അമേരിക്കയിലെ പുതിയ പ്രസിഡൻറായി (US President) സ്ഥാനമെറ്റെടുക്കാൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് (Donald Trump). ജനകീയ വോട്ടുകളിലും സ്വിങ് സ്റ്റേറ്റ്സുകളിലും ഒരുപോലെ പിന്നിലായ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് (Kamala Harris) തോൽവി ഉറപ്പിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പുകളിൽ ഒന്നെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ട്രംപിന് ഏകപക്ഷീയമായ ലീഡ് ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന ഫ്ലോറിഡയിൽ നിന്നാണ് ട്രംപിന് അനുകൂലമായ ഫലം ആദ്യം വന്നത്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന സൗത്ത് കരോളിന, ടെക്സാസ്, ഇന്ത്യാന എന്നിവിടങ്ങളിലെല്ലാം പിന്നീട് ട്രംപ് വിജയം ഉറപ്പാക്കി. ഇതിന് പിന്നാലെ ചാഞ്ചാട്ട സംസ്ഥാനങ്ങളിലും മുന്നേറിയതോടെയാണ് ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡൻറാവുമെന്ന് ഉറപ്പിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽക്കൈ ഉള്ള റെഡ് സ്റ്റേറ്റുകൾക്കും ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ഉള്ള ബ്ലൂ സ്റ്റേറ്റുകൾക്കും പുറമെ എവിടേക്കും ചാഞ്ചാടാൻ സാധ്യതയുള്ള സ്വിങ് സ്റ്റേറ്റുകളിലായിരുന്നു അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത്. ആദ്യഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ തന്നെ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി ലീഡ് നേടിയിരുന്നു. ജോർജിയ, പെൻസിൽവാനിയ, നോർത്ത് കരോളിന, അരിസോണ, മിഷിഗൻ, നെവാഡ, വിസ്കോൻസിൻ എന്നിവയാണ് ഇത്തവണ സ്വിങ് സ്റ്റേറ്റുകൾ. ഇതിൽ കറുത്ത വർഗക്കാർ ധാരാളമുള്ള ജോർജിയയിലാണ് ട്രംപ് ആദ്യം വിജയം ഉറപ്പാക്കിയത്. ഏറെക്കാലമായി റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽക്കൈ ഉള്ള സ്റ്റേറ്റ് ആയിരുന്നുവെങ്കിലും ഇത്തവണ സ്ഥാനാർഥി കമലാ ഹാരിസ് ആയതിനാൽ കടുത്ത പോരാട്ടം ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. 50.7 ശതമാനം വോട്ടുകളും നേടിയാണ് ട്രംപ് ഇവിടുത്തെ 16 ഇലക്ടറൽ വോട്ടുകളും ഉറപ്പാക്കിയത്.
ഒരു വനിതാ പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള അവസരം ഇത്തവണയും അമേരിക്കൻ ജനത വേണ്ടെന്ന് വെക്കുന്നതാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. 2016-ൽ ഹിലരി ക്ലിൻറണെയും പരാജയപ്പെടുത്തിയത് ട്രംപായിരുന്നു. അന്ന് ജനകീയ വോട്ടുകളിൽ ഹിലരിക്കായിരുന്നു നേരിയ മേൽക്കൈ ഉണ്ടായിരുന്നത്. 48 ശതമാനം ജനകീയ വോട്ടുകൾ നേടിയിട്ടും 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് അന്ന് ഹിലരിക്ക് ലഭിച്ചത്. 45.9 ശതാനം മാത്രം ജനകീയ വോട്ടുകൾ നേടിയ ഡോണൾഡ് ട്രംപ് 306 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ആദ്യമായി അമേരിക്കയുടെ പ്രസിഡൻറായത്. ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ഉള്ള ന്യൂയോർക്ക്, മസാച്ചുസെറ്റ്സ്, ഇല്ലിനോയ്സ് തുടങ്ങിയ ഇടങ്ങളിൽ കമല വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ സ്വിങ് സ്റ്റേറ്റുകളിലേക്ക് എത്തിയതോടെ കമലയ്ക്ക് കാലിടറാൻ തുടങ്ങി. നോർത്ത് കരോലിനയിലും പെൻസിൽവാനിയയിലുമെല്ലാം കമല വലിയ തിരിച്ചടിയാണ് നേരിട്ടത്.
ഇത് രണ്ടാം തവണയാണ് ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡൻറ് ആവുന്നത്. നേരത്തെ 2016ൽ ഹിലരിയെ തോൽപ്പിച്ചാണ് ആദ്യമായി പ്രസിഡൻറായത്. പിന്നീട് 2022-ൽ ജോ ബൈഡനോട് പരാജയപ്പെട്ടു. 78ാം വയസ്സിലാണ് ട്രംപ് അധികാരമേൽക്കാൻ ഒരുങ്ങുന്നത്. തുടർച്ചയായി അല്ലാതെ ഒരാൾ രണ്ട് തവണ അമേരിക്കൻ പ്രസിഡൻറ് ആവുന്നത് ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ്. ഡിസംബർ 17ന് ഇലക്ടറൽ കോളേജ് ചേർന്ന് ട്രംപിനെ പുതിയ പ്രസിഡൻറായി ഔദ്യോഗികമായി പ്രഖ്യാപിക്കും. 2025 ജനുവരിയിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. നിലവിൽ ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ട്രംപ് 267 ഇലക്ടറൽ വോട്ടുകളും കമല 224 ഇലക്ടറൽ വോട്ടുകളും ഉറപ്പിച്ചിട്ടുണ്ട്.