മനുഷ്യവിരുദ്ധമായ വെള്ളപൂശലുകൾ: വെറുപ്പിന്റെ കാലത്തെ താലിബാൻ പ്രണയം!!!

ക്ലാസിൽ പൊട്ടിക്കരഞ്ഞ സൊഹ്‌റാബ് എന്റെ തന്നെ വിദ്യാർത്ഥിയായിരുന്നു. ക്ലാസ് കഴിഞ്ഞു ക്യാബിനിൽ വിളിച്ചു സംസാരിച്ചപ്പോൾ, താടി വടിച്ചതിന്റെ പേരിൽ താലിബാൻ തീവ്രവാദികൾ മുഖത്തു ആണിയടിച്ച ഹെറാത്തിലെ അമ്മാവനെ ഓർത്താണ് കരഞ്ഞുപോയതെന്നു പറഞ്ഞ എം. എ ക്ലാസിലെ സൊഹ്‌റാബ്.

ൽഹിയിൽ നിങ്ങൾക്ക് ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ കാണാൻ കഴിയും. പഷ്ത്തൂണും ദാരിയും സംസാരിക്കുന്ന അതിസുന്ദരരായ മനുഷ്യർ. വൈകുന്നേരങ്ങളെ ആഘോഷങ്ങളാക്കി മാറ്റി, സംഗീതം പൊഴിക്കുന്ന അഫ്‌ഗാൻ റെസ്റ്റോറന്റുകളിൽ വൈകുവോളം ഇരുന്നു സംസാരിക്കുന്നവരെ ധാരാളമായി കണ്ടിരുന്നു കുറെ വർഷങ്ങൾക്കു മുൻപ്. ‘കാബൂളി- ഉസ്‌ബെക്കി’യും, ‘ബോറാനി- ബഞ്ചനും’, വാഴയിലയുടെ വലുപ്പമുള്ള തന്തൂർ റൊട്ടിയുമൊക്കെ കഴിക്കുകയും, കഴിപ്പിക്കുകയും ചെയ്യുന്ന, സൗഹൃദം നിറഞ്ഞ മനുഷ്യരെ കിഡ്ക്കിയിലും, ലജ്‌പത്‌നഗറിലും, ഭോഗലിലും, ജംഗ്‌പുരയിലും യഥേഷ്ടം കാണാം. ഇവിടെങ്ങളിലൊക്കെ ഉണക്കപ്പഴങ്ങളും, മാറ്റുകളും, അച്ചാറുകളും, പാലുൽപ്പന്നങ്ങളും വിൽക്കുന്ന അഫ്‌ഗാൻ സ്റ്റോറുകളും കാണാൻ കഴിയും.

നാൽപ്പതോളം കൊല്ലങ്ങളായി ജീവിക്കുന്നവർ തൊട്ട്, കഴിഞ്ഞ ഡിസംബർ വരെ ജീവനും കൊണ്ടോടി രക്ഷപ്പെട്ട, ഇന്ത്യയിൽ മാത്രമായി പലഘട്ടത്തിൽ അഭയം നൽകപ്പെട്ട, നിരവധി അഫ്‌ഗാനികളുണ്ട്. അനൗപചാരിക കണക്കനുസരിച്ചു അറുപതിനായിരത്തോളം അഫ്‌ഗാനികൾ ഡൽഹി മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ അഭയം തേടിയിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷം പേരും അഭയാർഥികളാവുന്നത് താലിബാൻ അഫ്‌ഗാൻ ഭരണത്തിലിരുന്ന 1996-2001 കാലഘട്ടത്തിലാണ്. ഇപ്പോഴും ഇരുപതിനായിരത്തോളം അഭയാർത്ഥികൾ ഇന്ത്യയിൽ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടുകോടിയോളമുള്ള ആൺ ജനസംഘ്യയിൽ ഒരു ലക്ഷത്തിൽ കൂടുതൽ പേർ സ്വന്തം ജനതയ്ക്കു മേൽ തോക്കെടുത്തു രക്തക്കളം തീർക്കുന്നവർ. നൂറിൽ ഒരാൾ തോക്കെടുക്കുന്ന, സജീവ താലിബാനികളായിരിക്കുന്ന പഷ്​തൂൺ ഗോത്രം. അതായത് ലോകത്തിലെ ഏറ്റവും മിലിട്ടറൈസ് ചെയ്യപ്പെട്ട സമൂഹങ്ങളിലൊന്ന് എന്ന് അഫ്‌ഗാനിസ്ഥാനിലെ ഈ സമുദായത്തെ വിശേഷിപ്പിക്കാം.

