ബ്രസീൽ പരിസ്ഥിതിമന്ത്രിയായിരുന്ന മറിന സിൽവ.

ലുലയുടെ
വെല്ലുവിളികൾ,
പരിസ്ഥിതി
രാഷ്ട്രീയത്തിന്റെയും

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെന്ന പോലെതന്നെ, പരിസ്ഥിതി പരിപാലനനീക്കങ്ങളിലും ബ്രസീലിൽ ലുല വെല്ലുവിളി നേരിടുന്നുണ്ട്. അവ പരസ്പരപൂരകങ്ങളാണുതാനും: ബ്രസീൽ ഇലക്ഷൻ ഫലം അവലോകനം ചെയ്യുന്നു, ഡോ. വി.എൻ. ജയചന്ദ്രൻ.

ഭൂമിയുടെ ശ്വാസകോശമാണ് ആമസോൺ (lungs of the earth) എന്ന അൽപം അതിശയോക്തികരമായ പ്രയോഗത്തെ വേണമെങ്കിൽ സാങ്കേതികമായി ചോദ്യം ചെയ്യാം. എന്നാൽ, എട്ട് രാജ്യങ്ങളിലായി ഏഴ് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ ഉഷ്ണമേഖല മഴക്കാടാണിത്. ഇന്ത്യയുടെ വിസ്തൃതിയുടെ ഏതാണ്ട് ഇരട്ടി.

വെള്ളം, ഭക്ഷ്യവിഭവങ്ങൾ, വനവിഭവങ്ങൾ, മരുന്ന് തുടങ്ങിയവയുടെ സ്രോതസ് എന്ന നിലയിൽ മാത്രമല്ല, ലോകത്തിന്റെ ജൈവവൈവിധ്യത്തിലും കാലാവസ്ഥയിലും കാർബൺ സംഭരണത്തിലും അത് വഹിച്ചുവരുന്ന അതുല്യമായ പങ്ക് അനിഷധ്യമാണ്. വനനശീകരണത്തിലൂടെ വലിയ തോതിൽ ഇതിനകം അത് ദുർബലമായിട്ടുണ്ട്. അതുകൊണ്ട് ആമസോണിന്റെ 60 ശതമാനവും നിലകൊള്ളുന്ന ബ്രസീൽ അതിന്റെ പരിപാലനത്തിലും വിനിയോഗത്തിലും പുലർത്തുന്ന നയങ്ങൾക്കും നടപടികൾക്കും ആഗോളമാനങ്ങൾ കൈവരുന്നു.

തീവ്രവലതുപക്ഷവൽക്കരണത്തിനും ഫാഷിസത്തിനും എതിരെ ലോകത്ത് വളർന്നുവരുന്ന ജനാധിപത്യ പ്രതിരോധപ്രസ്ഥാനത്തിന്റെ മുന്നണി പടയാളിയായി മാറിയ ലുല, തന്റെ പാരിസ്ഥിതിക ജാഗ്രതയിലൂടെയും ആമസോൺ- സംരക്ഷണ നടപടികളിലൂടെയും ലോക പരിസ്ഥിതിപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്കും എത്തിച്ചേർന്നിരിക്കുന്നു. എന്നാൽ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്ലെന്നപോലെതന്നെ, പരിസ്ഥിതിപരിപാലനനീക്കങ്ങളിലും ലുല വെല്ലുവിളി നേരിടുന്നുണ്ട്. അവ പരസ്പരപൂരകങ്ങളാണു താനും. ഫാഷിസത്തിനെതിരെ, മാനവികതയുടെ പക്ഷത്ത് നിലകൊള്ളുന്ന മനുഷ്യരെ ആവേശഭരതരാക്കി വീണ്ടും ബ്രസീലിന്റെ പ്രസിഡന്റായി ലുല തെരഞ്ഞെടുക്കപ്പെട്ട നാളുകളിൽ ആ പരിശോധന സമയോചിതമാണ്.

ആഭ്യന്തര രാഷ്ട്രീയത്തിലെ പാരിസ്ഥിതിക ജാഗ്രതയെ പുറത്തേക്ക് വ്യാപിപ്പിക്കാനും സാമൂഹ്യ -പാരിസ്ഥിതിക അവകാശങ്ങളെയും കാലാവസ്ഥാപ്രതിസന്ധിക്കെതിരെയുള്ള പ്രതിരോധത്തെയും സാമ്രാജ്യത്വവിരുദ്ധ സമരവുമായി ബന്ധിപ്പിക്കാനും ലുല നടത്തുന്ന ശ്രമങ്ങളോട് ലോകജനത കടപ്പെട്ടിരിക്കുന്നു.

രണ്ട് രാഷ്ട്രീയധാരകൾ, രണ്ട് നയങ്ങൾ

ബ്രസീലിലെ തീവ്രവലതുപക്ഷകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവും ട്രംപിന്റെ അടുപ്പക്കാരനുമായ ജെയർ ബോൽസനാരോയുടെ 2019 - 23 ഭരണകാലത്ത് ആമസോൺ വനനശീകരണത്തിന്റെ തോത് 59% ഉയർന്നെങ്കിൽ, പിന്നീടുള്ള ലുലയുടെ കാലത്ത് വനനാശം 71.2% കുറയുകയായിരുന്നു. ഈ മേഖലയിൽ ഉപഗ്രഹസഹായത്തോടെയുള്ള വനനശീകരണവിലയിരുത്തൽ തുടങ്ങിയതിനു (1988) ശേഷമുള്ള ഏറ്റവും കുറഞ്ഞ വനനഷ്ടമാണിത്. കമ്പോളശക്തികൾക്കായി സമ്പൂർണ്ണമായി പ്രകൃതിവിഭവങ്ങളെ സമർപ്പിച്ചിരുന്ന ബോൽസനാരോകാലത്തുനിന്നുള്ള പ്രകടമായ മാറ്റം.

പരിസ്ഥിതിമന്ത്രാലയത്തിന്റെ ചുമതല പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ മറിന സിൽവയെതന്നെ തുടർച്ചയായി ഏൽപ്പിച്ചതും, വനസംരക്ഷണത്തിൽ നിർണ്ണായകപങ്ക് വഹിച്ചുവരുന്ന തദ്ദേശീയ ജനാവിഭാഗങ്ങൾക്കായി (indegenous people) വകുപ്പ് തുടങ്ങിയതും അതിന്റെ ചുമതലയിൽ അതേ വിഭാഗങ്ങളിലുള്ള ഒരു വനിതയെ അവരോധിച്ചതും, തദ്ദേശീയ ജനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക നയരൂപീകരണ ഏജൻസിയായ FUNAI- യുടെ തലപ്പത്തും അതേ വിഭാഗത്തിലെതന്നെയുള്ള വനിതയെ നിയോഗിച്ചതും ലുലയുടെ പാരിസ്ഥിതിക- സാമൂഹ്യ കാഴ്ചപ്പാടുകളുടെ നിദർശനങ്ങളാണ്.

ബ്രസീലിലെ തീവ്രവലതുപക്ഷകക്ഷിയായ  ലിബറൽ പാർട്ടിയുടെ നേതാവും ട്രംപിന്റെ അടുപ്പക്കാരനുമായ ജെയർ ബോൽസനാരോയുടെ 2019 - 23 ഭരണകാലത്ത് ആമസോൺ വനനശീകരണത്തിന്റെ തോത് 59% ഉയർന്നെങ്കിൽ, പിന്നീടുള്ള ലുലയുടെ കാലത്ത് വനനാശം 71.2% കുറയുകയായിരുന്നു.
ബ്രസീലിലെ തീവ്രവലതുപക്ഷകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവും ട്രംപിന്റെ അടുപ്പക്കാരനുമായ ജെയർ ബോൽസനാരോയുടെ 2019 - 23 ഭരണകാലത്ത് ആമസോൺ വനനശീകരണത്തിന്റെ തോത് 59% ഉയർന്നെങ്കിൽ, പിന്നീടുള്ള ലുലയുടെ കാലത്ത് വനനാശം 71.2% കുറയുകയായിരുന്നു.

നേരേ മറിച്ച്, ട്രംപിനെപോലെതന്നെ, ‘കാലാവസ്ഥാവ്യതിയാനമെന്ന പ്രയോഗം’ തട്ടിപ്പാണെന്ന് നിരന്തരമായി ആവർത്തിക്കുന്നവരാണ് ജെയിർ ബോൽസനാരോയും ഇപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയെ നയിക്കുന്ന മകൻ ഫ്ലവിയോ ബോൽസനാരോയും. അത് വ്യക്തിപരമല്ല; നയപരമായ പരിമിതി ഉളവാക്കുന്ന ഗതികേടാണ്. കോവിഡ് കാലത്ത് ട്രംപ്, അന്നത്തെ ബ്രിട്ടീഷ് ​പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബോൽസനാരോ എന്നീ തീവ്രവലതുപക്ഷ ഭരണാധികാരികൾ അപസർപ്പകകഥകളെയും മിത്തുകളെയും ശാസ്ത്രവിരുദ്ധതയെയും ഊന്നുവടിയായി സ്വീകരിക്കുകയും, ‘കോവിഡ് ഭീഷണിയല്ല’ ‘നേരിയ ചുമ മാത്രം’ എന്നൊക്കെയുള്ള ‘ഉൽബോധനങ്ങളാൽ’ ലോകത്തിന് പ്രശ്നകാരികളായി മാറിയതും, കോവിഡിന്റെ പാരിസ്ഥിതിക വിവക്ഷകളെ തള്ളിക്കളഞ്ഞതും മറക്കാറായിട്ടില്ല. 2002- ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലുലയെ വിജയിപ്പിച്ച് ഈ ദുരന്തകാലത്തിൽനിന്ന് ജനം വിടുതൽ തേടുകയായിരുന്നു.

ആമസോൺ കാടുകളുടെ പരിപാലനത്തിലെ മുഖ്യ ചുമതല ബ്രസീലിനുണ്ടെന്ന ഉത്തരവാദിത്വബോധം ലോകത്തിനു മുമ്പിൽ എന്നും പ്രകടിപ്പിക്കാൻ ലുല ശ്രമിച്ചിരുന്നു. പരിസ്ഥിതിയും കാലാവസ്ഥാമാറ്റവും തങ്ങളുടെ ഗവണ്മെന്റിന്റെ അടിസ്ഥാനപ്രശ്നങ്ങളായിരിക്കുമെന്ന് 2022- ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രഖ്യാപിക്കുന്ന ലുല, അതേവർഷം നടന്ന ലോകകാലാവസ്ഥ ഉച്ചകോടിയിൽ (COP27) ‘ആമസോണിന്റെ സംരക്ഷണമില്ലാതെ പാരിസ്ഥിതീക സുരക്ഷ സാധ്യമല്ല’ എന്ന് പ്രഖ്യാപിക്കുന്നുണ്ട്. ആഭ്യന്തര രാഷ്ട്രീയത്തിലെ പാരിസ്ഥിതിക ജാഗ്രതയെ പുറത്തേക്ക് വ്യാപിപ്പിക്കാനും സാമൂഹ്യ -പാരിസ്ഥിതീക അവകാശങ്ങളെയും കാലാവസ്ഥാപ്രതിസന്ധിക്കെതിരെയുള്ള പ്രതിരോധത്തെയും സാമ്രാജ്യത്വവിരുദ്ധ സമരവുമായി ബന്ധിപ്പിക്കാനും അദ്ദേഹം നടത്തുന്ന ശ്രമങ്ങളോട് ലോകജനത കടപ്പെട്ടിരിക്കുന്നു.

പരിസ്ഥിതി അടക്കമുള്ള കാര്യങ്ങളിൽ ലുല രണ്ടുതരം വെല്ലുവിളികൾ നേരിടുന്നുവെന്ന് വിലയിരുത്താം- തന്റെ മുന്നണിയുടെ സുസ്ഥിരത നേരിടുന്ന ഭീഷണിയും വലതുതീവ്രപക്ഷത്തിന് പാർലമെന്റിലുള്ള മേൽക്കൈയും.

