അമേരിക്കയിലെയും ലോകത്തിലെയും ലൈബ്രറികളുടെ ചരിത്രത്തിൽ തന്നെ നിർഭാഗ്യകരമായ സംഭവപരമ്പരകളുടെ ഒരു ആഴ്ചയാണ് കടന്നുപോയത്. ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ ലൈബ്രറിയും അമേരിക്കയുടെ നാഷണൽ ലൈബ്രറിയുമായ ലൈബ്രറി ഓഫ് കോൺഗ്രസിലെ ലൈബ്രേറിയൻ ഡോ. കാർല ഹെയ്‌ഡന് മെയ് എട്ടിന് വൈറ്റ് ഹൗസിൽ നിന്ന് ഒരു ഇ മെയിൽ സന്ദേശം വരുന്നു. കോൺഗ്രസ് ലൈബ്രേറിയൻ എന്ന നിലയിൽ ഉള്ള പദവി ഈ നിമിഷം മുതൽ അവസാനിപ്പിച്ചതായി അറിയിക്കുന്നു എന്നായിരുന്നു ഒറ്റവരിയിൽ അവസാനിപ്പിച്ച ആ മെയിൽ. തൊട്ടടുത്ത ദിവസം, മെയ് പത്തിന് കോപ്പിറൈറ്റ് രജിസ്ട്രാറായ ഷിറ പെർൽമുട്ടറിനെയും ഡോണൾഡ് ട്രംപ് ഭരണകൂടം പുറത്താക്കുന്നു.
അതീവ ഞെട്ടലോടെയും ആശങ്കയോടെയും ആണ് ലൈബ്രറി സമൂഹം ഈ വാർത്തയെ കണ്ടത്. ആരാണ് ഡോ. കാർല ഹെയ്ഡൻ എന്ന് മനസ്സിലാക്കുമ്പോഴാണ് വിഷയത്തിൻെറ വ്യാപ്തി വ്യക്തമാവുക. 2016-ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ഡോ. കാർലയെ അമേരിക്കൻ കോൺഗ്രസ് ലൈബ്രറിയുടെ തലപ്പത്ത് നിയമിക്കുന്നത്. സെനറ്റിൽ 18 നെതിരെ 74 അനുകൂല വോട്ടുകളുമായി ഡെമോക്രാറ്റ് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും ഒരുപോലെ അവരെ പിന്തുണച്ചിരുന്നു. 230 വർഷത്തെ ലൈബ്രറി ഓഫ് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ലൈബ്രേറിയൻ സ്ഥാനത്ത് എത്തിയത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വർഗക്കാരിയും കാർല തന്നെയാണ്. ലോകത്താകമാനമുള്ള കറുത്ത വംശജരുടേയും അവഗണിക്കപ്പെടുന്നവരുടേയും ശബ്ദമായാണ് അവർ പ്രവർത്തിച്ചത്. സ്ഥാനമേറ്റതിൽപ്പിന്നെ അവർക്ക് കിട്ടിയ അഭിനന്ദനങ്ങൾ, സോഷ്യൽ മീഡിയാ പിന്തുണ, എല്ലാം അവരുടെ ജനപ്രീതിയുടെയും തെളിവുകളായിരുന്നു.
