പലസ്തീൻ ജനത ഗാസ വിട്ടുപോവണമെന്ന് ആവശ്യപ്പെട്ട് പരോക്ഷമായി യുദ്ധ പ്രഖ്യാപനം നടത്തി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപ് പ്രസ്താവിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഗാസയിൽ 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേലിൻെറ ഏകപക്ഷീയമായ ആക്രമണം താൽക്കാലികമായി നിർത്തിയത് ട്രംപ് അമേരിക്കൻ പ്രസിഡൻറായി ചുമതലയേറ്റെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ്. നിലവിൽ സമാധാനത്തോടെ മുന്നോട്ട് പോവുകയായിരുന്ന മേഖലയിൽ അമേരിക്കയുടെയും ഇസ്രായേലിൻെറയും പുതിയ തീരുമാനം അശാന്തി പടർത്തുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. സ്വന്തം മണ്ണിൽ നിന്ന് ജനതയോട് നാട് വിടാനാണ് വളരെ സുന്ദരമായി ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കും മറ്റേതെങ്കിലും സുരക്ഷിതായ ഇടങ്ങളിലേക്കോ പോവണമെന്നാണ് ആവശ്യം. ഏകദേശം രണ്ട് ദശലക്ഷത്തിലധികം മനുഷ്യരാണ് നിലവിൽ ഗാസയിലുള്ളതെന്നാണ് കണക്ക്. ഇവരോടാണ് പ്രദേശത്ത് നിന്നും മാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയെ സുന്ദരമായ കടൽത്തീരമായി മാറ്റാനാണ് താൻ ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
ഗാസയിൽ നിലവിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപിൻെറ പ്രസ്താവനയിൽ പൂർണ സംതൃപ്തനാണ്. “ഗാസ മുനമ്പ് ഞങ്ങൾ ഏറ്റെടുക്കും. ഇപ്പോൾ അതൊരു നരകകേന്ദ്രമാണ്. അത് മാറ്റിയെടുക്കണം. മിഡിൽ ഈസ്റ്റിലെ മനോഹരമായ കടൽത്തീരമായി ഗാസയെ മാറ്റണം. അവിടെ ലോകത്ത് നിന്നുള്ള മനുഷ്യർക്ക് സന്ദർശിക്കാനും താമസിക്കാനും സാധിക്കണം. വലിയൊരു കാലത്തേക്ക് ഗാസയുടെ ഉടമസ്ഥാവകാശം അമേരിക്ക തന്നെ നോക്കേണ്ടി വരുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ അവിടെ സമാധാനം പുലരും. അവിടുത്തെ ബോംബുകളെല്ലാം നിർവീര്യമാക്കും. ആയുധങ്ങളെല്ലാം ഇല്ലാതാക്കും. എല്ലാ അപകടകരമായ പ്രവർത്തനങ്ങളും അവസാനിപ്പിക്കും. തകർന്ന കെട്ടിടങ്ങൾ പുതുക്കിപ്പണിയും. മേഖലയെ സാമ്പത്തികമായി പുരോഗതിയിലേക്ക് നയിക്കും. പ്രദേശത്തുള്ളവർക്ക് ഒരുപാട് ജോലിസാധ്യതകൾ തുറന്നുകൊടുക്കും. ഗാസ ഏറെക്കാലമായി നിർഭാഗ്യങ്ങളുടെ ഒരു കേന്ദ്രമാണ്. അത് അവസാനിപ്പിക്കും. ഹമാസിനെ പൂർണമായും ഇല്ലാതാക്കും” ട്രംപിൻെറ പ്രസ്താവന ഇങ്ങനെ നീളുകയാണ്.

ഗാസയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞ് പോയാലുടനെ അമേരിക്കൻ സൈന്യത്തെ അയച്ച് മേഖല ഏറ്റെടുക്കുമെന്ന് ട്രംപ് പറയുന്നു. ഗാസ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതല്ലെങ്കിലും പല പ്രദേശങ്ങളും അമേരിക്കയോട് കൂട്ടിച്ചേർക്കാൻ സാധിക്കുമെന്ന് ട്രംപ് ഇപ്പോൾ സ്വപ്നം കാണുന്നുണ്ട്. ഗ്രീൻലാൻറും പാനമയും ഏറ്റെടുക്കാമെന്ന് പ്രത്യാശിക്കുന്ന ട്രംപ്, കാനഡ അമേരിക്കയുടെ ഒരു സംസ്ഥാനമാണെന്നും അധികാരത്തിലേറും മുമ്പ് തന്നെ പ്രസ്താവിച്ചിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോൾ ഗാസയും വരുന്നത്. ചരിത്രം മാറ്റിമറിക്കുന്ന തീരുമാനം എന്നാണ് ട്രംപിൻെറ പ്രസ്താവനയെക്കുറിച്ച് നെതന്യാഹു പ്രതികരിച്ചത്. ഇരുവരും ഒരുമിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഗാസയെ ഏറ്റെടുക്കാൻ എന്ത് നിയമപരമായ അവകാശമാണ് അമേരിക്കയ്ക്ക് ഉള്ളതെന്ന ചോദ്യം നിലനിൽക്കുകയാണ്. എന്താണ് യഥാർഥത്തിൽ ട്രംപിൻെറ പദ്ധതിയെന്ന് വൈറ്റ് ഹൗസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അത് എന്ത് തന്നെയായാലും ഒപ്പം ഇസ്രായേലുമുണ്ടാവും. ഇസ്രായേലിനെ കൂടെനിർത്തി ട്രംപ് എങ്ങനെയാണ് പലസ്തീൻ ജനതയ്ക്ക് സമാധാനം നൽകാൻ പോവുന്നത്? അനീതിയുടെ ഇരകളായ പലസ്തീനിലെ മനുഷ്യരെ എങ്ങനെയാണ് ഇവിടെനിന്ന് കുടിയിറക്കാൻ പോവുന്നത്?
കടുത്ത പ്രതിഷേധങ്ങൾ, വിമർശനങ്ങൾ
ട്രംപിൻെറ ഗാസ ഏറ്റെടുക്കൽ പ്രസ്താവന വന്നതിന് പിന്നാലെ പലകോണുകളിൽ നിന്ന് വിമർശനങ്ങളും വന്നുതുടങ്ങിയിരിക്കുന്നു. നെതന്യാഹുവുമായുളള ട്രംപിൻെറ കൂടിക്കാഴ്ച തന്നെ ശരിയായില്ലെന്ന് ആംനസ്റ്റി ഇൻറർനാഷണൽ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുദ്ധക്കുറ്റത്തിൻെറ പേരിൽ നേരത്തെ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിരവധി മനുഷ്യരുടെ മരണത്തിന് കാരണക്കാരനായ, കുറ്റവാളിയായ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം ചർച്ച നടത്തുകയാണോ അമേരിക്കൻ പ്രസിഡൻറ് ചെയ്യുന്നതെന്ന് ആംനസ്റ്റി ഇൻറർനാഷണൽ ചോദിക്കുന്നു. നീതിന്യായ വ്യവസ്ഥയെ മൊത്തത്തിൽ വെല്ലുവിളിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും ആംനസ്റ്റി വ്യക്തമാക്കി.ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും ട്രംപിൻെറ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. “നിരവധി പേരെ വംശീയമായി കൊല ചെയ്യുന്നതിന് നേതൃത്വം നൽകിയ പ്രതിക്കൊപ്പമിരുന്ന് ഒരു ജനതയെ സ്വന്തം പ്രദേശത്ത് നിന്ന് ആട്ടിയോടിക്കുന്നതിന് ആഹ്വാനം നൽകുകയാണ് അമേരിക്കയുടെ പ്രസിഡൻറ്,” അമേരിക്കൻ കോൺഗ്രസ് അംഗമായ റാഷിദ ത്ലൈബ് പറഞ്ഞു. ട്രംപും നെതന്യാഹുവും വൈറ്റ് ഹൌസിൽ വാർത്താസമ്മേളനം നടത്തവേ പുറത്ത് പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
സ്വപ്നം മാത്രമാവുന്ന പ്രഖ്യാപനം?
ദശകങ്ങളായി കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്ന ജനതയോടാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് ഓർക്കണം. ഇസ്രായേലിനോട് കാലങ്ങളായി ചെറുത്തുനിൽപ്പ് നടത്തുകയാണ് പലസ്തീൻ ജനത. അതിനിടയിൽ അവർക്ക് നഷ്ടമായത് നിരവധി മനുഷ്യജീവനുകളാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശത്തിന് മേലേക്കാണ് ട്രംപും നെതന്യാഹുവും കൊഞ്ഞനം കുത്തുന്നത്. ഹമാസിൻെറ ആക്രമണം ഇസ്രായേൽ ജനതയ്ക്ക് മേൽ കൊടും ക്രൂരതകളാണ് കാണിച്ചതെന്ന് ട്രംപ് പ്രസ്താവനയിൽ പറയുന്നുണ്ട്. എന്നാൽ, ഇസ്രായേൽ സൈന്യം പലസ്തീൻ ജനയ്ക്ക് മേൽ നടത്തുന്ന ക്രൂരതകളോട് ട്രംപ് സ്വാഭാവികമായും മൗനം പാലിക്കുന്നു. അങ്ങനെ എളുപ്പത്തിലൊന്നും പലസ്തീനിലെ മനുഷ്യരെ നാടുകടത്താൻ ട്രംപിന് സാധിക്കില്ല.

മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ പലതും ഇപ്പോൾ തന്നെ ട്രംപിൻെറ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പലസ്തീൻ ജനതയ്ക്ക് അവരുടെ മാതൃരാജ്യം വിട്ടുകൊടുക്കാതെ ഇസ്രായേലുമായി നയതന്ത്ര ചർച്ചയ്ക്ക് തയ്യാറല്ലെന്ന് സൗദി അറേബ്യ അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു. ട്രംപിൻെറ പ്രസ്താവനയെ അവർ പൂർണമായി നിരാകരിച്ചിരക്കുകയാണ്. സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനാണ് രാജ്യത്തിൻെറ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈജിപ്തും ജോർദാനും ഒരുപോലെ അമേരിക്കയുടെയും ഇസ്രായേലിൻെറയും സംയുക്ത പ്രസ്താവനയെ എതിർക്കുന്നുണ്ട്. പലസ്തീൻെറ പരമാധികാരം അംഗീകരിക്കുന്ന തരത്തിലുള്ള ഒരു സമാധാന ഉടമ്പടിക്ക് ട്രംപ് മുൻകയ്യെടുക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഈജിപ്ത് പ്രസിഡൻറ് അബ്ദേൽ ഫത്താ എൽ സിസി പ്രസ്താവിച്ചു. പലസ്തീൻ ജനതയെ ഗാസയിൽ നിന്ന് നാടുകടത്തുന്ന തരത്തിലുള്ള തീരുമാനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോർദാൻ ഭരണാധികാരി അബ്ദുള്ള രണ്ടാമനും ട്രംപിൻെറ തീരുമാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിച്ചാൽ മാത്രമേ മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ നിലവിൽ വെടിനിർത്തൽ തുടരുകയാണ്. അതിനിടയിലാണ് പലസ്തീൻ ജനതയ്ക്ക് ഒരുതരത്തിലും യോജിക്കാൻ സാധിക്കാത്തതും പൂർണമായി ഇസ്രായേലിന് അനുകൂലമാവുന്ന തരത്തിലുള്ള പ്രസ്താവന ട്രംപിൻെറ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. ട്രംപും നെതന്യാഹുവും കരുതുന്നത് പോലെയൊന്നും കാര്യങ്ങൾ എളുപ്പമാവില്ല. ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും വരുന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും അതാണ് സൂചിപ്പിക്കുന്നത്.