വിശാല രാഷ്ട്രീയസഖ്യം:
ഐക്യവും സമരവും

തീവ്രവലതുപക്ഷവൽക്കരണത്തിന്റെ കെടുതികൾക്കെതിരെയുള്ള ജനകീയ പ്രതിരോധമെന്ന നിലയിലാണ് ലുല നയിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ നേതൃത്വത്തിൽ വിശാലരാഷ്ട്രീയ സഖ്യം രൂപപ്പെടുന്നത്. ആ സഖ്യത്തിന്റെ പാരിസ്ഥിതിക ജാഗ്രതയുടെ അടയാളമായിരുന്നു പരിസ്ഥിതിമന്ത്രി മറിന സിൽവ. പരിസ്ഥിതി പ്രവർത്തകകൂടിയായ അവരായിരുന്നു ലുലയുടെ നേതൃത്വത്തിൽ വന്ന രണ്ടാമത്തെ സർക്കാരിലും വകുപ്പമന്ത്രി. ആമസോൺപ്രദേശത്തെ ചില വികസനപദ്ധതികകളുമായി ബന്ധപ്പെട്ട് ഊർജ്ജം, കൃഷി എന്നീ വകുപ്പ് മന്ത്രിമാരുമായി അവർക്ക് അഭിപ്രായവ്യത്യാസമുണ്ടാകുകയും പരിസ്ഥിതിവകുപ്പിന്റെ ചില അധികാരങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തതിനെ തുടർന്ന് അവർ 2008- ൽ രാജിവെച്ചു. 2022- ലെ വിശാലസഖ്യത്തിലേക്ക് വീണ്ടും അവരെ തിരികെ വിളിക്കാനും പരിസ്ഥിതിവകുപ്പുതന്നെ ഏൽപ്പിക്കാനും ലുലക്ക് കഴിഞ്ഞു; കാലം അതാവശ്യപ്പെടുന്നുണ്ടെന്ന് തിരിച്ചറിയാൻ മറീനയ്ക്കും. മുന്നണിയുടെ കരുത്തും വെല്ലുവിളിയുമാണ് ഇതിലൂടെ പുറത്തുവരുന്നത്.

കമ്യൂണിസ്റ്റ് പാർട്ടിയും, പരിസ്ഥിതിക്ക് പ്രാമുഖ്യം നൽകുന്ന ഗ്രീൻ പാർട്ടി അടക്കമുള്ള കക്ഷികളും സോഷ്യലിസ്റ്റ് പാർട്ടികളും മധ്യ-വലതുപാർട്ടികളുമൊക്കെ അടങ്ങുന്നതാണ് ലുലയുടെ വർക്കേഴ്സ് പാർട്ടി നയിക്കുന്ന മുന്നണി. പുറത്തുനിന്ന് വിമർശനാത്മക പിന്തുണ നൽകുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും സന്നദ്ധസംഘടനകളും നിർണ്ണായകങ്ങളാണ്. പരിസ്ഥിതി സംഘടനകളും പരിസ്ഥിതിസംരക്ഷണത്തിൽ സുപ്രധാന പങ്ക് വഹിച്ചുവരുന്ന തദ്ദേശ വിഭാഗങ്ങളുടെ സംഘടനകളുമുണ്ട്. തീവ്രവലതുപക്ഷവൽക്കരണവിരുദ്ധമായ പൊതു അജണ്ടയിലാണ് മുന്നണി നിലകൊള്ളുന്നത്. അതിൽ ഐക്യവും സമരവും സ്വാഭാവികം.

 മറിന സിൽവ, ലുല.
മറിന സിൽവ, ലുല.

മുന്നണിക്ക് പുറത്തുനിന്ന് പിന്തുണക്കുന്ന ഭൂരഹിത തൊഴിലാളികളുടെ പ്രസ്ഥാനം (Brazil‘s Landless Workers Movement- (MST) ലാറ്റിനമേരിക്കയിലെത്തന്നെ കാർഷികമേഖലയിലെ സുപ്രധാന സംഘടനയാണ്. ഭൂപ്രശ്നത്തെ ഇടതുപക്ഷ വിശകലനരീതിയിൽ സമീപിക്കുന്ന, നവലിബറൽവിരുദ്ധ അജണ്ടയുള്ള, ഭൂപരിഷ്കരണമുൾപ്പെടെയുള്ള റാഡിക്കൽ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന സംഘടനയുടെ പിന്തുണ തികച്ചും വിമർശനാത്മകമാണ്. അത്തരം റാഡിക്കൽ നിലപാടുകളിൽനിന്ന് വഴിമാറുകയും നവലിബറൽ വികസനപരിപാടികളുമായി സമരസപ്പെടുകയും ചെയ്തിട്ടുള്ള വർക്കേഴ്സ് പാർട്ടിയുമായി അടിസ്ഥാനപരമായിത്തന്നെ എം എസ് ടി ക്ക് വിയോജിപ്പുണ്ട്. പുറത്തുനിന്ന് പിന്തുണ കൊടുക്കുന്ന ട്രേഡ് യൂണിയനുകൾ, തദ്ദേശീയ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള സംഘടനകൾ എം എസ് ടി പോലുള്ള സാമൂഹ്യപ്രസ്ഥാനങ്ങൾ ഒക്കെ ബ്രസീലിന്റെ രാഷ്ട്രീയത്തിൽ നിർണ്ണായകങ്ങളാണ്. ഇത് മുന്നണിയുടെ സാധ്യതയും വെല്ലുവിളിയുമാണ്. സംഘടനാപരമായി മാത്രമല്ല, ഉള്ളടക്കപരമായും ഇവതമ്മിലുള്ള കൊള്ളക്കൊടുക്കലുകൾ പരിസ്ഥിതി അടക്കമുള്ളവയിലെ ബ്രസീലിന്റെ നിലപാടുകളിൽ നിർണ്ണായകങ്ങളാണ്.

കാർഷികപ്രാധാന്യമുള്ള ബ്രസീലിന്റെ ഭൂമിയുടെ ഉടമസ്ഥതയിൽ മേൽക്കെയുള്ള, ഏകവിളത്തോട്ടങ്ങളിലൂടെ കൃഷിരീതികളിൽ ആധിപത്യം പുലർത്തുന്ന വൻകിടക്കാരും അഗ്രി ബിസിനസ് കോർപ്പറേറ്റുകളും ധനമൂലധനശക്തികളുമാണ് ആവാസവ്യവസ്ഥയെ തകിടം മാറിക്കുന്ന മുഖ്യഘടകം.

പാർലമെന്റ് വലതുപക്ഷത്തിനൊപ്പം

പാർലമെൻറ്റിൽ ലുലയുടെ മുന്നണി ന്യൂനപക്ഷമാണ്. അവിടെ ബോൽസനാരോയുടെ ലിബറൽ പാർട്ടി നയിക്കുന്ന തീവ്രവലതുപക്ഷത്തിനാണ് മേൽകൈ. പരിസ്ഥിതിപരിപാലന നടപടികളിലും ഇത് പ്രതിസന്ധി ഉണ്ടാക്കുന്നു.

ഉദാഹരണത്തിന്, ഭൂമിയുമായി ബന്ധപ്പെട്ട് തദ്ദേശിയ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമം 1988- ൽ നിലവിൽ വന്നതാണ്. എന്നാൽ, 1988- ൽ, ബന്ധപ്പെട്ട ഭൂമിയിൽ അധിവസിച്ചിരുന്നവർക്ക് മാത്രമായി അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നു. ആ കാലഘട്ടത്തിൽ നല്ലൊരു പങ്ക് ഭൂപ്രദേശങ്ങളിൽനിന്നും അന്നത്തെ ഭരണകൂടത്തിന്റെ കാർമ്മികത്വത്തിൽ, മധ്യ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിലവിൽ സംഭവിക്കുന്നതുപോലെ, തദ്ദേശീയ ജനവിഭാഗങ്ങളെ ആട്ടിപ്പായിച്ചിരുന്നതിനാൽ, തത്സമയം അധിവസിച്ചതിനു തെളിവില്ലാതാകുന്നു. ഭൂപ്രഭുക്കൾക്കും അഗ്രിബിസിനസ് കമ്പനികൾക്കും മേധാവിത്വമുള്ള പാർലമെന്റ് ആ നിയമ ഭേദഗതികൊണ്ടുവന്ന് തദ്ദേശീയ ജനതയുടെ ഭൂ അവകാശത്തെ നിഷേധിക്കുകയും മൂലനിയമത്തെ അട്ടിമറിക്കുകയും ചെയ്‌തു. ഈ നീക്കത്തെ പ്രസിഡന്റ് എന്ന നിലയിൽ ലുല വീറ്റോ ചെയ്തു. എന്നാൽ, പ്രസിഡന്റിന്റെ നടപടിയെ പാർലമെന്റ് അതിന്റെ വിശേഷാധികാരമുപയോഗിച്ച് വീറ്റോ ചെയ്യുകയുണ്ടായി. മറ്റ് പുരോഗമന നടപടികളെ പോലെ, മന്ത്രിസഭയുടെ പരിസ്ഥിതി സംരക്ഷണ നീക്കങ്ങളെയും തടയാൻ അഗ്രി ബിസിനസ് കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും മേൽക്കൈയുള്ള പാർലമെന്റിന് കഴിയുന്നു.

രാഷ്ട്രീയ ഉള്ളടക്കവും
പരിപാടിയും സുപ്രധാനം

പരിസ്ഥിതി അടക്കമുള്ള കാര്യങ്ങളിൽ ലുല രണ്ടുതരം വെല്ലുവിളികൾ നേരിടുന്നുവെന്ന് വിലയിരുത്താം- തന്റെ മുന്നണിയുടെ സുസ്ഥിരത നേരിടുന്ന ഭീഷണിയും വലതുതീവ്രപക്ഷത്തിന് പാർലമെന്റിലുള്ള മേൽക്കൈയും. മുന്നണിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തണം. അതുപോലെ, പാർലമെന്റിലെ സ്വാധീനം വർധിപ്പിക്കണം. ലുലയുടെ കക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ശാക്തീകരണമാണ് ഈ ഉദ്യമത്തിന്റെ മുന്നുപാധി.

ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ 1979- ലെ വമ്പൻ മുന്നേറ്റത്തിലൂടെ രൂപമെടുത്ത വർക്കേഴ്സ് പാർട്ടിയും അതിന്റെ ജനകീയ നേതാവായി മാറിയ ലുലയും ആദ്യകാലത്ത് ഊന്നൽ നൽകിയിരുന്നത് ഭൂപരിഷ്കരണം, വിദേശകടം തിരിച്ചടവ്, ബാധ്യത നിഷേധം, വരുമാനത്തിന്റെയും സ്വത്തിന്റെയും പുനർവിതരണം തുടങ്ങിയ റാഡിക്കൽ മുദ്രാവാക്യങ്ങളിലായിരുന്നുവെങ്കിൽ, പിൽക്കാലത്ത് അവയിൽനിന്ന് പിന്മാറി. പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ട 2002 ആകുമ്പോഴേക്കും, നവലിബറൽ നയങ്ങളുമായി അദ്ദേഹം സമരസപ്പെടുന്നതും കാണാം. പരിസ്ഥിതിയുടെ കാര്യത്തിലും ഈ ദൗർബല്യം പ്രകടമാണ്.

പാർലമെൻറ്റിൽ ലുലയുടെ മുന്നണി ന്യൂനപക്ഷമാണ്. അവിടെ ബോൽസനാരോയുടെ ലിബറൽ പാർട്ടി നയിക്കുന്ന  തീവ്രവലതുപക്ഷത്തിനാണ് മേൽകൈ. പരിസ്ഥിതിപരിപാലന നടപടികളിലും  ഇത് പ്രതിസന്ധി ഉണ്ടാക്കുന്നു.
പാർലമെൻറ്റിൽ ലുലയുടെ മുന്നണി ന്യൂനപക്ഷമാണ്. അവിടെ ബോൽസനാരോയുടെ ലിബറൽ പാർട്ടി നയിക്കുന്ന തീവ്രവലതുപക്ഷത്തിനാണ് മേൽകൈ. പരിസ്ഥിതിപരിപാലന നടപടികളിലും ഇത് പ്രതിസന്ധി ഉണ്ടാക്കുന്നു.

കാർഷികപ്രാധാന്യമുള്ള ബ്രസീലിന്റെ ഭൂമിയുടെ ഉടമസ്ഥതയിൽ മേൽക്കെയുള്ള, ഏകവിളത്തോട്ടങ്ങളിലൂടെ കൃഷിരീതികളിൽ ആധിപത്യം പുലർത്തുന്ന വൻകിടക്കാരും അഗ്രി ബിസിനസ് കോർപ്പറേറ്റുകളും ധനമൂലധനശക്തികളുമാണ് ആവാസവ്യവസ്ഥയെ തകിടം മാറിക്കുന്ന മുഖ്യഘടകം. ഭൂപ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ലുലയ്ക്ക് കഴിയുന്നില്ല. 2006-ലെ രണ്ടാം വട്ട ലുല - ഭരണകാലത്ത്, വിശേഷിച്ച് പരിസ്ഥിതിമന്ത്രി മറിന സിൽവയുടെ രാജിക്ക്ശേഷം, അനിയന്ത്രിതമായി കൊണ്ടുവന്ന വൻകിട വികസനപദ്ധതികളും പശ്ചാത്തല വികസനപദ്ധതികളും തുടർന്നുവന്ന ബോൽസൊനാരോയ്ക്ക് തീവ്ര വലതുപക്ഷവൽക്കരണത്തിന് ആവേശം പകർന്നു. സൂചിവെച്ചിടത്ത് തൂമ്പ വെച്ചപോലെ വീണ്ടും 2022- ൽ തിരിച്ചുവന്ന ലുല, പരിമിതിക്കുള്ളിൽ ജനക്ഷേമ നടപടികളും ചില പരിസ്ഥിതിപരിപാലന പരിപാടികളും സ്വീകരിച്ചും, തീവ്ര വലതുപക്ഷവിരുദ്ധ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും ‘ലാറ്റിനമേരിക്കൻ മൂന്നാം പാത’യെ പ്രതിനിധീകരിക്കുന്നു എന്ന വിലയിരുത്തലിന് പാത്രീഭവിക്കുന്നതിനിടയിൽ, ഒരു കാര്യം സൂചിപ്പിക്കേണ്ടിവരും - ആ പാത ഘടനാപരമായി നവലിബറൽ വിരുദ്ധമല്ല. സാമ്രാജ്യത്വവിരുദ്ധ ആഗോളപ്രസ്ഥാനത്തിന് ലുല നൽകിവരുന്ന അതുല്യമായ സംഭാവനയെ പ്രശംസിക്കുമ്പോൾത്തന്നെ, ഈ പരിമിതിയെ കാണാതിരിക്കാൻ കഴിയില്ല. അതിനെ മറികടന്ന് രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ശാക്‌തീകരണത്തിലൂടെ മാത്രമേ മുന്നണിയെ ശക്തിപ്പെടുത്താനും കർഷകരുടെയും തൊഴിലാളികളുടെയും മൗലികപ്രശനങ്ങളെ അഭിസംബോധന ചെയ്യാനും നയിക്കാനും പാർലമെന്റിലെ തീവ്രവലതുപക്ഷ മേധാവിത്വത്തെ അതിജീവിക്കാനും കഴിയുകയുള്ളൂ. അല്ലാതെയുള്ള ‘സൽഭരണത്തിന്’ വലിയ പരിമിതിയുണ്ട്.

ഒരുവേള, ബോൾസനാരോവമാർ തിരികെവന്നാൽ, പ്രതിരോധിക്കാൻ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഐക്യനിര സജീവമാകണമെന്നില്ല. പ്രതിരോധപ്രസ്ഥാനങ്ങളുടെ രൂപപ്പെടൽപോലെതന്നെ സുപ്രധാനമാണ് അവയുടെ രാഷ്ട്രീയ ഉള്ളടക്കത്തിലെ ഗതിവിഗതികളും സുസ്ഥിരതയും. ലോകത്താകെയുള്ള ജനാധിപത്യശക്തികൾക്ക്, വിശേഷിച്ച് ഇടതുപക്ഷത്തിന്, ലുല നയിക്കുന്ന മുന്നേറ്റം ആവേശകരമാണ്. അതോടൊപ്പം, ചില പാഠങ്ങൾ കൂടി വായിച്ചെടുക്കാനുണ്ട്.

Comments