ഇറാനെതിരെ തുടരുന്ന ആക്രമണത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ലോകസമാധാനത്തിന് ഒരു മഹത്തായ ദിനം എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചത്. “ഇറാൻ ഇത് വല്ലാതെ ആഗ്രഹിക്കുന്നു. അവർക്ക് ഇനിയും സഹിക്കാനാവില്ല. മറ്റെല്ലാവരുടേയും കാര്യവും ഇത് തന്നെയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനസ്ഥാപിക്കുന്നതിന് അമേരിക്കയും സഹായിക്കും. വളരെ പോസിറ്റീവായ കൂടുതൽ കാര്യങ്ങൾ ഇനിയും സംഭവിക്കും. ഇത് മിഡിൽ ഈസ്റ്റിനെ സംബന്ധിച്ചിടത്തോളം സുവർണയുഗമാണ്,” എന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്. അമേരിക്കയുടെ സമ്പൂർണ വിജയമാണ് ഇതുവരെ സംഭവിച്ചിരിക്കുന്നതെന്നൊക്കെയാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ട്രംപും നെതന്യാഹുവും പ്രതീക്ഷിച്ചത് പോലെയല്ല ഇതുവരെ ഇറാനിൽ കാര്യങ്ങൾ സംഭവിച്ചത്.
ഇറാനിൽ ഭരണമാറ്റം എന്ന ലക്ഷ്യവുമായാണ് യുദ്ധം ആരംഭിക്കുന്നത്. ആണവശക്തിയായ ഇറാനെതിരെ സ്വയംരക്ഷയ്ക്ക് എന്ന വിശദീകരണമൊക്കെയായാണ് നെതന്യാഹു ആക്രമണം തുടങ്ങുന്നത്. അതിന് പിന്നീട് അമേരിക്കയുടെ പിന്തുണയും ഉണ്ടാവുന്നു. ഇറാൻെറ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെയും ഭരണനേതൃത്വത്തെയും കൊലപ്പെടുത്തി തുടർന്ന ആക്രമണം രാജ്യത്ത് ഭരണമാറ്റത്തിന് കാരണമാവുമെന്ന പ്രതീക്ഷയാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ ഇറാൻെറ പ്രതിരോധം ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. നേരിട്ട് യുദ്ധത്തിൽ പങ്കാളികളായില്ലെങ്കിൽ പോലും ഗൾഫ് രാജ്യങ്ങളെയെല്ലാം ഇറാൻ പ്രതിസന്ധിയിലാക്കി. ഇതിനിടയിൽ വൻതോതിൽ ചരക്കുനീക്കം നടക്കുന്ന ഹോർമുസ് കടലിടുക്ക് കൂടി അടച്ചതോടെ ലോകം മുഴുവൻ പ്രതിസന്ധിയിലായി. പാചകവാതകത്തിൻെറ അഭാവം ഇന്ത്യയെയടക്കം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഇതിനിടയിൽ ഡൊണാൾഡ് ട്രംപ് ഈറാനെതിരെ കടുത്ത ഭാഷയിൽ ശക്തമായ ഭീഷണികൾ ഉയർത്തി നോക്കിയെങ്കിലും ഒന്നും വിലപ്പോയില്ല. ഒടുവിൽ കഴിഞ്ഞ ദിവസവും ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇറാനെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ്. യുദ്ധ കുറ്റകൃത്യം തന്നെ ബാധിക്കാൻ പോവില്ലെന്നും ഇറാനിലെ സാധാരണ മനുഷ്യരെ പോലും കൊന്നൊടുക്കുമെന്നാണ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചത്. ഇത്രയും കടുത്ത രീതിയിൽ ട്രംപ് ഭീഷണി മുഴക്കിയിട്ടും ലോകരാജ്യങ്ങൾ നിശബ്ദരായി നിൽക്കുകയാണ് ചെയ്തത്. ഈ ഭീഷണിക്ക് ശേഷമാണ് ഇപ്പോൾ ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അമേരിക്കയുടെ സൈനികലക്ഷ്യങ്ങളെല്ലാം പൂർത്തിയായെന്നും ഇനി ചർച്ചകൾ നടക്കട്ടെയെന്നുമൊക്കെയാണ് ഇപ്പോൾ ട്രംപിൻെറ നിലപാട്. നിലവിലെ സാഹചര്യത്തിൽ താൽക്കാലികമായി സഹകരണത്തിന് തയ്യാറാണെന്നാണ് ഇറാൻ പറയുന്നത്.
പ്രതിസന്ധി തീർന്നുവോ?
ഇറാനെതിരെ ആക്രമണം തുടങ്ങി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയത് ഇസ്രായേലും അമേരിക്കയുമാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും തന്നെ നടപ്പിലായിട്ടില്ലെങ്കിലും തൽക്കാലം രണ്ടാഴ്ചത്തേക്ക് യുദ്ധത്തിൽ നിന്ന് മാറിനിൽക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. നിലവിലെ വെടിനിർത്തൽ പ്രശ്നപരിഹാരമായി കണക്കാക്കാൻ സാധിക്കില്ല. ഇനി നടക്കാൻ പോവുന്ന ചർച്ചകളിലായിരിക്കും അതിനുള്ള സാധ്യത ഉരുത്തിരിയുക.
