എൽ സാൽവദോറിലെ ദാരിദ്ര്യത്തിലും സംഘർഷങ്ങളിലും നിന്ന് ജീവൻ രക്ഷിക്കാൻ ഒരു യുവാവ് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നു. പലതവണ പരാജയപ്പെട്ട ശ്രമങ്ങൾക്കൊടുവിൽ, സഹോദരനൊപ്പം ഒരു വാഹനത്തിന്റെ പിൻഭാഗത്ത് ഒളിച്ച് മെക്സിക്കോയിലെ ടിഹ്വാന വഴി അമേരിക്കൻ അതിർത്തി കടക്കുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരനായി ആരംഭിച്ച ആ ജീവിതം, ഇന്ന് കത്തോലിക്ക സഭയിലെ ബിഷപ്പിന്റെ ഉയരത്തിലെത്തിയിരിക്കുകയാണ്. അതാണ് എവേലിയോ മെൻഹീവാർ അയാലയുടെ അസാധാരണ യാത്ര.
1970-ൽ ജനിച്ച മെൻഹീവാർ അയാല, കൗമാരപ്രായത്തിൽ തന്നെ അമേരിക്കയിലെത്താൻ മൂന്ന് തവണ ശ്രമിച്ചു. ഒടുവിൽ 1990-ൽ അതിർത്തി കടന്നെത്തി. തുടക്കകാലത്ത് കാലിഫോർണിയയിലും പിന്നീട് വാഷിംഗ്ടണിലും താമസിച്ച അദ്ദേഹം, ഇംഗ്ലീഷ് പഠിക്കുകയും ഹൈസ്കൂൾ ഡിപ്ലോമ നേടുകയും ചെയ്തുകൊണ്ട് ജീവിതം മുന്നോട്ടെടുത്തു. അതിനൊപ്പം, ക്ലീനിംഗ് ജോലികളും കൺസ്ട്രക്ഷൻ ജോലികളും ചെയ്ത് പിടിച്ചുനിന്നു .
ജീവിതത്തിലെ വലിയ വഴിത്തിരിവ് വിശ്വാസത്തിലൂടെയായിരുന്നു. 1995-ൽ മയാമിയിലെ സെന്റ് ജോൺ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ച അദ്ദേഹം, 1999-ൽ ഫിലോസഫിയിൽ ബിരുദം നേടി. തുടർന്ന് റോമിലെ പൊന്തിഫിക്കൽ നോർത്ത് അമേരിക്കൻ കോളേജിൽ ചേർന്ന്, സെന്റ് തോമസ് അക്ക്വിനാസ് സർവകലാശാലയിൽ നിന്ന് തിയോളജിയിൽ മാസ്റ്റേഴ്സ് നേടി. കുടിയേറ്റ വിഷയങ്ങളിലും പഠനം പൂർത്തിയാക്കി.
അമേരിക്കയിൽ എത്തിയശേഷം ദേവാലയ സേവനത്തിലൂടെ ജീവിതം പുനർനിർമ്മിച്ച അദ്ദേഹം, 2004-ൽ വൈദികനായി അഭിഷിക്തനായി. വിശ്വാസികളോട് അടുത്ത ബന്ധം പുലർത്തിയ അദ്ദേഹത്തിന്റെ ആത്മീയ സ്വാധീനം കണക്കിലെടുത്ത് കത്തോലിക്കാസഭ അദ്ദേഹത്തെ വാഷിംഗ്ടൺ ഡി സി രൂപതയുടെ സഹമെത്രാനായി ഉയർത്തി.

56- കാരനായ മെൻഹീവാർ അയാലയെ ഇപ്പോൾ വെസ്റ്റ് വർജീനിയയിലെ പുതിയ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ലിയോ മാർപാപ്പ. വെസ്റ്റ് വെർജിനിയയിലെ വീലിംഗ്- ചാൾസ്റ്റൺ രൂപതയുടെ ബിഷപ്പായി ഏകദേശം ഒരു ലക്ഷം വിശ്വാസികളും നൂറോളം പള്ളികളും ഉൾക്കൊള്ളുന്ന ഈ നേതൃത്വം ഏറ്റെടുക്കുന്നത് സഭയിൽ വലിയ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ, ഈ നിയമനം ആഗോളതലത്തിൽ ശ്രദ്ധേയമായ ഒരു തീരുമാനമായി മാറുന്നു.
ഈ നിയമനത്തിനുപിന്നിലെ പോപ്പിന്റെ സന്ദേശം വ്യക്തമാണ്. കുടിയേറ്റക്കാരെക്കുറിച്ചുള്ള ലോകത്തിന്റെ സമീപനം കൂടുതൽ മാനുഷികവും കരുണാപൂർണ്ണവുമാകണം. രേഖകളില്ലാത്ത കുടിയേറ്റക്കാരനായി എത്തിയ ഒരാളെ സഭയുടെ ഉയർന്ന പദവിയിലേക്ക് ഉയർത്തുന്നത്, ഓരോ മനുഷ്യന്റെയും ജീവിതത്തിന് ഉള്ള മൂല്യം തിരിച്ചറിയാനുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ്.
അമേരിക്കയിൽ കുടിയേറ്റനയങ്ങളെ ചുറ്റിപ്പറ്റിയുള്ള കടുത്ത രാഷ്ട്രീയ ചർച്ചകൾ നടക്കുന്ന ഈ ഘട്ടത്തിൽ, ഈ തീരുമാനം പ്രത്യേക പ്രാധാന്യം നേടുന്നു. കുടിയേറ്റക്കാരെ കുറ്റക്കാരായി കാണുന്ന സമീപനങ്ങൾക്കെതിരായ ശക്തമായ പ്രതികരണമായി ഇതിനെ കാണുന്നവരുമുണ്ട്. അതോടൊപ്പം ഈ നിയമനത്തിന്റെ സമയവും ഏറെ ശ്രദ്ധേയമാണ്. കുടിയേറ്റനയങ്ങളെ കുറിച്ച് ഡോണൾഡ് ട്രംപും മാർപാപ്പയും തമ്മിൽ അടുത്തിടെ ഉണ്ടായ കടുത്ത വാക്കേറ്റത്തിന് പിന്നാലെയാണ് ഈ തീരുമാനം.

ബിഷപ്പ് അയാലയുടെ ജീവിതം ഒരു വ്യക്തിയുടെ വിജയകഥയെക്കാളുപരി പ്രതിസന്ധികളെ അതിജീവിച്ച് ഉയരാനുള്ള മനുഷ്യമനസ്സിന്റെ ശക്തിയുടെ തെളിവാണ്. ഇന്ന് അദ്ദേഹത്തിന്റെ ഉയർച്ച സമാനമായ ജീവിതയാഥാർഥ്യങ്ങൾ നേരിടുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്.
കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങളെ അംഗീകരിക്കുന്നതും അവരുടെ പ്രാതിനിധ്യം ഉയർത്തുന്നതുമായ ശക്തമായ സന്ദേശം കൂടിയാണ് പുതിയ ബിഷപ്പിന്റെ ആത്മീയ പ്രയാണം.
