെബ്ദോവിനെതിരെ നടന്ന ഇസ്​ലാമിസ്റ്റുകളായ വ്യക്തികളുടെ ഭീകരാക്രമണവും കൂട്ടക്കൊലയും ഫ്രാൻസിനെ നടുക്കിയ സംഭവമാണ്. അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസിന് ഭീകരതക്കെതിരെയുള്ള യുദ്ധത്തിന് വ്യാപക പിന്തുണ ലഭിക്കുകയൂം ചെയ്തു. എന്നാൽ ചാർലി ഹെബ്ദോ പ്രശ്‌നത്തിൽ വ്യത്യസ്തമായ ഒറ്റപ്പെട്ട ശബ്ദവും ലോകം കേട്ടു. അതിലൊന്ന് ഫ്രാൻസിസ് മാർപാപ്പയുടേതാണ്, മറ്റൊരാളുടെ മതത്തെ നിന്ദിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽപെടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്​. ചാർലി ഹെബ്ദോവിന്റെ മതവിമർശനം വാസ്തവത്തിൽ മതനിന്ദയും കുടിയേറ്റ ഇസ്​ലാം ജനവിഭാഗത്തെ അവഹേളിക്കുന്നതുമായിരുന്നുവോ എന്നതുകൂടി വിലയിരുത്തപ്പെടേണ്ടതാണ്. യുക്തിവാദികളും ആധുനിക പുരോഗമന സാംസ്‌കാരിക വക്താക്കളും വ്യവഛേദിച്ചു കാണേണ്ട കാര്യമാണ് പ്രകോപനപരമായ മതനിന്ദയും മത വിമർശനവും തമ്മിലുള്ള വേർതിരിവ്. ഈ വേർതിരിഞ്ഞ്​ മനസിലാക്കലിന്റെ അടിസ്ഥാനമെന്താണ്? അതിന്​ മൗലിക തത്വങ്ങളുണ്ടോ? മതാധിഷ്ഠിത സമൂഹത്തിൽ വേർതിരിക്കുക എന്ന പ്രശ്‌നം ഉയരുന്നില്ല. കാരണം മത വിമർശനവും മതനിന്ദയും തമ്മിലുള്ള വേറിടൽ മതാധിഷ്ഠിത സമൂഹം അംഗീകരിക്കുന്നില്ല. സംവാദം, തർക്കം തുടങ്ങിയ രീതികളെപ്പറ്റി എല്ലാം സമൂഹങ്ങളും അതിന്റെ പ്രാചീനകാല ചരിത്രത്തെ ഉദ്ധരിച്ചുകൊണ്ട്​, ജനാധിപത്യ- സംവാദ പരമായിരുന്നു രാജ്യത്തിന്റെയും അല്ലെങ്കിൽ മതത്തിന്റെയും ഭൂതകാലം എന്ന് അവകാശപ്പെടും. എന്നാൽ തികച്ചും പരിമിതമായ രീതിയിൽ അന്ന് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ രക്ഷാകർതൃത്വത്തിന്റെ അടിസ്ഥാനത്തിൽ നടന്ന കാര്യങ്ങൾ മാത്രമാണ് അതൊക്കെ. വിമർശനവും നിന്ദയും തമ്മിലുള്ള വേർതിരിവ് ആധുനികമായ വിവേചനത്തിന്റെ (discretion) അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ്. അത് ഭരണഘടനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വിവേചനപരമെന്നത് സാമൂഹിക നൈതികതയെ അടിസ്ഥാനപ്പെടുത്തി കൂടിയായിരിക്കും. അത് സിവിൽ സമൂഹം പിന്തുടരുന്ന രാഷ്ട്രീയശരിയെക്കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നതാണ്. എന്നാൽ വിവേചനപരമായിരിക്കേണ്ട ഈ സമീപനം പലപ്പോഴും കക്ഷി രാഷ്ട്രീയത്തിന്റെ മത സാമുദായിക വോട്ടു ബാങ്ക് താല്പര്യങ്ങളാൽ റദ്ദാക്കപ്പെടുകയാണ്. ചാർലി ഹെബ്ദോ നടത്തിയത് വംശീയസ്വഭാവമുള്ള പ്രകോപനങ്ങളായിരുന്നു.

പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെതിരെ പാരീസിൽ നടന്ന പ്രതിഷേധ പ്രകടനം

നിസ്സഹായരായ കുടിയേറ്റ ജനതയുടെമേൽ ഫ്രാൻസിലെ ഭൂരിപക്ഷ സമൂഹത്തിന്റെ പരിഹാസം ചൊരിയലായിരുന്നു. പരിഹാസം മാത്രമല്ല ഒരു സമൂഹത്തെ കൂടുതൽ പ്രാന്തവൽക്കരിക്കുന്നതിന്റെ ഏറ്റവും ഉചിതമായ കാര്യം സമൂഹത്തെ പിശാചുവൽക്കരിക്കുക എന്നതാണ്, അത് സാമൂഹിക പരിഷ്‌കരണ പ്രവർത്തനമല്ല പകരം, സാമൂഹിക ബഹിഷ്‌കരണ പ്രവർത്തനമാണ്. ചാർലി ഹെബ്ദോ ഇടതുപക്ഷ ആശയങ്ങൾ പിന്തുടർന്ന പ്രസീദ്ധീകരണമായിരുന്നു. ഈ ഇടതുപക്ഷ പുരോഗമന ആശയം വംശീയ ആകാംഷകളെ പ്രേരിപ്പിക്കുന്നതും ആശയതലത്തിൽ വംശീയ ഹിംസയെ ന്യായീകരിക്കുന്നതുമായിരുന്നു. ചാർളി ഹെബ്ദോവിന് മുമ്പ് ഡെന്മാർക്കിലെ ജെയ്ലാൻഡ്സ് പോസ്റ്റ് പോലുള്ള പ്രസീദ്ധീകരണങ്ങളും ഇത് ചെയ്തിട്ടുണ്ട്​. വിമർശനത്തിന്റെ ലക്ഷ്യം സംവാദാത്മകതയായിരുന്നില്ല, പകരം പുറന്തള്ളലായിരുന്നു. ഒറ്റ തവണത്തേക്ക് പ്രസീദ്ധീകരിച്ച കാര്യമായിരുന്നില്ല, പകരം അതിനൊരു തുടർച്ചയുണ്ടായിരുന്നു. തങ്ങളുടെ സൃഷ്ടികളുടെ ആഘാതത്തെക്കുറിച്ചുള്ള ധാരണ പ്രസിദ്ധീകരണത്തിനുണ്ടായിരുന്നു എന്നത് നിശ്ചയം. ഇത്തരം ആക്ഷേപകരമെന്ന്​ഒരു സമൂഹത്തിനു തോന്നിപ്പിക്കുന്ന പ്രവർത്തനത്തിനോടുള്ള പ്രതികരണം ഹിംസയല്ല എന്നത് തീർച്ച. ഇസ്​ലാമിസ്റ്റ് ആക്രമണത്തിനും ഹിംസയ്ക്കും ന്യായീകരണമല്ല ഇത്. നിയമ സംവിധാനത്തിലൂടെയുള്ള പോരാട്ടം മാത്രമാണ് പ്രസക്തം. പ്രസിദ്ധീകരണത്തിന്റെ തന്നെ സവിശേഷമായ അധീശത്വ സെക്യുലർ യുക്തി തന്നെ പിന്തുടരുന്ന ഒരു നിയമ വ്യവസ്ഥ ഒരു പക്ഷെ വ്യത്യസ്തമായി പ്രതികരിക്കാൻ വഴിയില്ല എന്നത് തള്ളിക്കളയുന്നില്ല. പക്ഷെ, അപ്പോഴും ഹിംസ പ്രതിരോധ പ്രവർത്തനമാകുന്നില്ല. ഇവിടെ പ്രധാന പ്രശ്‌നം, പൊതുവിൽ സ്വാതന്ത്യത്തിനും ലിബറൽ മൂല്യങ്ങൾക്കും വ്യത്യസ്തമായ ജീവിത രീതികൾക്കും അംഗീകാരം നൽകുന്ന ഫ്രാൻസ് പോലുള്ള രാജ്യത്തിന്റെ സംസ്‌കാരം വ്യത്യസ്തമായ മറ്റൊരു സംസ്‌കാരത്തെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ്​. വിസമ്മതിക്കുന്നു എന്നുമാത്രമല്ല, അധീശത്വ സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയാണ് ഇസ്​ലാമിക വിശ്വാസ രീതികളുടെ പുറന്തള്ളൽ. അതിന്റെ പേരാണ് ഫോബിയ.