ചിക്കാഗോയിലൊരു കുട്ടികളുടെ ലൈബ്രേറിയനായി സേവനം ആരംഭിച്ച കാർലയുടെ ലൈബ്രറി ഓഫ് കോൺഗ്രസിലെ കാലഘട്ടം ആഗോള തലത്തിൽ ലൈബ്രറി ഇൻഫർമേഷൻ സയൻസ് (LIS) സമൂഹത്തിനും സ്വതന്ത്ര വിദ്യാഭ്യാസ പ്രവർത്തകർക്കും ചരിത്രപരമായ ഒരു അധ്യായമായിരുന്നു. അവരുടെ നേതൃത്വത്തിൽ, ബ്ലാക്ക്, ട്രൈബൽ, ലാറ്റിനോ, ഏഷ്യൻ അമേരിക്കൻ, പസഫിക് ഐലൻഡർ എന്നിങ്ങനെ അരികുവൽകരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന Of the People എന്ന പദ്ധതി നടപ്പിലാക്കി. ലൈബ്രറിയിലുള്ള രേഖകളുടെയും ചിത്രങ്ങളുടെയും ഡിജിറ്റൈസേഷൻ എന്ന സാധ്യതയിലൂടെ ലൈബ്രറി സന്ദർശിക്കാൻ സാധിക്കാത്തവരിലേക്കും കാഴ്ച്ചാ പരിമിതരിലേക്കും അറിവുകൾ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് കാർല നേതൃത്വം നൽകി. എല്ലാവ൪ക്കും തുല്യമായി ലഭ്യമാകുന്ന അറിവ് എന്ന അറിവിന്റെ ജനാധിപത്യമാണ് അവർ നടപ്പിലാക്കാൻ ശ്രമിച്ചത്.

ഉത്തരവാദിത്വത്തോടെ തൻെറ പോസ്റ്റിലിരുന്ന് ചരിത്രപരമായ തീരുമാനങ്ങളുമായി അവർ മുന്നോട്ട് പോവുമ്പോഴാണ് വിചിത്ര ന്യായങ്ങളുന്നയിച്ച് 10 വർഷത്തെ കാലാവധി 2026-ൽ പൂർത്തിയാക്കാനിരിക്കെ, ഒറ്റവരി സന്ദേശത്തിൽ കാർലയെ പിരിച്ചുവിട്ടത്. ഈ തീരുമാനം ലോകമാനമുള്ള സ്വാതന്ത്രവിജ്ഞാന പ്രവ൪ത്തകരെ തെല്ലൊന്നുമല്ല രോഷാകുലരാക്കിയത്. ഓതേഴ്സ് ഗിൽഡ്, അമേരിക്കൻ ലൈബ്രറി അസോസിയേഷൻ, അസോസിയേഷൻ ഫോർ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയവ - കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസ്സിലെ പല അംഗങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തെത്തി, ഹക്കീം ജെഫ്രീസ്, ജോ മോറേൽ (D-NY), റോസ ഡെലൗറോ (D-CT) തുടങ്ങിയവരുടെ കടുത്തഭാഷയിൽ പ്രതികരണങ്ങൾ വന്നുകൊണ്ടിരുക്കുകയാണ് (Ref-1,2,3). ഡോ. കാർലയും കോപ്പിറൈറ്റ് രജിസ്ട്രാറായ ഷിറ പെർൽമുട്ടറും ട്രംപ് ഭരണകൂടത്തിൻെറ ‘ബ്ളാക്ക് ലിസ്റ്റിൽ’ ഉള്ളവരാണെന്നും ഈ നീക്കത്തിനു പിന്നിൽ പരിപൂർണമായും രാഷ്ട്രീയ താൽപര്യങ്ങളാണന്നും The Guardian പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ‘ബ്ളാക്ക് ലിസ്റ്റിന്റെ’ വിശദീകരണങ്ങളിലേക്ക് വരും മുമ്പ് ഷിറ പെർൽമുട്ടറിനെ പുറത്താക്കിയ സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്.
