ജറുസലേം, ഇ​സ്രായേൽ, യൂറോപ്പ്​: ചിതറിയവരുടെ യാത്രകൾ

പകർച്ചവ്യാധികൾ നവീനമായ ശരീരഭാഷ സൃഷ്ടിച്ചിരിക്കുന്നു. വീണ്ടും സാങ്കേതിക സംസ്‌കാരത്തിന്റെ പാസ്‌വേർഡുകൾ മനുഷ്യനെയും മനുഷ്യത്വത്തെയും ചോദ്യം ചെയ്യുന്നു. യാത്രകൾ അവസാനിക്കുന്നില്ല. പലായനങ്ങൾ തുടരുകയാണ്.

ദേശങ്ങൾ തേടിയുള്ള കയറ്റിറക്കങ്ങൾ
ല്ലാവരും സ്വദേശം തേടിയുള്ള ദീർഘയാത്രയിലാണ്.
ജെറുസലേം തേടിയുള്ള യാത്രയെ മാത്രമല്ല ഇന്ന് ഡയസ്‌പോറ എന്നുവിളിക്കുന്നത്. എല്ലാവരും പോസ്റ്റ്‌മോഡേൺ അന്വേഷണത്തിന്റെ ഭാഗമായിരിക്കുന്നു. ഒരു പാട്ടിൽ ഇങ്ങനെ പറയുന്നുണ്ട്​; ‘നിൻ സ്വദേശം കാൺമതിന്നായ്... '.
സ്വദേശം എന്നതിന് മരണവുമായി ബന്ധമുണ്ടോ എന്നറിയില്ല.

പണ്ട് ലക്ഷക്കണക്കിന് ജൂതരെയാണ് ഗ്യാസ് ചേംബറുകളിൽ കൊന്നൊടുക്കിയത്. റഷ്യയിൽ കമ്യൂണിസവും അമേരിക്കയിൽ മുതലാളിത്തവും ഒരുപോലെ വളർന്നു. ലോകത്തെമ്പാടും ചിതറിപ്പോയ ഇക്കൂട്ടരെ ഒന്നിച്ചുകൊണ്ടുവരാനാണ് യാത്രകൾ ശ്രമിച്ചത്. പൊളിറ്റിക്കൽ കോൺഷ്യസ്‌നസ് പുതിയ നിരീക്ഷണത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു.

ട്രാഫിക് പാറ്റേണിൽ മുതൽ ഗ്രാഫിറ്റിയിൽ വരെ ഈ അന്വേഷണത്തിന്റെ ചടുലതകൾ കാണാം. എല്ലാം കീഴ്​മേൽ മറിഞ്ഞിരിക്കുന്നു. മതിലുകൾ തകർന്നിരിക്കുന്നു. അതേസമയം പുതിയ മതിലുകൾ ഉയരുന്നു.

പകർച്ചവ്യാധികൾ നവീനമായ ശരീരഭാഷ സൃഷ്ടിച്ചിരിക്കുന്നു. വീണ്ടും സാങ്കേതിക സംസ്‌കാരത്തിന്റെ പാസ്‌വേർഡുകൾ മനുഷ്യനെയും മനുഷ്യത്വത്തെയും ചോദ്യം ചെയ്യുന്നു. യാത്രകൾ അവസാനിക്കുന്നില്ല. പലായനങ്ങൾ തുടരുകയാണ്. സൂര്യ ചന്ദ്രന്മാരുടെയും അയനങ്ങൾ തുടരുകയാണ്. രാമായണവും അങ്ങനെതന്നെ. അയനം എന്നാൽ തുടരുന്ന യാത്രയാണ്. ഇത് പ്രപഞ്ച സത്യമാണ്. ജിപ്‌സികളും ജെറുസലേം യാത്രയും അവസാനിക്കുന്നില്ല. മേഘങ്ങളും തിണ്ടുകുത്തിക്കളിക്കുന്ന ആനകളും ഒരേ ഗതിയിലാണ്. മേഘവിസ്‌ഫോടനങ്ങളും കൂമ്പാര മേഘങ്ങളും അങ്ങനെ പോകുന്നു മനുഷ്യന്റെ പുതിയ സൃഷ്ടികളുടെ വൈഭവങ്ങൾ. വെള്ളത്തിന്റെയും പുഴകളുടെയും ഗതി മുന്നോട്ടു തന്നെ. സോളാർ യാത്രയാണോ ലൂണാർ യാത്രയാണോ സത്യം? ഇത് തിരിച്ചറിയാനാകാതെ വ്യാകുലപ്പെടുകയാണ് മനുഷ്യൻ. അവൻ കലണ്ടറിൽ വെറുതെ കാലത്തെ രേഖപ്പെടുത്തുന്നു. കയറ്റിറക്കങ്ങൾ!

