1992-ൽ ചരിത്രം അവസാനിച്ചുവെന്ന് വാദിച്ചത് രാഷ്ട്രീയ നിരീക്ഷകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രാൻസിസ് ഫുകുയാമയാണ്. ‘End of History and the Last Man’ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്. സോവിയറ്റ് ചൈനീസ് വ്യവസ്ഥകളുടെ തകർച്ചയ്ക്കുശേഷം ഇനി ലിബറൽ ഡെമോക്രസിയുടെ കാലമാണെന്നും മറ്റൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും പ്രസക്തിയില്ലെന്നുമാണ് ഫുകുയാമ വാദിച്ചത്. എന്നാൽ ഇന്ന്, 50 ശതമാനത്തിൽപരം ലോകരാജ്യങ്ങളിലും സർവാധിപത്യഭരണമാണ് നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ, 14.4% രാജ്യങ്ങളിൽ പൂർണ്ണ ജനാധിപത്യവും (Full Democracy), 29.9% രാജ്യങ്ങളിൽ വിപഥിത ജനാധിപത്യവും (Flawed democracy) 20.4% രാജ്യങ്ങളിൽ സർവാധിപത്യവും ജനാധിപത്യവും ചേർന്ന സങ്കര (Hybrid) ഭരണകൂടവും 35.3% രജ്യങ്ങളിൽ പൂർണ സർവാധിപത്യവും നിലനിൽക്കുന്നു (പട്ടിക.1).
പട്ടിക.1: ജനാധിപത്യത്തിന്റെ തോത്- 2023

Source: "Democracy Index 2023: Age of conflict" . Economist Intelligence Unit. 2024. p. 3.
ഈ വൈരുദ്ധ്യത്തെ ഇഴപിരിച്ചു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ആദ്യം ലേഖനമായും പിന്നീട് അതിനെ വിപുലീകരിച്ച് പുസ്തകമാക്കിയപ്പോഴും ഫുകുയാമ, ഉടൻ ചരിത്രം അവസാനിക്കുമെന്നോ ലിബറൽ ഡെമോക്രസി ഏറ്റവും മെച്ചപ്പെട്ട ഒന്നാണോ എന്നൊന്നും വിലയിരുത്തിയിരുന്നില്ല. മറിച്ച്, ഹെഗലിയൻ ചരിത്രാന്ത്യമോ (സാഹോദര്യം സമത്വം എന്നീ ആശയങ്ങളുടെ സംസ്ഥാപനത്തോടെ) മാർക്സിയൻ ചരിത്രാന്ത്യമോ (വർഗസമരം അപ്രത്യക്ഷമാകുന്നതോടെ) സംഭവിക്കാനുള്ള സാധ്യത കെട്ടടങ്ങിയെന്നും ഇനി ലിബറൽ ഡെമോക്രസിയിലൂടെ മാത്രമേ ചരിത്രാന്ത്യം സംഭവിക്കുകയുള്ളൂ എന്നും നിരൂപിച്ചു. ലോകമെമ്പാടും പ്രത്യേകിച്ച് മുതലാളിത്ത ജിഹ്വകളെല്ലാം ഫുകുയാമയെ വാഴ്ത്തി. സാഹിത്യത്തിലും കലയിലും ഈ ദർശനം കൊണ്ടാടപ്പെട്ടു. എന്നാൽ, 32 വർഷത്തിനിപ്പുറം ഈ അനുമാനിത വഴിയിൽ ചരിത്രം പോയോ?