ഇന്ത്യയിലെ അഭയാര്ഥികളിലെ ഭൂരിപക്ഷത്തിനും ഒരു താലിബാൻ കഥ പറയാനുണ്ട്. അതിൽ ഭർത്താക്കന്മാർ ക്രൂരമായി കൊലചെയ്യപ്പെട്ടത്തിനു ശേഷം കൈക്കുഞ്ഞുങ്ങളുമായി മൈലുകൾ നടന്നു ഇന്ത്യയിലേക്കെത്തിയ നിരവധി സ്ത്രീകളുണ്ട്. ഉറ്റവരോട് ഇപ്പോഴും തങ്ങൾ ഇന്ത്യയിലാണെന്നു വെളിപ്പെടുത്താതെ രഹസ്യമായി ജീവിക്കുന്നവരുണ്ട്. ഗോത്രനിയമം തെറ്റിച്ചതിന്​ തിരിച്ചുകൊണ്ടുപോയി ക്രൂരമായി കൊല്ലും എന്ന ഭയപ്പാടോടെ ജീവിക്കുന്നവരുണ്ട്, വര്ഷങ്ങളായി. ഇതേ ഭയത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത നൂറുകണക്കിന് മനുഷ്യർ. ഇന്ത്യയിൽ ജനിച്ചു വളര്ന്ന ചെറുപ്പക്കാരാണ് അഭ്യർഥികളിലെ ആദ്യ തലമുറയ്ക്ക് നാട്ടിലെ വിവരങ്ങൾ കൈമാറുന്നത്. ഫോട്ടോയിൽ പെട്ടാൽ താലിബാൻ ആളെ അയച്ചു execute ചെയ്യും എന്ന് ഭയപ്പെടുന്ന ആദ്യകാല അഭയാർത്ഥികൾ ഇപ്പോഴും ഡൽഹിയിലുണ്ട്.

ജംഗ്‌പുരിയിലെ ഒരു കാബൂൾ റെസ്റ്റോറന്റിൽ സുഹൃത്ത് മഹേഷുമൊത്തു രുചികരമായ ഭക്ഷണം കഴിച്ച്​ ഉടമയോട്​, “കൂടെ ഒരു ഫോട്ടോ എടുത്തോട്ടെ” എന്ന് അവൻ ചോദിച്ചപ്പോൾ ക്ഷമാപണത്തോടെ അത് നിരസിച്ച ആ മനുഷ്യനെ ഇപ്പോൾ ഓർക്കുകയാണ്. പത്തുവർഷം കഴിഞ്ഞിട്ടും, കുടുംബവുമായി ഇന്ത്യയിലെത്തിയ തങ്ങളെ തേടി താലിബാൻ വരും എന്ന് ഭീതിയോടെ കഴിയുന്നവർ. ഗർഭിണിയായിരിക്കുമ്പോൾ തങ്ങളുടെ ഭർത്താക്കന്മാരെ കൊന്നുകളഞ്ഞ താലിബാൻ തീവ്രവാദികൾ വർഷങ്ങൾക്കു ശേഷവും ഉറക്കം കെടുത്തുന്ന അഫ്ഗാൻ വനിതകളെ കിഡ്‍ക്കിയിലും ബോഗിലിലും ഇപ്പോഴും കാണാൻ കഴിയും.

കോസ്‌മെറ്റിക് കടകളിലും, സലൂണുകളിലും ജോലിചെയ്യുന്നത് താലിബാൻ അറിഞ്ഞാൽ നാട്ടിലുള്ള കുടുംബത്തെ മുഴുവൻ കൊന്നുകളയും എന്ന് ഭയത്തോടെ വിശ്വസിക്കുന്ന അഫ്ഗാൻ ചെറുപ്പത്തെ ഡൽഹിയിൽ കാണാം. കുട്ടികൾ സ്‌കൂളിൽ പോയതിനാൽ തങ്ങളുടെ അയൽപക്കത്തെ വീടുതന്നെ ബോംബിട്ടു തകർത്ത താലിബാനെ ഓർത്തെടുക്കുന്ന ഫർസാനയെ നിങ്ങൾക്ക്​കേൾക്കാം.