ഡയസ്‌പോറയുടെ മാനങ്ങൾ

കാട്ടിൽ രാത്രി ഏറ്റവും വേഗം സഞ്ചരിക്കുന്ന ജീവി പുള്ളിപ്പുലിയാണ്; ഒരുരാത്രി 40 കിലോമീറ്റർ സഞ്ചരിക്കുമത്രെ! ജൂതന്റെയും പ്രതീക്ഷ രാത്രി തന്നെ. ജൂതനുമുമ്പ് വരയൻ പുലിയാകട്ടെ അതിന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ പാടുപെടുകയാണ്. അതിർത്തികൾ രേഖപ്പെടുത്തിയിട്ടും അത് കണ്ടു പിടിക്കുവാൻ ശാസ്ത്രത്തിന് കഴിഞ്ഞില്ല. അവസാനം ഒരു ആദിവാസിയുടെ എത്തനോ സുവോളജി ജ്ഞാനത്തിനേ അത് കഴിഞ്ഞുള്ളൂ. അത് പുതിയ വിജ്ഞാനശാഖ ആകുകയും ചെയ്തു.

യാത്രതന്നെ യാത്ര. ചിതറപ്പെട്ടവർ ഏറ്റവും ഇഷ്ടപ്പെടുന്നത് യാത്രയാണ്. ഒരിടത്തുനിന്ന് അഭയം ആഗ്രഹിച്ച് മറ്റൊരു രാജ്യത്തിലേക്ക് പ്രതീക്ഷയോടെയുള്ള യാത്ര. നഷ്ടസ്വർഗം, പ്രതീക്ഷ, വംശഹത്യ, അഭയം, ജെറുസലേം. ഇവിടെ ഡയസ്‌പോറ പൂർണമാകുന്നു. രാത്രിയുടെ പ്രതീകമായിരിക്കാം പുള്ളിക്കുത്തുകൾ.

ചാർലി ചാപ്ലിൻ

ചാർലി ചാപ്ലിൻ ഒരു റൊമാനി ആയിരുന്നു.
റൊമാനി എന്നാൽ ജിപ്‌സി.
അദ്ദേഹത്തിന്റെ ജന്മവേരുകൾ ഇന്ത്യയിലാണെന്ന് വിശ്വസിക്കുന്നു.
അദ്ദേഹം കറുപ്പും വെളുപ്പും കലർന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇത് രാത്രിയേയും പകലിനേയും പ്രതിനിധീകരിക്കുന്നു. തൊപ്പി കറുപ്പായിരുന്നു. അത് പുലിയുടെ പുള്ളിക്കുത്ത് പോലെ കറുപ്പിന്റെ, രാത്രിയുടെ പ്രതീകമാണ്.

ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിപ്പോയ വംശമാണ് ജൂതർ. കുറേപ്പേർ മട്ടാഞ്ചേരിയിലും അടിഞ്ഞുകൂടി. എന്നാൽ ഇന്ന് ജൂതരുടെ എല്ലാ തെളിവുകളും സ്മാരകങ്ങളാണ്. അവർ ഒന്നിച്ചുകൂടി ഒരു രാഷ്ട്രം നിർമിക്കുകയുണ്ടായി; അതാണ് ഇസ്രായേൽ. ഇങ്ങനെ ചരിത്രത്തിൽ വേഷംമാറി ജീവിക്കേണ്ടി വന്ന മറ്റൊരു ജനതയില്ല. ജൂതർ ഒളിച്ചുജീവിച്ച പോലെ, കുട്ടികളെ സംരക്ഷിച്ചപോലെ, കറുത്തവർ രാത്രിയിൽ സംഗീതവും പൊയ്​മുഖങ്ങളും സൃഷ്ടിച്ചു. മറഞ്ഞിരിക്കുന്ന സ്വത്വം. ഈ യാത്രയെയാണ് ഡയസ്‌പോറ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ടോണി ഗാറ്റ്‌ലിഫിന്റെ സിനിമകൾ ഈ പ്രയാണത്തെ ഓർമിപ്പിക്കുന്നവയാണ്. ലോകത്ത് സംസ്‌കാരം ഉടലെടുത്തതും പ്രചരിപ്പിച്ചതും ജിപ്‌സികളാണ്. മാർകേസ് പോലും പ്രാചീനഭാഷയിലുള്ള താളിയോലകൾ കൊണ്ടുനടക്കുന്നവരെപ്പറ്റി ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ പറയുന്നുണ്ട്. സംഗീതവും കൃഷിയും രുചിയും അവർ കൈമാറിയിരുന്നുവത്രെ!.

വംശഹത്യകൾ

ലോകത്തിൽ പല രാജ്യങ്ങളിലും നൂറുകണക്കിന് തൊഴിലാളികളെ ആട്ടിൻപറ്റം പോലെ തെളിച്ചുകൊണ്ടുപോയിട്ടുണ്ട്. ഇവരാണ് അധ്വാനിക്കുന്ന വർഗമായി മാറിയത്. ഇപ്രകാരം രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്തു. റെയിൽവേ പണിയുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത മലയാളികളുണ്ട്. ഇങ്ങനെ പല തൊഴിലുകൾക്കായി പല പല രാജ്യങ്ങളിലെത്തി ഉപജീവനം കഴിക്കുന്ന എത്രയോ പേരുണ്ടാകാം. ഇതാണ് ആധുനിക ഡയസ്‌പോറ.

ചിതറിപ്പോയവർ മുറിവേറ്റവർ തന്നെ.

ദളിത് എന്ന വാക്ക് മുറിവുതന്നെ. അവരുടേതായിരുന്നു ലോകം; എന്നും. ഇന്ത്യയിലെ പ്രാചീനഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉറവിടം ബ്രാഹുയി മുതലുള്ള വാമൊഴിലാണ്. അഫ്ഗാൻ കുന്നുകളിൽ ബ്രാഹുയി ഇന്നും ശേഷിക്കുന്നു. ‘ശേഷിക്കുന്നവരിൽ അവസാനിക്കുന്ന ആൾ ' എന്നൊരു നോവൽ ഉണ്ടായിട്ടുണ്ട്. അത് മുൻപ് നടന്ന വംശഹത്യയായിരിക്കാം.
ജൂതർ കഴിഞ്ഞാൽ എറ്റവും കൂടുതൽ കൊന്നൊടുക്കിയത് ആദിവാസികളെയാണ്. ആമസോണിൽ നൂറുകണക്കിന് ഗോത്ര ജനതയെയാണ് കൊന്നൊടുക്കിയത് ഇത് The great Genoside എന്നറിയപ്പെടുന്നു. തീപ്പെട്ടിയിലേതുപോലെ കപ്പലിൽ അടുക്കിയാണ് പോർച്ചുഗീസുകാർ ആദിമവാസികളെ കൊണ്ടുപോയതത്രെ! ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്കും അവർ ശ്വാസംമുട്ടി മരിച്ചിരുന്നു.

ഇന്ന് ആമസോണിലെ പ്രധാന ഗോത്ര വർഗം യാനോ മാമി ആണ്. അവർ തത്വചിന്തയിൽ ലോക ജനതയ്ക്ക് ഗുരുസ്ഥാനീയരാണ്. യു.എൻ പോലും അവരെ ചർച്ചകൾക്ക് ക്ഷണിക്കാറുണ്ട്. യാനോ മാമി ഗോത്ര ജനത ചമയങ്ങൾ അഴിച്ചുവയ്ക്കാറില്ല. അത്രകണ്ട് അവർക്ക് പ്രധാനപെട്ടതാണ് ചമയങ്ങൾ. വലിയ കറുത്ത കാക്കകളുടെ ചിഹ്നങ്ങളും മറ്റും അവർ ചമയങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.

തുർക്കിയിൽ മലയടിവാരത്ത് ഒരു ഉബൈക്കിനെ (ഉബൈക്ക് എന്ന വംശത്തിലെ അവസാനത്തെ ആൾ) ഒരു നോവലിസ്റ്റ് കണ്ടെത്തുന്നു. അയാളിലൂടെ വംശത്തെ പുനഃസൃഷ്ടിക്കാനാണ് നോവലിസ്റ്റിന്റെ ശ്രമം. അയാളുടെ ഓർമയെ ആക്റ്റിവൈസ് ചെയ്യാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. എല്ലാവരുടെയും ഓർമയുടെ അടിത്തട്ടിൽ വംശവൃക്ഷത്തിന്റെ വേരുകളുണ്ട്.

ടോണി ഗാറ്റ്‌ലിഫിന്റെ സിനിമകൾ

ടോണി ഗാറ്റ്‌ലിഫിന്റെ ലാച്ചോഡ്രോം എന്ന സിനിമയുടെ അവസാനം ജിപ്‌സികൾ വൃക്ഷത്തിൽ അന്തിയുറങ്ങുന്ന ഒരു രംഗമുണ്ട്. ഒരു വൃക്ഷത്തിൽ അഞ്ചോ ആറോ കുടുംബങ്ങൾ ഉണ്ടാകും. കാലരഥങ്ങളിൽ യാത്ര ചെയ്ത് എത്തിച്ചേർന്നത് വൃക്ഷത്തിന്റെ ചോട്ടിൽ തന്നെ. യാത്രക്കാരന്റെ അവസാനവും അങ്ങനെ തന്നെ. ഗാറ്റ് ലിഫിന്റെ എല്ലാ സിനിമകളിലും ചക്രമുണ്ട്.

നിരനിരയായി നീണ്ട വണ്ടികൾ. ഒരു സിനിമയിൽ വണ്ടിയുടെ ചക്രങ്ങൾ നന്നാക്കുന്ന ഒരു രംഗമുണ്ട്. ഉത്തരേന്ത്യയിലെ ഒരു കാഴ്ചയാണ് ഇത്. പണ്ട് പാലക്കാടും ഈ കാഴ്ചയുണ്ടായിരുന്നു. നെഹ്‌റു കാറിൽ വന്നിറങ്ങിയപ്പോൾ ജെ.സി. കുമരപ്പ കാളവാളണ്ടിയിലാണ് പാർലമെൻറിലേക്കെത്തിയത്. നമ്മൾ കാളവണ്ടി യുഗത്തിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹിച്ചിരുന്നവർ ഈ കാലഘട്ടത്തിലുമുണ്ട്. അതിൽ പ്രധാനി അബ്ദുൾ കലാം ആയിരുന്നു. കാരണം പുതിയ വികസന രീതികളുടെ വിമർശകനായിരുന്നു അദ്ദേഹം. വികസനംമൂലം ഉണ്ടായേക്കാവുന്നപാരിസ്ഥിതിക ദുരന്തങ്ങൾ അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു.

ഗ്രാമ- നഗര ഡയസ്‌പോറകൾ

ഈ അടച്ചിടൽ കാലത്ത് ബംഗാളികളും ഒറീസക്കാരും മറ്റും നിരനിരയായി സ്വദേശത്തിലേക്കു മടങ്ങി. കുറേപേർ തീവണ്ടി കയറിയും റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും മരിച്ചു. കൂട്ടപ്പലായനങ്ങൾ ഇനിയും അവസാനിച്ചട്ടില്ല. അവരെ ആർക്കും തടയാൻ കഴിയില്ല. ആധുനിക ഡയസ്‌പോറയിൽ പ്രധാനം ഇതാണ്. റെയിൽ പാളങ്ങളും അനന്തമായ ഹൈവേകളും അഭയാർത്ഥികളുടെ കൂട്ടാണ്. യാത്ര തന്നെ യാത്ര... ആദി പിതാവിന്റെ വേരുകൾ തേടി അവർ പോകുന്നു.

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി ഡൽഹി ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് യാത്രയായി. ‘അധികാരവും ആയുധങ്ങളുമല്ല എനിക്ക് പ്രധാനം, ഇന്ത്യൻ ഗ്രാമങ്ങളാണ്.’ ഗ്രാമങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ട്. ആദ്യം ഗ്രാമങ്ങളെ മനസ്സിലാക്കുക, അതിനുവേണ്ടി യാത്ര ചെയ്തു. ആയാത്രയിലാണ് കൈവേലക്കാരുടെയും മറ്റും വിരുതുകൾ, കഴിവുകൾ അദ്ദേഹം മനസ്സിലാക്കിയത്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗാന്ധിജി എന്നും അധികാരത്തിൽ നിന്ന്​ പുറത്തായിരുന്നു. ഗ്രാമ നഗരങ്ങളുടെ വ്യത്യാസം അദ്ദേഹം മനസ്സിലാക്കിയിരുന്നു.

2020 ലെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ഡൗണിൽ വലഞ്ഞ രാജസ്ഥാനിലെ കുടിയേറ്റ തൊഴിലാളികൾ

സത്യജിത് റായിയുടെ ആദ്യ സിനിമയായ പാഥേർ പാഞ്ചലിയിലും വയലും തീവണ്ടിയും കടന്നുവരുന്നുണ്ട്. എന്നും അവൾ - ദുർഗ്ഗ - പുകവണ്ടി ഒളിഞ്ഞുനോക്കുന്നുണ്ട്. മഴയത്ത് നൃത്തം ചെയ്യുന്നുണ്ട്. അപുത്രയ (അപുർ സൻസാർ ) ത്തിൽ പിതാവ് സ്വദേശം ഉപേക്ഷിച്ച് നഗരത്തിലേക്ക് ചേക്കേറുന്നുണ്ട്. എങ്കിലും പഴമയുടെ ചിത്രങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്നു. അപുവിനെ തോളിലേറ്റിയാണ് നഗരത്തിലേക്ക് യാത്രയാകുന്നത്. കാൾ മാർക്‌സും മൂലധനത്തിൽ കൈവേലക്കാരുടെ, പ്രത്യേകിച്ച് നെയ്​ത്തുകാരുടെ കഴിവുകൾ വാഴ്ത്തുന്നുണ്ട്. ഇങ്ങനെ ഗ്രാമ നഗരങ്ങളുടെ സംഘർഷം റേയുടെ സിനിമകളിലുണ്ട്.

കറുപ്പു വെളുപ്പും

യൂറോപ്പിൽ വെള്ളക്കാരും കറുത്ത വർഗക്കാരും എന്നും സംഘർഷത്തിലാണ്. ലോകത്തെ കറുത്തവരെന്നും വെളുത്തവരെന്നും രണ്ടായി തിരിച്ചു. ‘വെളുത്തവന്റെ പുരാവൃത്തങ്ങൾ ' (white mythology) എന്ന കൃതി റോബർട്ട് യങ് എഴുതിയിട്ടുണ്ട് എല്ലാവരും ആ പുരാവൃത്തങ്ങൾ വിശ്വസിക്കാൻ തയ്യാറല്ല. ആധുനിക കലയെ കണ്ണിന്റെ കല എന്നാണ് പറയുക. കേൾവിയേക്കാൾ പ്രാധാന്യം കാഴ്ചയ്ക്കാണ്. കാഴ്ചയും സംഗീതവും മറ്റ് ദൃശ്യകലകളും ആരംഭിച്ചത് കറുത്ത വർഗക്കാരാണ്. ആധുനിക സംഗീതങ്ങളും താളബോധവും രാത്രിയിൽ ഒളിച്ചിരിക്കുന്ന കറുത്തവന്റെ സംഭാവനയാണ്.

കണ്ണിന് കറുപ്പും വെളുപ്പുമാണ് ഉള്ളത്. അത് വംശത്തിന്റെ ആദിമ നരവംശ സ്വഭാവം കാണിക്കുന്നു. പൂച്ചക്കണ്ണുള്ളവർ വ്യത്യസ്തരാണ്. ഇത് രാത്രിയേയും പകലിനേയും അല്ലാതെ മറ്റൊന്നുമല്ല സൂചിപ്പിക്കുന്നത്. കൃഷ്ണമണി എന്നും കറുത്തതുതന്നെ. ആനയും കരടിയും കാട്ടുപോത്തും കറുപ്പുതന്നെ. പുള്ളിപ്പുലിയുടെ കറുത്തപുള്ളിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലാകുന്നത്. കുട്ടികളുടെ മുഖത്ത് എവിടെയെങ്കിലും കറുത്തകുത്ത് ഇടാറുണ്ട് ഇത് കണ്ണ് പറ്റാതിരിക്കാനാണത്രെ! ഇങ്ങനെ പുള്ളിയുടെ യാഥാർത്ഥ്യങ്ങൾ പലതാണ്.
ചാർലി ചാപ്പിന്റെ ദ കിഡ് എന്ന ചിത്രത്തിൽ തൊപ്പിയും മീശയും കോട്ടും മറ്റും കറുപ്പുതന്നെ. കുട്ടിയുടെ മുടി ചെമ്പിച്ചതാണ്. ഏതോ ഹോർമോണിന്റെ വ്യതിയാനമാണിതിന്റെ കാരണം. കണ്ണെഴുതിയ ചാപ്ലിനെയാണ് സിനിമകളിൽ കാണുന്നത്. ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യത്വമാണ് കുട്ടിയെ സംരക്ഷിക്കുന്നത്.

കലയിലെ ഡയാസ്‌പോറകൾ

ഗ്രാഫിറ്റികൾ ഔപചാരിക ചിത്രകലയെ ചോദ്യം ചെയ്യുന്നവയാണ്. ആദ്യകാലത്ത് അവ വല്ല റെയിൽവേ സ്റ്റേഷന്റെ മതിലുകളിലും മറ്റുമാണ് കാണാറ്​, കൂടാതെ നഗരത്തിലെ വിജനമായ ചുമരുകളിലുമാണ് അവ പ്രത്യക്ഷപ്പെടുന്നത്. ആര്​ നിർവഹിച്ചു എന്നറിയില്ല. പ്രതിഷേധങ്ങളും അഭിലാഷങ്ങളും ആര്​ പെയിന്റുചെയ്തുവെന്നും അറിയില്ല. പെയിന്റിങ്ങിൽ വലിയ വിപ്ലവം സൃഷ്ടിച്ചവയാണ് ഗ്രാഫിറ്റി സ്‌പ്രേ പെയിൻറിങ്ങുകൾ. സ്‌പ്രേ പെയിൻറിങ്ങ് ചിത്രകലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഇതിനെ അനുകരിക്കാൻ ചിത്രകാരന്മാർ പാടുപെടുകയാണ്.

നാടൻപാട്ടുകാരെല്ലാം രാത്രിയിലാണ് പാടാറുള്ളത്. അവർ സംഗീതത്തിൽ പരിവർത്തനം കൊണ്ടുവന്നു. അമേരിക്കയിൽ ബീറ്റിൽസ് തുടങ്ങിയ സംഗീത സംവിധാനങ്ങൾ ആരംഭിച്ചത് കറുത്ത വർഗക്കാരാണ്. ആഫ്രിക്കയുടെ, അടിമത്ത കാലഘട്ടത്തിന്റെ ഓർമകളത്രെ അവ. ആഫ്രിക്കയിൽനിന്നാണ് ആധുനിക സംഗീതം ഉണ്ടായതത്രെ. അടിമകളാക്കി കറുത്തവരെ കൊണ്ടുവന്നപ്പോൾ അവർ സംഗീതവും കൊണ്ടുവന്നു. അത് അവർ പൊടിതട്ടിയെടുത്തു, അതിജീവനത്തിനുവേണ്ടി. റൂട്ട്‌സ് (Roots) എന്ന നോവലിൽ അതും പറയുന്നുണ്ട്. എല്ലാവരും സ്വന്തംവേരുകൾ തേടിയുള്ള യാത്രയിലാണ് ജൂതരും ജിപ്‌സികളും സ്വന്തം അടിവേരുകൾ അന്വേഷിച്ചുള്ള യാത്രയിലാണ് ജൂതർ അവരുടെ പൂർവഭാഷയെ കണ്ടെത്തി. അതാണ് ഹീബ്രു. അവർ ഹീബ്രു യൂണിവേഴ്‌സിറ്റിപോലും സ്ഥാപിക്കുകയുണ്ടായി. ഹീബ്രു ഭാഷയിലൂടെ സംസ്‌കാരത്തെ പുനഃസൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ്.
ഇങ്ങനെ പല മാനങ്ങളിലാണ് ചിതറൽ തത്വചിന്ത പ്രവർത്തിക്കുന്നത്. ഇന്നത്തെ പലായനങ്ങളെ ഇങ്ങനെ വിലയിരുത്താം.

Comments