ഇന്നത്തെ ആഗോളക്രമം
അമേരിക്കയ്ക്ക് ഇന്ന് ആഗോളക്രമത്തിൽ മുൻപത്തെ സ്വാധീനമുണ്ട് കരുതാൻ വയ്യ. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സംഘർഷത്തിന് റഷ്യയുടെ വ്ളാഡിമിർ പുടിൻ പ്രേരിപ്പിക്കുകയും ചൈനയുടെ ഷി ജിൻപിംഗ് ജനാധിപത്യ മൂല്യ വിമുക്തമായ ആഗോളക്രമത്തെ പൗരസ്ത്യ ദേശങ്ങളിൽ നിർമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. റഷ്യ ഉക്രെയ്നിൽ അധിനിവേശം നടത്തി ഒരു വർഷത്തിനുശേഷം 2023 മാർച്ചിൽ ഷി ക്രെംലിൻ സന്ദർശിച്ചപ്പോൾ, ലോകം ‘നൂറു വർഷത്തിനിടെ നാം കണ്ടിട്ടില്ലാത്ത രീതിയിൽ’ മാറുകയാണെന്ന് അദ്ദേഹം പുടിനോട് പറഞ്ഞു. ‘നമുക്ക് ആ മാറ്റങ്ങളെ ഒരുമിച്ച് നയിക്കാം’, അദ്ദേഹം പറഞ്ഞു. പുടിൻ കൈകൾ നീട്ടി തലയാട്ടി, ‘ഞാൻ സമ്മതിക്കുന്നു’.

2016-ൽ ഡോണൾഡ് ട്രംപിന്റെ വിജയം യാദൃച്ഛികതയായി വിലയിരുത്തപ്പെട്ടുവെങ്കിൽ 2024 നവംബറിലെ ട്രംപിന്റെ വിജയം കൃത്യമായ അജണ്ട നിർണയിച്ചു നടപ്പിലാക്കിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. "ഞങ്ങൾ ജയിച്ചു’’, "പുടിന്റെ തത്ത്വചിന്തകൻ" എന്നറിയപ്പെടുന്ന റഷ്യൻ സൈദ്ധാന്തികൻ അലക്സാണ്ടർ ഡുഗിൻ എക്സിൽ പ്രഖ്യാപിച്ചു. ട്രംപിന്റെ വിജയവും ഇലോൺ മസ്കുമായുള്ള അടുപ്പവും കിഴക്കൻ ഏഷ്യയിലെ സ്വേച്ഛാധിപത്യ സംസ്കാരങ്ങളോട് സാമ്യമുള്ള ഒരു "ടെക്നോ-സ്വേച്ഛാധിപത്യ- യാഥാസ്ഥിതിക" സഖ്യം സൃഷ്ടിച്ചുവെന്ന് മുൻ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിന്റെ ചെറുമകനും ബ്ലോഗറുമായ റെൻ യി എഴുതി. "സ്വതന്ത്ര ലോകത്തിന്റെ 'അപായ ദീപം (Beacon)' ആയ അമേരിക്ക വിവിധ രാജ്യങ്ങളെ നിഷ്ക്രിയ ജനാധിപത്യത്തിലേക്ക് നയിക്കും," റെൻ പ്രവചിച്ചു.
ലളിതമായി പറഞ്ഞാൽ, സാമ്രാജ്യത്വനയങ്ങളിലൂടെ ലോക വിഭവങ്ങളെ ചൂഷണം ചെയ്ത് നിലനിൽക്കുന്നതാണ് അമേരിക്കൻ ജനാധിപത്യമെങ്കിലും ആ രാജ്യത്തിനകത്തു ജനാധിപത്യ മൂല്യങ്ങൾ ഏറെക്കുറെ നിലനിൽക്കുന്നുണ്ട്. എന്നാൽ, മേൽ വിവരിച്ച ടെക്നോ- സ്വേച്ഛാധിപത്യ- യാഥാസ്ഥിതിക വ്യതിയാനത്തിന് അമേരിക്ക വിധേയമാകുമ്പോൾ ലോകമെമ്പാടും അത്തരം വ്യവസ്ഥകൾക്ക് സ്വീകാര്യത ലഭിക്കുമെന്നതാണ് ഭയപ്പെടുത്തുന്ന വർത്തമാന യാഥാർഥ്യം. ട്രംപ് ഭരണത്തിന്റെ ഉത്ഘാടന വേളയിൽ ഇലോൺ മസ്ക് നടത്തിയ നാസി സല്യൂട്ട് ഇതിന്റെ നാന്ദിയായി കരുതാം.
ഷാങ്ങ്ഹായ് ബുദ്ധിജീവികൾ
ചൈനീസ് ചരിത്രകാരനും ചിന്തകനുമായ സിയാഒ ഗോങ്ക്വിൻ ആണ് നവ-പരമാധികാരം (Neo-Authoritarianism) എന്ന പദം ആദ്യം പ്രയോഗിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിൽ, എൺപതുകളുടെ അവസാന കാലത്ത് ഗോർബച്ചേവിന്റെ നേതൃത്വത്തിൽ റഷ്യയിലും ഡെങ് സിയാഒപ്പിങ്ങിന്റെ നേതൃത്വത്തിൽ ചൈനയിലും പരിഷ്കരണം തുടങ്ങുകയും ദ്രുതഗതിയിൽ സാമ്പത്തിക- സാമൂഹ്യ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ഡെങ്ങിന്റെ പരിഷ്കരണത്തിന്റെ സൈദ്ധാന്തിക സ്രോതസ്സായിരുന്നത് സിയാഒയും മറ്റൊരു അക്കാദമിഷ്യനായ വാങ് ഹ്യൂനിങ്ങും ആണ്. വാങ് പിന്നീട് ഡെങ് ഗവണ്മെന്റിൽ ഉയർന്ന ഉദ്യോഗസ്ഥനായി. ഇന്നത്തെ ഷി ജിൻപിംഗ് ഗവണ്മെന്റിലും ശക്തനായ ബുദ്ധി കേന്ദ്രമായി പ്രവർത്തിക്കുന്നു. കരുത്തനായ നേതാവും സാംസ്കാരിക പാരമ്പര്യത്തോടുള്ള ബഹുമാനവും പാരസ്പര്യത്തിലാവുമ്പോൾ ഉണ്ടാകുന്ന ഭരണ സ്ഥിരതയാണ് ആധുനികവൽക്കരണത്തിലേക്കുള്ള ശരിയായ പാത എന്നാണ് ഈ ഷാങ്ങ്ഹായ് ബുദ്ധിജീവികളുടെ കണ്ടെത്തൽ. അതാണ് ഇനി ലോക രാജ്യങ്ങളും പിന്തുടരേണ്ടത് എന്ന് അവർ കരുതുന്നു.
ബുദ്ധിജീവിയും ആദം സ്മിത്തിന്റെ വിവർത്തകനുമായ യാൻ ഫുവിൽ, ചൈനയുടെ സ്വന്തം റിപ്പബ്ലിക്കൻ പരീക്ഷണത്തിലൂടെ ജീവിച്ച ശേഷം, തന്റെ ജനത "സ്വയംഭരണത്തിന് പ്രാപ്തരല്ല" എന്ന് തീരുമാനിക്കുകയുണ്ടായി. സിയാഒയുടെ മുഖ്യ പ്രചോദനം യാൻ ഫു ആണ്. "സ്വാതന്ത്ര്യവും ജനാധിപത്യവും പൊരുത്തപ്പെടുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല" എന്ന് 2009-ൽ പ്രഖ്യാപിച്ച ശതകോടീശ്വരനായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് പീറ്റർ തീലിനെപ്പോലുള്ള ഉദാഹരണങ്ങൾ അമേരിക്കയിലും കാണാം. യാഥാസ്ഥിതിക ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഫണ്ടറും ട്രംപ് ഭരണത്തിൽ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാൻസിന്റെ മാർഗ്ഗദര്ശിയുമാണ് അയാൾ. കൂടാതെ, സിംഗപ്പൂരിലെയും ചൈനയിലെയും സ്റ്റേറ്റ് ക്യാപിറ്റലിസത്തെ വാഴ്ത്തുന്ന കുർറ്റിസ്സ് യാർവിനെപോലെയുള്ള നവ പിന്തിരിപ്പൻ പ്രകാരങ്ങളെ പിന്താങ്ങുകയും ചെയ്യുന്നു.
