അമേരിക്കൻ ചരിത്രത്തിലെ സുപ്രധാനമായ ഒരു പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് (US Election 2024) അതിൻെറ പരിസമാപ്തിയിലാണ്. ഡോണൾഡ് ട്രംപും (Donald Trump) കമലാ ഹാരിസും (Kamala Harris) തമ്മിൽ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. ഇനിയുള്ള നാല് വർഷത്തേക്ക് ആര് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും അത് പുതിയ ചരിത്രവുമായി മാറും. കമലാ ഹാരിസാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡൻറ് ഉണ്ടാവും. ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയായ പ്രസിഡൻെറന്ന നിലയിലും അതൊരു പുതിയ ചരിത്രമാവും.
നിലവിൽ അമേരിക്കയുടെ വൈസ് പ്രസിഡൻറായ കമല, ജോ ബൈഡൻ ഭരണകൂടത്തിൻെറ നയങ്ങൾ കൂടുതൽ ആധികാരികതയോടെ നടപ്പാക്കാനാവും ശ്രമിക്കുക. കുടിയേറ്റം, ഗർഭഛിദ്രം, നികുതി, കാലാവസ്ഥാ - പരിസ്ഥിതി വിഷയങ്ങൾ എന്നിവയിലെല്ലാം അവർ തൻെറ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. താൻ എല്ലാവരുടെയും പ്രസിഡൻറ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് അവർ തൻെറ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചത്. ദേശീയ തലത്തിൽ ജനകീയ വോട്ടുകൾ അടിസ്ഥാനമാക്കി അവസാനഘട്ടം വരെ പുറത്തുവന്ന സർവേഫലങ്ങളിൽ നേരിയ മുൻതൂക്കം കമലയ്ക്കുണ്ട്. എന്നാൽ വിധി നിർണയിക്കുന്ന സ്വിങ് സ്റ്റേറ്റ്സിൽ അവർ പിന്നിലാണെന്ന റിപ്പോർട്ടുകളുമുണ്ട്.
വ്യാജപ്രചാരണങ്ങളും വിദ്വേഷ പ്രസംഗങ്ങളും പച്ചക്കള്ളങ്ങളും നിരത്തി അവസാനനിമിഷം വരെ പ്രചാരണം നടത്തിയ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 78ാം വയസ്സിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപ് ജയിച്ചാൽ അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻറാവും. 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡൻറാവുന്ന വ്യക്തിയായും ട്രംപ് മാറും.
മുമ്പ് പ്രസിഡൻറായ ഘട്ടത്തിൽ തന്നെ ട്രംപ് എന്ന ഏകാധിപതിയെ അമേരിക്കൻ ജനതയും ലോകജനതയും ഒരുപോലെ അറിഞ്ഞതാണ്. കുടിയേറ്റ വിരുദ്ധതയിലും വംശീയതയിലും അഭിരമിക്കുന്ന ട്രംപ് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രീതിയിലാണ് പലപ്പോഴും സംസാരിച്ചിട്ടുള്ളത്. “നമുക്കുള്ളിൽ തന്നെയാണ് നമ്മുടെ ശത്രുക്കൾ ഉള്ളത്. നമുക്കിടയിൽ കുറേ മോശം മനുഷ്യരുണ്ട്. ചില പ്രത്യേക അസുഖമുള്ളവരുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള തീവ്ര ഇടതുപക്ഷക്കാരുമുണ്ട്. ഇവരെ കൈകാര്യം ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമാണ്. ദേശീയ സുരക്ഷാസേനയെ കൊണ്ടോ ആവശ്യമെങ്കിൽ സൈന്യത്തെ കൊണ്ടോ അവരെ കൈകാര്യം ചെയ്യാം” - അമേരിക്കയിലെ തന്നെ ഒരു വിഭാഗം മാധ്യമപ്രവർത്തകരെയും പൊതുപ്രവർത്തകരെയുെല്ലാം ഉദ്ദേശിച്ചാണ് ട്രംപിൻെറ ഈ പരാമർശം. അധികാരത്തിലെത്തിയാൽ ട്രംപ് എങ്ങനെയാവും തൻെറ എതിരാളികളെ കൈകാര്യം ചെയ്യുകയെന്ന കാര്യത്തിൽ കൂടുതൽ തെളിവെന്തിന്?
ട്രംപിന് വേണ്ടി ഏറ്റവും ശക്തമായ പ്രചാരണം നടത്തിയിട്ടുളള ഒരാൾ ശതകോടീശ്വരനായ ഇലോൺ മസ്കാണ്. തൻെറ പ്ലാറ്റ്ഫോമായ എക്സ് പോലും ട്രംപിൻെറ പ്രചാരണത്തിനുള്ള വേദിയാക്കി മസ്ക് മാറ്റിയിരുന്നു. ബിസിനസ് - സാമ്പത്തിക തിരിമറിക്കേസിൽ നേരത്തെ ട്രംപിനെതിരെ കുറ്റം ചുമത്തപ്പെട്ടിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ വന്നാൽ ഇലോൺ മസ്കിനെപ്പോലുള്ളവർക്ക് ഭരണത്തിൽ കൈവരാൻ പോവുന്ന ആധിപത്യം ചെറുതാവില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ അവസാന ഞായറാഴ്ച നടന്ന ട്രംപിൻെറ റാലി അടിമുടി വംശീയതയും വിദ്വേഷവും നിറഞ്ഞതായിരുന്നു. ലാറ്റിനോ സമൂഹം ധാരാളമായുള്ള പ്യൂയർട്ടോ റിക്കോ എന്ന പ്രദേശത്തെ മാലിന്യക്കൂമ്പാരമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ട്രംപിൻെറ അനുയായിയായ കൊമേഡിയൻ ടോണി ഹിഞ്ച്ക്ലിഫ് സംസാരിച്ച് തുടങ്ങിയത്. ഈ പ്രസംഗത്തെ പിന്നീട് ട്രംപിന് തള്ളിപ്പറയേണ്ടി വന്നുവെങ്കിലും വംശീയത തന്നെയായിരുന്നു മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ റാലിയുടെ പ്രത്യേകത. ട്രംപിൻെറ വംശീയ നിലപാടുകൾ അമേരിക്കൻ ജനതയ്ക്ക് പുതുമയുള്ള കാര്യമല്ലെന്നായിരുന്നു ഇതിനോട് ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിൻെറ മറുപടി. പ്യൂയർട്ടോ റിക്കോ കരീബിയയിലുള്ള അമേരിക്കൻ ദ്വീപാണ്. ഇവിടെ ഉള്ളവർക്ക് യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. എന്നാൽ ഈ സമൂഹത്തിലുള്ള നിരവധി പേർ അമേരിക്കയിലുണ്ട്. ഒരു കൂട്ടം മനുഷ്യരെയാണ് ട്രംപും തൻെറ അനുയായികളും ചേർന്ന് വംശീയമായി അധിക്ഷേപിച്ചത്.
ഒരുഭാഗത്ത് വിദ്വേഷം വിതയ്ക്കുന്ന പ്രചാരണങ്ങളുമായി ട്രംപ് നീങ്ങിയപ്പോൾ മറുവശത്ത് സമാധാനവും ആശ്വാസവും പകരുന്ന വാക്കുകളാണ് കമലയിൽ നിന്ന് ഉണ്ടായതെന്ന് അന്തർദ്ദേശീയ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടുമെന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ അവസാനഘട്ടത്തിൽ കമല ലോകജനതയ്ക്ക് നൽകിയിട്ടുള്ള വാഗ്ദാനം. “പ്രസിഡൻറ് ആയാൽ എൻെറ അധികാരം ഉപയോഗിച്ച് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ പറ്റാവുന്ന കാര്യങ്ങളെല്ലാം ചെയ്യും” - കമല വ്യക്തമാക്കി. ഇസ്രായേൽ ഗാസയിലും ലെബനനിലും നടത്തുന്ന കൊടും ക്രൂരതകൾക്ക് ബൈഡൻ ഭരണകൂടം ഉത്തരവാദിയാണെന്ന വിമർശനം കമലയ്ക്കെതിരെ ഉയർന്നിരുന്നു.
മിഷിഗൻ പോലെ പതിനായിരക്കണക്കിന് അറബ് അമേരിക്കൻ, മുസ്ലിം വോട്ട് ബാങ്കുള്ള മേഖലകളിൽ ഇത് തിരിച്ചടിയാവുമെന്നും കരുതിയിരുന്നു. അവിടെയാണ് യുദ്ധം അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന കമലയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഗർഭഛിദ്രം അവകാശമാക്കുന്ന പുതിയ ബില്ലിൽ ഒപ്പിടുമെന്നതാണ് കമലയുടെ മറ്റൊരു പ്രധാന വാഗ്ദാനം. അക്കാര്യത്തിൽ പിന്നോട്ടില്ലെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
“എന്നോട് വിയോജിപ്പുള്ളവരെയും വിമർശിക്കുന്നവരെയും ഞാനെൻെറ ശത്രുക്കളായിട്ടല്ല കാണുന്നത്. എൻെറ ടേബിളിൽ ഞാൻ അവർക്കൊരു സീറ്റ് നൽകും. ശക്തരായ നേതാക്കൾ അങ്ങനെയാണ് ചെയ്യുക” - കമല അവസാനം നടത്തിയ തെരഞ്ഞെടുപ്പ് റാലികളിലൊന്നിൽ പറഞ്ഞു. തൻെറ ശത്രുക്കളെ അധികാരം ഉപയോഗിച്ചും സൈനികശക്തി ഉപയോഗിച്ചും നേരിടുമെന്ന് പ്രഖ്യാപിച്ച ട്രംപിനുള്ള മറുപടി കൂടിയായിരുന്നു ഇത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിൻെറ വിധി നിർണയിക്കുന്ന വോട്ടെടുപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ചൊവ്വാഴ്ച പുലർച്ചെയോടെ പുതിയ പ്രസിഡൻറ് ആരാവുമെന്നതിൻെറ സൂചനകൾ ലഭിച്ച് തുടങ്ങും. ഇനി അതിനുള്ള കാത്തിരിപ്പാണ്.