ട്രംപ് വീണ്ടും വരുമ്പോൾ ലോകത്ത് സംഭവിക്കാൻ പോവുന്നത്; ഗാസയിലും ഉക്രൈയ്നിലും നിലപാടെന്ത്?

അമേരിക്കയിൽ ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡൻറായി വരുമ്പോൾ പ്രധാനമായും രണ്ട് വിഷയങ്ങളിൽ എന്ത് നിലപാടെടുക്കുമെന്നറിയാൻ ലോകരാജ്യങ്ങൾക്ക് വലിയ താൽപര്യമുണ്ട്. ഗാസയിലും ലെബനനിലും ഇസ്രായേലിൻെറ നിരന്തര ആക്രമണങ്ങൾ തുടരുകയാണ്. ഇറാൻ തിരിച്ചടിക്കുമെന്ന് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ വലിയ പ്രതിസന്ധിയുണ്ട്. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശവും അനന്തമായി നീളുകയാണ്. ഇക്കാര്യങ്ങളിൽ ട്രംപ് ഭരണകൂടം എന്താണ് ചെയ്യാൻ പോവുന്നത്?

2024-ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണം (US President Election) ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നിലവിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി പിന്നിലായിരുന്നുവെന്നത് യാഥാർഥ്യമാണ്. 81-കാരനായ ജോ ബൈഡനെ (Joe Biden) വീണ്ടും പ്രസിഡൻറ് സ്ഥാനാർഥിയായി ഉയർത്തി കാട്ടിയായിരുന്നു ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയത്. മറുഭാഗത്ത് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് (Donald Trump) അല്ലാതെ മറ്റൊരു ചോയ്സ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇല്ലായിരുന്നു. ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഒന്നിനുപിറകെ ഒന്നൊന്നായി ട്രംപ് നുണക്കഥകളും അർധസത്യങ്ങളും നിരത്തി. ജോ ബൈഡൻ ശരിക്കും വിയർത്തു. പ്രായവും അസുഖങ്ങളുമെല്ലാം അദ്ദേഹത്തെ തളർത്തുകയും ചെയ്തിരുന്നു. പ്രസിഡൻഷ്യൽ ഡിബേറ്റിൽ പിന്നിലായപ്പോൾ തന്നെ തോൽവി മണത്ത ഡെമോക്രാറ്റ് ക്യാമ്പ് പിന്നീട് പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ബൈഡൻെറ വൈസ് പ്രസിഡൻറായ കമലാ ഹാരിസ് (Kamala Harris) ചിത്രത്തിലേക്ക് വരുന്നത് അങ്ങനെയാണ്.

അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡൻറായി ചരിത്രം രചിക്കുമെന്ന പ്രതീക്ഷകളുമായി എത്തിയ കമലയ്ക്ക് ഗുണകരമായ ഏറെ കാര്യങ്ങളുണ്ടായിരുന്നു. ഭരണരംഗത്തും തെരഞ്ഞെടുപ്പ് രംഗത്തുമുള്ള പരിചയസമ്പത്ത് ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. നിലവിലെ വൈസ് പ്രസിഡൻറായ കമല 2020-ൽ ബൈഡനൊപ്പം നിന്ന് ട്രംപിനെ പരാജയപ്പെടുത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഡെമോക്രാറ്റ് നേതാവായിരുന്നു. 60-കാരിയായ കമല കറുത്ത വർഗക്കാരിയും തെക്കനേഷ്യൻ വംശജയുമാണ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ട്രംപുമായി നേരിട്ടുള്ള ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ കമല മേൽക്കൈ നേടി. കുടിയേറ്റം, വിലക്കയറ്റം, ഗർഭഛിദ്രം തുടങ്ങിയ അമേരിക്കൻ ജനതയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളും, ഗാസയിലെയും ലെബനനിലെയും ഇസ്രായേൽ ആക്രമണവും റഷ്യയുടെ ഉക്രൈയ്ൻ അധിനിവേശവുമെല്ലാം ഡിബേറ്റിൽ വലിയ ചർച്ചയായിരുന്നു. ഈ ഡിബേറ്റിന് ശേഷം പുറത്തുനവന്ന സർവേഫലങ്ങളിലടക്കം കമലയ്ക്കായിരുന്നു മുൻതൂക്കം.

അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡൻറായി ചരിത്രം രചിക്കുമെന്ന പ്രതീക്ഷകളുമായി എത്തിയ കമലയ്ക്ക് ഗുണകരമായ ഏറെ കാര്യങ്ങളുണ്ടായിരുന്നു.
അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡൻറായി ചരിത്രം രചിക്കുമെന്ന പ്രതീക്ഷകളുമായി എത്തിയ കമലയ്ക്ക് ഗുണകരമായ ഏറെ കാര്യങ്ങളുണ്ടായിരുന്നു.

അമേരിക്കൻ തെരഞ്ഞെടുപ്പിന് ഏകദേശം ഒരുമാസം ബാക്കിനിൽക്കുന്ന ഘട്ടത്തിൽ പുറത്തുവന്ന സർവേഫലങ്ങൾ മുതലാണ് കമലയുടെ സാധ്യതകൾ ഇടിഞ്ഞ് തുടങ്ങിയത്. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയപ്പോൾ കമലയ്ക്കുള്ള മുൻതൂക്കം വെറും ഒരു ശതമാനമായി കുറഞ്ഞു. നവംബർ 5-ന് ആദ്യഫലങ്ങൾ പുറത്തുവന്നപ്പോൾ തന്നെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. സ്വിങ് സ്റ്റേറ്റുകളിൽ ട്രംപ് തരംഗം കൂടിയായതോടെ എങ്ങോട്ടാണ് കാറ്റെന്ന് വ്യക്തമായിരുന്നു. ഒടുവിൽ ജനകീയ വോട്ടുകളിലും ഇലക്ടറൽ കോളേജിലും ഒരുപോലെ വലിയ മുന്നേറ്റമുണ്ടാക്കി ട്രംപ് വീണ്ടും അധികാരത്തിലേക്ക്. 2016-ന് ശേഷം ട്രംപ് അമേരിക്കയുടെ ഭരണാധികാരിയായി വരുമ്പോൾ ലോകം തെല്ല് ആശങ്കയോടെ നോക്കിക്കാണുന്ന രണ്ട് പ്രധാന വിഷയങ്ങളുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ

കഴിഞ്ഞ ഒരു വർഷത്തോളമായി ലെബനനിൽ ഇസ്രായേൽ കടുത്ത ആക്രമണങ്ങൾ തുടരുകയാണ്. ഗാസയിലെ കൂട്ടക്കുരുതികൾക്കും അയവില്ല. ഹിസ്ബുല്ലയെയും ഹമാസിനെയും ലക്ഷ്യമിടുന്നുവെന്ന് പറയുന്ന ഇസ്രായേൽ ആയിരക്കണക്കിന് നിരപരാധികളെയാണ് ഇതിനോടകം കൊന്നൊടുക്കിയത്. ഗാസയിലും ലെബനനിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ദിവസവും കൊല്ലപ്പെടുന്നു. ഇതിനിടയിൽ ഇറാൻ ഇസ്രായേലിനെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇറാൻെറ ഭാഗത്ത് നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങളും ഉണ്ടായി. ഇത്തരത്തിൽ സംഘർഷഭരിതമാണ് പശ്ചിമേഷ്യ. മനുഷ്യാവകാശ പ്രശ്നമെന്നതിനൊപ്പം എണ്ണയുടെ രാഷ്ട്രീയം നിലവിലെ പ്രതിസന്ധിയെ ഒരു സാമ്പത്തിക പ്രശ്നമാക്കിയും മാറ്റുന്നുണ്ട്. അമേരിക്കയിലെ പുതിയ ഭരണകൂടം പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവുണ്ടാക്കാൻ എന്ത് ചെയ്യുമെന്ന് അറിയേണ്ടതുണ്ട്.

എക്കാലത്തും ഇസ്രായേലിനെ പൂർണമായി പിന്തുണയ്ക്കുന്ന രാജ്യമാണ് അമേരിക്ക. നിലവിൽ ഗാസയിലും ലെബനനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ജോ ബൈഡൻ ഭരണകൂടം മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. വൈസ് പ്രസിഡൻറായ കമലാ ഹാരിസിന് തൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയത്തിൽ വ്യക്തമായ ഒരു നിലപാട് പറയാനും സാധിച്ചിരുന്നില്ല. മിഷിഗൺ പോലെ മുസ്ലിം, അറബ് അമേരിക്കൻ ജനസംഖ്യയുള്ള ഇടത്ത് കമല വലിയ തിരിച്ചടി നേരിട്ടതിൻെറ കാരണവും ഇതൊക്കെ തന്നെയായിരുന്നു. ഈ മേഖലയിലെ മുസ്ലീം പുരോഹിതർ പോലും നേരിട്ട് റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ, ഗാസയിലെ പ്രതിസന്ധി പരിഹരിക്കാൻ താൻ അധികാരത്തിലെത്തിയാൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ചു. എന്നാൽ അതൊന്നും തെരഞ്ഞെടുപ്പിൽ അവർക്ക് അനുകൂലമായി മാറിയില്ല. ബൈഡൻ ഭരണകൂടം ഇസ്രായേലിന് പൂർണ പിന്തുണ നൽകിയപ്പോൾ ട്രംപ് വ്യത്യസ്തമായ നിലപാടെടുക്കുമെന്ന് കരുതിയവർക്ക് ശരിക്കും പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് ട്രംപ്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് ട്രംപ്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് ട്രംപ്. ബൈഡനേക്കാൾ ശക്തമായി തങ്ങൾക്കൊപ്പം ട്രംപ് നിൽക്കുമെന്നും അവർക്ക് വ്യക്തമായി അറിയാം. പലസ്തീൻ ജനതയോട് ഒരുകാലത്തും അനുഭാവം പ്രകടിപ്പിച്ചിട്ടില്ല ട്രംപ്. “നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയാണെങ്കിൽ കഴിഞ്ഞ 25-30 വർഷമായി നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ആ പ്രസ്ഥാനത്തെ അമേരിക്കയിൽ നിന്ന് വേരോടെ പിഴുതെറിയാം” - പലസ്തീൻ അനുകൂല പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രംപ് പറഞ്ഞതാണ് ഇക്കാര്യം. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് കാര്യങ്ങൾ. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയിട്ടുള്ള ട്രംപ് പലസ്തീൻ അനുകൂലികളായ കുടിയേറ്റ മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ഇസ്രായേൽ അനുകൂലിയായ പ്രസിഡൻറെന്ന് ഭാവിയിൽ ട്രംപിനെ ലോകം വിലയിരുത്തിയാലും അത്ഭുതപ്പെടേണ്ടി വരില്ല. ട്രംപ് അധികാരത്തിലേക്കെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ഇസ്രായേൽ ഭരണകൂടം സ്വാഗതം ചെയ്തിരിക്കുന്നത്. “അമേരിക്കൻ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ. ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ബന്ധം ഇനി കൂടുതൽ ദൃഢമാക്കാം. ഇറാൻെറ നേതൃത്വത്തിലുള്ള തിൻമയുടെ കൂട്ടായ്മയെ തകർക്കാനും, ബന്ദികളായവരെ തിരികെ കൊണ്ടുവരാനും ഇനി നമുക്ക് ഒരുമിച്ച് നിന്ന് പ്രവർത്തിക്കാം” - ട്രംപിൻെറ വിജയത്തെ അഭിനന്ദിച്ച് ഇസ്രയേലിൻെറ പുതിയ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചതാണിത്. നേരത്തെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ബൈഡൻെറ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ് വരുമ്പോൾ കുറേക്കൂടി ആക്രമണോത്സുകമായ നിലപാടായിരിക്കും എടുക്കുകയെന്ന കാര്യത്തിൽ തർക്കമേ വേണ്ട. ബൈഡനേക്കാളും കമലയേക്കാളും തങ്ങളുടെ നല്ല സുഹൃത്തായിരിക്കും ട്രംപെന്ന് ഇസ്രായേൽ ഭരണകൂടത്തിനും ഉറപ്പുള്ള കാര്യമാണ്. പ്രസിഡൻഷ്യൽ ഡിബേറ്റിനിടയിൽ കമല പാലസ്തീൻ അനുകൂലിയാണെന്ന ആരോപണം ട്രംപ് ഉയർത്തിയിരുന്നു. കമല ജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേൽ എന്ന രാജ്യം തന്നെ ഉണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രസ്താവന. എന്നാൽ ഇസ്രായേലിനോട് അനുകൂലമായുള്ള അമേരിക്കൻ നയം തന്നെയാണ് താൻ മുന്നോട്ട് കൊണ്ടുപോവുകയെന്നാണ് കമല മറുപടി നൽകിയത്. ഏതായാലും ഇസ്രയേൽ ആഗ്രഹിച്ച ഭരണാധികാരി തന്നെയാണ് അമേരിക്കയുടെ 47ാമത് പ്രസിഡൻറാവാൻ പോവുന്നത്.

റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തിൽ സംഭവിക്കാൻ പോവുന്നത്

“24 മണിക്കൂർ കൊണ്ട് യുക്രൈയ്നിലെ യുദ്ധം ഞാൻ അവസാനിപ്പിക്കും,” തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അതിന് മുമ്പും ഡോണൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണിത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ട്രംപ് ഇത് പറഞ്ഞിട്ടുള്ളത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. യുക്രൈയ്ൻ ഭരണകൂടത്തിന് നൽകുന്ന യുഎസ് സഹായം അവസാനിപ്പിക്കുക എന്നതാണ് ഒന്നാമത്തേത്. കീവിലേക്കുള്ള റഷ്യൻ അധിനിവേശം ചെറുക്കാൻ യുക്രൈയ്നെ സഹായിക്കുന്നത് നാറ്റോ സഖ്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികസഹായം നൽകുന്നത് അമേരിക്കയാണ്. ബൈഡൻ ഭരണകൂടം റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈയിന് പിന്തുണ നൽകിയിരുന്നു. എന്നാൽ, ഈ സാമ്പത്തികസഹായം തുടരുന്നതിനോട് ട്രംപിന് യോജിപ്പില്ല. സഹായം അവസാനിച്ചാൽ യുക്രൈയ്ന് പിടിച്ച് നിൽക്കുക പ്രയാസകരമായിരിക്കും.

നിലവിലെ റഷ്യൻ ഭരണകൂടവുമായി ട്രംപിനുണ്ടെന്ന് പറയപ്പെടുന്ന അടുപ്പമാണ് മറ്റൊരു ഘടകം.
നിലവിലെ റഷ്യൻ ഭരണകൂടവുമായി ട്രംപിനുണ്ടെന്ന് പറയപ്പെടുന്ന അടുപ്പമാണ് മറ്റൊരു ഘടകം.

നിലവിലെ റഷ്യൻ ഭരണകൂടവുമായി ട്രംപിനുണ്ടെന്ന് പറയപ്പെടുന്ന അടുപ്പമാണ് മറ്റൊരു ഘടകം. ട്രംപ് വിജയിച്ചതിനെ സ്വാഗതം ചെയ്ത് റഷ്യയിൽ നിന്ന് ഇതിനോടകം തന്നെ പ്രതികരണങ്ങൾ വന്നതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. “വ്യാജ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് ട്രംപ് അമേരിക്കയിൽ വിജയം നേടിയിരിക്കുകയാണ്. നിലവിലുള്ള ഭരണകൂടത്തിൻെറ കഴിവില്ലായ്മയിലും, വ്യാജ പ്രചാരണങ്ങളിലുമെല്ലാം സാധാരണ ജനങ്ങൾക്ക് മടുത്തിരിക്കുന്നു” - റഷ്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കളിലൊരാളും സ്വയംഭരണ ആസ്തി ഫണ്ടിൻെറ സി.ഇ.ഒയുമായ കിറിൽ ദിമിത്രീവ് പ്രതികരിച്ചു. “റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് ഉപദേശം നൽകുന്നവരിലൊരാളാണ് ദിമിത്രീവ്. ട്രംപുമായും ഇദ്ദേഹത്തിന് അടുപ്പമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

യുക്രൈയ്നിലെ യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്ന് ട്രംപ് ഇതുവരെ പറഞ്ഞിട്ടില്ല. ഇരുരാജ്യങ്ങളിലെയും പ്രധാനനേതാക്കളെ ഒരുമിച്ചിരുത്തി ട്രംപ് ചർച്ച നടത്തിയേക്കുമെന്ന് പോലും ഊഹാപോഹങ്ങളുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് വ്ലാദിമിർ പുടിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ റഷ്യയുടെ വാദങ്ങൾ അംഗീകരിക്കുകയും, യുക്രൈയ്നിൽ നിന്ന് പിടിച്ചടക്കിയ മേഖലകൾ കൂട്ടിച്ചേർക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നതാണ് ആവശ്യം. മോസ്കോയ്ക്ക് യുക്രൈയ്നിൽ നിന്ന് ഭാവിയിൽ സുരക്ഷാഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കുകയും വേണം. റഷ്യൻ സൈന്യം കഴിഞ്ഞ ഒരു വർഷത്തോളമായി യുക്രൈയ്നിൽ അധിനിവേശം നടത്തുകയാണ്. മറുഭാഗത്ത് നിന്നും കാര്യമായ ചെറുത്തുനിൽപ്പും ഉണ്ടാവുന്നുണ്ട്. അനന്തമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങൾക്കും താൽപര്യമുണ്ട്. അവിടെയാണ് ട്രംപിൻെറ ഇടപെടൽ ഇനി നിർണായകമാവാൻ പോവുന്നത്. ഏറ്റവും കുറഞ്ഞത് വെടിനിർത്തൽ പ്രഖ്യാപിക്കാനെങ്കിലും ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങൾക്കും മേൽ സമ്മർദ്ദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ. പുടിൻെറ ആവശ്യങ്ങൾ ട്രംപ് അംഗീകരിക്കാനാണ് സാധ്യത. നാറ്റോയോട് അദ്ദേഹത്തിന് വലിയ യോജിപ്പില്ല. യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതിനോടും വിയോജിപ്പുണ്ട്. ട്രംപ് ഉയർത്തുന്ന സമ്മർദ്ദത്തെ നാറ്റോയിലെ യൂറോപ്യൻ രാജ്യങ്ങൾ അനുകൂലിക്കുമോയെന്നാണ് കാത്തിരുന്ന് കാണാനുള്ളത്.

Comments