ഹെഗലും മാർക്സും
ജനാധിപത്യ മൂല്യങ്ങൾ പടരുന്നതോടെ ചരിത്രം സംഘർഷരഹിതമാകുമെന്ന് ഹെഗൽ കരുതി. മാർക്സ് ആവട്ടെ, വർഗസമരം അവസാനിക്കുകയും സമൂഹം സ്വകാര്യ മൂലധന മുക്തമാകുകയും ചെയ്യുന്നതോടെ ചരിത്രം പ്രശാന്തമാകുമെന്ന് സൈദ്ധാന്തികമായി സ്ഥാപിച്ചു. മൂലധനം ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ അതിന്റെ അഴുക്കുകളെ കഴുകിക്കളഞ്ഞ് ശുദ്ധമാകുമെന്ന് കരുതുന്നത് ഏറ്റവും ഉയർന്ന ദർശനമാണ്. മാർക്സ് കരുതിയ വഴിക്ക് ചരിത്രം പുരോഗമിക്കാതിരിക്കാൻ പാശ്ചാത്യ മുതലാളിത്വ വ്യവസ്ഥകൾ ചെയ്തതെല്ലാം ഒരു നൂറ്റാണ്ടായി നമുക്ക് അറിയാവുന്നതാണ്. എന്നാൽ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ചരിത്രം പരിണമിച്ചത് സങ്കീർണമായാണ്. പാശ്ചാത്യ ആധുനികതക്ക് യാഥാസ്ഥിതിക ഏകാധിപത്യത്തിലൂടെ സമാന്തര ധാര ഉണ്ടാക്കുകയാണ് ചൈന, സിങ്കപ്പൂർ, തെക്കൻ കൊറിയ തുടങ്ങിയ സമ്പദ് വ്യവസ്ഥകൾ ചെയ്തത്. സ്റ്റേറ്റ് ക്യാപിറ്റലിസം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും ടെക്നോ-സ്വേച്ഛാധിപത്യ-യാഥാസ്ഥിതിക ആധുനികത എന്ന് വിളിക്കുന്നതാകും ശരി, ഒരു ദുരന്ത ഹാസ്യമാണെങ്കിലും.

ഇന്ത്യയും ദ്രുതം നടന്നടുക്കുന്നത് ഈ വ്യവസ്ഥയിലേക്കാണ്. ഇതോടൊപ്പം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ശ്രേണീകൃത അസമത്വവും ജാതിവ്യവസ്ഥയും കൂടി ചേരുമ്പോൾ സാമൂഹ്യ ശാസ്ത്രജ്ഞർ പരാജയപ്പെടുന്നത്ര സങ്കീർണമാണ് നമ്മുടെ ഭരണകൂടം. നാം എത്രകാലം ഒരു ഭരണഘടനാ റിപ്പബ്ലിക്ക് ആയി നിൽക്കും എന്നത് അതുകൊണ്ടു തന്നെ ഈ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ്.
ചൈനീസ് ഉത്പന്നങ്ങൾ മാത്രമല്ല, ചൈനീസ് ഭരണകൂട മാതൃകകൂടി ലോകമെമ്പാടും പടരുമോ? ഷാങ്ങ്ഹായ് ബുദ്ധിജീവികൾ ട്രംപിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നതിന് കാരണം അവരുടെ സിദ്ധാന്തത്തിന്റെ പ്രയോഗം അമേരിക്കയിൽ സാധ്യമായി എന്നതുകൊണ്ടും ഇനി ലോകക്രമം ഈ സിദ്ധാന്തത്തെ കേന്ദ്രീകരിച്ചായിരിക്കും എന്നതുകൊണ്ടുമാണ്. ഇത് പറയുമ്പോൾ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. അമേരിക്കക്ക് ഇന്ന് ലോകമെമ്പാടും 750 എയർ ബേസുകളുണ്ട്. ചൈനയ്ക്കാകട്ടെ ജിബൂട്ടിയിൽ ഉള്ള ഒരേ ഒരു ബേസ് മാത്രം. ചൈനയുടെ ആഗോള നയങ്ങൾ അമേരിക്കയേക്കാൾ മെച്ചപ്പെട്ടതാണ്, ഇന്നത്തെ അവസ്ഥയിൽ. എന്നാൽ, അമേരിക്ക ഒരു ടെക്നോ-സ്വേച്ഛാധിപത്യ-യാഥാസ്ഥിതിക വ്യവസ്ഥ ആകുമ്പോൾ സാമ്രാജ്യത്തിന്റെ സ്വഭാവം എന്താകുമെന്നത് ചരിത്രം നമുക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്ന മറ്റൊരു സന്നിഗ്ദ്ധതയാണ്. 'ചൈനീസ് പാത' എന്നത് ഇന്ത്യയിൽ അറുപതുകളുടെ മധ്യത്തിൽ വസന്തത്തിന്റെ ഇടിമുഴക്കവും മാർക്സിസ്റ്റ് ലെനിനിസ്റ്റ് മുന്നേറ്റത്തിന്റെ പ്രത്യയ ശാസ്ത്ര അടിത്തറയുമായിരുന്നു. എന്നാൽ ഇന്ന് ആ പദ പ്രയോഗം സ്റ്റേറ്റ് ക്യാപിറ്റലിസത്തിന്റെ പാത എന്ന വിപര്യയത്തിലേക്ക് പരിവർത്തിതമായിരിക്കുന്നു. ചരിത്രത്തിന്റെ കോമാളിത്തം. ഈ യാഥാർഥ്യം ചരിത്രം അവസാനിക്കില്ലെന്നു മാത്രമല്ല, അരേഖീയമായി ഇനിയും വഴി പിരിയുമെന്നുമാണ് സൂചിപ്പിക്കുന്നത്.
അശുദ്ധ മൂലധനം
മാർക്സ് മൂലധനത്തെക്കുറിച്ചു പറഞ്ഞതെല്ലാം ഇന്നും ശരിയാണ്. അതിന്റെ അശുദ്ധിയിലാണ് ആധുനികത പിണഞ്ഞുനിൽക്കുന്നത്. ഇന്നത്തെ പാശ്ചാത്യ (മുതലാളിത്വ) പൗരസ്ത്യ (ടെക്നോ-സ്വേച്ഛാധിപത്യ-യാഥാസ്ഥിതിക) ആധുനികവത്കരണം മൂലധനത്തെ സമീപിക്കുന്നത് ഏതാണ്ട് ഒരേ രീതിയിലാണ്. പാരിസ്ഥിക വിരുദ്ധവും അമിത കേന്ദ്രീകരണവും മൂലധനത്തെ മലിനമായി നിലനിർത്തുന്നിടത്തോളം ചരിത്രം അവസാനിക്കില്ല. അശുദ്ധമൂലധനം പ്രാന്തവത്കരിക്കുന്നവർ നാൾക്കുനാൾ കൂടി വരുന്നു.
തെക്കൻ ഏഷ്യയിൽ മാത്രം ആഭ്യന്തരമായി നിഷ്കാസിതരാവുന്നവരുടെ എണ്ണം 2018-2022 കാലയളവിൽ ക്രമാതീതമായി കൂടിയിട്ടുണ്ട് (ചിത്രം-1).
ഈ നിഷ്കാസനത്തിന്റെ കാരണം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച പ്രകൃതി ദുരന്തങ്ങളാണ് എന്ന് കാണാം (ചിത്രം-2).
രസകരമായ വസ്തുത ആഭ്യന്തര കലാപം മൂലം നിഷ്കാസിതരായവരുടെ എണ്ണം പ്രകൃതി ദുരന്തങ്ങൾ മൂലം ഉണ്ടായവയുമായി തട്ടിച്ചു നോക്കുമ്പോൾ തുലോം കുറവാണ്. കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമല്ലെന്ന ട്രംപിസ്റ്റുകളുടെ വാദം കഴിഞ്ഞ കാലിഫോണിയൻ കാട്ടുതീയുടെ പശ്ചാത്തലത്തിൽ എത്ര വികലമാണെന്ന് മനസ്സിലാകും.
മൂലധനത്തിന്റെ മറ്റൊരു വിപര്യയം അമിത കേന്ദ്രീകരണമാണ്. ഇന്ന് ആഗോള സമ്പത്തിന്റെ 76% കയ്യാളുന്നത് 10% വരുന്നവരാണ്, 22% മധ്യ നിരയിൽ ഉള്ളവരുടെ കയ്യിലും. എന്നാൽ 50% വരുന്ന പാവങ്ങളുടെ കയ്യിൽ വെറും 2% മാത്രം. ഇതിൽ തന്നെ അതിസമ്പന്നർ കയ്യാളുന്നതോ?- 26%. മൂലധനം, കേന്ദ്രീകരണ വിമുക്തവും പാരിസ്ഥിതിക ബന്ധിതവും ആയി കാണുന്ന ഒരു ഭരണകൂടത്തെ മാത്രമേ നമുക്ക് ആധുനികം എന്ന് കരുതാനാകൂ. അത്തരം ഒരു സമൂഹത്തിന് മാത്രമേ സർഗാത്മക ജനാധിപത്യമാകാൻ കഴിയൂ.


Source: International Displacement Monitoring Center (IDMC) and Norwegian Refugee Council, Global Report on Internal Displacement 2023 (GRID 2023)
പാരിസ്ഥിക നാശവും കുത്തകകളുടെ ധനികവൽക്കരണവും മിക്ക രാജ്യങ്ങളിലും അശാന്തി നിറച്ചിരിക്കുന്നു. സാമൂഹ്യനീതി നാൾക്കുനാൾ തകിടം മറിയുന്നു. ക്വീർ സമൂഹം ഒരു ജൈവയാഥാർഥ്യമാണെന്ന് ഇന്നും യാഥാസ്ഥിതികത്വം അംഗീകരിക്കുന്നില്ല, ട്രംപ്, അധികാരമേറ്റ ഉടനെ ചെയ്തത് ജൻഡർ ബഹുസ്വരതയെ റദ്ദുചെയ്യുകയാണ്. ആധുനിക ജീനോമിക് പഠനങ്ങൾ മനുഷ്യരിലെ ബഹുസ്വരതയെ പേർത്തും പേർത്തും ശരിവെച്ചിട്ടും ആധുനിക രാഷ്ട്രങ്ങൾ പോലും അതിനിണങ്ങുന്ന സാമൂഹ്യ മാറ്റത്തോട് പുറംതിരിഞ് നിൽക്കുന്നു. ടെക്നോ-സ്വേച്ഛാധിപത്യ-യാഥാസ്ഥിതിക രാഷ്ട്രങ്ങളിൽ ക്വീർ സമൂഹം നേരിടുന്നത് കടുത്ത അനീതിയാണ്.
സർഗാത്മക ജനാധിപത്യം
മിക്ക ജനാധിപത്യ വ്യവസ്ഥകളും ഇന്ന് വിശേഷാധികാരാധ്യപത്യ (Oligarchy) ത്തിന്റെ പിടിയിലാണ്. അംബേദ്കർ ഭയപ്പെട്ടത് ഇന്ത്യയിൽ കൃത്യമായി സംഭവിച്ചു. അംബേദ്കർ വിഭാവനം ചെയ്ത പ്രാതിനിധ്യ ജനാധിപത്യം മാത്രമേ സർഗാത്മകമായി നിലനിൽക്കൂ. ജനാധിപത്യം ഉറഞ്ഞുനിൽക്കേണ്ട ഒന്നല്ല. എന്നാൽ, ഭരണഘടന നിർവചിച്ച മൂല്യങ്ങളെ ഒരു അക്ഷത്തിൽ ജ്യാമിതീയമായി നിലനിർത്തിയാൽ അതിന്റെ പരിസരത്തു നിന്നും വിദൂരമാകാത്ത വിധം ജനാധിപത്യത്തെ നിലനിർത്തുമ്പോളാണ് അത് സർഗാത്മകമാകുന്നത്. അംബേദ്കർ ജനാധിപത്യത്തെ നിർവചിച്ചത് 'രക്ത ചൊരിച്ചിലില്ലാതെ വിപ്ലവാത്മക മാറ്റങ്ങൾ ജനങ്ങളുടെ സാമൂഹ്യ- സാമ്പത്തിക ജീവിതത്തിൽ വരുത്താൻ കഴിയുന്ന ഭരണകൂട രൂപം' ആയിട്ടാണ്. അത് നിരന്തരം പരിഷ്കരിക്കപ്പെടുന്ന ഒരു പ്രക്രിയകൂടി ആകണം എന്നും അദ്ദേഹം പറഞ്ഞുവെച്ചു.
ലൈംഗിക ബഹുസ്വരത ജൈവികമാണെന്നു ശാസ്ത്രം തെളിയിച്ചപ്പോൾ അല്ലെങ്കിൽ ഭ്രാന്ത് ഒരു ജനിതക വൈകല്യമാണെന്ന് ജീവശാസ്ത്രം കണ്ടെത്തുമ്പോൾ അതിനു അനുഗുണമായി ജനാധിപത്യത്തെ പുനഃഘടന ചെയ്യുമ്പോൾ ആണ് പരിഷ്കരണോന്മുഖമായി ജനാധിപത്യം നിലനിൽക്കുക. എന്നാൽ, അവരെ പ്രാന്തവൽകരിക്കാനാണ് മേല്പറഞ്ഞ ഭരണകൂട വ്യവസ്ഥ ശ്രമിക്കുന്നത്. ആശുപത്രി, ജയിൽ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നിയന്ത്രിത സമൂഹത്തെ (മൈക്കിൾ ഫൂക്കോയുടെ പ്രസിദ്ധ പഠനം ഓർമിക്കുക) സൃഷ്ടിക്കുകയാണ് ഈ ഭരണ കൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.

മറ്റൊന്ന്, പരിസ്ഥിതിയോടുള്ള ടെക്നോ-സ്വേച്ഛാധിപത്യ- യാഥാസ്ഥിതിക ഭരണകൂടങ്ങളുടെ സമീപനമാണ്. ആദ്യ ദിവസം തന്നെ ട്രംപ് ഒപ്പുവച്ച മറ്റൊരു എക്സിക്യൂട്ടീവ് ഓർഡർ പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറുന്നതായിരുന്നു. ഊഹ മൂലധനം മൂല്യ വിമുക്തമായതുകൊണ്ട് തന്നെ അത് പാരിസ്ഥിതിക വിരുദ്ധവും ആണ്. അടുത്ത അമ്പത് വർഷത്തിനുള്ളിൽ ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ആഗോള താപനത്തിന്റെ കെടുതികൾ അനുഭവിക്കുമെന്നാണ് World Economic Forum പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ചരിത്രം അവസാനിക്കുകയല്ല, മറിച്ചു സങ്കീർണവും സംഘർഷഭരിതവും ആകാനാണ് സാധ്യത. അപ്പോൾ ഫുകുയാമിസ്റ്റുകൾ ഇനി എന്ത് ചെയ്യും?
അവലംബം:
Chang Che, New Yorker Dec 21, 2024.The Father of Chinese Authoritarianism has a message for America.