ഫ്രാൻസും ചൈനയും രണ്ടുതരം ഭരണവ്യവസ്ഥകൾ നിലനിൽക്കുന്ന രാജ്യങ്ങളാണ്. ഇസ്​ലാമിക ജീവിതവ്യവസ്ഥയെ ശിക്ഷണം ചെയ്യുന്നതിൽ സമാനതയുണ്ടെകിലും, അതിനായി അവരുടെ ഭരണസംവിധാനത്തിനൊത്ത സമീപനങ്ങളാണ് ഇരു രാഷ്ട്രങ്ങളും കൈക്കൊള്ളുന്നത്. ലിബറൽ ജനാധിപത്യ രാഷ്ട്രമായിരിക്കെ ഭരണകൂട നയങ്ങൾക്ക്​ പൊതുസമവായം വേണം. മാധ്യമ സ്വാതന്ത്ര്യം നിലനില്ക്കുന്ന രാജ്യമായതുകൊണ്ട്​ പൊതുബോധ നിർമിതിയിൽ മാധ്യമങ്ങൾ നിർബന്ധമായും പങ്കാളികളാണ്. കുടിയേറ്റം വഴി വരുന്ന ഇസ്​ലാം ഫ്രാൻസിന്റെ തനതു സ്വന്തന്ത്ര സങ്കല്പങ്ങൾക്ക് വിരുദ്ധമാണെന്ന്​ സ്ഥാപിക്കേണ്ടത് പരമപ്രധാനമാണ്. അതേസമയം, ഫ്രാൻസിന്റെ ക്രിയാത്മകമായ സിവിൽ സമൂഹ പ്രസ്ഥാനങ്ങളിൽ നിന്നും ഇടതുപക്ഷ ബുദ്ധിജീവികളിൽ നിന്നും ഫ്രാൻസ് ഭരണകൂടത്തിന്റെ ഇസ്​ലാമിനോടുള്ള സമീപനത്തിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട് എന്ന് വായനയിൽ മനസ്സിലാക്കാം. അലൻ ബാദിയു ഫ്രാൻസിന്റെ വംശീയതക്കെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. ബാദിയു ഫ്രഞ്ച് ഇടതുപക്ഷത്തേയും വിമർശിക്കുന്നുണ്ട്. സുരക്ഷയുടെ വാദമുയർത്തി ഹെഡ് സ്‌കാർഫ് (നമ്മുടെ തട്ടം തന്നെ!) എതിർക്കുന്ന ഇടതുപക്ഷം വ്യവസ്ഥാപിതത്തിന്​ വിധേയപ്പണി ചെയ്യുകയാണ് എന്ന് ബാദിയു പറയുന്നു. ഫ്രഞ്ച് ബുദ്ധിജീവികളേ ബാധിച്ച ഇസ്​ലാമോഫോബിയ വാസ്തവത്തിൽ അവരുടെ വംശീയതാൽപര്യങ്ങളിൽ നിന്ന് വരുന്നതാണ്. ഒരു പക്ഷെ എല്ലാ അർത്ഥത്തിലും ഇസ്​ലാമോഫോബിക് എന്ന് വിളിക്കാവുന്ന സാഹിത്യ രചന ഫ്രഞ്ച് ഭാഷയിലാണ് ഉണ്ടാകുന്നത്. മിഷേൽ ഔൽബെക്കിന്റെ ഇസ്​ലാമോഫോബിയ ആശയമായി വരുന്ന സബ്മിഷൻ പോലുള്ള നോവലുകൾ ഏറെ ജനപ്രിയതയുടെ അംഗീകാരം നേടുകയുണ്ടായി. പൊതുസമൂഹത്തിന്റെ പിന്തുണയാർജ്ജിച്ചുകൊണ്ടേ ഫ്രാൻസ്​ ഭരണകൂടത്തിന് ആധുനികതയുടെ പേരിൽ ഇസ്​ലാമികതയെ പ്രതിസ്ഥാനത്തു നിർത്തുന്ന നയങ്ങളും നിയമങ്ങളും നടപ്പാക്കാൻ കഴിയൂ. വെള്ളക്കാരുടേതല്ലാത്ത സിവിൽ സമൂഹത്തിന്റെ ഇടങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നുവരുകയും ചെയ്യുന്നുണ്ട്. ലെ പെൻ എന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനെ ജനപ്രിയതയിൽ മറികടക്കാൻ മാക്രോൺ അതേസമീപനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

