കുടിയേറ്റക്കാരെ തുരത്താൻ Los Angeles കത്തിക്കുന്ന അമേരിക്കൻ ട്രംപിസം

“അമേരിക്കയെന്നത് കുടിയേറ്റക്കാരുണ്ടാക്കിയ രാജ്യമാണ്. അമേരിക്കയിലെ ഓരോ ഫെഡറൽ സ്റ്റേറ്റും തെക്കൻ അമേരിക്കൻ ഭൂമേഖലയിൽ നിന്ന് വെട്ടിപ്പിടിച്ച് കൂട്ടിച്ചേർത്തതാണ്. കുടിയേറ്റക്കാരാൽ നിർമ്മിക്കപ്പെട്ട അമേരിക്ക കുടിയേറ്റക്കാരെ വേട്ടയാടുന്ന അവസ്ഥയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്,” ലോസ് ഏഞ്ചൽസ് പ്രതിഷേധത്തിൻെറ പശ്ചാത്തലത്തിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻെറ കുടിയേറ്റവിരുദ്ധ നിലപാടുകളെക്കുറിച്ച് കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

മേരിക്കൻ സ്വതന്ത്രസമൂഹത്തിന്റെ ഹിംസ്രമുഖമാണിപ്പോൾ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും സ്വതന്ത്രസമൂഹത്തിന്റെ മാതൃകയെന്നും വലതുപക്ഷ ബുദ്ധിജീവികൾ പറഞ്ഞുനടക്കുന്ന അമേരിക്ക കുടിയേറ്റവിരുദ്ധതയുടെയും വംശീയസംഘർഷങ്ങളുടെയും നരകഭൂമിയായിരിക്കുന്നു. ട്രംപ് രണ്ടാമതും അധികാരമേറ്റത് കുടിയേറ്റവിരുദ്ധതയും ആംഗ്ലോസാങ്‌സൺ വംശമഹിമയും ആഘോഷിച്ചുകൊണ്ടായിരുന്നു. ലോസ് ഏഞ്ചൽസിൽ ട്രംപിന്റെ കുടിയേറ്റ വിരുദ്ധതക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. അതിനെ അടിച്ചമർത്താനായി നാഷണൽഗാർഡിനെ വിന്യസിച്ചിരിക്കുന്നു. കാലിഫോർണിയ നാഷണൽ ഗാർഡ്സിൽ നിന്ന് 2000 പേരെയാണ് പ്രദേശത്ത് വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടത്. 60 ദിവസത്തേക്കാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

രേഖകളില്ലാത്ത കുടിയേറ്റക്കാർക്കായി ഹോംലാന്റ് സെക്യൂരിറ്റിയടക്കം വിവിധ വകുപ്പുകളും ഏജൻസികളും കഴിഞ്ഞദിവസങ്ങളിൽ നടത്തിയ റെയ്ഡുകളെ തുടർാണ് പാരമൗണ്ട് നഗരത്തിൽ ജനങ്ങൾ പ്രതിഷേധമുയർത്തിയത്. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കെത്തി. കുടിയേറ്റവിരുദ്ധതയുടെ ഉന്മാദം പടർത്തി ഈ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനജീവിതത്തിനുംനേരെ ഭരണകൂടഭീകരത അഴിച്ചുവിട്ടിരിക്കുകയാണ് ട്രംപ്. റെയ്ഡുകൾ നടത്തി എത്രയോപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഫാഷൻ ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടന്ന തിരച്ചിലിൽ 100 കണക്കിനുപേരെയാണ് ഫെഡറൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരായി ഉയർന്നുവന്ന പ്രതിഷേധത്തെ പൊലീസ് മൃഗീയമായി അടിച്ചമർത്തുകയായിരുന്നു.

ജനാധിപത്യവിരുദ്ധമായി ട്രംപ് ഭരണകൂടം നാഷണൽ ഗാർഡ്‌സിനെ പാവപ്പെട്ട ജനങ്ങൾക്കുനേരെ കയറൂരിവിടുകയായിരുന്നു. ലോസ്ഏഞ്ചൽസ് മേയർ അറിയാതെയാണ് ട്രംപ് നാഷണൽ ഗാർഡ്‌സിനെ ഈ പ്രദേശങ്ങളിലേക്ക് വിന്യസിച്ചത്. ഇതിനെതിരെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മേയർ ഗാർവിൻ ന്യൂസോം ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അതേപോലെ പാരമൗണ്ട് നഗരം മേയറും ട്രംപിന്റെ നടപടിയിൽ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി കുടിയേറ്റക്കാരെ വേട്ടയാടുന്ന ട്രംപ് ഭരണകൂടത്തിനെതിരെ ഈ മേഖലയിൽ പ്രതിഷേധം പടരുകയാണ്. ഇനിയും പ്രതിഷേധം ശക്തിപ്പെട്ടാൽൽ പട്ടാളത്തെ ഇറക്കുമൊണ് പ്രതിരോധസെക്രട്ടറി പീറ്റ്‌ഹെഗ്‌സെത് ഭീഷണി മുഴക്കിയിരിക്കുന്നത്.

അമേരിക്കയെന്നത് കുടിയേറ്റക്കാരുണ്ടാക്കിയ രാജ്യമാണ്. അമേരിക്കയിലെ ഓരോ ഫെഡറൽ സ്റ്റേറ്റും തെക്കൻ അമേരിക്കൻ ഭൂമേഖലയിൽ നിന്ന് വെട്ടിപ്പിടിച്ച് കൂട്ടിച്ചേർത്തതാണ്. കുടിയേറ്റക്കാരാൽ നിർമ്മിക്കപ്പെട്ട അമേരിക്ക കുടിയേറ്റക്കാരെ വേട്ടയാടുന്ന അവസ്ഥയിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. ഹാർവാഡ് സർവ്വകലാശാലക്കെതിരായി ട്രംപ് യുദ്ധപ്രഖ്യാപനം നടത്തിയത് പലസ്തീൻ വിഷയത്തിൽ ആ സർവ്വകലാശാല സ്വീകരിച്ചിരിക്കുന്ന ഉറച്ച നിലപാടുകളുടെ പേരിലാണ്. പലസ്തീനികളായ അറബ് വംശജരെ അവരുടെ ജന്മഭൂമിയിൽ നിന്നും ആട്ടിയോടിച്ചാണ് ട്രംപിന്റെ മുൻഗാമികൾ സയണിസ്റ്റ് രാഷ്ട്രമായ ഇസ്രയേൽ രാഷ്ട്രമുണ്ടാക്കിയത്.

ലോസ് ഏഞ്ചൽസിൽ ട്രംപിന്റെ കുടിയേറ്റ വിരുദ്ധതക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.
ലോസ് ഏഞ്ചൽസിൽ ട്രംപിന്റെ കുടിയേറ്റ വിരുദ്ധതക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.

അത് പലസ്തീനികളുടെ സ്വയംനിർണയാവകാശത്തിനുമുകളിൽ അമേരിക്കയുടെയും ബ്രിട്ടൻെറയും പിന്തുണയോടെ ജൂത മതവംശീയവാദികൾ നടത്തിയ കടന്നാക്രമണമായിരുന്നു. ഇതിനെതിരായിട്ടാണ് ഇന്ത്യൻ വിദ്യാർത്ഥിനിയായ മേഘവെമുരിയെന്ന 25 വയസ്സുകാരി മസാചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ തന്റെ സഹപാഠികളോട് ചിന്തോദ്ദീപകമായ ഒരു പ്രസംഗം നടത്തി ലോകശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. കുടിയേറ്റവിരുദ്ധതയുടെയും വംശീയതയുടേതുമായ അമേരിക്കൻ ഭരണകൂടത്തെ നയിക്കുന്ന തിരുമന്തൻ തലകൾക്കുനേരെയുള്ള തീപ്പന്തമെറിയലായിരുന്നു ആ ഇന്ത്യൻ വിദ്യാർത്ഥിനി നടത്തിയ പ്രസംഗം. ചരിത്രവും ലോകനീതിയും എന്തെന്ന് ട്രംപ് ഭരണകൂടത്തെ ഓർമ്മപ്പെടുത്തിയ മേഘവെമുരിയുടെ പ്രസംഗം ആംഗ്ലോസാങ്‌സൺ വംശീയബോധത്തിനെതിരായ അഗ്നിജ്വാലയായി മാറുകയായിരുന്നു.

അതിനെതുടർന്നാണ് മറ്റൊരു ഇന്ത്യൻ വംശജനായ ബുദ്ധിജീവി, സ്റ്റാൻഫെഡിലെ അധ്യാപകൻ അവിടുത്തെ പുതിയ ബാച്ചിന് തുടക്കംകുറിച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധതയെ കണക്കിനാക്രമിച്ചുകൊണ്ട് പ്രസംഗിച്ചത്. ഡോ.എബ്രഹാം വർഗീസ് എന്ന ആ അധ്യാപകൻ കുടിയേറ്റക്കാരുണ്ടാക്കിയ അമേരിക്ക എന്ന രാജ്യത്ത് കുടിയേറ്റക്കാരെ ശത്രുക്കളായി കാണുന്ന ട്രംപിന്റെ നയങ്ങളെ ശക്തമായി കടന്നാക്രമിക്കുകയായിരുന്നു. ആ മണ്ടൻ നയങ്ങളെ പരിഹസിക്കുകയായിരുന്നു. അമേരിക്കൻ ബൗദ്ധികലോകം ട്രംപിന്റെ പലസ്തീൻ നയത്തിലും കുടിയേറ്റവിരുദ്ധതയിലും ശക്തമായി പ്രതിഷേധമുയർത്തിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ബലപ്രയോഗത്തിന്റെയും മർദ്ദനത്തിന്റെയും അനഭിമത ജനസമൂഹങ്ങൾക്കെതിരായ കടന്നാക്രമണങ്ങളുടെയും സുദീർഘമായ ചരിത്രമാണ് അമേരിക്കയ്ക്കുള്ളത്. ലോകത്തിൽ അമേരിക്കയുടെ പങ്കെന്ത് എന്ന് നിർവ്വചിക്കുന്നതും ഇതര രാജ്യങ്ങളെയും പ്രദേശങ്ങളെയും കീഴടക്കുന്നതും ലോകം ഭരിക്കേണ്ടവർ തങ്ങളാണെന്ന അമേരിക്കൻ വംശീയബോധമാണ് അമേരിക്കൻ ഭരണകൂടത്തെ നയിക്കുന്നത്. റെഡ് ഇന്ത്യൻ വംശജരുടെ മഹാസംസ്‌കാരത്തെ രക്തപങ്കിലമായ അധിനിവേശയുദ്ധങ്ങളിലൂടെ ഉന്മൂലനം ചെയ്ത തങ്ങളുടെ പൂർവ്വികരുടെ ആധിപത്യ അധികാരവാഞ്ഛയെയാണ് അമേരിക്കൻ മേധാവികൾ അനഭിമത സമൂഹങ്ങൾക്കും ഇതര രാഷ്ട്രങ്ങൾക്കുമെതിരായി കടന്നാക്രമണങ്ങളിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

1800-നും 1857-നുമിടയ്ക്കുള്ള കാലത്ത് അമേരിക്ക കീഴടക്കിയ കൊളോണിയൽ പ്രദേശങ്ങളുടെ വിസ്തൃതി 83000 ചതുരശ്ര മൈലായിരുന്നുവെങ്കിൽ 1857-നും 1914-നും ഇടയ്ക്കുള്ള കാലത്ത് കീഴ്‌പ്പെടുത്തിയ കൊളോണിയൽ ഭൂമിയുടെ വിസ്തീർണം 240000 ചതുരശ്ര മൈലായിരുന്നു. അമേരിക്കയെന്നത് ഇതരപ്രദേശങ്ങളെ ചേർത്തും വെട്ടിപ്പിടിച്ചുമുണ്ടാക്കിയ കുടിയേറ്റക്കാരുടെ രാജ്യമാണെന്ന ചരിത്രസത്യത്തെയാണ് ട്രംപും കൂട്ടാളികളും വിസ്മരിച്ചുകളയുന്നത്.

തങ്ങൾക്ക് സ്വീകാര്യമല്ലാത്ത ജനസമൂഹങ്ങൾക്കും ചിന്താഗതികൾക്കും പ്രസ്ഥാനങ്ങൾക്കുമെല്ലാമെതിരായ വിദ്വേഷപ്രചരണവും കയ്യേറ്റവുമാണ് അമേരിക്കൻ ഭരണകൂടത്തിന്റെ എക്കാലത്തെയും സമീപനം. സവിശേഷമായ ഒരുതരം വംശീയബോധവും അസഹിഷ്ണുതയും കൊണ്ട് അമേരിക്കൻ ഭരണകൂടം എക്കാലത്തും തങ്ങൾക്കെതിരായ രാഷ്ട്രങ്ങൾക്കും ജനസമൂഹങ്ങൾക്കും എതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. കറുത്തവർ, കമ്യൂണിസ്റ്റുകാർ, മുസ്ലീങ്ങൾ, യുദ്ധവിരോധികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, മറ്റ് ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെയെല്ലാം ശത്രുക്കളായി മുദ്രകുത്തി വേട്ടയാടുന്ന് അമേരിക്കൻ ഭരണകൂടത്തിന്റെ പതിവ് സ്വഭാവമാണ്. അമേരിക്കയുടെ ലോകാധിപത്യത്തിനും സുരക്ഷിതത്വത്തിനും തടസ്സം സൃഷ്ടിക്കുന്നവരെന്ന് മുദ്രകുത്തിയാണ് ഈ വിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും തുടച്ചുനീക്കാനായി എഫ്.ബി.ഐയെയും അന്താരാഷ്ട്രതലത്തിൽ സി.ഐ.എയുമൊക്കെ അമേരിക്ക അഴിച്ചുവിട്ടിരിക്കുന്നത്.

ട്രംപിന്റെ കുടിയേറ്റവിരുദ്ധതയും വംശീയാക്രമണങ്ങളുമെല്ലാം അമേരിക്കൻ സമൂഹവും സമ്പദ്ഘടനയും എത്തിച്ചേർന്നിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയുടെ പ്രതിഫലനമായി മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോൾ ട്രംപും ഇലോൺ മസ്‌കും തമ്മിൽ നടക്കുന്ന തർക്കങ്ങളും പരസ്പരാരോപണങ്ങളുമെല്ലാം അമേരിക്കൻ ഭരണവർഗം എത്തപ്പെട്ട അത്യന്തം അശ്ലീലകരമായ അപചയത്തെക്കൂടിയാണ് അനാവരണം ചെയ്യുന്നത്.

Comments