Photo: UNICEF/Alessio Romenzi

രണ്ടാം വരവിൽ
​താലിബാൻ എത്ര മാറി?

താലിബാൻ: മതതീവ്രവാദം ​പ്രത്യയശാസ്​ത്രമാകുമ്പോൾ- 3

താലിബാന്റെ രണ്ടാം വരവിൽ മാറ്റങ്ങളുണ്ടോയെന്ന് ലോകം ഉറ്റുനോക്കുകയാണ്​. പഴയ താലിബാനല്ല ഇപ്പോഴുള്ളത് എന്ന്​ അവർ തന്നെ പറയുന്നുണ്ട്​. ശരിയത്ത്​ നിയമങ്ങളിലും ഗോത്രശീലങ്ങളിലും ദിയോബാന്ധി ഹനഫിസ്റ്റ് വ്യാഖ്യാനങ്ങളിലും മാറ്റമുണ്ടാവാത്തിടത്തോളം താലിബാന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ ഗൗരവകരമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

1994 ​സെപ്റ്റംബറിൽ സംഘടനാപരമായി ജന്മം കൊണ്ട താലിബാൻ, ആഭ്യന്തരയുദ്ധം കൊണ്ട് അരക്ഷിതാവസ്ഥയിലായിരുന്ന തെക്കൻ അഫ്ഘാനിസ്ഥാനിലെ നഗരാതിർത്തികളിലും കവലകളിലും യാത്രികരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന ‘പട്ടക്ക്'കൾ എന്ന പേരുള്ള ചെക്ക് പോയിന്റുകളിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. യുദ്ധങ്ങൾകൊണ്ട് വീർപ്പുമുട്ടിയ ജനങ്ങൾക്ക്​ സമാധാനവും സുരക്ഷയും ഉറപ്പുനൽകുകയും ഇസ്​ലാം ജീവിതരീതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചും താലിബാൻ ഗോത്രജനതയുടെ സ്വീകാര്യത നേടി. പാരമ്പര്യം പുനർനിർമിക്കപ്പെടുമെന്നും സമാധാനജീവിതക്രമം പുനഃസ്ഥാപിക്കപ്പെടുമെന്നും വിശ്വസിച്ച സാമാന്യജനം ആവേശത്തോടെ താലിബാനെ പിന്തുണച്ചു. മതവിശ്വാസകാര്യത്തിൽ അയഞ്ഞ സമീപനം തുടങ്ങിയതാണ് കഷ്ടപ്പാടുകൾക്ക് കാരണമെന്നും പകരം വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ടാനങ്ങളും മുറുകെപ്പിടിക്കുകയാണ് ഗോത്രപാരമ്പര്യമെന്നും അതുമാത്രമാണ് ഏക മോചനമാർഗമെന്നും അവർ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അക്കാര്യത്തിൽ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു.

/ Photo: Wikimedia Commons

യഥാർത്ഥത്തിൽ, അഫ്ഗാനിസ്ഥാനിൽ വിവിധ തരം പാരമ്പര്യങ്ങളും ഗോത്രസംസ്‌കാരങ്ങളും ജീവിത ശൈലികളുമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്.
പ്രവാചകന്റെ കാലത്തുള്ള പാരമ്പര്യമാണ് തങ്ങൾ തുടരുന്നതെന്ന് താലിബാൻ വിശ്വസിച്ചു. അതുതന്നെയാണ് പഷ്തൂൺ ഗോത്രങ്ങളുടെ യഥാർത്ഥ പാരമ്പര്യമെന്നും അത് പുനഃസ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ പ്രചരിപ്പിച്ചു. പ്രവാചക ജീവിതചര്യയുടെ ഭാഗമായതിനാൽ, താടി വളർത്തുന്നതും തലപ്പാവ് ധരിക്കുന്നതും നിർബന്ധിതമാക്കി. മതവിശ്വാസം ദൃഢീകരിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. ആചാരാനുഷ്ടാനങ്ങളും വസ്ത്രധാരണവും വിശ്വാസപ്രാർത്ഥനകൾപോലും നിരീക്ഷിക്കപ്പെട്ടു. അച്ചടക്കം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശിക്ഷകൾ പോലും പൊതുജനമധ്യത്തിൽ നടപ്പിലാക്കപ്പെട്ടു. വഹാബിസവും സലഫിസവും അതുവഴിയുള്ള രാഷ്ട്രീയ ഇസ്​ലാമും മൗദൂദിസവുമൊക്കെ താലിബാന്റെ ലക്ഷ്യത്തെയും പ്രവർത്തനങ്ങളെയും പരോക്ഷമായിട്ടാണങ്കിലും നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ താലിബാൻ പ്രത്യക്ഷത്തിൽ അത്തരം ആശയധാരകളെയൊക്കെ അകറ്റിനിർത്തുന്നു. തീർച്ചയായും, രാഷ്ട്രീയ ഇസ്​ലാം പഷ്തൂൺ ദേശീയതയെയും അതുവഴി അഫ്ഘാൻ ദേശീയതയെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അതേ ദേശീയത തന്നെയാണ് താലിബാന്റെ പ്രത്യയശാസ്ത്രത്തിലും അധികാരസ്ഥാപന പ്രവർത്തനങ്ങളിലും അന്തർലീനമായിരിക്കുന്നത്.