റോഹിംഗ്യൻ അഭയാർഥികൾ

പ്രവാചകനെ പറ്റി അവഹേളനപരമായ ചിത്രം സ്‌കൂളിൽ പ്രദർശിപ്പിച്ചതിന്​ തീവ്രവാദികൾ കഴുത്തറുത്തു കൊന്ന സംഭവത്തെ തുടർന്ന് മാക്രോൺ കടുത്ത ശിക്ഷണ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഫ്രാൻസിൽ ജനാധിപത്യപരമായ സ്വഭാവം നിലനിൽക്കുന്നു എന്നതിനാൽ ഈ നടപടികൾ​ ഫ്രാൻസിന്റെ അകത്തും പുറത്തും ധാരാളം സംവാദങ്ങൾക്ക് വഴിതുറന്നു. എന്തായാലും വംശീയ വാദികളുടെ അക്രമം ഭയന്ന്​ ജീവിക്കുന്ന അവസ്ഥയാണ് മുസ്​ലിം ജനവിഭാഗത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നതാണ് പല റിപ്പോർട്ടും സൂചിപ്പിക്കുന്നത്.

എന്നാൽ ചൈന നടപ്പാക്കുന്ന ഇസ്​ലാമിനെ ശിക്ഷണപ്പെടുത്താനുള്ള രീതികൾ തീവ്ര ഇസ്​ലാമിക ഗ്രൂപ്പുകളിൽ നിന്നുപോലും ചെറിയ മുറുമുറുപ്പിനപ്പുറം ഒരു പ്രതികരണവും ഉയർത്തുന്നില്ല. വംശീയമായ പൊതുബോധ നിർമിതി ചൈനയുടെ ഭരണകൂടത്തിന് ആവശ്യമായ കാര്യമല്ല. പാർട്ടി ഭരണകൂടത്തിന്റെ തീരുമാനങ്ങളനുസരിച്ച്​ ഏകശില മാതൃകയിലുള്ള സൈനോ- ദേശീയ രീതികൾക്ക് മതം വിധേയപ്പെടുക എന്നതാണ് ചൈനയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മതകീയ ജീവിതത്തിന് ചൈനയിൽ സ്വീകാര്യതയില്ല. ശാസ്ത്രീയ വിദ്യാഭ്യാസം നൽകുക, സൗദ്യഅറേബ്യാവൽക്കരണത്തെ തുടച്ചു നീക്കുക, വിമത പ്രവർത്തനങ്ങളെ പൂർണമായും അമർച്ച ചെയ്യുക എന്നതാണ് പൊതുവിൽ സമീപനം. ചൈനീസ് പാർട്ടി ഭരണകൂടത്തിന്റെ നവലിബറൽ പരിഷ്‌ക്കരണങ്ങളെ എതിർക്കുന്ന ആദ്യകാല മാവോയിസത്തോട്​ ആഭിമുഖ്യം പുലർത്തുന്ന ന്യൂനപക്ഷം വരുന്ന വിദ്യാർത്ഥികളോടും ആദ്യകാല കമ്യൂണിസ്‌റ്റ്​പ്രവർത്തകരോടു പോലും സമാന സമീപനം തന്നെയാണ് സമഗ്രാധികാര ഭരണകൂടം കൈക്കൊള്ളുന്നത്. അതേമയം പാകിസ്ഥാൻ പോലുള്ള മുസ്‌ലിം രാഷ്ട്രങ്ങളോട്​ ആഭിമുഖ്യം പുലർത്തുകയും അമേരിക്കയോട് പ്രകടമായ തലത്തിൽ ശത്രുത നിലനിർത്തുകയും ചെയ്യുന്നു. ചൈന ഹോങ്കോങ്ങിലും അടിച്ചേല്പിക്കുന്നതും ചൈനീസ് ദേശീയ സംസ്‌കാരമാണ്. ടിബറ്റൻ ബുദ്ധിസത്തോട്​ ചൈനയുടെ സമഗ്രാധികാര സമീപനം ഒരു ഘട്ടത്തിലും അയവു വന്നിട്ടില്ലലോ!