എക്സിന്റെ സ്ഥാപകനായ ജാക്ക് ഡോർസിയും ഇപ്പോഴത്തെ ഉടമയായ ഇലോൺ മസ്ക്കും തമ്മിൽ ഈ വർഷം ആദ്യം നടത്തിയ ഒരു സംവാദത്തിൽ, “അമേരിക്കയിലെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ മുഴുവനായും റദ്ദാക്കണം” എന്നതുപോലുള്ള നിലപാട് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ കോപ്പിറൈറ്റ് നിയമങ്ങളിൽ, പ്രത്യേകിച്ച് AI-യുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച സയങ്ങളിൽ എഐ മോഡലുകൾ പരിശീലിപ്പിക്കാൻ കോപ്പിറൈറ്റുള്ള ഉള്ളടക്കങ്ങൾ ഉപയോഗിക്കാനുള്ള ശ്രമങ്ങൾക്ക് അനുമതി പരിമിതപ്പെടുത്തുന്ന Copyright and Artificial Intelligence Part 3: Generative AI Training റിപ്പോർട്ട് സമ൪പ്പിച്ചു. ഇത് എഐ രംഗത്തുള്ള വലിയ സാമ്പത്തിക നിക്ഷേപങ്ങൾക്ക് കനത്ത ഭീഷണിയായി എന്നതിൽ സംശയം ഇല്ല. ഈ റിപ്പോർട്ട് സമർപ്പിച്ചതിന്റെ പിറ്റേന്നാണ് ഷിറ പെർൽമുട്ടറിനെതിരെ പുറത്താക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത് (Ref 4). സ്വാഭാവികം.
ഇനി വൈറ്റ് ഹൗസിന്റെ വാദങ്ങളിലേക്ക് വന്നാൽ വലിയ തമാശയാണ്. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരൊളിൻ ലെവിറ്റിന്റെ വാദപ്രകാരം, “DEI (diversity, equity, inclusion) ലക്ഷ്യങ്ങളിൽ അനാവശ്യമായി ഇടപെട്ടതിനും കുട്ടികൾക്കായി ‘അയോഗ്യമായ പുസ്തകങ്ങൾ’ ലൈബ്രറികളിൽ ഉൾപ്പെടുത്തിയതിനുമാണ് ഡോ. കാർലയെ പിരിച്ചുവിട്ടത് എന്നുമാണ് വിശദീകരിച്ചിരിക്കുന്നത് (Ref 5). ഈ രണ്ട് വാദങ്ങളും ലൈബ്രറികളെക്കുറിച്ചോ അതിന്റെ പ്രവർത്തനത്തെക്കുറിച്ചോ മനസ്സിലാക്കാതെയുള്ള വിഡ്ഢിത്തങ്ങളാണെന്ന് പറയേണ്ടി വരും. 16 വയസ്സിന് താഴെയുള്ളവർക്ക് കോൺഗ്രസ് ലൈബ്രറിയിലെ പുസ്തകങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല (നിയമാവലി റഫറൻസിൽ ചേ൪ക്കുന്നു. Ref 6) ലൈബ്രറി ഓഫ് കോൺഗ്രസ് എന്നത് ഒരു കോപ്പിറൈറ്റ് ലൈബ്രറിയാണ്. കോപ്പിറൈറ്റ് ലൈബ്രറികളിൽ അതാത് രാജ്യത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളുടെയും കോപ്പി മൂന്ന് മാസത്തിനുള്ളിൽ നിക്ഷേപിക്കണം എന്നതാണ് നിയമം. ഇന്ത്യയിൽ ഇത്തരത്തിലുള്ള നാല് കോപ്പിറൈറ്റ് ലൈബ്രറികളാണുള്ളത്. നാഷണൽ ലൈബ്രറി കൊൽക്കത്ത, കോണ്ണിമാറ പബ്ളിക്ക് ലൈബ്രറി ചെന്നൈ, ഡൽഹി പബ്ലിക് ലൈബ്രറി, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, മുംബൈ ഇവയാണ് അവ. തിരിച്ച് അമേരിക്കയിലേക്ക് തന്നെ ചെന്നാൽ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻ (CFR Title 37 Chapter II Part 202.19(c)) (Ref 7) അനുസരിച്ച് ഇക്കൂട്ടത്തിൽ നിന്ന് കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ ഒഴിവാക്കാനുള്ള വ്യവസ്ഥകളൊന്നുമില്ല. അതായത്, ഏത് കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടാലും അവ നിയമപരമായി കോപ്പിറൈറ്റ് ലൈബ്രറികളിൽ കാണും. എങ്ങനിരിക്കുന്നു? അപ്പോൾ എന്തായിരിക്കും ട്രംപിനേയും തീവ്രവലതുപക്ഷക്കാരെയും പൊള്ളിക്കുന്നത്?
