ഡോണൾഡ് ട്രംപ് ഒന്നാം തവണ അമേരിക്കയുടെ പ്രസിഡൻറായി ചുമതലയേറ്റപ്പോൾ തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻെറ നിലപാടുകൾ വ്യക്തമായിരുന്നു. മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരെ ക്രിമിനലുകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ ഭൂരിഭാഗം ക്രൈമിനും ഉത്തരവാദികൾ കുടിയേറ്റക്കാരാണെന്ന് അദ്ദേഹം പറയുന്നു. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുമെന്ന് പ്രഖ്യാപിച്ച ട്രംപിന് ഒന്നാം ടേമിൽ അത് സാധിച്ചിട്ടില്ല. എന്നാലിപ്പോൾ ട്രംപ് രണ്ടും കൽപ്പിച്ചാണ്. രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെ മുഴുവൻ അമേരിക്കയിൽ നിന്ന് പുറത്താക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ച് കഴിഞ്ഞു. അമേരിക്കയിൽ അഭയം തേടുന്നതിനായി അപേക്ഷിക്കുന്നതിന് വേണ്ടി ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ സിബിപി വൺ (CBP One) എന്ന മൊബൈൽ ആപ്പ് സംവിധാനം ട്രംപ് നിർത്തലാക്കിയിരിക്കുകയാണ്. ഇത് കൂടാതെ രാജ്യത്തെ കുടിയേറ്റ കോടതിയിലെ പ്രധാന ഉദ്യോഗസ്ഥരെയെല്ലാം പുറത്താക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ട്. ഏകദേശം മൂന്ന് ദശലക്ഷത്തോളം കേസുകൾ അമേരിക്കൻ കുടിയേറ്റ കോടതിയിൽ തീർപ്പാവാതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതോടെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയിൽ പുതുതായി ആർക്കും അഭയം തേടാനോ കുടിയേറി താമസിക്കാനോ പറ്റാത്ത സാഹചര്യം വരും.
പ്രസിഡൻറായി ചുമതലയേറ്റെടുത്ത ശേഷം ട്രംപ് ഒപ്പുവെച്ച ആദ്യത്തെ ഉത്തരവ് കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ്. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തത്. മെക്സിക്കൻ അതിർത്തിയിൽ കുടിയേറ്റം നിയന്ത്രിക്കുന്നതിന് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. കയ്യടികളോടെയാണ് ട്രംപിൻെറ പ്രഖ്യാപനം സെനറ്റേഴ്സ് ഏറ്റെടുത്തത്. മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനം അധികമാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുന്ന കാലം ഇതാവുമെന്ന് ട്രംപ് വ്യക്തമാക്കുന്നുണ്ട്.

കണക്കുകളിലെ യാഥാർഥ്യം
കുടിയേറ്റക്കാർ മുഴുവൻ ക്രിമിനലുകളാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ട്രംപ്. എന്നാൽ 2012 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ ടെക്സാസിൽ മാത്രമുണ്ടായ ക്രൈം കണക്കിലെടുത്താൽ അമേരിക്കൻ പൗരർ പ്രതികളായ കേസുകളാണ് കൂടുതലെന്ന് വ്യക്തമാണ്. രേഖകളുള്ള കുടിയേറ്റക്കാർ പ്രതികളായിട്ടുള്ള ക്രൈമുകളുടെ കണക്ക് കുറഞ്ഞ് വരികയാണ് ചെയ്യുന്നത്. അമേരിക്കൻ പൗരർ പ്രതികളായതിൻെറ നേർപകുതിയുടെ അടുത്ത് മാത്രമേ അനധികൃത കുടിയേറ്റക്കാർ പ്രതികളായ കേസുകൾ വരുന്നുള്ളൂ. ഇതിലും കാര്യമായ ഒരു വർധനവുണ്ടായിട്ടില്ല. വസ്തുത ഇങ്ങനെയായിരിക്കെയാണ് അമേരിക്കയിൽ നടക്കുന്ന മുഴുവൻ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്വം ട്രംപ് കുടിയേറ്റക്കാർക്ക് മുകളിൽ ചുമത്തുന്നത്.
അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിലും, എന്തിനേറെ പൗരരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും വലിയ സഹായം ചെയ്യുന്നുണ്ട് കുടിയേറ്റ ജനതയെന്നതാണ് യാഥാർഥ്യം. ആ ഭാഗം ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണ്. അമേരിക്കൻ ലേബർ ഫോഴ്സിൻെറ വലിയൊരു ശതമാനവും കുടിയേറ്റക്കാരാണ്. കാർഷികമേഖലയിലും നിർമ്മാണമേഖലയിലുമെല്ലാം അവരുടെ സാന്നിധ്യം വളരെ വലുതാണ്. കുടിയേറ്റക്കാരെ മുഴുവൻ ട്രംപ് പുറത്താക്കിയാൽ ഈ മേഖലകൾ പോലും പ്രതിസന്ധിയിലാവാനുള്ള സാധ്യത ഏറെയാണ്. ന്യൂയോർക്കിലെ സെൻറർ ഫോർ മൈഗ്രേഷൻ സ്റ്റഡീസ് 2018-ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 5.5 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാർ അമേരിക്കയിലെ തൊഴിൽ മേഖലയിലുണ്ട്. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഇടങ്ങൾ, ഫാമുകൾ, റെസ്റ്ററൻറുകൾ എന്നിവിടങ്ങളിലും അടിസ്ഥാന മേഖലകളായ സുരക്ഷ, മാലിന്യനിർമ്മാർജ്ജനം, ശുചീകരണം, വാഹന റിപ്പയർ, ലോണ്ട്രി സർവീസ്, ഇലക്ട്രീഷ്യൻ, പ്ലംബിങ് തുടങ്ങിയവയെല്ലാം സുഗമമായി മുന്നോട്ട് പോവുന്നത് കുടിയേറ്റ തൊഴിലാളികൾ ഉള്ളത് കൊണ്ടാണ്. ഇങ്ങനെയുള്ള വലിയൊരു തൊഴിലാളി വർഗത്തെയാണ് പ്രസിഡൻറ് ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നത്. കടുത്ത നിലപാടുകൾ നടപ്പിലാക്കാനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെങ്കിൽ അത് ഉണ്ടാക്കാൻ പോവുന്ന പ്രത്യാഘാതം ചെറുതാവില്ലെന്ന് വ്യക്തമാണ്.
ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
ട്രംപിൻെറ കുടിയേറ്റവിരുദ്ധ നിലപാടുകൾ ഇന്ത്യക്കാരെയും വലിയ തോതിൽ ബാധിക്കും. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കൻ ഭരണകൂടത്തിൻെറ പുതിയ തീരുമാനങ്ങളോട് പൂർണമായി സഹകരിക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നത്. അതിൻെറ ഭാഗമായി തുടക്കത്തിൽ 18000-ത്തോളം രേഖകളില്ലാത്ത ഇന്ത്യൻ കുടിയേറ്റക്കാരെ രാജ്യം തിരികെ വിളിക്കും. ഇരുരാജ്യങ്ങളും സംയുക്തമായിട്ടാണ് കുടിയേറ്റക്കാരുടെ കണക്കുകൾ തയ്യാറാക്കുന്നത്. വ്യാപാര മേഖലയിൽ ട്രംപ് സർക്കാരുമായി പൂർണ സഹകരണം തുടരാൻ വേണ്ടിയാണ് മോദി സർക്കാർ അമേരിക്കയിലെ പുതിയ കുടിയേറ്റ നിയമങ്ങളോട് അനുകൂല നിലപാടെടുക്കുന്നത്. നിയമപരമായ ചാനലുകളിലൂടെയുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തോട് പുതിയ സർക്കാർ മുഖം തിരിക്കില്ലെന്നാണ് അനുമാനിക്കുന്നത്. സ്റ്റുഡൻറ് വിസയിലൂടെയും എച്ച്1 ബി വിസ വഴിയും നിരവധി ഇന്ത്യക്കാർ അമേരിക്കയിൽ താമസം തുടരുന്നുണ്ട്. 2023-ൽ അമേരിക്ക അനുമതി നൽകിയ 3,86,000 എച്ച്1 ബി വിസകളിൽ നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാരാണെന്നാണ് ഔദ്യോഗിക കണക്കുകൾ. അമേരിക്കയിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്. ഇത് ഏകദേശം 3 ശതമാനം മാത്രമേ വരികയുള്ളൂവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

അമേരിക്കയിൽ ജനിക്കുന്നവർക്ക് ജൻമനാ പൗരത്വം നൽകുന്ന ബർത്ത്റൈറ്റ് സിറ്റിസൺഷിപ്പ് (Birthright Citizenship) പൂർണമായി നിർത്തലാക്കാനുള്ള തീരുമാനവും ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. “ജൻമനാ പൗരത്വം ഉറപ്പ് നൽകുന്ന ലോകത്തിലെ ഏകരാജ്യം നമ്മുടേതാണ്. അതൊരു വിവരക്കേടാണ്. അത് തുടരേണ്ട കാര്യമില്ല. അവസാനിപ്പിക്കാനുള്ള എല്ലാ അവകാശവും നമുക്കുണ്ട്,” ബർത്ത്റൈറ്റ് സിറ്റിസൺഷിപ്പ് ഉത്തരവിൽ ഒപ്പുവെച്ചു കൊണ്ട് ട്രംപ് പറഞ്ഞു. ഫെബ്രുവരി 20 മുതലാണ് ഈ ഉത്തരവ് അമേരിക്കയിൽ നടപ്പിലാവുക. വിദേശ പാസ്പോർട്ട് ഉടമകളായ രക്ഷിതാക്കൾ ജനിക്കുന്ന കുട്ടികൾക്ക് ഇനി അമേരിക്കയിൽ ജൻമനാ പൗരത്വത്തിന് അവകാശമുണ്ടാവില്ല. ഗ്രീൻ കാർഡിന് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ നടപടി ബാധിക്കും. പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ അമേരിക്കയിൽ ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്.
ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും നേരത്തെ തന്നെ ജൻമനാ പൗരത്വത്തോട് കടുത്ത വിയോജിപ്പുണ്ട്. വിദേശരാജ്യങ്ങളിലുള്ളവർ അമേരിക്കയിൽ നിന്ന് പ്രസവിക്കുന്നത് ഒരു രീതിയായി എടുക്കുന്നുവെന്നും അങ്ങനെ എളുപ്പത്തിൽ പൗരത്വം നേടിയെടുക്കാനുള്ള ഒരു വഴിയായി കാണുന്നുവെന്നും അവർ റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നു. അമേരിക്കയിൽ ജനിച്ചുവെന്ന് കരുതി ഇനി ഒരാൾക്കും പൗരത്വം ലഭിക്കില്ല. അതിന് മൂന്ന് വ്യവസ്ഥയാണുള്ളത്. ജനിക്കുന്ന കുഞ്ഞിൻെറ ഒരു രക്ഷിതാവെങ്കിലും ഗ്രീൻ കാർഡ് ഹോൾഡറായിരിക്കണം, അമേരിക്കൻ പൗരത്വമുള്ള ആളായിരിക്കണം, അല്ലെങ്കിൽ അമേരിക്കൻ സൈന്യത്തിൽ അംഗമായിരിക്കണം.
എങ്ങനെ നടപ്പിലാക്കും?
ട്രംപിൻെറ കുടിയേറ്റനയം പ്രഖ്യാപിക്കുന്നത് പോലെ എളുപ്പത്തിൽ നടപ്പിലാവുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. അമേരിക്കൻ ഭരണഘടന പ്രകാരം കഴിഞ്ഞ ഒന്നര നൂറ്റാണ്ട് കാലമായി ബർത്ത്റൈറ്റ് സിറ്റിസൺഷിപ്പ് നിലവിലുണ്ട്. ഇങ്ങനെ ഭരണഘടനയിൽ തന്നെ ഭേദഗതി വരുത്തിയാണ് ട്രംപ് പുത്തൻ പരിഷ്കാരങ്ങൾ നടപ്പാക്കാനൊരുങ്ങുന്നത്. ഇതിനോടകം തന്നെ പൊതുസമൂഹത്തിൽ നിന്നും ഡെമോക്രാറ്റ് പാർട്ടിയുടെ നേതാക്കളിൽ നിന്നുമെല്ലാം പുതിയ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഉത്തരവുകൾക്കെതിരെ നിയമവിദഗ്ദർ ഹർജികൾ ഫയൽ ചെയ്തിട്ടുമുണ്ട്. അമേരിക്കൻ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി മാത്രമേ ട്രംപിന് ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. പലതവണ കോടതികളിൽ ചലഞ്ച് ചെയ്തിട്ടും ബർത്ത്റൈറ്റ് സിറ്റിസൺഷിപ്പ് ഒഴിവാക്കാനുള്ള അനുകൂല തീരുമാനം അമേരിക്കൻ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കോൺഗ്രസിലും ചേംബറിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായാൽ മാത്രമേ ഭരണഘടനാ ഭേദഗതി നിലവിൽ വരികയുള്ളൂ. സ്റ്റേറ്റ് ലെജിസ്ലേച്ചറുകളിൽ നാലിൽ മൂന്ന് പിന്തുണയും ഉണ്ടായിരിക്കണം. നിലവിൽ റിപ്ലബ്ലിക്കൻ പാർട്ടിക്ക് ഇത്രയും പേരുടെ പിന്തുണയില്ല.