രാഷ്ട്രീയ ഇസ്​ലാം പാശ്ചാത്യ ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധവും വംശീയവുമായ സ്വഭാവത്തെ എതിർക്കുമ്പോൾ തന്നെ അവിടങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യ രീതികളോട് എന്തിനാണ് നിഷേധാത്മക സമീപനം പുലർത്തുന്നത്?

സിൻ ജിയാങ് പ്രവിശ്യയിലെ തദ്ദേശീയ മുസ്‌ലിം ജനവിഭാഗത്തോടുള്ള ചൈനീസ് ഭരണകൂടത്തിന്റെ സമീപനം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഇസ്​ലാം ഭീതിയേക്കാൾ ഒട്ടും വ്യത്യസ്തമല്ലാതിരുന്നിട്ടും പൊതുവിൽ ഇസ്​ലാമിക സംഘടനകളോ ഇസ്​ലാമിന്റെ വാചാലരായ സ്വയം കല്പിത രാഷ്ട്രീയ രക്ഷകരോ എതിരഭിപ്രായം പ്രകടിപ്പിക്കുന്നത് കുറവാണ്, പ്രകടിപ്പിച്ചാൽ തന്നെ അളന്നു തൂക്കിയ വാക്കുകളിലാണ്. അതേ സമയം ജനാധിപത്യ സ്വഭാവം നിലനിൽക്കുന്ന യൂറോപ്യൻ രാഷ്ട്രങ്ങളോട് തക്കതായ ഭാഷയിലാണ് പ്രതികരിക്കാറുള്ളത്, ഉദാഹരണത്തിന്​ ഫ്രാൻസിന്റെ ഇസ്​ലാം സമീപനത്തെക്കുറിച്ച്​ എർദ്വൻ ഈയിടെ നൽകിയ താക്കീത്.

ചൈനയിൽ സിൻ ജിയാങ് പ്രവിശ്യയിലെ റീ- എജ്യുക്കേഷൻ ക്യാമ്പിൽ കഴിയുന്ന തടവുകാർ

ബഹുസ്വരതയെ ഒട്ടും അംഗീകരിക്കാത്ത സമഗ്രാധികാര രാഷ്ട്രങ്ങളോട്​ പ്രതികരിക്കാൻ വിമുഖത കാണിക്കുമ്പോൾ ബഹുസ്വരതയെ അംഗീകരിക്കാൻ ബാധ്യതപ്പെട്ട പ്രതികരണ ശേഷി പ്രകടിപ്പിക്കുന്ന സിവിൽ സമൂഹമുള്ള രാഷ്ട്രങ്ങളോട്​ രാഷ്ട്രീയ ഇസ്​ലാം പലപ്പോഴും വിധ്വംസക രീതിയിലാണ് പ്രതികരിക്കുന്നത്. രാഷ്ട്രീയ ഇസ്​ലാം പാശ്ചാത്യ ഭരണകൂടത്തിന്റെ ന്യുനപക്ഷ വിരുദ്ധവും വംശീയവുമായ സ്വഭാവത്തെ എതിർക്കുമ്പോൾ തന്നെ അവിടങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യ രീതികളോട് എന്തിനാണ് നിഷേധാത്മക സമീപനം പുലർത്തുന്നത്? ബഹുസ്വര ജനാധിപത്യത്തെ എങ്ങനെയാണ് ഉൾക്കൊള്ളേണ്ടത്? ജനാധിപത്യ രീതികളെ വിധ്വംസക രീതികളാൽ അട്ടിമറിക്കുന്നതുകൊണ്ട്​ ആർക്കാണ് പ്രയോജനം?