കൃത്യമായ രാഷ്ട്രഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് അവബോധമോ മുന്നൊരുക്കങ്ങളോ ഇല്ലാതിരുന്നതിനാൽ, താലിബാന്റെ ഒന്നാം വരവിൽ ആ താടിക്കൂട്ടത്തിന് ഒട്ടേറെ അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു.

താലിബാൻ വിപ്ലവ പ്രസ്ഥാനമല്ല, മതതീവ്രവാദ പ്രസ്ഥാനമാണ്. എന്നാൽ, അവർ പ്രവിശ്യകൾ ഓരോന്നായി പിടിച്ചടക്കി ആധിപത്യം സ്ഥാപിച്ച് നിലവിലുണ്ടായിരുന്ന പല രീതികളെയും മാറ്റാൻ ശ്രമിച്ചതിനെ പാരമ്പര്യ പുനഃസ്ഥാപന വിപ്ലവം എന്ന രീതിയിൽ നിരീക്ഷിക്കാം. സമാനരീതിയിലുള്ള തീവ്രവാദ സംഘടനയായ ഇസ്​ലാമിക് സ്​റ്റേറ്റ്​ പോലുള്ളവ അബു മുസ്അബ്‌ അൽ സർഖാവിയുടെയും അബൂബക്കർ അൽ ബാഗ്ദാദിയുടെയും നേതൃത്വത്തിൽ വർഷങ്ങളോളം ആസൂത്രണം നടത്തിയിരുന്നു. താലിബാൻ ആദ്യം അധികാരം പിടിക്കുന്നതിനുമുമ്പ് അത്തരമൊരു ആസൂത്രണപശ്ചാത്തലമുണ്ടായിരുന്നില്ല. അതേസമയം, ദിയോബാന്ധി സൂഫി പഠനരീതികൾ തുടർന്നിരുന്ന മദ്രസകൾ പാകിസ്ഥാൻ- അഫ്ഘാനിസ്ഥാൻ മേഖലകളിലുടനീളമുണ്ടായിരുന്നു. ഉലമ വർഗം കൊളോണിയൽ വിരുദ്ധതയെയും പാശ്ചാത്യ വിരുദ്ധതയെയും പരിപോഷിപ്പിച്ചിരുന്നു. പാകിസ്താനി ദിയോബാന്ധിസ്റ്റ് ഇസ്​ലാമിക പണ്ഡിതനായിരുന്ന മുഫ്തി റഷീദ് അഹമ്മദ് ലുധിയാൻവി ഒരു ആദർശാത്മക ഇസ്​ലാമിക് സ്റ്റേറ്റിനെക്കുറിച്ചുള്ള ആശയം വിഭാവനം ചെയ്തിട്ടുണ്ട്. ചില മുജാഹിദ്ദീൻ ഗ്രൂപ്പുകൾക്ക് അത്തരം ലക്ഷ്യങ്ങളുണ്ടായിരുന്നുവെങ്കിലും ആരംഭകാലത്ത് താലിബാന്റെ ലക്ഷ്യങ്ങൾ അമൂർത്തമായിരുന്നു. പാരമ്പര്യം പുനഃസ്ഥാപിക്കുക, അതിനുവേണ്ടി യുദ്ധം നടത്തി പ്രവിശ്യകളും രാജ്യമൊന്നടങ്കവും പിടിച്ചെടുക്കുക എന്നിങ്ങനെയുള്ള പരിപാടികളല്ലാതെ കൃത്യമായ രാഷ്ട്രഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് അവബോധമോ മുന്നൊരുക്കങ്ങളോ ഇല്ലാതിരുന്നതിനാൽ, താലിബാന്റെ ഒന്നാം വരവിൽ ആ താടിക്കൂട്ടത്തിന് ഒട്ടേറെ അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു.

അബു മുസ്അബ് അൽ സർഖാവി, അബൂബക്കർ അൽ ബാഗ്ദാദി, മുഫ്തി റഷീദ് അഹമ്മദ് ലുധിയാൻവി

പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്​ലാമിക ദേശീയതയും തമ്മിൽ

പാരമ്പര്യവാദികൾ ഇസ്​ലാമിക ദേശീയതയിലേക്കും രാഷ്ട്രീയ ഇസ്​ലാമിലേക്കും അവയെക്കുറിച്ച് വേണ്ടത്ര അവഗാഹമില്ലാതെ പരകായപ്രവേശം നടത്തേണ്ടിവന്നപ്പോഴുണ്ടായ സ്വഭാവിക ബുദ്ധിമുട്ടുകളായിരുന്നു അവ.
അധികാരത്തിൽനിന്ന്​ പുറംതള്ളപ്പെട്ടശേഷം 2002 മുതലുള്ള താലിബാന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്, അവരുടെ ആശയങ്ങളിലും ലക്ഷ്യങ്ങളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നാണ്. എന്നാൽ അധികാരത്തിലിരുന്നപ്പോഴും ശേഷവും ഒരു ഘട്ടത്തിലും അവർ പാരമ്പര്യവാദം ഉപേക്ഷിക്കുവാൻ തയ്യാറായില്ല. ആചാരാനുഷ്ടാനങ്ങളോടും പാരമ്പര്യത്തോടുമുണ്ടായിരുന്ന തീവ്ര പ്രതിപത്തി താലിബാന്റെ രാഷ്ട്രഭരണ സംവിധാനത്തിൽ വെല്ലുവിളികളുയർത്തിയിരുന്നു. അവർക്ക് രാഷ്ട്രനിർമാണത്തിനും ഭരണനിർവ്വഹണത്തിനുമുള്ള കൃത്യമായ പരിപാടികളില്ലായിരുന്നു. അത് അവർ പിന്തുടർന്ന പ്രത്യയശാസ്ത്രത്തിന്റെ അപര്യാപ്തത വെളിവാക്കുന്നു. പ്രവാചകന്റെ കാലത്തേതെന്ന് അവകാശപ്പെട്ടിരുന്ന മത ഗോത്ര പാരമ്പര്യരീതികൾ ആധുനിക കാലത്തെ സങ്കീർണമായ രാഷ്ട്രതന്ത്ര പ്രവർത്തനങ്ങൾക്ക് പര്യാപ്തമായിരുന്നില്ല. അതുകൊണ്ടുതന്നെ അധികാരത്തിൽനിന്ന്​ പുറംതള്ളപ്പെട്ടശേഷം അമേരിക്കയുടെ സാമ്രാജ്യത്വ ഇടപെടലുകൾക്കും ആക്രമണങ്ങൾക്കും എതിരെ പോരാടാനുള്ള ജനകീയ അടിത്തറ കെട്ടിപ്പൊക്കാൻ താലിബാന് കഴിഞ്ഞിരുന്നില്ല. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ദേശീയതയെക്കുറിച്ചും അഫ്ഗാൻ രാഷ്ട്രത്തിന്റെ പരമാധികാരത്തെക്കുറിച്ചും അവർ ആലോചിച്ചുതുടങ്ങി. അത്തരം ലക്ഷ്യസാക്ഷാത്കാരത്തിന്​ ഇസ്​ലാമിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. അതേസമയം, താലിബാന് ഒരിക്കലും ഗോത്രാധിഷ്ഠിത ഗ്രാമീണ പാരമ്പര്യത്തെ അകറ്റിനിർത്താൻ കഴിയുമായിരുന്നില്ല. അതിനെ ആധുനിക ഇസ്​ലാമിക ദേശീയതയുമായി സംയോജിപ്പിക്കുവാനും കഴിഞ്ഞില്ല.

അമേരിക്കയും നാറ്റോ സഖ്യവും നടത്തിയ സൈനിക ഇടപെടലും പാവ ഭരണകൂടത്തെ അവരോധിച്ചതും സാമ്രാജ്യത്വത്തോട് വിധേയത്വം പുലർത്തിയ ദുർബല ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അഴിമതിയും താലിബാന്റെ ശാക്തീകരണത്തിന്​ മുതൽക്കൂട്ടായി.

2002 മുതൽ രണ്ട് ദശകങ്ങളിൽ താലിബാന്റെ പ്രത്യയശാത്രത്തിൽ ശക്തമായ ചില ഉൾച്ചേരലുകളുണ്ടായി. അതിൽ പ്രധാനപ്പെട്ട ഒന്ന്, അമേരിക്കൻ സാമ്രാജ്യത്വത്തിന് എതിരെയുള്ള പോരാട്ടമായിരുന്നു. അത് പാശ്ചാത്യസംസ്‌കാരത്തിനെതിരെയുള്ള നിലപാടായി മാറിയിരുന്നു. അമേരിക്കയും നാറ്റോ സഖ്യവും നടത്തിയ സൈനിക ഇടപെടലും പാവ ഭരണകൂടത്തെ അവരോധിച്ചതും സാമ്രാജ്യത്വത്തോട് വിധേയത്വം പുലർത്തിയ ദുർബല ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അഴിമതിയും താലിബാന്റെ ശാക്തീകരണത്തിന്​ മുതൽക്കൂട്ടായി. പാശ്ചാത്യ സാമ്രാജ്യത്വവാദികൾ അഫ്ഗാൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ചവിട്ടിമെതിക്കുന്നുവെന്നും രാജ്യത്തെ ഇസ്​ലാമിക വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള പ്രചാരണം നടത്തിയത് ഗോത്രവർഗ യുവാക്കളുടെ പോരാട്ടവീര്യത്തെ ഉത്തേജിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ ഹൈവേയിൽ പട്രോളിംഗ് നടത്തുന്ന യു.എസ് സൈനികർ / Photo: Wikimedia Commons

മധ്യകാല കുരിശുയുദ്ധങ്ങളെകുറിച്ച് പരിശീലന ക്ലാസുകളിൽ നടത്തിയ അവതരണങ്ങളും പാശ്ചാത്യ സാമ്രാജ്യത്വം അഫ്ഗാനിസ്ഥാനിൽ നടത്തുന്നത് അഫ്ഗാൻ പാരമ്പര്യത്തെയും ഇസ്​ലാമിക സംസ്‌കാരത്തെയും തകർക്കാനുള്ള കുരിശുയുദ്ധമാണ് എന്ന പ്രചാരണവും ഫലമുളവാക്കി. ദേശീയ പരമാധികാരം സംരക്ഷിക്കാനും അഫ്ഗാൻ പൈതൃകം കാത്തുസൂക്ഷിക്കാനുമുള്ള ആഹ്വാനം ലക്ഷ്യം കണ്ടു. അങ്ങനെ, പാശ്ചാത്യ വിരുദ്ധത താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന ഘടകമായി.

2001 നുശേഷം അഫ്ഗാനിസ്ഥാനിലുണ്ടായ മാറ്റങ്ങൾ, പ്രത്യേകിച്ചും ആധുനിക വാർത്താവിനിമയ സൗകര്യങ്ങളുടെയും വിവരസാങ്കേതിക വിദ്യയുടെയും വ്യാപനം, താലിബാൻ ജിഹാദിന് ഗുണകരമായ വിധത്തിൽ ഉപയോഗപ്പെടുത്തി. അവർ പാരമ്പര്യവാദികളായിരുന്നെങ്കിലും ആധുനികതയുടെ സൗകര്യങ്ങൾ ലക്ഷ്യപ്രാപ്തിക്ക്​ ഉപയോഗിക്കുന്നതിൽ വിമുഖത കാണിച്ചില്ല. ടെലിവിഷൻ ഗ്രാമങ്ങളിലേക്ക് അധികം വ്യാപിച്ചിരുന്നില്ലെങ്കിലും മൊബൈൽ ഫോണും ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളും ഗൾഫ് ടെലിവിഷനും യൂട്യൂബ് ചാനലുകളും പ്രചാരം നേടി. സ്വഭാവികമായും തീവ്രവാദികൾ പശ്ചിമേഷ്യൻ സംഘർഷങ്ങളെ കുറിച്ച് തങ്ങളുടെ ഭാഷ്യം പ്രചരിപ്പിച്ചു. ഹമാസിന്റെയും മറ്റും പോരാട്ടങ്ങളും ഈജിപ്ത്യൻ ബ്രദർഹുഡിന്റെയും പാൻ ഇസ്​ലാമിസത്തിന്റെയും രാഷ്ട്രീയ ഇസ്​ലാമിന്റേയുമൊക്കെ ആശയങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഈജിപ്ഷ്യൻ ഇസ്​ലാമിക പണ്ഡിതനായിരുന്ന യൂസുഫുൽ ഖറദാവിയുടെയും മുഹമ്മദ് ബാദിയുടെയും, ഇസ്​ലാമിക്​ സ്റ്റേറ്റ് നേതാക്കളായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെയും, അബു ഹാഷിമി ഖുറേഷിയുടെയും ജമാഅത്തെ ഇസ്​ലാമി നേതാവായിരുന്ന മുനവ്വർ ഹസന്റെയും, സലഫി- സുന്നി പണ്ഡിതരുടെയും, ഇറാനിയൻ മതമേധാവികളുടേയുമൊക്കെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും വീഡിയോകളും പുതിയ കാലത്തെ അഫ്ഗാൻ താലിബാനെ സ്വാധീനിച്ചു. ഇവരിലെല്ലാം ആശയപരമായും ആചാരാനുഷ്ടാനങ്ങളിലും വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും പൊതുവായ ഘടകങ്ങളുണ്ടായിരുന്നു. മേൽ സൂചിപ്പിച്ച പ്രസ്ഥാനങ്ങളും നേതാക്കളും പാശ്ചാത്യ വിരുദ്ധരും ഇസ്​ലാമിക ദേശീയതക്കുവേണ്ടി നിലകൊണ്ടവരുമായിരുന്നു. ചിലരെങ്കിലും ലക്ഷ്യ സാക്ഷാത്കാരത്തിന്​ ഭീകരമായ അക്രമമുറകളെ പ്രോത്സാഹിപ്പിച്ചവരോ നേതൃത്വം നല്കിയവരോ ഒക്കെയാണ്.

2001 നുശേഷം അഫ്ഗാനിസ്ഥാനിലുണ്ടായ മാറ്റങ്ങൾ, പ്രത്യേകിച്ചും ആധുനിക വാർത്താവിനിമയ സൗകര്യങ്ങളുടെയും വിവരസാങ്കേതിക വിദ്യയുടെയും വ്യാപനം, താലിബാൻ ജിഹാദിന് ഗുണകരമായ വിധത്തിൽ ഉപയോഗപ്പെടുത്തി.

ഇസ്​ലാം സംരക്ഷണത്തിന്​ ‘ജിഹാദ്​’

2001 നുശേഷം താലിബാൻ ലോകസംഭവവികാസങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. അത് അവരുടെ ആശയഗതിയെ സ്വാധീനിച്ചു. ഇസ്​ലാമിനെ സംരക്ഷിക്കുകയെന്നാൽ ജിഹാദ് നടത്തലാണെന്നും അത് നടത്തേണ്ടത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരെയാണെന്നുമുള്ള ധാരണ ബലപ്പെട്ടു. അധികാരം തിരിച്ചുപിടിക്കണമെന്നും അഫ്ഗാനിസ്​ഥാന്റെ പരമാധികാരം സംരക്ഷിക്കണമെന്നും അതിന്​ വിശുദ്ധ യുദ്ധം നടത്തുക എന്നത്​ ദൈവികമായി നിശ്ചയിച്ച് നല്കിയതാണെന്നുമുള്ള പ്രചാരണവും വിശ്വാസവും ബലപ്പെട്ടു. 2003 മാർച്ച് മുതൽ അമേരിക്ക ഇറാക്കിൽ നടത്തിയ ഇടപെടലുകൾ ആഗോള ഇസ്​ലാമിക തീവ്രവാദത്തിന്റെ പ്രവർത്തനരീതികളെത്തന്നെ മാറ്റിമറിച്ചു. ഇറാക്കിൽ ആണവ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളും സദ്ദാം ഹുസൈനെ വേട്ടയാടിയതുമൊക്കെ ഇസ്​ലാമിക ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കുന്നതിന്​ സമാനമായിരുന്നു. ആത്മഹത്യാ സ്‌ക്വാഡുകളും ചാവേറുകളും മനുഷ്യബോംബുകളും ഭീകരപ്രവർത്തനങ്ങളിൽ വ്യാപകമായത് 2003 ലെ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിനുശേഷമാണ്. അങ്ങനെ ജിഹാദിൽ ‘ശഹീദ്' ആകുന്നതിനുവേണ്ടി, അഥവാ വിശുദ്ധയുദ്ധത്തിൽ രക്തസാക്ഷിയാകുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആവേശത്തോടെ തുടങ്ങിയതും ചാവേർ ബോംബാക്രമണം താലിബാൻ അജണ്ടയുടെ ഭാഗമായതും 2003 നുശേഷമാണ്.

സദ്ദാം ഹുസൈൻ കോടതിയിൽ വിചാരണക്കിടെ (2004 ജൂലൈ 1) / Photo: Wikimedia Commons

ആദ്യം അധികാരത്തിലുണ്ടായിരുന്നപ്പോൾ താലിബാൻ, യൂസുഫുൽ ഖറദാവിയുടെയും മുസ്​ലിം ബ്രദർഹൂഡിന്റെയും, ജമാഅത്തെ ഇസ്​ലാമിയുടെയും, സലഫി പണ്ഡിതരുടേയുമൊക്കെ പുസ്തകങ്ങൾ നിരോധിച്ചിരുന്നു. പിന്നീട് അവരുടെ കൃതികളിലെ സാമ്രാജ്യതവ വിരുദ്ധതയെക്കുറിച്ചും, പലസ്തീൻ പോരാട്ടത്തെക്കുറിച്ചും, ഇസ്​ലാമിക ദേശീയതയെക്കുറിച്ചുമുള്ള ആശയങ്ങൾ സ്വീകരിച്ചു. മുസ്​ലിം ബ്രദർഹുഡ് നേതാവ് മൊഹമ്മദ് മുർസി 2012 ൽ ഈജിപ്തിലെ ആദ്യ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായപ്പോൾ താലിബാൻ അതിനെ സ്വാഗതം ചെയ്​തു. മാത്രമല്ല, മുർസിയുടെ തെരെഞ്ഞെടുപ്പ് മധ്യപൂർവ്വദേശത്തെ അമേരിക്കൻ താല്പര്യങ്ങൾക്കും സയണിസത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും വലിയ പ്രഹരമാണെന്നും അത് ഇസ്​ലാമിക വിശ്വാസി സമൂഹത്തിന്റെ വിജയമാണെന്നും താലിബാൻ പ്രഖ്യാപിക്കുക കൂടി ചെയ്തിരുന്നു. ഇത് താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ പരിണാമത്തെയും കൂട്ടിച്ചേർക്കലിനെയും പ്രതിഫലിപ്പിക്കുന്ന കാര്യമാണ്. ഇസ്​ലാമിക ദേശീയതയും, ഇസ്​ലാമിക ആധുനികതയും, ഇസ്​ലാമിക എമിറേറ്റിന്റെ പരമാധികാര സംരക്ഷണവും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന സങ്കല്പനങ്ങളായി മാറി. അപ്രകാരം താലിബാൻ ആധുനികരായി എന്ന് കരുതരുത്. എന്തെന്നാൽ പാരമ്പര്യവാദത്തിൽനിന്നും, യാഥാസ്ഥിതികത്വത്തിൽനിന്നും വ്യതിചലിക്കുകയെന്നത് താലിബാനെ സംബന്ധിച്ച്​ അചിന്ത്യമാണ്. അതേസമയം, ദേശീയതയും രാഷ്ട്രീയപരമാധികാരവും അവരുടെ പ്രത്യയശാസ്ത്രത്തിന്റെ മാർഗദർശകങ്ങളായി മാറിയിട്ടുമുണ്ട്.

താലിബാന്റെ പ്രത്യയശാസ്ത്രത്തിന്റെ ഉൾക്കാമ്പ് അഫ്ഗാനിസ്​ഥാന്റെ പരമാധികാരം എന്നതാണ്. അത് അഫ്ഗാൻ ദേശീയതയാണ്. പഷ്ത്തൂണിസവും, സൂഫിസവും, ദിയോബാന്ധി ഹനഫിസവുമൊക്കെ അതിന്റെ ഘടകങ്ങളാണ്.

താലിബാനെ സംബന്ധിച്ച്​ ഇസ്​ലാമിസം എന്നത് ഇസ്​ലാമിക ആധുനികതയല്ല. നേരെമറിച്ച്, പഷ്തൂൺ പാരമ്പര്യ ഇസ്​ലാമിനെ ആധുനികതയിൽ പുനഃസ്ഥാപിക്കലാണ്. ഇസ്​ലാമെന്നത് അധികാരമാണെന്ന രീതിയിലാണ് അവർ ഉൾക്കൊള്ളുന്നത്. താലിബാന്റെ പ്രത്യയശാസ്ത്രത്തിന്റെ ഉൾക്കാമ്പ് അഫ്ഗാനിസ്​ഥാന്റെ പരമാധികാരം എന്നതാണ്. അത് അഫ്ഗാൻ ദേശീയതയാണ്. പഷ്ത്തൂണിസവും, സൂഫിസവും, ദിയോബാന്ധി ഹനഫിസവുമൊക്കെ അതിന്റെ ഘടകങ്ങളാണ്. ഇസ്​ലാം വിശ്വാസ- ആചാര- അനുഷ്ടാനങ്ങളിലധിഷ്ഠിതമായ പാരമ്പര്യസംസ്‌കാരം അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ചാലകശക്തിയായി നിലകൊള്ളുന്നു. ചുരുക്കത്തിൽ, താലിബാൻ പ്രസ്ഥാനം അഫ്ഗാനിസ്ഥാനോടുള്ള പ്രതിബദ്ധതയാണ്, അഫ്ഗാൻ പരമാധികാരത്തോടുള്ള പ്രതിബദ്ധതയാണ്. അഫ്ഗാനിൽ പരമാധികാരം സ്ഥാപിക്കുന്നതിന്​ അവർ നടത്തിയ അക്രമപ്രവർത്തനങ്ങളും യുദ്ധവും 2021 ആഗസ്​റ്റിൽ ലക്ഷ്യം കൈവരിച്ചു എന്നാണ്​അവരുടെ ഭാഷ്യം.

അഫ്ഘാനിലെ ഗ്രാമീണരോടൊപ്പം യു.എസ് സൈനികർ / Photo: Wikimedia Commons

അഫ്ഗാനിസ്ഥാനിലെ ഗോത്രങ്ങളുടെയും വംശീയതയുടെയും ഐക്യത്തിന്​ പതിറ്റാണ്ടുമുമ്പുതന്നെ താലിബാൻ ശ്രമിച്ചുതുടങ്ങിയിട്ടുണ്ട്. അതിനായി താലിബാൻ ഔദ്യോഗിക ഓൺലൈൻ മാധ്യമങ്ങളിലൂടെ അഭ്യർത്ഥനകളും പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. തങ്ങൾ ദേശസ്‌നേഹികളാണെന്നും അഫ്ഗാനിസ്​ഥാന്റെ പരമാധികാരത്തിന്​ നിലകൊള്ളുന്ന സ്വതന്ത്രപ്രസ്ഥാനമാണെന്നും, തനതായ ഇസ്​ലാമിക പ്രത്യയശാസ്ത്രമാണ് മാർഗദർശകമെന്നും അവർ പ്രഖ്യാപിച്ചു. എല്ലാ വംശീയ വിഭാഗങ്ങളോടുമായിരുന്നു അഭ്യർത്ഥന നടത്തിയത്. ഉസ്‌ബെക്, തുർക്‌മെൻ, ഹസാര, താജിക് വംശജരെയൊക്കെ സഹോദരന്മാരെന്ന് സംബോധന ചെയ്​ത്​, അവരോടൊക്കെ പഷ്തൂൺ സഹോദരന്മാരോടൊപ്പം ജിഹാദിൽ അണിചേരാൻ ആഹ്വാനം നടത്തി.

21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ താലിബാൻ ഉയർത്തിപ്പിടിച്ച ഇസ്​ലാമിക ദേശീയത പഷ്തൂൺ ദേശീയതയിൽനിന്ന്​ വേറിട്ടുനിൽക്കുന്നതാണ്. പഷ്തൂൺ ദേശീയത വംശീയ കേന്ദ്രിതമാണ്. പഷ്തൂൺ ദേശീയത ഇന്ന് ദുർബലമാണ്. താലിബാന്റെ ഇസ്​ലാമിക ദേശീയത, സിറിയയിലെ ഇസ്​ലാമിസ്​റ്റ്​- സലഫിസ്​റ്റ്​തീവ്രവാദ സംഘടനയായ ‘അഹ്റാർ അൽഷാ'മിന്റെയും പലസ്തീനിയൻ തീവ്രവാദ സംഘടനയായ ഹമാസിന്റെയും ആശയഗതിക്ക് സമാനമാണ്. അവർ ജീവിക്കുന്ന നാടിന്റെ ദേശീയ വിമോചനമാണ്, അവരുടേതായ ദേശരാഷ്ട്ര നിർമിതിയാണ് പ്രസ്തുത പ്രസ്ഥാനങ്ങളുടെയൊക്കെ പ്രഖ്യാപിത ലക്ഷ്യം.

താലിബാൻ പ്രത്യയശാസ്ത്രത്തിലും പ്രവർത്തനങ്ങളിലും അടിസ്ഥാനപരമായ മാറ്റമുണ്ടാവണമെന്നില്ല. എന്തെന്നാൽ അവരുടെ പഷ്തൂൺ പ്രത്യയശാസ്ത്ര അടിത്തറ ഇസ്​ലാമിലെ ദിയോബാന്ധി ഹനഫിസത്തിലധിഷ്ഠിതമായ ഗോത്രശീലങ്ങളാണ്.

അമേരിക്കൻ നിയന്ത്രണത്തിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാനെ താലിബാൻ ഉലമാ വർഗം ‘ദാർ- ഉൽ-ഹർബ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ‘മതവിശ്വാസവും പ്രാർഥനാകർമങ്ങളും തുടരാനാകാതെ ഇസ്​ലാം മതവിശ്വാസികൾ അടിച്ചമർത്തപ്പെടുന്ന പ്രദേശം' എന്ന രീതിയിലാണ് ‘ദാർ- ഉൽ- ഹർബ്' എന്ന വ്യാഖ്യാനം. അമേരിക്കയുടെ സമ്പൂർണ പിന്മാറ്റത്തോടെ താലിബാൻ ആ നാടിനെ ‘ദാർ- ഉൽ- ഇസ്​ലാം' അഥവാ ‘ദാർ-ഉൽ-തൗഹീദ്' ആക്കി മാറ്റിയിരിക്കുന്നു. ഈ പദപ്രയോഗങ്ങളുടെ വിവക്ഷ യഥാക്രമം ‘ഇസ്​ലാമിന്റെ നാട്’, ‘ഏകദൈവ വിശ്വാസത്തിന്റെ നാട്' എന്നിങ്ങനെയാണ്.

നേർപ്പിക്കാനാകാത്ത പ്രത്യയശാസ്​ത്രം

താലിബാന്റെ രണ്ടാം വരവിൽ മാറ്റങ്ങളുണ്ടോയെന്ന് ലോകം ഉറ്റുനോക്കുന്നു. താലിബാൻ തന്നെ സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്, പഴയ താലിബാനല്ല ഇപ്പോഴുള്ളത് എന്നാണ്. പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിച്ചതും സ്ത്രീകളെ തൊഴിലിടങ്ങളിൽനിന്ന് അകറ്റിയതും സ്ത്രീകൾക്ക് വസ്ത്രധാരണത്തിലടക്കം മതചിട്ടകൾ ഏർപ്പെടുത്തിയതും പൊതുവിടങ്ങളിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയതും കലാപ്രവർത്തനങ്ങളും ആധുനിക വാർത്താവിനിമയ- വിനോദോപാധികൾ വിലക്കിയതും മതപൊലീസിന്റെ പീഡനങ്ങളുമൊക്കെ താലിബാന്റെ ഒന്നാം ഭരണകാലത്തെ സവിശേഷതകളായിരുന്നുവല്ലോ.

തൊഴിലിലേർപ്പെട്ടിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ / Photo: Flicker, United Nations

പുതിയകാലത്ത് താലിബാന് കാണ്ഡഹാർ പ്രദേശങ്ങളിലെ പഷ്തൂൺ ഗ്രാമജീവിതത്തിന്റെ അതേ ശൈലി തുടരാൻ കഴിയില്ല. താലിബാൻ പ്രത്യയശാസ്ത്രത്തിലും പ്രവർത്തനങ്ങളിലും അടിസ്ഥാനപരമായ മാറ്റമുണ്ടാവണമെന്നില്ല. എന്തെന്നാൽ അവരുടെ പഷ്തൂൺ പ്രത്യയശാസ്ത്ര അടിത്തറ ഇസ്​ലാമിലെ ദിയോബാന്ധി ഹനഫിസത്തിലധിഷ്ഠിതമായ ഗോത്രശീലങ്ങളാണ്. ശരിയത്ത്​ നിയമങ്ങളിലും ഗോത്രശീലങ്ങളിലും ദിയോബാന്ധി ഹനഫിസ്റ്റ് വ്യാഖ്യാനങ്ങളിലും മാറ്റമുണ്ടാവാത്തിടത്തോളം താലിബാന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ ഗൗരവകരമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ബാഹ്യസാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ ചില കുട്ടിച്ചേർക്കലുകളുണ്ടായിട്ടുണ്ട്. എന്നാൽ അത് അവരുടെ അടിസ്ഥാന ആശയങ്ങളെ നേർപ്പിച്ചിട്ടില്ല.

ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുടെ നാടായ അഫ്ഗാനിസ്ഥാനിൽ ഒരുകാലത്തും ഏകീകൃത സംസ്‌കാരം വികസിച്ചുവന്നിരുന്നില്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ മത്സരാധിഷ്ടിതമായി വികസിച്ചുവന്ന ഉപസംസ്‌കാരങ്ങൾ അവയുടെ സ്വത്വം നിലനിർത്തിയിരുന്നു.

അഫ്ഗാൻ താലിബാൻ തികച്ചും തദ്ദേശീയ പ്രതിഭാസമാണ്. അവരുടെ ലോകവീക്ഷണം ഇസ്​ലാം മതസംഹിതയുടെ ഹനഫി ചിന്താപദ്ധതിയിലധിഷ്ഠിതമാണ്. താലിബാന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായും പ്രതിഫലിക്കുന്നത് തെക്കൻ അഫ്ഗാനിസ്ഥാനിലെ പഷ്തൂൺ ഗോത്ര സംസ്‌കാരത്തിന്റെ ശീലങ്ങളും രീതികളുമാണ്. അതേസമയം, അവരുടെ ആശയമണ്ഡലത്തിൽ വികാസപരമായ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. പഷ്തൂൺ ഗ്രാമങ്ങളിൽ 1979 നുമുമ്പുള്ള കാലങ്ങളിൽ ശീലിച്ചുവന്നിരുന്ന ഇസ്​ലാമിക പാരമ്പര്യത്തെ മാത്രം മുൻനിർത്തി പ്രവർത്തിച്ചാൽ തങ്ങളുടെ ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കാൻ കഴിയില്ലെന്ന് താലിബാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ടുണീഷ്യയിലെ ‘എന്നഹ്ദ' പാർട്ടിയുടെയും പലസ്തീനിലെ ഹമാസിന്റെയും പോലുള്ള മുഖ്യധാരാ രാഷ്ട്രീയ ഇസ്​ലാമിസത്തിന് സമാനമായ ശൈലി താലിബാന്റെ വർത്തമാനകാല പ്രവർത്തനങ്ങളിലും നേതാക്കളുടെ പ്രസ്താവനകളും പ്രതിഫലിക്കുന്നുണ്ട്.

ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുടെ നാടായ അഫ്ഗാനിസ്ഥാനിൽ ഒരുകാലത്തും ഏകീകൃത സംസ്‌കാരം വികസിച്ചുവന്നിരുന്നില്ല. ഗ്രാമ നഗര വ്യത്യാസമില്ലാതെ മത്സരാധിഷ്ടിതമായി വികസിച്ചുവന്ന ഉപസംസ്‌കാരങ്ങൾ അവയുടെ സ്വത്വം നിലനിർത്തിയിരുന്നു. അഫ്ഗാനികളെ സംബന്ധിച്ച്​, ഗോത്ര സാംസ്‌കാരികസ്വത്വം പരിരക്ഷിക്കുക എന്നത്​ പ്രാഥമിക കാര്യമാണെങ്കിൽ ദേശീയത, രണ്ടാമത്​ വരുന്ന കാര്യമാണ്​. പ്രാദേശിക പാരമ്പര്യ സംസ്‌കാരത്തിന്റെ തനിമയിലും ആധികാരികതയിലും രൂപപ്പെടുത്തിയ യാഥാർഥ്യത്തിന്റെ ഭൂമികയിലാണ് താലിബാന്റെ വിശ്വാസവ്യവസ്ഥ വേരുപടർത്തിയത്. ▮

(തുടരും)


ഡോ. പി.എം. സലിം

ഗവേഷകൻ. മഞ്ചേശ്വരം ഗോവിന്ദപൈ സ്​മാരക സർക്കാർ കോളേജിലെ ചരിത്രവിഭാഗം അധ്യാപകൻ. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചനസമരവും: ഒരു ചരിത്രാന്യോഷണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments