യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ട്രംപിന്റെ
കോളനിയായി
ചുരുങ്ങുമോ ലോകം?

‘‘അമേരിക്ക അടുത്തത് എന്തായിരിക്കും ചെയ്യുക, അടുത്തത് തങ്ങളുടെ ഊഴമായിരിക്കുമോ എന്നൊക്കെയുള്ള ഭയത്തിലാണ് ഭൂഖണ്ഡവ്യത്യാസമില്ലാതെ ലോകരാജ്യങ്ങളിപ്പോൾ. കാലങ്ങളായുള്ള അമേരിക്കയുടെ ഏറ്റവും വലിയ പങ്കാളികളായിരുന്ന കാനഡക്കും യൂറോപ്പിനുമൊന്നും ട്രംപിൽനിന്നും രക്ഷയില്ല എന്ന അവസ്ഥയിൽ മറ്റു രാജ്യങ്ങളുടെ അരക്ഷിതാവസ്ഥ പറയാനുണ്ടോ?’’- സന്ധ്യാ മേരി എഴുതുന്നു.

കാര്യങ്ങൾ ഇത്രയെളുപ്പമാണെന്ന് ലോകത്താരും ഇതുവരെ കരുതിയിരുന്നില്ല. നിങ്ങൾക്കിഷ്ടമല്ലാത്ത ലോകനേതാവിനെ മയക്കുമരുന്നുകടത്തുകാരൻ എന്നാരോപിച്ച് അർദ്ധരാത്രി കിടക്കപ്പായയിൽനിന്ന് തട്ടിക്കൊണ്ടുപോരുക! അതിനുശേഷം മയക്കുമരുന്നിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ അവരുടെ എണ്ണ ഇനി ഞങ്ങളുടേതാണ് എന്ന് ഒരു വളച്ചുകെട്ടുമില്ലാതെ പറയുക!

ഔപചാരികതയുടേയോ നയതന്ത്രത്തിന്റേയോ അകമ്പടിയില്ലാത്ത ഇന്റർനാഷണൽ റിലേഷൻസ് എത്ര എളുപ്പം ഒരു ലോകനേതാവിനെ കൈയിലും കാലിലും വിലങ്ങണിയിച്ച് ലോകസമക്ഷം നടത്തിക്കൊണ്ടുപോകുന്ന കാഴ്ച അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.

എന്നിരിക്കിലും വെനസ്വേലക്കെതിരേ എതെങ്കിലും തരത്തിലുള്ള ആക്രമണം ലോകം പ്രതീക്ഷിച്ചിരുന്നുതാനും. കരിബിയൻ പ്രദേശത്തുള്ള വൻസേനാസന്നാഹവും മയക്കുമരുന്നുകടത്താരോപിച്ച് ആ പ്രദേശങ്ങളിലെ ബോട്ടുകളുടെമേൽ അമേരിക്കൻ സൈന്യവും കോസ്റ്റ്ഗാർഡും നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങളും അനുബന്ധ കൊലപാതകങ്ങളും നിക്കോളാസ് മഡുറോയുടെ മേലുള്ള ആരോപണങ്ങളുമൊക്കെ അതിന്റെ മുന്നൊരുക്കങ്ങളായിരുന്നല്ലോ.

മഡുറോയെ ഉറക്കത്തിൽ കിടക്കപ്പായിൽനിന്ന് കിഡ്‌നാപ്പ് ചെയ്തുകൊണ്ടുപോന്ന ഡോണൾഡ് ട്രംപ് അതിനുശേഷം തന്റെ ആഡംബരവസതിയായ മാറിലാഗോയിലും എയർഫോഴ്‌സ് വണ്ണിലുമായി നടത്തിയ വാർത്താസമ്മേളനങ്ങളിൽ, കൊളംബിയക്കും ക്യൂബക്കും മെക്‌സിക്കോക്കും താക്കീതു കൊടുക്കുകയും ചെയ്തു. കൊളംബിയൻ പ്രസിഡന്റ് ഗസ്താവോ പെട്രോയോട് watch your ass എന്നാണ് ട്രംപ് പറഞ്ഞത്. ഒപ്പം ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെപ്പറ്റി വളരെ സീരിയസായിത്തന്നെ വീണ്ടും പറയുകയും ചെയ്തു. രാജാവ് എന്ന സങ്കൽപ്പത്തോട് തനിക്കുള്ള അഭിനിവേശം എല്ലാക്കാലത്തും പ്രകടമാക്കിയിട്ടുള്ള ട്രംപ് പടിഞ്ഞാറൻ അർദ്ധഗോളത്തിന്റെയും കഴിയുമെങ്കിൽ ലോകത്തിന്റെയും രാജാവായി സ്വയം കണ്ടുകഴിഞ്ഞിരിക്കുന്നു. ഇനി ലോകം എങ്ങോട്ടാണുപോകുന്നതെന്ന് കണ്ടുതന്നെ അറിയണം. കാരണം തനിക്കുവേണ്ടത് എങ്ങനേയും സ്വന്തമാക്കുന്ന, തനിക്കുതോന്നുന്നത് മാത്രം ചെയ്യുന്ന ഒരു 'കിറുക്കൻ കിഴവൻ' ആണയാൾ. (പ്രയോഗത്തിലെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് ഇല്ലായ്മ ട്രംപിന്റെ പേരിലായതുകൊണ്ട് ഗൗനിക്കുന്നില്ല.)

