മിഷിഗൺ സംസ്ഥാനത്തുനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് അൽ- സയീദ്.

ട്രംപിന് മുന്നിലേക്കിതാ,
‘സെനറ്റർ മുഹമ്മദ്’

അമേരിക്കൻ സെനറ്റിന്റെ 237 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു മുസ്‌ലിം പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടത്. മിഷിഗണിൽനിന്നുള്ള ഡോ. അബ്ദുറഹ്മാൻ അൽ-സയീദിന്റെ തെരഞ്ഞെടുപ്പ്, അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയിക്കുന്ന ഒന്നായി മാറുമെന്നതിൽ സംശയമില്ല: ഫസൽ വെള്ളുവങ്ങാട് എഴുതുന്നു.

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ കാലഘട്ടങ്ങളിലൊന്നിലൂടെയാണ് 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പ് കടന്നുപോയത്. അമേരിക്കൻ ജനാധിപത്യത്തിന്റെ ഉരകല്ലായി വിശേഷിപ്പിക്കപ്പെടുന്ന മിഷിഗൺ സംസ്ഥാനത്തുനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് അൽ- സയീദ് എന്ന 42 കാരന്റെ വിജയം, അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള ഒന്നാണ്. അമേരിക്കൻ സെനറ്റിന്റെ 237 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു മുസ്‌ലിം പ്രതിനിധി ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിലുപരി, ഡൊണാൾഡ് ട്രംപിന്റെ വംശീയ അധികാരപ്രയോഗങ്ങൾക്കും ഇസ്രായേൽ അനുകൂല ലോബികളുടെ പണക്കൊഴുപ്പിനുമേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ ജനവിധി. റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്തനും മുൻ എഫ്.ബി.ഐ ഏജന്റും മുൻ കോൺഗ്രസ് അംഗവുമായ മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് സയീദ് മിഷിഗണിൽ നിന്ന് ക്യാപിറ്റോൾ ഹില്ലിലേക്ക് നടന്നുകയറുന്നത്.

ഡൊണാൾഡ് ട്രംപിന്റെ കഴിഞ്ഞ രണ്ട് വർഷത്തെ ഭരണത്തോടുള്ള അമേരിക്കൻ ജനതയുടെ തുറന്ന പ്രതികരണമായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പ് ഫലം. വിലക്കയറ്റം കുറയ്ക്കുമെന്നും പശ്ചിമേഷ്യയിലെ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ട്രംപ്, രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ഇറാനുമായുള്ള യുദ്ധത്തിലേക്കുമാണ് രാജ്യത്തെ തള്ളിവിട്ടത്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കുതിച്ചുയർന്ന ഇന്ധനവിലയും നാണയപ്പെരുപ്പവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. തിരഞ്ഞെടുപ്പിന് മുൻപ് 100 അംഗ സെനറ്റിൽ 53-47 എന്ന ഭൂരിപക്ഷമുണ്ടായിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന്, സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ച 'ബ്ലൂ വേവ്' തരംഗത്തിൽ ഏറ്റവും നിർണായകമായത് മിഷിഗണിലെ സയീദിന്റെ വിജയമാണ്.

ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് അൽ- സയീദ്. സയീദിന്റെ യഥാർത്ഥ പോരാട്ടം റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെയല്ല, സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയിലെ വരേണ്യവർഗത്തിനും ഇസ്രായേൽ ലോബിക്കുമെതിരെയായിരുന്നു.
ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് അൽ- സയീദ്. സയീദിന്റെ യഥാർത്ഥ പോരാട്ടം റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെയല്ല, സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയിലെ വരേണ്യവർഗത്തിനും ഇസ്രായേൽ ലോബിക്കുമെതിരെയായിരുന്നു.

ജനകീയ ഡോക്ടറിൽനിന്ന് സെനറ്ററിലേക്ക്

ഈജിപ്തിലെ അലക്സാണ്ട്രിയയിൽനിന്ന് ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ മുഹമ്മദ് എൽ-സയീദിന്റെ മകനായി മിഷിഗണിൽ ജനിച്ചുവളർന്ന അബ്ദുറഹ്മാൻ അൽ-സയീദ്, പരമ്പരാഗത രാഷ്ട്രീയക്കാരുടെ ശൈലിയിൽ നിന്നല്ല പൊതുരംഗത്തേക്ക് വരുന്നത്. മിഷിഗൺ യൂണിവേഴ്സിറ്റിയിലെ പഠനശേഷം റോഡ്സ് സ്കോളറായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ഡോക്ടറേറ്റും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദവും നേടിയ അദ്ദേഹം, 28-ാം വയസ്സിൽ ഡിട്രോയിറ്റ് നഗരത്തിന്റെ ഹെൽത്ത് ഡയറക്ടറായി ചുമതലയേറ്റു.

ഫ്ലിന്റ് ജലമലിനീകരണ പ്രതിസന്ധിയുടെ കാലത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കുമായി സൗജന്യ കണ്ണട വിതരണ പദ്ധതികളും, വെയ്ൻ കൗണ്ടി ഹെൽത്ത് ഡയറക്ടർ എന്ന നിലയിൽ പാവപ്പെട്ടവരുടെ മെഡിക്കൽ കടങ്ങൾ എഴുതിത്തള്ളാനുള്ള പദ്ധതികളും നടപ്പാക്കിയാണ് അദ്ദേഹം ജനകീയനായത്. 2018-ൽ മിഷിഗൺ ഗവർണർ പ്രൈമറിയിൽ ഗ്രെച്ചൻ വിറ്റ്മർക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും 30% വോട്ട് (3,40,560 വോട്ടുകൾ) നേടിയ സയീദ്, "രാഷ്ട്രീയത്തിൽ നിന്ന് പണക്കൊഴുപ്പ് പുറത്താക്കുക, സാധാരണക്കാരുടെ കീശയിൽ പണമെത്തിക്കുക, എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ (Medicare for All) ഉറപ്പാക്കുക" എന്നീ മുദ്രാവാക്യങ്ങളുമായാണ് 2026-ലെ സെനറ്റ് തിരഞ്ഞെടുപ്പിലിറങ്ങിയത്.

സയീദിനെ വീഴ്ത്താൻ ഇസ്രായേൽ അനുകൂല സയണിസ്റ്റ് ലോബിയായ 'ഐപാക്' പ്രൈമറിയിൽ മാത്രം ഒഴുക്കിയത് 3.3 കോടി ഡോളറിലധികം തുകയാണ്. പ്രൈമറിയിൽ ആകെ ചെലവഴിക്കപ്പെട്ട 8.1 കോടി ഡോളറിന്റെ സിംഹഭാഗവും സയീദിനെതിരായ പരസ്യങ്ങൾക്കാണ് ഉപയോഗിച്ചത്.

മിഷിഗണിന്റെ രാഷ്ട്രീയാന്തരീക്ഷവും
പാർട്ടിയിലെ അട്ടിമറി ശ്രമങ്ങളും

അമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണ്ണമായ 'സ്വിങ് സ്റ്റേറ്റ്' ആണ് മിഷിഗൺ. 2020-ൽ ജോ ബൈഡനൊപ്പം നിന്ന സംസ്ഥാനം, 2024-ൽ ഗാസ വംശഹത്യയുടെയും സാമ്പത്തിക അതൃപ്തിയുടെയും പാശ്ചാത്തലത്തിൽ, 1.4 ശതമാനം വോട്ടിന്റെ (49.7% - 48.3%) നേരിയ വ്യത്യാസത്തിൽ ഡൊണാൾഡ് ട്രംപിനൊപ്പമാണ് നിന്നത്.

എന്നാൽ സയീദിന്റെ യഥാർത്ഥ പോരാട്ടം തുടങ്ങിയത് റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെയല്ല, സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയിലെ വരേണ്യവർഗത്തിനും ഇസ്രായേൽ ലോബിക്കുമെതിരെയായിരുന്നു. ആഗസ്റ്റ് നാലിന് നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ സയീദിനെ തോൽപ്പിക്കാൻ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ, സെനറ്റ് നേതാവ് ചക്ക് ഷൂമർ, മുൻ സ്പീക്കർ നാൻസി പെലോസി തുടങ്ങിയ ഉന്നതരെല്ലാം കോൺഗ്രസ് അംഗം ഹെയ്‌ലി സ്റ്റീവൻസിന് പിന്നിൽ അണിനിരന്നു. സയീദിനെ വീഴ്ത്താൻ ഇസ്രായേൽ അനുകൂല സയണിസ്റ്റ് ലോബിയായ 'ഐപാക്' പ്രൈമറിയിൽ മാത്രം ഒഴുക്കിയത് 3.3 കോടി ഡോളറിലധികം തുകയാണ്. പ്രൈമറിയിൽ ആകെ ചെലവഴിക്കപ്പെട്ട 8.1 കോടി ഡോളറിന്റെ സിംഹഭാഗവും സയീദിനെതിരായ പരസ്യങ്ങൾക്കാണ് ഉപയോഗിച്ചത്. എന്നാൽ കോർപ്പറേറ്റ് പി.എ.സികളിൽ നിന്ന് ഒരു നാണയം പോലും വാങ്ങാതെ, സാധാരണക്കാരിൽനിന്ന് 1.45 കോടി ഡോളർ സമാഹരിച്ച സയീദ്, പ്രൈമറിയിൽ പോൾ ചെയ്ത 15.28 ലക്ഷം വോട്ടുകളിൽ 48.5% (7,40,950 വോട്ടുകൾ) നേടി, 47.5% (7,26,057 വോട്ടുകൾ) നേടിയ ഹെയ്‌ലി സ്റ്റീവൻസിനെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

ഡോണൾഡ് ട്രംപ്. 2020-ൽ ജോ ബൈഡനൊപ്പം നിന്ന മിഷിഗൺ, 2024-ൽ ഗാസ വംശഹത്യയുടെയും സാമ്പത്തിക അതൃപ്തിയുടെയും പാശ്ചാത്തലത്തിൽ, 1.4 ശതമാനം വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ ട്രംപിനൊപ്പമാണ് നിന്നത്.
ഡോണൾഡ് ട്രംപ്. 2020-ൽ ജോ ബൈഡനൊപ്പം നിന്ന മിഷിഗൺ, 2024-ൽ ഗാസ വംശഹത്യയുടെയും സാമ്പത്തിക അതൃപ്തിയുടെയും പാശ്ചാത്തലത്തിൽ, 1.4 ശതമാനം വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ ട്രംപിനൊപ്പമാണ് നിന്നത്.

പാർട്ടി പ്രൈമറിയിൽ ജയിച്ചിട്ടും സയീദിനെതിരായ കുതികാൽവെട്ട് അവസാനിച്ചില്ല. പൊതുതിരഞ്ഞെടുപ്പിന് വെറും രണ്ട് ദിവസം ബാക്കിനിൽക്കെ, നവംബർ ഒന്നിന് ഞായറാഴ്ച ഡിട്രോയ്റ്റിലെ ഒരു പള്ളിയിൽ വെച്ച് പ്രൈമറിയിലെ എതിരാളിയായിരുന്ന ഹെയ്‌ലി സ്റ്റീവൻസ് സ്വന്തം പാർട്ടിയെ ഒറ്റുകൊടുത്ത് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേൽ വിഷയത്തിലുള്ള സയീദിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ഈ കാലുമാറ്റം. എന്നാൽ ബരാക് ഒബാമയും കമലാ ഹാരിസും ബെർണി സാൻഡേഴ്സും അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസും സയീദിനായി രംഗത്തിറങ്ങിയതോടെ സ്റ്റീവൻസിന്റെ കാലുമാറ്റം വോട്ടർമാർ തള്ളിക്കളഞ്ഞു.

ട്രംപിന്റെ വിദ്വേഷ പ്രചാരണങ്ങളും
സയീദിന്റെ മറുപടിയും

മിഷിഗണിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമൊഴുകിയ (24.3 കോടി ഡോളറിലധികം) ഈ തിരഞ്ഞെടുപ്പിൽ സയീദിനെതിരെ റിപ്പബ്ലിക്കൻ ക്യാമ്പും ഡോണൾഡ് ട്രംപും അഴിച്ചുവിട്ടത് കേട്ടുകേൾവിയില്ലാത്ത ഇസ്‌ലാമോഫോബിയയായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അയോവയിൽ നടന്ന റാലിയിൽ ട്രംപ് സയീദിനെ വിശേഷിപ്പിച്ചത് "നിങ്ങളെ നശിപ്പിക്കാൻ വരുന്ന ജിഹാദിസ്റ്റ് ഭ്രാന്തൻ" എന്നാണ്. "അബ്ദുൽ തിരഞ്ഞെടുക്കപ്പെട്ടാൽ യു.എസ് കോൺഗ്രസിൽ അയാൾക്കായി പ്രത്യേക മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കേണ്ടി വരും. നമുക്ക് കമ്മ്യൂണിസ്റ്റുകളെയും ജിഹാദികളെയും മുസ്‌ലിം ബ്രദർഹുഡിനെയുമല്ല വേണ്ടത്, മൈക്ക് റോജേഴ്സിനെപ്പോലുള്ള അമേരിക്കൻ ആപ്പിൾ പൈ ആണ് വേണ്ടത്" എന്നായിരുന്നു ട്രംപിന്റെ വംശീയ ആക്രോശം. സയീദിന്റെ പേര് മനഃപൂർവം തെറ്റായി ഉച്ചരിച്ചും, അമേരിക്കയിൽ ജനിച്ചുവളർന്ന സയീദ് യഥാർത്ഥ അമേരിക്കക്കാരനല്ലെന്ന് പ്രചരിപ്പിച്ചുമാണ് ട്രംപ് ക്യാമ്പ് വോട്ടുതേടിയത്.

2024-ലെ പ്രൈമറിയിൽ ബൈഡന്റെ ഗാസ നയത്തിനെതിരെ മിഷിഗണിലെ ഒരു ലക്ഷത്തിലധികം വോട്ടർമാർ 'അൺകമ്മിറ്റഡ്' വോട്ട് രേഖപ്പെടുത്തി പ്രതിഷേധിച്ചിരുന്നു. അതിൽ പങ്കാളിയായിരുന്ന ഡിയർബോൺ, ഹാംട്രാമക്, വെയ്ൻ കൗണ്ടി തുടങ്ങിയ മേഖലകളിലെ അറബ്- മുസ്‌ലിം വോട്ടർമാർ സയീദ് സ്ഥാനാർഥിയായതോടെ വൻതോതിൽ പോളിംഗ് ബൂത്തിലേക്കെത്തി.

എന്നാൽ ആക്ഷേപഹാസ്യവും ആത്മവിശ്വാസവും കലർന്ന ഭാഷയിലാണ് സയീദ് ഇതിനെ നേരിട്ടത്: "എന്റെ പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നവംബറിന് ശേഷം നിങ്ങൾക്ക് എന്നെ 'സെനറ്റർ മുഹമ്മദ്' എന്നുവിളിക്കാം ബ്രോ" എന്ന് പ്രചാരണത്തിനിടെ തിരിച്ചടിച്ച സയീദ്, വിജയത്തിനുശേഷം ഡിട്രോയിറ്റിൽ നടത്തിയ പ്രസംഗത്തിൽ ട്രംപിനും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും നൽകിയ മറുപടി ലോകമാധ്യമങ്ങളിൽ തലക്കെട്ടായി. അമേരിക്കൻ ഭരണഘടനയനുസരിച്ച് സെനറ്റിന്റെ അധ്യക്ഷനായ വൈസ് പ്രസിഡന്റിനാണ് പുതിയ സെനറ്റർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത് എന്ന വസ്തുത ചൂണ്ടിക്കാട്ടി വാൻസിനോടായി സയീദ് പറഞ്ഞു: "ഹബീബീ, ജനുവരിയിൽ എനിക്ക് സത്യപ്രതിജ്ഞ ചൊല്ലിത്തരാൻ ഭരണഘടനാപരമായി നിങ്ങൾ ബാധ്യസ്ഥനാണെന്നത് കാലത്തിന്റെ മനോഹരമായ കാവ്യനീതിയാണ്. എന്റെ പേര് പറയാൻ ട്രംപിന് ബുദ്ധിമുട്ടാണെന്നറിയാം; ജെ.ഡി. വാൻസ് എനിക്ക് സത്യപ്രതിജ്ഞ ചൊല്ലിത്തന്ന ശേഷം നിങ്ങൾക്ക് എന്നെ 'സെനറ്റർ' എന്ന് വിളിക്കാം".

പലസ്തീൻ- ഗാസ നിലപാടുകളും
അറബ്-ജൂത വോട്ടിംഗ് സമവാക്യങ്ങളും

അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇസ്രായേലിനെ വിമർശിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയായി കണക്കാക്കപ്പെട്ടിരുന്ന കാലത്താണ്, ഗാസയിൽ ഇസ്രായേൽ നടത്തുന്നത് 'വംശഹത്യ' ആണെന്നും അവിടെ നിലനിൽക്കുന്നത് 'വർണവിവേചനം' ആണെന്നും സയീദ് പരസ്യമായി പ്രഖ്യാപിച്ചത്. ഇസ്രായേലിനുള്ള സൈനിക സഹായവും ആയുധവിൽപ്പനയും നിർത്തലാക്കണമെന്നും അദ്ദേഹം നിലപാടെടുത്തു:
"നമ്മുടെ നികുതിപ്പണം മിഷിഗണിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും റോഡുകൾക്കുമായി ഇവിടെയാണ് ചെലവഴിക്കേണ്ടത്; അല്ലാതെ മറ്റൊരു നാട്ടിലെ മനുഷ്യരുടെയും കുഞ്ഞുങ്ങളുടെയും മേൽ ബോംബിടാനും വർണവിവേചനത്തിനും വംശഹത്യയ്ക്കും വേണ്ടി അയക്കാനുള്ളതല്ല" എന്ന് വിജയപ്രസംഗത്തിലും സയീദ് ആവർത്തിച്ചപ്പോൾ 'ഫ്രീ പലസ്തീൻ' മുദ്രാവാക്യങ്ങളോടെയാണ് സദസ്സ് അത് ഏറ്റെടുത്തത്.

അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇസ്രായേലിനെ വിമർശിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയായി കണക്കാക്കപ്പെട്ടിരുന്ന കാലത്താണ്, ഗാസയിൽ ഇസ്രായേൽ നടത്തുന്നത് 'വംശഹത്യ' ആണെന്നും അവിടെ നിലനിൽക്കുന്നത് 'വർണവിവേചനം' ആണെന്നും സയീദ് പരസ്യമായി പ്രഖ്യാപിച്ചത്
അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇസ്രായേലിനെ വിമർശിക്കുന്നത് രാഷ്ട്രീയ ആത്മഹത്യയായി കണക്കാക്കപ്പെട്ടിരുന്ന കാലത്താണ്, ഗാസയിൽ ഇസ്രായേൽ നടത്തുന്നത് 'വംശഹത്യ' ആണെന്നും അവിടെ നിലനിൽക്കുന്നത് 'വർണവിവേചനം' ആണെന്നും സയീദ് പരസ്യമായി പ്രഖ്യാപിച്ചത്

2024-ലെ പ്രൈമറിയിൽ ബൈഡന്റെ ഗാസ നയത്തിനെതിരെ മിഷിഗണിലെ ഒരു ലക്ഷത്തിലധികം വോട്ടർമാർ 'അൺകമ്മിറ്റഡ്' വോട്ട് രേഖപ്പെടുത്തി പ്രതിഷേധിച്ചിരുന്നു. അതിൽ പങ്കാളിയായിരുന്ന ഡിയർബോൺ, ഹാംട്രാമക്, വെയ്ൻ കൗണ്ടി തുടങ്ങിയ മേഖലകളിലെ അറബ്- മുസ്‌ലിം വോട്ടർമാർ സയീദ് സ്ഥാനാർഥിയായതോടെ വൻതോതിൽ പോളിംഗ് ബൂത്തിലേക്കെത്തി. അൺകമ്മിറ്റഡ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന അബ്ബാസ് അലാവിയ ഡിയർബോൺ ഉൾപ്പെടുന്ന മിഷിഗൺ സ്റ്റേറ്റ് സെനറ്റിലേക്കും, ഗാസയിൽ സേവനമനുഷ്ഠിച്ച സർജൻ ഡോ. ആദം ഹമാവി യു.എസ് കോൺഗ്രസിലേക്കും തിരഞ്ഞെടുക്കപ്പെട്ടത് ഈ ജനകീയ മുന്നേറ്റത്തിന് കരുത്തേകി.

ഓക്‌ലാൻഡ് കൗണ്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജൂത വോട്ടർമാരെ സയീദിനെതിരെ തിരിക്കാൻ ഐപാക്കും റിപ്പബ്ലിക്കൻ പാർട്ടിയും കിണഞ്ഞു പരിശ്രമിച്ചിരുന്നു. നേരത്തെ മിഷിഗണിലെ ഒരു സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തോടുള്ള പ്രതികരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ സയീദ് ഖേദം പ്രകടിപ്പിച്ചിരുന്നു. യാഥാസ്ഥിതിക സയണിസ്റ്റ് വിഭാഗങ്ങൾ സയീദിനെ എതിർത്തപ്പോഴും, നെതന്യാഹുവിന്റെ നയങ്ങളോട് വിയോജിക്കുന്നവരും ട്രംപിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് എതിർപ്പുള്ളവരുമായ ഭൂരിപക്ഷം ജൂത വോട്ടർമാരും ഡെമോക്രാറ്റിക് പക്ഷത്തുതന്നെ ഉറച്ചുനിന്നു എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു. ഇസ്രായേലിനെ വിമർശിച്ചാൽ ജൂത വോട്ടുകൾ നഷ്ടമാകുമെന്ന പരമ്പരാഗത ഭയത്തിന് അന്ത്യം കുറിക്കുന്നതായി ഈ ജനവിധി.

വെറുമൊരു പ്രതീകാത്മക മുസ്‌ലിം പ്രാതിനിധ്യത്തിനപ്പുറം, ബെർണി സാൻഡേഴ്സിന് ശേഷം അമേരിക്കൻ ഇടതു- പുരോഗമന പക്ഷത്തിന്റെ ഏറ്റവും കരുത്തുറ്റ ദേശീയ ശബ്ദമായി സയീദ് മാറും.

സൊഹ്‌റാൻ മംദാനിയും
അബ്ദുൽ എൽ-സയീദും

അമേരിക്കൻ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന രണ്ട് യുവ മുസ്‌ലിം മുഖങ്ങളായ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയും അബ്ദുൽ എൽ-സയീദും തമ്മിലുള്ള താരതമ്യം ഈ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

മംദാനി സൗമ്യതയിലൂടെയും നർമ്മത്തിലൂടെയും എതിരാളികളെ നിരായുധരാക്കുന്ന ശൈലിയാണ് സ്വീകരിക്കാറ്. എന്നാൽ അബ്ദുൽ എൽ-സയീദ് വംശീയ- ഇസ്‌ലാമോഫോബിക് ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരോടും എതിരാളികളോടും തിരിച്ചു ചോദ്യങ്ങൾ ചോദിച്ച് കടന്നാക്രമിക്കുന്ന തീപ്പൊരി ശൈലിയാണ് സ്വീകരിച്ചത്. ഈ വിട്ടുവീഴ്ചയില്ലാത്ത ശൈലി കാരണം അമേരിക്കൻ മാധ്യമങ്ങൾ അദ്ദേഹത്തിന് 'മീൻ മംദാനി' അഥവാ 'പരുക്കനായ മംദാനി' എന്ന വിളിപ്പേര് നൽകി. കോടികളുടെ പണക്കൊഴുപ്പിനെയും വംശീയ അപവാദപ്രചാരണങ്ങളെയും അതിജീവിച്ച് സയീദ് നേടിയ വിജയം "അങ്ങേയറ്റം ആവേശകരവും അനേകം മനുഷ്യർക്ക് വലിയ പ്രതീക്ഷ നൽകുന്നതുമാണ്" എന്നാണ് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി പ്രതികരിച്ചത്.

ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി,  അബ്ദുൽ എൽ-സയീദ്.
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി, അബ്ദുൽ എൽ-സയീദ്.

സയീദിന്റെ ഭാവിയും
അമേരിക്കൻ രാഷ്ട്രീയത്തിലെ
പുതിയ ദിശാസൂചികയും

2027 ജനുവരി മൂന്നിന് അമേരിക്കൻ സെനറ്റിൽ അബ്ദുറഹ്മാൻ അൽ-സയീദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ അത് അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയൊരു യുഗപ്പിറവിയാകും. വെറുമൊരു പ്രതീകാത്മക മുസ്‌ലിം പ്രാതിനിധ്യത്തിനപ്പുറം, ബെർണി സാൻഡേഴ്സിന് ശേഷം അമേരിക്കൻ ഇടതു- പുരോഗമന പക്ഷത്തിന്റെ ഏറ്റവും കരുത്തുറ്റ ദേശീയ ശബ്ദമായി സയീദ് മാറും. സെനറ്റിലെ നിർണായക ഭൂരിപക്ഷത്തിൽ സയീദിന്റെ വോട്ടിന് വലിയ വിലയുള്ളതിനാൽ, ഇസ്രായേലിനുള്ള സൈനിക സഹായങ്ങൾക്ക് ഉപാധികൾ വെക്കാനും ആരോഗ്യ- തൊഴിൽ മേഖലകളിൽ ജനപക്ഷ നിയമനിർമ്മാണങ്ങൾ നടത്താനും ഡെമോക്രാറ്റിക് നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹത്തിന് സാധിക്കും.

എല്ലാറ്റിലുമുപരി, ഉഗാണ്ടയിൽ ജനിച്ച് പിന്നീട് അമേരിക്കൻ പൗരത്വം നേടിയ സൊഹ്‌റാൻ മംദാനിയിൽ നിന്നോ സോമാലിയയിൽ ജനിച്ച ഇൽഹാൻ ഒമറിൽ നിന്നോ വ്യത്യസ്തമായി, അമേരിക്കൻ മണ്ണിൽ ജനിച്ച പൗരനാണ് അബ്ദുറഹ്മാൻ അൽ-സയീദ്. അതിനാൽത്തന്നെ അമേരിക്കൻ ഭരണഘടനയനുസരിച്ച് ഭാവിയിൽ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പൂർണ്ണ യോഗ്യതയുള്ള നേതാവാണ് അദ്ദേഹം. വംശീയതയുടെയും സയണിസ്റ്റ് ലോബികളുടെയും കോട്ടകളെ ജനകീയ രാഷ്ട്രീയം കൊണ്ട് തകർത്ത ഡോ. അബ്ദുറഹ്മാൻ അൽ-സയീദിന്റെ ഈ മിഷിഗൺ ഗാഥ, വരാനിരിക്കുന്ന ദശകങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ തന്നെ ഗതിനിർണയിക്കുന്ന ഒന്നായി മാറുമെന്നതിൽ സംശയമില്ല.

Comments