“ആധുനിക- പൂർവ ഏഷ്യയിലെ പരിസ്ഥിതി വിചാരങ്ങൾ’ എന്നത് ഡൽഹി യൂണിവേഴ്സിറ്റി ക്ലാസിൽ ചർച്ചചെയ്യുമ്പോൾ എനിക്ക് "ബാബർനാമയിലെ അഫ്‌ഗാനിസ്ഥാൻ' എന്ന റിസർച്ച് പേപ്പർ എഴുതണം എന്ന് ആവശ്യപ്പെട്ട്, അത് ക്ലാസിൽ പ്രസൻറ്​ ചെയ്യുമ്പോൾ, പൊട്ടിക്കരഞ്ഞ സൊഹ്‌റാബ് എന്റെ തന്നെ വിദ്യാർത്ഥിയായിരുന്നു. ക്ലാസ് കഴിഞ്ഞു ക്യാബിനിൽ വിളിച്ചു സംസാരിച്ചപ്പോൾ, താടി വടിച്ചതിന്റെ പേരിൽ താലിബാൻ തീവ്രവാദികൾ മുഖത്തു ആണിയടിച്ച ഹെറാത്തിലെ അമ്മാവനെ ഓർത്താണ് കരഞ്ഞുപോയതെന്നു പറഞ്ഞ എം. എ ക്ലാസിലെ സൊഹ്‌റാബ്.

1950-കളിലെ അഫ്ഘാനിസ്ഥാനിലെ ഒരു ഫാമിലി പാർക്ക്. / Photo: picryl.com
1950-കളിലെ അഫ്ഘാനിസ്ഥാനിലെ ഒരു ഫാമിലി പാർക്ക്. / Photo: picryl.com

അന്ന് മുപ്പത്തഞ്ചു വയസ്സ് പ്രായമുണ്ടായ സൊഹ്‌റാബ്, തന്നെക്കാളും അഞ്ചുവയസ്സു കുറവുള്ള ഒരാളുടെ മുന്നിലാണ് കരഞ്ഞത് എന്ന് പറഞ്ഞു വീണ്ടും വിഷമിച്ചപ്പോൾ, എന്റെ കഴിഞ്ഞ ക്ലാസിൽ നാല്പത്തഞ്ചു വയസ്സുകാരനുണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു ആശ്വസിപ്പിച്ചത്. അവരുടെ ഗോത്രവിശ്വാസത്തിൽ, വയസ്സിന് മൂത്തവരുടെ മുൻപിൽ മാത്രമേ കരയാൻ പാടൂളൂ എന്നുണ്ടത്രേ. ആറുവർഷത്തോളം തന്റെസുഹൃത്തുക്കൾ പഠിച്ച, അല്ലെങ്കിൽ താലിബാൻ തോക്കു ചൂണ്ടി പഠിപ്പിച്ച സ്ഥലം മദ്രസയായിരുന്നില്ല, മറിച്ച്​ തടവറയായിരുന്നു എന്ന് പിന്നീടുള്ള സംസാരങ്ങളിൽ വിവരിക്കുന്ന ആ യുവാവ് എനിക്ക് നേരിട്ട് കാണാൻ പറ്റിയ താലിബാൻ മത തീവ്രതയോടെ ഉള്ളുപിടക്കുന്ന ഇരയായിരുന്നു.

പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലിരിന്ന്​, താലിബാൻ മത തീവ്രവാദത്തിനെ വെള്ളയും മഞ്ഞയും പൂശുന്ന, അവർ തകർത്ത ബാമിയാൻ പ്രതിമകളെ തങ്ങളുടെ താലിബാൻ പ്രണയത്തിന്റെ താജ്മഹലായി മനസ്സിൽ സൂക്ഷിക്കുന്നവരും കൂടിയുള്ള ഈ ലോകത്ത്, താലിബാന്റെ ആദ്യത്തെയും അവസാനത്തെയും ശത്രു ‘അറിവും’ ‘ചിന്തയും’ ആണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സൊഹ്‌റാബും ഫർസാനയും എന്ന് പറയാനാണ് ഇത്രയും എഴുതിയത്.

തോക്കുചൂണ്ടി നിര്ജ്ജലീകരിച്ചു നിശബ്ദമാക്കാൻ പറ്റുന്ന അടിമകളെയാണ് താലിബാൻ തേടുന്നത്. അടിസ്ഥാനപരമായി അക്രമാസക്തമായ മനുഷ്യന്റെ "ഏറ്റവും ഇരുണ്ട തൃഷ്ണകളെ സാധിച്ചുകൊടുക്കും' എന്ന ലോകത്തിലെ ഏറ്റവും ലളിതവും ശക്തവും, എന്നാൽ എഴുതാത്തതുമായ പരസ്യം, എല്ലാ ക്രിമിനൽ കൂട്ടായ്മകളിലെന്നതുപോലെ താലിബാനിന്റെ കാര്യത്തിലും പ്രവർത്തിക്കുന്നത് കാണാം. അടിസ്ഥാന വാസനകളെ മുൻനിർത്തി, മത തീവ്രവാദത്തെ ഒരു ലേബർ മാർക്കറ്റ് ആക്കി മാറ്റുകയും അതിലേക്കു കഴിഞ്ഞ ഇരുപതു വർഷമായി "തൊഴിലാളികളെ' സ്വരുക്കൂട്ടുകയുമാണ് താലിബാൻ ചെയ്തത് എന്ന് കാണാം. ജനാധിപത്യത്തിന്റെയും സ്നേഹത്തിന്റെയും അന്തകരായവർക്കു മാത്രമേ അവരെ കൂടെനിർത്താൻ പറ്റൂ എന്ന് സാരം.

ഇസ്​ലാമിക പൂർവ്വ ഗോത്രനിയമങ്ങളും, നൂറ്റാണ്ടുകൾക്കു മുൻപ് മുസ്​ലിം ലോകത്തെ ചിന്തകർ കവച്ചുവെച്ചു മറികടന്ന പ്രമാണ നിർവചനങ്ങളും തോക്കുചൂണ്ടി വീണ്ടെടുക്കാനും അത് സ്ഥാപിക്കാൻ എത്രവലിയ രക്തപ്പുഴകൾ ഒഴുക്കാനും തയ്യാറായ ഒരു കുറ്റവാളിക്കൂട്ടമാണ് താലിബാനെന്നു തൊണ്ണൂറുകൾക്കു ശേഷമുള്ള അവരുടെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചാൽ മനസ്സിലാകും. ഈ കുറ്റവാളിക്കൂട്ടത്തിന്റെ മനുഷ്യവിരുദ്ധമായ ആക്രമണങ്ങൾ തിരിച്ചറിഞ്ഞ്​, അതിനെ അഫ്ഗാനിസ്ഥാനിൽനിന്ന്​ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യം ആദ്യം ഉയർത്തിയത് അഫ്‌ഗാനി തന്നെയായ അഹമ്മദ് ഷാഹ് മസൂദ് ആയിരുന്നു. മസൂദിന്റെ ചേർച്ചയുള്ള ഇസ്‌ലാമിക ബോധവും, നൂതനമായ വിദ്യാഭ്യാസ ആശയങ്ങളും, ശാസ്ത്രസാങ്കേതിക കാഴ്ചപ്പാടും തങ്ങളുടെ മത-തീവ്രവാദത്തിന്റെ കമ്പോളത്തിനെ കാര്യമായി ബാധിക്കും എന്നു മനസ്സിലാക്കിയ താലിബാൻ, അദ്ദേഹത്തിനെ ഒരു ബോംബാക്രമണത്തിലൂടെ കൊന്നുകളയുകയായിരുന്നു.

പൗരത്വ നിയമവും, ഇറച്ചിക്കൊലകളും, മത-വംശീയതയും തീവ്രവാദമാകുന്നവർ, ഒരു തീവ്ര- ക്രിമിനൽ സംഘത്തിന്റെ അക്രമാസക്തത തീവ്രവാദമല്ല, മറിച്ച്​ പ്രതിരോധമാണ് എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്, അങ്ങനെ വിശ്വസിക്കാൻ തോന്നുന്നത്, ആ വിശ്വാസത്തിൽ കുറ്റബോധമില്ലാതാവുന്നത് ഓരോരുത്തരും സ്വയം പരിശോധിക്കേണ്ടതാണ്. തോക്കെടുത്തു മതവും അതിന്റെ ശുദ്ധിയും ഉറപ്പുവരുത്താൻ ഇറങ്ങി പുറപ്പെട്ടവർ തന്നെയാണ് ഏതുമതത്തിന്റെയും യഥാർത്ഥ ശത്രുക്കൾ എന്ന് താലിബാൻ ഭീകരർ വീണ്ടും തെളിയിക്കുകയാണ്. വിശ്വാസത്തിന്റെയുള്ളിൽ നിന്ന് നോക്കിയാലും, അതിന്റെ പുറത്തു നിന്ന് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്.

**ഇസ്‌ലാമിൽ ബലാൽക്കാരമില്ലെന്നു പറഞ്ഞത് ഖുർആൻ തന്നെയാണ്, അല്ലാതെ കായം കുളം കൊച്ചുണ്ണിയല്ല, ആണോ?


Summary: ക്ലാസിൽ പൊട്ടിക്കരഞ്ഞ സൊഹ്‌റാബ് എന്റെ തന്നെ വിദ്യാർത്ഥിയായിരുന്നു. ക്ലാസ് കഴിഞ്ഞു ക്യാബിനിൽ വിളിച്ചു സംസാരിച്ചപ്പോൾ, താടി വടിച്ചതിന്റെ പേരിൽ താലിബാൻ തീവ്രവാദികൾ മുഖത്തു ആണിയടിച്ച ഹെറാത്തിലെ അമ്മാവനെ ഓർത്താണ് കരഞ്ഞുപോയതെന്നു പറഞ്ഞ എം. എ ക്ലാസിലെ സൊഹ്‌റാബ്.


Comments