ഒരു ലോകനേതാവിനെ കൈയിലും കാലിലും വിലങ്ങണിയിച്ച് ലോകസമക്ഷം നടത്തിക്കൊണ്ടുപോകുന്ന കാഴ്ച അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.
ഒരു ലോകനേതാവിനെ കൈയിലും കാലിലും വിലങ്ങണിയിച്ച് ലോകസമക്ഷം നടത്തിക്കൊണ്ടുപോകുന്ന കാഴ്ച അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.

അമേരിക്കക്കകത്തും അമേരിക്കക്കു പുറത്തും ഒരുവിധത്തിലുള്ള നിയമങ്ങളും താൻ അനുസരിക്കാൻ പോകുന്നില്ല എന്ന് ട്രംപ് കിട്ടുന്ന ഓരോ അവസരത്തിലും വ്യക്തമാക്കുന്നുണ്ട്. എന്നു മാത്രമല്ല, അതിൽ വലിയൊരു നാർസിസ്റ്റിക് ആനന്ദവും അയാൾ അനുഭവിക്കുന്നുണ്ട്. മറ്റൊരു രാജ്യവുമായി യുദ്ധത്തിലേർപ്പെടാനുള്ള അധികാരം യുഎസ് പ്രസിഡന്റിനില്ല. അമേരിക്കൻ കോൺഗ്രസാണ് അതിന് സമ്മതം കൊടുക്കേണ്ടത്. ഇത് കോൺഗ്രസിനെ അറിയിച്ചിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'അവർക്ക് സംഗതികൾ ലീക്ക് ചെയ്യാനുള്ള ടെൻഡൻസി ഉണ്ട്' എന്നാണ് ട്രംപ് മറുപടി പറഞ്ഞത്.

ഇക്കാര്യത്തിൽ പ്രശസ്ത ജേർണലിസ്റ്റ് റേച്ചൽ മാഡോ നടത്തിയ ഒരു നിരീക്ഷണമുണ്ട്: 'കോൺഗ്രസിന്റെ അംഗീകാരത്തോടെ, അതായത് നിയമവിധേയമായും കോൺഗ്രസിന്റെ അംഗീകാരമില്ലാതെ, അതായത് നിയമവിരുദ്ധമായും യുദ്ധത്തിനുപോകാൻ രണ്ട് ഓപ്ഷനുകൾ മുന്നിലുണ്ടെങ്കിൽ ട്രംപ് തിരഞ്ഞെടുക്കുക രണ്ടാമത്തെ ഓപ്ഷനാണ്. കോൺഗ്രസിനെ ധിക്കരിക്കുകവഴി താൻ കൂടുതൽ ശക്തനാണെന്ന തോന്നൽ ജനങ്ങൾക്ക് കൊടുക്കാൻ ഇതുവഴി ട്രംപിന് കഴിയും.'

'WE are going to run the country...', ഇതുപറഞ്ഞ വാർത്താസമ്മേളനത്തിൽ ഏതാണ്ട് ഇരുപത്തഞ്ചോളം തവണയാണ് ട്രംപ് വെനസ്വേലൻ എണ്ണയെപ്പറ്റി പറഞ്ഞത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച അമേരിക്കൻ എണ്ണക്കമ്പനികൾക്ക് വൻലാഭം ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

