Photo: Wikimedia Commons

താലിബാന്റെ ലക്ഷ്യവും
​അഫ്​ഗാനിസ്​ഥാന്റെ ഭാവിയും

താലിബാൻ: മതതീവ്രവാദം ​പ്രത്യയശാസ്​ത്രമാകുമ്പോൾ- 4

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ താലിബാന്റെ പ്രത്യയശാസ്ത്രത്തിൽ ശ്രദ്ധേയമായ രൂപാന്തരം സംഭവിച്ചിട്ടുണ്ട്. പാരമ്പര്യവാദത്തെ അകറ്റിനിർത്തുന്നില്ലെങ്കിലും അവരുടെ പ്രധാന മാർഗദർശകമായി വർത്തമാനകാല രാഷ്ട്രീയ ഇസ്​ലാമിന്റെ പ്രത്യയശാസ്ത്രം ഇടം നേടിയിരിക്കുന്നു.

ദേശീയത എന്നത് ഒരു ആധുനിക പ്രതിഭാസമാണല്ലോ. മതനിരപേക്ഷത എന്നതും ആധുനിക പരികല്പനയാണ്. ആധുനിക പാശ്ചാത്യ പരികല്പനയായ ദേശീയത തികച്ചും മതനിരപേക്ഷമാണ്. താലിബാൻ ഉൾക്കൊള്ളുന്ന അഫ്ഗാൻ ദേശീയത യാഥാസ്ഥിതിക മതാധിഷ്​ഠിത ദേശീയതയാണ്. അത് ശരീഅത്ത്​ നിയമങ്ങളാൽ സാധൂകരിക്കപ്പെട്ടതായി അവർ കണക്കാക്കുന്നു. ശരീഅത്ത് അധിഷ്ഠിതമല്ലാത്ത നിയമങ്ങളെ താലിബാൻ നിരസിക്കുന്നു. ഇസ്​ലാമിക ദേശീയതയുടെ അഫ്ഗാൻ പതിപ്പാണത്.

ഇന്ത്യൻ ദേശീയതയിലെ ഹിന്ദുത്വധാര താലിബാൻ വിഭാവനം ചെയ്യുന്ന അഫ്​ഗാൻ ദേശീയതയെക്കാൾ തീവ്രവും കൂടുതൽ അപകടകരവുമാണ്. ഇന്നത്തെ ഇന്ത്യൻ ഭരണവർഗത്തെ സംബന്ധിച്ച്​ ഇന്ത്യൻ ദേശീയത എന്നത് രാഷ്ട്രീയ ഹിന്ദുയിസത്തിന്റെ ഹിന്ദുത്വ ദേശീയതയാണല്ലോ. ഇന്ത്യയിൽ ഗോൾവാൾക്കർ വിഭാവനം ചെയ്തതിന്റെ അഫ്​ഗാൻ പതിപ്പാണ് താലിബാൻ ദേശീയത എന്നത് ഉറപ്പിക്കാവുന്ന കാര്യമല്ല. ദേശീയത എന്ന പരികല്പനയെക്കുറിച്ച് അക്കാദമിക അർത്ഥതലങ്ങളിൽ സ്വീകാര്യമാവുന്നവയല്ല താലിബാന്റെ ദേശീയതയും സംഘപരിവാർ ദേശീയതയും. താലിബാൻ ലക്ഷ്യമിട്ടിട്ടുള്ള ദേശീയതയും പരമാധികാരവും അഫ്​ഗാനിസ്ഥാന്റെ അതിരുകൾക്കുള്ളിൽ പരിമിതപ്പെടുന്നതാണ്. സംഘപരിവാർ ദേശീയത വിശാല ഇന്ത്യൻ (greater India) ദേശീയതയാണ്. അത്, ഇന്ത്യ ഉപഭൂഖണ്ഡത്തിലുള്ള എല്ലാ രാജ്യങ്ങളും സംഘപരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ ദേശീയതയുടെ, ഹിന്ദു ദേശരാഷ്ട്രത്തിന്റെ, ഹിന്ദുത്വ സാമ്രാജ്യത്തിന്റെ പരിധിക്കുള്ളിലാവണമെന്നുള്ളതാണ്.

Photo: Wikimedia Commons

27 വർഷത്തെ അഫ്ഗാൻ താലിബാന്റെ ചരിത്രത്തിൽ ഇന്നുവരെ അവർ അഫ്​ഗാനിസ്ഥാന്റെ അതിർത്തിക്കുപുറത്ത് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. അത് അവരുടെ ചിന്തയിലോ പ്രവർത്തനങ്ങളിലോ വിശാലതയുള്ളതുകൊണ്ടാണെന്ന് അർഥമാക്കുന്നില്ല. നേരെമറിച്ച്, അവർക്ക് നിലവിലുള്ള ചിന്താഗതിയും പ്രവർത്തനരീതികളുമായി മുമ്പോട്ട് പോകുമ്പോൾ അഫ്ഗാനിസ്ഥാനുള്ളിൽപോലും പൂർണമായും നിയന്ത്രണം സ്ഥാപിക്കാൻ കഴിയുകയില്ല എന്നതുകൊണ്ടായിരിക്കാം. അഫ്ഗാനിസ്ഥാനിലെ സങ്കീർണ ഗോത്രവൈരുദ്ധ്യങ്ങളെ ഐക്യത്തോടെ കോർത്തിണക്കുവാൻ അവർക്ക് കഴിയണമെന്നില്ല. ഈ യാഥാർഥ്യം അവരുടെ പ്രത്യശാസ്ത്രത്തിന്റെയും പ്രവർത്തനങ്ങളുടെയും പരിമിതികളെ പ്രതിഫലിപ്പിക്കുന്നു.

ഇസ്​ലാം മതസംഹിതക്ക് പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളിലെങ്കിലും ഐക്യവും രാഷ്ട്രീയസ്ഥിരതയും പ്രദാനം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ ഇസ്​ലാം മതം മേധാവിത്വം സ്ഥാപിച്ചിട്ട് ആയിരത്തിലേറെ വർഷങ്ങളായി. അവിടെയുള്ള 99 ശതമാനം ജനങ്ങളും ഇസ്​ലാം മതവിഭാഗത്തിൽ പെടുന്നു. എന്നാൽ ആ രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളം ഇസ്​ലാം മതത്തിന് ഐക്യത്തിന്റെ പ്രതീകമായി വർത്തിക്കുവാൻ കഴിഞ്ഞിട്ടില്ല. ഗോത്രവൈരുധ്യങ്ങൾക്കും, വംശീയ സ്വത്വശീലങ്ങൾക്കും, അധികാര ആർത്തിക്കും, ആധിപത്യ മത്സരങ്ങൾക്കുമിടയിൽ മതസംഹിതയുടെ സാഹോദര്യ സങ്കല്പനങ്ങൾ അപ്രസക്തമായിത്തീരുന്നു.

ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും ശക്തമായ പ്രതീകമായി വർത്തിക്കാൻ ഇസ്​ലാം മതത്തിന് പരിമിതമായ രീതിയിലെങ്കിലും കഴിയേണ്ടതായിരുന്നു. എന്നാൽ വിശ്വാസത്തിന്റെ പ്രതിലോമകരമായ വശങ്ങൾ അഫ്ഗാൻ ഗോത്രവംശങ്ങളിലെ വലിയൊരു വിഭാഗത്തെ അപകടകരമായ വിധത്തിൽ സ്വാധീനിക്കുകയുണ്ടായി.

അഫ്ഗാനിസ്ഥാനിലെ സങ്കീർണ ബഹുഗോത്ര- ബഹുവംശ സാമൂഹിക വ്യവസ്ഥിതിയിൽ വിവിധ ഗോത്രവിഭാഗങ്ങൾക്ക് തങ്ങളുടെ ഗോത്ര ശീലങ്ങളോടുണ്ടായിരുന്ന അഗാധമായ വിധേയത്വം പലകാലത്തും സമൂഹത്തിൽ ഭിന്നിപ്പിനും വിഭാഗീയതക്കും കളമൊരുക്കി. അത്തരം അവസരങ്ങളിൽ പലപ്പോഴും അവരുടെയിടയിൽ ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും ശക്തമായ പ്രതീകമായി വർത്തിക്കാൻ ഇസ്​ലാം മതത്തിന് പരിമിതമായ രീതിയിലെങ്കിലും കഴിയേണ്ടതായിരുന്നു. എന്നാൽ വിശ്വാസത്തിന്റെ പ്രതിലോമകരമായ വശങ്ങൾ അഫ്ഗാൻ ഗോത്രവംശങ്ങളിലെ വലിയൊരു വിഭാഗത്തെ അപകടകരമായ വിധത്തിൽ സ്വാധീനിക്കുകയുണ്ടായി. അത് ഈ ആധുനികകാലത്ത് അഫ്ഗാൻ സമൂഹത്തിലെ ഗണ്യമായൊരു വിഭാഗത്തെ തീവ്രമായ മതാന്ധതയിലേക്കും തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി സമർപ്പിക്കപ്പെടുന്ന മത ഉന്മാദത്തിന്റേതായ ചാവേർ സംസ്‌കാരത്തിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു.

ഇസ്​ലാം മതാധിഷ്ഠിതമാണ് അഫ്ഗാനിസ്ഥാനിലെ സാമൂഹിക ജീവിതക്രമം. ഗോത്ര പാരമ്പര്യവും അതിൽ കലർന്നിരിക്കുന്നു. സമയത്തിന്റെയും, ദിനരാത്രങ്ങളുടെയും, കാലയളവുകളുടെയും ക്രമീകരണം പോലും ഇസ്​ലാം മതാനുഷ്​ഠാനങ്ങളെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇസ്​ലാം മതാധിഷ്ഠിതമാണ് അഫ്ഗാനിസ്ഥാനിലെ സാമൂഹിക ജീവിതക്രമം. ഗോത്ര പാരമ്പര്യവും അതിൽ കലർന്നിരിക്കുന്നു. സമയത്തിന്റെയും, ദിനരാത്രങ്ങളുടെയും, കാലയളവുകളുടെയും ക്രമീകരണം പോലും ഇസ്​ലാം മതാനുഷ്​ഠാനങ്ങളെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുരുഷാധിപത്യ മതാത്മക വ്യവസ്ഥിതിയുടെ തീവ്രരൂപമാണ് അഫ്ഗാനിസ്ഥാനിലുള്ളത്. മസ്ജിദുകൾ ആരാധനാകേന്ദ്രങ്ങൾ മാത്രമായല്ല വർത്തിക്കുന്നത്. യോഗങ്ങൾ ചേരുന്നതിനും, ആഘോഷങ്ങൾ നടത്തുന്നതിനും അതിഥികളെ താമസിപ്പിക്കുന്നതിനുമൊക്കെ മസ്ജിദുകൾ ഉപയോഗിക്കുന്നു. അഫ്ഗാൻ യുവതയിൽ ഗണ്യമായ ഒരു വിഭാഗത്തിന് ആകെ ലഭിച്ച ഔപചാരിക വിദ്യാഭ്യാസമെന്നത്, കുട്ടിക്കാലത്ത് പ്രാദേശിക പള്ളി മദ്രസകളിൽനിന്ന്​ ലഭിച്ച മതവിദ്യാഭ്യാസം മാത്രമാണ്.

താലിബാൻ അധികാരം സ്ഥാപിച്ചിരിക്കുന്ന അഫ്ഗാനിസ്ഥാൻ ഇന്ന് സാമ്പത്തിക സ്ഥിതിയിലും ഭരണസംവിധാനത്തിലും രാഷ്ട്രതന്ത്രജ്ഞതയിലുമൊക്കെ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്​.

രാഷ്ട്രീയ- ഭരണ- സാമ്പത്തിക- നിയമ കാര്യങ്ങളിലും, മനുഷ്യബന്ധങ്ങളിലും, വ്യക്തി- കുടുംബ ജീവിതരീതികളിലും സാമൂഹ്യ പെരുമാറ്റ രീതികളിലും ധാർമിക മുല്യങ്ങളിലുമടക്കം സമഗ്രാധിപത്യ നിയന്ത്രണ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇസ്​ലാമിക സങ്കല്പനങ്ങളെ അടിസ്ഥാനമാക്കി രൂപം കൊണ്ടിട്ടുള്ളതാണ് അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ വ്യവസ്ഥിതിയെന്നത് ഉറപ്പിക്കാനാവുന്ന കാര്യമല്ല. എന്തെന്നാൽ, സത്യസന്ധത, മിതത്വം, ധാർമികത, ഉദാരമനസ്‌കത, സദാചാരം, ശുദ്ധമായ ഭക്തി, കളങ്കമില്ലായ്മ, സഹിഷ്ണുത, അപരബഹുമാനം എന്നിങ്ങനെയുള്ള മാനുഷികമൂല്യങ്ങൾ വിവിധ മതങ്ങളുടെ ആശയങ്ങളുടെ ഭാഗമായിട്ടുള്ളതുപോലെതന്നെ ഇസ്​ലാം മത ദർശനങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. എന്നാൽ ഇത്തരം മാനുഷിക- ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് അഫ്ഗാനിസ്ഥാനിൽ അപ്രമാദിത്വം സ്ഥാപിച്ചിരിക്കുന്ന താലിബാൻ ഭീകരവാദികളുടെയും, ഭീകരരസംഘടനകളായ മുജാഹിദീനുകളുടെയും, ഹഖാനി നെറ്റ് വർക്കിന്റെയുമൊക്കെ പ്രവർത്തനങ്ങളിൽ കാണാൻ കഴിയുന്നത്.

താലിബാൻ അധികാരം സ്ഥാപിച്ചിരിക്കുന്ന അഫ്ഗാനിസ്ഥാൻ ഇന്ന് സാമ്പത്തിക സ്ഥിതിയിലും ഭരണസംവിധാനത്തിലും രാഷ്ട്രതന്ത്രജ്ഞതയിലുമൊക്കെ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്​. അവർ ഉയർത്തിപ്പിടിക്കുന്ന ദേശീയ പരമാധികാരം എന്ന പ്രത്യയശാസ്ത്രം വളരെ ശക്തമായ ഒന്നാണെങ്കിലും അതിന്റെ പ്രയോഗവത്കരണത്തെക്കുറിച്ച് അവ്യക്തതയും അനിശ്ചിതത്വവും നിലനിൽക്കുന്നു. രാഷ്ട്രീയ പാർട്ടികൾ സജീവമല്ല. അഭ്യസ്തവിദ്യരുടെയും ഭരണനൈപുണ്യമുള്ളവരുടെയും ദൗർലഭ്യമുണ്ട്. അത്തരം കാര്യങ്ങളിൽ അറിവും കഴിവും ഉള്ളവർ താലിബാന്റെ നിലപാടുകളാൽ പ്രാന്തവത്കരിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലം അഫ്ഗാനിസ്ഥാന്റെ ദുരവസ്ഥയെ സങ്കീർണമാക്കുന്നു. ദേശീയതയും പരമാധികാരവും ദിയോബാന്ധി ഹനഫിസവും ഇസ്​ലാമിസവുമൊക്കെ ഉൾച്ചേർന്ന താലിബാൻ പ്രത്യയശാസ്ത്രം അഫ്ഗാൻ ജനതയെ ഏകോപിപ്പിക്കുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ല. അതിന്റെ കാര്യകാരണങ്ങൾ പഠിച്ച് അവരുടെ പരിപാടികളിൽ മാറ്റം വരാത്തിടത്തോളം താലിബാന്റെ ലക്ഷ്യം പൂർണമായി സാക്ഷാത്കരിക്കപ്പെടുകയില്ല.

മസ്ജിദുകൾ ആരാധനാകേന്ദ്രങ്ങൾ മാത്രമായല്ല വർത്തിക്കുന്നത്. യോഗങ്ങൾ ചേരുന്നതിനും, ആഘോഷങ്ങൾ നടത്തുന്നതിനും അതിഥികളെ താമസിപ്പിക്കുന്നതിനുമൊക്കെ മസ്ജിദുകൾ ഉപയോഗിക്കുന്നു.

താലിബാൻ ആദ്യം ആധിപത്യം സ്ഥാപിച്ചത് 1996ലാണല്ലോ. 2001ൽ അധികാരത്തിൽനിന്ന്​ പുറംതള്ളപ്പെട്ടശേഷം അവർ ഗറില്ലായുദ്ധമുറകളും ചാവേർ ആക്രമണങ്ങളും തുടർന്നു. രണ്ട് പതിറ്റാണ്ടിനുശേഷം ആഭ്യന്തരയുദ്ധത്തിലൂടെ വീണ്ടും അധികാരം പിടിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ താലിബാന്റെ പ്രത്യയശാസ്ത്രത്തിൽ ശ്രദ്ധേയമായ രൂപാന്തരം സംഭവിച്ചിട്ടുണ്ട്.

പാരമ്പര്യവാദത്തെ അകറ്റിനിർത്തുന്നില്ലെങ്കിലും അവരുടെ പ്രധാന മാർഗദർശകമായി വർത്തമാനകാല രാഷ്ട്രീയ ഇസ്​ലാമിന്റെ പ്രത്യയശാസ്ത്രം ഇടം നേടിയിരിക്കുന്നു. കാരണം ലളിതമാണ്. താലിബാൻ നേതാക്കൾ ഇസ്ലാം മതാധിപത്യ രാജ്യങ്ങളിലെ വർത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങളെ ശ്രദ്ധിച്ചുതുടങ്ങി. അത് താലിബാനിൽ ജ്ഞാനശാസ്ത്രപരമായ മാറ്റങ്ങളുളവാക്കിയിട്ടുണ്ട്. അതേസമയം, അവരുടെ അടിസ്ഥാനപരമായ ആശയസംഹിതയിൽ നേർപ്പിക്കലോ ലഘൂകരണമോ സംഭവിക്കുന്നില്ല.

ജന്മം കൊണ്ട്​ 27 കഴിഞ്ഞ അഫ്ഗാൻ താലിബാന്റെ പ്രത്യയശാസ്ത്ര പരിണാമഘട്ടത്തെ മൂന്നായി തരംതിരിക്കാം. ആദ്യ ദശകത്തിൽ അവർ തെക്കൻ അഫ്ഗാനിസ്ഥാനിലെ പഷ്ത്തൂൺ ഗ്രാമങ്ങളിലെ പാരമ്പര്യവാദ ഇസ്​ലാമിനെ അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്നു. 1996 - 2001 കാലത്തെ താലിബാന്റെ ഇസ്​ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഭരണത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഇസ്​ലാമിക ശരീഅത്തിന്റെ ഹനഫി വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തിയിരുന്നത്.

പാരമ്പര്യത്തെ മുറുകെ പിടിച്ചിരുന്നുവെങ്കിലും പാശ്ചാത്യ വിരുദ്ധതയും അഫ്ഗാനിസ്ഥാ​ന്റെ പരമാധികാര പുനഃസ്ഥാപനവും താലിബാൻ പ്രത്യയശാസ്ത്രത്തിൽ ആഴത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. രണ്ടാം ദശകത്തിൽ താലിബാൻ ലോക സംഭവികാസങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു.

2001 നും 2011 നും ഇടയിലുള്ള ഘട്ടം - താലിബാൻ പ്രവർത്തനങ്ങളുടെ രണ്ടാം ദശകം. ട്യൂണിഷ്യയിലെയുംഈജിപ്തിലെയും മറ്റും ജനാധിപത്യ വിപ്ലവങ്ങൾക്ക് മുമ്പുള്ള ദശകത്തിൽ താലിബാന്റെ പ്രത്യയശാസ്ത്രത്തിൽ പ്രധാനമായും അമേരിക്കൻ സാമ്രാജ്യത്വവിരുദ്ധതയും പാശ്ചാത്യവിരുദ്ധതയും മുഴച്ചുനിന്നിരുന്നു. അമേരിക്കയുടെ ഇറാഖ്‌ ആക്രമണവും സദ്ദാം ഹുസൈനെ വേട്ടയാടിയതും ഈ ദശകത്തിൽത്തന്നെയായിരുന്നു. ജിഹാദിനുവേണ്ടി ശഹീദാകുവാൻ ചാവേറുകളെ സജ്ജമാക്കിത്തുടങ്ങിയതും ഈ ഘട്ടത്തിലാണ്. പാരമ്പര്യത്തെ മുറുകെ പിടിച്ചിരുന്നുവെങ്കിലും പാശ്ചാത്യ വിരുദ്ധതയും അഫ്ഗാനിസ്ഥാ​ന്റെ പരമാധികാര പുനഃസ്ഥാപനവും താലിബാൻ പ്രത്യയശാസ്ത്രത്തിൽ ആഴത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. രണ്ടാം ദശകത്തിൽ താലിബാൻ ലോക സംഭവികാസങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു.

അമേരിക്കൻ പട്ടാളത്തിന്റെ കയ്യിലകപ്പെട്ട സദ്ദാം ഹുസൈൻ / Photo: Wikimedia Commons

താലിബാന്റെ പ്രത്യയശാസ്ത്രപരിണാമത്തിന്റെ മൂന്നാം ഘട്ടം 2011 മുതലുള്ളതാണ്. അന്താരാഷ്ട്ര സംഭവവികാസങ്ങളെ, പ്രത്യേകിച്ചും അറബ് ലോകത്തെ വിപ്ലവപ്രവർത്തനങ്ങളെ അവർ ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരുന്നു. ടുണീഷ്യയിലെ മുല്ലപ്പൂവിപ്ലവവും ഈജിപ്തിലെ വിപ്ലവകരമായ രാഷ്ട്രീയ സംഭവവികാസങ്ങളും, ഇസ്​ലാമിക ദേശീയതയും, രാഷ്ട്രീയ ഇസ്​ലാമിന്റെ ആശയങ്ങളുമൊക്കെ ഈ ഘട്ടത്തിൽ താലിബാൻ പ്രത്യശാസ്ത്രത്തെ ആഴത്തിൽ സ്വാധീനിച്ചു. എന്നാൽ ആ രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ജനാധിപത്യ പുനഃസ്ഥാപനം എന്ന ലക്ഷ്യം ചാലകശക്തിയായി വർത്തിച്ചുവെന്ന കാര്യം ഉൾക്കൊള്ളാൻ താലിബാന് കഴിഞ്ഞിട്ടില്ല. പാരമ്പര്യ ഇസ്​ലാമിലും മതാധിപത്യത്തിലും ജനാധിപത്യ പരികല്പനകൾക്ക്​ പ്രസക്തിയില്ലല്ലോ.

മുന്ന് പതിറ്റാണ്ടിൽ താഴെ മാത്രം പ്രായമുള്ള താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന വേരുകൾ ചെന്നെത്തുന്നത് തെക്കൻ അഫ്ഗാനിസ്ഥാനിലെ പഷ്തൂൺ ഗ്രാമീണ പാരമ്പര്യ സംസ്‌കാരത്തിലാണ്. താലിബാൻ പ്രത്യയശാസ്ത്രത്തിന്റെ ചാലകശക്തി സുന്നി ഇസ്​ലാമിലെ ദിയോബന്ധി ഹനഫി വ്യാഖ്യാന വഴിത്താരയാണ്. താലിബാന്റെ ചിന്തകളും ആശയങ്ങളും സൂഫിസത്തിൽ അന്തർലീനമാണ്. അഫ്ഗാൻ താലിബാന്റെ പ്രത്യയശാസ്ത്രം അവരുടെ തുടക്കം മുതലുള്ള അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ജ്ഞാനശാസ്ത്രപരമായുള്ള സങ്കീർണമായ ആന്തരിക പ്രക്രിയയുടെ ആകത്തുകയാണ്.

താലിബാൻ പ്രത്യയശാസ്ത്രത്തിലെ പ്രകടമായ മാറ്റമുണ്ടായിട്ടുള്ള ഒരു പ്രധാന ഘടകം, അവർ ബാഹ്യമായ പെരുമാറ്റത്തിനും, ചിട്ടകൾക്കും, ശീലങ്ങൾക്കും നൽകിയിരുന്ന പ്രാധാന്യം കുറഞ്ഞുവെന്നതാണ്.

ഈജിപ്തിലും സിറിയയിലുമുള്ള മുസ്​ലിം ബ്രദർഹുഡ്, ട്യുണീഷ്യയയിലെ അന്നഹദ എന്നിങ്ങനെയുള്ള ഇസ്​ലാമിസ്​റ്റ്​ വലതുപക്ഷ പാർട്ടികളുടെ നിലപാടുകൾ മുതൽ ഹമാസ്, അൽ ഖായിദ പോലെയുള്ള തീവ്രവാദ സംഘടനകളുടേതടക്കമുള്ള പുതിയകാല ഇസ്​ലാമിസ്​റ്റ്​ രീതികൾ താലിബാൻ തിരിച്ചറിയുന്നുണ്ട്. താലിബാൻ പ്രത്യയശാസ്ത്രത്തിലെ പ്രകടമായ മാറ്റമുണ്ടായിട്ടുള്ള ഒരു പ്രധാന ഘടകം, അവർ ബാഹ്യമായ പെരുമാറ്റത്തിനും, ചിട്ടകൾക്കും, ശീലങ്ങൾക്കും നൽകിയിരുന്ന പ്രാധാന്യം കുറഞ്ഞുവെന്നതാണ്. ആചാരാനുഷ്​ഠാനങ്ങൾ, ശാരീരികമായ അനുശാസനം, പ്രവാചക ജീവിതചര്യ, പ്രാർത്ഥനാകർമങ്ങൾ, പ്രാർത്ഥനക്കുള്ള സമയനിഷ്ഠ, ദൈനംദിന ആചാരങ്ങളുടെ മറ്റു ഘടകങ്ങൾ എന്നിവയിൽ പുലർത്തിയിരുന്ന കർക്കശ്യത്തിനു മാറ്റമുണ്ടായി. പുതിയ സാഹചര്യത്തിൽ അവർ ആന്തരിക വിശ്വാസത്തിനും പെരുമാറ്റത്തിലെ സത്യസന്ധതക്കും വിധേയത്വത്തിനും ഊന്നൽ നൽകുന്നു. നേതൃതലത്തിലുണ്ടായ ഈ മാറ്റം താലിബാന്റെ താഴെ തട്ടിൽ എത്തുമോയെന്ന കാര്യം ഉറപ്പിക്കാനാവില്ല.

താലിബാൻ പ്രത്യയശാസ്ത്രത്തിലെ പ്രകടമായ മാറ്റമുണ്ടായിട്ടുള്ള ഒരു പ്രധാന ഘടകം, അവർ ബാഹ്യമായ പെരുമാറ്റത്തിനും, ചിട്ടകൾക്കും, ശീലങ്ങൾക്കും നൽകിയിരുന്ന പ്രാധാന്യം കുറഞ്ഞുവെന്നതാണ്.

രണ്ടാമത്തെ വരവിൽ താലിബാൻ അഫ്​ഗാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ ശ്രമം തുടരുന്നു. അതിനുവേണ്ടി സമവായത്തിന്റെയും സംഘർഷത്തിന്റെയും മാർഗങ്ങൾ തരാതരം പോലെ പ്രയോഗിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത് താലിബാന് അഫ്​ഗാനിസ്ഥാനോടുള്ള പ്രതിബദ്ധതയാണ്. അത് അവരുടെ ദേശീയതയാണ്. അത് ഇന്ത്യയിലെ സംഘ്പരിവാറിന്റേതുപോലുള്ള മതാത്മക ദേശീയതയാണ്. അത് ആധുനിക മതനിരപേക്ഷ ദേശീയതയല്ല. മതാധിഷ്​ഠിത പരമാധികാര ദേശരാഷ്ട്ര നിർമിതിയാണ് അവരുടെ ലക്ഷ്യം. അഫ്​ഗാനിസ്ഥാനിലെ പൗരസമൂഹത്തിൽ രാഷ്ട്രീയ- സാംസ്‌കാരിക- ധാർമിക- പ്രത്യയശാസ്ത്ര അധീശത്വം (hegemony) സ്ഥാപിക്കുവാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

താലിബാൻ വിഭാവനം ചെയ്യുന്നത് പഴഞ്ചൻ മതരീതികളുടെ പാരമ്പര്യ പുനഃസ്ഥാപനമാണ്; സുന്നി ഇസ്​ലാമിലെ ഹനഫി സ്‌കൂളിന്റെ ശരീഅത്ത്​നിയമങ്ങൾ താലിബാൻ മത മേധാവികൾ വ്യാഖ്യാനിക്കുന്നതനുസരിച്ചുള്ള ഒരു വ്യവസ്ഥിതിയെയാണ്.

ദേശീയതയുടെ സ്വയംനിർണയകാവകാശം അംഗീകരിക്കപ്പെടണം എന്ന ഇടതുപക്ഷ ആശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങളുടെ അടിസ്ഥാന പ്രശ്‌നം അഫ്ഗാനിസ്ഥാൻ ദേശരാഷ്ട്രത്തിന്റെ പരമാധികാരം എന്നതാണ്. താലിബാന്റെ നിലപാടുകളിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നത് തൊഴിലാളി വർഗത്തിന്റെ/ അധ്വാനിക്കുന്ന ജനതയുടെ അതിജീവനമോ ചൂഷണരഹിത വ്യവസ്ഥിതിയോ അല്ല. താലിബാൻ വിഭാവനം ചെയ്യുന്നത് പഴഞ്ചൻ മതരീതികളുടെ പാരമ്പര്യ പുനഃസ്ഥാപനമാണ്; സുന്നി ഇസ്​ലാമിലെ ഹനഫി സ്‌കൂളിന്റെ ശരീഅത്ത്​നിയമങ്ങൾ താലിബാൻ മത മേധാവികൾ വ്യാഖ്യാനിക്കുന്നതനുസരിച്ചുള്ള ഒരു വ്യവസ്ഥിതിയെയാണ്. അതിന്റെ നിരർത്ഥകത താലിബാൻ ആദ്യം അധികാരം കയ്യാളിയപ്പോഴുണ്ടായ സംഭവവികാസങ്ങൾ പ്രകാരം ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ടാം വരവിൽ, 2021 ആഗസ്റ്റിൽ, താലിബാൻ അധികാരം പിടിച്ചെടുത്തശേഷവും അവരുടെ പ്രത്യയശാസ്ത്രത്തിലും അടിസ്ഥാനശൈലിയിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. മത തീവ്രവാദ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ മതാത്മകതയിൽനിന്ന്​ വ്യതിചലിച്ച്​ പുതുതലമുറ ശക്തമായ പോരാട്ടം നടത്തിയാൽ അഫ്ഗാനിസ്ഥാനിലും കാര്യങ്ങൾ മാറിമറിയും. കാലപ്രവാഹത്തെ, മാറ്റത്തെ ഒരു ശക്തിക്കും തടഞ്ഞുനിർത്താനാവില്ലല്ലോ. ▮


ഡോ. പി.എം. സലിം

ഗവേഷകൻ. മഞ്ചേശ്വരം ഗോവിന്ദപൈ സ്​മാരക സർക്കാർ കോളേജിലെ ചരിത്രവിഭാഗം അധ്യാപകൻ. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചനസമരവും: ഒരു ചരിത്രാന്യോഷണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments