യൂറോപ്പിലാകെ ജനം തെരുവിലാണ്. ഫ്രാൻസിലെയും ഇറ്റലിയിലെയും പോർച്ചുഗലിലെയും ബെൽജിയത്തിലെയും സ്പെയിനിലെയുമെല്ലാം യുവജനങ്ങളും പൗരസംഘടനകളും തങ്ങളെ ഭരിക്കുന്ന സർക്കാരുകൾക്കെതിരെ, അവകാശ നിഷേധങ്ങൾക്കെതിരെ സമരം ചെയ്യുകയാണ്. എന്താണ് ഇതിന് കാരണം. അത് നമ്മുടെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനോട് ഒന്ന് ചോദിച്ച് നോക്കൂ… പുള്ളിക്ക് കൃത്യവും വ്യക്തവുമായ ഉത്തരമുണ്ട്. ലോകത്തിലെ സകലമാന പ്രശ്നങ്ങൾക്കും ട്രംപിന് ഒരൊറ്റ കാരണമേയുള്ളൂ. കുടിയേറ്റം, പിന്നെ മുസ്ലിങ്ങൾ… ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരൊറ്റ കാര്യം ചെയ്താൽ മതിയെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് ഫ്രീ ആയി ഉപദേശവും നൽകുന്നുണ്ട് ട്രംപ്. അത് എന്താണ്? “അതിർത്തികൾ അങ്ങ് അടച്ചിടെന്നേ… ഒരൊറ്റയെണ്ണത്തിനെ ഇനി അകത്തേക്ക് കടത്തരുത്. ഫ്രാൻസിൽ പ്രശ്നമുണ്ടാക്കുന്നത് അവിടെയുള്ളവരല്ല. എല്ലാം പുറത്ത് നിന്നും വന്നവരാണ്. ഞാൻ പണ്ടേ മാക്രോണിനോട് ഇക്കാര്യം പറയുന്നതാണ്. നിങ്ങൾ ഫ്രാൻസിൽ വലിയ അബദ്ധമാണ് കാണിക്കുന്നത്. ഇങ്ങനെ അതിർത്തി തുറന്നുവെച്ച് ഇക്കണ്ട മനുഷ്യമ്മാരെ മുഴുവൻ രാജ്യത്തിന് അകത്തേക്ക് കയറ്റുന്നതിൻെറ വല്ല ആവശ്യവും ഉണ്ടായിരുന്നോ? പാരീസ് അധികം വൈകാതെ ഒരു മുസ്ലിം നഗരമായി മാറും കേട്ടോ… ഞാനിത് എത്രയോ കാലമായി പറയുന്നു. ഞങ്ങൾ അതിർത്തികളെല്ലാം അടച്ചില്ലേ… അത് പോലെ ചെയ്താൽ മതിയെന്നേ… പിന്നെ രാജ്യം യാതൊരു പ്രശ്നങ്ങളുമില്ലാത്ത സുന്ദരസുരഭില പൂങ്കാവനമായി മാറില്ലേ… നോക്കണേ… എന്തൊരു കോൺഫിഡൻസാണ് അമേരിക്കൻ പ്രസിഡൻറിന്. എങ്ങനെ ഇല്ലാതിരിക്കും അല്ലേ? അധികാരത്തിലേറി ഇതിനിടയിൽ തന്നെ എത്രയെത്ര യുദ്ധങ്ങളാണ് ട്രംപ് എന്ന ഒരൊറ്റയാൾ അവസാനിപ്പിച്ചത്. സമാധാനത്തിനുള്ള നോബൽ പ്രൈസ് നൽകാമെന്ന് പറഞ്ഞ് ഓരോ വർഷവും കമ്മിറ്റി പുള്ളിയെ പറ്റിക്കുന്നുണ്ട്. അതത്ര ശരിയായ ഏർപ്പാടല്ല. അതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൊള്ളട്ടെ.
ഇനി നമ്മൾ ഫ്രാൻസിലേക്ക് വന്നാൽ, എന്താണ് അവിടത്തെ യഥാർത്ഥ പ്രശ്നം? ഫ്രാൻസിലെ പൊതുവിദ്യാലയങ്ങൾ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ നടപ്പിലാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏറ്റവും വലിയ ആഘാതമേൽപ്പിച്ചത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം രൂക്ഷമാണ്. പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ തന്നെ അധ്യാപകരില്ലാത്തത് കാരണം 10 ശതമാനത്തോളം പഠനമണിക്കൂറുകളാണ് കുട്ടികൾക്ക് നഷ്ടപ്പെട്ടത്. അടിസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മ മറ്റൊരു പ്രശ്നം. ഇങ്ങനെ തുടങ്ങിയ പ്രതിഷേധമാണ്. വിദ്യാഭ്യാസ മേഖലയിൽ തുടങ്ങിയ സമരം പിന്നീട് പൗരസംഘടനകൾ ഏറ്റെടുക്കുകയും രാജ്യവ്യാപക പ്രതിഷേധമായി മാറുകയും ചെയ്തു. ജീവിതച്ചെലവ് വർധിച്ചതും അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാമാണ് ഫ്രഞ്ച് ജനതയെ തെരുവിൽ എത്തിച്ചിരിക്കുന്നത്. ഇങ്ങനെ ജനങ്ങൾ തങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് പ്രതിഷേധിക്കുമ്പോഴാണ് അതിനെ ചിലർ മുസ്ലിങ്ങളുടെയും കുടിയേറ്റക്കാരുടെയും തലയ്ക്ക് കൊണ്ടിടുന്നത്.
ഫ്രാൻസിലെ ഇൻറലിജൻസ് സംവിധാനങ്ങൾ പോലും അവിടത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ പ്രത്യേക ഗ്രൂപ്പുകളുണ്ടെന്നോ പ്രത്യേക വിഭാഗക്കാരുണ്ടോയെന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. രാജ്യത്ത് നിലവിലുള്ള അസ്ഥിരതയ്ക്ക് പിന്നിൽ തീവ്രഇടതുപക്ഷ സംഘടനകളാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഫ്രഞ്ച് ഭരണകൂടം പറഞ്ഞ് കൊണ്ടേയിരിക്കുന്നുണ്ട്. ഒരുഭാഗത്ത് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി സെബാസ്റ്റീൻ ലെകോർണുവുമെല്ലാം പ്രതിഷേധക്കാരെ നേരിട്ട് വലിയ ക്ഷീണത്തിലാണ്. തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെന്നിനെ പോലുള്ളവർ അവസരം മുതലാക്കാനും ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് ട്രംപ് കിട്ടിയ അവസരത്തിൽ ഇവിടെ ഇസ്ലാമോഫോബിയയും കുടിയേറ്റവിരുദ്ധതയും കുത്തിത്തിരുകാൻ നോക്കുന്നത്. ട്രംപിന് നല്ലത് വരട്ടേയെന്നെ ഓപ്പൺ എയറിന് പറയാനുള്ളൂ.
ഫ്രാൻസിൽ കുടിയേറ്റക്കാർ പ്രശ്നമുണ്ടാക്കുന്നുവെന്ന് പറയുന്ന ട്രംപിസ്റ്റുകൾക്ക് നമ്മുടെ നാട്ടിലും പഞ്ഞമൊന്നുമില്ല. അവരോട് ഫ്രഞ്ച് ഫുട്ബോൾ ടീമിനെ ഒന്ന് നോക്കണമെന്ന് മാത്രമേ പറയാനുള്ളൂ. കുടിയേറ്റ മനുഷ്യരുടെ സൌന്ദര്യമാണ് ഫ്രഞ്ച് ഫുട്ബോൾ ടീം. അൾജീരിയയിൽ നിന്ന് കുടിയേറിയ സിനദിൻ സിദാൻ മുതൽ കാമറൂണിൽ നിന്ന് കുടിയേറിയ കിലിയൻ എംബാപ്പെ വരെയുള്ളവർ ലോകഫുട്ബോളിൽ ഉണ്ടാക്കിയ വിപ്ലവം ഒന്ന് കൺതുറന്ന് കാണൂ. 1998 മുതൽ 2026 വരെയുള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഫ്രാൻസ് ഫുട്ബോൾ ടീം രണ്ട് ലോകകിരീടങ്ങൾ നേടി. ഒരു തവണ ഫെനലിസ്റ്റുകളായി. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് പി.എസ്.ജി തുടർച്ചയായി രണ്ട് ചാമ്പ്യൻസ് ലീഗുകൾ നേടി ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി വലിയ നേട്ടങ്ങൾ കൈവരിക്കുന്നു. കുടിയേറ്റക്കാരായ കളിക്കാർ തന്നെയാണ് അതിന് പിന്നിലുമുള്ളത്. എന്നിട്ടും തീവ്രവലതുപക്ഷത്തിനും ട്രംപിനും പ്രശ്നം കുടിയേറ്റക്കാരാണ്. യാഥാർത്ഥ്യത്തോട് ഒരംശം പോലും അടുത്തെത്താത്ത തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ, ഇത്തരം നറേറ്റീവ് സൃഷ്ടിക്കൽ ഇനിയെങ്കിലും ട്രംപ് നിർത്തുമോ? ആരോട് പറയാൻ? ആര് കേൾക്കാൻ?…