ട്രംപിന്റെ അമേരിക്കൻ സാമ്രാജ്യത്തിലെ സൗത്ത് അമേരിക്കൻ വൈസ്രോയി ആയി സ്വയം കാണുന്ന ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോ ട്രംപിനേക്കാൾ മയപ്പെടുത്തിയാണ് ഇക്കാര്യം പറഞ്ഞത്. ഇതൊരു 'ലോ ആൻഡ് ഓർഡർ' അതല്ലെങ്കിൽ ഒരു അറസ്റ്റ് പ്രക്രിയ മാത്രമായതിനാൽ കോൺഗ്രസിന്റെ അംഗീകാരം വേണ്ടത്രേ. ക്യൂബൻ കുടിയേറ്റക്കാരുടെ മകനായ റൂബിയോ സൗത്ത് അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായകസ്വാധീനം എക്കാലത്തും സ്വപ്‌നം കാണുന്ന വ്യക്തിയാണ്. മാധ്യമപ്രവർത്തകനും വിദേശകാര്യ വിദഗ്ദ്ധനുമായ ജെയ്മി റൂബിന്റെ അഭിപ്രായപ്രകാരം ഇപ്പോൾ തീവ്ര വലതുപക്ഷക്കാരും ഇടതുപക്ഷക്കാരുമായ രാഷ്ട്രത്തലവന്മാർക്കിടയിൽ വിഭജിച്ചുനിൽക്കുന്ന സൗത്ത് അമേരിക്കയെ പൂർണ്ണമായും തീവ്രവലതാക്കാനുള്ള റൂബിയോയുടെ ഐഡിയോളജിക്കൽ താൽപ്പര്യവും ട്രംപിന്റെ കച്ചവടതാൽപ്പര്യവും ഒത്തുചേർന്നതാണ് വെനസ്വേലൻ ആക്രമണം. കടുത്ത കാസ്‌ട്രോ വിരുദ്ധ കുടുംബത്തിൽ നിന്നുള്ള റൂബിയോ സൗത്ത് അമേരിക്കയിൽനിന്നും സോഷ്യലിസവും കമ്മ്യൂണിസവും ഉന്മൂലനം ചെയ്യണമെന്ന് കഠിനമായി ആഗ്രഹിക്കുന്ന വ്യക്തിയാണ്.

'WE are going to run the country...', ഇതുപറഞ്ഞ വാർത്താസമ്മേളനത്തിൽ ഏതാണ്ട് ഇരുപത്തഞ്ചോളം തവണയാണ് ട്രംപ് വെനസ്വേലൻ എണ്ണയെപ്പറ്റി പറഞ്ഞത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച അമേരിക്കൻ എണ്ണക്കമ്പനികൾക്ക് വൻലാഭം ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. വെനസ്വേല ആക്രമിക്കാൻ പോകുന്ന കാര്യം കോൺഗ്രസിനെ അറിയിച്ചില്ലെങ്കിലും അതിനുമുമ്പുതന്നെ ട്രംപ് എണ്ണകമ്പനികളുമായി ചർച്ചചെയ്തിരുന്നു. ഒരുസംഘം അമേരിക്കൻ എനർജി നിക്ഷേപകർ വൈറ്റ്ഹൗസിൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ഇനി ട്രംപിനും കുടുംബത്തിനും ഏറ്റവും കൂടുതൽ പണം നൽകുന്നതിനനുസരിച്ച് അവർക്ക് കരാറുകൾ നൽകിത്തുടങ്ങും! ട്രംപിന് കൃത്യമായ വിദേശനയമോ ആഭ്യന്തരനയമോ ഒന്നും ഇല്ല. എത്ര പണം എവിടെനിന്ന് കിട്ടും എന്നതുമാത്രമാണ് ട്രംപ് നോക്കുന്നത്. വെനസ്വേലൻഎണ്ണ താൻ നേരിട്ടുകൈകാര്യം ചെയ്യും എന്നാണല്ലോ അയാൾ പറഞ്ഞത്.

ട്രംപിന്റെ അമേരിക്കൻ സാമ്രാജ്യത്തിലെ സൗത്ത് അമേരിക്കൻ വൈസ്രോയി ആയി സ്വയം കാണുന്ന ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോ ട്രംപിനേക്കാൾ മയപ്പെടുത്തിയാണ് ഇക്കാര്യം പറഞ്ഞത്. ഇതൊരു 'ലോ ആൻഡ് ഓർഡർ' അതല്ലെങ്കിൽ ഒരു അറസ്റ്റ് പ്രക്രിയ മാത്രമായതിനാൽ കോൺഗ്രസിന്റെ അംഗീകാരം വേണ്ടത്രേ.
ട്രംപിന്റെ അമേരിക്കൻ സാമ്രാജ്യത്തിലെ സൗത്ത് അമേരിക്കൻ വൈസ്രോയി ആയി സ്വയം കാണുന്ന ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോ ട്രംപിനേക്കാൾ മയപ്പെടുത്തിയാണ് ഇക്കാര്യം പറഞ്ഞത്. ഇതൊരു 'ലോ ആൻഡ് ഓർഡർ' അതല്ലെങ്കിൽ ഒരു അറസ്റ്റ് പ്രക്രിയ മാത്രമായതിനാൽ കോൺഗ്രസിന്റെ അംഗീകാരം വേണ്ടത്രേ.

ഒട്ടേറെ അമേരിക്കക്കാരുടെ മരണത്തിനു കാരണമാകുന്ന ഫെന്റനിൽ മഡുറോ വൻതോതിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു എന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. എന്നാൽ വെനസ്വേലയിൽ ഫെന്റനിൽ ഉൽപ്പാദിപ്പിക്കുന്നേയില്ല എന്നതാണ് സത്യം. വെനസ്വേല ഉൽപ്പാദിപ്പിക്കുന്നത് കൊക്കെയ്‌നാണെന്നും അതിന്റെ തൊണ്ണൂറു ശതമാനവും പോകുന്നത് യൂറോപ്പിലേക്കാണെന്നും യുഎസ് മീഡിയയും പല യു എസ് ജനപ്രതിനിധികളും വ്യക്തമായി പറയുന്നുണ്ട്. ഇനി അതങ്ങനെയാണെങ്കിൽത്തന്നെ ഈയടുത്താണല്ലോ അമേരിക്കയിലേക്ക് 400 ടൺ കൊക്കെയ്ൻ കടത്തിയെന്ന കുറ്റത്തിന് അമേരിക്കയിൽ 45 വർഷത്തെ ജയിൽവാസമനുഭവിക്കുന്ന ഹോണ്ടുറാസ് പ്രസിഡന്റിന് (പിറകിലൂടെയുള്ള ഡീലിൻ പ്രകാരം) ട്രംപ് മാപ്പുനൽകിയത്. അതെന്തൊരു ഇരട്ടത്താപ്പാണ്.

ഇനി ട്രംപിന്റെ മറ്റൊരാരോപണമായ സ്വേഛാധിപത്യത്തിലേക്കു വന്നാൽ, ലോകം മുഴുവൻ സ്വേഛാധിപധികളായ ഇഷ്ടംപോലെ രാഷ്ട്രത്തലവന്മാരുണ്ട്. അവിടെയെല്ലാം അമേരിക്ക കേറി ഇടപെടുമോ? ലോകത്തിലെ ഏറ്റവും വലിയ സ്വേഛാധിപതികളായ കിം ജോങ് ഉന്നിനോടും പുട്ടിനോടുമൊക്കെയുള്ള ട്രംപിന്റെ ആരാധന നമുക്കറിയാം.

'WE are going to run the country...', ഇതുപറഞ്ഞ വാർത്താസമ്മേളനത്തിൽ ഏതാണ്ട് ഇരുപത്തഞ്ചോളം തവണയാണ് ട്രംപ് വെനസ്വേലൻ എണ്ണയെപ്പറ്റി പറഞ്ഞത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച അമേരിക്കൻ എണ്ണക്കമ്പനികൾക്ക് വൻലാഭം ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

മഡുറോ ഒരു വിശുദ്ധനായ രാഷ്ട്രത്തലവനാണെന്ന് ലോകത്താരെങ്കിലും വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. മഡുറോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻകൃത്രിമം കാണിച്ചു എന്ന പ്രതിപക്ഷആരോപണം വലിയൊരു സത്യമായി ലോകത്തിനു മുന്നിലുണ്ട്. അതുപോലെ വെനസ്വേലൻ പ്രതിപക്ഷപ്രവർത്തകർ പലപ്പോഴും കൊടിയ പീഢനം, തടവ് ഒക്കെ അനുഭവിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലും കൊലപാതകവുമൊക്കെ നടക്കുന്നുണ്ട്. പല പ്രതിപക്ഷപ്രവർത്തകരും ഇതൊക്കെ പേടിച്ച് പ്രവാസത്തിലാണ്. ലക്ഷങ്ങൾ നാടുവിട്ട് പലായനം ചെയ്തു. വെനസ്വേലൻ എണ്ണ രാജ്യത്തെ സമ്പന്നമാക്കിയില്ലെങ്കിലും മഡുറോയെ അതിസമ്പന്നനാക്കി എന്നത് യാഥാർത്ഥ്യമാണ്. മഡുറോക്കുവേണ്ടി ഹാജരാവാൻ അമേരിക്കയിലെ അതിപ്രശസ്തമായ നിയമസ്ഥാപനങ്ങൾ ഒക്കെ മുന്നോട്ടുവന്നിരുന്നല്ലോ. അതൊരു ഹൈ പ്രൊഫൈൽ കേസാണെന്നതുമാത്രമല്ല കാരണം. മഡുറോ അതിസമ്പന്നനാണ് എന്നതുകൂടിയാണ്. മഡുറോ കിഡ്‌നാപ്പ് ചെയ്യപ്പെട്ടതിനെത്തുടർന്ന് സ്വിസ് ഫെഡറൽ കൗൺസിൽ മഡുറോയുടെയും ക്രോണികളുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിരുന്നു. സ്വിസ് ബാങ്കിൽ അക്കൗണ്ടുകളുള്ള ഒരു നേതാവ് എന്റെ കണ്ണിൽ എന്തായാലും കമ്മ്യൂണിസ്റ്റുകാരനല്ല.

