‘‘മണ്ടത്തരത്തെ ദേശസ്‌നേഹമായി കണക്കാക്കുമ്പോൾ, ബുദ്ധിമാനായിരിക്കുക എന്നത് സുരക്ഷിതമല്ല’’.
- ഐസക് അസിമൊ
▮
അമേരിക്കയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഹാർവാർഡ് സർവകലാശാല ആധുനിക ലോകത്തിൻ്റെ ഒരു പരിച്ഛേദമാണ്. ലോകത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മിടുക്കന്മാർ അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് എല്ലാ അർത്ഥത്തിലും ലോകത്തിൻ്റെ സർവകലാശാലയാണ്. അതങ്ങനെതന്നെ തുടരുകയും ചെയ്യും എന്നാണ് സംശയലേശമെന്യേ നമ്മളൊക്കെ നാളിതുവരെ കരുതിപ്പോന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് അതിനവകാശപ്പെടാനുള്ളത്.
1600- കളിലാണ് അതിന് തുടക്കം കുറിക്കപ്പെട്ടത്. തുടക്കത്തെക്കുറിച്ച് രസകരമായ ഒരു കഥ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരഭിമുഖ സംഭാഷണത്തിനിടയിൽ എം.ടി. വാസുദേവൻ നായരാണ് ഒരിക്കൽ ഇതെന്നോട് പറഞ്ഞത്. എം.ടി ഒരു നോവലിൽ നിന്ന് വായിച്ചറിഞ്ഞ കഥയാണ്. വില്യം മാർട്ടിൻ എഴുതിയ ‘ഹാർവാർഡ് യാർഡ്’ എന്ന നോവലിൽ പറയുന്ന ഒരു ഭാഗം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഏതോ ഒരറയിൽ വിലമതിക്കാനാവാത്ത ഒരു നിധി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അത് കണ്ടെത്താനായി പുരാവസ്തു വിദഗ്ദ്ധനായ പീറ്റർ ഫാലോൺ നടത്തുന്ന അന്വേഷണമാണ് ഈ നോവലിൻ്റെ മുഖ്യ പ്രമേയം. ആ നിധി കണ്ടുപിടിക്കപ്പെടാത്ത ഒരു ഷേക്സ്പിയർ നാടകമാണ്.

റോബർട്ട് ഹാർവാർഡ് എന്ന ഇറച്ചി വിൽപ്പനക്കാരൻ വില്യം ഷേക്സ്പിയറുടെ അടുത്ത സുഹൃത്തായിരുന്നു. കാമുകിയുമായുള്ള കല്യാണത്തിന് ഹാർവാർഡ് ഷേക്സ്പിയറിനെ പ്രത്യേകം ക്ഷണിച്ചു. ഷേക്സ്പിയർ കല്യാണത്തിന് പോയില്ല. എന്നാൽ ഒരു സമ്മാനം കൊടുത്തയച്ചു. അദ്ദേഹം രചിച്ച പുതിയൊരു നാടകമായിരുന്നു സമ്മാനമായി കൊടുത്തയച്ചത്. സുഹൃത്ത് അത് അദ്ദേഹത്തിൻ്റെ മരണം വരെ നിധിപോലെ സൂക്ഷിച്ചുവെച്ചു. മരിക്കുന്നതിനുമുമ്പ് അത് മകൻ ജോൺ ഹാർവാർഡിനെ ഏല്പിച്ചു. ആ മകനാണ് ഹാർവാർഡ് സർവകലാശാല തുടങ്ങിയത്. പിതാവിൽ നിന്നു ലഭിച്ച നിധി അദ്ദേഹം സർവകലാശാലയിൽ സൂക്ഷിച്ചു. അദ്ദേഹത്തിൻ്റെ ഗ്രന്ഥാലയവും സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. സർവകലാശാലയുടെ യാഥാസ്ഥിതികരായ നടത്തിപ്പുകാർ ഷേക്സ്പിയറിനെ നാടകകൃത്തായി അംഗീകരിച്ചവരായിരുന്നില്ല. അവർക്ക് നാടകം എന്നു പറഞ്ഞാൽ ഗ്രീക്ക് നാടകം മാത്രമായിരുന്നു. ഇതിനാൽ ഷേക്സിപിയർ സമ്മാനിച്ച നാടകം രഹസ്യമായി സൂക്ഷിക്കേണ്ടതായിവന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് വില്യം മാർട്ടിൻ നോവലെഴുതിയത്. ഒരു സാധാരണ ഹിസ്റ്റോറിക്കൽ ത്രില്ലർ. എന്നാൽ ഇത്തരം പല അപൂർവ്വ വിവരങ്ങളും നോവലിലുണ്ട്.
ഇനി ഹാർവാർഡ് സർവകലാശാലയുടെ ഔദ്യോഗിക ചരിത്രം അന്വേഷിച്ചാലും ജോൺ ഹാർവാർഡ് അത് തുടങ്ങിയ കഥ കാണാം. അദ്ദേഹം കൊടുത്ത സ്ഥലത്ത് അദ്ദേഹത്തിൻ്റെ സ്വകാര്യ ലൈബ്രറിയൊക്കെ ഉപയോഗിച്ച് തുടക്കം കുറിച്ചതിൻ്റെ കഥ.

അങ്ങനെയൊക്കെ തുടക്കം കുറിച്ച മഹത്തായ ആ സ്ഥാപനം ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. ഹാർവാർഡ് സർവകലാശാല ഇന്നിപ്പോൾ നേരിടുന്ന വെല്ലുവിളി മാറുന്ന ലോകക്രമത്തെയാണ് സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാണ് അമേരിക്കൻ പ്രസിണ്ടൻ്റ് ഹാർവാർഡിനെപ്പോലുള്ള ഒരു വിഖ്യാത വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടുന്നത്? സമൂഹം ഇതിനെ എപ്രകാരമാണ് നോക്കിക്കാണുന്നത്? സർവകലാശാലകളുടെ സാമൂഹ്യദൗത്യം മറന്നുകൊണ്ടാണ് അമേരിക്കയുടെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പെരുമാറുന്നത്. സമൂഹത്തെ മുന്നോട്ടു നയിക്കാനാവശ്യമായ പുതിയ അറിവുകൾ സൃഷ്ടിക്കുക എന്നതാണ് സർവകലാശാലകളുടെ പ്രാഥമിക ഉത്തരവാദിത്തം. അതേറ്റവും ഭംഗിയായി നിർവ്വഹിക്കുന്ന സ്ഥാപനമാണ് ഹാർവാർഡ് സർവകലാശാല.
അറിവന്വേഷണത്തിൽ അതിർവരമ്പുകളില്ല. ഹാർവാർഡ് പ്രവർത്തിക്കുന്നത് മാനവരാശിക്കു വേണ്ടിയാണ്. അതിൻ്റെ ബഹുസ്വര സ്വഭാവം നൈസർഗികമാണ്. ലോകത്തെങ്ങുമുള്ള ജ്ഞാനന്വേഷികൾ അവിടെ ഒത്തുചേരുന്നു. ഒരുമിച്ച് ജ്ഞാനാന്വേഷണത്തിലേർപ്പെടുന്നു. പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവുമാണ് ആ സ്ഥാപനത്തിൻ്റെ മുഖമുദ്ര. ഇതിന് തടയിടാനാണ് അമേരിക്കൻ പ്രസിഡണ്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
യൂറോപ്പിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി താമസമാക്കിയവർ കൂടി ചേർന്നാണ് അമേരിക്കൻ സമൂഹത്തെ സൃഷ്ടിച്ചത്. അവരുടെ കൂടി സജീവമായ ഇടപെടലുകളിലൂടെയാണ് അസാധാരണമായ ഒരു ബൗദ്ധിക ലോകം അവിടെയുണ്ടായത്.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പഠനം വിലക്കാനാണ് അമേരിക്കൻ ഗവൺമെൻ്റ് ശ്രമിച്ചത്. യു.എസ് ഇതര വിദ്യാർത്ഥികളെ അവിടെ പഠിക്കാൻ അനുവദിക്കില്ല എന്ന നയമാണ് ട്രംപ് മുന്നോട്ടുവെച്ചത്. ഇത് സർവകലാശാലയിൽ മാത്രമല്ല, പൊതുവിൽ രാജ്യത്താകെ അദ്ദേഹം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന നയമാണ്. ലോകത്തിൻ്റെ ഗതിവിഗതികളെ സാരമായി ബാധിക്കാൻ പോകുന്ന ഒരു നയം.
പുതിയ നയമാറ്റം അംഗീകരിക്കാൻ ഹാർവാർഡ് സർവകലാശാല തയ്യാറായില്ല. സർവകലാശാലക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നികുതിയിളവ് എടുത്തു മാറ്റുമെന്നും പുതിയ നികുതി ചുമത്തുമെന്നും ട്രംപ് ഭിഷണി മുഴക്കി. സർവകലാശാല ജൂതവിരോധം അവസാനിപ്പിക്കാനായി നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത്. ഇതിന് വഴങ്ങാതെ വന്നതോടെ വർഷം തോറും അനുവദിക്കാറുള്ള ധനസഹായം തടഞ്ഞുവെച്ചു. സർവകലാശാലയുടെ പ്രസിഡൻ്റ് അലൻ ഗാർബർ ഇതിനൊന്നും വഴങ്ങിയില്ല. സർവകലാശാല അതിൻ്റെ സ്വാതന്ത്ര്യമോ ഭരണഘടനാപരമായ അവകാശങ്ങളോ ഉപേക്ഷിക്കാൻ തയ്യാറാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്ത് പഠിപ്പിക്കണം, ആരെ പഠിപ്പിക്കണം എന്ന് സർക്കാർ തീരുമാനിക്കുന്ന അവസ്ഥ അനുവദിക്കില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. കോടതികളും ഈ പ്രശ്നത്തിൽ ഇടപെട്ടു കഴിഞ്ഞു. ഹാർവാർഡിനുവേണ്ടി മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുൾപ്പടെയുള്ളവർ രംഗത്തുവന്നിട്ടുമുണ്ട്.

പ്രശ്നം ഹാർവാർഡിലൊതുങ്ങുന്നതല്ല. കൊളംബിയ സർവകലാശാലയോടും ഇതേ നിലപാടാണ് ട്രംപ് ഭരണകൂടം കൈക്കൊണ്ടത്. ഒറ്റപ്പെട്ട സംഭവമല്ല എന്നർത്ഥം. ലോകത്തിൻ്റെ സ്വഭാവത്തെ വെല്ലുവിളിക്കുന്ന നയമാണ് ജനുവരി മുതൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കി വരുന്നത്. അമേരിക്കയിലേക്ക് പല രാജ്യങ്ങളിൽ നിന്നും ആളുകൾ കുടിയേറി പാർക്കുന്നുണ്ട്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോക പ്രതിഭകളുടെ തറവാടായിരുന്നു ഒരു കാലത്ത് ആ രാജ്യം. വിവിധ രാജ്യങ്ങളിൽ നിന്ന് രക്ഷനേടി അമേരിക്കയിലെത്തിയ വിശ്വവിഖ്യാതരുടെ പേരുകൾ മാത്രം നോക്കുക. ആൽബർട്ട് ഐൻസ്റ്റൈൻ, തോമസ് മൻ, ബെർതോൾഡ് ബ്രെഹ്ത്, തിയോഡോർ അഡോണോ, എഡ്വാർഡ് സെയ്ദ്, ദുഷാംപ്, മാസൺ, എഡ്വേർഡ് ടെല്ലർ, കർത്ത് ഗോദേൽ… ഇവരൊക്കെ അമേരിക്കക്കാരാണ്. ഇവരൊക്കെ അമേരിക്കൻ സർവകലാശാലകളുടെ കൂടി ഭാഗമാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ശാസ്ത്രരംഗത്ത് അമേരിക്ക എവിടെ നിന്നിരുന്നു എന്നും നൂറ്റാണ്ടവസാനിക്കാറായപ്പോൾ എത്ര ഉയരത്തിലെത്തി എന്നും പരിശോധിച്ചാൽ വ്യത്യാസം ആർക്കും മനസ്സിലാവും. ഇതൊക്കെ സാധിച്ചത് മികവിൻ്റെ കേന്ദ്രങ്ങളായി മാറിയ സ്വതന്ത്ര സ്ഥാപനങ്ങളിലൂടെയാണ്.
യൂറോപ്പിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി താമസമാക്കിയവർ കൂടി ചേർന്നാണ് അമേരിക്കൻ സമൂഹത്തെ സൃഷ്ടിച്ചത്. അവരുടെ കൂടി സജീവമായ ഇടപെടലുകളിലൂടെയാണ് അസാധാരണമായ ഒരു ബൗദ്ധിക ലോകം അവിടെയുണ്ടായത്. ആധുനിക ശാസ്ത്രത്തിൻ്റെ വളർച്ചയും ഇങ്ങനെ സംഭവിച്ചതാണ്. അതൊക്കെ മറന്നാണ് പുതിയ ഭരണകൂടം ‘വിദേശികൾ’ക്കെതിരെ വാളോങ്ങുന്നത്. ഇത് ശാസ്ത്രത്തിനെതിരായ, അറിവിനെതിരായ നീക്കമാണ്. സ്വന്തം രാജ്യത്തിൻ്റെ അഭിമാനസ്തംഭങ്ങളെയാണ് ട്രംപ് പിച്ചിച്ചീന്തുന്നത്. നൂറ്റാണ്ടുകളായി നേടിയെടുത്ത വിജയത്തെയാണ് അധികാരത്തിൻ്റെ പേന ഒറ്റവരയാൽ റദ്ദുചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ശാസ്ത്രരംഗത്ത് അമേരിക്ക എവിടെ നിന്നിരുന്നു എന്നും നൂറ്റാണ്ടവസാനിക്കാറായപ്പോൾ എത്ര ഉയരത്തിലെത്തി എന്നും പരിശോധിച്ചാൽ വ്യത്യാസം ആർക്കും മനസ്സിലാവും. ഇതൊക്കെ സാധിച്ചത് മികവിൻ്റെ കേന്ദ്രങ്ങളായി മാറിയ സ്വതന്ത്ര സ്ഥാപനങ്ങളിലൂടെയാണ്. അവയെ നിഷ്‌ക്രിയരാക്കുന്നത് മാനവരാശിയോട് ചെയ്യുന്ന കൊടിയ പാതകമാണ്.

അനശ്വരമായതെന്ന് കരുതിപ്പോന്ന മൂല്യങ്ങൾ രാഷ്ട്രീയ വിവരക്കേടിനു മുന്നിൽ നിഷ്പ്രഭമാവുമോ? ഹാസ്യ കഥാപാത്രങ്ങൾ പോലും തോറ്റു പോകുന്ന തരത്തിൽ പെരുമാറുന്ന ഭരണാധികാരികൾ ലോകത്തെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്? അന്ധവിശ്വാസിയും സായുധനും അസഹിഷ്ണുവുമായ ഒരാൾ ലോകത്തിന്റെ നേതാവാകുന്ന കാലത്ത് എന്തിലാണ് മനുഷ്യർ പ്രതീക്ഷയർപ്പിക്കുക? നാശത്തിനായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ‘കിറുക്കന്’ അധികാരത്തിൽ ഇനിയും നാളുകളേറെയുണ്ടല്ലോ എന്നാലോചിക്കുമ്പോൾ ഭയം തോന്നുന്നു. മാനവരാശിയുടെ മുന്നോട്ടുപോക്കിന് സാരമായ പോറലുകൾ അയാൾ ഏല്പിക്കുക തന്നെ ചെയ്യും.
ഇറച്ചി വില്പനക്കാരൻ സൂക്ഷിച്ചുവെച്ച ഷേക്സ്പിയർ നാടകം അവസാനരംഗത്തേക്കു കടക്കുകയാണോ എന്ന വേവലാതിയോടെ, വരാനിരിക്കുന്ന തലമുറകളെ ഓർത്ത് ദുഃഖിച്ചുകൊണ്ട് ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.