മസ്ക്- വിവേക് കാബിനറ്റും ട്രംപിന്റെ DOGE അജണ്ടയും

ശതകോടീശ്വരനായ ഇലോൺ മസ്കിനും ഇന്ത്യൻ അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമിക്കും സുപ്രധാന റോൾ നൽകാൻ ഡോണൾഡ് ട്രംപ്. ക്യാബിനറ്റിന് പുറത്ത് ഉപദേശകരായി ഇവരെ ഒപ്പം നിർത്തി ഭരിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാരിൻെറ സാമ്പത്തിക നയരൂപീകരണത്തിന് വേണ്ടി പുതിയൊരു വകുപ്പും കൊണ്ടുവരുന്നുണ്ട്.

മേരിക്കയുടെ പുതിയ പ്രസിഡൻറായി ഡോണൾഡ് ട്രംപ് (Donald Trump) ചുമതലയേൽക്കുന്നതിന് മുമ്പായി ക്യാബിനറ്റുമായി ബന്ധപ്പെട്ട ചർച്ച ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ ശക്തനായ ട്രംപ് ‘അമേരിക്ക ഫസ്റ്റ്’ (America First) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോവാനാണ് ലക്ഷ്യമിടുന്നത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ (Republican Party) പ്രചാരണത്തിന് പണമൊഴുക്കിയ ലോകത്തിലെ അതിസമ്പന്നനായ ഇലോൺ മസ്കിന് (Elon Musk) ഭരണത്തിൽ സുപ്രധാന റോളുണ്ടാവുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൻെറ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിച്ചും, നേരിട്ട് റാലികളിൽ സംസാരിച്ചും മസ്ക് ട്രംപിനൊപ്പമുണ്ടായിരുന്നു. ‘ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി’ (DOGE) എന്ന പുതിയൊരു വകുപ്പ് സൃഷ്ടിച്ച് മസ്കിനെ അതിൻെറ തലവനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രസിഡൻറ് സ്ഥാനാർഥിത്വത്തിന് ശ്രമിക്കുകയും പിന്നീട് ട്രംപിനായി പിൻമാറുകയും ചെയ്ത വിവേക് രാമസ്വാമിയും (Vivek Ramaswamy) ഉണ്ട്. മസ്കും വിവേകും ചേർന്ന് ‘ഡോജി’നെ നയിക്കുമെന്നാണ് ട്രംപിൻെറ പ്രഖ്യാപനം.

എന്താണ് DOGE?

വൈറ്റ് ഹൗസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു വകുപ്പായിട്ടാണ് ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസിയെ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് പറയുന്നത് പ്രകാരം, ക്യാബിനറ്റിന് പുറത്ത് നിന്നും ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുകയെന്നതാണ് ഇതിൻെറ ചുമതല. സാമ്പത്തിക കാര്യങ്ങൾ, സംരംഭങ്ങളുടെ സാധ്യതകൾ, ക്രിപ്റ്റോകറൻസി, അമേരിക്കൻ സർക്കാരിൻെറ അനാവശ്യ ചെലവ് കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഡോജ് ഉപദേശങ്ങൾ നൽകുമെന്നാണ് കരുതുന്നത്. എങ്ങനെയാണ് ഇത് പ്രവർത്തിക്കുകയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. “മസ്കും വിവേകും എൻെറ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ബ്യൂറോക്രസിയെ നിയന്ത്രിക്കുക, അനാവശ്യ നിയന്ത്രണങ്ങൾ കുറയ്ക്കുക, അധികച്ചെലവ് കുറയ്ക്കുക, ഫെഡറൽ ഏജൻസികളുടെ ഘടനയിൽ മാറ്റം വരുത്തുക എന്നിവയൊക്കെ ഇവരുടെ ചുമതലയിൽ വരും” - ട്രംപ് പറയുന്നത് ഇങ്ങനെയാണ്.

ഇതിന് ചില മറ്റുവശങ്ങൾ കൂടിയുണ്ട്. ഇലോൺ മസ്ക് കാര്യമായി പ്രോത്സാഹിപ്പിക്കുന്ന ക്രിപ്റ്റോകറൻസി ഡോജികോയിനുമായി (Dogecoin) സാമ്യമുള്ള പേരാണ് വകുപ്പിന് ഇട്ടിരിക്കുന്നത്. ട്രംപിൻെറ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡോജ്കോയിൻ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 145 ശതമാനമാണ് ഉയർച്ച നേടിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബിറ്റ്കോയിൻ, എഥിരിയം തുടങ്ങിയ മറ്റ് ക്രിപ്റ്റോകറൻസികളെ മറികടന്നാണ് ഡോജികോയിൻെറ കുതിപ്പ്. ഇലോൺ മസ്ക് തൻെറ പൊതുപരിപാടികളിൽ പലപ്പോഴും ഡോജികോയിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ട്രംപും ഇതിന് വലിയ പിന്തുണ നൽകിയിട്ടുണ്ട്. നിക്ഷേപകർക്കും താൽപര്യം വർധിച്ചതോടെയാണ് വിപണിയിൽ ഡിമാൻഡ് കുത്തനെ ഉയർന്നിരിക്കുന്നത്. ക്രിപ്റ്റോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു സാമ്പത്തികനയമായിരിക്കും രണ്ടാം ട്രംപ് ഭരണകൂടം മുന്നോട്ട് വെക്കുകയെന്ന് വിലയിരുത്തലുണ്ട്. ഡോജികോയിനൊപ്പം തന്നെ ക്രോണോസ്, നെയ്റോ, കാർഡനോ, പെപെ തുടങ്ങിയ ക്രിപ്റ്റോകറൻസിയും കഴിഞ്ഞ ഒരാഴ്ചക്കിടയിൽ വലിയ നേട്ടത്തിലെത്തിയിട്ടുണ്ട്.

മസ്കിനെയും വിവേകിനെയും പുറത്ത് നിർത്തി ഒരു നിഴൽ ഭരണകൂടം സൃഷ്ടിക്കാനാവും ട്രംപ് ശ്രമിക്കുന്നതെന്ന് ഇപ്പോൾ തന്നെ വിമർശനം ഉയർന്ന് തുടങ്ങിയിട്ടുണ്ട്. ക്യാബിനറ്റിൽ ഉൾപ്പെടുന്നവർ തങ്ങളുടെ സ്വത്തുവിവരങ്ങൾ അടക്കം വെളിപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, നേരിട്ട് ക്യാബിനറ്റിൽ ഉൾപ്പെടാത്തതിനാൽ മസ്കിനും വിവേകിനും ഇത് വേണ്ടിവരില്ല. ഫെഡറൽ അഡ്വൈസറി കമ്മിറ്റി നിയമത്തിന് കീഴിലായിരിക്കും പുതിയ വകുപ്പ് കൊണ്ടുവരികയെന്നാണ് റിപ്പോർട്ടുകൾ.

Comments