തീർച്ചയായും വ്യത്യസ്തത പുലർത്തുക എന്നത് പ്രധാനമാണ്. ബഹുസ്വര ജനാധിപത്യം അത് അംഗീകരിക്കേണ്ടതുണ്ട്. ഒപ്പം, ആധുനികതയുടെതായ രാഷ്ട്രീയ സംസ്‌കാരം പ്രബലമായ രാജ്യങ്ങളിൽ അതിന്റെ സാധ്യതകളെ മതകീയ യാഥാസ്ഥിതികയുടെ താല്പര്യങ്ങൾക്ക് അനുയോജ്യമല്ല എന്നുചൂണ്ടിക്കാട്ടി നിരാകരിക്കുന്നത് ന്യൂനപക്ഷത്തിന്റെ സാമൂഹ്യ ജീവിതത്തെ സങ്കീർണമാക്കുകയേയുള്ളു. രാഷ്ട്രീയ ഇസ്​ലാമിന് ഭരണകൂടപരമായ താല്പര്യങ്ങളുണ്ടെന്ന് സുവ്യക്തമാണ്. അത്തരം രാഷ്ട്രീയ ആഗ്രഹങ്ങൾ സെക്യുലർ ആധുനികതയുമായി വികർഷിച്ചു നിൽക്കുന്നതുമാണ്. ഫ്രാൻസിലേക്കും യൂറോപ്പിലേക്കും പോകേണ്ട അത് മനസ്സിലാക്കാൻ, നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശ് തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇസ്​ലാമിക ഉട്ടോപ്യ സ്വപ്നം​ കാണാം, പക്ഷെ ജനാധിപത്യവുമായി ഉടക്കി നിൽക്കുന്ന ഒന്നാണ് അത്. ഈ ഉട്ടോപ്യ വാദക്കാർ കുടിയേറ്റക്കാരും നിർധനരും അതീജീവന ലക്ഷ്യവുമുള്ള ജനതയെ മതകീയമായ രാഷ്ട്രീയ ഇച്ഛയ്ക്ക് കീഴ്‌പ്പെടുത്തുക വഴി മൊത്തം സാമൂഹികാന്തരീക്ഷത്തെ സംഘർഷത്തിന്റെ വിളനിലമാക്കുകയാണ്. ഇതിന്​ രാഷ്ട്രീയ ഇസ്​ലാം മറുപടി പറയുന്നത്, ജനാധിപത്യം വംശീയമായാണ് നിലനിൽക്കുന്നതെന്നും നിലവിലെ വംശീയാധികാരം കൂടുതൽ പ്രാന്തവൽക്കരിക്കുന്നതോടെ സംഘർഷം വളർത്തുന്നത് ഭരണകൂട ശക്തികളാണ് എന്ന്​ പറഞ്ഞുകൊണ്ടുമാണ്. അതേസമയം, വ്യത്യസ്​തത മുറുകെ പിടിച്ച്​ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തെ തന്നെ അംഗീകരിക്കാതെ പോകുന്ന മതാത്മക നിലപാടുകൾ രാഷ്ട്രീയ ഇസ്​ലാം ആവർത്തിച്ചു പ്രകടിപ്പിക്കുന്നതാണ്. ഒരു പൊതുധാര കണ്ടത്താതെയുള്ള മാറിനിൽക്കൽ സാമൂഹിക വ്യവസ്ഥയിൽ കൂടുതൽ ഭിന്നിപ്പുകൾക്ക് കരണമാവുകയേയുളളൂ. സാമൂഹികമായ ഒറ്റപ്പെടുന്ന അവസ്ഥ അതീജീവനം കൂടുതൽ ഗതികേടിലാക്കും. അത് കുടിയേറ്റക്കാരായ മുസ്‌ലിം ജനവിഭാഗത്തയാണ് ഏറ്റവും ബാധിക്കുക. പക്ഷെ ഇസ്​ലാമിക ഉട്ടോപ്യയുടെ മനോജ്ഞലോകം പേറി നടക്കുന്ന രാഷ്ട്രീയ ഇസ്​ലാം ഇതൊക്കെ തങ്ങളുടെ ആവശ്യത്തിന് ഉപകരിക്കുന്ന ഒന്നായാണ് കാണുന്നത്. ഫ്രാൻസിന്റെ വേൾഡ് കപ്പ് ഫുട്ബാൾ ടീമിൽ പ്രധാന കളിക്കാരെല്ലാം മുസ്​ലിം കുടിയേറ്റക്കാരാണ്. എംബാപ്പെയും പോൾ പോഗ്ബയുമൊക്കെ ഫ്രാൻസിനു വേണ്ടിയാണ് കളിക്കുന്നത്.

മതവിശ്വാസം നിലനിർത്തുന്ന ഇവർ ഫ്രാൻസിന്റെ ജേഴ്‌സിയണിഞ്ഞ്​ ഫ്രഞ്ച് ദേശിയ ഗാനത്തിനോട് ആദരവ് പുലർത്തി തന്നെയാണ് കളിക്കളത്തിൽ ഇറങ്ങുന്നത്. ഫ്രഞ്ച് വംശീയ വെറിയന്മാരെ പോലെ തീവ്ര ഇസ്​ലാമിക രാഷ്ട്രീയവാദികളും ഇവരോട് അമർഷം കാണിക്കുന്നു. വെറിയന്മാർ അവരെപ്പറ്റി സംശയം പ്രകടിപ്പിക്കുമ്പോൾ രാഷ്ട്രീയ ഇസ്​ലാം വാദികൾ അവരുടെ മതപരമായ വ്യത്യസ്തയിലൂന്നി അവരിൽ നൈതികഭ്രംശം ആരോപിക്കുന്നു.

വ്യത്യസ്തതയെ നിരാകരിക്കണമെന്നോ വ്യത്യസ്തതകളെ ഏക സംസ്‌കാരത്തിലേക്ക് വിലയിപ്പിക്കണമെന്നോ അല്ല ഇതിന്റെ അർത്ഥം, വ്യത്യസ്തതകൾ സംഗതമാകുന്ന സന്ദർഭങ്ങളിൽ അത് പ്രസക്തം തന്നെയാണ്. ശശി തരൂരിൽ നിന്ന് തുടങ്ങിയ സ്ഥിതിക്ക് തരൂരിന്റെ തന്നെ ഒരു നിലപാടിനെ ഈക്കാര്യത്തിൽ ഉദാഹരിക്കട്ടെ. ഷഹീൻ ബാഗ് പ്രക്ഷോഭം നടക്കുന്ന വേളയിൽ ജാമിയ മില്ലിയ ഇസ്​ലാമിയയിൽ ഒരു പ്രക്ഷോഭകൻ ചുവരിൽ അള്ളാഹു അക്ബർ എന്ന്​ എഴുതി. ഇത് പ്രക്ഷോഭത്തിന്റെ കൂട്ടായ്മ സ്വഭാവത്തെ ബാധിക്കുമെന്ന് പ്രക്ഷോഭകാരിൽ ചിലർ ചൂണ്ടിക്കാണിക്കുകയും ചുവരെഴുത്ത്​ മായ്ച്ചു കളയാൻ നിർദ്ദേശിക്കുകയും ചെയ്​തു. മത മുദ്രാവാക്യങ്ങൾ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തെ വിഘടിപ്പിക്കുമെന്നും അത് സമരത്തിന്റെ സാരാംശത്തെ നിർവീര്യമാക്കുമെന്നുമാണ് തരൂർ അഭിപ്രായപ്പെട്ടത്. ശബരിമലയെക്കുറിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സമരങ്ങളിൽ നാമജപം ഉയർത്തിയതിൽ ഒരു പ്രശ്‌നവും ശശി തരൂരിന് തോന്നിയില്ല എന്നത് വേറെക്കാര്യം. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ മതാധിഷ്​ഠിത മുദ്രാവാക്യം പാടില്ല താനും. സി.എ.എ സർവ സമുദായങ്ങൾക്കും ബാധകമാകുന്ന ഒരു നിയമമായിരുന്നുവെങ്കിൽ ശശി തരൂരിന്റെ വാദഗതിക്ക് പ്രസ്‌കതിയുണ്ടാകാം. എന്നാൽ സി.എ.എയുടെ അന്തഃസ്സത്ത തന്നെ മതപരമായ വിവേചനമാണെന്നിരിക്കേ, ആ പ്രക്ഷോഭത്തിൽ മതപരമായ സ്വത്വം പ്രതിനിധാനം ചെയ്യപ്പെടുന്ന ഒന്നും പാടില്ല എന്ന് പറയുന്നത് ഭൂരിപക്ഷാത്മകത നിർണയിക്കുന്ന സെക്യുലർ ബോധത്തിന്റെ ഉള്ളടഞ്ഞ ബോധമാണ്.

സെക്യുലർ അനന്തര സാംസ്‌കാരിക രാഷ്ട്രീയമാണ് പ്രസക്തം. അത് സ്വത്വത്തിന്റെ നിരാകരണമോ മുഖ്യ സംസ്‌കാരത്തിലേക്ക് വിലയം പ്രാപിക്കുന്നതോ അല്ല. വൈവിധ്യം നിലനിർത്തിക്കൊണ്ടു തന്നെ പൊതുമണ്ഡലത്തെ ജനാധിപത്യവൽക്കരിക്കുക എന്നതാണ്. അത് പാശ്ചാത്യ നാടുകളിലെ പോലെ, ഹേബർമസിന്റെ ഒരു പ്രയോഗം ഉപയോഗിക്കാമെങ്കിൽ, കളർ ബ്ലൈൻഡ് ഇൻക്ലൂസിവ് (colour blind inclusivity) സെക്യുലറിസമല്ല. വ്യത്യസ്തതയെ അംഗീകരിച്ചുകൊണ്ടുള്ള ഇൻക്ലൂസിവിറ്റിയാണ്. ഇന്ത്യൻ ദേശ രാഷ്ട്ര രൂപീകരണത്തിൽ വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ടുള്ള ഉൾച്ചേരലാണ് ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ളത്. ഹൈന്ദവമാണെങ്കിലും ഇസ്​ലാമികമാണെങ്കിലും തിയോക്രാറ്റിക് ഉട്ടോപ്യ ഇതിനെതിരാണ്. തിയോക്രാറ്റിക് ഉട്ടോപ്യ അഭിലഷിക്കുന്ന മതരാഷ്ട്രീയ സംഘടനകൾ അവരുടെ കൈയിൽ രാഷ്ട്രീയം കരഗതമാകുന്നതുവരെ ജനാധിപത്യ പൊതുമണ്ഡലത്തെ വിദഗ്ദ്ധമായി ഉപയോഗിച്ചുവെന്നും വരാം. അതിനെ ആശയപരമായ നേരിടുക എന്നല്ലാതെ നിരാകരിക്കാനാവില്ല. കാരണം, ജനാധിപത്യത്തിൽ രാഷ്ട്രീയ പ്രചാരണ സ്വാതന്ത്ര്യം നിലനില്ക്കുന്നതാണല്ലോ. പക്ഷെ, മതരാഷ്ട്രീയ സംഘടനകളുമായി അധികാരം പങ്കിടാനുള്ള ജനാധിപത്യ രാഷ്ട്രീയത്തിൽ ഊന്നുന്ന രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും നീക്കുപോക്കും അടിസ്ഥാനപരമായി ജനാധിപത്യ രാഷ്ട്രീയം അസ്ഥിരപ്പെടുത്താൻ ഇടയാക്കിയേക്കാം. മതരാഷ്ട്രീയ സംഘടനകൾ താത്കാലികമായി അവരുടെ ദൈവരാഷ്ട്ര സങ്കൽപം മാറ്റിവെച്ചാലും അത് ഉപേക്ഷിക്കുന്നില്ല. മതരാഷ്ട്രത്തിലേക്കുള്ള മാർഗം/അവലംബം മാത്രമായിരിക്കും അവർക്ക് ജനാധിപത്യ പ്രക്രിയ.


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments