സേവ് ഗാസക്കും ഷേവ് ഗാസക്കും ഇടയിലെ മലയാളി

വർഷങ്ങളായി ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന മലയാളികളിലെ ഒരു വിഭാഗത്തിന് ഈയിടെയുണ്ടായ ഇസ്രായേൽ പക്ഷപാതിത്വത്തിന്റെ രാഷ്ട്രീയം പരിശോധിക്കപ്പെടുന്നു

പ്രകടമായ ഒരു ഫലസ്തീൻ അനുകൂല മനോഭാവം പുലർത്തിയിരുന്ന സമൂഹമായിരുന്നു കേരളം. ഗാന്ധി- നെഹ്‌റുവിയൻ ആദർശങ്ങളും ചേരിചേരാ വിദേശനയവും അടിത്തറ കെട്ടിയ, അധിനിവേശ ശക്തികൾക്കെതിരായ മൂന്നാംലോകത്തിന്റെ ഒരു പൊതുവികാരം. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നും, തുടർ അധിനിവേശത്തിൽ നിന്നും ഇനിയും സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു ജനതയോട് മുൻപേ നടന്നവരുടെ ഒരു ഐക്യപ്പെടൽ.

കക്ഷിരാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒരു ഫലസ്തീൻ ഐക്യദാർഢ്യം പുലർത്തിപ്പോന്നവരായിരുന്നു ഭൂരിപക്ഷം മലയാളികളും.

യാസർ അറഫാത്തിന്റെ പുള്ളി തലപ്പാവ് ഇന്നത്തെ ചെഗുവേര എന്നപോലെ സാഹിത്യ- കലാ ഇടങ്ങളിൽ പ്രതിരോധ ബിംബമായി ഒരുകാലത്ത് കേരളത്തിൽ നിറഞ്ഞു നിന്നു. തൊഴിൽ തേടി മണലാരണ്യത്തിലേക്കുള്ള മലയാളിയുടെ കുത്തൊഴുക്കും അവനെ അറബ് എന്ന വികാരത്തോട് കൂടുതൽ അടുപ്പിച്ചിരിക്കണം. ഇസ്രായേൽ എന്നത് വേദപുസ്തകങ്ങളിലെ വാഗ്ദത്ത ഭൂമിക്കപ്പുറത്തേത് മലയാളി മനസുകളോട് അത്ര കണ്ട് അടുത്തിരുന്നില്ല.

എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ- ഇസ്രായേൽ സംഘർഷ ചർച്ചകൾ വലിയ വിഭജന വിഷയമായാണ് മലയാളികൾക്കിടയിൽ ദൃശ്യമാകുന്നത്. ഫലസ്തീന്റെ അവകാശത്തെപ്പറ്റിയും, വർഷങ്ങളായി നേരിടുന്ന നീതിനിഷേധത്തെ പറ്റിയും വാദങ്ങൾ ഉയരുമ്പോൾ, തീവ്രവാദ അക്രമങ്ങളെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശങ്ങളെ പറ്റി മറുവാദങ്ങളുയരുന്നു.

ഇന്നിന്റെ പ്രായോഗികതയുടെ രാഷ്ട്രീവാദങ്ങളിൽ ഇതിൽ ആശ്ചര്യപ്പെടാൻ വലുതായിട്ടൊന്നുമില്ല. എന്നാൽ ഈ തർക്കങ്ങൾ രാഷ്ട്രീയം എന്നത് വിട്ട് വർഗീയമായ തലങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. ഈ തർക്കങ്ങളിൽ ഒരു പ്രധാന വിഷയം വിഷയത്തിന്റെ ചരിത്രപരത എന്തായിരുന്നു എന്നതാണ്. പ്രദേശത്തിന്റെ നേരവകാശികൾ ആരാണ്? ചരിത്രം ആഴമേറിയ കടൽ പോലെയാണ്, എത്രത്തോളം അതിൽ ആഴ്ന്നിറങ്ങി സത്യം കണ്ടെത്തി എന്ന് വിളിച്ചു പറയുമ്പോഴും കടന്നുപോയ നിരവധി അടരുകളെ തള്ളിക്കളയാനാകില്ല.

ആത്യന്തികമായി ചരിത്രവും മതവും വിശ്വാസവും മിത്തുകളും കൂട്ടിക്കുഴച്ച് സൃഷ്ടിച്ച ഒരു പ്രദേശത്തെ സംബന്ധിച്ച് നടക്കുന്ന ചരിത്രപരമായ വാദഗതികൾ എന്നത് തങ്ങൾക്ക് ആവശ്യമുള്ളതുമാത്രം പെറുക്കിയെടുക്കുക എന്നതിൽ അവസാനിക്കുന്നു. ഈ ചർച്ചകളുടെ വരികൾക്കിടയിൽ നിന്നുള്ള വായനയിൽ മനസിലാക്കാവുന്ന ഒരു കാര്യം, സ്വന്തം നിലപാടിന് അഥവാ മുൻവിധിക്കുവേണ്ട വാദങ്ങൾ മാത്രമാണ് ഇരുവിഭാഗങ്ങളും ഉന്നയിക്കുന്നത്. പലതിനും നിലവിലുള്ള സംഘർഷങ്ങളുമായി യാതൊരു ബന്ധവും കാണാനില്ല. ആഴത്തിൽ അല്ലാത്ത, എന്നാൽ അപര മത വിരുദ്ധമായ, ഒരു തരത്തിൽ തീർത്തും വർഗീയമായ വാദപ്രതിവാദങ്ങൾ.

കേരളത്തിൽ നിലനിന്നു പോന്നിരുന്നു എന്ന് വിശ്വസിക്കുന്ന സെക്യുലർ, ലിബറൽ ചർച്ചാഇടങ്ങളെ ഇത് തീർത്തും മലീമസമാക്കുന്നു. ഫലസ്തീൻ വിരുദ്ധം എന്നതിനപ്പുറത്തേക്ക് അത് ഇസ്രായേൽ ആരാധന എന്നതിലേക്കും ഇസ്‌ലാം വിരുദ്ധത എന്നതിലേക്കും മാറുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇതിനെ ഇതേ നാണയത്തിൽ തന്നെ പ്രതിരോധിച്ച് തീവ്ര ഇസ്‌ലാമിക മറുവാദങ്ങളും നിറയുന്നു. ഇത്തരം മതവിദ്വേഷത്തിന്റെ ‘ഗ്വാഗ്വാ' വിളികൾക്കിടയിൽ യഥാർത്ഥ ഫലസ്തീനിയൻ നേർക്കാഴ്ച ചർച്ച ചെയ്യാതെ പോകുന്നു.

അൽ അഖ്‌സ / Photo: pexels.com

സാമാന്യമായി നിരീക്ഷിച്ചാൽ തീവ്രമായ ഇസ്രായേൽ അനുകൂല വാദങ്ങൾ പ്രധാനമായും കാണപ്പെടുന്നത് രണ്ട് വിഭാഗങ്ങൾക്കിടയിലാണ്. ആദ്യത്തേത്, സമൂഹമാധ്യമങ്ങളിലെ തീവ്ര ഹിന്ദു പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലും. രണ്ടാം വിഭാഗം, ക്രിസ്ത്യൻ ഐഡൻഡിറ്റി വെളിവാക്കുന്ന ചില മീഡിയ പ്രൊഫൈലുകൾ. ഹിന്ദു വലതുപക്ഷത്തെ സംബന്ധിച്ച് ജൂത രാഷ്ട്രസങ്കൽപം എന്നത് പ്രത്യശാസ്ത്രപരമായി തങ്ങളുടേതുമായി ഏറ്റവും ചേർന്നുനിൽക്കുന്ന ഒരു രാഷ്ട്രനിർമിതിയാണ്. വംശീയതക്ക് പ്രാധാന്യം കൊടുക്കുന്ന അതിദേശീയതയും അതിന്റെ വിജയകരമായ പ്രായോഗികവൽക്കരണവുമാണ് അവരെ സംബന്ധിച്ച് സയണിസവും ഇസ്രായേലും.

അഖണ്ഡഭാരതമെന്ന സങ്കൽപ്പത്തിൽ നിന്ന് എബ്രഹാമിന്റെ വിശാല രാജ്യത്തിലേക്കുള്ള ദൂരം ചെറുതാണ്. സൈനികപരമായി തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ ഇന്ത്യക്ക് മാതൃകയായാണ് ഇവർ ഇസ്രായേലിനെ കണക്കാക്കുന്നത്. ശത്രു ആക്രമിക്കുന്നതിനുമുൻപ് ശത്രുവിന്റെ പാളയത്തിൽ കയറി ആക്രമിക്കുന്ന പ്രീഎംറ്റീവ് ആക്രമണ രീതിയുടേയും മുൻ മാതൃക. ചരിത്രത്തിലാദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നതും ഇവിടെ ചേർത്തു വായിക്കാം. സൈനിക- കാർഷിക മേഖലയിൽ നിരവധി സഹകരണ കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യയ്ക്ക് ആയുധം നൽകുന്നതിൽ മൂന്നാംസ്ഥാനത്തുള്ള രാജ്യവും ഇസ്രായേലാണ്. ഇന്ത്യയുടെ അടുത്ത സുഹൃത്തും ആപത്തിലെ സൂപ്പർ രക്ഷകനും ആയാണ് ഇത്തരക്കാർ ഇസ്രായേലിനെ ചിത്രീകരിക്കുന്നത്. ‘ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറാകുമ്പോൾ ഞങ്ങൾക്കെതിരെയും യുദ്ധം ചെയ്യാൻ തയ്യാറാകുക എന്ന് ഇസ്രായേൽ പറഞ്ഞു’ എന്ന് ഇത്തരം പ്രൊഫൈലുകൾ ആവർത്തിക്കുന്നത് കാണാം.

ഒപ്പം, ഇന്ത്യൻ തീവ്ര ഹിന്ദു വിഭാഗത്തിൽ അന്തർലീനമായ മുസ്‌ലിം വിരുദ്ധതയും ഇവിടെ പ്രധാന ഘടകമായി വർത്തിക്കുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളെ നിലയ്ക്കു നിർത്തുന്ന, നിരവധി പാഠങ്ങൾ പഠിപ്പിച്ച ആരാധനാപാത്രമായ ഒരു മതരാഷ്ട്രം. ചില സംഘപരിവാർ അനുകൂല മാധ്യമങ്ങളിൽ ഇപ്പോൾ അൽ അഖ്‌സയിൽ നടന്ന സംഭവങ്ങളെ ഉപമിക്കുന്നത് രാമ ജന്മഭൂമി- ബാബറി മസ്ജിദ് സംഭവത്തോടാണ്. ഹിന്ദുക്കളുടെ പുണ്യഭൂമി പിടിച്ചെടുക്കാനുള്ള ശ്രമം പോലെ തന്നെയാണ് ലോകത്ത് ആകെയുള്ള ജൂതരുടെ പുണ്യഭൂമിയിലേക്കുള്ള കടന്നുകയറ്റവും. ‘സേവ് ഗാസ’ ക്യാംപയിനെ പരിഹസിക്കുന്നത് ‘ഷേവ് ഗാസ’ എന്ന ആക്ഷേപ ടാഗ് ലൈനോടെ. പ്രസ്തുത സംഘർഷങ്ങളെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ ചാനൽ ചർച്ചകളുടെ യുട്യൂബ് വീഡിയോകൾക്കും അടിയിൽ ഇത്തരക്കാർ തീവ വർഗീയ പരാമർശകൾ കൊണ്ട് നിറക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ മറുഭാഗം എത്തുന്നതോടെ ചർച്ചകൾ സാമാന്യ മര്യാദയുടെയും ജനാധിപത്യ ബോധത്തിന്റെയും അതിർത്തികൾ ലംഘിക്കുന്നു.

പതിവിൽ നിന്ന് വ്യത്യസ്തമായി നിരവധി ക്രിസ്ത്യൻ പ്രൊഫൈലുകൾ പ്രകടമായ ഫലസ്തീൻ വിരുദ്ധത പ്രകടിപ്പിക്കുന്നതുകാണാം. മതഗ്രന്ഥങ്ങളെ വലിയ രീതിയിൽ ഇതിന് കൂട്ടുപിടിക്കുന്നു. കുരിശുയുദ്ധങ്ങളിൽ തുടങ്ങി തുർക്കിയിലെ ഹാദിയ സോഫിയ പള്ളി സംഭവം വരെ ഫലസ്തീൻ വിരുദ്ധതയ്ക്ക് അടിത്തറ പാകാൻ ഉപയോഗിക്കുന്നു. ക്രിസ്തീയ സഭകളുടെ തന്നെ ഔദ്യോഗിക പ്രതിനിധികളുടെ ഓൺലൈനായി ലഭിക്കുന്ന പല പ്രഭാഷണപരമ്പരകളിലും ഫലസ്തീൻ വിരുദ്ധത പ്രകടമാണ്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന്റെ വീഡിയോ ലൈവായി പകർത്തിയ, മലയാളത്തിൽ പ്രചരിച്ച വീഡിയോക്ക് വലിയ പ്രചാരണമാണ് ഇത്തരം ഇടങ്ങളിൽ ലഭിച്ചത്. വെള്ളവും വൈദ്യുതിയും കൊടുത്തിട്ടും എന്തിനാണ് ഇവർ ഇത് ചെയ്യുന്നത്, ലോകത്ത് ക്രിസ്ത്യാനികൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം ഇസ്രായേലാണ്, തുടങ്ങിയ പരാമർശങ്ങൾക്ക് തുടർ ചർച്ചകൾ നിരവധിയാണുണ്ടായത്.

ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മിക്ക സന്ദേശങ്ങളും തുടങ്ങുന്നതെങ്കിലും അവസാനിക്കുന്നത് ഭാരതം എന്റെ രാജ്യമാണ്, ഇസ്രായേൽ എന്റെ സഹോദര രാജ്യമാണ് എന്നുപറഞ്ഞാണ്. ഇസ്രായേലിന്റെ മികവുറ്റ ക്ലിനിക്കൽ ഓപ്പറേഷനുകൾ, 1967 ലെ യുദ്ധം ആറു ദിവസം കൊണ്ട് വിജയിച്ച വീരകഥകൾ, ഈദി അമീനെ വിറപ്പിച്ചത് തുടങ്ങി മൊസാദിന്റെ വീരേതിഹാസങ്ങളുടെ വാഴിത്തലുകൾക്കൊപ്പം, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്ന അക്രമങ്ങളെ എണ്ണിപ്പറഞ്ഞാണ് ഇസ്രായേലിനുപിന്നിൽ ഈ ക്രിസ്ത്യൻ ആക്റ്റിവിസ്റ്റുകൾ അണിനിരക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം

ബൈബിളിൽ പറയുന്നു; ദൈവം അനുഗ്രഹിച്ചരെ ആര് ശപിക്കാൻ, ഇത്തരത്തിൽ പഴയ- പുതിയ നിയമങ്ങൾ ഉദ്ധരിച്ചാണ് മതപുരോഹിതർ തൊട്ട് സാധാരണ വിശ്വാസി വരെയുള്ള ഒരു വിഭാഗം ഇസ്രായേൽ അനുകൂല പോസ്റ്റുകളിൽ ഐക്യം വെളിവാക്കുന്നത്. ‘ഇസ്രായേലിലെ രാജാവായ യേശുവേ, ഇസ്രായേൽ മക്കളെ മുഴുവൻ തീവ്രവാദികളിൽനിന്ന് കാത്തുരക്ഷിക്കണേ' എന്ന് പോസിറ്റീവ് സ്റ്റോക്കിന്റെ വീഡിയോയിൽ പ്രാർത്ഥിക്കുന്നത് ഏറ്റുപിടിക്കുന്നവരുടെ എണ്ണം തീരെ ചെറുതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്പിൽ ജൂതന്മാർ കൊടിയ പീഡനം ഏറ്റുവാങ്ങുവാൻ കാരണം യേശുവിന്റെ ഘാതകർ എന്ന നിലയിലാണ്. അതെ, യേശുവിന്റെ കുഞ്ഞാടുകളിൽ ഒരു വിഭാഗം തന്നെ ഇസ്രായേലിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അത് ചരിത്രത്തിന്റെ തമാശകളല്ലാതെ മറ്റെന്ത്.

ഭൂരിപക്ഷം അല്ലെങ്കിലും ഒരു വിഭാഗം ക്രിസ്ത്യൻ സമൂഹത്തെ എന്തുകൊണ്ടായിരിക്കാം ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം? ആഗോളതലത്തിൽ പ്രചരിക്കുന്ന ഇസ്‌ലാം വിരുദ്ധ മനോഭാവത്തിന്റെ സ്വാധീനം തീർച്ചയായും കേരളത്തിലും ഉണ്ട്. പാരീസിൽ ട്രക്ക് ഓടിച്ചുകൊന്ന ആളുകളുടെ, സിറിയയിൽ തല അറക്കപ്പെട്ടവരുടെ, ശ്രീലങ്കയിൽ പള്ളിയിലെ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ, ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ നൈജീരിയൻ പെൺകുട്ടികളുടെ ഒക്കെ ചിത്രങ്ങൾ മതസദസുകളിൽ കടുത്ത നിറത്തിൽ ചാലിച്ച് എണ്ണി എണ്ണി പറയുമ്പോൾ ഇസ്‌ലാം വിരുദ്ധത എന്നത് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരുന്നതാണ്. എന്നാൽ ഇത്തരം വെറുപ്പുകളെ എതിർക്കുന്ന വലിയ ശതമാനം ക്രിസ്ത്യൻ വിശ്വാസികളിലുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ, ഇവരെ ഈ ന്യൂനപക്ഷം വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചകളും ചർച്ചകളിൽ പ്രകടമാണ്.

മറ്റൊരു വിഷയം, ഇസ്രായേൽ എന്നത് ഇന്ന് കേരളത്തിലെ പല ക്രിസ്ത്യൻ വിഭാഗങ്ങളെ സംബന്ധിച്ചും വേദപുസ്തകത്തിൽ മാത്രം ഒതുങ്ങുന്ന ഭൂമി അല്ല. വർഷങ്ങളായി ഇടവകകളും രൂപതകളും ഒക്കെ മുൻകൈയെടുത്ത് ക്രിസ്തീയ സഭകൾ നടത്തിവരുന്ന വിശുദ്ധ നാടുകളിലേക്കുള്ള തീർത്ഥയാത്രകൾ മധ്യവർഗത്തിനുമുകളിലുള്ള വിശ്വാസി സമൂഹത്തെ ഈ പ്രദേശങ്ങളോട് അടുപ്പിച്ചു. അവയുടെ സംരക്ഷകനായ ഇസ്രായേലിനോടുള്ള അടുപ്പം, ഒപ്പം ഈ ആക്രമണങ്ങളിൽ ഈ സ്ഥലങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ഇവയൊക്കെ ആയിരിക്കാം ഒരു വിഭാഗത്തെ ഇസ്രായേലിനുപുറകിൽ അണിനിരക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ.

മറുഭാഗത്ത് ഫലസ്തീനിയൻ പ്രശ്‌നം എന്നത് ആത്യന്തികമായി ഒരു മുസ്‌ലിം പ്രശ്‌നമായി ഏറ്റെടുത്തു കൊണ്ടാടുന നിരവധി ക്യാമ്പയിനുകൾ കാണാം. പ്രസ്തുത വാദങ്ങളും മുകളിൽ പറഞ്ഞ പോലെ തീവ്ര സ്വഭാവമുള്ളതുതന്നെ. ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ എന്ന മലയാളി നഴ്‌സിന്റെ മരണ വാർത്തക്കടിയിൽ വിജയത്തിന്റെ സ്‌മൈലി ഇടുമ്പോൾ, ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം അലിഞ്ഞില്ലതാക്കുന്നു. യഥാർത്ഥത്തിൽ കേരളത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മതേതര ഇടം അല്ലെങ്കിൽ വലതുപക്ഷ ആശയങ്ങളുടെ മതാതീതമായ കൂടിച്ചേരലാണ് ഈ സംവാദങ്ങളുടെ സ്വഭാവത്തിൽ ദൃശ്യമാകുന്നത്.

നിലവിൽ കേരളത്തിൽ ഈ വിഷയത്തിൽ നടക്കുന്ന ചർച്ച- കോലാഹലങ്ങൾ ആഴത്തിലുള്ളവയല്ല എന്നു മാത്രമല്ല, പശ്ചിമേഷ്യൻ യാഥാർത്ഥ്യങ്ങളോട് ഒട്ടുമേ ചേരാത്തവയുമാണ്. ഫലസ്തീനിയൻ രാഷ്ട്രം എന്ന് പറയുന്നത് ഫലസ്തീനിയൻ മുസ്‌ലിമിനൊപ്പം തന്നെ ഫലസ്തീനിയൻ ക്രിസ്ത്യാനിയുടെയും ജൂതന്റെയും ഫലസ്തീനിയൻ ഡ്രൂവിന്റെയും സ്വപ്നമാണ്. അതിനാധാരം മതത്തിന്റെ യുക്തിക്ക് പുറത്തുള്ള അറബ് ഫലസ്തീനിയൻ ദേശീയതയാണ്.

1967-ലെ യുദ്ധത്തിൽ ഇസ്രായേൽ കീഴടക്കിയ പ്രദേശത്തുനിന്ന് പിൻവാങ്ങണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അടക്കം പ്രമേയങ്ങൾ നിലനിൽക്കെ തന്നെയാണ് എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ധിക്കരിച്ച് നിലവിലുള്ള ഫലസ്തീൻ പ്രദേശങ്ങളിലേക്ക് പുതിയ ജൂത കുടിയേറ്റക്കാരെ ഇസ്രായേലി ഭരണകൂടം പ്രതിഷ്ഠിക്കുന്നത്. ഇതേസമയത്ത് തന്നെയാണ്, ഫലസ്തീനിയൻ രാഷ്ട്രത്തെ പിന്തുണക്കുന്ന, ഇസ്രായേലിന്റെ യുദ്ധവെറിയെ വിമർശിക്കുന്ന നിരവധി ജൂത രാഷ്ട്രീയപാർട്ടികളും സംഘടനകളും ഇസ്രായേലിനകത്ത് ഉണ്ടെന്നുള്ളതും മനസ്സിലാക്കേണ്ടത്. തുടക്കത്തിൽ കൂടെ നിന്നു എങ്കിലും, സ്വന്തം കാര്യം നോക്കി വിവിധ ഘട്ടങ്ങളിൽ ഫലസ്തീൻ പ്രശ്‌നത്തിൽ നിന്ന് തലയൂരി , ഇസ്രായേലുമായി നാനാതല ബന്ധങ്ങൾ സ്ഥാപിച്ച അറേബ്യൻ രാജ്യങ്ങൾക്ക് ഇത് ഇന്ന് ഒരു പ്രശ്‌നമല്ല എന്നതും കേരളത്തിൽ ചർച്ചാവിഷയം അല്ലാതെ പോകുന്നു.

മെയ് 10നുശേഷം ഇതുവരെ 119 ഫലസ്തീനികൾക്ക് ജീവനാശം സംഭവിച്ചു. അതിൽ 31 കുട്ടികൾ. മറു ഭാഗത്ത് ഒരു ഇന്ത്യൻ വംശജയും ഒരു കുട്ടിയും അടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടു. എന്നായിരിക്കും ഈ സംഘർഷത്തിന് അവസാനം?. 2014 ൽ സമാന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ ഏഴ് ആഴ്ച നീണ്ട കര- വ്യോമ ആക്രമണങ്ങളിൽ ആശുപത്രികളും സ്‌കൂളുകളും അടക്കം ഗാസയെ തകർത്തു തരിപ്പണമാക്കി. ഏഴു വർഷങ്ങൾക്കിപ്പുറം ഹമാസ് അഞ്ചു ദിവസത്തിനകം തൊടുത്തുവിട്ടത് 1800 മിസൈലുകൾ.

ചരിത്രം കാണിക്കുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംഘർഷങ്ങൾക്ക് എളുപ്പം അവസാനമുണ്ടാവില്ല എന്നുതന്നെയാണ്. അടിസ്ഥാനപരമായി ഫലസ്തീൻ എന്നത് തള്ളിക്കളയാനാവാത്ത ഒരു വിമോചന പ്രസ്ഥാനമായി നിലകൊള്ളുമ്പോൾ തന്നെ അത് നീറുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. വർഷങ്ങളായി മുള്ളുവേലികൾക്കകത്ത് തടവിലാക്കപ്പെട്ട, വെള്ളവും വൈദ്യുതിയും തോന്നുമ്പോൾ വിച്ഛേദിക്കപ്പെടുന്ന, രാഷ്ട്രവും പൗരത്വവും നിഷേധിക്കപ്പെട്ട, സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നം. ഹമാസിന്റെ മിസൈലുകൾക്കും ഇസ്രായേലി ബോംബുകൾക്കും യാതൊരു അന്താരാഷ്ട്ര നിയമങ്ങളും ബാധകമല്ല.

ഭൂരിപക്ഷം വരുന്ന സാധാരണക്കാരാണ് അത്യന്തികമായി ഇതിന്റെ വില കൊടുക്കേണ്ടി വരുന്നത്, പ്രത്യേകിച്ചും ഇസ്രായേലി അധിനിവേശ പ്രദേശങ്ങളിൽ താമസിക്കുന്ന ജനവിഭാഗങ്ങൾ. ഇനിയുള്ള ഇസ്രായേലിന്റെ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെടാൻ പോകുന്നത് ഭൂരിപക്ഷവും ഹമാസിന്റെ തീവ്രസ്വഭാവമുള്ള പോരാളികളല്ല, ഫലസ്തീനിൽ ജനിച്ചു എന്ന "കുറ്റം' കൊണ്ടുമാത്രം ജീവിതം നഷ്ടമാകുന്ന സ്ത്രീകളും കുട്ടികളുമാണ്. കേരളത്തിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചർച്ചകളിൽ ഇനി വീണ്ടെടുക്കേണ്ടത് മാനുഷികതയും ജനാധിപത്യ മൂല്യബോധങ്ങളും ആണ്.


Comments