ജോർജിയയിൽ ജോൺ ഒസോഫിൻെറ പ്രചാരണത്തിന് ബരാക്ക് ഒബാമ എത്തിയപ്പോൾ.

പ്രതീക്ഷയുടെ BLUE WAVE,
ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുന്ന
അമേരിക്ക

വനിതകളും കറുത്ത വംശജരും ലാറ്റിനോ വംശജരും മുസ്ലിങ്ങളും കുടിയേറ്റക്കാരും സോഷ്യലിസ്റ്റുകളും ചേരുന്ന പുതിയൊരു നേതൃനിര ഡെമോക്രാറ്റിക് പാർട്ടിയിൽ ഉയർന്നുവരികയാണ്. വിശാലമായ ഉൾക്കൊള്ളലും പ്രാതിനിധ്യവും ചേരുന്ന രാഷ്ട്രീയനയമാണ് അവർ പിൻപറ്റുന്നത്. അതാണ് അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനെ പ്രതീക്ഷാനിർഭരമാക്കുന്നത് - ടി. ശ്രീജിത്ത് എഴുതുന്നു.

2024-ലെ അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയാണ് ഡെമോക്രാറ്റുകൾക്ക് നേരിട്ടിരുന്നത്. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡണ്ടെന്ന നിലയിൽ കമലാ ഹാരിസിനെ അവതരിപ്പിച്ചിട്ടും രാഷ്ട്രീയപരമായി അവർ ദയനീയമായി പരാജയപ്പെട്ടു. ലോകമാകെ തീവ്രവലതുപക്ഷം അധികാരം പിടിക്കുകയും ആഗോളക്രമത്തെയാകെ ഞെരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപ് ഒരിക്കൽ കൂടി യു.എസ് പ്രസിഡണ്ടായി അവരോധിതനാവുന്നത്. പൊതുവിൽ അമേരിക്കൻ സമൂഹത്തിനിടയിലും ആഗോളരാഷ്ട്രീയത്തിലും കാര്യമായ സ്വാധീനം ചെലുത്താത്ത യു.എസ് പ്രസിഡണ്ടായി തൻെറ കാലം അവസാനിപ്പിച്ച ജോ ബൈഡനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ആദ്യഘട്ടത്തിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി ആയിരുന്നു. പിന്നീടാണ് കമലാ ഹാരിസ് ട്രംപിന് എതിരാളിയായി വരുന്നത്. അതിൽ തുടങ്ങി തന്ത്രപരമായ ഏറെ വീഴ്ചകൾ അവർക്ക് സംഭവിച്ചിരുന്നു.

അമേരിക്കയിലെ വർക്കിങ് ക്ലാസ്സ് സൊസൈറ്റിക്ക് മുകളിൽ സ്വാധീനം കുറഞ്ഞതും നേതാക്കൾ തമ്മിൽ ഒത്തൊരുമ ഇല്ലാതിരുന്നതുമെല്ലാം വലിയ വീഴ്ചകളായി ഉയർത്തി കാട്ടിയിരുന്നു. രണ്ടാം ട്രംപ് ഭരണം ആരംഭിച്ചതിന് ശേഷവും നേതൃത്വശേഷിയുള്ള നേതാക്കളുടെ അഭാവമടക്കം ഡെമോക്രാറ്റുകൾക്കെതിരായ വിമർശനമായി ഉയർന്നുവന്നു. പ്രതിപക്ഷമെന്ന നിലയിൽ ട്രംപിൻെറ വീഴ്ചകളെ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സാധിക്കുന്നില്ലെന്ന വിമർശനവും ഉണ്ടായിരുന്നു. എന്നാൽ രണ്ട് വർഷത്തിനിപ്പുറം നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ട്രംപിൻെറ ‘Make America Great Again’ നടക്കുന്നില്ലെന്നും ഡെമോക്രാറ്റുകളുടെ ‘America Is Back’ മുദ്രാവാക്യമാണ് കൂടുതൽ വിശ്വാസയോഗ്യമെന്നും ജനങ്ങൾ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.

100 സീറ്റുകളുള്ള സെനറ്റിൽ ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റ് പാർട്ടിക്ക് രണ്ട് സ്വതന്ത്രർ അടക്കം 47 സീറ്റുകളാണ് ലഭിച്ചിരുന്നത്. 51 സീറ്റുകളാണ് സെനറ്റിൽ ഭൂരിപക്ഷത്തിന് വേണ്ടത്.

ലോകത്താകമാനം അധികാരത്തിലിരിക്കുന്ന തീവ്രവലതുപക്ഷ ശക്തികൾ ഒന്നുകിൽ ജനരോഷം കൊണ്ടോ അല്ലെങ്കിൽ ജനാധിപത്യ തെരഞ്ഞെടുപ്പുകളിലോ തിരിച്ചടികൾ നേരിടുന്ന ഒരു പശ്ചാത്തലത്തിലാണ് അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. അധികാരത്തിൽ തുടർന്ന് കൊണ്ട് അമേരിക്കയുടെ മിത്രങ്ങളെയെല്ലാം ശത്രുക്കളാക്കിയ ട്രംപിനെ സംബന്ധിച്ചിടത്തോളം അകത്തും പുറത്തും തിരിച്ചടികളുടെ കാലം. ബ്രസീലിൽ ട്രംപ് പിന്തുണച്ച ഫ്ലാവിയോ ബോൾസനാരോ തോൽക്കുകയും എതിർത്ത ലുല ഡാ-സിൽവ വീണ്ടും അധികാരത്തിലേക്ക് വരികയും ചെയ്യുന്നു.

ആഗോള രാഷ്ട്രീയത്തിൽ ട്രംപിൻെറ ഏറ്റവും അടുത്ത അനുയായിയായ ബെഞ്ചമിൻ തെനന്യാഹു ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാവാതെ അധികാരത്തിൽ തുടരാനാവാതെ നിൽക്കുന്നു. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ തെരഞ്ഞെടുപ്പിൽ വോട്ട് അട്ടിമറി ആരോപണമുയർത്തി രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരുന്നു. സെർബിയയിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിന്ന് ഉയർന്നുവന്ന രാഷ്ട്രീയപാർട്ടി അധികാരം പിടിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ യുവാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉയർന്ന് വരുന്നു. അത്തരത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് ഉണർവും സ്വേച്ഛാധിപത്യ ഭരണാധികാരികൾക്ക് വലിയ എതിർപ്പും നേരിടേണ്ടി വരുന്ന ഒരു ആഗോള സാഹചര്യത്തിലാണ് അമേരിക്ക പോലെ ലോകത്തിൻെറ തന്നെ സാമ്പത്തിക, സാമൂഹ്യക്രമത്തിലാകെ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന ഒരു രാജ്യത്ത് റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിടുകയും ഡെമോക്രാറ്റുകൾ സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം തിരിച്ചുപിടിക്കുകയും ചെയ്യുന്നത്.

ഡെമോക്രാറ്റുകളുടെ വിജയം എല്ലാ അർത്ഥത്തിലും ചരിത്രപരമാണ്. ടെക്സാസ്, ഇയോവ, കൻസാസ്, നോർത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലെ വിജയങ്ങൾ മാത്രം പരിശോധിച്ചാൽ ഇത് വ്യക്തമാവും. 94 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി കൻസാസിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജയിച്ചു. 38 വർഷത്തെ റിപ്പബ്ലിക്ക് ആധിപത്യം തകർത്ത് ടെക്സാസിലും 30 വർഷത്തിന് ശേഷം സൗത്ത് കരോലിനയിലും 2008-ന് ശേഷം ഇതാദ്യമായി നോർത്ത കരോലിനയിലും ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ വിജയിച്ചിരിക്കുന്നു. ജോർജിയയിൽ ചരിത്രത്തിലെ ആദ്യ ബ്ലാക്ക് ഗവർണറായി ഡെമോക്രാറ്റ് സ്ഥാനാർത്ഥി Keisha Lance Bottoms വിജയിച്ചു. ഡൊണാൾഡ് ട്രംപിൻെറ കടുത്ത മുസ്ലീം വിരുദ്ധ അധിക്ഷേപങ്ങളെ അതിജീവിച്ച് മിഷിഗണിൽ നിന്ന് രാജ്യചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായി അബ്ദുൾ അൽ സയീദ് വരുന്നു. കാലിഫോർണിയയുടെ ആദ്യ ലാറ്റിനോ ഗവർണറായി മെക്സിക്കൻ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള Xavier Becerra. ടെക്സാസിലെ ആദ്യ ലാറ്റിന ഗവർണറായി Gina Hinojosa വിജയിച്ചിരിക്കുന്നു. ഫ്ലോറിഡയിലെ ആദ്യ ബ്ലാക്ക് ഗവർണറായി Byron Donalds ചുമതലയേൽക്കുന്നു. സ്വവർഗാനുരാഗിയായ Chris Pappas ന്യൂ ഹാംപ്ഷയറിൽ നിന്നും ഡെമോക്രാറ്റ് പ്രതിനിധിയായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ ഡെമോക്രാറ്റുകൾ നേടിയെടുത്ത ചരിത്രപരമായ നിരവധി ജനാധിപത്യ വിജയങ്ങളുണ്ട്.

ന്യൂ ഹാംപ്ഷയറിൽ നിന്നും ഡെമോക്രാറ്റ് പ്രതിനിധിയായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്വവർഗാനുരാഗി കൂടിയായ Chris Pappas.
ന്യൂ ഹാംപ്ഷയറിൽ നിന്നും ഡെമോക്രാറ്റ് പ്രതിനിധിയായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്വവർഗാനുരാഗി കൂടിയായ Chris Pappas.

100 സീറ്റുകളുള്ള സെനറ്റിൽ ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റ് പാർട്ടിക്ക് രണ്ട് സ്വതന്ത്രർ അടക്കം 47 സീറ്റുകളാണ് ലഭിച്ചിരുന്നത്. 51 സീറ്റുകളാണ് സെനറ്റിൽ ഭൂരിപക്ഷത്തിന് വേണ്ടത്. ഇടക്കാല തെരഞ്ഞെടുപ്പിൽ 98 സീറ്റുകളുടെ ഫലം അറിഞ്ഞപ്പോൾ തന്നെ ഡെമോക്രാറ്റുകൾ ഭൂരിക്ഷ മാർജിൻ കടന്നു. 7 സീറ്റുകൾ കൂടുതൽ നേടിയ അവർക്ക് 54 സീറ്റുകൾ ഉറപ്പായിട്ടുണ്ട്. മറുഭാഗത്ത് റിപ്പബ്ലിക്കൻ പാർട്ടിക്ക് 7 സീറ്റുകൾ നഷ്ടമായി. 35 സീറ്റുകളിലേക്കാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം കടന്നു. 435 സീറ്റുകളുള്ള ജനപ്രതിനിധിസഭയിൽ (US Congress) 218 സീറ്റുകളുമായി റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു ഭൂരിപക്ഷം. അവിടെ ഇടക്കാല തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ഡെമോക്രാറ്റുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനകം 413 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ തന്നെ 253 സീറ്റുകളുമായാണ് അവർ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. 41 സീറ്റുകൾ കൂടുതലായി നേടിയിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് 41 സീറ്റുകൾ നഷ്ടമായിരിക്കുന്നു. 157 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. ഏകദേശം 100 സീറ്റുകളുടെ ലീഡാണ് ഡെമോക്രാറ്റ് പാർട്ടിക്കുള്ളത്. 25 സീറ്റുകളിലെ ഫലം കൂടി അറിയാനുണ്ട്.

അമേരിക്കൻ ജനത ട്രംപ് സർക്കാരിന് കൃത്യമായ സന്ദേശം നൽകിയിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മുൻ പ്രസിഡണ്ട് ബരാക്ക് ഒബാമ പ്രതികരിച്ചത്.

ട്രംപ് ഭരണകൂടത്തിനെതിരായ ജനവികാരം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനും, വൈവിധ്യമുള്ള ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാനും ഡെമോക്രാറ്റിക് പാർട്ടിക്ക് സാധിച്ചിരിക്കുന്നു. രണ്ട് വർഷത്തിനപ്പുറം നടക്കുന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ ഇനി ഇതെങ്ങനെ പ്രതിഫലിപ്പിക്കാൻ സാധിക്കുമെന്നും അടുത്ത രണ്ട് വർഷം പ്രതിപക്ഷമെന്ന നിലയിൽ ട്രപ് ഭരണകൂടത്തെ എങ്ങനെ സമ്മർദ്ദത്തിലാക്കാമെന്നതുമാണ് പാർട്ടിക്ക് മുന്നിലുള്ള സുപ്രധാനലക്ഷ്യങ്ങൾ.

പുതിയ ലീഡർഷിപ്പ്, പുതിയ ഒബാമ?

അമേരിക്കൻ ജനത ട്രംപ് സർക്കാരിന് കൃത്യമായ സന്ദേശം നൽകിയിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മുൻ പ്രസിഡണ്ട് ബരാക്ക് ഒബാമ പ്രതികരിച്ചത്.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒബാമ എക്സിൽ പങ്കുവെച്ച കുറിപ്പ്.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒബാമ എക്സിൽ പങ്കുവെച്ച കുറിപ്പ്.

ഡെമോക്രാറ്റുകളുടെ അവസാനത്തെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനായിരുന്നു. എന്നാൽ, ജനപ്രീതിയിൽ ഒബാമ ഒരുപടി മുന്നിലാണ്. ഈ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ഒബാമയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ബേണി സാൻഡേഴ്സിനെ പോലുള്ള നേതാക്കളുടെ പ്രവർത്തനങ്ങളും പ്രധാനമായിരുന്നു. നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ഒബാമയെപ്പോലെ ഒരു നേതാവിനെയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന വിലയിരുത്തലുകൾ അന്താരാഷ്ട്ര മാധ്യങ്ങൾ അടക്കം ഉയർത്തുകയും അത് വലിയ ചർച്ചയാവുകയും ചെയ്തിരിക്കുന്നു. ജോർജിയ സെനറ്റർ ജോൺ ഒസോഫിനെയാണ് അടുത്ത ഒബാമെയന്ന് ഉയർത്തിക്കാട്ടി വലിയ പ്രചാരണങ്ങൾ നടക്കുന്നത്. ജനപ്രീതിയിൽ കുതിച്ചുയർന്നതോടെ അടുത്ത തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി പദവിയിലേക്ക് ഒസോഫ് എത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് 9 ശതമാനമായിരുന്നു സാധ്യതയെങ്കിൽ ഇപ്പോഴത് 24 ശതമാനമായി വർധിച്ചിരിക്കുന്നു. ജോർജിയയിൽ ട്രംപിൻെറ അടുത്ത അനുയായിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് കോളിൻസിനെ പരാജയപ്പെടുത്തി നിർണായകമായ വിജയം നേടിയാണ് ഒസോഫ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 58.9 ശതമാനം വോട്ട് നേടിയാണ് വിജയമെന്നത് ആ ജനപിന്തുണയുടെ വ്യാപ്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ട്രംപിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കാറുള്ള ഒസോഫിൻെറ പ്രസംഗശൈലിയും പറയുന്ന കാര്യങ്ങളിലെ വ്യക്തതയും ഒബാമയുമായി ഏറെ സാമ്യമുള്ളതാണ്.

ജോർജിയയിൽ ജോൺ ഒസോഫിൻെറ വിജയാഘോഷത്തിൽ നിന്ന്.
ജോർജിയയിൽ ജോൺ ഒസോഫിൻെറ വിജയാഘോഷത്തിൽ നിന്ന്.

ട്രംപിനെ പരാജയപ്പെട്ട പ്രസിഡണ്ടെന്ന് ആവർത്തിച്ച് പരിഹസിക്കുന്ന 39-കാരനായ ഒസോഫിൽ വലിയ ഭാവി ഡെമോക്രാറ്റുകൾ കാണുന്നുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ജനവിധി എതിരായപ്പോൾ എവിടെ ഡെമോക്രാറ്റ് നേതൃത്വമെന്ന് ചോദിച്ച വിമർശകർക്കുള്ള മറുപടി ആവുകയാണ് ഒസോഫിനെ പോലുള്ള നേതാക്കൾ. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇത് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും ഡെമോക്രാറ്റുകൾക്ക് നൽകുന്നുണ്ട്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇനിയും പേരുകൾ വരുന്നുണ്ട്. കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും കമലാ ഹാരിസ് ഇപ്പോഴും ഡെമോക്രാറ്റുകളുടെ സാധ്യതാപട്ടികയിൽ ഉള്ള നേതാവാണ്. പെൻസിൽവാനിയ ഗവർണർ ജോൺ ഷാപിറോ, ഗാവിൻ ന്യൂസം തുടങ്ങിയവരും സാധ്യതാപട്ടികയിൽ ഉള്ളവരാണ്. അമേരിക്കൻ ജനപ്രതിനിധിസഭയിലെ ആദ്യ ബ്ലാക്ക് സ്പീക്കറാവാൻ പോവുകയാണ് ഹക്കീം ജെഫ്രിസ് എന്ന മറ്റൊരു വാർത്ത കൂടി വരുന്നുണ്ട്. വനിതകളും കറുത്ത വംശജരും ലാറ്റിനോ വംശജരും മുസ്ലിങ്ങളും കുടിയേറ്റക്കാരും സോഷ്യലിസ്റ്റുകളും ചേരുന്ന പുതിയൊരു നേതൃനിര ഡെമോക്രാറ്റിക് പാർട്ടിയിൽ ഉയർന്നുവരികയാണ്. വിശാലമായ ഉൾക്കൊള്ളലും പ്രാതിനിധ്യവും ചേരുന്ന രാഷ്ട്രീയനയമാണ് അവർ പിൻപറ്റുന്നത്. അതാണ് അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനെ പ്രതീക്ഷാനിർഭരമാക്കുന്നത്.

Comments