തീവ്രവലതുപക്ഷ സംഘടനയായ American Accountability Foundation (AAF), കാർലയെയും മറ്റ് ലൈബ്രറി ഉദ്യോഗസ്ഥരെയും, “റാഡിക്കൽ ആശയങ്ങളുള്ള പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അതുവഴി കുട്ടികളെ ലിംഗന്യൂനപക്ഷമാക്കാൻ ശ്രമിക്കുന്നുവെന്നും” ആരോപിച്ചിരുന്നു. AAF-ന്റെ X ഹാൻഡിലായ @Theswampmonitor എന്ന X അക്കൗണ്ടിലൂടെയാണ് ഈ പ്രചാരണം നടന്നത്. "ഇപ്പോൾ ലൈബ്രറിയുടെ ചീഫായ കാർലാ ഹെയ്ഡൻ ‘വോക്' ആക്ടിവിസ്റ്റും, ട്രംപ് വിരോധിയും, കുട്ടികളെ ട്രാൻസ് ആക്കാൻ ശ്രമിക്കുന്നവളും ആണ്. അവരെ പുറത്താക്കണം, ഒരു 'പുരുഷനെ' ആ സ്ഥാനത്ത് നിയമിക്കണം.” എന്നായിരുന്നു പോസ്റ്റ്.

മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്:
“അമേരിക്കയിലെ ലൈബ്രേറിയരിൽ 82% പേരും സ്ത്രീകളാണ്. എന്നാൽ ട്രംപ് ഭരണകൂടത്തിൽ കൂടുതൽ പുരുഷൻമാരെ നിയമിക്കും എന്നതിൽ സംശയം വേണ്ട.” ഇത്തരത്തിൽ സ്ത്രീ -ക്വീർ വിരുദ്ധ തീവ്ര വലതുപക്ഷ സ്വഭാവമുള്ള ഈ എക്സ് ഹാൻഡിലിൽ നടക്കുന്ന ചർച്ചകൾ തീവ്രവംശീയ സ്വഭാവമുള്ളവയാണ്.
ഇനി The Guardian-ന്റെ റിപ്പോർട്ടുകളിലേക്ക് വന്നാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. "Revealed: how a shadowy group of far-right donors is funding federal employee watchlists" എന്ന ലേഖനം (Ref 8) മേൽപ്പറഞ്ഞ അന്ത൪ധാര കൂടുതൽ ശരിവക്കുന്നതാണ്. പ്രൊജക്ട് 2025’ എന്ന കൺസർവേറ്റീവ് പദ്ധതിക്ക് പിന്നിൽ നിൽക്കുന്ന Heritage Foundation, ഫെഡറൽ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ബ്ളാക്ക് ലിസ്റ്റ് തയ്യാറാക്കാൻ American Accountability Foundation (AAF) എന്ന തീവ്രവലതുപക്ഷ സംഘടനയ്ക്ക് $100,000 ഫണ്ടായി നൽകി എന്ന് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ അജണ്ടകൾ നിർബന്ധിതമായി നടപ്പാക്കാൻ നിലവിലുള്ളവർ വിശ്വസിക്കാൻ കൊള്ളുന്നവരല്ല എന്നാണ് ബ്ളാക്ക് ലിസ്റ്റ് കൊണ്ട് അ൪ത്ഥമാക്കുന്നത്. ഈ ലിസ്റ്റുകളിൽ ഒട്ടുമിക്ക പേരുകളും ആരോഗ്യവകുപ്പുകളിലേയും വിദ്യാഭ്യാസവകുപ്പിലേയും കറുത്ത വർഗക്കാരായ ഉദ്യോഗസ്ഥരുടേതാണ്. ആഭ്യന്തര സുരക്ഷാ വകുപ്പിനെ കേന്ദ്രീകരിച്ചുള്ള അതിന്റെ ആദ്യ പട്ടികയ്ക്ക് അവർ “Project Sovereignty 2025” എന്നാണ് പേരിട്ടിരിക്കുന്നത്. അതിന്റെ ലക്ഷ്യം മുൻ പ്രസിഡൻറ് ജോ ബൈഡന്റെ നയങ്ങളെ പിന്തുണച്ചിരുന്ന ജീവനക്കാരെ മാറ്റിനിർത്തുക എന്നതായിരുന്നു. AAF തയ്യാറാക്കിയ DEI Watch Listil ഉൾപ്പെട്ടവരാണ് ഡോ. കാർല ഹെയ്ഡനും ഷിറ പെർൽമുട്ടറും. ഇവർ ഡൈവേഴ്സിറ്റി ആശയങ്ങളിൽ പങ്കെടുത്തതായാണ് ആരോപണം. 1+1+1 ആസൂത്രണം എന്ന് വേണമെങ്കിൽ പേരിട്ടു വിളിക്കാവുന്ന ഈ പുകഞ്ഞ കൊള്ളി പുറത്ത് പദ്ധതി തുടങ്ങുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ നാഷണൽ ആ൪ക്കൈവിസ്റ്റായ ഡോ. കോളിൻ ഷാഗിനെ പുറത്താക്കിക്കൊണ്ടാണ്.
അമേരിക്കയിൽ ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരത്തിലേറിയതിന് ശേഷം വിദ്യാഭ്യാസ മേഖലയിൽ സമൂലമായ അഴിച്ചുപണികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പുരോഗമന ആശയങ്ങളുടെ അക്കാദമിക ഇടമായ കൊളംബിയ, ഹാർവാർഡ് സർവകലാശാലകൾക്കെതിരെ തുറന്ന ഏറ്റുമുട്ടലാണ് ട്രംപ് ഭരണകൂടം നടത്തുന്നത്.

"വോക്ക്" (Woke) എന്നത്, സാമൂഹ്യ നീതിക്ക് വേണ്ടി നിലനിൽക്കുന്ന വിവേചനങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്ന നിലപാട് സ്വീകരിക്കുന്നവർ എന്ന രീതിയിലാണ് ഉപയോഗിരുന്നത്. എന്നാൽ, അമേരിക്കൻ രാഷ്ട്രീയത്തിൽ ഈ പദത്തിന് മാറ്റം സംഭവിച്ചിരക്കുന്നു. ഇന്ന് വലതുപക്ഷ രാഷ്ട്രീയപക്ഷങ്ങൾക്കും വിമർശകർക്കും ഇടയിൽ "വോക്ക്" എന്നത് അതിരുവിട്ട പ്രോഗ്രസീവ് (Progressive) സമീപനത്തെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമായിരിക്കുന്നു - പ്രത്യേകിച്ച് സാമൂഹ്യ സമത്വം, ജെൻഡർ ഇൻക്ലൂഷൻ, എൽജിബിടിക്യു+ അവകാശങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ. ട്രംപ് ഭരണകൂടം ഇപ്പോൾ നടത്തുന്ന പിരിച്ചുവിടൽ തീവ്ര വലതുപക്ഷ "വോക്ക് വിരുദ്ധ രാഷ്ട്രീയത്തിന്റെ" ഭാഗമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. DEI (Diversity, Equity, Inclusion) ശ്രമങ്ങളെ "അവശ്യം തള്ളേണ്ട പ്രോഗ്രസിവ് ആശയങ്ങൾ" വോക്ക് വിരുദ്ധ രാഷ്ട്രീയം ചിത്രീകരിച്ചു. ചുരുക്കത്തിൽ ഡോ. കാർല ഹെയ്ഡനെ പുറത്താക്കിയത് കുട്ടികൾക്കുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് പ്രവേശനമില്ലാത്തിടത്ത് വച്ചതിനല്ലെന്നാണ് ഇതിൽ നിന്നൊക്കെ വ്യക്തമാവുന്നത്. പുറത്താക്കലിന് പിന്നിൽ ട്രംപ് ഭരണകൂടത്തിൻെറയും തീവ്രവലതുപക്ഷക്കാരുടെയും കൃത്യമായ ഗൂഢാലോചനകളുണ്ടായിരുന്നു.

Congressional Research Service (CRS) എന്നത് ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ഗവേഷണ വിഭാഗമാണിത്. അതിന്റെ പഠനങ്ങളും റിപ്പോർട്ടുകളും രാഷ്ട്രീയ ചേരികൾക്കപ്പുറം ശാസ്ത്രീയമായ നയപരിശോധനകൾ സാധ്യമാക്കുന്നു. വിവിധ വിഷയങ്ങളിലെ പഠനങ്ങൾ ഇവർ അംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. ഇതുണ്ടാക്കുന്ന പൊതു സംവാദങ്ങൾ ട്രംപ് ഗവൺമെൻറിന് ഒരു പൊട്ടൻഷ്യൽ ത്രട്ടായിരുന്നു.
മറ്റൊരു വസ്തുത കൂടെ ഇതോടൊപ്പം ചേർത്തു പറയേണ്ടതുണ്ട്. ഡോ. കാർല ഹെയ്‌ഡൻ മുന്‍പ് അമേരിക്കൻ ലൈബ്രറി അസോസിയേഷൻ (ALA) പ്രസിഡന്റായിരുന്ന കാലത്ത്, ലൈബ്രറി റെക്കോർഡുകളുടെ സ്വകാര്യതയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ 215-നെതിരെ 2003-ൽ അന്നത്തെ Attorney General ആയിരുന്ന John Ashcroft-നെതിരെ തുറന്ന സംവാദത്തിലേർപ്പെട്ടിരുന്നു. ലൈബ്രറികളിൽ നിന്ന് പുറത്തു വരുന്ന ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകൾ രഹസ്യമായി നിരീക്ഷിക്കാൻ നിയമപ്രവർത്തന ഏജൻസികളെ അനുവദിക്കുന്നതായിരുന്നു സെക്ഷൻ 215. ലൈബ്രേറിയരോട് വായനക്കാരുടെ വിവരങ്ങൾ നൽകാൻ ഇതിലൂടെ ആവശ്യപ്പെട്ടിരുന്നു. ALA യുടെ വക്താവെന്ന നിലയിൽ കാർല തുടർച്ചയായി ഈ വിഷയത്തിൽ ഇടപെട്ടു. (Ref 9) “സെക്ഷൻ 215 ലൈബ്രറി ഉപയോക്താക്കളുടെ പൗരത്വ അവകാശങ്ങളുടെയും സ്വകാര്യതയുടെ അവകാശത്തിന്റെയും നേരെയുള്ള ഭീഷണിയാണ്,” എന്നവർ പ്രഖ്യാപിച്ചു. പിന്നീട് വന്ന എഫ്.ബി.ഐ.യുടെ റിപ്പോർട്ടുകൾ, Snowden-ന്റെ വെളിപ്പെടുത്തലുകൾ തുടങ്ങിയവ ഈ ആശങ്കകൾ ന്യായീകരിച്ചത് ചരിത്രം.
ഗ്രന്ഥശാലകളെ എക്കാലത്തും തീവ്രവലതു ഫാഷിസ്റ്റുകൾ ഭയന്നിട്ടേയുള്ളൂ. അറിവിന്റെ സ്വതന്ത്രമായ വിതരണം, പ്രസിദ്ധീകരണ സ്വാതന്ത്ര്യം, തുടങ്ങിയവയെ രാഷ്ട്രീയ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ എക്കാലത്തും അവർ നടത്തിപ്പോന്നിട്ടുണ്ട്. അലക്സാണ്ട്രിയ മുതലിങ്ങോട്ട് തകർത്തുകളഞ്ഞ ഗ്രന്ഥശാലകൾ ചരിത്രം കുമ്മായം പൂശാനുള്ള ഫാഷിസ്റ്റുകളുടെ വിഫലശ്രമങ്ങളുടെ മ്യൂസിയങ്ങളാണ്.
ഡോ. കാർലയെ പദവിയിൽ നിന്നും നീക്കം ചെയ്യുന്നത് ലൈബ്രറി, ഇൻഫർമേഷൻ സയൻസ് പ്രൊഫഷനിൽ ആശങ്കാജനകമായ ഘട്ടമാണ് വരാൻ പോകുന്നത് എന്ന സൂചനകളാണ് തരുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയിൽ മാത്രമായി പരിമിതപ്പെടുന്ന ഒന്നല്ല. മറ്റേത് മൂലധനം പോലെയും തുല്യമായി വിതരണം ചെയ്യപ്പെടേണ്ട ഒന്നാണ് നോളജ് അഥവാ അറിവ്. വിവരസ്വാതന്ത്ര്യത്തിനും അറിവിന്റെ ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഈ അഭാവം വലിയ ശൂന്യത സൃഷ്ടിക്കും. അരികുവൽക്കരിക്കപ്പെട്ടവരുടെ ആഗോള പങ്കാളിത്തങ്ങളെ അത് ദുർബലമാക്കും. എങ്കിലും കാർലാ ഹെയ്ഡൻ, നിങ്ങളുടെ ശ്രമങ്ങൾ ലോകമാകെയുള്ള വിവരസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന അനേകർക്ക് കരുത്താകും. അനേകം നേർത്ത ശബ്ദങ്ങൾ ചേ൪ന്ന് പ്രകമ്പനങ്ങളാവുക തന്നെ ചെയ്യും. ഡോ. കാർലാ, നിങ്ങൾ ചരിത്രത്തിലിടം പിടിക്കുകയല്ല ചെയ്തത്, ചരിത്രമാവുകയാണ്.
അമേരിക്കയിൽ ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരത്തിലേറിയതിന് ശേഷം വിദ്യാഭ്യാസ മേഖലയിൽ സമൂലമായ അഴിച്ചുപണികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പുരോഗമന ആശയങ്ങളുടെ അക്കാദമിക ഇടമായ കൊളംബിയ, ഹാർവാർഡ് സർവകലാശാലകൾക്കെതിരെ തുറന്ന ഏറ്റുമുട്ടലാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. ലൈബ്രേറിയൻ ഓഫ് കോൺഗ്രസ് സ്ഥാനത്തുനിന്ന് കാർലയെ പുറത്താക്കിയതും ഈ നീക്കങ്ങളുടെ തുടർച്ചയായി കണക്കാക്കേണ്ടി വരും.

റഫറൻസ്
1. Hakkim Jeffry Statement- https://jeffries.house.gov/2025/05/08/leader-jeffries-statement-on-the-firing-of-librarian-of-congress-dr-carla-hayden/
2. Joe Morecell’s Statement- https://democrats-cha.house.gov/media/press-releases/morelles-statement-abrupt-firing-dr-carla-hayden-librarian-congress
3. https://democrats-appropriations.house.gov/news/press-releases/delauro-firing-librarian-congress-dr-carla-hayden
4. Copyright and Artificial Intelligence Part 3: Generative AI Training - https://www.copyright.gov/ai/Copyright-and-Artificial-Intelligence-Part-3-Generative-AI-Training-Report-Pre-Publication-Version.pdf
5. Karoline Leavitt Defends Trump Firing Librarian Of Congress Carla Hayden-
6. https://www.loc.gov/about/frequently-asked-questions/#checkout_bks
https://www.ecfr.gov/current/title-37/chapter-II/subchapter-A/part-202#37:1.0.2.6.3.0.214.14
7. The Guardian news article- Revealed: how a shadowy group of far-right donors is funding federal employee watchlists- https://www.theguardian.com/us-news/2025/feb/09/american-accountability-foundation-project-2025
8. Newsletter on Intellectual Freedom- ALA 2003- https://alair.ala.org/server/api/core/bitstreams/5e15d3b7-ae7a-4e62-ae6d-08cb5d4ee6b1/content