മഡുറോക്കു പകരം സ്ഥാനമേറ്റെടുത്ത വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇതിനകം ട്രംപുമായി ഡീലുണ്ടാക്കിയിട്ടുണ്ടാകുമെന്ന് ഏതാണ്ട് നൂറുശതമാനവും ഉറപ്പാണ്. ഡെൽസി റോഡ്രിഗസ് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വഴങ്ങും എന്ന് ട്രംപ് ഉറപ്പിച്ചുപറയുകയും ചെയ്തല്ലോ. മഡുറോയേക്കാൾ മഡുറോയായിട്ടുള്ള ആളാണ് ഡെൽസി റോഡ്രിഗസ്. മഡുറോയും ഡെൽസിയും ഡെൽസിയുടെ സഹോദരനുമെല്ലാം ചേർന്ന ഒരു പവർഹൗസാണ് വർഷങ്ങളായി വെനസ്വേലയുടെ ഭരണം നിയന്ത്രിച്ചിരുന്നത്. മഡുറോ സർക്കാരിനുള്ളിൽ നല്ല സ്വാധീനമുള്ള ആരുടെയെങ്കിലും സഹായമില്ലാതെ ഇത്ര കിറുകൃത്യമായ ഒരു ഓപ്പറേഷൻ നടത്തുക അസാദ്ധ്യമാണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

മഡുറോയെ മാറ്റി ഡെൽസി റോഡ്രിഗസിനെ പിന്തുണക്കുക വഴി 'വെനസ്വേലയിലെ സ്വേഛാധിപത്യ ഭരണകൂടത്തെ മാറ്റുക' എന്ന ട്രംപ് സർക്കാരിന്റെ മുൻഭാഷ്യവും ഇല്ലാതായി. മാത്രമല്ല, ട്രംപിനെ വാനോളം പുകഴ്ത്തിയിരുന്ന പ്രധാന പ്രതിപക്ഷനേതാവും നോബൽ സമ്മാന ജേത്രിയുമായ മറിയ കൊറീന മച്ചാഡോയെ 'അവർക്ക് രാജ്യത്ത് കാര്യമായ സപ്പോർട്ട് ഇല്ല, ആളുകൾ അവരെ ബഹുമാനിക്കുന്നില്ല' എന്നൊക്കെ പറഞ്ഞ് ട്രംപ് അൽപ്പം പുഛത്തോടെതന്നെ പുല്ലുപോലെ തള്ളിക്കളഞ്ഞു. മച്ചാഡോ ട്രംപിനെ എത്രയൊക്കെ പുകഴ്ത്തിയാലും ട്രംപ് ഏറെ കൊതിച്ച നോബൽ പ്രൈസിനു മേലുള്ള കെറുവ് ട്രംപിനുണ്ടാകും. ട്രംപിനോളം വ്യക്തിവിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്ന അധികം നേതാക്കൾ ലോകചരിത്രത്തിൽത്തന്നെ ഉണ്ടാവില്ല.

മഡുറോ വിശുദ്ധനായ രാഷ്ട്രത്തലവനാണെന്ന് ലോകത്താരെങ്കിലും വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. മഡുറോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻകൃത്രിമം കാണിച്ചു എന്ന പ്രതിപക്ഷആരോപണം വലിയൊരു സത്യമായി ലോകത്തിനു മുന്നിലുണ്ട്.
മഡുറോ വിശുദ്ധനായ രാഷ്ട്രത്തലവനാണെന്ന് ലോകത്താരെങ്കിലും വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. മഡുറോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻകൃത്രിമം കാണിച്ചു എന്ന പ്രതിപക്ഷആരോപണം വലിയൊരു സത്യമായി ലോകത്തിനു മുന്നിലുണ്ട്.

ട്രംപിന്റെ വ്യക്തിവിദ്വേഷത്തെപ്പറ്റി പറയുമ്പോൾ, ട്രംപിന്റെതന്നെ തന്നെ അഭിപ്രായത്തിൽ മഡുറോ അക്ഷന്തവ്യമായ മറ്റൊരു തെറ്റുകൂടി ചെയ്തു. മഡുറോ തന്റെ ഡാൻസ് കോപ്പിയടിച്ചു എന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നല്ലോ. ഇങ്ങനെയൊക്കെ ഒരു രാഷ്ട്രത്തലവൻ പറയുമോ എന്നു ചോദിച്ചാൽ, പറയും ട്രംപ് ഉറപ്പായും പറയും. പ്രായമായവർ ചില പ്രത്യേക മാനസികാവസ്ഥ കാണിക്കുമ്പോൾ 'ചിന്നൻ കയറി' എന്ന് പണ്ടുകാലത്ത് പറയാറുണ്ട്. ചിന്നൻ കയറിയ അമേരിക്കൻ പ്രസിഡന്റ് ഭരണം തികച്ചാൽ ഇനിയുള്ള മൂന്നുവർഷം എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കണ്ടുതന്നെ അറിയണം.

എട്ടു യുദ്ധം നിർത്തി എന്നുപറയുന്ന ട്രംപ്, ഇതിനുമുമ്പ് ഒരു അമേരിക്കൻപ്രസിഡന്റും ചെയ്യാത്ത വിധത്തിൽ ഒരൊറ്റ വർഷത്തിൽത്തന്നെ 7 രാജ്യങ്ങളിൽ ബോംബിട്ടു. സൊമാലിയ, നൈജീരിയ, യെമൻ, സിറിയ, ഇറാൻ, ഇറാക്ക്, വെനസ്വേല...ഒപ്പം കാനഡയും ഗ്രീൻലാൻഡും അമേരിക്കയുടെ ഭാഗമാക്കും എന്നും പറയുന്നു. എന്നിട്ട് അയാൾക്ക് നോബൽസമ്മാനം വേണമത്രേ.

അമേരിക്കൻ ഇംപീരിയലിസം ലോകത്തിനൊരു പുതിയ കാര്യമല്ല. മറ്റു രാജ്യങ്ങളിലെ കടന്നുകയറ്റം അമേരിക്ക എല്ലാക്കാലത്തും ചെയ്തിരുന്നു. പക്ഷേ ഇപ്പോഴുള്ള വ്യത്യാസം അമേരിക്കൻ സാമ്രാജ്യത്വം നടപ്പിലാക്കുന്നത് ട്രംപ്, മാർകോ റൂബിയോ, പീറ്റ് ഹെഗ്‌സെത്, പാം ബോണ്ടി, ക്രിസ്റ്റി നോം തുടങ്ങി ഒരുകൂട്ടം വിവരദോഷികളുടെയും പമ്പരവിഢികളുടെയും കീഴിലാണ് അത് നടപ്പിലാക്കുന്നത് എന്നതാണ്. ഇത്ര ഡയറക്ടായി ഒരു രാജ്യത്തെ പരമാധികാരം ഭേദിച്ച് അവിടുത്തെ രാഷ്ട്രത്തലവനെ തട്ടിക്കൊണ്ടുപോന്ന്, ഇനി വെനസ്വേല തന്റെ ടീം ഭരിക്കും എന്ന് പറയുന്നത് അമേരിക്കയുടെ പുത്തൻ കോളനിവത്ക്കരണത്തിന്റെ ഭയപ്പെടുത്തുന്ന തുടക്കമാണ്. മൺറോ ഡോക്ട്‌റിന് (Monroe Doctrine) ഡോൺറോ ഡോക്ട്‌റിൻ (Donroe doctrine) എന്ന പേരുതന്നെ എത്ര അഭിമാനത്തോടെയാണ് ട്രംപ് പറഞ്ഞത്.

ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, ലിബിയ തുടങ്ങി മദ്ധ്യേഷ്യയിലെമ്പാടും തീവ്രവാദത്തിനെതിരേ എന്ന വ്യാജേന അമേരിക്ക നടത്തിയ ഇടപെടലുകൾക്കുശേഷം മദ്ധ്യേഷ്യയിലെ തീവ്രവാദവും രാഷ്ട്രീയ അസ്ഥിരതയും എവിടെയെത്തിനിൽക്കുന്നു എന്നുനോക്കുക. നേരത്തേ തീവ്രവാദിയെന്നു മുദ്രകുത്തി തലക്കു വിലയിട്ട ഇപ്പോഴത്തെ സിറിയൻ പ്രസിഡന്റ് ഹുസൈൻ അൽ ശാരയെ വൈറ്റ്ഹൗസിൽ സ്വീകരിക്കേണ്ട ഗതികേടും അമേരിക്കക്കുണ്ടായി.

ആദ്യത്തെ പ്രസിഡൻസിയിൽനിന്ന് വിഭിന്നമായി ഗ്രീൻലൻഡിനുമേലുള്ള അവകാശവാദം, കാനഡയെ യു.എസിന്റെ ഭാഗമാക്കാനുള്ള ആഗ്രഹം തുടങ്ങി തന്റെ വിചിത്രമായ സാമ്രാജ്യത്വമോഹങ്ങൾ ട്രംപ് ഇത്തവണ ഒരു മടിയും കൂടാതെ പ്രകടിപ്പിക്കുന്നുണ്ട്.

മറ്റുരാജ്യങ്ങളെ ആക്രമിക്കാൻ നോക്കിയിരിക്കുന്ന രാജ്യങ്ങൾക്കൊക്കെ ഇതൊരു സുവർണ്ണാവസരമാണ്. ഇനി ചൈനക്ക് തായ് വാനെ വിഴുങ്ങാം, റഷ്യക്ക് വിശാല സ്ലാവ് സാമ്രാജ്യമെന്ന വലിയ സ്വപ്‌നത്തിലേക്ക് എളുപ്പം നടന്നുകയറാം. പുട്ടിന് വേണമെങ്കിൽ തനിക്കിഷ്ടമല്ലാത്ത സെലെൻസ്‌കിയെ തട്ടിക്കൊണ്ടുപോരാം.

ട്രംപ് അധികാരമേറ്റ് ഉടനെ ഇനിയങ്ങോട്ട് അമേരിക്കൻ വിദേശബന്ധങ്ങൾ നയതന്ത്രത്തിലോ പരസ്പരബഹുമാനത്തിലോ അധിഷ്ഠിതമായിരിക്കില്ല എന്ന സൂചന ലോകരാഷ്ട്രങ്ങൾക്ക് കിട്ടിയതാണ്. വൈറ്റ്ഹൗസിൽ സെലൻസ്‌കി നേരിട്ട അത്യസാധാരണമായ അപമാനമായിരുന്നു ആദ്യത്തേത്. അടുത്തത് സൗത്താഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമപോസയുടെ ഊഴമായിരുന്നു. സൗത്ത് ആഫ്രിക്കയിൽ വെള്ളക്കാർ വംശഹത്യ നേരിടുന്നു എന്നുപറയുന്ന ഒരു ഫെയ്ക്ക് വീഡിയോ ട്രംപ് ആ പ്രസ് കോൺഫറൻസിൽവച്ച് റാമപോസയെ നിർബന്ധിച്ച് കാണിപ്പിച്ചു. റാമപോസ അതിന് മാന്യമായിത്തന്നെ വളരെ വിശദമായി മറുപടി പറഞ്ഞെങ്കിലും ക്യാമറകൾക്കുമുന്നിൽവച്ച് അങ്ങനെ കോർണേർഡ് ആവുക വല്ലാത്ത ഒരവസ്ഥയാണ്. (അല്ലെങ്കിലും ട്രംപിന് ക്യാമറ, ടിവി പെർഫോമൻസ് വലിയ ഇഷ്ടമാണ്. റിയാലിറ്റി ഷോയായ അപ്രെന്റിസിലൂടെയാണല്ലോ ട്രംപ് അമേരിക്കക്കാർക്ക് സുപരിചിതനായത്. മഡുറോയെ പിടിച്ചതും താൻ ടിവി കാണുന്നതുപോലെയാണ് കണ്ടത് എന്നാണല്ലോ ട്രംപ് പറഞ്ഞത്.

ട്രംപ് അധികാരമേറ്റ് ഉടനെ ഇനിയങ്ങോട്ട് അമേരിക്കൻ വിദേശബന്ധങ്ങൾ നയതന്ത്രത്തിലോ പരസ്പരബഹുമാനത്തിലോ അധിഷ്ഠിതമായിരിക്കില്ല എന്ന സൂചന ലോകരാഷ്ട്രങ്ങൾക്ക് കിട്ടിയതാണ്.
ട്രംപ് അധികാരമേറ്റ് ഉടനെ ഇനിയങ്ങോട്ട് അമേരിക്കൻ വിദേശബന്ധങ്ങൾ നയതന്ത്രത്തിലോ പരസ്പരബഹുമാനത്തിലോ അധിഷ്ഠിതമായിരിക്കില്ല എന്ന സൂചന ലോകരാഷ്ട്രങ്ങൾക്ക് കിട്ടിയതാണ്.

ആദ്യത്തെ പ്രസിഡൻസിയിൽനിന്ന് വിഭിന്നമായി ഗ്രീൻലൻഡിനുമേലുള്ള അവകാശവാദം, കാനഡയെ യു.എസിന്റെ ഭാഗമാക്കാനുള്ള ആഗ്രഹം തുടങ്ങി തന്റെ വിചിത്രമായ സാമ്രാജ്യത്വമോഹങ്ങൾ ട്രംപ് ഇത്തവണ ഒരു മടിയും കൂടാതെ പ്രകടിപ്പിക്കുന്നുണ്ട്. കാനഡയിൽ ഒരു പ്രസ് കോൺഫറൻസിൽവച്ച് 'കാനഡ യു.എസിന്റെ 51ാമത്തെ സ്‌റ്റേറ്റാവണമെന്ന് താങ്കൾ തമാശയായി പറഞ്ഞതാണോ' എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് ഒരു സംശയവും ഇല്ലാതെ 'അല്ല, അല്ല ഞാനത് ഉറപ്പായും വിശ്വസിക്കുന്നു' എന്ന് ട്രംപ് മറുപടി പറയുമ്പോൾ, കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി ഒരു തകർപ്പൻ ഇടപെടൽ നടത്തിയിരുന്നു: 'മിസ്റ്റർ പ്രസിഡന്റ്, റിയൽ എസ്‌റ്റേറ്റ് രംഗത്തുള്ള ഒരാളെന്ന നിലയിൽ ചില സ്ഥലങ്ങൾ ഒരിക്കലും വിൽപ്പനക്കുള്ളതല്ല എന്ന് താങ്കൾക്ക് അറിയുമായിരിക്കുമല്ലോ. താങ്കൾ ഇപ്പോൾ ഇരിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്'.
ഇങ്ങനെയൊക്കെയുള്ള സന്ദർഭങ്ങൾ ഇതിനുമുമ്പ് അന്താരാഷ്ട്ര ബന്ധങ്ങളിൽ ആലോചിക്കാൻ പോലും പറ്റുമായിരുന്നോ? അമേരിക്ക അടുത്തത് എന്തായിരിക്കും ചെയ്യുക, അടുത്തത് തങ്ങളുടെ ഊഴമായിരിക്കുമോ എന്നൊക്കെയുള്ള ഭയത്തിലാണ് ഭൂഖണ്ഡവ്യത്യാസമില്ലാതെ ലോകരാജ്യങ്ങളിപ്പോൾ. കാലങ്ങളായുള്ള അമേരിക്കയുടെ ഏറ്റവും വലിയ പങ്കാളികളായിരുന്ന കാനഡക്കും യൂറോപ്പിനുമൊന്നും ട്രംപിൽനിന്നും രക്ഷയില്ല എന്ന അവസ്ഥയിൽ മറ്റു രാജ്യങ്ങളുടെ അരക്ഷിതാവസ്ഥ പറയാനുണ്ടോ?

ട്രംപിന്റെ ഏറ്റവും വലിയ വിമർശകരിലൊരാളായ കൊമേഡിയൻ ജിമ്മി കിമ്മൽ ഒരിക്കൽ ട്രംപിനെപ്പറ്റി പറഞ്ഞതോർക്കുന്നു: 'നമ്മുടെ വീട്ടിലെ കാർന്നോര് ഇങ്ങനെയൊക്കെ പറയാനും ചെയ്യാനും തുടങ്ങിയാൽ അദ്ദേഹത്തെ കെയർ ഹോമിലാക്കുന്നതിനെക്കുറിച്ച് നമ്മൾ ആലോചിച്ചുതുടങ്ങില്ലേ'.

അമേരിക്കക്കാരേ, നിങ്ങൾ തുറന്നുവിട്ട ഈ ഭൂതം ഇപ്പോൾ നിങ്ങളുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ, നിങ്ങളുടെ ഭാഷയിൽപ്പറഞ്ഞാൽ, pain in the ass ആണ്. കെയർ ഹോമിലാക്കിയോ തടവിലാക്കിയോ ഇംപീച്ച് ചെയ്‌തോ എങ്ങനെയാണെന്നുവച്ചാൽ ഈ വൃത്തികെട്ട ഭൂതത്തെ തിരികെ കുപ്പിയിലാക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്.


Summary: Countries around the world, regardless of continent are now afraid of what America will do next and whether it will be their turn next, Sandhya Mary writes.


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments